Monday, January 25, 2010

സ്ത്രീയും പുരുഷനും

സ്ത്രീയും പുരുഷനും

ശതമന്യു


(ദേശാഭിമാനി )

പിടിക്കപ്പെട്ടത്് കുറിയും ഖദറുമിട്ട ഉണ്ണിത്താനായതുകൊണ്ട് നമുക്ക് സ്ത്രീപുരുഷ ബന്ധത്തിന്റെ ഉദാത്ത തലങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാം. സക്കറിയയെ ചോദ്യംചെയ്തത് എസ്എഫ്ഐക്കാരായതുകൊണ്ട് നമുക്ക് മാര്‍ക്സിസ്റ്റ് പാര്‍ടിയുടെ സാംസ്കാരിക ഫാസിസത്തെക്കുറിച്ച് രോഷം കൊള്ളാം. കൂറുമാറിയത് മാര്‍ക്സിസ്റ്റ് പാര്‍ടിയില്‍ നിന്നാകയാല്‍ നമ്മുടെ ആശങ്ക മനോജ് കുരിശിങ്കലിന്റെ മതവിശ്വാസത്തെ മാര്‍ക്സിസ്റ്റുകാര്‍ ഹനിക്കുന്നതിനെക്കുറിച്ചാകട്ടെ. എസ്എഫ്ഐയുടെ വനിതാ നേതാവിനെ ഹീനമായ ഭാഷയില്‍ ആക്ഷേപിച്ച മാതൃഭൂമി പത്രം മഹത്തരവും അത്തരം നെറികേടുകളെ ചോദ്യംചെയ്ത് 'എടോ ഗോപാലകൃഷ്ണാ' എന്ന് പ്രസംഗമധ്യേ പരാമര്‍ശിച്ച സിപിഐ എം നേതാവ് ധൃഷ്ടനുമാകുന്ന തലതിരിഞ്ഞ ബോധം നമുക്കുചുറ്റും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. സ്വന്തം കുഞ്ഞിനെ തൊട്ടിലിലും ആരാന്റെ കുട്ടീനെ ചക്കിലും ഇട്ടുതന്നെ ആട്ടണം. ജവാഹര്‍ലാല്‍ നെഹ്റുവിനെ ലേഡി മൌണ്ട് ബാറ്റനോടു കൂട്ടിക്കെട്ടാം. കൊളംബിയക്കാരിക്ക് രാഹുലിന്റെ കൂടെ അര്‍ധനഗ്നയായി നാടുചുറ്റാം-ഉണ്ണിത്താനെന്തേ സേവാദള്‍ വിപുലപ്പെടുത്താന്‍ രാത്രി സഞ്ചാരമായിക്കൂടെന്ന് കോഗ്രസിനകത്ത് ചോദ്യമുയരുന്നതില്‍ തെറ്റില്ല. അത്തരം സഞ്ചാരമാണ് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതെന്നും ഉണ്ണിത്താന്റെ മഹത്കൃത്യം പ്രകീര്‍ത്തിക്കപ്പെടേണ്ടതാണെന്നും വായിട്ടടിക്കുന്നത് ആവിഷ്കാര സ്വാതന്ത്യ്രം തന്നെ. അങ്ങനെ പറയുന്നത് സഹിയാതെ 'അതുനിന്റെ വീട്ടില്‍ പോയി പറഞ്ഞാല്‍മതി' എന്ന് പ്രതിവചിക്കുന്നതിലുമില്ലേ ഉദാത്തമായ ആവിഷ്കാര സ്വാതന്ത്യ്രം? സക്കറിയ പറഞ്ഞതെന്തെന്ന് ആദ്യമാരും മനസ്സിലാക്കിയിരുന്നില്ല. കമ്യൂണിസ്റ്റ് നേതാക്കളെ അധിക്ഷേപിക്കുന്നതായിരുന്നു പയ്യന്നൂര്‍ പ്രസംഗമെന്ന് അപ്പുക്കുട്ടന്‍ മാഷടക്കമുള്ള സാക്ഷികള്‍ പറഞ്ഞപ്പോള്‍, അതു കള്ളവും സക്കറിയ കള്ളം പറയാത്തവനുമായി. "സക്കറിയ കള്ളം പറയുമെന്ന് വിശ്വസിക്കുന്നില്ല'' എന്നാണ് ശുദ്ധമനസ്കരില്‍ ചിലര്‍ പറഞ്ഞത്. പയ്യന്നൂര്‍ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നപ്പോള്‍ കള്ളം പറഞ്ഞത് ആരെന്നു വ്യക്തമായി. അതില്‍പ്പിന്നെ സക്കറിയക്കുവേണ്ടിയുള്ള ന്യായീകരണവാദക്കരെയൊന്നും വലുതായി കണ്ടിട്ടില്ല. കമ്യൂണിസ്റ്റുകാരുടെ ഒളിവുജീവിതം എന്നാല്‍, എന്തോ സുഖമുള്ള ഒന്നാണെന്നത്രേ സക്കറിയ മനസ്സിലാക്കിയിട്ടുള്ളത്. പയ്യന്നൂരുകാരുടെ ക്ഷമ അപാരം തന്നെ. ഇത്ര കടുപ്പത്തിലുള്ള ്ആവിഷ്കാര സ്വാതന്ത്യ്രവും അവര്‍ സഹിച്ചുവല്ലോ. എല്ലാം കഴിഞ്ഞ്, ബോംബെ ഹോട്ടലിലെ ഒരുമണിക്കൂര്‍ ഡിസ്കഷനുശേഷം സക്കറിയയും മൂന്നു കൂട്ടുകാരും ഇറങ്ങിവരുമ്പോഴാണല്ലോ 'സംഭവം' ഉണ്ടാകുന്നത്. ആ സമയത്ത് സക്കറിയ വല്ലാതെ ക്ഷുഭിതനായിരുന്നെന്നും കാറിലേക്ക് സുഹൃത്തുക്കള്‍ തള്ളിക്കയറ്റുകയായിരുന്നെന്നും പറയുന്നു. സക്കറിയ പൊലീസില്‍ പരാതിപ്പെട്ടിട്ടുമില്ല. എന്തോ ഒരു മറച്ചുവയ്ക്കല്‍ അവിടെയുണ്ട്. അത് സി വി ബാലകൃഷ്ണനെങ്കിലും പിന്നീടെപ്പോഴെങ്കിലും വെളിപ്പെടുത്തുമായിരിക്കും. സെബാസ്റ്റ്യന്‍ പോള്‍ കാര്യം കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. "അറിഞ്ഞിടത്തോളം ചോദ്യവും തര്‍ക്കത്തരവും ചേര്‍ന്നപ്പോഴാണ് വാക്കേറ്റമുണ്ടായത്. വാക്കേറ്റം കൈയേറ്റമായോ എന്ന് പൊലീസ് അന്വേഷിക്കട്ടെ. കൈയേറ്റക്കാരോടു ക്ഷമിക്കാന്‍ തയ്യാറില്ലെങ്കില്‍ സക്കറിയ പൊലീസിനു പരാതി നല്‍കണമായിരുന്നു. വാദി പ്രതിയാകുമോ എന്ന ഭയത്താല്‍ അദ്ദേഹം അതിനു തയ്യാറാകുന്നില്ല. ജനാധിപത്യത്തിലും നിയമവാഴ്ചയിലുമുള്ള അവിശ്വാസമാണ് സക്കറിയ എന്ന സാംസ്കാരിക നായകന്‍ പ്രകടിപ്പിക്കുന്നത്. ജനാധിപത്യ വിരുദ്ധമായ ഈ മനോഭാവത്തില്‍നിന്നാണ് സാംസ്കാരിക ഫാസിസത്തിന്റെ തുടക്കം''. പാര്‍ടിക്കെതിരെ പരസ്യമായി, പലരെയും വേദനിപ്പിച്ച തലത്തിലോളം അഭിപ്രായം പ്രകടിപ്പിച്ച ആളാണ് സെബാസ്റ്റ്യന്‍ പോള്‍. അദ്ദേഹം പറയുന്നത്,"എന്റെ ആശങ്കകളില്‍ ഔദ്യോഗിക വിശദീകരണം നല്‍കിയതല്ലാതെ ഒരു ദുരനുഭവവും എനിക്കുണ്ടായില്ല. ടെലിഫോണില്‍പ്പോലും അസുഖകരമായത് കേള്‍ക്കേണ്ടിവന്നില്ല'' എന്നാണ്. ഇപ്പോള്‍ സക്കറിയയെ ഏറ്റെടുത്തിരിക്കുന്നത് കോഗ്രസ് ചാനലും മുനീര്‍ വിഷനുമെല്ലാമാണ്. കോഗ്രസ് ചാനലുകാരന്‍, സിപിഐ എമ്മിനകത്ത് വിപ്ളവകരമായ ചിന്ത നഷ്ടപ്പെടുകയാണെന്ന് ആശങ്കപ്പെടുന്നിന് മേലൊപ്പുചാര്‍ത്തിക്കൊടുക്കാനും വേണം ഒരു സക്കറിയ! * * * * * * * * * * * സിപിഐ എമ്മിന്റെ അസഹിഷ്ണുത, സ്ത്രീപുരുഷ ബന്ധങ്ങളിലെ വിപ്ളവം-ഇവയാണല്ലോ പുതിയ ചര്‍ച്ചാവിഷയം. തല്ലിത്തീര്‍ക്കലാണ് പരിപാടിയെങ്കില്‍ സിപിഎമ്മിനെയും നേതാക്കളെയും നാടുനീളെ തെറിവിളിച്ചും അപവാദം പറഞ്ഞും കള്ളക്കേസുണ്ടാക്കിയും സ്വച്ഛമായി നടക്കുന്നില്ലേ മഹാന്മാര്‍. വല്ലപ്പോഴുമെങ്കിലും പാര്‍ടിക്കനുകൂലമായും സംസാരിക്കാറുള്ള സക്കറിയയെ കൈകാര്യം ചെയ്യുന്നതിനു പകരം അത്തരക്കാരുടെ ശരീരത്തില്‍വേണ്ടേ അസഹിഷ്ണുവായ സിപിഐ എമ്മുകാരന്റെ കൈ വീഴാന്‍? കുഞ്ഞാലിക്കുട്ടിയെ കുടുക്കി രാഷ്ട്രീയവിരോധം തീര്‍ക്കാന്‍ പെണ്ണുകേസ് ഉപയോഗിച്ചില്ലെന്നായിരുന്നു ആക്ഷേപം. ഉണ്ണിത്താന്‍ പിടിക്കപ്പെട്ടപ്പോള്‍ സ്ത്രീപുരുഷ സ്വാതന്ത്യ്രത്തിന്റെ മഹത്തായ അര്‍ഥതലങ്ങള്‍ക്കുനേരെ സിപിഐ എം കൈയേറ്റം നടത്തുന്നുവെന്ന്. എന്തേ സിപിഐ എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടാണോ ഉണ്ണിത്താന്‍ സേവാദളിനെയുംകൊണ്ട് മഞ്ചേരിയില്‍ പോയത്? പിടിക്കപ്പെട്ടത് ഉണ്ണിത്താനാണെന്നു മനസ്സിലാക്കിയപ്പോള്‍ കോഗ്രസുകാര്‍ പിന്‍വാങ്ങിയതുപോലെ അവിടെയുണ്ടായിരുന്ന മറ്റു നാട്ടുകാരും പിന്മാറണമായിരുന്നുവോ? സിപിഐ എമ്മിന്റെ ജനാധിപത്യബോധവും മര്യാദയും വെറുതെ ചോദ്യംചെയ്യുന്നത് ശരിയാണോ എന്ന് യുഡിഎഫ് നേതൃത്വത്തിലെ ചിലരെങ്കിലും ചിന്തിക്കണം. സമുന്നത യുഡിഎഫ് നേതാവിന്റെ വീട്ടിലെ മഞ്ഞക്കഥയുംകൊണ്ട് ഉറ്റ ബന്ധുക്കള്‍ പലവട്ടം കയറിയിറങ്ങിയിട്ടും അത്തരം കഥ ഉപയോഗിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ ഞങ്ങളില്ലെന്ന് ഉറപ്പിച്ചുപറഞ്ഞ് തിരിച്ചുവിട്ടിട്ടില്ലേ? പാലക്കാട്ടെ തീവണ്ടിക്കേസ് പ്രചരിപ്പിച്ച് നേട്ടംകൊയ്യാന്‍ സിപിഐ എം നിന്നിട്ടില്ലല്ലോ. അതൊക്കെ തുറന്നുപറഞ്ഞുള്ള സംവാദത്തിന് യുഡിഎഫ് തയ്യാറാകുമോ? ഉണ്ണിത്താന്‍ പ്രളയകാലത്ത് വിളിച്ചുപറഞ്ഞ കാര്യത്തിലെങ്കിലും തുറന്നൊരു ചര്‍ച്ചയ്ക്ക് നില്‍ക്കാമോ? സ്ത്രീകളോടും സ്ത്രീപുരുഷ ബന്ധത്തോടും പ്രണയത്തോടുമെല്ലാം മാര്‍ക്സിസ്റ്റുകാര്‍ക്കുള്ള സമീപനം ഏതായാലും ഉണ്ണിത്താനും സക്കറിയയും പ്രക്ഷേപണം ചെയ്യുന്നതല്ല. സ്വകാര്യസ്വത്തിനെ അടിസ്ഥാനമാക്കിയുള്ള സമൂഹങ്ങള്‍ക്ക് സ്ത്രീകളെ അടിച്ചമര്‍ത്തേണ്ടത് ആവശ്യമാണ്. മാര്‍ക്സിസ്റ്റുകാര്‍ ഭൌതിക പരിതഃസ്ഥിതികളില്‍ മാറ്റംവരുത്താന്‍ സമരം ചെയ്യുന്നവരാണ്. സ്ത്രീകളെ കീഴ്പ്പെടുത്തുന്നത് അംഗീകരിക്കുന്ന; സ്ത്രീ വിമോചനത്തിനു തടസ്സമായി വര്‍ത്തി ക്കുന്ന ആശയങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും എതിരെയാണ് മാര്‍ക്സിസ്റ്റുകാരന്റെ വികാരം. "പണമോ സാമൂഹ്യമായ അധികാരശക്തിയോ മറ്റേതെങ്കിലും ഉപകരണമോ ഉപയോഗിച്ച് സ്ത്രീകളുടെ അധീശത്വം വിലയ്ക്കു വാങ്ങാന്‍ തങ്ങളുടെ ജീവിതത്തിലൊരിക്കലും സൌകര്യം കിട്ടിയിട്ടില്ലാത്ത പുരുഷന്മാരുടെ തലമുറ; യഥാര്‍ഥ പ്രണയം നിമിത്തമല്ലാതെ മറ്റേതെങ്കിലും പരിഗണനകള്‍ വച്ച് പുരുഷനു കീഴടങ്ങാനോ സാമ്പത്തിക വൈഷമ്യങ്ങളെ ഭയന്ന് സ്വന്തം പ്രേമഭാജനത്തെ കൈയൊഴിയാനോ ഒരിക്കലും നിര്‍ബന്ധിക്കപ്പെട്ടിട്ടില്ലാത്ത സ്ത്രീകളുടെ തലമുറ'' -ഇതു രണ്ടും ഉണ്ടായാലേ ഉല്‍ക്കൃഷ്ടമായ സ്ത്രീപുരുഷ ബന്ധത്തിനും അതിന്റെ സ്വാതന്ത്യ്രത്തിനും പൂര്‍ണതയുള്ളൂ. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും അധികാരത്തിന്റെയും പണത്തിന്റെയും ഹുങ്കുകാട്ടിയും സ്ത്രീകളെ പാട്ടിലാക്കി ആളില്ലാത്ത വീട്ടില്‍ കൊണ്ടുപോയി സുഖിക്കുന്ന ഏര്‍പ്പാടിനു മറ്റൊരു ന്യായീകരണവും ചേരില്ല. വ്യഭിചാരത്തിനും കാമഭ്രാന്തിനും അവിഹിതവേഴ്ചയ്ക്കും എന്ത് തത്വാധിഷ്ഠിത പരിവേഷം? ഉണ്ണിത്താന്‍ ചെയ്തത് എന്തെന്ന് നാട്ടുകാര്‍ക്കു മുഴുവനും അറിയാം. അതിനെ ന്യായീകരിക്കാനും മഹത്വപ്പെടുത്താനും 'കരി ഇതുപോര'. * * * * * * * * * * * പോള്‍ വധക്കേസ് സിബിഐക്കു വിട്ട് ഹൈക്കോടതി വിധിയുണ്ടായപ്പോള്‍ ചില നിര്‍ഭയ നിരന്തരക്കാര്‍ക്ക് ഇളക്കം. ഞങ്ങള്‍ അന്നേ പറഞ്ഞതല്ലേ എന്ന്. മഠത്തില്‍ രഘുവിന്റെ ദുഫായിലെ ഹോട്ടലില്‍ മറ്റേ രണ്ടു പുള്ളികളെ ഒളിപ്പിച്ചിട്ടുണ്ടെന്നും നിര്‍ഭയം പറഞ്ഞത് അവര്‍ തന്നെയാണ്. അതും ശരിയായോ ആവോ. ആയിരക്കണക്കിന് കോടികള്‍ ആസ്തിയുള്ളവന്‍ കൊല്ലപ്പെടുമ്പോള്‍ മനുഷ്യാവകാശം, മാധ്യമ ധര്‍മം, മണ്ണാങ്കട്ട. സിബിഐക്ക് ഇങ്ങനെ പല കേസും മുമ്പ് വിട്ടിട്ടുണ്ട്. ഒടുവില്‍, സംസ്ഥാന പൊലീസ് പറഞ്ഞതാണ് ശരി എന്ന് അവര്‍ പറഞ്ഞിട്ടുമുണ്ട്. ഇവിടെ അങ്ങനെ സംഭവിച്ചാല്‍ ഇന്റര്‍പോളിനെ വരുത്താം. കോടതി പറഞ്ഞതും യഥാര്‍ഥത്തില്‍ സംഭവിച്ചതും തമ്മില്‍ ചില പൊരുത്തക്കേടുകളൊക്കെ കാണുന്നുണ്ട്. വെറുതെ ഒരു നിര്‍ഭയ അന്വേഷണം ആ വഴിക്കും നടത്തണം. സംശയമുണ്ടെങ്കില്‍ ബി ആര്‍ പി ഭാസ്കറിനോടും ചോദിക്കാം. എന്നിട്ട് എഴുതണം, പോള്‍ കൊല്ലപ്പെട്ട് 24 മണിക്കൂറിനകമായിരുന്നോ പത്രസമ്മേളനം? പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ ശേഷമായിരുന്നില്ലേ ഐജി പത്രക്കാരെ കണ്ടത്? അറസ്റ്റിലായ പ്രതികളുടെ മൊഴി എങ്ങനെ അതീന്ദ്രിയ ജ്ഞാനമാകും? വെറുതെ ഒന്ന് ആലോചിച്ചു നോക്കുക. കോടതിയെ വിമര്‍ശിക്കേണ്ട-പിശകു ചൂണ്ടിക്കാട്ടാമല്ലോ. * * * * * * * * * * * വാല്‍ക്കഷ്ണം: അവിഹിതക്കാരനായ ഭര്‍ത്താവിന്റെ കാലുതല്ലിയൊടിക്കാന്‍ ഭാര്യ ക്വട്ടേഷന്‍ കൊടുത്തെന്ന്. മഞ്ചേരിയിലും സംഭവിച്ചത് അങ്ങനെ വല്ലതുമാണോ?

No comments: