ജീവിതത്തിലെന്നപോലെ മരണത്തിലും മാതൃകയായി ആ നേതാവ്. തന്റെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു പഠിക്കാനായി നല്‍കണമെന്ന് ബസു നിഷ്‌കര്‍ഷിച്ചിരുന്നു. പൊതുദര്‍ശനത്തിനും ചടങ്ങുകള്‍ക്കും ശേഷം ബസുവിന്റെ മൃതദേഹം ചൊവ്വാഴ്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനു കൈമാറും. തന്റെ കണ്ണുകളും ദാനം ചെയ്യാനുള്ള സമ്മതപത്രത്തില്‍ അദ്ദേഹം ഒപ്പുവെച്ചിരുന്നു. മരണത്തെത്തുടര്‍ന്ന് നേത്രവിദഗ്ധര്‍ ആസ്പത്രിയിലെത്തി നേത്രപടലം എടുത്തുമാറ്റി.
ബംഗ്ലാളിലെ ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ബോസാണ് മരണവിവരം പ്രഖ്യാപിച്ചത്. ''എനിക്ക് ഖേദകരമായ ഒരു കാര്യം വെളിപ്പെടുത്താനുണ്ട്. ജ്യോതിബസു അന്തരിച്ചു''- അന്ത്യസമയത്ത് ബസുവിനു സമീപം ഉണ്ടായിരുന്ന ബിമന്‍ ബോസ് ഇടറിയ ശബ്ദത്തില്‍ അറിയിച്ചു. ആസ്പത്രിയില്‍ അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡോ.അജിത്കുമാര്‍ മെ'ിയാണ് ബസു 11.47ന് അന്ത്യശ്വാസം വലിച്ചതായി അറിയിച്ചത്.
കൊല്‍ക്കത്തയിലുണ്ടായിരുന്ന ആഭ്യന്തരമന്ത്രി പി.ചിദംബരം മരണവാര്‍ത്തയറിഞ്ഞ് ആസ്പത്രിയിലെത്തി.
പശ്ചിമബംഗാളില്‍ നീണ്ട 23 വര്‍ഷം മുഖ്യമന്ത്രിയായി റെക്കോഡിട്ട ജ്യോതിബസുവിനെ ന്യൂമോണിയബാധ മൂലം ജനവരി ഒന്നിനാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനാല്‍ ഏഴിന് വെന്റിലേറ്ററിലാക്കി. എ.എം.ആര്‍.ഐ.യിലെ ഡോക്ടര്‍മാരും 'എയിംസി'ലെ വിദഗ്ധസംഘവും ബസുവിന്റെ ജീവന്‍ നിലനിര്‍ത്താന്‍ കിണഞ്ഞു പരിശ്രമിച്ചു. എങ്കിലും, നാള്‍ക്കുനാള്‍ അദ്ദേഹത്തിന്റെ നില മോശമായിക്കൊണ്ടിരുന്നു. ഇടയ്ക്കിടെ ചികിത്സയിലുണ്ടായ നേരിയ പുരോഗതി പക്ഷേ, താത്കാലികമായിരുന്നു.
ഇതിനിടയില്‍ മൂന്നുതവണ അദ്ദേഹത്തെ ഡയാലിസിസിന് വിധേയനാക്കി. ആസ്പത്രി അധികൃതര്‍ ശനിയാഴ്ച പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ബസുവിന്റെ ഹൃദയം, തലച്ചോറ്, ശ്വാസകോശം, വൃക്ക, കരള്‍ എന്നീ അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാണെന്ന് വ്യക്തമാക്കിയിരുന്നു. രക്തസമ്മര്‍ദവും കുത്തനെ കുറഞ്ഞു. ശനിയാഴ്ച രാത്രി താത്കാലിക പേസ് മേക്കറും ഘടിപ്പിച്ചു.
ബസുവിന്റെ മകന്‍ ചന്ദന്‍, മരുമകള്‍ രാഖി, പേരമക്കളായ പായെല്‍, ഡോയെല്‍, കോയെല്‍ എന്നിവരും ഇടതുമുന്നണിമന്ത്രിമാരായ പ്രതിം ചാറ്റര്‍ജി, കിരണ്‍മയിനന്ദ, സുദര്‍ശന്‍ റോയ് ചൗധരി, രഞ്ജിത് കുന്‍ഡു എന്നിവരും മരണസമയത്ത് ആസ്പത്രിയിലുണ്ടായിരുന്നു.
ബസുവിന്റെ മൃതദേഹം എ.എം.ആര്‍.ഐ. ആസ്പത്രിയില്‍ നിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് മൃതദേഹങ്ങള്‍ സൂക്ഷിക്കുന്ന 'പീസ് ഹെവനി'ലെത്തിച്ചു. ചൊവ്വാഴ്ച ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം കൈമാറും- കൊല്‍ക്കത്ത മേയര്‍ ബികാസ് ഭട്ടാചാര്യ പറഞ്ഞു. ബസുവിനോടുള്ള ആദരസൂചകമായി തിങ്കളാഴ്ച സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മരണാനന്തരച്ചടങ്ങില്‍ കേന്ദ്രസര്‍ക്കാറിനെയും കോണ്‍ഗ്രസ്സിനെയും പ്രതിനിധീകരിച്ച് ധനമന്ത്രി പ്രണബ് മുഖര്‍ജി പങ്കെടുക്കും. ബംഗാള്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ കൂടിയാണ് പ്രണബ്. സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സി.പി.ഐ. ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദന്‍, ദേശീയ സെക്രട്ടറി ഡി. രാജ എന്നിവരും ചടങ്ങില്‍ സംബന്ധിക്കും. ബി.ജെ.പി.ക്കുവേണ്ടി എല്‍.കെ.അദ്വാനിയും പങ്കെടുക്കും.
1914 ജൂലായ് 8ന് കൊല്‍ക്കത്തയില്‍ ജനിച്ച ജ്യോതിബസു നിയമപഠനത്തിനിടയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടനായി. 1944ല്‍ റെയില്‍വേ ജീവനക്കാരെ സംഘടിപ്പിച്ച് സക്രിയരാഷ്ട്രീയത്തിലെത്തി. 1946ല്‍ ആദ്യമായി നിയമസഭയിലെത്തി. 1964ലെ ആദ്യ സി.പി.എം. പൊളിറ്റ് ബ്യൂറോയില്‍ അംഗമായി. 1977 ജൂണ്‍ 21നു സംസ്ഥാന മുഖ്യമന്ത്രിയായി. 23 വര്‍ഷത്തെ ഭരണശേഷം ആരോഗ്യപരമായ കാരണങ്ങളാല്‍ 2000ല്‍ സ്വയം ഒഴിഞ്ഞ് ഭരണം ബുദ്ധദേവ് ഭട്ടാചാര്യക്ക് കൈമാറി. ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയ മുഖ്യമന്ത്രിയെന്ന റെക്കോഡും അദ്ദേഹത്തിനു സ്വന്തം. ഭരണത്തില്‍നിന്നൊഴിഞ്ഞശേഷം സര്‍ക്കാര്‍ നല്‍കിയ ഇന്ദിരാഭവനില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. എങ്കിലും അപ്പോഴും പാര്‍ട്ടിപ്രവര്‍ത്തനത്തോട് അദ്ദേഹം മുഖംതിരിച്ചില്ല. 1996ല്‍ പ്രധാനമന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ടെങ്കിലും പാര്‍ട്ടി അതിനു പച്ചക്കൊടി കാട്ടിയില്ല. അതിനെ 'ചരിത്രപരമായ വിഡ്ഡിത്ത'മെന്നു ബസു പിന്നീട് വിശേഷിപ്പിച്ചു.
ബസുവിന്റെ ഭാര്യ കമല്‍ നാലുവര്‍ഷം മുമ്പ് മരിച്ചു. ഏക മകന്‍ ചന്ദന്‍ ബിസിനസ്സുകാരനാണ്.ആസ്പത്രിയില്‍ കഴിയവെ, പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് അടക്കം വിവിധ നേതാക്കളുടെ നീണ്ട നിര അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയിരുന്നു.
എസ്. ഭബാനി
അന്ത്യാഭിലാഷവും അതുല്യം
കൊല്‍ക്കത്ത:അതുല്യമായിരുന്നു ആ ജീവിതം; ചിതയിലെരിച്ചുകളയാനുള്ളതല്ല ആ ശരീരം. ലോകമെങ്ങുമുള്ള രാഷ്ട്രീയവിദ്യാര്‍ഥികള്‍ക്കു പാഠപുസ്തകമായിരുന്ന ബസുവിന്റെ ശരീരം ഇനി വൈദ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്കു പഠനവസ്തുവാണ്. മരണത്തിനു കീഴടക്കാനാകാതെ ബസു ജീവിച്ചുകൊണ്ടേയിരിക്കും.
സമ്പന്ന ബ്രാഹ്മണകുടുംബത്തില്‍ പിറന്ന് കമ്യൂണിസത്തിന്റെ പാതയിലൂടെ ഇന്ത്യ കണ്ട ഏറ്റവും വലിയ നേതാക്കളിലൊരാളായി ഉയര്‍ന്ന ബസു തന്റെ മൃതദേഹം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനു ദാനംചെയ്തുകൊണ്ടാണ് മരണത്തിലും മാതൃകയായത്. ബസു നിഷ്‌കര്‍ഷിച്ച പ്രകാരം അദ്ദേഹത്തിന്റെ മൃതദേഹം ചൊവ്വാഴ്ച അന്ത്യോപചാരമര്‍പ്പിച്ചശേഷം എസ്.എസ്.കെ.എം. ആസ്പത്രിയിലേക്കാണു കൊണ്ടുപോവുക. ദാനംചെയ്ത കണ്ണുകളുടെ നേത്രപടലം ഞായറാഴ്ചതന്നെ എടുത്തുമാറ്റിയിരുന്നു. മരണാനന്തരവും ബസു തങ്ങളോടൊപ്പമുണ്ടെന്നുള്ള അറിവ് പക്ഷേ, ബംഗാളിന് ആശ്വാസമാകുന്നില്ല. അദ്ദേഹം ആസ്പത്രിയിലായ നിമിഷംമുതല്‍ കൊല്‍ക്കത്ത നിശ്ശബ്ദമായിരുന്നു.
ഞായറാഴ്ച സമയം രാവിലെ 11.47. എ.എം.ആര്‍.ഐ. ആസ്പത്രിക്കു മുന്നില്‍നിന്ന് ആ നിശ്ശബ്ദത സംസ്ഥാനമെമ്പാടും വ്യാപിച്ചു. ഞായറാഴ്ച ബസുവിന്റെ നില അത്യന്തം ഗുരുതരാവസ്ഥയിലായെന്ന വാര്‍ത്തകേട്ട് കൂടിനിന്നവര്‍ക്കിടയിലാണ് ബിമന്‍ബോസ് ഇടറിയ ശബ്ദത്തില്‍ മരണവിവരം അറിയിച്ചത്. മരണവാര്‍ത്ത പുറത്തുവിട്ടതിനു പിന്നാലെ അലാവുദ്ദീന്‍ സ്ട്രീറ്റിലെ പാര്‍ട്ടി ആസ്ഥാനത്ത് ചെങ്കൊടി താഴ്ത്തി. 'ജ്യോതിബസൂ, ഞങ്ങള്‍ ഞെട്ടലിലാണ്' എന്നെഴുതിയ ബാഡ്ജുകളണിഞ്ഞ സഖാക്കള്‍ നിശ്ശബ്ദരായി തങ്ങളുടെ പ്രിയ നേതാവിനെ ഒരുനോക്ക് കാണാന്‍ ആസ്പത്രിക്ക് പുറത്ത് കാത്തുനിന്നു.
ചൊവ്വാഴ്ച രാവിലെ പത്തു മണിക്ക് മൃതദേഹം സംസ്ഥാന സെക്രട്ടേറിയറ്റായ റൈറ്റേഴ്‌സ് ബില്‍ഡിങ്ങില്‍ എത്തിക്കും. നാലു മണിക്കൂര്‍ സംസ്ഥാന നിയമസഭയില്‍ പൊതുദര്‍ശനത്തിന് വെക്കും. വിദേശപ്രതിനിധികളുള്‍പ്പെടെയുള്ളവര്‍ ഇവിടെ അന്തിമോപചാരമര്‍പ്പിക്കും. പിന്നീട് അലാവുദ്ദീന്‍ സ്ട്രീറ്റിലെ പാര്‍ട്ടി ആസ്ഥാനത്ത് മൂന്നു മുതല്‍ ഒരു മണിക്കൂര്‍ പൊതുദര്‍ശനം. തുടര്‍ന്ന് സര്‍ക്കാര്‍ ആസ്പത്രിയായ എസ്.എസ്.കെ.എമ്മിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും.
No comments:
Post a Comment