ദേശാഭിമാനി ലേഖനം
ഇനി ഒപ്പിടുന്നതെന്തിന്?
പ്രഭാവര്‍മ
ഇന്ത്യന്‍ റിപ്പബ്ളിക്കിന് 60 തികയുമ്പോള്‍, രാജ്യത്തെ നയിക്കുന്നവര്‍ എങ്ങനെ ചിന്തിക്കുന്നു, ഏതു നയം പിന്തുടരുന്നു എന്ന പരിശോധന പ്രസക്തമാണ്. അമേരിക്കയും ചൈനയും ഒപ്പിട്ടാല്‍ സമഗ്ര ആണവ പരീക്ഷണനിരോധന കരാറിലും (സിടിബിടി) ആണവനിര്‍വ്യാപന കരാറിലും (എന്‍പിടി) ഒപ്പുവയ്ക്കാന്‍ ഇന്ത്യ തയ്യാറാണ് എന്നതാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ പ്രസ്താവം; വിചിത്രമാണത്. ഇന്ത്യയുടെ അഭിമാനം രക്ഷിക്കുന്ന പ്രസ്താവമാണ് ഇത് എന്നാകാം പ്രത്യക്ഷത്തില്‍ ആര്‍ക്കും തോന്നുക. എന്നാല്‍,ഇന്തോ-യുഎസ് ആണവകരാറിനെ പശ്ചാത്തലത്തില്‍ നിര്‍ത്തിനോക്കിയാല്‍ ഇതേക്കാള്‍ വലിയ തമാശ മറ്റൊന്നില്ലെന്നു മനസ്സിലാകും. ഇന്തോ-അമേരിക്ക ആണവസഹകരണം സംബന്ധിച്ച് യുഎസ് പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷ് ഒപ്പുവച്ച് നിയമമാക്കിയ ബില്ലിന്റെ തലക്കെട്ട് ശ്രദ്ധിക്കുക. ഡട കിറശമ ിൌരഹലമൃ രീീുലൃമശീിേ മ്ുുൃീമഹ മിറ ിീി ുൃീഹശളലൃമശീിേ ലിവമിരലാലി മര എന്നാണത്. വെറും ആണവകരാറല്ല, ആണവനിര്‍വ്യാപനത്തിനുവേണ്ടിക്കൂടിയുള്ള കരാറാണ് അത് എന്നര്‍ഥം. ആണവനിര്‍വ്യാപനമെന്നത് നിയമത്തില്‍ ഒളിഞ്ഞുകിടക്കുകയല്ല, തലക്കെട്ടില്‍ത്തന്നെ തെളിഞ്ഞുനില്‍ക്കുകയാണ്. ഇന്തോ-യുഎസ് ആണവകരാര്‍ നിലവില്‍വന്നതോടെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആണവ നിര്‍വ്യാപനകരാറില്‍ ഒപ്പുവച്ച സ്ഥിതി നിലവില്‍വന്നുവെന്നര്‍ഥം. എന്‍പിടിയില്‍ വേറിട്ട് ഒപ്പുവയ്ക്കേണ്ട അവസ്ഥ ഇല്ലാതായി എന്നുചുരുക്കം. ഇന്ത്യ ആണവ പരീക്ഷണം നടത്തിയാല്‍ ആ നിമിഷം കരാര്‍ തീരുമെന്നും ഇന്ത്യ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും കോണ്ടലിസ റൈസ് പറഞ്ഞതും പ്രണബ് മുഖര്‍ജിയെ സാക്ഷിനിര്‍ത്തിയാണ്. കോണ്ടലിസ റൈസിന്റെ വാക്കുകള്‍ കരാറിലും നിയമത്തിലും നിയമത്തിന്റെ തലക്കെട്ടില്‍പ്പോലും സ്ഥാനംപിടിച്ചു. എച്ച്ആര്‍ 7081 എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ആ നിയമത്തിനനുസരിച്ച് പ്രവര്‍ത്തിക്കാനല്ലാതെ ഇന്ത്യക്കിന്ന് സ്വാതന്ത്യ്രമില്ല. ഇതാണ് സത്യമെന്നിരിക്കെ മന്‍മോഹന്‍സിങ് കഴിഞ്ഞദിവസം പറഞ്ഞ വാക്കുകള്‍ക്ക് തമാശയ്ക്കപ്പുറത്തേക്ക് ഒരു പ്രാധാന്യവും ഉണ്ടാകുന്നില്ല. ഇതു മാത്രമല്ല തമാശ. അമേരിക്കയും ചൈനയും ഒപ്പുവച്ചാല്‍ ഇന്ത്യയും സിടിബിടി എന്ന സമഗ്ര ആണവപരീക്ഷണ നിരോധനകരാറില്‍ ഒപ്പുവയ്ക്കാമെന്നാണ് മന്‍മോഹന്‍സിങ് പറയുന്നത്. അമേരിക്കയും ചൈനയും ആണവായുധ രാജ്യങ്ങളാണ്. ഇന്ത്യ അതല്ല. ലോകന്യൂക്ളിയര്‍ ക്ളബ്ബില്‍ അംഗങ്ങളായി അഞ്ച് രാജ്യങ്ങളേയുള്ളൂ. ചൈന, റഷ്യ, അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവ. ഇന്ത്യ ഒന്ന്, രണ്ട് ന്യൂക്ളിയര്‍ ടെസ്റ് നടത്തിയിട്ടുണ്ടെങ്കിലും അതിന്റെ അടിസ്ഥാനത്തില്‍ ആയുധം വികസിപ്പിച്ചിട്ടില്ല. അഥവാ ഉണ്ടെങ്കില്‍ത്തന്നെ ഇന്ത്യയെ ആണവായുധരാജ്യമായി ലോകത്ത് ആരും അംഗീകരിച്ചിട്ടില്ല. ആണവായുധരാജ്യമാണെന്നതുകൊണ്ടുതന്നെ ആണവനിര്‍വ്യാപനകരാര്‍, സമഗ്ര ആണവപരീക്ഷണനിരോധനകരാര്‍ എന്നിവയില്‍ ഒപ്പുവയ്ക്കുക എന്ന പ്രശ്നം അമേരിക്കയുടെയോ ചൈനയുടെയോ മുമ്പില്‍ ഉദിക്കുന്നില്ല. ഇന്ത്യ ഇന്ന് ആഗ്രഹിക്കുന്നത് നേരത്തെതന്നെ സാധിച്ചുകഴിഞ്ഞിട്ടുള്ള രാജ്യങ്ങളാണവ. അതുകൊണ്ടുതന്നെ ഈ രംഗത്ത് ഇന്ത്യക്കും ആ രണ്ടു രാജ്യത്തിനുമിടയ്ക്ക് സമാനമായി ഒന്നുമില്ല. അമേരിക്കയും ചൈനയും ഈ നിമിഷത്തില്‍ എന്‍പിടിയിലും സിടിബിടിയിലും ഒപ്പുവയ്ക്കുന്നെന്ന് സങ്കല്‍പ്പിക്കുക. ആ രണ്ടു രാജ്യവും ആണവായുധരാജ്യങ്ങളായിത്തന്നെ തുടരും. ഇന്ത്യ ആണവായുധരഹിത രാജ്യമായും തുടരും. ഈ സാഹചര്യത്തിലാണ്, അമേരിക്കയും ചൈനയും ഒപ്പുവച്ചാല്‍... എന്ന മന്‍മോഹന്‍സിങ്ങിന്റെ വാക്കുകളും തമാശയാകുന്നത്. ആണവപരീക്ഷണം നടത്തിയാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് കോണ്ടലിസ റൈസ് പറഞ്ഞപ്പോഴോ, ആണവപരീക്ഷണം നടത്തില്ലെന്ന ഉറപ്പ് ഇന്ത്യന്‍ പ്രധാനമന്ത്രി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ആണവകരാറുമായി മുമ്പോട്ടുപോകുന്നതെന്ന് യുഎസ് കോഗ്രസിലെ വിദേശബന്ധസമിതി ചെയര്‍മാന്‍ ഹൊവാര്‍ഡ് ആവര്‍ത്തിച്ചപ്പോഴോ, സിടിബിടിയിലോ എന്‍പിടിയിലോ ഒപ്പുവയ്ക്കാന്‍ ഇന്ത്യയെ നിര്‍ബന്ധിക്കേണ്ട സ്ഥിതി കരാറോടെ ഇല്ലാതാകുന്നു എന്ന് യുഎസ് കോഗ്രസ് അംഗങ്ങള്‍ക്കിടയില്‍ ബുഷ് ഭരണം കുറിപ്പ് വിതരണം ചെയ്തപ്പോഴോ, എച്ച്ആര്‍ 7081 എന്നറിയപ്പെടുന്ന നിയമത്തിന്റെ തലക്കെട്ടില്‍ത്തന്നെ ആണവനിര്‍വ്യാപനം സ്ഥാനംപിടിച്ചപ്പോഴോ മന്‍മോഹന്‍സിങ് വായ തുറന്നില്ല. ഒടുവില്‍ വൈകി ഈ ഘട്ടത്തില്‍ വായ തുറന്നു. പുറത്തുവന്നതാകട്ടെ, ലോകത്തിന് ഇന്ത്യയെ നോക്കി ചിരിക്കാനുതകുന്ന അന്താരാഷ്ട്രതമാശയായി മാറുകയും ചെയ്തു. സിടിബിടിയിലും എന്‍പിടിയിലും ഒപ്പുവച്ചാലുണ്ടാകുന്ന അവസ്ഥ അതില്ലാതെതന്നെ രാജ്യത്തിനുമേല്‍ അടിച്ചേല്‍പ്പിച്ചിട്ട്, അമേരിക്ക ഒപ്പുവച്ചാല്‍ ഞങ്ങളും ഒപ്പുവയ്ക്കാം എന്നുപറയുന്നതിനേക്കാള്‍ വലിയ തമാശ വേറെന്തുണ്ട്. അമേരിക്ക ഒപ്പുവച്ചാല്‍പ്പോലും അമേരിക്കയുടെ ആണവായുധരാജ്യമെന്ന പദവിക്ക് ഒരു കോട്ടവും തട്ടുന്നില്ല. ഇന്ത്യ ഒപ്പുവച്ചില്ലെങ്കില്‍പ്പോലും ആണവായുധപരീക്ഷണ സാധ്യത ഇനി ഇന്ത്യക്കുമുമ്പില്‍ ഇല്ലെന്ന അവസ്ഥയ്ക്കും മാറ്റമുണ്ടാകുന്നില്ല. ഈ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ വാക്കുകളെ തമാശ എന്നല്ലാതെ എങ്ങനെ വിശേഷിപ്പിക്കും?
No comments:
Post a Comment