Thursday, February 25, 2010

റെയില്‍വേ ബജറ്റ്: കേരളത്തിനു മുന്തിയ പരിഗണന

കേരളത്തിന് മുന്തിയ പരിഗണന

മാതൃഭൂമി മുഖപ്രസംഗം


റെയില്‍വേയുടെ ത്വരിതവികസനത്തിനും നവീകരണത്തിനും മുന്‍തൂക്കം നല്‍കി മന്ത്രി മമതാ ബാനര്‍ജി അവതരിപ്പിച്ച ബജറ്റില്‍ ഇത്തവണയും യാത്രക്കൂലിയോ ചരക്കുകൂലിയോ കൂട്ടിയിട്ടില്ലെന്നത് സാധാരണക്കാര്‍ക്ക് ആശ്വാസംപകരും. കേരളത്തിന് പുതുതായി എട്ടു തീവണ്ടികളാണ് ലഭിച്ചത്. ആറ് പുതിയ തീവണ്ടിപ്പാതകള്‍ക്ക് സര്‍വേ തുടങ്ങാനും പച്ചക്കൊടി കിട്ടി. പാലക്കാട് റെയില്‍വേ കോച്ച്ഫാക്ടറിയുടെ കാര്യത്തില്‍ അന്തിമാനുമതിയായതാണ് മറ്റൊരു പ്രധാനനേട്ടം. തിരുവനന്തപുരത്ത് കുടിവെള്ളപ്ലാന്റും അനുവദിച്ചു. എന്നാല്‍, ദക്ഷി ണ ചരക്ക്ഇടനാഴിയില്‍ കേരളത്തെ തഴഞ്ഞത് വലിയ ആഘാതമായി. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ കമ്മീഷന്‍ചെയ്യുന്നത് മുന്‍നിര്‍ത്തിയെങ്കിലും കേരളത്തിന് ചരക്ക്ഇടനാഴിയില്‍ പരിഗണന നല്‍കേണ്ടതായിരുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടതിനുശേഷം റെയില്‍വേയില്‍ കാര്യമായ വികസനമുണ്ടായില്ലെന്ന കുറ്റസമ്മതത്തോടുകൂടിയതാണ് മമതയുടെ ബജറ്റ്. 1950ല്‍ 53,596 റൂട്ട് കിലോമീറ്ററുണ്ടായിരുന്ന റെയില്‍പ്പാതയിപ്പോള്‍ 64,015 കിലോമീറ്ററായേ വര്‍ധിച്ചിട്ടുള്ളു. 60 വര്‍ഷത്തിനകം 10,419 കിലോമീറ്ററര്‍മാത്രം വര്‍ധന.
ഈ സ്ഥിതിക്ക് പരിഹാരം കാണാനായി 2020ഓടെ 25,000 കിലോമീറ്റര്‍ റെയില്‍പ്പാത വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിഷന്‍ 2020ന് രൂപംനല്‍കിയിരിക്കുന്നത്. ഒരു വര്‍ഷത്തിനകം 1000 കിലോമീറ്റര്‍ റെയില്‍പ്പാത നിര്‍മിക്കാനാണ് പദ്ധതി. അതനുസരിച്ച് പല പുതിയ പാതകള്‍ക്കും സര്‍വേ നടത്താന്‍ നിര്‍ദേശമായിട്ടുണ്ട്. മധുരയില്‍നിന്ന് കോട്ടയത്തേക്കും ദിണ്ഡിക്കലില്‍നിന്ന് കുമളിയിലേക്കും തലശ്ശേരിമൈസൂര്‍ റൂട്ടിലും സര്‍വേ നടത്തും. എരുമേലിപുനലൂര്‍തിരുവനന്തപുരം, ചെങ്ങന്നൂര്‍തിരുവനന്തപുരം, കോഴിക്കോട്മലപ്പുറംഅങ്ങാടിപ്പുറം റൂട്ടുകളിലും സര്‍വേ ആരംഭിക്കും. കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി എക്‌സ്​പ്രസ്സ് കേരളീയര്‍ക്ക് പൊതുവെ ഗുണം ചെയ്യും. മുംബൈഎറണാകുളം തുരന്തോ, തിരുവനന്തപുരം വഴിയുള്ള കന്യാകുമാരിഭോപ്പാല്‍ഭാരത് തീര്‍ഥ്, പുണെഎറണാകുളം സൂപ്പര്‍ഫാസ്റ്റ്, മംഗലാപുരംതിരുച്ചിറപ്പിള്ളി എന്നിവയ്ക്കു പുറമെ രണ്ട് പാസഞ്ചര്‍ വണ്ടികളും അനുവദിച്ചിട്ടുണ്ട്. എറണാകുളംകൊല്ലം മെമു സര്‍വീസ് പുതിയ തുടക്കമാവും. മംഗലാപുരംകണ്ണൂര്‍ പാസഞ്ചര്‍ കോഴിക്കോട്ടേക്കും തിരുവനന്തപുരംഎറണാകുളം ഇന്റര്‍സിറ്റി ഗുരുവായൂരിലേക്കും നീട്ടിയത് ആശ്വാസമായി. മംഗലാപുരംകൊച്ചുവേളി ഏറനാട് എക്‌സ്​പ്രസ് പ്രതിദിനമാക്കിയിട്ടുണ്ട്. സാമൂഹികസുരക്ഷയ്ക്ക് ബജറ്റില്‍ മുന്തിയ പ്രാധാന്യം നല്‍കിയിരിക്കുന്നു. റെയില്‍വേവികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോള്‍ ഒഴിപ്പിക്കപ്പെടുന്ന കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കാനുള്ള നിര്‍ദേശം സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുന്നതിന്റെ ഭാഗമാണ്.
റെയില്‍വേജീവനക്കാര്‍ക്ക് ഭവനപദ്ധതി ആരംഭിക്കാനുള്ള നീക്കം 14 ലക്ഷം പേര്‍ക്ക് ഗുണംചെയ്യും. ആളില്ലാത്ത 17,000 ലെവല്‍ക്രോസിങ്ങുകളില്‍ അഞ്ചു വര്‍ഷത്തിനകം ആളെ നിയമിക്കുമെന്ന പ്രഖ്യാപനം തൊഴിലവസരവും വര്‍ധിപ്പിക്കും. ചരക്ക്ഇടനാഴിക്ക് പിന്നാലെ യാത്രയ്ക്കായി സുവര്‍ണറെയില്‍ഇടനാഴി പണിയാനായി ദേശീയ ഹൈസ്​പീഡ് റെയില്‍ അതോറിറ്റി ആരംഭിക്കാനുള്ള നിര്‍ദേശം റെയില്‍വേയുടെ അടിസ്ഥാനസൗകര്യവികസനത്തിന് കാര്യമായി പ്രയോജനപ്പെടും. പാലക്കാടിനുപുറമെ റായ്ബറേലി, കാഞ്ചറപ്പാറ, സിംഗൂര്‍ എന്നിവിടങ്ങളിലും പുതിയ കോച്ച് ഫാക്ടറികള്‍ സ്ഥാപിക്കുന്നുണ്ട്. അഞ്ച് പുതിയ വാഗണ്‍ഫാക്ടറികള്‍, റെയില്‍ചക്രങ്ങള്‍ക്കായി ബാംഗ്ലൂരില്‍ ഡിസൈന്‍വികസന കേന്ദ്രം, 10 ഓട്ടോമൊബൈല്‍ആന്‍സിലറി ഹബുകള്‍, പുതിയ റെയില്‍ ആക്‌സില്‍ ഫാക്ടറി, ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുടെ വികസനം എന്നിവയും അടിസ്ഥാനസൗകര്യമേഖലയിലുള്ള മറ്റു നിര്‍ദേശങ്ങളാണ്. റെയില്‍വേയുടെ വികസനത്തിന് സ്വകാര്യപങ്കാളിത്തം നേടാനും നിക്ഷേപപദ്ധതികള്‍ക്ക് 100 ദിവസത്തിനകം അനുമതിനല്‍കാനുമുള്ള പ്രഖ്യാപനം വേഗത്തിലുള്ള വളര്‍ച്ചയ്ക്ക് സാഹചര്യമൊരു ക്കും. എന്നാല്‍, തീവണ്ടികളിലെ ടോയ്‌ലറ്റുകളുടെ ശുചിത്വംപോലുള്ള ചില അടിസ്ഥാനകാര്യങ്ങളില്‍ ബജറ്റ് മൗനമവലംബിക്കുകയാണ്. ജനപ്രിയനിര്‍ദേശങ്ങളുമായാണ് ഇത്തവണയും മമതയുടെ ബജറ്റ്. അവ നടപ്പാക്കുന്നതിനുള്ള ഇച്ഛാശക്തി ഉണ്ടാകുമോ എന്നതാണ് വ്യക്തമാവാനുള്ള കാര്യം.

No comments: