Friday, October 2, 2009
ഒക്ടോബര്‍ 2 മനുഷ്യച്ചങ്ങല -പ്രതിജ്ഞ
പ്രതിജ്ഞ
ഈ ഗാന്ധിജയന്തിനാള്‍ ഞങ്ങള്‍ പ്രതിരോധപ്രതിജ്ഞയുടെ ദിവസമാക്കി മാറ്റുന്നു. ഇന്ത്യയുടെ സാമ്പത്തിക പരമാധികാരം സാമ്രാജ്യത്വത്തിന്റെ ആസുരശക്തികള്‍ക്ക് അടിയറവയ്ക്കുന്നതിനെ ചെറുക്കുമെന്ന് ഞങ്ങള്‍ പ്രതിജ്ഞചെയ്യുന്നു. ഇന്ത്യയുടെ രാഷ്ട്രീയ പരമാധികാരം നവകൊളോണിയല്‍ മേധാവിത്വ നീക്കങ്ങള്‍ക്കു പണയപ്പെടുത്തുന്നതിനെ ചെറുക്കുമെന്ന് ഞങ്ങള്‍ പ്രതിജ്ഞചെയ്യുന്നു.
നമ്മുടെ വൈവിധ്യസമൃദ്ധമായ കാര്‍ഷികമേഖലയെ, നമ്മുടെ മത്സ്യസമൃദ്ധമായ സമുദ്രമേഖലയെ, നമ്മുടെ വളര്‍ന്നുവരുന്ന വ്യവസായമേഖലയെ, നമ്മുടെ നാടിനെ, നമ്മുടെ ജനതയെ, എല്ലാവിധ സാമ്രാജ്യത്വ കൈയേറ്റങ്ങളില്‍നിന്നും അതിന് അരുനില്‍ക്കുന്ന അധികാരികളുടെ
വഞ്ചനകളില്‍നിന്നും സംരക്ഷിക്കുമെന്ന് ഇന്ന് ഈ ഗാന്ധിജയന്തിനാള്‍ ഞങ്ങള്‍ പ്രതിജ്ഞചെയ്യുന്നു. തോക്കും പീരങ്കിയും ഉപയോഗിച്ച് ആധിപത്യം ഉറപ്പിക്കാന്‍വന്ന സാമ്രാജ്യത്വശക്തികളെ പതിനായിരങ്ങളുടെ ജീവത്യാഗത്തിലൂടെ പണ്ട് കടല്‍ കടത്തിയ നമ്മള്‍ പഴയ ശത്രു പതിന്മടങ്ങ് കരുത്തോടെ വീണ്ടും തിരിച്ചുവരികയാണ് എന്ന് തിരിച്ചറിയുന്നു.
തോക്കും പീരങ്കിയുമല്ല ഇന്ന് ആയുധമെന്നും ഡബ്ള്യൂടിഒ കരാറും ആണവക്കരാറും ആയുധക്കരാറും ഏറ്റവുമൊടുവില്‍ ആസിയന്‍ കരാറുമെല്ലാമാണ് പുതിയ ആയുധങ്ങള്‍ എന്നും നാം തിരിച്ചറിയുന്നു. നാളികേരവും കുരുമുളകും റബറും തേയിലയും കശുവണ്ടിയും ഏലവും കാപ്പിയും അറബിക്കടലിലെ മത്സ്യങ്ങളും നമുക്ക് വെറും വില്‍പ്പനവസ്തുക്കള്‍ മാത്രമല്ലെന്നും ഇവയെല്ലാം നമ്മുടെ ജീവിതം കൂടിയാണെന്നും നാം ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു.
കേരളീയന്റെ പട്ടിണിയിലും ദാരിദ്യ്രത്തിലും കഷ്ടപ്പാടുകളിലുമെല്ലാം ആശ്വാസമായത് കേരളത്തിന്റെ ഈ ഉല്‍പ്പന്നങ്ങളാണ് എന്ന് നാം തിരിച്ചറിയുന്നു. നമ്മുടെ നാളികേരവും കുരുമുളകും റബറും കാപ്പിയും തേയിലയും മത്സ്യങ്ങളുമെല്ലാം കൂട്ടത്തോടെ നമുക്ക് അന്യമാകാന്‍ പോവുന്നു. തലമുറകളായി, ആയിരത്താണ്ടുകളായി ഇവിടെ ഉല്‍പ്പാദിപ്പിക്കുകയും ഇവിടെനിന്ന് കയറ്റി അയയ്ക്കുകയുംചെയ്ത നമ്മുടെ ഉല്‍പ്പന്നങ്ങള്‍ ആസിയന്‍ കരാറിലൂടെ ഇവിടേക്ക് ഇറക്കുമതിചെയ്യുന്നു. നമ്മുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില കിട്ടാതാവുന്നു. അവയ്ക്ക് കമ്പോളമില്ലാതാകുന്നു. ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ നമ്മുടെ നാട്ടില്‍ പ്രളയം സൃഷ്ടിക്കുകയും ചെയ്യുന്നു.
ആസിയന്‍ രാജ്യങ്ങളിലെ തോട്ടം മുതലാളിമാര്‍ക്കും ഇന്ത്യയിലെ ശതകോടീശ്വര വ്യവസായികള്‍ക്കുംവേണ്ടി മന്‍മോഹന്‍സിങ് സര്‍ക്കാര്‍ സ്വന്തം മണ്ണിനെയും ഈ മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകനെയും കര്‍ഷകത്തൊഴിലാളിയെയും പണയം വയ്ക്കുന്നു. കര്‍ഷകരും കര്‍ഷകത്തൊഴിലാളിയും മത്സ്യത്തൊഴിലാളിയുമെല്ലാം കടത്തിനുമേല്‍ കടം കയറി കൂട്ടത്തോടെ ആത്മഹത്യചെയ്താലും അധിനിവേശ ശക്തികള്‍ക്കു മുന്നില്‍ ദയാദാക്ഷിണ്യത്തോടെ തലകുനിച്ചേ തീരൂ എന്ന് ശഠിക്കുന്നവരുടെ തനിനിറം കേരളം തിരിച്ചറിയുന്നു.
കേരളത്തിന്റെ മരണമണി മുഴക്കുന്ന ആസിയന്‍ കരാറിനെ എന്തു വിലകൊടുത്തും ചെറുക്കുമെന്ന് ഞങ്ങള്‍ പ്രതിജ്ഞചെയ്യുന്നു. കര്‍ഷകന്റെയും കര്‍ഷകത്തൊഴിലാളിയുടെയും മത്സ്യത്തൊഴിലാളിയുടെയും കണ്ണീര്‍ തുടയ്ക്കാന്‍, അധിനിവേശ ശക്തികളില്‍നിന്നും രാജ്യത്തെയും സംസ്ഥാനത്തെയും മോചിപ്പിക്കാന്‍, ഇന്ത്യയുടെ സ്വാതന്ത്യ്രവും പരമാധികാരവും സംരക്ഷിക്കാന്‍ ജീവന്‍ ത്യജിച്ചും പോരാടുമെന്ന് ഞങ്ങള്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു. ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു - നമ്മുടെ പുഴകളെ, നമ്മുടെ കാടുകളെ, നമ്മുടെ മലകളെ, നമ്മുടെ ആകാശത്തെ പുത്തന്‍ കോളനീകരണത്തിന്റെ കഴുമരത്തിനു മുമ്പില്‍ വിലങ്ങണിയിച്ചുനിര്‍ത്താന്‍ ഞങ്ങള്‍ അനുവദിക്കില്ല.
കുടിവെള്ളത്തെയും മണ്ണിനെയും ബഹുരാഷ്ട്ര കമ്പനികള്‍ക്ക് തീറെഴുതുന്ന ഭരണകൂട നയത്തിനെതിരെ ഞങ്ങള്‍ മുഷ്ടിയുയര്‍ത്തും. നമ്മുടെ സ്വാതന്ത്യ്രത്തെയും നമ്മുടെ സ്വപ്നങ്ങളെയും നമ്മുടെ പ്രതീക്ഷകളെയും സാമ്രാജ്യത്വ-ബഹുരാഷ്ട്ര കോര്‍പറേറ്റ് കുത്തകകള്‍ക്ക് പണയം വയ്ക്കുന്ന അധികാരധാര്‍ഷ്ട്യത്തെ നിസ്സംശയം ഞങ്ങള്‍ ചെറുത്തുതോല്‍പ്പിക്കും. പതിറ്റാണ്ടുകള്‍കൊണ്ട് നേടിയ സ്വാതന്ത്യ്രത്തെ ഒറ്റുകൊടുക്കലുകളുടെ ഒരു അര്‍ധരാത്രിയില്‍ അധിനിവേശ ഭീകരതയ്ക്ക് മടക്കിക്കൊടുക്കാന്‍ ഒരു സാമ്രാജ്യത്വചാരനും ഇനി ഈ രാജ്യത്ത് ഉണരാന്‍ പാടില്ല.
പുതിയ കാലത്തെ സ്വാതന്ത്യ്രപ്പോരാട്ടത്തിനായി, എല്ലാ പ്രതിലോമപരതയ്ക്കും പ്രതിരോധം സൃഷ്ടിക്കുന്ന ഈ മനുഷ്യച്ചങ്ങലകൊണ്ട്, നമ്മുടെ നാടിന് സംരക്ഷണമൊരുക്കുമെന്ന് ഞങ്ങള്‍ ദൃഢപ്രതിജ്ഞചെയ്യുന്നു. ആസിയന്‍കരാറിന്റെ ദാസ്യം അറബിക്കടലിലെന്ന് ഞങ്ങള്‍ പ്രതിജ്ഞാപൂര്‍വം പ്രഖ്യാപിക്കുന്നു. പ്രതിജ്ഞ, പ്രതിജ്ഞ, പ്രതിജ്ഞ.
Friday, August 7, 2009
നടൻ മുരളി അന്തരിച്ചു
തിരു: പ്രശസ്ത നടനും സംഗീത നാടക അക്കാദമി ചെയര്‍മാനുമായ ഭരത്മുരളി അന്തരിച്ചു.55വയസായിരുന്നു.തിരുവനന്തപുരത്തെസ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അന്ത്യം.
Sunday, August 2, 2009
ആസിയന്‍ കരാറും കേരളവും
ടി എം തോമസ് ഐസക്
ഒട്ടും സുതാര്യതയില്ലാത്ത വിദേശകരാര്‍ ഇടപാടുകള്‍ മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ മുഖമുദ്രയായിരിക്കുകയാണ്. ഈ പരമ്പരയില്‍ അവസാനത്തേതായിരുന്നു ഹിലാരി ക്ളിന്റനുമായി ഒപ്പുവച്ച എന്‍ഡ് യൂസ് മോണിറ്ററിങ് എഗ്രിമെന്റ് അഥവാ അമേരിക്കയില്‍നിന്നു വാങ്ങുന്ന ആയുധങ്ങള്‍ എന്തിനുവേണ്ടി ഉപയോഗിക്കുന്നെന്ന് പരിശോധിക്കാന്‍ അമേരിക്കയ്ക്ക് അനുവാദം നല്‍കിക്കൊണ്ടുള്ള കരാര്‍. എന്തെല്ലാമാണ് ഈ കരാറിലെ വ്യവസ്ഥകളെന്ന് ഇന്നും നമുക്ക് അറിയില്ല. ഇതു രാജ്യരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണെന്നുള്ള ഒഴിവു പറയാം. എന്നാല്‍, കഴിഞ്ഞദിവസം കേന്ദ്ര കാബിനറ്റ് ഒപ്പുവയ്ക്കാന്‍ അനുവാദംകൊടുത്ത ഇന്തോ-ആസിയന്‍ സ്വതന്ത്ര വ്യാപാരകരാര്‍ സംബന്ധിച്ച് എന്തു ന്യായമാണ് ഡോ. മന്‍മോഹന്‍സിങ്ങിനു പറയാനുള്ളത്? തായ്ലന്‍ഡ്, വിയറ്റ്നാം, സിംഗപ്പുര്‍, ഫിലിപ്പീന്‍സ്, ബര്‍മ, മലേഷ്യ, ലാവോസ്, ഇന്തോനേഷ്യ, കമ്പോഡിയ, ബ്രൂണെ എന്നീ രാജ്യങ്ങളാണ് ആസിയന്‍ രാജ്യങ്ങളായി അറിയപ്പെടുന്നത്. ഈ രാജ്യങ്ങള്‍ തമ്മില്‍ വ്യാപാരത്തിനോ നിക്ഷേപത്തിനോ ഒരു നിയന്ത്രണവുമില്ല. അഥവാ ഒരു സ്വതന്ത്രവ്യാപാരമേഖലയാണ് ആസിയന്‍ രാജ്യങ്ങള്‍. ഈ രാജ്യങ്ങളും ഇന്ത്യയുമായി സ്വതന്ത്ര വ്യാപാരകരാര്‍ ഉണ്ടാക്കുന്നതിനുവേണ്ടിയുള്ള ചര്‍ച്ചകള്‍ ഒരു പതിറ്റാണ്ടായി നടന്നുവരികയായിരുന്നു. ഇന്ത്യയിലെ വ്യവസായങ്ങള്‍ക്കും സേവന കമ്പനികള്‍ക്കും ഇതുമൂലം നേട്ടമുണ്ടാകുമെന്നാണ് കരുതുന്നത്. കാര്‍ഷികമേഖലയ്ക്കാകട്ടെ ഇതു തിരിച്ചടിയുമാണ്, പ്രത്യേകിച്ച് കേരളംപോലുള്ള സംസ്ഥാനങ്ങള്‍ക്ക്. കാരണം കാര്‍ഷിക കാലാവസ്ഥ നോക്കുമ്പോള്‍ കേരളത്തിനു സമാനമായ കാലാവസ്ഥയാണ് ഈ രാജ്യത്തെല്ലാം ഉള്ളത്. അതുകൊണ്ട് കാര്‍ഷികവിളകള്‍ തമ്മില്‍ വലിയ സാമ്യമുണ്ട്. ആസിയന്‍ രാജ്യങ്ങളെ എല്ലാം എടുക്കുമ്പോള്‍ ഏതെങ്കിലുമൊരു രാജ്യത്തിന് ഇന്ത്യയേക്കാള്‍ ഏതെങ്കിലും ഒരു വിളയില്‍ ഉല്‍പ്പാദന ക്ഷമത ഉയര്‍ന്നതായിരിക്കും. ശ്രീലങ്കയുമായുള്ള സ്വതന്ത്രവ്യാപാരകരാര്‍ കേരളത്തില്‍ സൃഷ്ടിച്ച പ്രശ്നങ്ങള്‍ നേരത്തെ ചര്‍ച്ചചെയ്തതാണ്. ശ്രീലങ്കയിലെ ഉല്‍പ്പന്നങ്ങള്‍ മാത്രമല്ല മറ്റു രാജ്യങ്ങളിലെ ഉല്‍പ്പന്നങ്ങളും ശ്രീലങ്കവഴി ഇന്ത്യയിലേക്ക് വരുന്നു എന്നതാണ് അനുഭവം. 2003 ഒക്ടോബറിലാണ് ആസിയന്‍ രാജ്യങ്ങളുമായുള്ള കരാറിന്റെ ചട്ടക്കൂട് തയ്യാറായത്. 2008 ആഗസ്തില്‍ കരടുകരാര്‍ സംബന്ധിച്ച ചര്‍ച്ച അവസാനിച്ചു. ഈ സന്ദര്‍ഭത്തില്‍ കേരളസര്‍ക്കാര്‍ ഇതു സംബന്ധിച്ച ആശങ്ക കേന്ദ്രത്തെ അറിയിക്കുകയുണ്ടായി. അന്ന് വാണിജ്യമന്ത്രി കമല്‍നാഥ് പരിഹസിച്ചുകൊണ്ട് പറഞ്ഞത് പ്രതിഷേധക്കാര്‍ക്ക് കരാറെന്താണെന്നുപോലും അറിയില്ലെന്നായിരുന്നു. ഇന്ന് ഒരു വര്‍ഷത്തിനുശേഷം കരടുകരാറിന് കേന്ദ്രമന്ത്രിസഭ അനുവാദം കൊടുക്കുമ്പോഴുള്ള സ്ഥിതിയും ഇതുതന്നെയാണ്. കേരളീയര്‍ക്കോ കേരള സര്‍ക്കാരിനോ ഈ കരാര്‍ സംബന്ധിച്ച് ഊഹാപോഹങ്ങള്‍ക്ക് അപ്പുറം ഒന്നും അറിയില്ല. കഴിഞ്ഞ ദേശീയ വികസന സമിതി യോഗത്തില്‍ കരാര്‍ സംബന്ധിച്ച് ബന്ധപ്പെട്ട സംസ്ഥാനങ്ങളോട് ചര്‍ച്ചചെയ്ത ശേഷമേ തീരുമാനമെടുക്കാവൂ എന്ന് മുഖ്യമന്ത്രി ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സംസ്ഥാനങ്ങളെ അറിയിക്കുന്നതു പോകട്ടെ, പാര്‍ലമെന്റില്‍പോലും ചര്‍ച്ചചെയ്യാതെയാണ് കോടിക്കണക്കിന് കൃഷിക്കാരുടെ ജിവിതത്തെ ബാധിക്കുന്ന ഈ കരാര്‍ ഒപ്പിടാന്‍ പോകുന്നത്. ഇത് അത്യധികം പ്രതിഷേധാര്‍ഹമാണ്. കരാര്‍ സംബന്ധിച്ച മുഴുവന്‍ രേഖകളും ഇനിയെങ്കിലും പ്രസിദ്ധീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. ഇന്ത്യയും ആസിയന്‍ രാജ്യങ്ങളും തമ്മില്‍ അയ്യായിരത്തില്‍പ്പരം ഉല്‍പ്പന്നങ്ങളുടെ കച്ചവടവുമുണ്ട്. ഇവയുടെ 80 ശതമാനവും കരാറിന്റെ പരിധിയില്‍ വരും. കരാറില്‍ ഉള്‍പ്പെടുത്താത്ത ഉല്‍പ്പന്നങ്ങളെ നെഗറ്റീവ് ലിസ്റ് എന്നാണ് പറയുക. ഉമ്മന്‍ചാണ്ടി പറയുന്നത് മത്തിമുതല്‍ കപ്പവരെയുള്ള ഒട്ടനവധി ഉല്‍പ്പന്നങ്ങളെ നെഗറ്റീവ് ലിസ്റെന്ന നിലയില്‍ കരാറില്‍നിന്നു മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നാണ്. കേരളത്തെ സംബന്ധിച്ച് സുപ്രധാനമായ കാപ്പി, തേയില, കുരുമുളക്, പാമോയില്‍ തുടങ്ങിയവയെ ഹൈലി സെന്‍സിറ്റീവ്’എന്നുപറയുന്ന ലിസ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഇനങ്ങളുടെ ചുങ്കം പത്തുവര്‍ഷംകൊണ്ട് പടിപടിയായി കുറച്ചാല്‍ മതിയാകും. അപ്പോഴും തീരുവ പൂര്‍ണമായും നീക്കേണ്ടതില്ല. ഉദാഹരണത്തിന് പാമോയിലിന്റെ കാര്യത്തില്‍ 37 ശതമാനംവരെ ചുങ്കം ചുമത്താനുള്ള അവകാശം ഇന്ത്യക്കുണ്ടാകും. അതുകൊണ്ട് കേരകൃഷിക്കാര്‍ക്ക് ആശങ്കവേണ്ടൊണ് ഉമ്മന്‍ചാണ്ടി പറയുന്നത്. എന്നാല്‍, കരാറില്‍ ഉള്‍പ്പെടുന്നത് ബൌണ്ട് റേറ്റ് അഥവാ പരമാവധി അനുവദനീയമായ ചുങ്കനിരക്കാണ്. എന്നാല്‍, ഇതിനേക്കാള്‍ താഴ്ന്നതായിരിക്കും. യഥാര്‍ഥത്തില്‍ ഏര്‍പ്പെടുത്തുന്ന ചുങ്കനിരക്ക് എന്നാണ് ഇതുവരെയുള്ള അനുഭവം. ലോക വ്യാപാരകരാറിന്റെ ഭാഗമായി പല കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും ഉയര്‍ന്ന നികുതി ചുമത്താം. എന്നാല്‍, ഇപ്പോഴുള്ള യഥാര്‍ഥ നിരക്ക് ഇതിലും എത്രയോ താഴെയാണ്. ഉമ്മന്‍ചാണ്ടി പരാമര്‍ശിച്ച ക്രൂഡ് പാമോയില്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ചുങ്കമേ കൊടുക്കേണ്ടതില്ല. സംസ്കരിച്ച പാമോയിലാണെങ്കില്‍ 7.5 മാത്രമേ ഉള്ളൂ. എന്നാല്‍, ബൌണ്ട് റേറ്റ് ഇപ്പോള്‍ 80 ശതമാനമാണെന്ന് ഓര്‍ക്കണം. ഇവിടെയാണ് കേരളത്തിനുള്ള അപകടം പതിയിരിക്കുന്നത്. ആസിയന്‍കരാര്‍ ചരക്കുകളുടെ വ്യാപാരം സംബന്ധിച്ചു മാത്രമല്ല, സേവനവും നിക്ഷേപവും സംബന്ധിച്ചും കൂടിയുള്ള കരാറാണ്. സേവനങ്ങള്‍ സംബന്ധിച്ച ചര്‍ച്ച നടന്നുവരികയാണ്. ഈ ഇനത്തിലാണ് ഇന്ത്യക്ക് കൂടുതല്‍ മത്സരശേഷിയുള്ളതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ആയതിനാല്‍ ചര്‍ച്ചകളില്‍ സേവനരംഗത്ത് കൂടുതല്‍ ഇളവ് ലഭിക്കുന്നതിനുവേണ്ടി ചരക്കുകളുടെ കാര്യത്തില്‍ ഇന്ത്യ കൂടുതല്‍ വിട്ടുവീഴ്ച ചെയ്യാം. ബൌണ്ട് നിരക്കിനേക്കാള്‍ യഥാര്‍ഥ തീരുവ ഇന്ന് വളരെ താഴ്ന്നിരിക്കുന്നതിന്റെ ഒരു കാരണം ഇത്തരം ഒത്തുതീര്‍പ്പുകളാണ്. ഈ പശ്ചാത്തലത്തില്‍ ഒട്ടും സുതാര്യമല്ലാത്ത രീതിയില്‍ നടക്കുന്ന ആസിയന്‍ വ്യാപാര ചര്‍ച്ചകള്‍ക്കെതിരെ ശക്തമായ ജനകീയവികാരം ഉയര്‍ന്നുവരണം. ഈ കരാര്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി ചര്‍ച്ചചെയ്യണം. പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാതെ സംസ്ഥാന വിഷയങ്ങളില്‍ അന്തര്‍ദേശീയ കരാറുകള്‍ ഉണ്ടാക്കാന്‍ പാടുള്ളതല്ല. വാണിജ്യവകുപ്പിന്റെ വെബ്സൈറ്റില്‍ ഇപ്പോഴും കരട് കരാറിനെക്കുറിച്ച് ഒരു വിവരവും നല്‍കിയിട്ടില്ല. പാര്‍ലമെന്റില്‍ പോലും വ്യക്തമായ പ്രസ്താവന ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിക്ക് കേന്ദ്ര വാണിജ്യമന്ത്രിയുമായുള്ള ആസിയന്‍ കരാറിനെക്കുറിച്ചുള്ള രഹസ്യചര്‍ച്ചയില്‍ ലഭിച്ച ഉറപ്പ് കേരളത്തിലെ ജനങ്ങളുടെ ഭയാശങ്കകള്‍ അകറ്റുന്നില്ല. കേരളത്തിലെ വാണിജ്യവിളകളുടെ ഭാവിയുടെമേല്‍ ആസിയന്‍ കരാര്‍ കരിനിഴല്‍ പരത്തിയിരിക്കുകയാണ്.
കാര്‍ഷികമേഖലയെ തകര്‍ക്കുന്ന ആസിയന്‍ കരാര്‍
വി എസ് അച്യുതാനന്ദന്‍
കൃഷി, കൃഷി അനുബന്ധ മേഖലകളായ മത്സ്യബന്ധനം, മൃഗസംരക്ഷണം എന്നിവ സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍പ്പെട്ട വിഷയങ്ങളാണ്. അക്കാര്യം പൂര്‍ണമായും അവഗണിച്ചുകൊണ്ടാണ് കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട സാര്‍വദേശീയ ഉടമ്പടികളില്‍ കേന്ദ്രസര്‍ക്കാര്‍ ഒപ്പുവയ്ക്കുന്നത്. ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും നിര്‍ദേശങ്ങള്‍ പാലിക്കാനുള്ള വ്യഗ്രതയില്‍ ജനാധിപത്യ തത്വങ്ങളും ഫെഡറല്‍ തത്വങ്ങളും പൂര്‍ണമായും വിസ്മരിക്കുകയാണ് കേന്ദ്ര ഗവമെന്റ്. അക്കാര്യത്തില്‍ എന്‍ഡിഎ എന്നോ യുപിഎ എന്നോ വ്യത്യാസമില്ല. കഴിഞ്ഞ വര്‍ഷത്തെ ദേശീയ വികസന സമിതി യോഗത്തില്‍ കേരളത്തിനുവേണ്ടി ഞാന്‍ നടത്തിയ പ്രസംഗത്തില്‍ ഇക്കാര്യം ഊന്നിപ്പറയുകയുണ്ടായി. കാര്‍ഷിക-കാര്‍ഷിക അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കരാറുകള്‍ ഒപ്പുവയ്ക്കുംമുമ്പ് ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അഭിപ്രായം തേടണം. സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടു വേണം കരാര്‍ നടപടികളുമായി മുന്നോട്ടുപോകാന്‍. കേരളം പ്രകടിപ്പിച്ച അഭിപ്രായത്തോട് യുപിഎയില്‍പെട്ട ചില മുഖ്യമന്ത്രിമാരും ആഭിമുഖ്യം കാട്ടുകയുണ്ടായി. സംസ്ഥാനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടേ വ്യാപാര കരാറുകളുണ്ടാക്കൂ എന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചതുമാണ്. ആഭ്യന്തരമായി കാര്‍ഷിക പ്രതിസന്ധി നിലനില്‍ക്കെ സ്വതന്ത്ര വ്യാപാര കരാറുകളുണ്ടാക്കുന്നതില്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രിയെ വിയോജിപ്പ് അറിയിച്ചതായും മുന്‍ ഗവമെന്റിന്റെ കാലത്ത് വാര്‍ത്തയുണ്ടായിരുന്നു. ഒന്നാം യുപിഎ ഗവമെന്റ് നിലനിന്നത് ഇടതുപക്ഷത്തിന്റെ പിന്തുണകൊണ്ടായിരുന്നതിനാലും ഇടതുപക്ഷമാകട്ടെ, തെറ്റായ സ്വതന്ത്ര വ്യാപാരക്കരാറുകളെ നഖശിഖാന്തം എതിര്‍ത്തുകൊണ്ടിരുന്നുവെന്നതിനാലും കോഗ്രസ് ഐക്ക് അകത്തുതന്നെ ചെറിയൊരു വിഭാഗം മേല്‍നയത്തിന് എതിരാണ് എന്നതിനാലുമാണ് സോണിയ ഗാന്ധി അന്ന് 'വിയോജിക്കാന്‍' നിര്‍ബദ്ധയായത്. 2007ല്‍ നിലവില്‍വരാന്‍ പാകത്തില്‍ 2003ലാണ് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ആസിയന്‍ സ്വതന്ത്ര വ്യാപാര കരട് കരാറില്‍ ഒപ്പിട്ടത്. എന്നാല്‍, ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് കരാര്‍ നടപടികളുമായി സത്വരമായി മുന്നോട്ടുപോകാന്‍ പിന്നീടു വന്ന യുപിഎ ഗവമെന്റിനു കഴിഞ്ഞില്ല. ഇപ്പോഴാകട്ടെ, ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെ യുപിഎയ്ക്ക് ഭരണം കൈവന്നിരിക്കുന്നു. ജനദ്രോഹകരവും വന്‍കിട കുത്തക പ്രോത്സാഹനപരവുമായ കരാറുകളുടെ കാര്യത്തില്‍ അറച്ചുനില്‍പ്പിന്റെ കാര്യമില്ലെന്ന് യുപിഎ അഥവാ കോഗ്രസ് ഗവമെന്റ് തീരുമാനിച്ചിരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തില്‍ ആസിയന്‍ കരാറില്‍ ഒപ്പിടാന്‍ അന്തിമമായി തീരുമാനിച്ചിരിക്കുന്നു. 2003ല്‍ കരട് കരാറില്‍ ഒപ്പിടുന്ന കാലംമുതല്‍ ഇതേവരെ കൃഷിക്കാരും കര്‍ഷക സംഘടനകളും കേരളംപോലുള്ള സംസ്ഥാനങ്ങളും ഉയര്‍ത്തിയ എതിര്‍പ്പുകളെ തൃണവല്‍ഗണിക്കുകയാണ് യുപിഎ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. പത്രവാര്‍ത്തകള്‍ ശരിയാണെങ്കില്‍ കേന്ദ്ര ക്യാബിനറ്റില്‍ എ കെ ആന്റണി, വയലാര്‍ രവി എന്നിവരുടെ 'നിലപാടുകള്‍'ക്കും അതേ പരിഗണനതന്നെയാണുണ്ടായത്. എന്നാല്‍, കേരളത്തിലെ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിയെ കണ്ടശേഷം പറഞ്ഞത് ആസിയന്‍ കരാര്‍ കേരളത്തിന് ദോഷകരമല്ല, ഇന്ത്യക്കാകെ വലിയ നേട്ടമുണ്ടാക്കുന്നതാണുതാനും എന്നാണ്. എ കെ ആന്റണിയും താനും കേരളത്തില്‍ മുഖ്യമന്ത്രിയായിരുന്ന അഞ്ച് കൊല്ലം കേരളത്തിലെ കൃഷിക്കാര്‍ക്ക് എങ്ങനെ 'നേട്ട'മുണ്ടായോ അതേ 'നേട്ടം', അതിലും വലിയ 'നേട്ടം' ആസിയന്‍ കരാറിനെത്തുടര്‍ന്ന് ഉണ്ടാകുമെന്നാണോ പ്രതിപക്ഷനേതാവ് ഉദ്ദേശിച്ചത്? ആസിയന്‍ കരാര്‍ മൂവായിരത്തറുനൂറോളം ഉല്‍പ്പന്നങ്ങള്‍ക്കായി രാജ്യത്തിന്റെ കവാടങ്ങള്‍ മലര്‍ക്കെ തുറന്നിട്ടുകൊടുക്കുന്നതാണ്. അതില്‍ മുന്നൂറില്‍പരവും കാര്‍ഷികോല്‍പ്പന്നങ്ങളാണ്. ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, സിഗപ്പൂര്‍, തായ്ലന്‍ഡ്, ബ്രൂണെ, മ്യാന്‍മര്‍, കംബോഡിയ, ലാവോസ്, വിയറ്റ്നാം എന്നിവിടങ്ങളില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍. കുരുമുളകും തേയിലയും കാപ്പിയും പൈനാപ്പിളും പാമോയിലും മാത്രമല്ല മാങ്ങയും ചക്കയും വരെ ഇങ്ങോട്ടുവരും. ഇറക്കുമതി തീരുവ പടിപടിയായി കുറച്ച് തീരെ ഇല്ലാതാക്കുകയാണ് കരാറിന്റെ ലക്ഷ്യം. കാലാവസ്ഥാ സവിശേഷതകളാലും മറ്റും ആ രാജ്യങ്ങളില്‍ കുറഞ്ഞ ചെലവില്‍ ധാരാളമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍വിപണിയില്‍ നിറയ്ക്കുകയാണ് ലക്ഷ്യം. ശ്രീലങ്കയുമായുണ്ടാക്കിയ സ്വതന്ത്ര വ്യാപാര കരാര്‍വഴി ഇപ്പോള്‍ത്തന്നെ തീരുവരഹിതമായി ഉല്‍പ്പന്നങ്ങള്‍ ഇങ്ങോട്ടു പ്രവഹിക്കുന്നുണ്ട്. ശ്രീലങ്കയെ ഒരു ഇടത്താവളമാക്കി മറ്റ് ആസിയന്‍ രാജ്യങ്ങളില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ത്തന്നെ ഇങ്ങോട്ടുവരുന്നുണ്ട്. ഇനി ഇടത്താവളത്തിന്റെയും ആവശ്യമില്ല എന്നതാണ് വരാന്‍ പോകുന്നത്. നാളികേരം, റബര്‍, കുരുമുളക് വിപണിയില്‍ പിന്തള്ളപ്പെട്ടാല്‍ കേരളം സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് മൂക്കുകുത്തി വീഴും. മപ്പത്തഞ്ച് ലക്ഷത്തില്‍പരം വരുന്ന നാളികേര കൃഷിക്കാരാണ് കേരള കാര്‍ഷിക മേഖലയുടെ നട്ടെല്ല്. സംസ്കരിച്ച പാമോയിലിന്റെ ഇറക്കുമതിച്ചുങ്കം തൊണ്ണൂറ് ശതമാനംവരെ ആയിരുന്നത് പല ഘട്ടങ്ങളിലായി കുറച്ച് ഏഴര ശതമാനത്തിലെത്തിക്കുകയും ഇറക്കുമതിചെയ്യുന്ന പാമോയിലിന് കിലോയ്ക്ക് 15 രൂപ തോതില്‍ സബ്സിഡി അനുവദിക്കുകയുമാണ് മുന്‍ യുപിഎ ഗവമെന്റ് ചെയ്തത്. ഉല്‍പ്പാദനച്ചെലവ് പോലും കിട്ടാതെ നാളികേര കൃഷിക്കാര്‍ നട്ടംതിരിയുന്നത് അതിന്റെ ഫലമാണ്. പാമോയിലിന് അനുവദിച്ചതുപോലെ വെളിച്ചെണ്ണയ്ക്കും സബ്സിഡി അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം ബധിരകര്‍ണങ്ങളിലാണ് പതിച്ചത്. ഇപ്പോള്‍ കേരളത്തിന് പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ ആസിയന്‍ കരാറില്‍ നെഗറ്റീവ് ലിസ്റുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞതായാണ് പ്രതിപക്ഷനേതാവ് പറയുന്നത്. കരാറൊപ്പിടാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചതിന്റെ പിറ്റേന്ന് യോഗംചേര്‍ന്ന കേരള മന്ത്രിസഭ പുനഃപരിശോധന വേണമെന്ന് കേന്ദ്രത്തോടാവശ്യപ്പെടുകയുണ്ടായി. അതു സംബന്ധിച്ച് പ്രധാനമന്ത്രിക്ക് ഞാന്‍ കത്തെഴുതുകയുംചെയ്തു. നെഗറ്റീവ് ലിസ്റുള്ളതായോ അതില്‍ കേരളത്തിലെ പ്രധാന ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയതായോ ഇതുവരെ സംസ്ഥാന ഗവമെന്റിനെ കേന്ദ്രം അറിയിച്ചിട്ടില്ല. അതുകൊണ്ട് കരാര്‍ ഒപ്പിടുംമുമ്പ് സംസ്ഥാന സര്‍ക്കാരുമായി വിശദമായ ചര്‍ച്ച നടത്താന്‍ കേന്ദ്രം തയ്യാറാകണം. രാജ്യത്തെയാകെ ബാധിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാകുന്നതുമായ വിഷയമെന്ന നിലയില്‍ പാര്‍ലമെന്റിലും വിശദമായ ചര്‍ച്ച നടത്തേണ്ടതുണ്ട്. ആഗോളവല്‍ക്കരണ ഉദാരവല്‍ക്കരണ നയങ്ങളാണ് കേരളത്തിലെ കാര്‍ഷികമേഖലയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്. ഇന്ത്യന്‍വിപണിയില്‍ തീരുവരഹിതമായോ കുറഞ്ഞ തീരുവയിലോ വിദേശ കാര്‍ഷികോല്‍പ്പന്നങ്ങള്‍ നിറഞ്ഞപ്പോള്‍ പ്രതിവര്‍ഷം കേരളത്തിലെ കൃഷിക്കാര്‍ക്കുമാത്രം ഏഴായിരം കോടി രൂപയുടെ നഷ്ടമാണുണ്ടായത്. യുഡിഎഫ് ഭരണകാലത്ത് വിലത്തകര്‍ച്ച കടക്കെണിയിലേക്ക് നയിക്കുകയും ഉല്‍പ്പാദനം മുരടിക്കുകയും ആയിരത്തഞ്ഞൂറില്‍പരം കൃഷിക്കാര്‍ ആത്മഹത്യ ചെയ്യുകയും ചെയ്തത് ഇതു കാരണമാണ്. കഴിഞ്ഞ മൂന്നുവര്‍ഷം ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവമെന്റ് നടത്തിയ ശ്രമങ്ങള്‍ കാരണം കര്‍ഷക ആത്മഹത്യാ പ്രവണത പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞു. ആത്മഹത്യചെയ്ത കൃഷിക്കാരുടെ കടങ്ങള്‍ എഴുതിത്തള്ളുകയും അവരുടെ കുടുംബത്തിന് അര ലക്ഷം രൂപവീതം ധനസഹായം നല്‍കുകയും കാര്‍ഷിക കടാശ്വാസ നിയമം നടപ്പാക്കുകയുംചെയ്തു. മത്സ്യത്തൊഴിലാളി മേഖലയിലും കടാശ്വാസനിയമം കൊണ്ടുവരികയും കടങ്ങള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തുകയുംചെയ്തു. നെല്ലിന്റെ സംഭരണവില ഏഴില്‍നിന്ന് 11 രൂപയാക്കി ഉയര്‍ത്തുകയും പലിശരഹിത വായ്പ നടപ്പാക്കുകയുമടക്കം നിരവധി പദ്ധതികള്‍ നടപ്പാക്കി. അതിന്റെ ഫലമായി കേരളത്തിലെ കാര്‍ഷിക മേഖലയില്‍ പുത്തന്‍ ഉണര്‍വുണ്ടായിരിക്കുന്നു. കാര്‍ഷികോല്‍പ്പാദനം ഗണ്യമായി വര്‍ധിക്കുന്നു. തരിശുനിലങ്ങളില്‍ വീണ്ടും കൃഷിയിറക്കുന്നു. അങ്ങനെയിരിക്കെയാണ് വീണ്ടും കേന്ദ്രസര്‍ക്കാര്‍ കടുത്ത ദ്രോഹം ചെയ്യുന്നത്. കേരളത്തിലെ കാര്‍ഷികമേഖലയെ എ കെ ആന്റണി-ഉമ്മന്‍ചാണ്ടി ഭരണകാലത്തെ അവസ്ഥയിലേക്ക് വീണ്ടും തള്ളിയിടുക - അതായിരിക്കും ആസിയന്‍ കരാര്‍ നടപ്പായാലുള്ള അവസ്ഥ. രാജ്യത്താകെ കടക്കെണി കാരണം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന സ്ഥിതിക്ക് അറുതിവരുത്താന്‍ കേരളത്തിലേതുപോലുള്ള കാര്‍ഷിക കടാശ്വാസ നിയമം ദേശീയതലത്തില്‍ കൊണ്ടുവരണമെന്ന് ഇടതുപക്ഷം സമ്മര്‍ദം ചെലുത്തിയിരുന്നു. അത് അതേപടി അംഗീകരിച്ചില്ലെങ്കിലും ഒറ്റത്തവണ നടപടിയെന്ന നിലയില്‍ കടങ്ങള്‍ എഴുതിത്തള്ളാന്‍ മുന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറായി. വിദര്‍ഭ പാക്കേജ് നടപ്പാക്കുകയുംചെയ്തു. എന്നാല്‍, ഇപ്പോള്‍ ആസിയന്‍ കരാറില്‍ ഒപ്പിടുന്നതോടെ കൃഷിക്കാരെ വീണ്ടും കടക്കെണിയിലേക്ക് തള്ളുകയാണ് കേന്ദ്രം. വീണ്ടുമൊരു ദുരന്തത്തിലേക്ക് കാര്‍ഷിക മേഖലയെ നയിക്കുന്ന കേന്ദ്ര സമീപനത്തിനെതിരെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളാകെ അണിനിരക്കണം.
ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്റ് കൊറസോ അക്വിനോ അന്തരിച്ചു
മനില: ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്റ് കൊറസോ അക്വിനോ അന്തരിച്ചു. 76 വയസായിരുന്നു. ഒരു വര്‍ഷത്തിലേറയായി അര്‍ബുദബത്തുെടര്‍ന്ന് ചികിത്സയിലായിരുന്നു. പ്രാദേശിക സമയം മൂന്നു മണിയോടെ മെക്കാര്‍ത്തി മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം. ടാര്‍ലക്കിലെ പനിക്വിലായിരുന്നു അക്വിനോയുടെ ജനനം. 1986 ഫെബ്രുവരി 25 നാണ് അക്വിനോ ഫിലിപ്പീന്‍സിന്റെ പതിനൊന്നാമത്തെ പ്രസിഡന്റായി അധികാരമേറ്റത്. 1986 മുതല്‍ 1992 ജൂ 30 വരെ അക്വിനോ ഫിലിപ്പീന്‍സ് പ്രസിഡന്റായിരുന്നു. എപതുകളില്‍ ഫിലിപ്പീന്‍സിന്റെ രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു അക്വിനോ. ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടി നിരവധി പോരാട്ടങ്ങള്‍ നടത്തിയ അക്വിനോയ്ക്ക് നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1986ല്‍ സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിനും അക്വിനോ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. ഏഷ്യാ വന്‍കരയിലെ ആദ്യ വനിതാ പ്രസിഡന്റ് കൂടിയാണ് അക്വിനോ. ഫിലിപ്പീന്‍സ് പ്രതിപക്ഷ നേതാവായിരുന്നു ഭര്‍ത്താവ് ബെനിഞ്ഞോ അക്വിനോ വധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് വീട്ടമ്മയായി ഒതുങ്ങി കഴിഞ്ഞിരുന്ന കൊറസോ അക്വിനോ രാഷ്ട്രീയത്തിലെത്തുന്നു.
Wednesday, July 22, 2009
ആണവകരാറിന്റെ കുരുക്ക് മുറുകുന്നു
ഇന്ത്യയുടെ പരമാധികാരം അമേരിക്കയ്ക്ക് പണയപ്പെടുത്തുന്ന ആണവസഹകരണകരാറില്‍ ഒപ്പുവയ്ക്കരുത് എന്നാവശ്യപ്പെട്ടാണ് ഇടതുപക്ഷം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. അണുവായുധ നിര്‍വ്യാപനകരാറില്‍ ഒപ്പുവെച്ചാലല്ലാതെ ഇന്ത്യയുമായി സൈനികേതര ആണവസഹകരണത്തില്‍ ഏര്‍പ്പെടാന്‍ സാധാരണ നിലയില്‍ അമേരിക്കയ്ക്ക് കഴിയില്ലെന്നും അതുസംബന്ധിച്ച് യുപിഎ സര്‍ക്കാര്‍ നിരത്തുന്ന അവകാശവാദങ്ങള്‍ പൊള്ളയാണെന്നും അന്ന് സിപിഐ എം അടക്കമുള്ള ഇടതുപക്ഷ പാര്‍ടികള്‍ വസ്തുതകള്‍ നിരത്തി പറഞ്ഞതാണ്. 'അമേരിക്കയുടെ വിദേശനയവുമായി ഒത്തുപോകുന്നതായ വിദേശനയമുണ്ടായിരിക്കണം; അണുവായുധനിര്‍വ്യാപനവുമായി ബന്ധപ്പെട്ട അമേരിക്കന്‍ നയത്തിന് അനുസൃതമായ വിദേശനയ ഇടപാടുകളുമായി ഒത്തുപോകണം. (ഹൈഡ് നിയമം വകുപ്പ്: 102 (6)ബി) എന്നിങ്ങനെയുള്ള നിബന്ധനകള്‍ അനുസരിച്ചുമാത്രമേ അത് സാധ്യമാകൂ. മാത്രമല്ല, വിദേശനയവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് പാര്‍ലമെന്റില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും വേണം എന്നതടക്കമുള്ള നിബന്ധനകളുമുണ്ട്.
ഇതെല്ലാം അംഗീകരിച്ച് അനുസരിക്കുന്നതിന്റെ ഭാഗമായാണ് 2005 സെപ്തംബറിലും 2006 ഫെബ്രുവരിയിലും അന്താരാഷ്ട്ര ആണവോര്‍ജസമിതിയില്‍ ഇറാനെതിരായി ഇന്ത്യ രണ്ടുപ്രാവശ്യം വോട്ട് ചെയ്തത്. എന്നാല്‍, ഇടതുപക്ഷം ഉയര്‍ത്തിയ പ്രശ്നങ്ങള്‍ ചെവിക്കൊള്ളാതെ ഹൈഡ് നിയമത്തിലെ വ്യവസ്ഥകളെല്ലാം ഒരേപോലെ ഇന്ത്യക്ക് ബാധകമല്ലെന്നും അതിനാല്‍ അതിനെ ശ്രദ്ധിക്കേണ്ടതില്ലെന്നുമാണ് യുപിഎ ഗവമെന്റ് വാദിച്ചത്. അത്തരം വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞുവീഴുന്ന സംഭവങ്ങളാണ് പിന്നീടുണ്ടായത്. കഴിഞ്ഞ ദിവസം ഇറ്റലിയിലെ ലാക്വിലയില്‍ ചേര്‍ന്ന ജി-എട്ട് ഉച്ചകോടിയുടെ തീരുമാനവും അതിന്റെ തുടര്‍ച്ചയായി, അമേരിക്കന്‍ വിദേശ സെക്രട്ടറി ഹിലാരി ക്ളിന്റ ഇന്ത്യയില്‍ വന്ന് "ആണവ ഇന്ധന സമ്പുഷ്ടീകരണം, യുറേനിയത്തിന്റെ പുനഃസംസ്കരണം എന്നിവയ്ക്കുള്ള സാങ്കേതികവിദ്യയും ഉപകരണങ്ങളും ഇന്ത്യക്ക് കൈമാറില്ല'' എന്ന് പ്രഖ്യാപിച്ചതും ഏറ്റവുമൊടുവിലത്തെ ഉദാഹരണങ്ങളാണ്. 'നിയമവിരുദ്ധവും അപകടകരവുമായ രീതിയില്‍ ആണവ സാങ്കേതികവിദ്യ കൈമാറാന്‍ കഴിയില്ല' എന്നാണ് ഹിലാരി പറഞ്ഞത്. അതിനര്‍ഥം ആണവ നിര്‍വ്യാപന കരാറിലും (എന്‍പിടി) സമഗ്ര ആണവപരീക്ഷണ നിരോധന കരാറിലും (സിടിബിടി) ഒപ്പിടുകയോ, ഇന്ത്യയെ സമ്പൂര്‍ണമായി അമേരിക്കന്‍ ചൊല്‍പ്പടിയില്‍ നിര്‍ത്തുന്ന ഹൈഡ് ആക്ടിലെ വ്യവസ്ഥകള്‍ സാഷ്ടാംഗം അംഗീകരിക്കുകയോ ചെയ്താലേ ഇന്ത്യക്ക് ആണവസഹകരണം സാധ്യമാകൂ എന്നാണ്. ആണവകരാര്‍ ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെയും പരമാധികാരത്തെയും അപകടത്തിലാക്കുമെന്ന ഇടതുപക്ഷത്തിന്റെ മുന്നറിയിപ്പ് അക്ഷരാര്‍ഥത്തില്‍ യാഥാര്‍ഥ്യമാവുകയാണ്. ഇന്ത്യന്‍ സൈനികകേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ അമേരിക്കയെ അനുവദിക്കുന്ന 'എന്‍ഡ് യൂസ് മോണിറ്ററിങ്' കരാറിലാണ് ഹിലാരിയുടെ സന്ദര്‍ശനവേളയില്‍ ഇരു രാജ്യവും ഒപ്പുവച്ചിട്ടുള്ളത്. അമേരിക്കയില്‍നിന്ന് വാങ്ങുന്ന ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായിമാത്രം ഉപയോഗിക്കുന്നെന്ന് ഉറപ്പു വരുത്താനുള്ളതാണ് 'എന്‍ഡ് യൂസ് മോണിറ്ററിങ്' എന്ന പരിശോധനാസംവിധാനം. അമേരിക്കയില്‍നിന്ന് നമ്മുടെ പണംകൊടുത്തു വാങ്ങുന്ന സാധനം എങ്ങനെ നാം ഉപയോഗിക്കുന്നെന്ന് അമേരിക്കയെ ബോധ്യപ്പെടുത്തണമെന്ന വിചിത്രമായ ഏര്‍പ്പാടാണിത്.
ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് സൈനികകേന്ദ്രങ്ങളിലെത്തി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശോധിക്കാന്‍ കഴിയും. ഇന്ത്യക്ക് അതോടെ പ്രതിരോധ രഹസ്യങ്ങള്‍ ഇല്ലാതാകും-എല്ലാം അമേരിക്കയ്ക്കുമുന്നില്‍ തുറന്നുവയ്ക്കേണ്ടിവരും. ആയുധങ്ങള്‍ തീവ്രവാദികളുടെയോ അമേരിക്കയുടെ ശത്രുരാജ്യങ്ങളുടെയോ കൈയില്‍ എത്തുന്നുണ്ടോയെന്ന് പരിശോധിക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്ക പറയുന്നു. നാം വില കൊടുത്തുവാങ്ങുന്ന ആയുധങ്ങള്‍ എങ്ങനെ, എന്തിന് ഉപയോഗിക്കണമെന്ന് നമുക്ക് അധികാരമില്ലെങ്കില്‍ രാഷ്ട്രത്തിന്റെ പരമാധികാരം എന്ന വാക്കിന് എന്തര്‍ഥം? ആണവ സഹകരണ കരാറില്‍ ഒപ്പിട്ടതോടെ ഇന്ത്യ വലിയൊരു കെണിയിലാണ് പെട്ടിരിക്കുന്നത്്. ആണവ ഇടപാട് ഇന്ത്യയുടെ ഉത്തമതാല്‍പ്പര്യങ്ങളെയാകെ ചവിട്ടിമെതിക്കുകയാണ്. ആദ്യഘട്ടമെന്ന നിലയില്‍ അമേരിക്കന്‍ ഐക്യനാടുകളുമായുള്ള തന്ത്രപരമായ സഖ്യത്തില്‍ ഏര്‍പ്പെട്ടു. സൈനികസഹകരണം, കാര്‍ഷിക-ചെറുകിട വ്യാപാരമേഖലകളിലെ മൂലധനനിക്ഷേപം എന്നിങ്ങനെ നിരവധി ഉടമ്പടികളുണ്ടാക്കി. ഇതെല്ലാം ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന പല്ലവിയാണ് യുപിഎ നേതൃത്വം പാടിക്കൊണ്ടിരുന്നത്. ആണവ ഇടപാടിലൂടെ ഇന്ത്യയുടെ ഊര്‍ജസുരക്ഷയ്ക്ക് ഉറപ്പ് ലഭിക്കുന്നില്ലെന്നുമാത്രമല്ല ഹൈഡ് നിയമവുമായി ഇതിനെ ബന്ധിപ്പിച്ചുകൊണ്ട് രാജ്യത്തെ കെട്ടി വരിയുകയാണ് ചെയ്യുന്നത് എന്നാണ് ഇടതുപക്ഷം പറഞ്ഞത്. ഇന്ത്യയുടെ സ്വതന്ത്രവിദേശനയത്തെ ഹനിക്കുമെന്നും അമേരിക്കയുമായി തന്ത്രപരമായ സഖ്യം സ്ഥാപിക്കുകവഴി ഗുരുതരമായ തെറ്റാണ് യുപിഎ സര്‍ക്കാര്‍ ചെയ്തതെന്നും ഇടതുപക്ഷം അസന്ദിഗ്ധമായി ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് ദോഷകരമായിട്ടുള്ളതും രാജ്യത്തിന്റെ പരമാധികാരത്തിന് ചോര്‍ച്ചയുണ്ടാക്കുന്നതുമായ ഇത്തരം നടപടികള്‍ക്ക് പിന്തുണ നല്‍കാന്‍ ഇടതുകക്ഷികള്‍ക്കാവില്ല എന്ന പ്രഖ്യാപനത്തോടെയാണ് പിന്തുണ പിന്‍വലിച്ചത്. അന്ന് ഇടതുപക്ഷത്തെ പരിഹസിക്കുകയും ആണവസഹകരണത്തിന് സ്തുതിപാടുകയും ചെയ്തവര്‍ക്ക് ഇന്ന് എന്തുപറയാനുണ്ട് എന്നറിയുന്നത് കൌതുകകരമാണ്.
ദേശാഭിമാനി
Sunday, July 12, 2009
ന്യൂഡല്‍ഹി: തലമുതിര്‍ന്ന സിപിഎം നേതാവും മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദനെ പിബിയില്‍ നിന്നും തരംതാഴ്ത്തിയതായി വാര്‍ത്താക്കുറിപ്പിലൂടെ പാര്‍ട്ടി വ്യക്തമാക്കി. പാര്‍ട്ടി സംഘടനാ തത്വങ്ങള്‍ വിഎസ് ലംഘിച്ചതായി കേന്ദ്രകമ്മിറ്റി കണ്ടെത്തിയതായി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ലാവ്ലിന്‍ കേസില്‍ പിണറായി അഴിമതി നടത്തിയിട്ടില്ലെന്ന മുന്‍ നിലപാടില്‍ പാര്‍ട്ടി ഉറച്ച് നില്ക്കുന്നതായി കേന്ദ്രകമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. കേന്ദ്രകമ്മിറ്റിയിലേക്കാണ് വിഎസിനെ തരംതാഴ്ത്തുന്നത്. അദ്ദേഹം മുഖ്യമന്ത്രിയായി തുടരും, മുഖ്യമന്ത്രിയെന്ന നിലയിലും പാര്‍ട്ടി നേതാവെന്ന തരത്തിലും ഉത്തരവാദിത്വം നിറവേറ്റും. സംസ്ഥാനത്തെ പാര്‍ട്ടി ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് കേന്ദ്രകമ്മിറ്റി നിര്‍ദേശിച്ചു. പാര്‍ട്ടി കേരളഘടകത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ചേര്‍ന്ന കേന്ദ്രകമ്മിറ്റിയോഗമാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. പാര്‍ട്ടി സംസ്ഥാനസെക്രട്ടറി പിണറായി വിജയനെതിരെ നടപടിയില്ലെന്നതും ശ്രദ്ധേയമായി.
1964ല്‍ അവിഭക്തകമ്മ്യൂണിസ്റ് പാര്‍ട്ടി കേന്ദ്രകമ്മിറ്റിയില്‍ നിന്നും ഇറങ്ങി സിപിഎമ്മിന് രൂപം കൊടുത്ത നേതാക്കളില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന ഒരാളുടെ പടിയിറക്കം കൂടിയാണ് ഇന്നത്തെ പാര്‍ട്ടി തീരുമാനം വഴിയുണ്ടാവുക. ആരോഗ്യകാരണങ്ങളാല്‍ വിഎസ് യോഗത്തില്‍ പങ്കെടുത്തില്ല. ഇന്ന് വൈകിട്ട് അദ്ദേഹം കേരളത്തിലേക്ക് മടങ്ങും.
അദ്ദേഹത്തെ പിബിയില്‍ നിന്നും പുറത്താക്കാനാണ് കഴിഞ്ഞ ദിവസം കേന്ദ്രകമ്മിറ്റി മുന്നോടിയായുള്ള പിബിയുടെ തീരുമാനം. എന്നാല്‍ അദ്ദേഹത്തിനുനേരെ മാത്രം അച്ചടക്കനടപടിയെടുക്കുന്നതിനെ പിബിയിലും കേന്ദ്രകമ്മിറ്റിയിലും അഭിപ്രായ വ്യത്യാസമുണ്ടായതിനെത്തുടര്‍ന്നാണ് തീരുമാനം വൈകിയത്. പാര്‍ട്ടി സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പാര്‍ട്ടിയെ ഐക്യത്തോടെ നയിക്കുന്നതില്‍ പരാജയപ്പെട്ടതായി പിബി വിലയിരുത്തിയിരുന്നു.
കേരള കൌമുദി