ഒക്ടോബര്‍ 2 മനുഷ്യച്ചങ്ങല
പ്രതിജ്ഞ
ഈ ഗാന്ധിജയന്തിനാള്‍ ഞങ്ങള്‍ പ്രതിരോധപ്രതിജ്ഞയുടെ ദിവസമാക്കി മാറ്റുന്നു. ഇന്ത്യയുടെ സാമ്പത്തിക പരമാധികാരം സാമ്രാജ്യത്വത്തിന്റെ ആസുരശക്തികള്‍ക്ക് അടിയറവയ്ക്കുന്നതിനെ ചെറുക്കുമെന്ന് ഞങ്ങള്‍ പ്രതിജ്ഞചെയ്യുന്നു. ഇന്ത്യയുടെ രാഷ്ട്രീയ പരമാധികാരം നവകൊളോണിയല്‍ മേധാവിത്വ നീക്കങ്ങള്‍ക്കു പണയപ്പെടുത്തുന്നതിനെ ചെറുക്കുമെന്ന് ഞങ്ങള്‍ പ്രതിജ്ഞചെയ്യുന്നു.
നമ്മുടെ വൈവിധ്യസമൃദ്ധമായ കാര്‍ഷികമേഖലയെ, നമ്മുടെ മത്സ്യസമൃദ്ധമായ സമുദ്രമേഖലയെ, നമ്മുടെ വളര്‍ന്നുവരുന്ന വ്യവസായമേഖലയെ, നമ്മുടെ നാടിനെ, നമ്മുടെ ജനതയെ, എല്ലാവിധ സാമ്രാജ്യത്വ കൈയേറ്റങ്ങളില്‍നിന്നും അതിന് അരുനില്‍ക്കുന്ന അധികാരികളുടെ
വഞ്ചനകളില്‍നിന്നും സംരക്ഷിക്കുമെന്ന് ഇന്ന് ഈ ഗാന്ധിജയന്തിനാള്‍ ഞങ്ങള്‍ പ്രതിജ്ഞചെയ്യുന്നു. തോക്കും പീരങ്കിയും ഉപയോഗിച്ച് ആധിപത്യം ഉറപ്പിക്കാന്‍വന്ന സാമ്രാജ്യത്വശക്തികളെ പതിനായിരങ്ങളുടെ ജീവത്യാഗത്തിലൂടെ പണ്ട് കടല്‍ കടത്തിയ നമ്മള്‍ പഴയ ശത്രു പതിന്മടങ്ങ് കരുത്തോടെ വീണ്ടും തിരിച്ചുവരികയാണ് എന്ന് തിരിച്ചറിയുന്നു.
തോക്കും പീരങ്കിയുമല്ല ഇന്ന് ആയുധമെന്നും ഡബ്ള്യൂടിഒ കരാറും ആണവക്കരാറും ആയുധക്കരാറും ഏറ്റവുമൊടുവില്‍ ആസിയന്‍ കരാറുമെല്ലാമാണ് പുതിയ ആയുധങ്ങള്‍ എന്നും നാം തിരിച്ചറിയുന്നു. നാളികേരവും കുരുമുളകും റബറും തേയിലയും കശുവണ്ടിയും ഏലവും കാപ്പിയും അറബിക്കടലിലെ മത്സ്യങ്ങളും നമുക്ക് വെറും വില്‍പ്പനവസ്തുക്കള്‍ മാത്രമല്ലെന്നും ഇവയെല്ലാം നമ്മുടെ ജീവിതം കൂടിയാണെന്നും നാം ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു.
കേരളീയന്റെ പട്ടിണിയിലും ദാരിദ്യ്രത്തിലും കഷ്ടപ്പാടുകളിലുമെല്ലാം ആശ്വാസമായത് കേരളത്തിന്റെ ഈ ഉല്‍പ്പന്നങ്ങളാണ് എന്ന് നാം തിരിച്ചറിയുന്നു. നമ്മുടെ നാളികേരവും കുരുമുളകും റബറും കാപ്പിയും തേയിലയും മത്സ്യങ്ങളുമെല്ലാം കൂട്ടത്തോടെ നമുക്ക് അന്യമാകാന്‍ പോവുന്നു. തലമുറകളായി, ആയിരത്താണ്ടുകളായി ഇവിടെ ഉല്‍പ്പാദിപ്പിക്കുകയും ഇവിടെനിന്ന് കയറ്റി അയയ്ക്കുകയുംചെയ്ത നമ്മുടെ ഉല്‍പ്പന്നങ്ങള്‍ ആസിയന്‍ കരാറിലൂടെ ഇവിടേക്ക് ഇറക്കുമതിചെയ്യുന്നു. നമ്മുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില കിട്ടാതാവുന്നു. അവയ്ക്ക് കമ്പോളമില്ലാതാകുന്നു. ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ നമ്മുടെ നാട്ടില്‍ പ്രളയം സൃഷ്ടിക്കുകയും ചെയ്യുന്നു.
ആസിയന്‍ രാജ്യങ്ങളിലെ തോട്ടം മുതലാളിമാര്‍ക്കും ഇന്ത്യയിലെ ശതകോടീശ്വര വ്യവസായികള്‍ക്കുംവേണ്ടി മന്‍മോഹന്‍സിങ് സര്‍ക്കാര്‍ സ്വന്തം മണ്ണിനെയും ഈ മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകനെയും കര്‍ഷകത്തൊഴിലാളിയെയും പണയം വയ്ക്കുന്നു. കര്‍ഷകരും കര്‍ഷകത്തൊഴിലാളിയും മത്സ്യത്തൊഴിലാളിയുമെല്ലാം കടത്തിനുമേല്‍ കടം കയറി കൂട്ടത്തോടെ ആത്മഹത്യചെയ്താലും അധിനിവേശ ശക്തികള്‍ക്കു മുന്നില്‍ ദയാദാക്ഷിണ്യത്തോടെ തലകുനിച്ചേ തീരൂ എന്ന് ശഠിക്കുന്നവരുടെ തനിനിറം കേരളം തിരിച്ചറിയുന്നു.
കേരളത്തിന്റെ മരണമണി മുഴക്കുന്ന ആസിയന്‍ കരാറിനെ എന്തു വിലകൊടുത്തും ചെറുക്കുമെന്ന് ഞങ്ങള്‍ പ്രതിജ്ഞചെയ്യുന്നു. കര്‍ഷകന്റെയും കര്‍ഷകത്തൊഴിലാളിയുടെയും മത്സ്യത്തൊഴിലാളിയുടെയും കണ്ണീര്‍ തുടയ്ക്കാന്‍, അധിനിവേശ ശക്തികളില്‍നിന്നും രാജ്യത്തെയും സംസ്ഥാനത്തെയും മോചിപ്പിക്കാന്‍, ഇന്ത്യയുടെ സ്വാതന്ത്യ്രവും പരമാധികാരവും സംരക്ഷിക്കാന്‍ ജീവന്‍ ത്യജിച്ചും പോരാടുമെന്ന് ഞങ്ങള്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു. ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു - നമ്മുടെ പുഴകളെ, നമ്മുടെ കാടുകളെ, നമ്മുടെ മലകളെ, നമ്മുടെ ആകാശത്തെ പുത്തന്‍ കോളനീകരണത്തിന്റെ കഴുമരത്തിനു മുമ്പില്‍ വിലങ്ങണിയിച്ചുനിര്‍ത്താന്‍ ഞങ്ങള്‍ അനുവദിക്കില്ല.
കുടിവെള്ളത്തെയും മണ്ണിനെയും ബഹുരാഷ്ട്ര കമ്പനികള്‍ക്ക് തീറെഴുതുന്ന ഭരണകൂട നയത്തിനെതിരെ ഞങ്ങള്‍ മുഷ്ടിയുയര്‍ത്തും. നമ്മുടെ സ്വാതന്ത്യ്രത്തെയും നമ്മുടെ സ്വപ്നങ്ങളെയും നമ്മുടെ പ്രതീക്ഷകളെയും സാമ്രാജ്യത്വ-ബഹുരാഷ്ട്ര കോര്‍പറേറ്റ് കുത്തകകള്‍ക്ക് പണയം വയ്ക്കുന്ന അധികാരധാര്‍ഷ്ട്യത്തെ നിസ്സംശയം ഞങ്ങള്‍ ചെറുത്തുതോല്‍പ്പിക്കും. പതിറ്റാണ്ടുകള്‍കൊണ്ട് നേടിയ സ്വാതന്ത്യ്രത്തെ ഒറ്റുകൊടുക്കലുകളുടെ ഒരു അര്‍ധരാത്രിയില്‍ അധിനിവേശ ഭീകരതയ്ക്ക് മടക്കിക്കൊടുക്കാന്‍ ഒരു സാമ്രാജ്യത്വചാരനും ഇനി ഈ രാജ്യത്ത് ഉണരാന്‍ പാടില്ല.
പുതിയ കാലത്തെ സ്വാതന്ത്യ്രപ്പോരാട്ടത്തിനായി, എല്ലാ പ്രതിലോമപരതയ്ക്കും പ്രതിരോധം സൃഷ്ടിക്കുന്ന ഈ മനുഷ്യച്ചങ്ങലകൊണ്ട്, നമ്മുടെ നാടിന് സംരക്ഷണമൊരുക്കുമെന്ന് ഞങ്ങള്‍ ദൃഢപ്രതിജ്ഞചെയ്യുന്നു. ആസിയന്‍കരാറിന്റെ ദാസ്യം അറബിക്കടലിലെന്ന് ഞങ്ങള്‍ പ്രതിജ്ഞാപൂര്‍വം പ്രഖ്യാപിക്കുന്നു. പ്രതിജ്ഞ, പ്രതിജ്ഞ, പ്രതിജ്ഞ.