Friday, March 19, 2010

കേരള ബജറ്റ് വികസനത്തിന്റെ നൂതന വഴിത്താരകള്‍

ദേശാഭിമാനി ലേഖനം, മാർച്ച് 18

കേരള ബജറ്റ് വികസനത്തിന്റെ നൂതന വഴിത്താരകള്‍

പ്രൊഫ. കെ എന്‍ ഗംഗാധരന്‍

2006 മേയില്‍ ഡോ. തോമസ് ഐസക് അവതരിപ്പിച്ച കന്നി ബജറ്റിന്റെ തുടര്‍ച്ചയും വളര്‍ച്ചയുമാണ് ഇപ്പോഴത്തെ ബജറ്റ്. എല്ലാവര്‍ക്കും വീതിച്ചശേഷം അവശേഷിക്കുന്നത് എന്തെങ്കിലുമുണ്ടെങ്കില്‍ പാവങ്ങള്‍ക്ക് എന്നതാണ് സാമ്പ്രദായിക മുന്‍ഗണനാക്രമം. അത് പൊളിച്ചെഴുതപ്പെട്ടിരിക്കുന്നു. പാവങ്ങള്‍ക്ക് നല്‍കിയശേഷം ബാക്കി മറ്റുള്ളവര്‍ക്ക് എന്ന ജനപക്ഷസമീപനമാണ് ബജറ്റിന്റെ മുഖമുദ്ര. മാറിയ മുന്‍ഗണനാക്രമത്തിന്റെ പ്രതിഫലനമാണ് സാമൂഹ്യസുരക്ഷാപദ്ധതികള്‍ക്ക് നല്‍കുന്ന ഊന്നല്‍. പക്ഷേ, സാമൂഹ്യ സുരക്ഷാപദ്ധതികള്‍കൊണ്ടുമാത്രം കൃഷി- വ്യവസായ- ഐടി മേഖലകളിലും വിദ്യാഭ്യാസ- ആരോഗ്യരംഗങ്ങളിലും സ്ഥായിയായ വികാസം ഉണ്ടാവുകയില്ല. അതിന് ആ മേഖലകളില്‍ ഗണ്യമായ മൂലധനനിക്ഷേപം നടത്തണം. മൂലധനനിക്ഷേപത്തിലെ വര്‍ധന ഈ ബജറ്റിന്റെ പ്രത്യേകതയാണ്. 2005-06ല്‍ മൊത്തം മൂലധനനിക്ഷേപം 816.95 കോടി രൂപയായിരുന്നു. ഇപ്പോഴത്തെ ബജറ്റില്‍ അത് 4145.38 കോടി രൂപയായി ഉയര്‍ത്തി. 2005-06ലെ മൂലധനനിക്ഷേപത്തെ അപേക്ഷിച്ച് 407.42 ശതമാനം കൂടുതലും നടപ്പുസാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 113.54 ശതമാനം കൂടുതലുമാണ് മേല്‍ തുക. സംസ്ഥാനത്തെ കാര്‍ഷികമേഖലയുടെ പ്രത്യേകത വാണിജ്യവിളകള്‍ക്ക് കൈവന്ന മേല്‍ക്കൈയും നെല്ലുല്‍പ്പാദനത്തിലുണ്ടായ ഇടിവുമാണ്. ആ സ്ഥിതിയില്‍ മാറ്റം ദൃശ്യമാണ്. 2007-08ല്‍ 528 ലക്ഷം മെട്രിക് ട അരി ഉല്‍പ്പാദിപ്പിച്ചു. 2008-09ല്‍ ഉല്‍പ്പാദനം കൂടി. 5.90 ലക്ഷം മെട്രിക് ട ഉല്‍പ്പാദിപ്പിച്ചു. നെല്‍ക്കൃഷി ഭൂമിയിലും ഉല്‍പ്പാദനക്ഷമതയിലും കൈവരിച്ച നേട്ടങ്ങളുടെ പ്രതിഫലനമാണ് അരിയുല്‍പ്പാദനത്തിലെ വര്‍ധന. ഈ നേട്ടം വിപുലപ്പെടുത്താനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. 622 കോടി രൂപയാണ് കാര്‍ഷികവികസനത്തിന് നീക്കിവച്ചിട്ടുള്ളത്. നടപ്പുസാമ്പത്തികവര്‍ഷത്തെ നിക്ഷേപമായ 419 കോടിയേക്കാള്‍ 50 ശതമാനം കൂടുതലാണ് ബജറ്റിലെ വകയിരുത്തല്‍. 500 കോടി രൂപയും നീക്കിവച്ചിട്ടുള്ളത് നെല്‍ക്കൃഷിക്കും നെല്ലുസംഭരണത്തിനും മണ്ണ്- ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമാണ്. ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി 376 കോടി രൂപ വകയിരുത്തുന്നുണ്ട്. മത്സ്യബന്ധനം 11.33 ലക്ഷം തൊഴിലാളികളുടെ ഉപജീവനമേഖലയാണ്. തൊഴിലാളിക്ഷേമത്തിനും പുനരധിവാസത്തിനും തുറമുഖവികസനത്തിനും മറ്റുമായി 2505 കോടി രൂപ ചെലവിടുകയോ അനുവാദം നല്‍കുകയോ ചെയ്തിട്ടുണ്ട്. മത്സ്യബന്ധനമേഖലയ്ക്കായി 79 കോടി രൂപ ബജറ്റ് വകയിരുത്തുന്നു. നടപ്പുസാമ്പത്തികവര്‍ഷം അത് 50 കോടി രൂപയാണ്. ഐടി മേഖലയ്ക്ക് നടപ്പുവര്‍ഷത്തേതിനേക്കാള്‍ 77 ശതമാനം കൂടുതല്‍ തുക വകയിരുത്തിയിട്ടുണ്ട്. 153 കോടി രൂപയാണ് ബജറ്റിലെ വകയിരുത്തല്‍. വന്‍കിടവ്യവസായങ്ങള്‍, പൊതുമരാമത്ത്, തുറമുഖ വികസനം, ടൂറിസം എന്നിവയ്ക്കും കൂടുതല്‍ തുക വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ ദീര്‍ഘകാലവികസനത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായകമാകും. വിദ്യാഭ്യാസവും ആരോഗ്യവും മനുഷ്യഗുണമേന്മയുടെ ചിഹ്നങ്ങളും ഭാവിവികസനത്തിന്റെ അടിത്തറയുമാണ്. ഈ രംഗങ്ങളില്‍ കേരളം കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. കൈവരിച്ച നേട്ടങ്ങള്‍ ശക്തിപ്പെടുത്തി വികസിപ്പിക്കുകയാണ് ആവശ്യം. കൂടുതല്‍ മുടക്ക് ഈ രംഗങ്ങളില്‍ ആവശ്യമാണ്. വിദ്യാഭ്യാസമേഖലയ്ക്ക് റെക്കോഡ് തുകയാണ് വകയിരുത്തിയിട്ടുള്ളത്. 316 കോടി രൂപ. നടപ്പുവര്‍ഷത്തെ സംഖ്യയായ 208 കോടിയേക്കാള്‍ 50 ശതമാനം വര്‍ധനയാണിത്. അതില്‍ സ്കൂള്‍വിദ്യാഭ്യാസത്തിനുമാത്രമായി 121 കോടി നീക്കിവയ്ക്കുന്നു. ഉന്നതവിദ്യാഭ്യാസത്തിന് നീക്കിവയ്ക്കുന്ന 121 കോടി രൂപ, നടപ്പുസാമ്പത്തികവര്‍ഷത്തെ 57 കോടി രൂപയേക്കാള്‍ 112 ശതമാനം കൂടുതലാണ്. സര്‍വകലാശാലകളിലെ ലൈബ്രറി വികസനത്തിനായി 30 കോടി രൂപ നീക്കിവയ്ക്കുന്നു. പൊതുജനാരോഗ്യത്തിന് 166 കോടി രൂപ വകയിരുത്തുന്നു. മൊത്തത്തില്‍ നോക്കുമ്പോള്‍ സ്ഥായിയായ വികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള നിക്ഷേപവര്‍ധന അടിസ്ഥാനമേഖലകളില്‍ നിര്‍ദേശിക്കുന്ന ബജറ്റാണ് ഇപ്പോഴത്തെ സംസ്ഥാന ബജറ്റെന്ന് മനസ്സിലാക്കാം. പൊതുമേഖലാ സ്ഥാപനങ്ങളോടുള്ള സമീപനം പ്രഥമ ബജറ്റില്‍ (2006-07) ഇങ്ങനെ വിശദമാക്കി: "പൊതുമേഖലയുടെ സംരക്ഷണവും പുനരുദ്ധാരണവുമാണ് വ്യവസായവികസനനയത്തിന്റെ കാതലായ വശം. ശാസ്ത്രീയമായൊരു സമയബന്ധിത പുനരുദ്ധാരണപരിപാടി തയ്യാറാക്കി അത് നടപ്പാക്കുന്നതിന് പ്രതിബദ്ധതയുണ്ടെങ്കില്‍ നമ്മുടെ പല പൊതുമേഖലാ സ്ഥാപനങ്ങളെയും താരതമ്യേന ചെറിയൊരു ബജറ്ററി സഹായത്തോടെ രക്ഷപ്പെടുത്താനാകും''. ആ നയത്തിന്റെ വിപുലീകരണവും ശാക്തീകരണവുമായി തുടര്‍ന്നുവന്ന ബജറ്റുകള്‍. യുഡിഎഫിന്റെ അവസാനബജറ്റില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നീക്കിവച്ചത് അഞ്ചുകോടി രൂപയായിരുന്നു. എല്‍ഡിഎഫിന്റെ പ്രഥമ ബജറ്റ് അത് 40 കോടി രൂപയാക്കി ഉയര്‍ത്തി. യുഡിഎഫ് ഒഴിയുമ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ നഷ്ടം 70 കോടിയായിരുന്നു. 2009-10ല്‍ അവ നഷ്ടം നികത്തി 200 കോടി രൂപ ലാഭമുണ്ടാക്കി. അഞ്ച് സ്ഥാപനമാണ് നഷ്ടത്തിലോടുന്നത്. അവകൂടി ലാഭത്തിലായാല്‍ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ സംസ്ഥാനമെന്ന ഖ്യാതി കേരളത്തിന് സ്വന്തമാക്കാം. ലാഭത്തില്‍നിന്ന് സര്‍ക്കാരിന് ചെല്ലേണ്ട ലാഭവിഹിതവും പലിശയും കുറച്ച് ശേഷിക്കുന്ന തുകയുടെ 20 ശതമാനം സ്ഥാപനത്തിന്റെ നവീകരണത്തിനും വികസനത്തിനും ചെലവാക്കാം. പുതിയ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനുള്ള ഓഹരി നിക്ഷേപമായോ വായ്പയായോ ലാഭത്തിന്റെ ഒരു ഭാഗം ഉപയോഗിക്കാം. കൂടാതെ 125 കോടി രൂപ ചെലവില്‍ എട്ട് പൊതുമേഖലാ സ്ഥാപനം ആരംഭിക്കുന്നതിനും ബജറ്റ് ലക്ഷ്യമിടുന്നു. മൂന്നു രംഗങ്ങളിലെ ഇടപെടലുകളും നൂതനനിര്‍ദേശങ്ങളുമാണ് ഡോ. തോമസ് ഐസക്കിനെ വ്യത്യസ്തനായ ധനമന്ത്രിയാക്കുന്നത്. ചെലവുകളുടെ വിഭജനം എളുപ്പമാണ്. എന്നാല്‍, മുന്‍ഗണനാക്രമം നിശ്ചയിക്കലും നൂതനാശയങ്ങള്‍ പ്രയോഗിക്കലും മികവ് ആവശ്യമാക്കുന്ന കാര്യങ്ങളാണ്. ബജറ്റിന്റെ ഏറ്റവും തിളക്കമാര്‍ന്ന വശമാണ് ബിപിഎല്‍-എപിഎല്‍ വ്യത്യാസം കൂടാതെ 35 ലക്ഷം കുടുംബത്തിന് കിലോഗ്രാമിന് രണ്ടു രൂപ നിരക്കില്‍ അരി നല്‍കാനുള്ള നിര്‍ദേശം. 35 ലക്ഷം കുടുംബങ്ങളെന്നാല്‍ ഒരു കുടുംബത്തില്‍ അഞ്ച് അംഗംവീതം കണക്കാക്കിയാല്‍ ഒരുകോടി 75 ലക്ഷം ആളുകളാണ്. ആര് നല്‍കുന്ന അരി എന്ന ചോദ്യം അനാവശ്യമാണ്. സംസ്ഥാനത്തിന് ആവശ്യമുള്ളതിന്റെ ചെറിയൊരംശം മാത്രമേ ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നുള്ളൂവെന്ന് അറിയാത്തവരില്ല. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് അഞ്ചു രൂപ 85 പൈസയ്ക്ക് നല്‍കുന്ന അരി, മൂന്നു രൂപ 85 പൈസ സബ്സിഡി നല്‍കിയും അന്ത്യോദയപദ്ധതിപ്രകാരം മൂന്നു രൂപയ്ക്ക് അനുവദിക്കുന്ന അരി ഒരു രൂപവീതം സബ്സിഡി നല്‍കിയുമാണ് സംസ്ഥാനം ഇത്ര വിപുലമായ ജനകീയപദ്ധതി നടപ്പാക്കുന്നത്. കുറഞ്ഞ വിലയ്ക്ക് സര്‍ക്കാര്‍ അരി വിതരണം ചെയ്യുന്നതോടെ, പൊതുകമ്പോളത്തില്‍ വില താഴും. മറ്റു ജനവിഭാഗങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കും. ഹോട്ടലുകളില്‍ ഉള്‍പ്പെടെ അരി ഉല്‍പ്പന്നങ്ങളുടെ വില കുറയും. സാധാരണക്കാരന്റെ മൊത്തം വരുമാനത്തിന്റെ മുഖ്യഭാഗം ഉപയോഗിക്കുന്നത് അരി വാങ്ങുന്നതിനാണ്. അരിവില താഴുമ്പോള്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ പണം ഓരോ കുടുംബത്തിനും മറ്റ് ചെലവുകള്‍ക്ക് ബാക്കിയുണ്ടാകും. സാധാരണക്കാരന്റെ മറ്റൊരു പ്രധാന ചെലവാണ് മരുന്നും ആശുപത്രിച്ചെലവുകളും. ഒരിക്കലെങ്കിലും ആശുപത്രിയില്‍ പോകാത്തവരുണ്ടാകില്ല. കൂടെക്കൂടെ പോകുന്നവരും കാണും. പ്രതിവര്‍ഷം കുടുംബമൊന്നിന് 30,000 രൂപയുടെ ആരോഗ്യപരിരക്ഷ ലഭിക്കുന്ന സമഗ്ര ആരോഗ്യസുരക്ഷാപദ്ധതി ബജറ്റിന്റെ മറ്റൊരു സവിശേഷതയാണ്. ബിപിഎല്‍ കുടുംബങ്ങള്‍ക്കുമാത്രമായി ചുരുക്കപ്പെടുന്നില്ല എന്നതാണ് പ്രത്യേകത. രണ്ടു രൂപ നിരക്കില്‍ അരിക്ക് അര്‍ഹതയുള്ള 35 ലക്ഷം കുടുംബത്തിനും പദ്ധതിയുടെ പ്രയോജനമുണ്ട്. ഹൃദ്രോഗം, കിഡ്നി രോഗം തുടങ്ങിയവമൂലം കഷ്ടപ്പെടുന്നവര്‍ക്ക് 70,000 രൂപയുടെ ചികിത്സാസഹായത്തിനും വ്യവസ്ഥയുണ്ട്. എല്ലാത്തരം സാമൂഹ്യസുരക്ഷാപെന്‍ഷനുകളുടെയും പരിധി 300 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ആളൊന്നിന് 50 രൂപയുടെ വര്‍ധനയാണ് നല്‍കുന്നത്. എത്ര തൊഴിലെടുത്താലും കുറഞ്ഞ വരുമാനം മാത്രം ലഭിക്കുന്ന മേഖലകളാണ് കയര്‍, കൈത്തറി, പനമ്പ്, കരകൌശലം എന്നിവ. 50 കോടി രൂപയുടെ വരുമാനവര്‍ധന പദ്ധതി പുതുതായി നിര്‍ദേശിക്കുന്നു. ഭൂമിക്ക് തണലും സംരക്ഷണവും നല്‍കുന്ന വൃക്ഷങ്ങളും ചെടികളും കാലാവസ്ഥാസന്തുലനത്തില്‍ നിര്‍ണായക പ്രാധാന്യം വഹിക്കുന്നു. മനുഷ്യരുടെയും മൃഗങ്ങളുടെയും നിലനില്‍പ്പ് പരിസ്ഥിതിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. പരിസ്ഥിതിസംരക്ഷണം ലക്ഷ്യമാക്കി അഞ്ചുകൊല്ലത്തിനകം 1000 കോടി രൂപയുടെ ഹരിതഫണ്ട് ഉണ്ടാക്കാനും രണ്ടുവര്‍ഷത്തിനകം പത്തുകോടി വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കാനുമുള്ള പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ട്. ഹരിതഫണ്ടിലേക്ക് ആദ്യവിഹിതമായി 100 കോടി രൂപ വകയിരുത്തുന്നു. അതിനുപുറമെ റിസര്‍വോയറുകളിലെ മണലും ചെളിയും നീക്കംചെയ്തുകിട്ടുന്ന തുകയില്‍ നാലിലൊന്ന് ഹരിതഫണ്ടിലേക്ക് മുതല്‍ക്കൂട്ടും. കാര്‍ബ ബഹിര്‍ഗമനം കുറയ്ക്കുന്നതിനും ഊര്‍ജ ഉപയോഗം നിയന്ത്രിക്കുന്നതിനും സമഗ്രമായ നിര്‍ദേശങ്ങള്‍ ബജറ്റിന്റെ സവിശേഷതയാണ്. സ്ത്രീ-പുരുഷ സമത്വത്തെ അവഗണിക്കുകയാണ് ബജറ്റുകളുടെ പൊതുരീതി. അതിനൊരു മാറ്റംവരികയാണ്. ബജറ്റില്‍ സ്ത്രീകള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന രീതിയാണ് സംസ്ഥാനബജറ്റ് കൈക്കൊള്ളുന്നത്. വനിതാവികസനത്തിന് 620 കോടി രൂപ പദ്ധതിത്തുകയില്‍നിന്ന് നീക്കിവയ്ക്കുന്നു. ബജറ്റ് നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ അധികനികുതി നിര്‍ദേശങ്ങളൊന്നുമില്ല. നികുതിസമാഹരണം ശക്തിപ്പെടുത്തിയും നികുതിയിതര വരുമാനങ്ങള്‍ സ്വരൂപിച്ചും അധിക വിഭവസമാഹരണം നടത്താനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. നിര്‍ബന്ധപൂര്‍വം വകയിരുത്തേണ്ട ചെലവുകളെല്ലാം ഒഴിവാക്കിയശേഷം നടപ്പുസാമ്പത്തികവര്‍ഷത്തില്‍ ലഭ്യമായ പദ്ധതിത്തുക 726 കോടിയാണ്. 2010 ബജറ്റ് വര്‍ഷത്തില്‍ ലാഭ്യമാകുന്ന പദ്ധതിത്തുക 2874 കോടി രൂപയാണ്. ഇത് ബജറ്റ് ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിനുള്ള സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

Friday, March 12, 2010

ഭാഗവതിന് പാദപൂജയോ

ദേശാഭിമാനിയിൽ നിന്ന്

ഭാഗവതിന് പാദപൂജയോ

ആര്‍ എസ് ബാബു

പുള്ളിപ്പുലിയുടെ പുള്ളി ഒരുനാളും മായില്ലെന്ന് ആര്‍എസ്എസിന്റെ ആറാമത്തെ സര്‍സംഘചാലകായി സ്ഥാനമേറ്റ മോഹന്‍ ഭാഗവതിന്റെ ആദ്യകേരള സന്ദര്‍ശനവും പ്രഖ്യാപനങ്ങളും ബോധ്യപ്പെടുത്തി. ഹെഡ്ഗേവാര്‍, ഗോള്‍വാള്‍ക്കര്‍ തുടങ്ങിയവരേക്കാള്‍ വിഷം കൂടിയിട്ടേയുള്ളൂവെന്ന് പിന്‍ഗാമി വാക്കുകൊണ്ടും ശരീരഭാഷകൊണ്ടും അടയാളപ്പെടുത്തി. എന്നിട്ടും അതിനെ മറച്ചുവച്ചുള്ള സ്തുതിഗീതത്തിലാണ് ഒരുവിഭാഗം മാധ്യമങ്ങള്‍. കുട്ടികളെ കൊല്ലാന്‍ കംസന്‍ പൂതനയെ അയച്ചത് മോഹിനിവേഷത്തിലാണ്. അവള്‍ കുഞ്ഞുങ്ങളെ ആകര്‍ഷിച്ച് മടിയിലിരുത്തി വിഷം പുരട്ടിയ മുലക്കണ്ണ് വായില്‍വെച്ചുകൊടുത്തു. എന്നാല്‍, ആര്‍എസ്എസ് ചീഫ് മോഹിനിയായല്ല പൂതനയുടെ യഥാര്‍ഥ രൂപത്തില്‍ത്തന്നെയാണ് ചലിച്ചത്. ഹിന്ദുത്വശ്രേഷ്ഠതയില്‍ അഭിരമിക്കുക, മുസ്ളിങ്ങളെ വെറുക്കുക, ക്രിസ്ത്യാനിയോട് ശത്രുത പുലര്‍ത്തുക, കമ്യൂണിസത്തെയും കമ്യൂണിസ്റുകാരെയും ഉന്മൂലനം ചെയ്യുക- അതാണ് ആര്‍എസ്എസ് എന്ന് ഭാഗവത് ബോധ്യപ്പെടുത്തി. ഭാഗവത് പോയി ആഴ്ച ഒന്നര കഴിഞ്ഞിട്ടും മാധ്യമങ്ങള്‍ പാദപൂജ തുടരുകയാണ്. കൊല്ലത്തെ ആര്‍എസ്എസിന്റെ സംസ്ഥാനസമ്മേളനത്തിന് എന്ത് ചന്തം, പരിശീലനം സിദ്ധിച്ച സ്വയംസേവകരുടെ പരേഡിന് എന്ത് അച്ചടക്കം, ഭാഗവതിന്റേത് എത്ര സുതാര്യമായ ചിന്ത- ഇങ്ങനെ പോകുന്നു പുകഴ്ത്തലുകള്‍. രാമഭക്തനായ മഹാത്മാഗാന്ധിയെ അരുംകൊലചെയ്ത സംഘടനയാണിത്. മുസ്ളിം ഗര്‍ഭിണിയുടെ വയറുപിളര്‍ന്ന് കുഞ്ഞിനെ നിലത്തെറിഞ്ഞത് താനാണെന്ന് അഭിമാനത്തോടെ പറയുന്ന ഗുജറാത്തിലെ ബാബു ബജ്രംഗി ഉള്‍പ്പെടുന്ന പ്രസ്ഥാനത്തിന്റെ നായകനാണ് ഭാഗവത്. അത് അരണബുദ്ധിയുള്ള മാധ്യമങ്ങള്‍ മറന്നു. സ്തുതിഗീതത്തിനായി ആര്‍എസ്എസ് പദങ്ങള്‍ മനോരമ, മാതൃഭൂമിയാദികള്‍ കടംകൊണ്ടു. കൊല്ലത്ത് പ്രാന്ത സാംഘിക് നടന്നുവെന്നാണ് 'മ' പത്രം പറഞ്ഞത്. മേഖലാ ഒത്തുചേരല്‍ അഥവാ കേരള സംസ്ഥാന സമ്മേളനം എന്നതാണ് സംഭവിച്ചത്. സര്‍സംഘചാലകിന്റെ ആഗമനം, പ്രണാമം, ധ്വജാരോഹണം തുടങ്ങിയവ നടന്നതായി ഈ പത്രങ്ങള്‍ വിവരിച്ചു. സാധാരണ വായനക്കാരന്‍ ഇരുട്ടിലായാലും സംഘപരിവാറിനെ അവരുടെ ഭാഷയില്‍ സുഖിപ്പിക്കുകയെന്ന കര്‍മമാണ് ഈ മാധ്യമങ്ങള്‍ അനുഷ്ഠിച്ചത്. ബ്രാഹ്മണന്റെ രണ്ടാം ജന്മത്തിനാണ് ധ്വജാരോഹണം എന്നു പറയുക. ഒരുലക്ഷം ഗണവേഷധാരികള്‍ അച്ചടക്കത്തോടെ ഡ്രില്‍ നടത്തിയെന്നും മാധ്യമങ്ങള്‍ പെരുപ്പിച്ചുപറഞ്ഞു. 4000 ബസിലാണ് അവര്‍ വന്നതെന്നു പറയുന്നത് സത്യമാണെങ്കില്‍ പങ്കെടുത്തത് 25,000 പേരാണ്. മതനിരപേക്ഷതയുടെ കാഴ്ചപ്പാട് എത്രവേഗമാണ് നമ്മുടെ ഒരുവിഭാഗം മാധ്യമങ്ങള്‍ നഷ്ടമാക്കുന്നത്. കൊല്ലത്തെ പ്രസംഗത്തിലോ അടുത്ത ദിവസം തിരുവനന്തപുരം പ്രസ്ക്ളബ്ബിന്റെ മീറ്റ് ദി പ്രസിലോ ആര്‍എസ്എസ് നേതാവ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ നേരിടുന്ന ജീവിതപ്രശ്നങ്ങളെപ്പറ്റി ഒരക്ഷരവും ഉരിയാടിയില്ല. ഇന്ത്യക്കാരില്‍ 35 ശതമാനം ഭക്ഷ്യ അരക്ഷിതാവസ്ഥയിലാണ്. അവരുടെ ജീവിതത്തെ വിലക്കയറ്റം കൂടുതല്‍ ദുസ്സഹമാക്കി. പാവപ്പെട്ടവരുടെ മാത്രമല്ല, ഇടത്തരക്കാര്‍ക്കും വിലക്കയറ്റ കൊടുങ്കാറ്റില്‍ പിടിച്ചുനില്‍ക്കാനാകുന്നില്ല. ഇതേപ്പറ്റി മിണ്ടാത്ത ഭാഗവത് ഹിന്ദുത്വമേന്മയെപ്പറ്റിയാണ് ഉപന്യസിച്ചത്. "ഹിന്ദുത്വം പൌരാണികമെന്നപോലെ ആധുനികോത്തരവുമാണ്. കഴിഞ്ഞ 85 വര്‍ഷമായി ഹിന്ദുക്കളെ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനമാണ് രാഷ്ട്രീയസ്വയംസേവാസംഘം ചെയ്യുന്നത്. ബാഹ്യമായിട്ടല്ല, അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ മനസ്സിലാക്കേണ്ടത്. ഹിന്ദുധര്‍മം, സംസ്കാരം, സമാജം എന്നിവയെ ശക്തിപ്പെടുത്തിയേ ഭാരതത്തെ സംരക്ഷിക്കാനാകൂ''- ഭാഗവതിന്റെ ഈ കാഴ്ചപ്പാടില്‍ തെളിയുന്ന ഹിന്ദുത്വമെന്താണ്? ഇന്ത്യയുടെ ശത്രുക്കള്‍ സാമ്രാജ്യത്വവും നാടുവാഴിത്തവും മുതലാളിത്തവും പുത്തന്‍ സാമ്പത്തിക നയവുമല്ല, മുസ്ളിങ്ങളും ക്രിസ്ത്യാനികളും ദളിതരും കമ്യൂണിസ്റുകാരുമാണെന്ന സംഘപരിവാര്‍ സമീപനമാണ് ഭാഗവതിന്റെ ഹിന്ദുത്വ തിയറിയില്‍. ഇന്ത്യന്‍ ജനസംഖ്യയില്‍ 82 ശതമാനം ഹിന്ദുക്കളും ബാക്കിവരുന്ന 18 ശതമാനത്തില്‍ മുന്നില്‍ മുസ്ളിങ്ങളുമാണ്. പിന്നെ ക്രിസ്ത്യാനികളും. ആര്‍എസ്എസ് നേതാവിന്റെ ഹിന്ദുത്വത്തില്‍ മുസ്ളിങ്ങളും ക്രിസ്ത്യാനികളും പാഴ്സികളും സിഖുകാരുമൊന്നും ഇല്ലല്ലോ. ഹിന്ദുത്വത്തിന്റെ അക്രമാസക്തമായ പ്രവര്‍ത്തനങ്ങളുടെകൂടി ഫലമാണ് ഇന്ത്യാവിഭജനം. ഹിന്ദുത്വത്തിന്റെ തനിനിറം സ്വാതന്ത്യ്രദിനപുലരിയില്‍ കണ്ടതാണ്. അന്നൊഴുകിയ ചോരയുടെ കണക്ക് ഇനിയുമെടുത്തുതീര്‍ന്നിട്ടില്ല. തന്റെ രക്തസാക്ഷിത്വത്തിന് ഒരുവര്‍ഷംമുമ്പ് ഗാന്ധിജി 'ഹരിജന്‍' വാരികയില്‍ ഇങ്ങനെയെഴുതി: "ഈ രാജ്യത്ത് ജനിക്കുകയും ഇത് സ്വന്തം മാതൃഭൂമിയെന്ന് അവകാശപ്പെടുകയും ചെയ്യുന്ന എല്ലാവരും, അവര്‍ ഹിന്ദുവോ മുസ്ളിമോ പാഴ്സിയോ ജൈനമതക്കാരോ സിഖുകാരനോ ആകട്ടെ, മാതൃഭൂമിയുടെ മക്കളാണ്. അതുകൊണ്ടുതന്നെ രക്തബന്ധത്തേക്കാള്‍ പ്രബലമായ ഒരു കണ്ണിയില്‍ യോജിക്കപ്പെട്ട സഹോദരന്മാരുമാണ് അവര്‍''. രാഷ്ട്രപിതാവിന്റെ സങ്കല്‍പ്പമല്ല, അന്യമതക്കാരന്റെ ആരാധനാലയം പൊളിക്കുകയും അവരുടെ ചങ്ക് പിളര്‍ത്തുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലാണ് ആര്‍എസ്എസിന് താല്‍പ്പര്യമെന്ന് ഭാഗവത് വ്യക്തമാക്കി. ഹിറ്റ്ലറോട് ആദരവ് കാട്ടുന്നതാണ് ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്ഗേവാറുടെയും സൈദ്ധാന്തിക ആചാര്യന്‍ ഗോള്‍വാള്‍ക്കറുടെയും സിദ്ധാന്തം. അഞ്ചരക്കോടി ജൂതന്മാരെ കൊന്നൊടുക്കിയ ഹിറ്റ്ലറുടെ വഴി സ്വീകരിച്ച് ഇന്ത്യയില്‍ ഹിന്ദുത്വം സ്ഥാപിക്കാന്‍ പാടുപെടുകയാണ് ഭാഗവതിന്റെ പ്രസ്ഥാനം. ഗുജറാത്തും ഒറീസയുമെല്ലാം അതു തെളിയിക്കുന്നതാണ്. ആര്‍എസ്എസും ഹിന്ദുപരിവാറും വിഭാവനചെയ്യുന്ന രാഷ്ട്രത്തില്‍ മുസ്ളിമും ക്രിസ്ത്യാനിയും ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ക്ക് പൌരാവകാശമുണ്ടാകില്ല. ഹിന്ദുത്വത്തെ ദേശീയതയായി അവതരിപ്പിക്കുന്ന ഭാഗവതിന്റെ നാട്യംകൊണ്ടൊന്നും അപ്രത്യക്ഷമാകുന്നതല്ല ആര്‍എസ്എസിന്റെ മതാധിഷ്ഠിതരാഷ്ട്രമെന്ന സങ്കല്‍പ്പം. പൂതനയുടെ മോഹിനിവേഷം മറച്ചുവച്ചാണ് മനോരമ, മാതൃഭൂമിയാദികള്‍ ആര്‍എസ്എസ് സംസ്ഥാനസമ്മേളനം വര്‍ണവിസ്മയം തീര്‍ത്തെന്ന് കൊട്ടിഘോഷിച്ചത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അധിനിവേശനയങ്ങളുടെ മുന്നില്‍ കണ്ണടയ്ക്കുന്ന ഭാഗവത് ചൈനാവിരോധം നന്നായി ഉല്‍പ്പാദിപ്പിക്കുന്നു. നമ്മുടെ രാജ്യം ആന്തരികമായി പരിതാപകരമാണെന്നും ചൈനയും പാകിസ്ഥാനും പലതവണ കടന്നുകയറുന്നെന്നും ചൈന ഉയര്‍ത്തുന്ന ഭീഷണിയും പാകിസ്ഥാന്റെ മുഷ്കും രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയാണെന്നും ഭാഗവത് അഭിപ്രായപ്പെട്ടു. ആര്‍എസ്എസിന്റെ രാഷ്ട്രീയരൂപമായ ബിജെപിക്ക് ഒറ്റയ്ക്ക് അധികാരം കിട്ടിയാല്‍ ഹിറ്റ്ലറുടെ പാതയിലൂടെതന്നെ രാജ്യത്തെ നീക്കുമെന്ന മുന്നറിയിപ്പാണ് ആര്‍എസ്എസ് മേധാവി നല്‍കുന്നത്. ചൈന, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരെ യുദ്ധം വെട്ടുന്നതിലേക്കും മറ്റൊരു ലോകമഹായുദ്ധത്തിലേക്ക് തള്ളിവിടുന്നതിലേക്കും ഇടയാക്കുന്നതാണ് ചൈനയെ ശത്രുവായി പ്രഖ്യാപിക്കുന്ന നയം. ഏകരൂപമായ ആര്യന്‍സംസ്കാരം അടിച്ചേല്‍പ്പിക്കാന്‍ ജര്‍മനിയില്‍ ഹിറ്റ്ലര്‍ ശ്രമിച്ചു. അന്ന് ലക്ഷക്കണക്കിനു ജൂതന്മാരെ കശാപ്പ് ചെയ്തു. ഹിറ്റ്ലറുടെ ഫാസിസ്റ് ഏകാധിപത്യം ലോകത്തെ ഒരു മഹായുദ്ധത്തിന്റെ കെടുതിയിലേക്ക് നയിച്ചു. ആ നടുക്കുന്ന ഓര്‍മ, മതനിരപേക്ഷ വിശ്വാസികളും സമാധാനപ്രേമികളും ഭാഗവതിന്റെ മുന്നറിയിപ്പ് കേള്‍ക്കുമ്പോള്‍ പുതുക്കണം. അയോധ്യയില്‍ രാമക്ഷേത്രം സ്ഥാപിക്കുന്നതിനുവേണ്ടി അണിചേരാനുള്ള ആഹ്വാനവും ഭാഗവത് നല്‍കി. രാമജന്മഭൂമി-ബാബറി മസ്ജിദ് പ്രശ്നം ഇത്ര വഷളാക്കിയത് ആര്‍എസ്എസും മറുഭാഗത്ത് മൃദുല ഹിന്ദുത്വനയം സ്വീകരിച്ച കോഗ്രസുമാണ്. ഇങ്ങനെയുള്ള ഒരു പതനം ഉണ്ടാകുമായിരുന്നെങ്കില്‍ ആദികവി വാല്‍മീകി രാമായണം എന്ന മഹാകാവ്യംതന്നെ രചിക്കുമായിരുന്നോ എന്നു സംശയിക്കണം. "മുസ്ളിങ്ങള്‍ ഇന്ത്യന്‍ തെരുവുകളില്‍ വലിച്ചിഴയ്ക്കപ്പെടാന്‍ ഞാനനുവദിക്കില്ല. ആയിരം അമ്പലങ്ങള്‍ തവിടുപൊടിയായാലും ഒരൊറ്റ പള്ളിപോലും ഞാന്‍ തൊടില്ല''- എന്ന ഗാന്ധിജിയുടെ വാക്കുകള്‍ (യംഗ് ഇന്ത്യ, ആഗസ്ത് 28, 1924) അരോചകമായി തോന്നിയപ്പോള്‍ യഥാര്‍ഥ രാമഭക്തനായിരുന്ന ഗാന്ധിജിയെ വെടിവച്ചുകൊന്ന പ്രസ്ഥാനമാണ് ആര്‍എസ്എസ്. എന്റെ രാമന്‍ റഹീമാണെന്ന് ഒരുവേള പ്രഖ്യാപിച്ച ഗാന്ധിജിയുടെ രാമരാജ്യവും ഹിന്ദുപരിവാറിന്റെ രാമരാജ്യവും രണ്ടാണ്. അതുകൊണ്ടാണല്ലോ, അയോധ്യയിലെ ബാബറി പള്ളി പൊളിച്ചത്. ഇതിന്റെ തുടര്‍ച്ചയായ ഭീഷണിയാണ് എം എഫ് ഹുസൈനെതിരായുള്ളത്. എം എഫ് ഹുസൈന്‍ ഇന്ത്യയില്‍ തിരിച്ചുവരുന്നതിന് എതിരല്ലെന്നു പറയുന്ന ഭാഗവത് ജനാധിപത്യത്തില്‍ എല്ലാ സ്വാതന്ത്യ്രത്തിനും പരിധിയുണ്ടെന്നും വേദനിപ്പിച്ച ജനങ്ങളോട് അദ്ദേഹം മാപ്പുപറയണമെന്നും ശഠിക്കുന്നു. പ്രശസ്ത ചിത്രകാരനായ ഹുസൈന് ഖത്തര്‍ സര്‍ക്കാര്‍ അവരുടെ പൌരത്വംനല്‍കി. തൊണ്ണൂറ്റഞ്ചുകാരനായ ഹുസൈന്റെ ദുരവസ്ഥയ്ക്കു കാരണം ആര്‍എസ്എസാണ്. 1970 കാലഘട്ടത്തില്‍ ഹുസൈന്‍ വരച്ച പെയിന്റിങ്ങുകളില്‍ ഹിന്ദുദൈവങ്ങളെ നഗ്നരായി വരച്ചിട്ടുണ്ടെന്നു വെളിപ്പെടുത്തുന്ന ലേഖനം 1996ല്‍ ഒരു ഹിന്ദിമാസികയില്‍ പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് ഹിന്ദുവികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഹുസൈന്റെ പെയിന്റിങ്ങുകള്‍ നശിപ്പിക്കുകയും ഇന്ത്യയില്‍ ഒരിടത്തും പെയിന്റിങ് പ്രദര്‍ശനം നടത്താന്‍ സമ്മതിക്കാതിരിക്കുകയും നിരവധി ക്രിമിനല്‍ കേസുള്‍പ്പെടെ ഹുസൈനെതിരെ കൊണ്ടുവരികയും ചെയ്തു. ഇതേത്തുടര്‍ന്നാണ് അദ്ദേഹം പ്രവാസിയായി കഴിയുന്നത്. ആര്‍എസ്എസിന്റെ അസഹിഷ്ണുതയും യുക്തിഹീനതയുമാണ് ഈ സംഭവത്തില്‍ തെളിയുന്നത്. പിന്നോക്ക മുസ്ളിമിന് സംവരണം ഏര്‍പ്പെടുത്തിയ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനം, ആര്‍എസ്എസ് സംസ്ഥാന സമ്മേളന സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനംചെയ്ത പത്മലോചനനെ പാര്‍ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയും മേയര്‍സ്ഥാനം ഒഴിയാന്‍ നിര്‍ദേശിക്കകയും ചെയ്ത പാര്‍ടി അച്ചടക്ക നടപടി- എന്നിവയുടെ പേരില്‍ ഭാഗവത് സിപിഐ എമ്മിനെ വിമര്‍ശിച്ചിട്ടുണ്ട്. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശയുടെ പശ്ചാത്തലത്തില്‍ മുസ്ളിംവിഭാഗത്തിന്റെ ദുരവസ്ഥയ്ക്ക് മാറ്റം കുറിക്കാനാണ് ബംഗാളില്‍ സംവരണം കൊണ്ടുവന്നത്. അല്ലാതെ ഏതെങ്കിലും സമുദായത്തെ പ്രീണിപ്പിക്കാനല്ല. ഇന്ത്യ-പാക് വിഭജനത്തിന്റെ ചോരക്കളമായിരുന്ന ബംഗാളിനെ മതനിരപേക്ഷതയുടെ മാതൃകാസ്ഥാനമാക്കിയ ഇടതുപക്ഷം ആ മതനിരപേക്ഷപാത ഉറപ്പിക്കുകയായിരുന്നു. ആര്‍എസ്എസിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോട് അണുവിട വിട്ടുവീഴ്ച കമ്യൂണിസ്റുകാര്‍ കാട്ടില്ലെന്ന സന്ദേശമാണ് പത്മലോചനന് എതിരായ അച്ചടക്കനടപടിയിലൂടെ സിപിഐ എം കൈക്കൊണ്ടത്. അതിനെ രാഷ്ടീയ അസഹിഷ്ണുതയായി ഭാഗവത് കാണുമെങ്കിലും മതനിരപേക്ഷ വിശ്വാസികളും മനുഷ്യത്വമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും സിപിഐ എം തീരുമാനത്തിന്റെ രാഷ്ട്രീയ വിശുദ്ധിയെ മാനിക്കും. അതും മുഖ്യധാരാമാധ്യമങ്ങള്‍ മറച്ചുവച്ചു.

Wednesday, March 3, 2010

ജനപ്രിയ സാമ്പത്തികനയം വേണ്ടെന്ന്

ജനപ്രിയ സാമ്പത്തികനയം വേണ്ടെന്ന്

സൌദി അറേബ്യ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങിവരവെ, പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്റെ പ്രത്യേക വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയ വിശേഷവിവരം എല്ലാവരുടെയും ശ്രദ്ധയില്‍പെടേണ്ടതാണ്. ഏതു തരത്തിലുള്ള വിലവര്‍ധനയും കുറച്ചുപേരെ വേദനിപ്പിക്കും എന്നാണദ്ദേഹം അഭിപ്രായപ്പെട്ടത്. വിലക്കയറ്റത്തെ ഇത്രയധികം ലഘൂകരിച്ചുകാണാന്‍ കോഗ്രസ് നേതാവുകൂടിയായ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനല്ലാതെ മറ്റാര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല. ജനപ്രിയ സാമ്പത്തികനയങ്ങള്‍ ദീര്‍ഘകാലം തുടര്‍ന്നാല്‍ അത് സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും അത് രാജ്യത്തെ നിക്ഷേപ അന്തരീക്ഷം ഇല്ലാതാക്കുമെന്നും ഇവയൊന്നും നമ്മെ പണപ്പെരുപ്പത്തില്‍നിന്ന് രക്ഷിക്കുകയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നു. ജനപ്രിയ സാമ്പത്തികനയത്തിനുപകരം കുത്തക പ്രിയ സാമ്പത്തികനയമാണ് പ്രധാനമന്ത്രിക്ക് പഥ്യമായിട്ടുള്ളത് എന്നര്‍ഥം. തെരഞ്ഞെടുപ്പുകാലത്ത് ജനപ്രിയനയം ജനങ്ങള്‍ക്ക് വേണ്ടുവോളം വാരിവിളമ്പി നല്‍കുന്നതില്‍ കോഗ്രസ് നേതാക്കള്‍ തുടക്കംമുതല്‍ ഒരു പിശുക്കും കാണിക്കാറില്ല. ആവടി സോഷ്യലിസം ഇപ്പോള്‍ പലരും മറന്നുകാണും. സോഷ്യലിസം എന്ന വാക്ക് ഭരണഘടനയില്‍ എഴുതിവച്ചെന്ന് വേണമെങ്കില്‍ സമാധാനിക്കാം. ഗരീബി ഹഠാവോ (ദാരിദ്യ്രം അകറ്റുക), ബേക്കാരീ ഹഠാവോ (തൊഴിലില്ലായ്മ അകറ്റുക) എന്നീ രണ്ട് മുദ്രാവാക്യങ്ങള്‍ ഇന്ദിര ഗാന്ധിയും മകന്‍ സഞ്ജയ് ഗാന്ധിയുമാണ് ജനസമക്ഷം സമര്‍പ്പിച്ചിരുന്നത്. ഫലമെന്തെന്ന് എല്ലാവര്‍ക്കുമറിയാം. കോഗ്രസ് അധികാരത്തിലെത്തിയാല്‍ നിത്യോപയോഗവസ്തുക്കളുടെ വില പഴയതോതിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന് (റോള്‍ ബാക്ക്) മറ്റൊരു തെരഞ്ഞെടുപ്പുവേളയില്‍ ജനങ്ങള്‍ക്ക് വാക്കുനല്‍കിയിരുന്നു. കോഗ്രസിന് വോട്ടുനല്‍കി അധികാരത്തിലെത്തിയാല്‍ സ്വര്‍ണത്തിന്റെയും പഞ്ചസാരയുടെയും വില കുറയ്ക്കുമെന്നു പറഞ്ഞിരുന്നു. ഏറ്റവും ഒടുവില്‍ നടന്ന 2009ലെ തെരഞ്ഞെടുപ്പില്‍ 100 ദിവസത്തിനകം പൂര്‍ത്തിയാക്കുന്ന ജനോപകാരപ്രദമായ പരിപാടികള്‍ തെരഞ്ഞെടുപ്പ് മാനിഫെസ്റോയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതെല്ലാം വെറും വഞ്ചനയായിരുന്നു എന്ന് ബോധ്യമായിക്കഴിഞ്ഞിരിക്കുന്നു. ഇത്തരം ജനപ്രിയ സാമ്പത്തികനയങ്ങള്‍ ദീര്‍ഘകാലത്തേക്കുള്ളതോ ദീര്‍ഘവീക്ഷണത്തോടുകൂടിയതോ ആയിരുന്നില്ലെന്നാണ് മോഹന്‍സിങ് ഇപ്പോള്‍ പറയുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഇത്രയും പറഞ്ഞത്. പെട്രോള്‍, ഡീസല്‍ വിലവര്‍ധന പിന്‍വലിക്കില്ല എന്നുതന്നെയാണ് വീറോടും വാശിയോടുംകൂടി പ്രധാനമന്ത്രി ആവര്‍ത്തിക്കുന്നത്. യുപിഎ അധികാരത്തില്‍ വന്നശേഷം പതിനൊന്നാംതവണയാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചത്. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒമ്പതുമാസത്തിനകം രണ്ടാം തവണയാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്. കിറിത് പരീഖ് കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതോടെ പെട്രോളിയം ഉല്‍പ്പന്നവിലനിയന്ത്രണം നീക്കംചെയ്ത് കമ്പോളത്തില്‍ വില നിശ്ചയിക്കുന്ന നിലവരും. സ്വകാര്യ കുത്തക കമ്പനിക്ക് ഭീമലാഭം കൊയ്തെടുക്കാനുള്ള വഴി ഓരോന്നായി തുറന്നിടുകയാണ് 'ദീര്‍ഘവീക്ഷണ'ത്തോടെയുള്ള നയം. കുത്തകപ്രിയ നയം നടപ്പാക്കിയതിന്റെ ഫലമായിട്ടാണ് 1957ല്‍ 316 കോടി ആസ്തിയുണ്ടായിരുന്ന 22 കുത്തക കമ്പനികള്‍ 1997ല്‍ 1,58,004 കോടി രൂപയുടെ ആസ്തിയുള്ളവരായി വളര്‍ന്നത്. 2007ല്‍ സമ്പന്നന്മാരുടെ പട്ടികയില്‍ മുന്‍നിരയിലുള്ള 10 പേരുടെ ആസ്തി ഒന്നിച്ച് 6,12,055 കോടിയിലേറെ ഉയര്‍ന്നു. 2006ല്‍ 40 സമ്പന്നരായ ഇന്ത്യക്കാരുടെ സ്വത്ത് 6,80,000 കോടി രൂപയായിരുന്നത് 2007ല്‍ 14,04,000 കോടിയിലേക്കെത്തി. മാത്രമല്ല ഇന്ത്യയിലെ വന്‍കിടക്കാര്‍ 2007-2008ല്‍ 1,28,000 കോടി രൂപ വിദേശരാജ്യങ്ങളില്‍ നിക്ഷേപിക്കുന്ന നിലയുമുണ്ടായി. ഈ സ്ഥിതിവിവരക്കണക്കുകള്‍ വിരല്‍ചൂണ്ടുന്നത് യുപിഎ സര്‍ക്കാരിന്റെ കുത്തകപ്രീണന നയത്തിലേക്കാണ്. ഇക്കൂട്ടര്‍ക്ക് ഓരോ വര്‍ഷവും നല്‍കുന്ന നികുതിയിളവിന്റെ തുക സാധാരണക്കാരില്‍ ഞെട്ടലുളവാക്കുന്നതാണ്. 2008-2009ല്‍ ഇന്ത്യയിലെ കുത്തകകള്‍ക്ക് നല്‍കിയ നികുതിയിളവ് 4,18,095 കോടി രൂപയാണെന്ന് ബജറ്റ് രേഖ പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും. കാര്‍ഷികമേഖലയ്ക്ക് നല്‍കിയ സൌജന്യത്തിന്റെ യഥാര്‍ഥ വസ്തുതയിലേക്ക് വെളിച്ചംവീശുന്ന ഒരു ലേഖനം പ്രസിദ്ധ മാധ്യമപ്രവര്‍ത്തകനായ പി സായ്നാഥ് എഴുതിയത് വായിക്കുമ്പോള്‍ ധനമന്ത്രിയുടെ അവകാശവാദത്തിന്റെ പൊള്ളത്തരം വ്യക്തമാകുന്നതാണ്. ഈ വര്‍ഷം മാത്രം വന്‍കിടക്കാര്‍ക്കായി ബജറ്റില്‍ നല്‍കിയ സമ്മാനം അഞ്ചുലക്ഷം കോടി രൂപയാണ്. അതായത് ഓരോ മണിക്കൂറിലും 57 കോടി രൂപ. കഴിഞ്ഞവര്‍ഷം ഈ സമ്മാനം മണിക്കൂറില്‍ 30 കോടി രൂപയായിരുന്നു. ധനമന്ത്രി അവതരിപ്പിച്ച ബജറ്റില്‍ കോടിക്കണക്കായ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതായി ഒന്നുമില്ല. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് വമ്പിച്ച ആനുകൂല്യങ്ങള്‍ വാരിക്കോരി കൊടുത്തിട്ടുമുണ്ട്. അവര്‍ക്കാണ് കൃഷിചെയ്യാനും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സംഭരിച്ചുവയ്ക്കാനുമുള്ള വന്‍തോതിലുള്ള സഹായം അനുവദിക്കുന്നത്. കോഗ്രസ് തുടര്‍ച്ചയായി സ്വീകരിച്ചുവരുന്ന നയം വ്യവസായമേഖലയിലായാലും കാര്‍ഷികമേഖലയിലായാലും വന്‍കിട കോര്‍പറേറ്റുകള്‍ക്ക് അനുകൂലമാണ്. ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്കെതിരാണ്. ഉദാഹരണങ്ങള്‍ നിരവധിയാണ്. അതുകൊണ്ടുതന്നെയാണ് കോഗ്രസിന്റെ നയം ജനപ്രിയമല്ലെന്ന് പ്രധാനമന്ത്രി പരസ്യമായി സമ്മതിച്ചത്. അത് കുത്തകപ്രിയവും ജനവിരുദ്ധവുമാണ്. എണ്ണവില കുത്തനെ ഉയര്‍ത്തിയതുള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ നയം ബഹുഭൂരിപക്ഷം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതിന് ചുട്ട മറുപടി നല്‍കേണ്ടത് ബഹുജനങ്ങള്‍തന്നെയാണ്. അതിനുള്ള അവസരമാണ് വരാനിരിക്കുന്ന നാളുകളില്‍ ലഭിക്കാന്‍ പോകുന്നത്.

ദേശാഭിമാനി മുഖപ്രസംഗം

Saturday, February 27, 2010

വിലക്കയറ്റം രൂക്ഷമാകും; കുത്തകകള്‍ ഇനിയും തഴയ്ക്കും

വിലക്കയറ്റം രൂക്ഷമാകും; കുത്തകകള്‍ ഇനിയും തഴയ്ക്കും

ഡോ. ടി എം തോമസ് ഐസക്

ദേശാഭിമാനി

2010-11ലെ കേന്ദ്രബജറ്റ് നല്‍കുന്ന ഉറപ്പുകളിലേക്ക് കണ്ണോടിക്കുക. ഒന്ന്, വിലക്കയറ്റം രൂക്ഷമാക്കും. രണ്ട്, ഇന്ത്യന്‍ കുത്തകകള്‍ ഇനിയും തഴച്ചു വളരും. മൂന്ന്, കേരളത്തിന്റെ റേഷന്‍ പുനഃസ്ഥാപിക്കില്ല; ആസിയന്‍ കരാറില്‍നിന്ന് ഒരു സംരക്ഷണവുമില്ല. നാല്, സംസ്ഥാന സര്‍ക്കാരിനെ സാമ്പത്തികമായി ഞെരുക്കും; റവന്യൂ കമ്മി പൂജ്യമാക്കാനാകില്ല. അസഹ്യമായ വിലക്കയറ്റത്താല്‍ പൊള്ളിപ്പിടയുകയാണ് രാജ്യത്തെ ജനങ്ങള്‍. സമാശ്വാസം തേടി കേന്ദ്രബജറ്റിനെ ഉറ്റുനോക്കിയവര്‍ അമ്പേ നിരാശരായി. വിലനിലവാരം കുതിച്ചുകയറുമ്പോള്‍ സബ്സിഡി വെട്ടിക്കുറയ്ക്കുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചത്. 2009-10ലെ പുതുക്കിയ കണക്കു പ്രകാരം 1.31 ലക്ഷം കോടി ഉണ്ടായിരുന്ന സബ്സിഡി 1.16 ലക്ഷം രൂപയായി ഈ ബജറ്റില്‍ വെട്ടിക്കുറച്ചു. ഭക്ഷ്യസബ്സിഡിയിലെ വെട്ടിച്ചുരുക്കല്‍ 400 കോടിയും വള സബ്സിഡിയില്‍ അത് 3000 കോടിയുമാണ്. ഭക്ഷ്യസുരക്ഷാ നിയമം പാസാക്കുമെന്നാണ് ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനം. മൂന്ന് രൂപയ്ക്ക് അരി 100 ദിവസത്തിനകം നടപ്പാക്കുമെന്നു പറഞ്ഞിട്ട് വര്‍ഷം ഒന്നായി. രണ്ടു രൂപയ്ക്ക് 25 ലക്ഷം കുടുംബത്തിന് അരി നല്‍കുന്ന കേരളത്തില്‍ മൂന്നു രൂപയ്ക്ക് 11 ലക്ഷം കുടുംബത്തിന് അരി ഉറപ്പു നല്‍കുന്ന നിയമത്തെക്കുറിച്ച് എന്തു പറയാന്‍. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ തീരുവ വര്‍ധനയുടെ ഭാരം കഴിഞ്ഞ അര്‍ദ്ധരാത്രിമുതല്‍ ജനങ്ങള്‍ക്കു മീതേ പതിച്ചുകഴിഞ്ഞു. ഇതൊരു തുടക്കംമാത്രം. നികുതിവര്‍ധനയുടെ നേട്ടം സര്‍ക്കാരിനാണ്. കിരിത് പരീഖ് കമ്മിറ്റിയുടെ നിര്‍ദേശമനുസരിച്ച് എണ്ണക്കമ്പനികള്‍ക്ക് നേട്ടമുണ്ടാകണമെങ്കില്‍ വില ഇനിയും വര്‍ധിപ്പിക്കണം. കമ്മിറ്റി നിര്‍ദേശം സംബന്ധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഏതാണ്ട് 70 ശതമാനവും ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റത്തില്‍നിന്നാണ് ഉണ്ടായിട്ടുള്ളത് എന്നതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന്റെ പ്രത്യേകത. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ സംഭാവന നിലവില്‍ 12 ശതമാനമാണ്. എണ്ണവില ഇനിയും കൂടുന്നതോടെ, വിലക്കയറ്റത്തിന്റെ എരിതീയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എണ്ണയായി മാറും. എക്സൈസ് ഡ്യൂട്ടിയില്‍ വരുത്തിയ രണ്ടു ശതമാനം വര്‍ധന വിലക്കയറ്റം കുത്തനെ ഉയര്‍ത്തും. ഇതിലൂടെ 46,000 കോടി രൂപയുടെ അധികവരുമാനമാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. നികുതി കൂടുമ്പോള്‍ വിലയും ഉയരും. പ്രത്യക്ഷനികുതിയില്‍ പ്രഖ്യാപിച്ച ഇളവുകള്‍ കിഴിച്ച് എണ്ണവില വര്‍ധനകൂടി കണക്കിലെടുക്കുമ്പോള്‍ രാജ്യത്ത് 60,000 കോടി രൂപയുടെ വിലക്കയറ്റമുണ്ടാകും. കൊടുംവേനലില്‍ ഉരുകുന്ന ജനതയ്ക്കു മീതെ പെയ്ത കനല്‍മഴയായി പുതിയ കേന്ദ്രബജറ്റ് മാറും. സാധാരണക്കാരന്റെ നിത്യോപയോഗസാധനങ്ങളെ ഒഴിവാക്കി ആഡംബരവസ്തുക്കളുടെ നികുതി വര്‍ധിപ്പിക്കാന്‍ കേന്ദ്രധനമന്ത്രി തയ്യാറല്ല. സാധാരണക്കാര്‍ നല്‍കുന്ന പരോക്ഷനികുതികള്‍ വര്‍ധിപ്പിച്ചപ്പോള്‍ പ്രത്യക്ഷനികുതിയില്‍ 26,000 കോടി രൂപയുടെ ഇളവുകള്‍ നല്‍കി. നികുതിയിളവിന്റെ നേരിയ സൌജന്യം ഇടത്തരക്കാര്‍ക്ക് ലഭിക്കുമ്പോള്‍, ഉപഭോക്തൃച്ചെലവിലുണ്ടാകുന്ന കുതിച്ചുചാട്ടം സാധാരണക്കാരന്റെ നട്ടെല്ലൊടിക്കും. സാമ്പത്തികമാന്ദ്യത്തിന്റെ പേരില്‍ കോര്‍പറേറ്റുകള്‍ക്ക് കഴിഞ്ഞ ബജറ്റില്‍ നല്‍കിയ 80,000 കോടി രൂപയുടെ ഇളവുകള്‍ ഓര്‍ക്കുക. ഈ ഇളവുകള്‍ പിന്‍വലിക്കാന്‍ തയ്യാറല്ലെന്നു മാത്രമല്ല, പുതുതായി കോര്‍പറേറ്റ് സര്‍ച്ചാര്‍ജ് കുറച്ചിട്ടുമുണ്ട്. ചുമ്മാതല്ല, സ്റോക് എക്സ്ചേഞ്ചുകളിലെ ഓഹരിക്കച്ചവടക്കാര്‍ മത്സരിച്ച് ലേലംവിളിച്ച് ഓഹരിവിലകള്‍ രണ്ടുശതമാനം ഉയര്‍ത്തിയത്. ഓഹരിസൂചിക അസ്ത്രവേഗത്തില്‍ കുതിച്ചുകയറുന്നത് സ്വപ്നംകാണുന്ന ചെറുന്യൂനപക്ഷത്തിന്റെ കൈയടിമാത്രമാണ് കേന്ദ്രധനമന്ത്രി പ്രതീക്ഷിക്കുന്നത്. വിലക്കയറ്റത്തിന്റെ ദുരിതം പേറുന്ന സാധാരണജനത അദ്ദേഹത്തിന്റെ പരിഗണനയിലെങ്ങുമില്ല. കോര്‍പറേറ്റുകളുടെയും മറ്റും നികുതിനിരക്ക് വര്‍ധിപ്പിക്കാതെ അവരില്‍നിന്ന് കൂടുതല്‍ വരുമാനമുണ്ടാകുമെന്നാണ് ധനമന്ത്രി കണക്കില്‍ പറഞ്ഞിട്ടുള്ളത്. അങ്ങനെതന്നെ സംഭവിക്കട്ടെ. പക്ഷേ, കോര്‍പറേറ്റുകള്‍ക്കു നല്‍കിയ നികുതിയിളവുകള്‍ പിന്‍വലിക്കാതെയും ഇന്‍കംടാക്സിനും മറ്റും ചില ഇളവുകള്‍ നല്‍കിയിട്ടും റവന്യൂ കമ്മി 5.5ല്‍ നിന്ന് നാലു ശതമാനമായി കുറച്ച വിദ്യയെന്തെന്ന് ചിലരെങ്കിലും വിസ്മയിക്കുന്നുണ്ടാകും. നികുതിയിതര വരുമാനത്തിലെ വര്‍ധന പരിശോധിച്ചാലേ പ്രണബ് മുഖര്‍ജിയുടെ ചെപ്പടിവിദ്യ വെളിപ്പെടൂ. അവിടെ മറ്റുനികുതിയിതര മാര്‍ഗങ്ങള്‍”എന്നൊരിനമുണ്ട്. 2009-10ല്‍ ഈ ഇനത്തില്‍ കിട്ടിയത് 36,845 കോടി രൂപയാണ്. 2010-11ല്‍ പ്രതീക്ഷ 74,571 കോടി രൂപയും. ഇതാകട്ടെ, ജി- മൂന്ന് സെപ്ക്ട്രം വില്‍ക്കുമ്പോഴുണ്ടാകുന്ന വരുമാനമാണ്. ഇതെങ്ങനെ റവന്യൂ വരുമാനമാകും? സര്‍ക്കാരിന്റെ ആസ്തി വില്‍ക്കുമ്പോഴുണ്ടാകുന്നതിനു സമാനമായ വരുമാനം മൂലധനവരുമാനത്തിലാണ് ഉള്‍പ്പെടുത്തേണ്ടത്. മൂലധനവരുമാനത്തില്‍ കാണിക്കേണ്ട വര്‍ധന റവന്യൂ വരുമാനപ്പട്ടികയില്‍ എഴുതിച്ചേര്‍ത്ത കകെട്ടുവിദ്യയുടെ ബലത്തിലാണ് റവന്യൂകമ്മി നാലു ശതമാനത്തില്‍ ഉറപ്പിക്കാന്‍ കഴിഞ്ഞെന്ന കേന്ദ്രധനമന്ത്രിയുടെ വീമ്പിളക്കല്‍. ഇത്രയേറെ അത്യധ്വാനം ചെയ്തിട്ടും കേന്ദ്രബജറ്റിന്റെ മൊത്തം ചെലവില്‍ കേവലം എട്ടു ശതമാനത്തിന്റെ വര്‍ധനയേ ഉളളൂ. 10- 12 ശതമാനം വിലക്കയറ്റമുളള സന്ദര്‍ഭത്തിലാണിത്. അതായത്, വിലക്കയറ്റംകൂടി കണക്കിലെടുത്താല്‍ 2009-10ലേതിനേക്കാള്‍ ചെറുതാണ് ഇപ്പോഴത്തെ ബജറ്റ്. മാന്ദ്യത്തില്‍നിന്ന് രാജ്യം കരകയറുന്നുവെന്നത് വസ്തുതതന്നെ. പക്ഷേ, ഉത്തേജകപാക്കേജേ വേണ്ടെന്ന് വയ്ക്കാറായിട്ടുണ്ടോ? യഥാര്‍ഥത്തില്‍ കമ്മിയുടെ പേരില്‍ വര്‍ധിച്ച ചെലവില്‍ വരുത്തിയ വെട്ടിക്കുറവ് വീണ്ടെടുപ്പിനെ പ്രതികൂലമായി ബാധിക്കും. ധനമന്ത്രിയുടെ പൂര്‍ണ പ്രതീക്ഷ അദ്ദേഹം നല്‍കിയ ഇളവുകളിലും പ്രഖ്യാപനങ്ങളിലും സംപ്രീതരായ കുത്തകകള്‍ മുതല്‍മുടക്ക് വര്‍ധിപ്പിച്ച് രാജ്യത്തെ രക്ഷിക്കും എന്നതാണ്. ബജറ്റിനെ സഹര്‍ഷം സ്വാഗതംചെയ്തത് ഇന്ത്യന്‍ കോര്‍പറേറ്റ് ലോകമാണെന്നു പറഞ്ഞു കഴിഞ്ഞു. അവരുടെ സംഘടനകള്‍ നിര്‍ദേശിച്ച ഉദാരീകരണനയങ്ങള്‍ പൂര്‍ണമായും ബജറ്റില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. കോര്‍പറേറ്റുകള്‍ക്ക് പുതുതായി ബാങ്കുകള്‍തന്നെ അനുവദിച്ചുകഴിഞ്ഞു. വിദേശമൂലധന നിക്ഷേപവും ഉദാരമാക്കും. പുതിയ നിക്ഷേപങ്ങള്‍ക്കുള്ള പ്രോത്സാഹനങ്ങളും വര്‍ധിപ്പിച്ചിട്ടുണ്ട്. പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കും. 25,000 കോടിയാണ് ഈയിനത്തില്‍ വരവ് പ്രതീക്ഷിക്കുന്നത്. വിലക്കയറ്റംകൊണ്ട് ഇന്ത്യയിലെ ബഹുഭൂരിപക്ഷവും പൊറുതിമുട്ടുമ്പോള്‍ കുത്തകകള്‍ ഇനിയും തഴച്ചുവളരും. കേരളത്തെ സംബന്ധിച്ചടത്തോളം ബജറ്റ് തീര്‍ത്തും നിരാശാജനകമാണ്. പശ്ചാത്തല സൌകര്യവികസനത്തിലുണ്ടായ വര്‍ധനയുടെ ആനുപാതികനേട്ടവും കേരളത്തിന് കിട്ടിയിട്ടില്ല. അനുയോജ്യമല്ലാത്ത മാനദണ്ഡങ്ങള്‍മൂലം ഗ്രാമവികസനപദ്ധതികളിലും കേരളത്തിന്റെ നില പരിതാപകരമാണ്. കേന്ദ്രാവിഷ്കൃത സ്കീമുകളുടെ നടത്തിപ്പില്‍ ഒരിളവും ബജറ്റ് നല്‍കുന്നില്ല. കാര്‍ഷികമേഖലയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കുന്നതിന് പണ്ടുപറഞ്ഞ കാര്യങ്ങളല്ലാതെ പുതുതായി ഒന്നുമില്ല. പയര്‍ക്കൃഷിഗ്രാമങ്ങള്‍ക്കും ഹരിതവിപ്ളവമേഖലകള്‍ക്കുമുളള പുതിയ സ്കീമിനു പുറത്തായിരിക്കും കേരളം. കേരളത്തിന് ഏറ്റവും തിരിച്ചടിയാകുന്നത് ആസിയന്‍ കരാറിന്റെ നഷ്ടപരിഹാരമായി ഒരു പാക്കേജും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നുള്ളതാണ്. ആസിയന്‍ കരാര്‍മൂലം ഇന്ത്യക്ക് നേട്ടമുണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. നമ്മുടെ വ്യവസായ സേവന കമ്പനികളുടെ കയറ്റുമതി ഉയരും. അതിനേക്കാള്‍ ഉറപ്പുള്ളതാണ് ആസിയന്‍ രാജ്യങ്ങളില്‍നിന്ന്, കേരളീയര്‍ കൃഷിചെയ്യുന്ന നാണ്യവിളകളുടെ ഇറക്കുമതികൂടുമെന്നുള്ളത്. ഇത് നാണ്യവിളകൃഷിക്കാരുടെ നട്ടെല്ലൊടിക്കും. പിടിച്ചുനില്‍ക്കുന്നതിനായി വിലസംരക്ഷണത്തിനും ഉല്‍പ്പാദന വര്‍ധനയ്ക്കും പാക്കേജുണ്ടാകുമെന്ന് കോഗ്രസ് നേതാക്കള്‍ നാട്ടിലാകെ പ്രസംഗിച്ച് നടന്നതാണ്. എവിടെ ആ പാക്കേജ്? ഗോവാ കടലോരം മോടിപിടിപ്പിക്കുന്നതിന് 200 കോടി രൂപയും തിരുപ്പൂരിന്റെ ശുചിത്വസൌകര്യത്തിന് അതിലേറെ തുകയും വകയിരുത്തിയ കേന്ദ്രധനമന്ത്രിക്ക് കേരളത്തിലെ കൃഷിക്കാരോട് കനിവുതോന്നാതെ പോയതെന്തുകൊണ്ട്? കേന്ദ്ര ബജറ്റ് സംസ്ഥാനസര്‍ക്കാരിനേറ്റ ഇരുട്ടടിയാണ്. സംസ്ഥാനത്തിന്റെ നികുതിവിഹിതം 2.6 ശതമാനത്തില്‍നിന്ന് 2.3 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. കേരളത്തില്‍ കമ്മി ഇല്ലെന്നും അതിനാല്‍ അതു നികത്താന്‍ പ്രത്യേക സഹായം നല്‍കേണ്ടതില്ലെന്നുമാണ് ധനകമീഷന്റെ തീര്‍പ്പ്. വിവിധ മേഖലകള്‍ക്കുള്ള പ്രത്യേക ധനസഹായം 1500 കോടി രൂപ ധനകമീഷന്‍ കേരളത്തിന് വകയിരുത്തിയിട്ടുണ്ട് എന്നത് സത്യമാണ്. എന്നാല്‍, അടുത്ത വര്‍ഷംമുതലേ അത് ലഭിക്കുകയുള്ളൂ. കേന്ദ്രപദ്ധതി അടങ്കല്‍ 15 ശതമാനം ഉയര്‍ത്തിയപ്പോള്‍ സംസ്ഥാനങ്ങള്‍ക്കുള്ള പദ്ധതിധന സഹായം എട്ടു ശതമാനമായി ഉയര്‍ത്താനേ തയ്യാറായിട്ടുള്ളൂ. എന്നാല്‍,സംസ്ഥാനസര്‍ക്കാര്‍ അഞ്ചുവര്‍ഷംകൊണ്ട് റവന്യൂ കമ്മി ഇല്ലാതാക്കണമെന്ന ശാഠ്യം കേന്ദ്രസര്‍ക്കാരിനുണ്ട്. അടുത്ത വര്‍ഷംമുതല്‍ റവന്യൂ കമ്മി കുറച്ചു തുടങ്ങണം. ശമ്പളപരിഷ്കരണം നടപ്പാക്കുമ്പോള്‍ എങ്ങനെയാണ് റവന്യൂ കമ്മി കുറയ്ക്കുക? ശമ്പളപരിഷ്കരണം നടപ്പാക്കിയില്ലെങ്കിലും കുഴപ്പമില്ലെന്ന മട്ടാണ് ധനകമീഷന്. ഏതായാലും ശമ്പള കുടിശ്ശിക നല്‍കേണ്ടതില്ലെന്ന് പച്ചയ്ക്ക് അവര്‍ പറഞ്ഞിട്ടുണ്ട്. ക്ഷേമപ്രവര്‍ത്തനങ്ങള്‍ വെട്ടിക്കുറച്ചുകൊണ്ടായാലും കമ്മി കുറയ്ക്കണമെന്നാണ് അവര്‍ പറയുന്നത്. ഇത് ചെയ്തില്ലേല്‍ കേന്ദ്രത്തില്‍നിന്നുള്ള ധനസഹായം വെട്ടിക്കുറയ്ക്കുമെന്നാണ് ഭീഷണി. ഇത്തരം പ്രഖ്യാപനങ്ങള്‍ക്കാകെ ബജറ്റിലൂടെ അംഗീകാരം നല്‍കിയിരിക്കുകയാണ് ധനമന്ത്രി. കേന്ദ്രബജറ്റിന്റെയും പതിമൂന്നാം ധനകമീഷന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാനം ചെറുത്തുനില്‍പ്പിന്റെ പുതിയ പാതകള്‍ തേടേണ്ടതുണ്ട്. ആരു ഭരിച്ചാലും നടപ്പാക്കാനാകാത്ത കാര്യങ്ങളും താങ്ങാനാകാത്ത ഭാരവും സംസ്ഥാനത്തിനുമേല്‍ കെട്ടിയേല്‍പ്പിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. ഇതിനോട് ഒറ്റക്കെട്ടായി പ്രതികരിക്കാന്‍ കഴിയണം. കേരളത്തെ എത്ര അവഗണിച്ചാലും ഒരു ചുക്കുമില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ മനോഭാവം പ്രതിഫലിക്കുന്ന ബജറ്റിനെതിരെ ശക്തമായ പ്രക്ഷോഭമുയരണം.

ദുരിതത്തിന്റെ ബജറ്റ്

ദുരിതത്തിന്റെ ബജറ്റ്

ദേശാഭിമാനി മുഖപ്രസംഗം

രണ്ടാം യുപിഎ ഗവമെന്റിനുവേണ്ടി ധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി വെള്ളിയാഴ്ച അവതരിപ്പിച്ച 2010-11ലേക്കുള്ള വാര്‍ഷിക ബജറ്റ് രാജ്യം ഇന്ന് നേരിടുന്ന ഒരു പ്രശ്നത്തിനും പരിഹാരമല്ല എന്നുമാത്രമല്ല, വളര്‍ച്ചയെയും ജനജീവിതത്തെയും വികസനത്തെയും മുരടിപ്പിക്കുന്നതുമാണ്. സാധാരണ ജനങ്ങളെ ദുരിതത്തിന്റെ ആഴങ്ങളിലേക്ക് തള്ളിയിടുന്നതും സമ്പന്നര്‍ക്കുവേണ്ടി രൂപപ്പെടുത്തിയിട്ടുള്ളതുമാണത്. പണപ്പെരുപ്പത്തെ താഴേക്കു കൊണ്ടുവരുന്നതുമല്ല ഈ ബജറ്റ്. അസംസ്കൃത പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ചു ശതമാനം അടിസ്ഥാന ഇറക്കുമതി തീരുവ പുനഃസ്ഥാപിച്ച ഒറ്റ നിര്‍ദേശം വിലക്കയറ്റത്തിന്റെ തോത് റോക്കറ്റ് വേഗത്തില്‍ ഉയര്‍ത്തുന്നതാണ്. ഡീസല്‍, പെട്രോള്‍ എന്നിവയ്ക്കുള്ള ഏഴര ശതമാനം ഇറക്കുമതി തീരുവയും മറ്റ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുള്ള പത്തു ശതമാനം ഇറക്കുമതി തീരുവയും പുനഃസ്ഥാപിച്ചിരിക്കുന്നു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ എന്തുനടപടി വേണമെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടിരുന്നോ, അതിനു നേര്‍ വിപരീതദിശയിലാണ് ബജറ്റിലെ നിര്‍ദേശം. 2008ല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വന്‍തോതില്‍ വര്‍ധിപ്പിച്ചപ്പോള്‍ ഒഴിവാക്കിയ നികുതികള്‍ തിരിച്ചുകൊണ്ടുവന്നതിനുപുറമെ, പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരുരൂപ എക്സൈസ് തീരുവയും ഏര്‍പ്പെടുത്തുകയാണ് ഇപ്പോള്‍. സമ്പന്ന വിഭാഗങ്ങളൊഴികെയുള്ള എല്ലാവരുടെയും ജീവിതത്തില്‍ കടുത്ത പ്രതിസന്ധിയാണ് ഇതു സൃഷ്ടിക്കുക. സബ്സിഡി സംവിധാനം പൊളിച്ചെഴുതണമെന്ന സാമ്പത്തിക സര്‍വേയിലെ നിര്‍ദേശം അക്ഷരംപ്രതി നടപ്പാക്കിക്കൊണ്ട്, ഭക്ഷ്യസബ്സിഡിയില്‍ 400 കോടിയിലേറെ രൂപയുടെ കുറവുവരുത്തിയിരിക്കുന്നു. നടപ്പുവര്‍ഷം ചെലവിട്ടതില്‍നിന്ന് മൂവായിരത്തിലേറെ കോടി രൂപ കുറച്ചാണ് വരുംവര്‍ഷത്തേക്ക് വളം സബ്സിഡിക്ക് നീക്കിവച്ചിട്ടുള്ളത്. റേഷന്‍കടകളിലൂടെ സബ്സിഡി നിരക്കില്‍ അവശ്യസാധനങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്നും അര്‍ഹരായവര്‍ക്ക് സബ്സിഡി തുകയുടെ കൂപ്പ നല്‍കിയാല്‍ മതിയെന്നുമുള്ള സാമ്പത്തികസര്‍വേയിലെ നിര്‍ദേശത്തിലേക്കുള്ള കൃത്യമായ ചവിട്ടുപടിയാണ് പ്രണബ് മുഖര്‍ജിയുടെ നിര്‍ദേശങ്ങള്‍. സിവില്‍സപ്ളൈസ് സംവിധാനത്തെയും റേഷന്‍കടകളെയും ഇല്ലാതാക്കി, പൊതുവിതരണ സമ്പ്രദായത്തില്‍നിന്ന് സര്‍ക്കാരിന്റെ പരിപൂര്‍ണ പിന്മാറ്റം യാഥാര്‍ഥ്യമാക്കുന്നതിലേക്കാണ് ഈദൃശ നീക്കങ്ങള്‍ എന്നതില്‍ സംശയത്തിനവകാശമില്ല. വിലക്കയറ്റം പിടിച്ചുനിര്‍ത്താനും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് ചുമതലയെന്ന് ഭീഷണിസ്വരത്തില്‍ ആവര്‍ത്തിച്ചു പറയാറുള്ള യുപിഎ നേതൃത്വം ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റത്തിലേക്കാണ് രാജ്യത്തെ നയിക്കുന്നത്. പ്രത്യക്ഷ നികുതിയിനത്തില്‍ 26,000 കോടി രൂപയുടെ വരുമാനം വരുംവര്‍ഷം കുറയുമെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. അതിനര്‍ഥം അത്രയും തുകയുടെ ആനുകൂല്യങ്ങള്‍ വന്‍ വരുമാനക്കാരായ സമ്പന്നര്‍ക്ക് ലഭിക്കുമെന്നാണ്. നടപ്പുവര്‍ഷം ഇത്തരത്തില്‍ കോര്‍പറേറ്റുകള്‍ക്ക് ലഭിച്ച സൌജന്യം 80,000 കോടിയിലേറെയാണ്. അതേസമയം, വരുംവര്‍ഷം 60,000 കോടിയുടെ പരോക്ഷനികുതി പിരിക്കാന്‍ ബജറ്റ് നിര്‍ദേശിക്കുന്നു. സമ്പന്നന് വാരിക്കോരി കൊടുക്കാന്‍ മടികാണിക്കാത്തവര്‍ സാധാരണ ജനങ്ങളെ പിഴിഞ്ഞ് ചോരയൂറ്റാന്‍ അമിതോത്സാഹമാണ് കാട്ടുന്നത്. ഗ്രാമീണ ജനതയെക്കുറിച്ച് ഭരണനേതൃത്വം ആവര്‍ത്തിച്ചു പ്രകടിപ്പിക്കാറുള്ള ആശങ്കയും താല്‍പ്പര്യവുമൊന്നും ബജറ്റില്‍ പ്രതിഫലിച്ചുകാണുന്നില്ല. കൃഷിയെ അവഗണിച്ചിരിക്കുന്നു. ജലസേചനത്തിന് പരിഗണനയില്ല. ഗ്രാമീണ ജനജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള മൂര്‍ത്തമായ ഒരു പദ്ധതിയും അവതരിപ്പിക്കുന്നില്ലെന്നതിനു പുറമെ, അതിലേക്കായി മുന്‍കാലങ്ങളില്‍ നീക്കിവച്ച വിഹിതത്തില്‍ കാലാനുസൃതമായ വര്‍ധന വരുത്തിയിട്ടുമില്ല. കഴിഞ്ഞ ബജറ്റില്‍ 25,000 കോടിയുടെ പൊതുമേഖലാ ഓഹരി വിറ്റ് കാശാക്കാനാണ് നിര്‍ദേശം വച്ചതെങ്കില്‍ ഇക്കുറി അത് 40,000 കോടി രൂപയുടേതാക്കി വര്‍ധിപ്പിച്ചിരിക്കുന്നു. ജനങ്ങളെ പിഴിഞ്ഞും പൊതുമുതല്‍ വിറ്റും പണമുണ്ടാക്കുന്നതാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റെ അജന്‍ഡ എന്ന് ഇതിലൂടെ കൂടുതല്‍ വ്യക്തമാകുന്നു. സാമ്പത്തികരംഗത്ത് കൂടുതല്‍ ഉദാരവല്‍ക്കരണത്തിലേക്കു പോകുന്നതിന്റെ ഭാഗമാണ് കൂടുതല്‍ സ്വകാര്യബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള നിര്‍ദേശം. പൊതുവെ സംസ്ഥാനങ്ങളോട് നീതികാട്ടാത്ത ബജറ്റ് കേരളത്തിന് കടുത്ത നിരാശയാണ് പ്രദാനംചെയ്യുന്നത്. കേന്ദ്ര പദ്ധതിച്ചെലവില്‍ 15 ശതമാനം വര്‍ധന വരുത്തുമ്പോള്‍ ആനുപാതികമായല്ലാതെ സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രസഹായം എട്ടുശതമാനത്തില്‍ ചുരുക്കിനിര്‍ത്തുന്നു. ആസിയന്‍ കരാര്‍ നടപ്പാക്കുമ്പോള്‍ കേരളത്തിനുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരമായി സംസ്ഥാനത്തിനുവേണ്ടി പ്രത്യേക പാക്കേജ് യുപിഎ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ആ പാക്കേജ് വിസ്മരിക്കപ്പെട്ടു. റേഷന്‍ സബ്സിഡി പുനഃസ്ഥാപിക്കില്ലെന്ന് ഈ ബജറ്റിലൂടെ യുപിഎ സര്‍ക്കാര്‍ ഉറപ്പിക്കുകയും ചെയ്തു. കൊച്ചി മെട്രോറെയില്‍പോലുള്ള പ്രത്യേക പദ്ധതികള്‍ പരിഗണിക്കപ്പെട്ടില്ല. യഥാര്‍ഥത്തില്‍ പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കൂടുതല്‍ സീറ്റ് നല്‍കിയതിലൂടെ കേരളം ശിക്ഷിക്കപ്പെടുകയാണ്. രണ്ടു ക്യാബിനറ്റ് മന്ത്രിമാരും നാലു സഹമന്ത്രിമാരുമുണ്ട് കേരളത്തില്‍നിന്ന് കേന്ദ്രത്തില്‍. ഇവര്‍ക്കൊന്നുംതന്നെ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ യുപിഎ നേതൃത്വത്തിനുമുന്നില്‍ അവതരിപ്പിക്കാനോ ശരിയായ നിലപാടെടുപ്പിക്കാനോ കഴിഞ്ഞില്ല. രാജ്യം പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍പ്പോലും ജനങ്ങള്‍ക്ക് ഒരിറ്റ് ആശ്വാസം നല്‍കാനോ ദുര്‍നയങ്ങളില്‍നിന്ന് വ്യതിചലിക്കാനോ തയ്യാറല്ല എന്നാണ് ബജറ്റിലൂടെ യുപിഎ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ജനദ്രോഹികളുടെ സര്‍ക്കാരാണ് എന്ന പ്രഖ്യാപനമാണ് പ്രണബ് മുഖര്‍ജിയുടെ പ്രസംഗത്തില്‍ തെളിഞ്ഞുനില്‍ക്കുന്നത്. സമ്പന്നര്‍ അതിസമ്പന്നരാവുകയും ദരിദ്രര്‍ പരമദരിദ്രരാവുകയും ചെയ്യുന്ന പ്രക്രിയക്കാണ് യുപിഎ ഗവമെന്റ് കാര്‍മികത്വം വഹിക്കുന്നത്. ഇത് പൊറുക്കപ്പെട്ടുകൂടാ. ബജറ്റിലെ ജനവിരുദ്ധ നിര്‍ദേശങ്ങള്‍ പിന്‍വലിപ്പിക്കാന്‍ പാര്‍ലമെന്റിനു പുറത്തും അതിശക്തമായ പോരാട്ടം നടക്കേണ്ടതുണ്ട്. അവഗണനയുടെ കയ്പുനീര്‍ കുടിക്കുന്ന കേരളം മാത്രമല്ല, വിലക്കയറ്റത്തിന്റെയും ഭക്ഷണ ദൌര്‍ലഭ്യത്തിന്റെയും അടക്കമുള്ള കെടുതികള്‍ അനുഭവിക്കുന്ന ജനങ്ങള്‍ രാജ്യവ്യാപകമായിത്തന്നെ പ്രക്ഷോഭത്തിന്റെ പാതയിലേക്ക് ഇറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Thursday, February 25, 2010

റെയില്‍വേ ബജറ്റ്: കേരളത്തിനു മുന്തിയ പരിഗണന

കേരളത്തിന് മുന്തിയ പരിഗണന

മാതൃഭൂമി മുഖപ്രസംഗം


റെയില്‍വേയുടെ ത്വരിതവികസനത്തിനും നവീകരണത്തിനും മുന്‍തൂക്കം നല്‍കി മന്ത്രി മമതാ ബാനര്‍ജി അവതരിപ്പിച്ച ബജറ്റില്‍ ഇത്തവണയും യാത്രക്കൂലിയോ ചരക്കുകൂലിയോ കൂട്ടിയിട്ടില്ലെന്നത് സാധാരണക്കാര്‍ക്ക് ആശ്വാസംപകരും. കേരളത്തിന് പുതുതായി എട്ടു തീവണ്ടികളാണ് ലഭിച്ചത്. ആറ് പുതിയ തീവണ്ടിപ്പാതകള്‍ക്ക് സര്‍വേ തുടങ്ങാനും പച്ചക്കൊടി കിട്ടി. പാലക്കാട് റെയില്‍വേ കോച്ച്ഫാക്ടറിയുടെ കാര്യത്തില്‍ അന്തിമാനുമതിയായതാണ് മറ്റൊരു പ്രധാനനേട്ടം. തിരുവനന്തപുരത്ത് കുടിവെള്ളപ്ലാന്റും അനുവദിച്ചു. എന്നാല്‍, ദക്ഷി ണ ചരക്ക്ഇടനാഴിയില്‍ കേരളത്തെ തഴഞ്ഞത് വലിയ ആഘാതമായി. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ കമ്മീഷന്‍ചെയ്യുന്നത് മുന്‍നിര്‍ത്തിയെങ്കിലും കേരളത്തിന് ചരക്ക്ഇടനാഴിയില്‍ പരിഗണന നല്‍കേണ്ടതായിരുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടതിനുശേഷം റെയില്‍വേയില്‍ കാര്യമായ വികസനമുണ്ടായില്ലെന്ന കുറ്റസമ്മതത്തോടുകൂടിയതാണ് മമതയുടെ ബജറ്റ്. 1950ല്‍ 53,596 റൂട്ട് കിലോമീറ്ററുണ്ടായിരുന്ന റെയില്‍പ്പാതയിപ്പോള്‍ 64,015 കിലോമീറ്ററായേ വര്‍ധിച്ചിട്ടുള്ളു. 60 വര്‍ഷത്തിനകം 10,419 കിലോമീറ്ററര്‍മാത്രം വര്‍ധന.
ഈ സ്ഥിതിക്ക് പരിഹാരം കാണാനായി 2020ഓടെ 25,000 കിലോമീറ്റര്‍ റെയില്‍പ്പാത വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിഷന്‍ 2020ന് രൂപംനല്‍കിയിരിക്കുന്നത്. ഒരു വര്‍ഷത്തിനകം 1000 കിലോമീറ്റര്‍ റെയില്‍പ്പാത നിര്‍മിക്കാനാണ് പദ്ധതി. അതനുസരിച്ച് പല പുതിയ പാതകള്‍ക്കും സര്‍വേ നടത്താന്‍ നിര്‍ദേശമായിട്ടുണ്ട്. മധുരയില്‍നിന്ന് കോട്ടയത്തേക്കും ദിണ്ഡിക്കലില്‍നിന്ന് കുമളിയിലേക്കും തലശ്ശേരിമൈസൂര്‍ റൂട്ടിലും സര്‍വേ നടത്തും. എരുമേലിപുനലൂര്‍തിരുവനന്തപുരം, ചെങ്ങന്നൂര്‍തിരുവനന്തപുരം, കോഴിക്കോട്മലപ്പുറംഅങ്ങാടിപ്പുറം റൂട്ടുകളിലും സര്‍വേ ആരംഭിക്കും. കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി എക്‌സ്​പ്രസ്സ് കേരളീയര്‍ക്ക് പൊതുവെ ഗുണം ചെയ്യും. മുംബൈഎറണാകുളം തുരന്തോ, തിരുവനന്തപുരം വഴിയുള്ള കന്യാകുമാരിഭോപ്പാല്‍ഭാരത് തീര്‍ഥ്, പുണെഎറണാകുളം സൂപ്പര്‍ഫാസ്റ്റ്, മംഗലാപുരംതിരുച്ചിറപ്പിള്ളി എന്നിവയ്ക്കു പുറമെ രണ്ട് പാസഞ്ചര്‍ വണ്ടികളും അനുവദിച്ചിട്ടുണ്ട്. എറണാകുളംകൊല്ലം മെമു സര്‍വീസ് പുതിയ തുടക്കമാവും. മംഗലാപുരംകണ്ണൂര്‍ പാസഞ്ചര്‍ കോഴിക്കോട്ടേക്കും തിരുവനന്തപുരംഎറണാകുളം ഇന്റര്‍സിറ്റി ഗുരുവായൂരിലേക്കും നീട്ടിയത് ആശ്വാസമായി. മംഗലാപുരംകൊച്ചുവേളി ഏറനാട് എക്‌സ്​പ്രസ് പ്രതിദിനമാക്കിയിട്ടുണ്ട്. സാമൂഹികസുരക്ഷയ്ക്ക് ബജറ്റില്‍ മുന്തിയ പ്രാധാന്യം നല്‍കിയിരിക്കുന്നു. റെയില്‍വേവികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോള്‍ ഒഴിപ്പിക്കപ്പെടുന്ന കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കാനുള്ള നിര്‍ദേശം സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുന്നതിന്റെ ഭാഗമാണ്.
റെയില്‍വേജീവനക്കാര്‍ക്ക് ഭവനപദ്ധതി ആരംഭിക്കാനുള്ള നീക്കം 14 ലക്ഷം പേര്‍ക്ക് ഗുണംചെയ്യും. ആളില്ലാത്ത 17,000 ലെവല്‍ക്രോസിങ്ങുകളില്‍ അഞ്ചു വര്‍ഷത്തിനകം ആളെ നിയമിക്കുമെന്ന പ്രഖ്യാപനം തൊഴിലവസരവും വര്‍ധിപ്പിക്കും. ചരക്ക്ഇടനാഴിക്ക് പിന്നാലെ യാത്രയ്ക്കായി സുവര്‍ണറെയില്‍ഇടനാഴി പണിയാനായി ദേശീയ ഹൈസ്​പീഡ് റെയില്‍ അതോറിറ്റി ആരംഭിക്കാനുള്ള നിര്‍ദേശം റെയില്‍വേയുടെ അടിസ്ഥാനസൗകര്യവികസനത്തിന് കാര്യമായി പ്രയോജനപ്പെടും. പാലക്കാടിനുപുറമെ റായ്ബറേലി, കാഞ്ചറപ്പാറ, സിംഗൂര്‍ എന്നിവിടങ്ങളിലും പുതിയ കോച്ച് ഫാക്ടറികള്‍ സ്ഥാപിക്കുന്നുണ്ട്. അഞ്ച് പുതിയ വാഗണ്‍ഫാക്ടറികള്‍, റെയില്‍ചക്രങ്ങള്‍ക്കായി ബാംഗ്ലൂരില്‍ ഡിസൈന്‍വികസന കേന്ദ്രം, 10 ഓട്ടോമൊബൈല്‍ആന്‍സിലറി ഹബുകള്‍, പുതിയ റെയില്‍ ആക്‌സില്‍ ഫാക്ടറി, ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുടെ വികസനം എന്നിവയും അടിസ്ഥാനസൗകര്യമേഖലയിലുള്ള മറ്റു നിര്‍ദേശങ്ങളാണ്. റെയില്‍വേയുടെ വികസനത്തിന് സ്വകാര്യപങ്കാളിത്തം നേടാനും നിക്ഷേപപദ്ധതികള്‍ക്ക് 100 ദിവസത്തിനകം അനുമതിനല്‍കാനുമുള്ള പ്രഖ്യാപനം വേഗത്തിലുള്ള വളര്‍ച്ചയ്ക്ക് സാഹചര്യമൊരു ക്കും. എന്നാല്‍, തീവണ്ടികളിലെ ടോയ്‌ലറ്റുകളുടെ ശുചിത്വംപോലുള്ള ചില അടിസ്ഥാനകാര്യങ്ങളില്‍ ബജറ്റ് മൗനമവലംബിക്കുകയാണ്. ജനപ്രിയനിര്‍ദേശങ്ങളുമായാണ് ഇത്തവണയും മമതയുടെ ബജറ്റ്. അവ നടപ്പാക്കുന്നതിനുള്ള ഇച്ഛാശക്തി ഉണ്ടാകുമോ എന്നതാണ് വ്യക്തമാവാനുള്ള കാര്യം.