Thursday, January 28, 2010

അറുപത് വര്‍ഷം പിന്നിട്ട റിപ്പബ്ളിക്കില്‍ ജനാധിപത്യത്തിന്റെ അവസ്ഥ

അറുപത് വര്‍ഷം പിന്നിട്ട റിപ്പബ്ളിക്കില്‍ ജനാധിപത്യത്തിന്റെ അവസ്ഥ

പ്രഭാത് പട്നായിക്

ചിന്ത വാരിക

ഓരോ പൌരനും ഏറ്റവും ചുരുങ്ങിയ പൌരാവകാശങ്ങളും വ്യക്തി സ്വാതന്ത്യ്രങ്ങളുമെങ്കിലും ഉറപ്പാക്കിക്കൊണ്ട് ബഹുകക്ഷി പാര്‍ലമെന്ററി ജനാധിപത്യം നിലനിര്‍ത്താന്‍ ഇന്ത്യയ്ക്കു കഴിഞ്ഞുവെന്നത്, അതിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഇത്തരം സ്വാതന്ത്യ്രങ്ങളില്‍ ഇടപെട്ട അടിയന്തിരാവസ്ഥയുടെ ചുരുങ്ങിയ കാലഘട്ടം, അത് ഏര്‍പ്പെടുത്തിയവരെ ഒരു പാഠം പഠിപ്പിക്കുകയുണ്ടായി - അതിനുശേഷം അത് ആവര്‍ത്തിക്കാന്‍ അവര്‍ക്ക് ധൈര്യമുണ്ടായിട്ടില്ല. ഭരണഘടന പരിഷ്കരിക്കാന്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് ശ്രമിച്ചുവെങ്കിലും (അത് നടന്നിരുന്നുവെങ്കില്‍ നിലവിലുള്ള ജനാധിപത്യ സംവിധാനങ്ങള്‍ക്ക് മാറ്റം വരുമായിരുന്നു) അതിനുള്ള നടപടി കൈക്കൊള്ളും മുമ്പുതന്നെ അത് ഉപേക്ഷിക്കേണ്ടിവന്നു. അതായത് മൌലിക ജനാധിപത്യസംവിധാനം ഒട്ടൊക്കെ നിലവില്‍ വന്നു കഴിഞ്ഞിട്ടുണ്ട്; മാത്രമല്ല ജനങ്ങള്‍ അത് ആവേശത്തോടെ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിനെ അട്ടിമറിക്കാന്‍ ആരെങ്കിലും ശ്രമിക്കുകയാണെങ്കില്‍, അത് വിഷമകരമായിത്തീരുകയും ചെയ്യും.

ഇത്തരം സ്വാതന്ത്യ്രങ്ങള്‍ കടലാസില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്ന പ്രദേശങ്ങള്‍ രാജ്യത്തുണ്ട് എന്നത് ശരി തന്നെ. ഈ ജനാധിപത്യ സ്ഥാപനങ്ങള്‍ ഉണ്ടായിട്ടും ഗിരിവര്‍ഗജനങ്ങളെപ്പോലെയുള്ള ചില വിഭാഗങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നുണ്ട്; മാത്രമല്ല പലപ്പോഴും ഇത്തരം അടിച്ചമര്‍ത്തല്‍ നടക്കുന്നത് ഈ സംവിധാനങ്ങളിലൂടെത്തന്നെയാണുതാനും. ഇന്ത്യന്‍ സമൂഹത്തിന്റെ സവിശേഷ സ്വഭാവമായിത്തീര്‍ന്നിട്ടുള്ള വന്‍തോതിലുള്ള സാമൂഹ്യ - സാമ്പത്തിക അസമത്വങ്ങള്‍ നിലനില്‍ക്കുന്നുവെന്നു മാത്രമല്ല, ഭീകരമായ വേഗത്തില്‍ അത് വിപുലമായിത്തീരുകയും ചെയ്യുന്നു. അതെന്തായാലും, ഇപ്പോഴും നിലനില്‍ക്കുന്ന ജനാധിപത്യഘടന ഏറെ പ്രശംസനീയം തന്നെയാണ്. കാരണം ജാതികളും ഉപജാതികളുമായി വേര്‍പിരിഞ്ഞുകിടക്കുന്ന ഒരു സമൂഹത്തില്‍ നിയമപരമായിട്ടെങ്കിലുമുള്ള സമത്വത്തിന്റെ സ്ഥാപനവല്‍ക്കരണം, വിപ്ളവകരമായ നേട്ടത്തില്‍ കുറഞ്ഞതൊന്നുമല്ല. അടിച്ചമര്‍ത്തപ്പെട്ടവരും ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുന്നതില്‍ വ്യഗ്രത കാണിക്കുന്നുവെന്ന വസ്തുത (നഗരങ്ങളിലെ സാമാന്യം ഭേദപ്പെട്ട ഇടത്തരക്കാര്‍ കാണിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആവേശം അവര്‍ ഇക്കാര്യത്തില്‍ കാണിക്കുന്നുണ്ട്)തെളിയിക്കുന്നത്, ഇത്തരം ജനാധിപത്യപരമായ സംവിധാനങ്ങളാണ് തങ്ങളുടെ ശാക്തീകരണത്തിന് കാരണം എന്ന ബോധം അവരില്‍ ഉണ്ടായിട്ടുണ്ട് എന്നാണ്.

എങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, രാജ്യത്ത് ഒരര്‍ഥത്തില്‍ ജനാധിപത്യം ക്ഷീണിച്ചുവരികയാണ് എന്നു കാണാം. അര്‍ത്ഥപൂര്‍ണമായ ജനാധിപത്യത്തിന് അനിവാര്യഘടകമായ കൂട്ടായ പ്രവര്‍ത്തനം ഫലത്തില്‍ ഇല്ലാതായിത്തീര്‍ന്നതുമായി ബന്ധപ്പെട്ടതാണിത്. ജനങ്ങള്‍ക്ക് ഇപ്പോഴും വോട്ടവകാശം ലഭിക്കുന്നുണ്ട്; അവരത് വിനിയോഗിക്കുന്നുമുണ്ട്. എന്നാല്‍ തങ്ങളുടെ ഭൌതിക ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ അവര്‍ കൂട്ടായി പ്രവര്‍ത്തിക്കുന്നത് ഇല്ലാതായിത്തീര്‍ന്നിരിക്കുന്നു. പ്രകടനം നടത്തുന്നതുതൊട്ട്, പണിമുടക്കുകളും കര്‍ഷകസമരങ്ങളും വരെയുള്ള കൂട്ടായ ഇടപെടല്‍ വളരെ ദുര്‍ലഭമായിത്തീര്‍ന്നിരിക്കുന്നു. "സ്വത്വ രാഷ്ട്രീയ''ത്തെ സംബന്ധിക്കുന്ന പ്രശ്നങ്ങളില്‍ ജനങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ശരി തന്നെ. അത്തരം സ്വത്വ രാഷ്ട്രീയം വര്‍ഗീയ ഫാസിസത്തിന്റെ തീവ്രവും അപകടകരവുമായ രൂപം കൈക്കൊള്ളുമ്പോള്‍പോലും അവര്‍ കൂട്ടായി പ്രവര്‍ത്തിക്കുന്നു. ഉദാഹരണത്തിന് ഒരു പള്ളി തകര്‍ക്കുന്നതിനുവേണ്ടിയും ഒരു പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യത്തിനുവേണ്ടിയും സംവരണത്തിനുവേണ്ടിയും അഥവാ സംവരണത്തെ എതിര്‍ക്കുന്നതിനുവേണ്ടിയും അവര്‍ കൂട്ടായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ വംശീയമോ ജാതിപരമോ മതപരമോ പ്രാദേശികമോ വര്‍ഗീയമോ ആയ അതിര്‍ത്തികളെ മുറിച്ചുകടന്ന് ഒരു കൂട്ടായ്മയായി അവര്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നില്ല.

അത്തരം കൂട്ടായ പ്രവര്‍ത്തനം അഥവാ പ്രക്ഷോഭം ഏറെക്കാലം നമ്മുടെ രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമായിരുന്നു എന്നതുകൊണ്ട് ഇത് പ്രത്യേകം ശ്രദ്ധേയമാണ്. ഈ രാജ്യത്തിന്റെ കോളണി വിരുദ്ധ സമരം (ഇന്ന് നാം അനുഭവിക്കുന്ന ജനാധിപത്യഘടന അതിന്റെ പൈതൃകമാണ്) കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിസ്ഫോടനംകൊണ്ട് ശ്രദ്ധേയമായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല - രാജ്യത്തിന്റെ വിഭജനം എന്ന അതിന്റെ ദുരന്ത പര്യവസാനം ആ കൂട്ടായ്മയുടെ നിഷേധമായിരുന്നുവെങ്കില്‍ത്തന്നെയും. സ്വാതന്ത്യ്രത്തെ തുടര്‍ന്നുള്ള പതിറ്റാണ്ടുകളിലും കൂട്ടായ പ്രക്ഷോഭം നടന്നുകൊണ്ടിരുന്നു; അത് ഇന്ത്യന്‍ ജനാധിപത്യത്തിന് ഊര്‍ജ്ജസ്വലത നല്‍കുകയും ചെയ്തു. എന്നാല്‍, ഖേദകരമെന്നു പറയട്ടെ, പിന്നീടത് നഷ്ടപ്പെടുകയാണുണ്ടായത്.

ഇത് വിശദമാക്കുന്നതിന് ചില ഉദാഹരണങ്ങള്‍ എടുത്തു കാണിക്കാം. 1950കളുടെ ആദ്യത്തില്‍ കല്‍ക്കത്തയില്‍ ട്രാം ചാര്‍ജ് ഒരു പൈസ കണ്ട് വര്‍ദ്ധിപ്പിച്ചപ്പോള്‍, അന്നത്തെ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ അതിനെതിരായി ശക്തമായ ജനകീയസമരം നടന്നു. ചാര്‍ജ് വര്‍ധന പിന്‍വലിപ്പിക്കുന്നതിന് ആ സമരംകൊണ്ട് കഴിഞ്ഞു. അതുപോലെത്തന്നെ അമ്പതുകളുടെ അവസാനം പ്രസിദ്ധമായ വമ്പിച്ച ഭക്ഷ്യപ്രക്ഷോഭത്തിന് കല്‍ക്കത്ത സാക്ഷ്യംവഹിക്കുകയുണ്ടായി. സത്യജിത് റേയെപോലുള്ള പ്രമുഖ വ്യക്തികള്‍ അതിന് പരസ്യമായി പിന്തുണ നല്‍കി. 1960കളുടെ ഒടുവില്‍ മുംബൈയില്‍ വമ്പിച്ച വിലക്കയറ്റം ഉണ്ടായപ്പോള്‍ (ഇന്നിപ്പോള്‍ അനുഭവപ്പെടുന്ന വിലക്കയറ്റത്തേക്കാള്‍ രൂക്ഷമാകണമെന്നില്ല അന്നത്തെ വിലക്കയറ്റം) അഹല്യാ രംഗനേക്കര്‍, മൃണാള്‍ഗോറെ തുടങ്ങിയ വനിതാ നേതാക്കളുടെ നേതൃത്വത്തില്‍ വീട്ടമ്മമാര്‍ കൂട്ടത്തോടെ തെരുവിലിറങ്ങി കിണ്ണം കൊട്ടിയും ചപ്പാത്തി കോലുയര്‍ത്തിയും നാടകീയമായി അവര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. എഴുപതുകളുടെ തുടക്കത്തില്‍, വിലക്കയറ്റവും പണപ്പെരുപ്പവും തൊഴിലാളികളുടെ ജീവിതനിലവാരത്തെ രൂക്ഷമായി ബാധിച്ചപ്പോള്‍, എഞ്ചിന്‍ ഡ്രൈവര്‍മാരുടെ പണിമുടക്ക് അടക്കം വമ്പിച്ച പണിമുടക്കുകള്‍ നടന്നു. (പ്രസിദ്ധമായ റെയില്‍വെ പണിമുടക്കിലാണ് അത് ചെന്നവസാനിച്ചത്). 1970കളുടെ തുടക്കത്തിലെ രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഇന്ത്യാ ഗവണ്‍മെന്റ് കൈക്കൊണ്ട നിരവധി നടപടികളുടെ കൂട്ടത്തില്‍, കര്‍ഷകദ്രോഹപരമായ വ്യാപാര നടപടികളും ഉണ്ടായിരുന്നു. ഡെല്‍ഹിയിലെ ബോട്ട് ക്ളബ് മൈതാനത്ത് കൂറ്റന്‍ കര്‍ഷക റാലികള്‍ നടക്കുന്നതിന് അതിടയാക്കി. ചുരുക്കത്തില്‍ കൂട്ടായ പ്രക്ഷോഭം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാഗമായിരുന്നു; അതിന്റെ ജീവരക്തം തന്നെയായിരുന്നു.

എന്നാല്‍ 1990കളുടെ തുടക്കംതൊട്ട് അത്തരം കൂട്ടായ പ്രക്ഷോഭങ്ങള്‍ ശ്രദ്ധേയമായിത്തീര്‍ന്നത് അവയുടെ അഭാവം കൊണ്ടാണ്. ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടത്തില്‍ കൈക്കൊണ്ട പുത്തന്‍ ഉദാരവല്‍ക്കരണ നയങ്ങളുടെ ഫലമായി സംജാതമായ കാര്‍ഷിക പ്രതിസന്ധി കാരണം, 1,84,000 ഓളം കൃഷിക്കാര്‍ ആത്മഹത്യ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. എന്നിട്ടും അത്തരം നയങ്ങള്‍ക്കെതിരായി എടുത്തു പറയത്തക്കതായ കര്‍ഷക സമരങ്ങളോ റാലികള്‍ പോലുമോ ഉണ്ടായില്ല. തെലങ്കാനാ സമരവും തേഭാഗാ കര്‍ഷക സമരവും അവിടെ നില്‍ക്കട്ടെ. മഹേന്ദ്രസിങ് ടിക്കായത്തിന്റെ സമരങ്ങളെ ഓര്‍മിപ്പിക്കുന്ന സമരങ്ങളും പ്രകടനങ്ങളുംപോലും ഉണ്ടായില്ല. സ്വാതന്ത്യ്രത്തിനുമുമ്പ് സ്വാമി സഹജാനന്ദ സരസ്വതിയുടെയും മൌലാനാ ഭാഷനിയുടെയും നേതൃത്വത്തില്‍ നടന്ന സമരങ്ങളെപോലെയുള്ള സമരങ്ങളുടെ കാര്യം പിന്നെ പറയാനുമില്ലല്ലോ. കഴിഞ്ഞ കുറെ കാലത്തിനുള്ളില്‍ ഉണ്ടായിട്ടുള്ളതില്‍വെച്ച് ഏറ്റവും രൂക്ഷമായ വിലക്കയറ്റമാണ് ഇപ്പോള്‍ രാജ്യത്തെ ഗ്രസിച്ചിരിക്കുന്നത് - പ്രത്യേകിച്ചും ഭക്ഷ്യസാധനങ്ങളുടെ കാര്യത്തില്‍. എന്നിട്ടും ജനങ്ങള്‍ തികഞ്ഞ ശാന്തത കാണിക്കുന്നുവെന്നതാണ് ഈ കാലത്തിന്റെ എടുത്തു പറയത്തക്കതായ പ്രത്യേകത. കൂട്ടായ പ്രക്ഷോഭത്തിന്റെ അഭാവത്തെ, ഈ ശാന്തത കാണിക്കുന്നിടത്തോളം വ്യക്തമായി, മറ്റൊന്നും തന്നെ എടുത്തു കാണിക്കുന്നില്ല.

കൂട്ടായ നടപടിയുടെ "പിന്‍വാങ്ങല്‍'' ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ സവിശേഷ സ്വഭാവമാണ്. "വ്യക്തികളു''ടെ അവകാശങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുമ്പോള്‍ത്തന്നെ, എല്ലാവിധ കൂട്ടായ്മകളെയും ബൂര്‍ഷ്വാ ജനാധിപത്യം വ്യക്ത്യധിഷ്ഠിതമാക്കിത്തീര്‍ക്കുന്നു; അതുവഴി ജനങ്ങളെ നിര്‍വീര്യരാക്കിത്തീര്‍ക്കുന്നു; സര്‍വശക്തരായ "സ്വതന്ത്ര'' ഏജന്റുമാരാണെന്ന് വാഴ്ത്തപ്പെടുന്ന വ്യക്തികളെപ്പോലും അങ്ങനെ നിര്‍വീര്യരാക്കിത്തീര്‍ക്കുന്നു. ബൂര്‍ഷ്വാ വ്യവസ്ഥ ജനാധിപത്യത്തെ ഔപചാരികമായി ഉയര്‍ത്തിപ്പിടിക്കുന്ന അവസരത്തില്‍ത്തന്നെ, അതിനെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അണുവല്‍ക്കരിക്കപ്പെട്ട വ്യക്തികളടങ്ങുന്ന പതിവ് കാര്യമായി ചുരുക്കിക്കൊണ്ടു വന്നിരിക്കുകയാണ്. അണുവല്‍ക്കരിക്കപ്പെട്ട ഈ വ്യക്തികള്‍ക്കാകട്ടെ, പരിപാടികളുടെ കാര്യത്തില്‍ തമ്മില്‍ത്തമ്മില്‍ ഏറെയൊന്നും വ്യത്യാസമില്ലാത്ത പാര്‍ടികളില്‍ ഏതെങ്കിലും ഒന്നിനെ തിരഞ്ഞെടുക്കാനുള്ള രാഷ്ട്രീയമായ അവസരമേ ഉള്ളൂതാനും. അതുകൊണ്ട് പുത്തന്‍ ഉദാരവല്‍ക്കരണ കാലഘട്ടത്തില്‍ രാജ്യത്തിലെ ബൂര്‍ഷ്വാ ജനാധിപത്യം കൂടുതല്‍ ദൃഢമായിത്തീരുന്ന കാഴ്ചയാണ് നാം കാണുന്നത്. അതേ അവസരത്തില്‍ത്തന്നെ മുന്‍കാലങ്ങളിലെ കൂട്ടായ പ്രവര്‍ത്തനത്തോടുകൂടിയ ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തില്‍നിന്ന് അത് പിന്‍വാങ്ങുകയും ചെയ്യുന്നു. ചുരുക്കത്തില്‍ ജനാധിപത്യത്തിന്റെ ജനാധിപത്യപരമായ ഉള്ളടക്കം കളഞ്ഞു കുളിച്ചുകൊണ്ടുള്ള ബൂര്‍ഷ്വാ ജനാധിപത്യത്തിലേക്ക് നാം മുന്നേറിയിരിക്കുകയാണ്.

വിവിധ രാഷ്ട്രീയ പാര്‍ടികളുടെ പരിപാടികള്‍ തമ്മില്‍ നിലവിലുള്ള അവശേഷിച്ച വ്യത്യാസങ്ങള്‍ കൂടി ഇല്ലായ്മ ചെയ്യുന്നത്, പുത്തന്‍ ഉദാരവല്‍ക്കരണ കാലഘട്ടത്തിന്റെ ആദര്‍ശമായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. ഉദാഹരണത്തിന്, "വികസനത്തെ രാഷ്ട്രീയത്തിന് അതീതമായി കാണണം'' എന്ന വാദം പ്രധാനമന്ത്രി മുതല്‍ താഴോട്ടുള്ളവരെല്ലാം ന്യായമായ ഒരു സംഘഗാനംപോലെ ആലപിച്ചുകൊണ്ടിരിക്കുന്നു. "വികസനം'' എന്നാല്‍ എന്ത് എന്നതിന്റെ നിര്‍വചനം തന്നെ തര്‍ക്ക വിഷയമാണ്; രാഷ്ട്രീയ വിവാദം ഉള്‍ക്കൊള്ളുന്നതാണത്. അതുകൊണ്ട് "വികസനത്തെ'' രാഷ്ട്രീയത്തിനതീതമായി കാണണം എന്നുപറയുന്നത്, ഒരു പ്രത്യേക വികസന സങ്കല്‍പനത്തിന് (അതായത് പുത്തന്‍ ഉദാരവല്‍ക്കരണ സങ്കല്‍പനത്തിന്) മേല്‍ സമവായം ഉണ്ടാക്കിയെടുക്കുന്നതിനു തുല്യമാണ്. പുത്തന്‍ ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് സാര്‍വത്രികമായ അംഗീകാരം നേടിയെടുക്കുന്നതിനും വിവിധ പാര്‍ടികളുടെ പരിപാടികള്‍ തമ്മില്‍ത്തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇല്ലാതാക്കുന്നതിനും അതുവഴി രാഷ്ട്രീയത്തെ വിരസമായ തിരഞ്ഞെടുപ്പായി ചുരുക്കുന്നതിനും ഉള്ള നീക്കമാണത്. രണ്ടു പേരുകളിലുള്ള സോപ്പുപൊടികളില്‍ ഒന്ന് തിരഞ്ഞെടുക്കുന്നതുമായി, ഇതിന് വലിയ വ്യത്യാസമൊന്നുമില്ല. തങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ബദല്‍ അജണ്ടകളില്‍നിന്ന് ഒന്നു തിരഞ്ഞെടുക്കാന്‍ ജനങ്ങളെ അനുവദിക്കുന്നതിനുപകരം, ഒരു പ്രത്യേക അജണ്ട അവരുടെ തലയില്‍ കെട്ടിയേല്‍പ്പിക്കുകയും ആ അജണ്ടയെക്കുറിച്ച് എല്ലാ രാഷ്ട്രീയ പാര്‍ടികള്‍ക്കിടയിലും സമവായം നിര്‍മിച്ചെടുക്കുകയും ആണതിന്റെ ഉദ്ദേശം. ചുരുക്കത്തില്‍ ജനാധിപത്യത്തെ ശോഷിപ്പിച്ച് ദുര്‍ബലമാക്കുകയാണതിന്റെ ഫലം.

അത്തരം ഒരു അജണ്ട എല്ലാവര്‍ക്കും ഗുണമുണ്ടാക്കുകയാണെങ്കില്‍, ജനങ്ങള്‍ക്ക് തിരഞ്ഞെടുക്കാനുള്ള അവസരം ഇല്ലാതാക്കുന്നതിനെ ഒരുപക്ഷേ അവഗണിക്കാം എന്ന് കരുതുക. എന്നാല്‍ അങ്ങനെ സംഭവിക്കുന്നില്ല എന്നതാണ് വസ്തുത. ഗവണ്‍മെന്റ് അടക്കം എല്ലാവരും അത് അംഗീകരിച്ചതാണ്. അതുകൊണ്ട്, കൃഷിക്കാര്‍ക്കും ചെറുകിട ഉല്‍പാദകര്‍ക്കും തൊഴിലാളികള്‍ക്കും പ്രകടമായ വിധത്തില്‍ ദുരിതം വരുത്തിവെയ്ക്കുന്ന പുത്തന്‍ ഉദാരവല്‍ക്കരണ മുതലാളിത്തത്തിന് അംഗീകാരം നേടാനുള്ള നീക്കമാണ്, "വികസന''ത്തിന്റെ മേല്‍ സമവായം ഉണ്ടാക്കാനുള്ള ശ്രമം.

"രാഷ്ട്രീയത്തിന് അതീതമായ വികസന''ത്തെ സംബന്ധിച്ച പ്രസംഗങ്ങളൊക്കെയുണ്ടെങ്കിലും ഗവണ്‍മെന്റിന് ജനങ്ങളില്‍നിന്ന് സ്വയം രക്ഷപ്പെടാനുള്ള പോംവഴി ഇപ്പോഴും ഉണ്ടായിട്ടില്ല. കാലാകാലങ്ങളില്‍ ഗവണ്‍മെന്റിന് തിരഞ്ഞെടുപ്പിനെ നേരിടേണ്ടതുണ്ടല്ലോ. അതിനാല്‍ കൂട്ടായ പ്രവര്‍ത്തനത്തില്‍നിന്നുള്ള പിന്‍വാങ്ങലില്‍, രാഷ്ട്രത്തിലെ നിയമനിര്‍മ്മാണ സംവിധാനം എടുത്തു പറയത്തക്ക വിധത്തില്‍ ഇനിയും ഉള്‍പ്പെട്ടു കഴിഞ്ഞിട്ടില്ല. ഇത്തരം പിന്‍വാങ്ങലില്‍, രാഷ്ട്രത്തിന്റെ മറ്റ് സംവിധാനങ്ങളാണ് മുന്നില്‍ നില്‍ക്കുന്നത്. എക്സിക്യൂട്ടീവ് അത്തരം നേതൃത്വപരമായ പങ്ക് ഏറ്റെടുത്ത ഒരു ഘട്ടമാണ് അടിയന്തിരാവസ്ഥ. എന്നാല്‍, ആ അധ്യായത്തില്‍നിന്ന് എക്സിക്യൂട്ടീവ് പഠിച്ച ആരോഗ്യകരമായ പാഠം, തുടര്‍ന്ന് എക്സിക്യൂട്ടീവിനെ ചങ്ങലയ്ക്കിടുന്നതിലേയ്ക്കാണ് നയിച്ചത്. പില്‍ക്കാലത്ത്, ജുഡീഷ്യറിയാണ്, ബന്ദിനും പണിമുടക്കുകള്‍ക്കും പ്രകടനങ്ങള്‍ക്കും മറ്റും എതിരായി വിധി പ്രഖ്യാപിച്ചുകൊണ്ട്, കൂട്ടായ പ്രവര്‍ത്തനത്തില്‍നിന്ന് പിന്‍വാങ്ങുന്നതിന് നേതൃത്വം നല്‍കിയത്. കൂട്ടായ പ്രക്ഷോഭങ്ങള്‍ക്കുള്ള വഴി കൊട്ടിയടച്ചുകൊണ്ടും കൂട്ടായ്മയെ വ്യക്ത്യധിഷ്ഠിതമാക്കിക്കൊണ്ടും ജനങ്ങളുടെ ഒരേയൊരു വക്താവായി ദീനാനുകമ്പയാല്‍ പ്രചോദിതമായ ഗവണ്‍മെന്റിതര സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അല്‍പം ഇടം നല്‍കിക്കൊണ്ടും, ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുക എന്ന ബൂര്‍ഷ്വാ വ്യവസ്ഥയുടെ അജണ്ട നടപ്പാക്കാന്‍ തുടര്‍ച്ചയായി ശ്രമിക്കുകയാണ് ജുഡീഷ്യറി ചെയ്തത്. നഗരങ്ങളിലെ ഇടത്തരക്കാരില്‍ ഒരു നല്ല വിഭാഗത്തിന്റെ ആവേശകരമായ പിന്തുണ ഈ അജണ്ടയ്ക്കു ലഭിക്കുകയും ചെയ്തു. പുത്തന്‍ ഉദാരവല്‍ക്കരണ നയങ്ങളുടെ ഗുണഭോക്താക്കള്‍ അവരായിരുന്നുവല്ലോ. അതുകൊണ്ടുതന്നെ അവര്‍ ജുഡീഷ്യറിയെ തങ്ങളുടെ "രക്ഷകനായി'' കാണുകയും ചെയ്തു.

അതുകൊണ്ട് കൂട്ടായ പ്രക്ഷോഭത്തിന്റെ തളര്‍ച്ചയോടൊപ്പം നിയമനിര്‍മാണ സഭയോട് താരതമ്യപ്പെടുത്തുമ്പോള്‍ ജുഡീഷ്യറിയുടെ പ്രാധാന്യം താരതമ്യേന വര്‍ദ്ധിക്കുന്നതിനും ഇടയായി. എല്ലാ തരത്തിലുള്ള "രാഷ്ട്രീയ''ക്കാരേയും ചെകുത്താന്മാരായി ചിത്രീകരിച്ചുകൊണ്ട് ഇതിന് മാധ്യമങ്ങളും അവരുടേതായ സംഭാവന നല്‍കി.

അത്തരം "ജുഡീഷ്യല്‍ ആക്ടിവിസ''ത്തിന്റെ അടിയില്‍ക്കിടക്കുന്ന അവിതര്‍ക്കിതമായ സൂചന എന്തെന്ന് ഇന്ത്യയിലെ മുന്‍ ചീഫ് ജസ്റ്റീസ് ആയ ജസ്റ്റീസ് ലഹോട്ടി വ്യക്തമാക്കുകയുണ്ടായി: സ്റ്റേറ്റിന്റെ മറ്റ് രണ്ട് തൂണുകള്‍ക്കും ഉപരിയായിട്ടാണ് ജുഡീഷ്യറി നിലകൊള്ളുന്നത് എന്ന് അദ്ദേഹം അവകാശപ്പെട്ടു. "ചോദ്യം ചോദിക്കുന്നതിന് കോഴ'' വാങ്ങിയ അഴിമതിയില്‍ ചില പാര്‍ലമെന്റ് അംഗങ്ങളെ പുറത്താക്കിയ സംഭവത്തില്‍ ഇടപെടാനുള്ള സുപ്രീംകോടതിയുടെ നിയമപരമായ അധികാരത്തെ മുന്‍ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ചോദ്യം ചെയ്തതോടെ, ജുഡീഷ്യറിയുടെ ഈ കടന്നുകയറ്റത്തിന് ഒരു തിരിച്ചടി ലഭിച്ചു. അത്തരം ജുഡീഷ്യല്‍ കടന്നുകയറ്റത്തിന്റെ ഭാവി എന്തു തന്നെയായാലും, കൂട്ടായ പ്രക്ഷോഭത്തിന്റെ പിന്‍വാങ്ങല്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്നു.

അത്തരം പിന്‍വാങ്ങലിനെ ജനങ്ങള്‍ എന്തുകൊണ്ടാണ് അനുവദിക്കുന്നത് എന്നത് ഒരു തര്‍ക്ക വിഷയം തന്നെയാണ്. ആഗോളവല്‍ക്കരണത്തിന്റെ ഇന്നത്തെ കാലഘട്ടത്തില്‍ മൂലധനം, പ്രത്യേകിച്ചും ധനമൂലധനം, രാജ്യാതിര്‍ത്തികളെയും കടന്ന് മറ്റ് രാജ്യങ്ങളിലേക്ക് നീങ്ങുന്നതിനാല്‍, തൊഴിലാളിവര്‍ഗത്തിന്റെ ചെറുത്തുനില്‍പ്പ് ദുര്‍ബലമായിത്തീരുന്നു. അവരുടെ ചെറുത്തുനില്‍പ്പിന് ഓരോരോ പ്രത്യേക രാജ്യങ്ങളിലായി ഒതുങ്ങി നില്‍ക്കാതെ വഴിയില്ലല്ലോ. അങ്ങനെ തൊഴിലാളികളുടെ ചെറുത്തുനില്‍പ്പുണ്ടാവുകയാണെങ്കില്‍ അത് മൂലധനത്തെ ആ രാജ്യത്തില്‍നിന്ന് പുറത്തേക്ക് ഓടിക്കും; അതുമൂലം ഹ്രസ്വകാലാടിസ്ഥാനത്തില്‍ ധനപ്രതിസന്ധിയും ദീര്‍ഘ കാലാടിസ്ഥാനത്തില്‍ നിക്ഷേപക്കുറവും സംഭവിക്കും. അതുരണ്ടും തൊഴിലാളികളുടെ സ്ഥിതി കൂടുതല്‍ വഷളാക്കുകയും ചെയ്യും. അതുപോലെത്തന്നെ, ജമീന്ദാരേയും ജോത്തേദാരെയും പോലെ പ്രത്യക്ഷത്തില്‍ ഭൌതികമായി കാണപ്പെടുന്ന ഒരു മര്‍ദ്ദക സംവിധാനത്തിന്റെ പ്രവര്‍ത്തന ഫലമായിട്ടല്ല, മറിച്ച് വിദൂരസ്ഥവും അമൂര്‍ത്തവുമായ വിപണിയുടെ പ്രവര്‍ത്തന ഫലമായിട്ടാണ് കാര്‍ഷികത്തകര്‍ച്ച സംഭവിക്കുന്നത്. അതിനാല്‍ കര്‍ഷകരുടെ കൂട്ടായ അണിചേര്‍ക്കല്‍ എളുപ്പമല്ല. കാരണം ദുരിതത്തിന്റെ മൂലകാരണംതന്നെ, മിക്കപ്പോഴും ദുര്‍ഗ്രഹമായിട്ടാണ് നിലനില്‍ക്കുന്നത്. ചുരുക്കത്തില്‍, കൂട്ടായ പ്രവര്‍ത്തനത്തിന്റെ പിന്‍വാങ്ങാനുള്ള പ്രവണത, പുത്തന്‍ ഉദാരവല്‍ക്കരണ കാലഘട്ടത്തില്‍ അന്തര്‍ലീനമായി കിടക്കുന്നുണ്ട്. രാഷ്ട്രീയ പാര്‍ടികളുടെ ശരിയായ ഇടപെടലിലൂടെ അത്തരം കൂട്ടായ പ്രവര്‍ത്തനം വീണ്ടെടുക്കാന്‍ കഴിയുമെന്നത് ശരിതന്നെ. എന്നാല്‍ ആ കടമ വളരെ വിഷമകരമാണ്.

കൂട്ടായ പ്രക്ഷോഭത്തിന് വന്ന ഈ പതനത്തില്‍ പലരും കണ്ണീര്‍ വീഴ്ത്തുമെന്നും തോന്നുന്നില്ല. കാരണം അതിനെ ജുഡീഷ്യറി വീക്ഷിക്കുന്നതുപോലെ, "അരാജകത്വ''മായും "ജനങ്ങളെയാകെ ബന്ദികളാക്കി നിര്‍ത്തലാ''യും "നമ്മുടെ ഉയര്‍ന്ന വളര്‍ച്ചാനിരക്കിന് തടസ്സ''മായും മറ്റുമാണ് അവരും വീക്ഷിക്കുന്നത്. പണിമുടക്കുകളും ബന്ദുകളും മറ്റുള്ളവര്‍ക്ക് അസൌകര്യം ഉണ്ടാക്കും എന്ന കാര്യം നിഷേധിക്കുന്നില്ല. അസൌകര്യം ഉണ്ടാകും എന്ന് ഉദ്ദേശിച്ചുകൊണ്ടുതന്നെയാണ് അവ നടത്തപ്പെടുന്നത്. അതിനാണ് അവയെ അവലംബിക്കുന്നത്. അത്തരം പ്രക്ഷോഭങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ ദുരിതം അല്ലെങ്കില്‍ മറ്റുള്ളവരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിയില്ലല്ലോ. അവയ്ക്ക് യാതൊരു ന്യായീകരണവും ഇല്ലാത്ത സന്ദര്‍ഭങ്ങളിലും അവ പലപ്പോഴും അവലംബിക്കപ്പെടാറുണ്ട് എന്നതും നിഷേധിക്കുന്നില്ല. എന്നാല്‍ ജനാധിപത്യത്തിനുവേണ്ടി, ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമായ കൂട്ടായ പ്രവര്‍ത്തനത്തിനുവേണ്ടി, നാം കൊടുക്കേണ്ടി വരുന്ന വിലയാണത്. ഈ വില ഏറ്റവും കുറച്ചുകൊണ്ട് വരേണ്ടതുണ്ട്. എന്നാല്‍ അതുതന്നെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ സംഭവിക്കുകയുള്ളൂ. അന്തസ്സാരമില്ലാത്ത, വിഘടനപരമായ, ഒട്ടും ന്യായീകരിക്കാനാവാത്ത പ്രതിഷേധങ്ങളെ ഒഴിവാക്കാന്‍ സമൂഹം പഠിച്ചുകൊള്ളും. ജുഡീഷ്യറിയുടെ വിധിയിലൂടെയോ അല്ലെങ്കില്‍ എക്സിക്യൂട്ടീവിന്റെ ഉത്തരവിലൂടെയോ അല്ല അത് സാധിക്കേണ്ടത്. അങ്ങനെ ചെയ്താല്‍, അത്, ക്രമസമാധാനം പാലിക്കുന്നതിനിടയില്‍, ജനാധിപത്യത്തെത്തന്നെ ദുര്‍ബലപ്പെടുത്തുന്നതിലാണ് ചെന്നവസാനിക്കുക.

എന്നാല്‍ കൂട്ടായ പ്രക്ഷോഭത്തിന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട്, ഇതിനേക്കാളൊക്കെ വലിയ മറ്റൊരു അപകടം കൂടിയുണ്ട്. വിഘടനപരവും വളരെയേറെ അപകടകരവും ആയേക്കാവുന്ന, സവിശേഷ സ്വത്വങ്ങള്‍ക്കു ചുറ്റും കറങ്ങുന്ന, വ്യത്യസ്തമായ രീതിയിലുള്ള പ്രക്ഷോഭം അവയ്ക്കുപകരം സ്ഥാനം പിടിക്കുന്നു. വംശീയവും മതപരവും ഭാഷാപരവും വര്‍ഗീയവുമായ ചേരിതിരിവുകളെയെല്ലാം മറികടന്ന്, ഉണ്ടാകുന്ന വര്‍ഗപരമായ അണിചേരലും അതിന്റെ അടിസ്ഥാനത്തിലുണ്ടാകുന്ന കൂട്ടായ പ്രക്ഷോഭവും, വംശീയവും വര്‍ഗീയവും മതപരവും ഭാഷാപരവുമായ സംഘട്ടനങ്ങളെ അടക്കിനിര്‍ത്തുന്നു. അത്തരം കൂട്ടായ പ്രക്ഷോഭത്തില്‍നിന്നുള്ള പിന്‍മാറ്റം, നേരെ വിപരീതമായ, അത്തരം സംഘട്ടനങ്ങളെ വീണ്ടും ജനമധ്യത്തിലേക്കു കൊണ്ടുവരിക എന്ന ഫലമാണുണ്ടാക്കുക.

ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഇസ്ളാമിക ഭീകരപ്രവര്‍ത്തനം എന്ന പ്രശ്നം, യഥാര്‍ത്ഥത്തില്‍, മൌലികമായ, വര്‍ഗാടിസ്ഥാനത്തിലുള്ള, കൂട്ടായ ജനമുന്നേറ്റത്തിന്റെ തകര്‍ച്ചമൂലം ഉണ്ടായിത്തീര്‍ന്നതാണ്. അത്തരം ഇസ്ളാമിക ഭീകരപ്രവര്‍ത്തനങ്ങളുടെ പ്രജനന കേന്ദ്രങ്ങളായ രാജ്യങ്ങള്‍, മുമ്പ് വര്‍ഗാടിസ്ഥാനത്തിലുള്ള ഉശിരന്‍ ജനമുന്നേറ്റങ്ങളാല്‍ സവിശേഷ ശ്രദ്ധയാകര്‍ഷിച്ചിരുന്ന രാജ്യങ്ങളായിരുന്നു. അത്തരം ജനമുന്നേറ്റങ്ങളുടെ തകര്‍ച്ചയാണ്, ഇസ്ളാമിക ഭീകര പ്രവര്‍ത്തനത്തെ മുന്നണിയിലേക്ക് കൊണ്ടുവന്നത്.

വിരോധാഭാസമെന്നു പറയട്ടെ, മിക്ക സന്ദര്‍ഭങ്ങളിലും ഈ തകര്‍ച്ച ബോധപൂര്‍വ്വം ഉണ്ടാക്കിയെടുത്തത് സാമ്രാജ്യത്വത്തിന്റെ, പ്രത്യേകിച്ചും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഇടപെടല്‍ മൂലമാണ്. അതുകൊണ്ട് അമേരിക്കയാണ് ഈ ഫ്രാങ്കെന്‍സ്റ്റീന്‍ എന്ന ചെകുത്താനെ നിര്‍മിച്ചത്. ഇന്നത് അവരെത്തന്നെ നേര്‍ക്കുനേരെ നേരിടുന്നു. ഇറാക്കിലായാലും, ഇറാനിലായാലും സുഡാനിലായാലും, ഇന്തോനേഷ്യയിലായാലും അഫ്ഗാനിസ്ഥാനിലായാലും ഈ രാജ്യങ്ങളിലൊക്കെ പുരോഗമനപരമായ ദേശീയതയെ ഉയര്‍ത്തിപ്പിടിക്കുന്ന ഊര്‍ജ്ജസ്വലമായ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഉണ്ടായിരുന്നു: ആ ദേശീയതയുടെ അടിസ്ഥാനത്തില്‍ അവര്‍ വിപുലമായ ബഹുജനങ്ങളെ അണിനിരത്തി. എന്നാല്‍ ഇവയിലോരോന്നിലും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ നടത്തപ്പെട്ട അട്ടിമറി, ഈ രാജ്യങ്ങളില്‍ ഓരോന്നിലും ഉണ്ടായിരുന്ന പുരോഗമന ശക്തികളെ തകര്‍ത്തു. ഇന്നവ മതഭീകരതയുടെ വളര്‍ച്ചയ്ക്കു പറ്റിയ വളക്കൂറുള്ള മണ്ണാണ്.

ഇന്ത്യയിലെ കൂട്ടായ പ്രക്ഷോഭത്തിന്റെ തകര്‍ച്ചയുണ്ടായത് സാമ്രാജ്യത്വ ഇടപെടല്‍ കൊണ്ടല്ല. സമകാലീന പുത്തന്‍ ഉദാരവല്‍ക്കരണ മുതലാളിത്തത്തിന്റെ സഹജമായ പ്രവണതയുടെ പ്രകടനം എന്ന നിലയിലാണ് അത് ഇന്ത്യയില്‍ ഉയര്‍ന്നുവന്നത്. ഭരണകൂടത്തിന്റെയും അതിന്റെ വിവിധ ഉപകരണങ്ങളുടെയും സഹായവും പ്രോല്‍സാഹനവും അതിന് ഉണ്ടായിരുന്നുതാനും; പുതിയ ബൂര്‍ഷ്വാ വ്യവസ്ഥിതി ദൃഢമായിത്തീരുന്നതിന്റെ ഗുണഭോക്താക്കളായ വര്‍ഗങ്ങളുടെയും ഗ്രൂപ്പുകളുടെയും പിന്തുണയും അതിനുണ്ടായിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഊര്‍ജ്ജസ്വലതയെ അത് കവര്‍ന്നെടുക്കുകയായിരുന്നു. അതേ അവസരത്തില്‍ത്തന്നെ, ജനങ്ങളെ നിര്‍വീര്യരാക്കുന്ന ഈ പ്രക്രിയയെക്കുറിച്ചുള്ള വിജയബോധവും അത് ഈ വര്‍ഗങ്ങളിലും ഗ്രൂപ്പുകളിലും വളര്‍ത്തിയെടുക്കുകയും ചെയ്തു. പക്ഷേ, ഈ വിജയബോധം തെറ്റിദ്ധാരണാജനകമാണ്; കാരണം ഇവിടത്തെ കൂട്ടായ പ്രക്ഷോഭത്തിന്റെ നാശം, നമ്മുടേതായ ഫ്രാങ്കെന്‍സ്റ്റിന്‍ ചെകുത്താന്മാരെ ഉണ്ടാക്കുകയും ചെയ്യും. ഇസ്ളാമിക ഭീകരതയുടെ മാത്രം രൂപത്തിലായിരിക്കുകയില്ല, മറിച്ച് മറ്റു പല രൂപങ്ങളിലും അത് വളര്‍ന്നുവരും. ഇതിന് ശക്തമായ മറ്റൊരു കാരണം കൂടിയുണ്ട്. ധനമൂലധനവുമായി ബന്ധപ്പെടുത്തിക്കൊണ്ട്, "വന്‍ശക്തി''യാവാനുള്ള മോഹവും എല്ലായ്പ്പോഴും കാണാം. മൂലധനത്തിന്റെ നേതൃഘടകം ധനമൂലധനമായിട്ടുള്ള പശ്ചാത്തലത്തില്‍, പുത്തന്‍ ഉദാരവല്‍കൃത മൂലധനം ഇന്ത്യയിലേക്ക് വിജയകരമായി പറിച്ചു നടപ്പെട്ടതിനോടൊപ്പം നമ്മുടെ സ്വന്തം ബൂര്‍ഷ്വാസിക്കിടയില്‍ "വന്‍ശക്തി''യാവാനുള്ള "അധികാരമോഹ''വും ഉണ്ടാകുന്നതായികാണാം. "ചൈനയുമായുള്ള മല്‍സരത്തെക്കുറിച്ചും (അത് സുപ്രീംകോടതിപോലും ഇപ്പോള്‍ ഉള്‍ക്കൊണ്ടിട്ടുള്ളതായി തോന്നുന്നു) "ആഗോളശക്തിയായി ഉയര്‍ന്നുവരുന്ന'' ഇന്ത്യയുടെ പങ്കിനെക്കുറിച്ചും ഇടയ്ക്കിടെ ഉണ്ടാകുന്ന പരാമര്‍ശങ്ങള്‍ അതിന്റെ ലാക്ഷണിക സൂചനകളാണ്. അമേരിക്കന്‍ ഐക്യനാടുകളുമായും മറ്റ് പ്രമുഖ മുതലാളിത്ത രാജ്യങ്ങളുമായും ചില "നീക്കുപോക്കു''കളൊക്കെ വരുത്തിക്കൊണ്ടു മാത്രമേ ഈ "വന്‍ശക്തി'' അധികാരമോഹം സാധിത പ്രായമാക്കാന്‍ കഴിയൂ. എന്നാല്‍ ആ രാഷ്ട്രങ്ങളുടെ സമരങ്ങളില്‍ അവരുടെ കൂടെനില്‍ക്കണമെന്നും അതുവഴി അവരുടെ ശത്രുക്കളെ നമ്മുടെ ശത്രുക്കളാക്കണമെന്നും കൂടി അതിനര്‍ഥമുണ്ട്.

ഇതിനൊക്കെപുറമെ, വന്‍ശക്തിയാവാനുള്ള അധികാരമോഹം ജനാധിപത്യവിരുദ്ധമാണ്. കാള്‍മാര്‍ക്സ് പറഞ്ഞപോലെ, "മറ്റൊരു രാഷ്ട്രത്തെ അടിച്ചമര്‍ത്തുന്ന ഒരു രാഷ്ട്രത്തിന് സ്വയം സ്വതന്ത്രമാവാന്‍ കഴിയില്ല''. സ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള അന്വേഷണമാണ് എല്ലാ ജനാധിപത്യ പ്രവര്‍ത്തനങ്ങളുടെയും അന്തഃസത്ത എന്നതിനാല്‍ അത്തരമൊരു രാഷ്ട്രം പരമാര്‍ത്ഥത്തില്‍ ജനാധിപത്യത്തെയും വെട്ടിച്ചുരുക്കും. ഇറാക്കില്‍ യുദ്ധത്തിലേര്‍പ്പെട്ട പ്രമുഖ മുതലാളിത്ത രാജ്യങ്ങളിലെ ജനങ്ങളില്‍ ഭൂരിപക്ഷവും അധികപക്ഷവും ആ യുദ്ധത്തിന് എതിരായിരുന്നിട്ടും അവരെങ്ങനെ യുദ്ധം ചെയ്തു എന്നത് യാദൃച്ഛികമല്ല. ഇന്ത്യയും, ഇന്നത്തെ അതിന്റെ രാഷ്ട്രീയ - സാമ്പത്തിക സഞ്ചാരപഥത്തില്‍, അതേ ദിശയില്‍ത്തന്നെയാണ് മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നത്; ഒരു "പ്രമുഖ മുതലാളിത്ത ശക്തിയായി'' ഉയര്‍ന്നുവരുന്നതിന്റെയും "പ്രമുഖ മുതലാളിത്ത ശക്തി''കളുടെ സംഘത്തില്‍ അംഗമായിത്തീരുന്നതിന്റെയും ദിശയില്‍ത്തന്നെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ മറ്റ് രാജ്യങ്ങളുടെമേല്‍ മേധാവിത്വം സ്ഥാപിച്ചുകൊണ്ട് ഒരു "പ്രമുഖ മുതലാളിത്ത ശക്തി''യായി ഉയര്‍ന്നുവരുന്നതിന്, നമ്മുടെ സ്വാതന്ത്യ്രസമരത്തിന്റെ വീക്ഷണത്തെ മാത്രമല്ല, സ്വാതന്ത്യ്രസമരത്തില്‍നിന്ന് നമുക്ക് ഒസ്യത്തായി ലഭിച്ച ജനാധിപത്യത്തിന്റെ ഊര്‍ജ്ജസ്വലതയേയും തലകീഴാക്കി തിരിക്കേണ്ടതുണ്ട്.

No comments: