Thursday, February 25, 2010

റെയില്‍വേ ബജറ്റ്: യാത്രക്കാരോടു മമത; വികസനക്കുതിപ്പ്

യാത്രക്കാരോടു മമത; വികസനക്കുതിപ്പ്

തോമസ് ഡൊമിനിക്

മലയാള മനോരമ

വീണ്ടും ജനകീയവും ഭാവനാസമ്പന്നവുമായ റയില്‍വേ ബജറ്റ് അവതരിപ്പിച്ച യുപിഎ സര്‍ക്കാര്‍, യാത്രാനിരക്കു കൂട്ടാത്ത ബജറ്റ് എന്ന പാരമ്പര്യവും നിലനിര്‍ത്തി. ആദ്യ യുപിഎ സര്‍ക്കാരില്‍ റയില്‍വേ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവാണു നിരക്കുകൂട്ടാതെ വരുമാനം വര്‍ധിപ്പിക്കാനുള്ള തന്ത്രം തുടര്‍ച്ചയായി വിജയകരമായി പരീക്ഷിച്ചത്.

ഇത്തവണ ടിക്കറ്റ് നിരക്കു കൂട്ടാന്‍ മമതയ്ക്കു മേല്‍ സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍, നിരക്കു വര്‍ധിപ്പിക്കാതെ സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ പദ്ധതികള്‍ക്കു പണം കണ്ടെത്തുകയെന്ന ബദല്‍ മാര്‍ഗമാണു മമത സ്വീകരിച്ചത്. ഇ-ടിക്കറ്റുകള്‍ക്കുള്ള സേവനനികുതിയില്‍ ഇളവു നല്‍കും. സ്ലീപ്പര്‍ ക്ളാസില്‍ പരമാവധി നികുതി 10 രൂപയും ഉയര്‍ന്ന ക്ളാസുകളില്‍
20 രൂപയും.

സാധാരണക്കാരുടെ ഉപയോഗത്തിനു ഭക്ഷ്യധാന്യങ്ങളും മണ്ണെണ്ണയും കൊണ്ടുപോകാന്‍ വാഗണ്‍ ഒന്നിനു 100 രൂപയുടെ ഇളവ്, വിലക്കയറ്റം നേരിടുന്നതിനു റയില്‍വേയുടെ ഭാഗത്തു നിന്നുള്ള സംഭാവനയാണെന്നു ബജറ്റ് പ്രസംഗത്തില്‍ മമത പറഞ്ഞു.

ആളില്ലാത്ത 17,000 ലവല്‍ ക്രോസുകളുണ്ട്. ഇതില്‍ 3000 എണ്ണത്തില്‍ ഈ വര്‍ഷം കാവല്‍ക്കാരെ നിയോഗിക്കും, അടുത്ത വര്‍ഷം ആയിരമെണ്ണത്തിലും. അഞ്ചുവര്‍ഷത്തിനകം രാജ്യത്തെ എല്ലാ ലവല്‍ ക്രോസുകളിലും കാവല്‍ക്കാരെ നിയമിക്കും.
റയില്‍വേയില്‍ വന്‍തോതില്‍ സ്വകാര്യവല്‍ക്കരണത്തിന്റെ അവസരം തുറക്കുന്ന ബജറ്റാണു മമത കൊണ്ടുവന്നിരിക്കുന്നത്. ഒപ്പം അടിസ്ഥാന സൌകര്യ വികസനത്തിന് ഊന്നല്‍നല്‍കുന്നതും. ഇവ രണ്ടും എത്രത്തോളം പ്രായോഗികമാകും എന്നു കണ്ടറിയണം. കാരണം, മമതയുടെ ആദ്യ ബജറ്റില്‍ പറഞ്ഞ പല പദ്ധതികളും ഇനിയും തുടങ്ങിയിട്ടില്ല.

പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ സമഗ്രവികസനം എന്ന നയത്തിന്റെ പ്രതിഫലനം മമതയുടെ ബജറ്റിലുണ്ട്. ഇതു നാളെ പ്രണബ് മുഖര്‍ജിയുടെ കേന്ദ്ര ബജറ്റിലും കണ്ടാല്‍ അദ്ഭുതമില്ല. റയില്‍വേയുടെ വ്യാപാര വശം മാത്രം നോക്കാതെ സാമൂഹികവശം കൂടി നോക്കി മമത പല പദ്ധതികളും സൌജന്യങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.

യാത്രാനിരക്കും ചരക്കുകൂലിയും കൂട്ടാതിരുന്നതും ടിക്കറ്റുകള്‍ തപാല്‍ ഒാഫിസ് വഴി നല്‍കുന്നതും 25 രൂപയ്ക്കു സീസണ്‍ ടിക്കറ്റ് നല്‍കുന്നതും റയില്‍ പദ്ധതിക്കു സ്ഥലം ഏറ്റെടുക്കുന്ന കുടുംബത്തിലെ ഒരാള്‍ക്കു ജോലി നല്‍കുന്നതും ജീവനക്കാര്‍ക്കെല്ലാം പത്തുവര്‍ഷത്തിനുള്ളില്‍ വീട് ഉറപ്പാക്കുന്നതും അര്‍ബുദ രോഗികള്‍ക്കു സൌജന്യയാത്ര നല്‍കുന്നതുമെല്ലാം സമഗ്രവികസനത്തിന്റെ കീഴില്‍ വരും.

റയില്‍വേ വികസനത്തില്‍ സ്വകാര്യമേഖലയുടെ പങ്ക് ഇപ്പോള്‍ വളരെ കുറവാണ് - ആകെ പദ്ധതികളുടെ രണ്ടു ശതമാനമേയുള്ളൂ. ഇത് 20 ശതമാനമെങ്കിലുമായി ഉയര്‍ത്താനാണു മമത ആഗ്രഹിക്കുന്നത്. ആസൂത്രണക്കമ്മിഷനും ഇതു പ്രോത്സാഹിപ്പിക്കുന്നുണ്ട്. വാഗണുകള്‍, കോച്ച് നിര്‍മാണം, സിഗ്നലിങ്, സുരക്ഷാ സംവിധാനം എന്നിങ്ങനെ സ്വകാര്യ മേഖലയ്ക്കു പങ്കുചേരാവുന്ന ഒട്ടേറെ മേഖലകള്‍ റയില്‍വേയിലുണ്ട്. ഭരണപരവും നടപടിക്രമവും അടക്കമുള്ള എല്ലാ തടസ്സങ്ങളും നീക്കി സ്വകാര്യമേഖലയെ സ്വാഗതം ചെയ്യുമെന്നാണു മമത ഉറപ്പുനല്‍കുന്നത്. പിപിപി (പബ്ളിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്), സംയുക്തസംരംഭം എന്നീ നിലകളില്‍ സമര്‍പ്പിക്കപ്പെടുന്ന ഏതു പദ്ധതിക്കും 100 ദിവസത്തിനുള്ളില്‍ അനുമതി നല്‍കുമെന്നാണു മമത പറയുന്നത്.

ലാലു പ്രസാദ് യാദവിന്റെ കാലത്തു റയില്‍വേ വന്‍ ലാഭം ഉണ്ടാക്കുന്നതായി കാണിച്ചിരുന്നുവെങ്കിലും പുതിയ ലൈനുകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള പല അടിസ്ഥാന വികസന പദ്ധതികളും നടപ്പാക്കിയിരുന്നില്ല. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ആകെ 810 കിലോമീറ്റര്‍ ലൈന്‍ മാത്രമാണു പണിതത്. ആ സ്ഥാനത്തു വരുന്ന ഒരൊറ്റ വര്‍ഷം 1000 കിലോമീറ്റര്‍ ലൈന്‍ പണിയാനുള്ള പദ്ധതിയാണു മമത തയാറാക്കിയിരിക്കുന്നത്.

No comments: