Showing posts with label വാര്‍ത്ത‍. Show all posts
Showing posts with label വാര്‍ത്ത‍. Show all posts

Thursday, February 25, 2010

റെയില്‍വേ ബജറ്റ്: യാത്രക്കാരോടു മമത; വികസനക്കുതിപ്പ്

യാത്രക്കാരോടു മമത; വികസനക്കുതിപ്പ്

തോമസ് ഡൊമിനിക്

മലയാള മനോരമ

വീണ്ടും ജനകീയവും ഭാവനാസമ്പന്നവുമായ റയില്‍വേ ബജറ്റ് അവതരിപ്പിച്ച യുപിഎ സര്‍ക്കാര്‍, യാത്രാനിരക്കു കൂട്ടാത്ത ബജറ്റ് എന്ന പാരമ്പര്യവും നിലനിര്‍ത്തി. ആദ്യ യുപിഎ സര്‍ക്കാരില്‍ റയില്‍വേ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവാണു നിരക്കുകൂട്ടാതെ വരുമാനം വര്‍ധിപ്പിക്കാനുള്ള തന്ത്രം തുടര്‍ച്ചയായി വിജയകരമായി പരീക്ഷിച്ചത്.

ഇത്തവണ ടിക്കറ്റ് നിരക്കു കൂട്ടാന്‍ മമതയ്ക്കു മേല്‍ സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍, നിരക്കു വര്‍ധിപ്പിക്കാതെ സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ പദ്ധതികള്‍ക്കു പണം കണ്ടെത്തുകയെന്ന ബദല്‍ മാര്‍ഗമാണു മമത സ്വീകരിച്ചത്. ഇ-ടിക്കറ്റുകള്‍ക്കുള്ള സേവനനികുതിയില്‍ ഇളവു നല്‍കും. സ്ലീപ്പര്‍ ക്ളാസില്‍ പരമാവധി നികുതി 10 രൂപയും ഉയര്‍ന്ന ക്ളാസുകളില്‍
20 രൂപയും.

സാധാരണക്കാരുടെ ഉപയോഗത്തിനു ഭക്ഷ്യധാന്യങ്ങളും മണ്ണെണ്ണയും കൊണ്ടുപോകാന്‍ വാഗണ്‍ ഒന്നിനു 100 രൂപയുടെ ഇളവ്, വിലക്കയറ്റം നേരിടുന്നതിനു റയില്‍വേയുടെ ഭാഗത്തു നിന്നുള്ള സംഭാവനയാണെന്നു ബജറ്റ് പ്രസംഗത്തില്‍ മമത പറഞ്ഞു.

ആളില്ലാത്ത 17,000 ലവല്‍ ക്രോസുകളുണ്ട്. ഇതില്‍ 3000 എണ്ണത്തില്‍ ഈ വര്‍ഷം കാവല്‍ക്കാരെ നിയോഗിക്കും, അടുത്ത വര്‍ഷം ആയിരമെണ്ണത്തിലും. അഞ്ചുവര്‍ഷത്തിനകം രാജ്യത്തെ എല്ലാ ലവല്‍ ക്രോസുകളിലും കാവല്‍ക്കാരെ നിയമിക്കും.
റയില്‍വേയില്‍ വന്‍തോതില്‍ സ്വകാര്യവല്‍ക്കരണത്തിന്റെ അവസരം തുറക്കുന്ന ബജറ്റാണു മമത കൊണ്ടുവന്നിരിക്കുന്നത്. ഒപ്പം അടിസ്ഥാന സൌകര്യ വികസനത്തിന് ഊന്നല്‍നല്‍കുന്നതും. ഇവ രണ്ടും എത്രത്തോളം പ്രായോഗികമാകും എന്നു കണ്ടറിയണം. കാരണം, മമതയുടെ ആദ്യ ബജറ്റില്‍ പറഞ്ഞ പല പദ്ധതികളും ഇനിയും തുടങ്ങിയിട്ടില്ല.

പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ സമഗ്രവികസനം എന്ന നയത്തിന്റെ പ്രതിഫലനം മമതയുടെ ബജറ്റിലുണ്ട്. ഇതു നാളെ പ്രണബ് മുഖര്‍ജിയുടെ കേന്ദ്ര ബജറ്റിലും കണ്ടാല്‍ അദ്ഭുതമില്ല. റയില്‍വേയുടെ വ്യാപാര വശം മാത്രം നോക്കാതെ സാമൂഹികവശം കൂടി നോക്കി മമത പല പദ്ധതികളും സൌജന്യങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.

യാത്രാനിരക്കും ചരക്കുകൂലിയും കൂട്ടാതിരുന്നതും ടിക്കറ്റുകള്‍ തപാല്‍ ഒാഫിസ് വഴി നല്‍കുന്നതും 25 രൂപയ്ക്കു സീസണ്‍ ടിക്കറ്റ് നല്‍കുന്നതും റയില്‍ പദ്ധതിക്കു സ്ഥലം ഏറ്റെടുക്കുന്ന കുടുംബത്തിലെ ഒരാള്‍ക്കു ജോലി നല്‍കുന്നതും ജീവനക്കാര്‍ക്കെല്ലാം പത്തുവര്‍ഷത്തിനുള്ളില്‍ വീട് ഉറപ്പാക്കുന്നതും അര്‍ബുദ രോഗികള്‍ക്കു സൌജന്യയാത്ര നല്‍കുന്നതുമെല്ലാം സമഗ്രവികസനത്തിന്റെ കീഴില്‍ വരും.

റയില്‍വേ വികസനത്തില്‍ സ്വകാര്യമേഖലയുടെ പങ്ക് ഇപ്പോള്‍ വളരെ കുറവാണ് - ആകെ പദ്ധതികളുടെ രണ്ടു ശതമാനമേയുള്ളൂ. ഇത് 20 ശതമാനമെങ്കിലുമായി ഉയര്‍ത്താനാണു മമത ആഗ്രഹിക്കുന്നത്. ആസൂത്രണക്കമ്മിഷനും ഇതു പ്രോത്സാഹിപ്പിക്കുന്നുണ്ട്. വാഗണുകള്‍, കോച്ച് നിര്‍മാണം, സിഗ്നലിങ്, സുരക്ഷാ സംവിധാനം എന്നിങ്ങനെ സ്വകാര്യ മേഖലയ്ക്കു പങ്കുചേരാവുന്ന ഒട്ടേറെ മേഖലകള്‍ റയില്‍വേയിലുണ്ട്. ഭരണപരവും നടപടിക്രമവും അടക്കമുള്ള എല്ലാ തടസ്സങ്ങളും നീക്കി സ്വകാര്യമേഖലയെ സ്വാഗതം ചെയ്യുമെന്നാണു മമത ഉറപ്പുനല്‍കുന്നത്. പിപിപി (പബ്ളിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്), സംയുക്തസംരംഭം എന്നീ നിലകളില്‍ സമര്‍പ്പിക്കപ്പെടുന്ന ഏതു പദ്ധതിക്കും 100 ദിവസത്തിനുള്ളില്‍ അനുമതി നല്‍കുമെന്നാണു മമത പറയുന്നത്.

ലാലു പ്രസാദ് യാദവിന്റെ കാലത്തു റയില്‍വേ വന്‍ ലാഭം ഉണ്ടാക്കുന്നതായി കാണിച്ചിരുന്നുവെങ്കിലും പുതിയ ലൈനുകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള പല അടിസ്ഥാന വികസന പദ്ധതികളും നടപ്പാക്കിയിരുന്നില്ല. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ആകെ 810 കിലോമീറ്റര്‍ ലൈന്‍ മാത്രമാണു പണിതത്. ആ സ്ഥാനത്തു വരുന്ന ഒരൊറ്റ വര്‍ഷം 1000 കിലോമീറ്റര്‍ ലൈന്‍ പണിയാനുള്ള പദ്ധതിയാണു മമത തയാറാക്കിയിരിക്കുന്നത്.

റെയില്‍വേ ബഡ്ജറ്റ് -വഞ്ചന

വഞ്ചന

എം പ്രശാന്ത്

ദേശാഭിമാനി

ന്യൂഡല്‍ഹി: റെയില്‍ ബജറ്റില്‍ കേരളത്തിനും ഇക്കുറിയും കടുത്ത അവഗണന. പാലക്കാട് കോച്ച് ഫാക്റിയുടെ പ്രഖ്യാപനം ആവര്‍ത്തിച്ചപ്പോള്‍ തുകയൊന്നും വകയിരുത്തിയില്ല. അനുവദിച്ച മൂന്ന് പുതിയ വണ്ടികളില്‍ എടുത്തുപറയാവുന്നത് കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി മാത്രം. പാളമില്ലാത്തതുകൊണ്ടാണ് പുതിയ വണ്ടി ഇല്ലാത്തതെന്ന് വാദിക്കുന്ന റെയില്‍വെ, കേരളത്തില്‍ പാത ഇരട്ടിപ്പിക്കലിന് നീക്കിവച്ചത് 102 കോടി രൂപ മാത്രം. 800 കി. മീറ്റര്‍ പാത ഇരട്ടിപ്പിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് കിട്ടിയത് 5 കി. മീറ്റര്‍ (എറണാകുളം-കുമ്പളം). നീക്കിവച്ചത് 102 കോടി രൂപ. തിരുവനന്തപുരം കേന്ദ്രമായി റെയില്‍വെ സോ; ഹ്രസ്വദൂര സര്‍വീസുകള്‍; മുംബൈ, ഡല്‍ഹി, ചെന്നൈ, ബംഗ്ളൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നീ വന്‍നഗരങ്ങളിലേക്ക് പുതിയ വണ്ടികള്‍ വേണമെന്ന ആവശ്യവും നിരാകരിച്ചു. രാജ്യത്ത് 5 പുതിയ വാഗ ഫാക്ടറികള്‍ പ്രഖ്യാപിച്ചപ്പോള്‍ മൂന്നുവര്‍ഷം മുമ്പ് കേരളത്തിന് അനുവദിച്ച ചേര്‍ത്തല വാഗ ഫാക്ടറിയെപ്പറ്റി പരാമര്‍ശം പോലുമില്ല. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച നാലു പുതിയ വണ്ടികളില്‍ രണ്ടെണ്ണം (എറണാകളും-ഡല്‍ഹി തുരന്തോ, ഹാപ്പ-എറണാകുളം) ഇനിയും തുടങ്ങിയിട്ടില്ല. കൊല്ലം-എറണാകുളം റൂട്ടില്‍ ഹ്രസ്വദൂര ഇലക്ട്രിക് ട്രെയിന്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിന് പണം നീക്കിവെച്ചിട്ടില്ല. അതിനാല്‍ പദ്ധതി എന്നുവരുമെന്ന് നിശ്ചയമില്ല.

Thursday, January 21, 2010

കണ്ണീരോടെ ജനലക്ഷങ്ങള്‍

കണ്ണീരോടെ ജനലക്ഷങ്ങള്‍

കൊല്‍ക്കത്ത: ഒരു ജനതയ്ക്ക് ആരായിരുന്നു ജ്യോതിബസു എന്നതിന്റെ വികാരനിര്‍ഭരമായ ഉത്തരമായിരുന്നു ചൊവ്വാഴ്ച കൊല്‍ക്കത്ത നഗരം കണ്ട ജനസഞ്ചയം. നാടിന്റെ ആത്മാവും ആവേശവുമായിരുന്ന നേതാവിനോടുള്ള സ്നേഹബഹുമാനങ്ങളോടെ പശ്ചിമബംഗാളിന്റെ നാനാഭാഗങ്ങളില്‍നിന്നും ജനലക്ഷങ്ങള്‍ പ്രവഹിക്കുകയായിരുന്നു. പീസ് ഹെവനില്‍നിന്ന് എസ്എസ്കെഎം ആശുപത്രിയില്‍ അവസാനിച്ച അന്ത്യയാത്രയുടെ ഓരോ നിമിഷവും ജ്യോതിബസുവും ജനങ്ങളുമായുള്ള അടുപ്പത്തിന്റെ ദൃഷ്ടാന്തമായിരുന്നു. വിലാപയാത്ര എത്തുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പേ പാതയോരങ്ങളിലും കെട്ടിടങ്ങളിലുമെല്ലാം ജനങ്ങള്‍ തിങ്ങിനിറഞ്ഞു. നിയമസഭാമന്ദിരത്തില്‍ മൃതദേഹം കിടത്തിയ സമയത്താണ് ലോകത്തിന്റെയും രാഷ്ട്രത്തിന്റെയും സ്നേഹാദരങ്ങളാകെ ഒഴുകിയെത്തിയത്. ബംഗ്ളാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന മുതല്‍ സോണിയ ഗാന്ധി വരെ വലിയൊരു നിര നേതാക്കളുടെ സാന്നിധ്യം അവിടെയുണ്ടായി. ഏറ്റവും വികാരസാന്ദ്രമായ രംഗങ്ങള്‍ക്കാണ് ഇവിടം സാക്ഷിയായത്. പ്രത്യേകം ഒരുക്കിയ വഴിയിലൂടെ തിങ്ങിനിറഞ്ഞെത്തിയവര്‍ ബസുവിന്റെ ചിത്രങ്ങള്‍, അദ്ദേഹത്തിന്റെ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച പത്രങ്ങള്‍, പൂക്കള്‍ കൊണ്ടുള്ള പടുകൂറ്റന്‍ റീത്തുകള്‍, അരിവാള്‍ ചുറ്റിക നക്ഷത്രം അങ്ങനെ തങ്ങളുടെ നേതാവിനെ ആദരിക്കാനുള്ളതെന്തും കൈയിലേന്തിയിരുന്നു. ചെങ്കൊടിയേന്തി സാര്‍വ്വദേശീയ ഗാനമാലപിച്ച് സിപിഐ എം വളണ്ടിയര്‍മാരും ബംഗാളി വിപ്ളവഗാനങ്ങളും രവീന്ദ്ര, നസ്റുള്‍ ഗീതങ്ങള്‍ പാടി പ്രവര്‍ത്തകരും വിലാപയാത്രയോടൊപ്പം നീങ്ങി. വിവിധ മതവിഭാഗങ്ങളുടെ മേധാവികള്‍ നിയമസഭാമന്ദിരത്തിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. ഹിന്ദു, മുസ്ളിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന മതനേതാക്കള്‍ ബസുവിന് അന്ത്യാഞ്ജലി നല്‍കി ഒന്നിച്ച് പ്രാര്‍ഥിച്ചു. ബസുവിന്റെ ബംഗാളില്‍ തങ്ങള്‍ എത്ര സുരക്ഷിതരാണെന്നതിന്റെ നന്ദിപ്രകടനവും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ഉന്നതമായ മതനിരപേക്ഷതയോടുള്ള ബഹുമാനവും വെളിപ്പെടുത്തുന്നതായിരുന്നു ഈ രംഗങ്ങള്‍. നിയമസഭാമന്ദിരത്തില്‍ ദേശീയ, വിദേശ നേതാക്കള്‍ എത്തുന്നതിനാല്‍ കനത്ത സുരക്ഷയാണ് ഒരുക്കിയത്. നിയമസഭാമന്ദിരത്തിനു മുന്നിലുള്ള ജനങ്ങളുടെ നിര രണ്ട് കിലോമീറ്റര്‍ അകലെ ഷഹീദ് മിനാറിനു മുന്നില്‍വരെ നീണ്ടു. 3.15ന് മൃതദേഹം സൈനികവാഹനത്തില്‍ റെഡ്റോഡ്, കസൌറിനാ അവന്യൂ, ക്യൂന്‍സ്വേ വഴി എസ്എസ്കെഎം ആശുപത്രിക്കടുത്തുള്ള സിറ്റിസസ് പാര്‍ക്കിലേക്ക് നീങ്ങിയപ്പോള്‍ ജനലക്ഷങ്ങളാണ് അനുഗമിച്ചത്. 1925ല്‍ ചിത്തരഞ്ജന്‍ ദാസും 1941ല്‍ രവീന്ദ്രനാഥ ടാഗോറും മരിച്ചപ്പോഴാണ് കൊല്‍ക്കത്ത നഗരം വലിയ സംസ്കാര ചടങ്ങുകള്‍ ദര്‍ശിച്ചത്. സ്വാതന്ത്യ്രപ്രാപ്തിക്കുശേഷം നഗരം കണ്ട ഏറ്റവും വലിയ വിലാപയാത്ര ബസുവിന്റേതായിരുന്നു.

Monday, January 18, 2010

ജ്യോതി ബസു: മാതൃഭൂമി വാര്‍ത്ത‍

കൊല്‍ക്കത്ത: രണ്ടു പതിറ്റാണ്ടിലേറെ പശ്ചിമബംഗാളില്‍ മുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിച്ച കമ്യൂണിസ്റ്റ് തറവാട്ടിലെ അതികായനും ദേശീയരാഷ്ട്രീയത്തിലെ പഴയ തലമുറയുടെ സാന്നിധ്യവുമായ ജ്യോതിബസുവിന് ജനസഹസ്രങ്ങളുടെ അശ്രുപൂജ. 95കാരനായ ബസു ഞായറാഴ്ച രാവിലെ 11.47നാണ് കൊല്‍ക്കത്തയിലെ എ.എം.ആര്‍.ഐ. ആസ്​പത്രിയില്‍ മരണത്തിന് കീഴടങ്ങിയത്. ന്യൂമോണിയ ബാധിച്ച് ജനവരി ഒന്നുമുതല്‍ ആസ്​പത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. സി.പി.എം. പൊളിറ്റ് ബ്യൂറോയിലെ ആദ്യ അംഗങ്ങളില്‍ അവശേഷിച്ച ഏക നേതാവാണ് ബസു.

ജീവിതത്തിലെന്നപോലെ മരണത്തിലും മാതൃകയായി ആ നേതാവ്. തന്റെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു പഠിക്കാനായി നല്‍കണമെന്ന് ബസു നിഷ്‌കര്‍ഷിച്ചിരുന്നു. പൊതുദര്‍ശനത്തിനും ചടങ്ങുകള്‍ക്കും ശേഷം ബസുവിന്റെ മൃതദേഹം ചൊവ്വാഴ്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനു കൈമാറും. തന്റെ കണ്ണുകളും ദാനം ചെയ്യാനുള്ള സമ്മതപത്രത്തില്‍ അദ്ദേഹം ഒപ്പുവെച്ചിരുന്നു. മരണത്തെത്തുടര്‍ന്ന് നേത്രവിദഗ്ധര്‍ ആസ്​പത്രിയിലെത്തി നേത്രപടലം എടുത്തുമാറ്റി.

ബംഗ്ലാളിലെ ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ബോസാണ് മരണവിവരം പ്രഖ്യാപിച്ചത്. ''എനിക്ക് ഖേദകരമായ ഒരു കാര്യം വെളിപ്പെടുത്താനുണ്ട്. ജ്യോതിബസു അന്തരിച്ചു''- അന്ത്യസമയത്ത് ബസുവിനു സമീപം ഉണ്ടായിരുന്ന ബിമന്‍ ബോസ് ഇടറിയ ശബ്ദത്തില്‍ അറിയിച്ചു. ആസ്​പത്രിയില്‍ അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡോ.അജിത്കുമാര്‍ മെ'ിയാണ് ബസു 11.47ന് അന്ത്യശ്വാസം വലിച്ചതായി അറിയിച്ചത്.

കൊല്‍ക്കത്തയിലുണ്ടായിരുന്ന ആഭ്യന്തരമന്ത്രി പി.ചിദംബരം മരണവാര്‍ത്തയറിഞ്ഞ് ആസ്​പത്രിയിലെത്തി.

പശ്ചിമബംഗാളില്‍ നീണ്ട 23 വര്‍ഷം മുഖ്യമന്ത്രിയായി റെക്കോഡിട്ട ജ്യോതിബസുവിനെ ന്യൂമോണിയബാധ മൂലം ജനവരി ഒന്നിനാണ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനാല്‍ ഏഴിന് വെന്റിലേറ്ററിലാക്കി. എ.എം.ആര്‍.ഐ.യിലെ ഡോക്ടര്‍മാരും 'എയിംസി'ലെ വിദഗ്ധസംഘവും ബസുവിന്റെ ജീവന്‍ നിലനിര്‍ത്താന്‍ കിണഞ്ഞു പരിശ്രമിച്ചു. എങ്കിലും, നാള്‍ക്കുനാള്‍ അദ്ദേഹത്തിന്റെ നില മോശമായിക്കൊണ്ടിരുന്നു. ഇടയ്ക്കിടെ ചികിത്സയിലുണ്ടായ നേരിയ പുരോഗതി പക്ഷേ, താത്കാലികമായിരുന്നു.

ഇതിനിടയില്‍ മൂന്നുതവണ അദ്ദേഹത്തെ ഡയാലിസിസിന് വിധേയനാക്കി. ആസ്​പത്രി അധികൃതര്‍ ശനിയാഴ്ച പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ബസുവിന്റെ ഹൃദയം, തലച്ചോറ്, ശ്വാസകോശം, വൃക്ക, കരള്‍ എന്നീ അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാണെന്ന് വ്യക്തമാക്കിയിരുന്നു. രക്തസമ്മര്‍ദവും കുത്തനെ കുറഞ്ഞു. ശനിയാഴ്ച രാത്രി താത്കാലിക പേസ് മേക്കറും ഘടിപ്പിച്ചു.

ബസുവിന്റെ മകന്‍ ചന്ദന്‍, മരുമകള്‍ രാഖി, പേരമക്കളായ പായെല്‍, ഡോയെല്‍, കോയെല്‍ എന്നിവരും ഇടതുമുന്നണിമന്ത്രിമാരായ പ്രതിം ചാറ്റര്‍ജി, കിരണ്‍മയിനന്ദ, സുദര്‍ശന്‍ റോയ് ചൗധരി, രഞ്ജിത് കുന്‍ഡു എന്നിവരും മരണസമയത്ത് ആസ്​പത്രിയിലുണ്ടായിരുന്നു.

ബസുവിന്റെ മൃതദേഹം എ.എം.ആര്‍.ഐ. ആസ്​പത്രിയില്‍ നിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് മൃതദേഹങ്ങള്‍ സൂക്ഷിക്കുന്ന 'പീസ് ഹെവനി'ലെത്തിച്ചു. ചൊവ്വാഴ്ച ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം കൈമാറും- കൊല്‍ക്കത്ത മേയര്‍ ബികാസ് ഭട്ടാചാര്യ പറഞ്ഞു. ബസുവിനോടുള്ള ആദരസൂചകമായി തിങ്കളാഴ്ച സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മരണാനന്തരച്ചടങ്ങില്‍ കേന്ദ്രസര്‍ക്കാറിനെയും കോണ്‍ഗ്രസ്സിനെയും പ്രതിനിധീകരിച്ച് ധനമന്ത്രി പ്രണബ് മുഖര്‍ജി പങ്കെടുക്കും. ബംഗാള്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ കൂടിയാണ് പ്രണബ്. സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സി.പി.ഐ. ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദന്‍, ദേശീയ സെക്രട്ടറി ഡി. രാജ എന്നിവരും ചടങ്ങില്‍ സംബന്ധിക്കും. ബി.ജെ.പി.ക്കുവേണ്ടി എല്‍.കെ.അദ്വാനിയും പങ്കെടുക്കും.

1914 ജൂലായ് 8ന് കൊല്‍ക്കത്തയില്‍ ജനിച്ച ജ്യോതിബസു നിയമപഠനത്തിനിടയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടനായി. 1944ല്‍ റെയില്‍വേ ജീവനക്കാരെ സംഘടിപ്പിച്ച് സക്രിയരാഷ്ട്രീയത്തിലെത്തി. 1946ല്‍ ആദ്യമായി നിയമസഭയിലെത്തി. 1964ലെ ആദ്യ സി.പി.എം. പൊളിറ്റ് ബ്യൂറോയില്‍ അംഗമായി. 1977 ജൂണ്‍ 21നു സംസ്ഥാന മുഖ്യമന്ത്രിയായി. 23 വര്‍ഷത്തെ ഭരണശേഷം ആരോഗ്യപരമായ കാരണങ്ങളാല്‍ 2000ല്‍ സ്വയം ഒഴിഞ്ഞ് ഭരണം ബുദ്ധദേവ് ഭട്ടാചാര്യക്ക് കൈമാറി. ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയ മുഖ്യമന്ത്രിയെന്ന റെക്കോഡും അദ്ദേഹത്തിനു സ്വന്തം. ഭരണത്തില്‍നിന്നൊഴിഞ്ഞശേഷം സര്‍ക്കാര്‍ നല്‍കിയ ഇന്ദിരാഭവനില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. എങ്കിലും അപ്പോഴും പാര്‍ട്ടിപ്രവര്‍ത്തനത്തോട് അദ്ദേഹം മുഖംതിരിച്ചില്ല. 1996ല്‍ പ്രധാനമന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ടെങ്കിലും പാര്‍ട്ടി അതിനു പച്ചക്കൊടി കാട്ടിയില്ല. അതിനെ 'ചരിത്രപരമായ വിഡ്ഡിത്ത'മെന്നു ബസു പിന്നീട് വിശേഷിപ്പിച്ചു.

ബസുവിന്റെ ഭാര്യ കമല്‍ നാലുവര്‍ഷം മുമ്പ് മരിച്ചു. ഏക മകന്‍ ചന്ദന്‍ ബിസിനസ്സുകാരനാണ്.ആസ്​പത്രിയില്‍ കഴിയവെ, പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് അടക്കം വിവിധ നേതാക്കളുടെ നീണ്ട നിര അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയിരുന്നു.

എസ്. ഭബാനി



അന്ത്യാഭിലാഷവും അതുല്യം


കൊല്‍ക്കത്ത:അതുല്യമായിരുന്നു ആ ജീവിതം; ചിതയിലെരിച്ചുകളയാനുള്ളതല്ല ആ ശരീരം. ലോകമെങ്ങുമുള്ള രാഷ്ട്രീയവിദ്യാര്‍ഥികള്‍ക്കു പാഠപുസ്തകമായിരുന്ന ബസുവിന്റെ ശരീരം ഇനി വൈദ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്കു പഠനവസ്തുവാണ്. മരണത്തിനു കീഴടക്കാനാകാതെ ബസു ജീവിച്ചുകൊണ്ടേയിരിക്കും.

സമ്പന്ന ബ്രാഹ്മണകുടുംബത്തില്‍ പിറന്ന് കമ്യൂണിസത്തിന്റെ പാതയിലൂടെ ഇന്ത്യ കണ്ട ഏറ്റവും വലിയ നേതാക്കളിലൊരാളായി ഉയര്‍ന്ന ബസു തന്റെ മൃതദേഹം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനു ദാനംചെയ്തുകൊണ്ടാണ് മരണത്തിലും മാതൃകയായത്. ബസു നിഷ്‌കര്‍ഷിച്ച പ്രകാരം അദ്ദേഹത്തിന്റെ മൃതദേഹം ചൊവ്വാഴ്ച അന്ത്യോപചാരമര്‍പ്പിച്ചശേഷം എസ്.എസ്.കെ.എം. ആസ്​പത്രിയിലേക്കാണു കൊണ്ടുപോവുക. ദാനംചെയ്ത കണ്ണുകളുടെ നേത്രപടലം ഞായറാഴ്ചതന്നെ എടുത്തുമാറ്റിയിരുന്നു. മരണാനന്തരവും ബസു തങ്ങളോടൊപ്പമുണ്ടെന്നുള്ള അറിവ് പക്ഷേ, ബംഗാളിന് ആശ്വാസമാകുന്നില്ല. അദ്ദേഹം ആസ്​പത്രിയിലായ നിമിഷംമുതല്‍ കൊല്‍ക്കത്ത നിശ്ശബ്ദമായിരുന്നു.

ഞായറാഴ്ച സമയം രാവിലെ 11.47. എ.എം.ആര്‍.ഐ. ആസ്​പത്രിക്കു മുന്നില്‍നിന്ന് ആ നിശ്ശബ്ദത സംസ്ഥാനമെമ്പാടും വ്യാപിച്ചു. ഞായറാഴ്ച ബസുവിന്റെ നില അത്യന്തം ഗുരുതരാവസ്ഥയിലായെന്ന വാര്‍ത്തകേട്ട് കൂടിനിന്നവര്‍ക്കിടയിലാണ് ബിമന്‍ബോസ് ഇടറിയ ശബ്ദത്തില്‍ മരണവിവരം അറിയിച്ചത്. മരണവാര്‍ത്ത പുറത്തുവിട്ടതിനു പിന്നാലെ അലാവുദ്ദീന്‍ സ്ട്രീറ്റിലെ പാര്‍ട്ടി ആസ്ഥാനത്ത് ചെങ്കൊടി താഴ്ത്തി. 'ജ്യോതിബസൂ, ഞങ്ങള്‍ ഞെട്ടലിലാണ്' എന്നെഴുതിയ ബാഡ്ജുകളണിഞ്ഞ സഖാക്കള്‍ നിശ്ശബ്ദരായി തങ്ങളുടെ പ്രിയ നേതാവിനെ ഒരുനോക്ക് കാണാന്‍ ആസ്​പത്രിക്ക് പുറത്ത് കാത്തുനിന്നു.

ചൊവ്വാഴ്ച രാവിലെ പത്തു മണിക്ക് മൃതദേഹം സംസ്ഥാന സെക്രട്ടേറിയറ്റായ റൈറ്റേഴ്‌സ് ബില്‍ഡിങ്ങില്‍ എത്തിക്കും. നാലു മണിക്കൂര്‍ സംസ്ഥാന നിയമസഭയില്‍ പൊതുദര്‍ശനത്തിന് വെക്കും. വിദേശപ്രതിനിധികളുള്‍പ്പെടെയുള്ളവര്‍ ഇവിടെ അന്തിമോപചാരമര്‍പ്പിക്കും. പിന്നീട് അലാവുദ്ദീന്‍ സ്ട്രീറ്റിലെ പാര്‍ട്ടി ആസ്ഥാനത്ത് മൂന്നു മുതല്‍ ഒരു മണിക്കൂര്‍ പൊതുദര്‍ശനം. തുടര്‍ന്ന് സര്‍ക്കാര്‍ ആസ്​പത്രിയായ എസ്.എസ്.കെ.എമ്മിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും.