കണ്ണീരോടെ ജനലക്ഷങ്ങള്‍
കൊല്‍ക്കത്ത: ഒരു ജനതയ്ക്ക് ആരായിരുന്നു ജ്യോതിബസു എന്നതിന്റെ വികാരനിര്‍ഭരമായ ഉത്തരമായിരുന്നു ചൊവ്വാഴ്ച കൊല്‍ക്കത്ത നഗരം കണ്ട ജനസഞ്ചയം. നാടിന്റെ ആത്മാവും ആവേശവുമായിരുന്ന നേതാവിനോടുള്ള സ്നേഹബഹുമാനങ്ങളോടെ പശ്ചിമബംഗാളിന്റെ നാനാഭാഗങ്ങളില്‍നിന്നും ജനലക്ഷങ്ങള്‍ പ്രവഹിക്കുകയായിരുന്നു. പീസ് ഹെവനില്‍നിന്ന് എസ്എസ്കെഎം ആശുപത്രിയില്‍ അവസാനിച്ച അന്ത്യയാത്രയുടെ ഓരോ നിമിഷവും ജ്യോതിബസുവും ജനങ്ങളുമായുള്ള അടുപ്പത്തിന്റെ ദൃഷ്ടാന്തമായിരുന്നു. വിലാപയാത്ര എത്തുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പേ പാതയോരങ്ങളിലും കെട്ടിടങ്ങളിലുമെല്ലാം ജനങ്ങള്‍ തിങ്ങിനിറഞ്ഞു. നിയമസഭാമന്ദിരത്തില്‍ മൃതദേഹം കിടത്തിയ സമയത്താണ് ലോകത്തിന്റെയും രാഷ്ട്രത്തിന്റെയും സ്നേഹാദരങ്ങളാകെ ഒഴുകിയെത്തിയത്. ബംഗ്ളാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന മുതല്‍ സോണിയ ഗാന്ധി വരെ വലിയൊരു നിര നേതാക്കളുടെ സാന്നിധ്യം അവിടെയുണ്ടായി. ഏറ്റവും വികാരസാന്ദ്രമായ രംഗങ്ങള്‍ക്കാണ് ഇവിടം സാക്ഷിയായത്. പ്രത്യേകം ഒരുക്കിയ വഴിയിലൂടെ തിങ്ങിനിറഞ്ഞെത്തിയവര്‍ ബസുവിന്റെ ചിത്രങ്ങള്‍, അദ്ദേഹത്തിന്റെ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച പത്രങ്ങള്‍, പൂക്കള്‍ കൊണ്ടുള്ള പടുകൂറ്റന്‍ റീത്തുകള്‍, അരിവാള്‍ ചുറ്റിക നക്ഷത്രം അങ്ങനെ തങ്ങളുടെ നേതാവിനെ ആദരിക്കാനുള്ളതെന്തും കൈയിലേന്തിയിരുന്നു. ചെങ്കൊടിയേന്തി സാര്‍വ്വദേശീയ ഗാനമാലപിച്ച് സിപിഐ എം വളണ്ടിയര്‍മാരും ബംഗാളി വിപ്ളവഗാനങ്ങളും രവീന്ദ്ര, നസ്റുള്‍ ഗീതങ്ങള്‍ പാടി പ്രവര്‍ത്തകരും വിലാപയാത്രയോടൊപ്പം നീങ്ങി. വിവിധ മതവിഭാഗങ്ങളുടെ മേധാവികള്‍ നിയമസഭാമന്ദിരത്തിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. ഹിന്ദു, മുസ്ളിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന മതനേതാക്കള്‍ ബസുവിന് അന്ത്യാഞ്ജലി നല്‍കി ഒന്നിച്ച് പ്രാര്‍ഥിച്ചു. ബസുവിന്റെ ബംഗാളില്‍ തങ്ങള്‍ എത്ര സുരക്ഷിതരാണെന്നതിന്റെ നന്ദിപ്രകടനവും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ഉന്നതമായ മതനിരപേക്ഷതയോടുള്ള ബഹുമാനവും വെളിപ്പെടുത്തുന്നതായിരുന്നു ഈ രംഗങ്ങള്‍. നിയമസഭാമന്ദിരത്തില്‍ ദേശീയ, വിദേശ നേതാക്കള്‍ എത്തുന്നതിനാല്‍ കനത്ത സുരക്ഷയാണ് ഒരുക്കിയത്. നിയമസഭാമന്ദിരത്തിനു മുന്നിലുള്ള ജനങ്ങളുടെ നിര രണ്ട് കിലോമീറ്റര്‍ അകലെ ഷഹീദ് മിനാറിനു മുന്നില്‍വരെ നീണ്ടു. 3.15ന് മൃതദേഹം സൈനികവാഹനത്തില്‍ റെഡ്റോഡ്, കസൌറിനാ അവന്യൂ, ക്യൂന്‍സ്വേ വഴി എസ്എസ്കെഎം ആശുപത്രിക്കടുത്തുള്ള സിറ്റിസസ് പാര്‍ക്കിലേക്ക് നീങ്ങിയപ്പോള്‍ ജനലക്ഷങ്ങളാണ് അനുഗമിച്ചത്. 1925ല്‍ ചിത്തരഞ്ജന്‍ ദാസും 1941ല്‍ രവീന്ദ്രനാഥ ടാഗോറും മരിച്ചപ്പോഴാണ് കൊല്‍ക്കത്ത നഗരം വലിയ സംസ്കാര ചടങ്ങുകള്‍ ദര്‍ശിച്ചത്. സ്വാതന്ത്യ്രപ്രാപ്തിക്കുശേഷം നഗരം കണ്ട ഏറ്റവും വലിയ വിലാപയാത്ര ബസുവിന്റേതായിരുന്നു.
No comments:
Post a Comment