Saturday, February 27, 2010

വിലക്കയറ്റം രൂക്ഷമാകും; കുത്തകകള്‍ ഇനിയും തഴയ്ക്കും

വിലക്കയറ്റം രൂക്ഷമാകും; കുത്തകകള്‍ ഇനിയും തഴയ്ക്കും

ഡോ. ടി എം തോമസ് ഐസക്

ദേശാഭിമാനി

2010-11ലെ കേന്ദ്രബജറ്റ് നല്‍കുന്ന ഉറപ്പുകളിലേക്ക് കണ്ണോടിക്കുക. ഒന്ന്, വിലക്കയറ്റം രൂക്ഷമാക്കും. രണ്ട്, ഇന്ത്യന്‍ കുത്തകകള്‍ ഇനിയും തഴച്ചു വളരും. മൂന്ന്, കേരളത്തിന്റെ റേഷന്‍ പുനഃസ്ഥാപിക്കില്ല; ആസിയന്‍ കരാറില്‍നിന്ന് ഒരു സംരക്ഷണവുമില്ല. നാല്, സംസ്ഥാന സര്‍ക്കാരിനെ സാമ്പത്തികമായി ഞെരുക്കും; റവന്യൂ കമ്മി പൂജ്യമാക്കാനാകില്ല. അസഹ്യമായ വിലക്കയറ്റത്താല്‍ പൊള്ളിപ്പിടയുകയാണ് രാജ്യത്തെ ജനങ്ങള്‍. സമാശ്വാസം തേടി കേന്ദ്രബജറ്റിനെ ഉറ്റുനോക്കിയവര്‍ അമ്പേ നിരാശരായി. വിലനിലവാരം കുതിച്ചുകയറുമ്പോള്‍ സബ്സിഡി വെട്ടിക്കുറയ്ക്കുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചത്. 2009-10ലെ പുതുക്കിയ കണക്കു പ്രകാരം 1.31 ലക്ഷം കോടി ഉണ്ടായിരുന്ന സബ്സിഡി 1.16 ലക്ഷം രൂപയായി ഈ ബജറ്റില്‍ വെട്ടിക്കുറച്ചു. ഭക്ഷ്യസബ്സിഡിയിലെ വെട്ടിച്ചുരുക്കല്‍ 400 കോടിയും വള സബ്സിഡിയില്‍ അത് 3000 കോടിയുമാണ്. ഭക്ഷ്യസുരക്ഷാ നിയമം പാസാക്കുമെന്നാണ് ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനം. മൂന്ന് രൂപയ്ക്ക് അരി 100 ദിവസത്തിനകം നടപ്പാക്കുമെന്നു പറഞ്ഞിട്ട് വര്‍ഷം ഒന്നായി. രണ്ടു രൂപയ്ക്ക് 25 ലക്ഷം കുടുംബത്തിന് അരി നല്‍കുന്ന കേരളത്തില്‍ മൂന്നു രൂപയ്ക്ക് 11 ലക്ഷം കുടുംബത്തിന് അരി ഉറപ്പു നല്‍കുന്ന നിയമത്തെക്കുറിച്ച് എന്തു പറയാന്‍. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ തീരുവ വര്‍ധനയുടെ ഭാരം കഴിഞ്ഞ അര്‍ദ്ധരാത്രിമുതല്‍ ജനങ്ങള്‍ക്കു മീതേ പതിച്ചുകഴിഞ്ഞു. ഇതൊരു തുടക്കംമാത്രം. നികുതിവര്‍ധനയുടെ നേട്ടം സര്‍ക്കാരിനാണ്. കിരിത് പരീഖ് കമ്മിറ്റിയുടെ നിര്‍ദേശമനുസരിച്ച് എണ്ണക്കമ്പനികള്‍ക്ക് നേട്ടമുണ്ടാകണമെങ്കില്‍ വില ഇനിയും വര്‍ധിപ്പിക്കണം. കമ്മിറ്റി നിര്‍ദേശം സംബന്ധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഏതാണ്ട് 70 ശതമാനവും ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റത്തില്‍നിന്നാണ് ഉണ്ടായിട്ടുള്ളത് എന്നതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന്റെ പ്രത്യേകത. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ സംഭാവന നിലവില്‍ 12 ശതമാനമാണ്. എണ്ണവില ഇനിയും കൂടുന്നതോടെ, വിലക്കയറ്റത്തിന്റെ എരിതീയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എണ്ണയായി മാറും. എക്സൈസ് ഡ്യൂട്ടിയില്‍ വരുത്തിയ രണ്ടു ശതമാനം വര്‍ധന വിലക്കയറ്റം കുത്തനെ ഉയര്‍ത്തും. ഇതിലൂടെ 46,000 കോടി രൂപയുടെ അധികവരുമാനമാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. നികുതി കൂടുമ്പോള്‍ വിലയും ഉയരും. പ്രത്യക്ഷനികുതിയില്‍ പ്രഖ്യാപിച്ച ഇളവുകള്‍ കിഴിച്ച് എണ്ണവില വര്‍ധനകൂടി കണക്കിലെടുക്കുമ്പോള്‍ രാജ്യത്ത് 60,000 കോടി രൂപയുടെ വിലക്കയറ്റമുണ്ടാകും. കൊടുംവേനലില്‍ ഉരുകുന്ന ജനതയ്ക്കു മീതെ പെയ്ത കനല്‍മഴയായി പുതിയ കേന്ദ്രബജറ്റ് മാറും. സാധാരണക്കാരന്റെ നിത്യോപയോഗസാധനങ്ങളെ ഒഴിവാക്കി ആഡംബരവസ്തുക്കളുടെ നികുതി വര്‍ധിപ്പിക്കാന്‍ കേന്ദ്രധനമന്ത്രി തയ്യാറല്ല. സാധാരണക്കാര്‍ നല്‍കുന്ന പരോക്ഷനികുതികള്‍ വര്‍ധിപ്പിച്ചപ്പോള്‍ പ്രത്യക്ഷനികുതിയില്‍ 26,000 കോടി രൂപയുടെ ഇളവുകള്‍ നല്‍കി. നികുതിയിളവിന്റെ നേരിയ സൌജന്യം ഇടത്തരക്കാര്‍ക്ക് ലഭിക്കുമ്പോള്‍, ഉപഭോക്തൃച്ചെലവിലുണ്ടാകുന്ന കുതിച്ചുചാട്ടം സാധാരണക്കാരന്റെ നട്ടെല്ലൊടിക്കും. സാമ്പത്തികമാന്ദ്യത്തിന്റെ പേരില്‍ കോര്‍പറേറ്റുകള്‍ക്ക് കഴിഞ്ഞ ബജറ്റില്‍ നല്‍കിയ 80,000 കോടി രൂപയുടെ ഇളവുകള്‍ ഓര്‍ക്കുക. ഈ ഇളവുകള്‍ പിന്‍വലിക്കാന്‍ തയ്യാറല്ലെന്നു മാത്രമല്ല, പുതുതായി കോര്‍പറേറ്റ് സര്‍ച്ചാര്‍ജ് കുറച്ചിട്ടുമുണ്ട്. ചുമ്മാതല്ല, സ്റോക് എക്സ്ചേഞ്ചുകളിലെ ഓഹരിക്കച്ചവടക്കാര്‍ മത്സരിച്ച് ലേലംവിളിച്ച് ഓഹരിവിലകള്‍ രണ്ടുശതമാനം ഉയര്‍ത്തിയത്. ഓഹരിസൂചിക അസ്ത്രവേഗത്തില്‍ കുതിച്ചുകയറുന്നത് സ്വപ്നംകാണുന്ന ചെറുന്യൂനപക്ഷത്തിന്റെ കൈയടിമാത്രമാണ് കേന്ദ്രധനമന്ത്രി പ്രതീക്ഷിക്കുന്നത്. വിലക്കയറ്റത്തിന്റെ ദുരിതം പേറുന്ന സാധാരണജനത അദ്ദേഹത്തിന്റെ പരിഗണനയിലെങ്ങുമില്ല. കോര്‍പറേറ്റുകളുടെയും മറ്റും നികുതിനിരക്ക് വര്‍ധിപ്പിക്കാതെ അവരില്‍നിന്ന് കൂടുതല്‍ വരുമാനമുണ്ടാകുമെന്നാണ് ധനമന്ത്രി കണക്കില്‍ പറഞ്ഞിട്ടുള്ളത്. അങ്ങനെതന്നെ സംഭവിക്കട്ടെ. പക്ഷേ, കോര്‍പറേറ്റുകള്‍ക്കു നല്‍കിയ നികുതിയിളവുകള്‍ പിന്‍വലിക്കാതെയും ഇന്‍കംടാക്സിനും മറ്റും ചില ഇളവുകള്‍ നല്‍കിയിട്ടും റവന്യൂ കമ്മി 5.5ല്‍ നിന്ന് നാലു ശതമാനമായി കുറച്ച വിദ്യയെന്തെന്ന് ചിലരെങ്കിലും വിസ്മയിക്കുന്നുണ്ടാകും. നികുതിയിതര വരുമാനത്തിലെ വര്‍ധന പരിശോധിച്ചാലേ പ്രണബ് മുഖര്‍ജിയുടെ ചെപ്പടിവിദ്യ വെളിപ്പെടൂ. അവിടെ മറ്റുനികുതിയിതര മാര്‍ഗങ്ങള്‍”എന്നൊരിനമുണ്ട്. 2009-10ല്‍ ഈ ഇനത്തില്‍ കിട്ടിയത് 36,845 കോടി രൂപയാണ്. 2010-11ല്‍ പ്രതീക്ഷ 74,571 കോടി രൂപയും. ഇതാകട്ടെ, ജി- മൂന്ന് സെപ്ക്ട്രം വില്‍ക്കുമ്പോഴുണ്ടാകുന്ന വരുമാനമാണ്. ഇതെങ്ങനെ റവന്യൂ വരുമാനമാകും? സര്‍ക്കാരിന്റെ ആസ്തി വില്‍ക്കുമ്പോഴുണ്ടാകുന്നതിനു സമാനമായ വരുമാനം മൂലധനവരുമാനത്തിലാണ് ഉള്‍പ്പെടുത്തേണ്ടത്. മൂലധനവരുമാനത്തില്‍ കാണിക്കേണ്ട വര്‍ധന റവന്യൂ വരുമാനപ്പട്ടികയില്‍ എഴുതിച്ചേര്‍ത്ത കകെട്ടുവിദ്യയുടെ ബലത്തിലാണ് റവന്യൂകമ്മി നാലു ശതമാനത്തില്‍ ഉറപ്പിക്കാന്‍ കഴിഞ്ഞെന്ന കേന്ദ്രധനമന്ത്രിയുടെ വീമ്പിളക്കല്‍. ഇത്രയേറെ അത്യധ്വാനം ചെയ്തിട്ടും കേന്ദ്രബജറ്റിന്റെ മൊത്തം ചെലവില്‍ കേവലം എട്ടു ശതമാനത്തിന്റെ വര്‍ധനയേ ഉളളൂ. 10- 12 ശതമാനം വിലക്കയറ്റമുളള സന്ദര്‍ഭത്തിലാണിത്. അതായത്, വിലക്കയറ്റംകൂടി കണക്കിലെടുത്താല്‍ 2009-10ലേതിനേക്കാള്‍ ചെറുതാണ് ഇപ്പോഴത്തെ ബജറ്റ്. മാന്ദ്യത്തില്‍നിന്ന് രാജ്യം കരകയറുന്നുവെന്നത് വസ്തുതതന്നെ. പക്ഷേ, ഉത്തേജകപാക്കേജേ വേണ്ടെന്ന് വയ്ക്കാറായിട്ടുണ്ടോ? യഥാര്‍ഥത്തില്‍ കമ്മിയുടെ പേരില്‍ വര്‍ധിച്ച ചെലവില്‍ വരുത്തിയ വെട്ടിക്കുറവ് വീണ്ടെടുപ്പിനെ പ്രതികൂലമായി ബാധിക്കും. ധനമന്ത്രിയുടെ പൂര്‍ണ പ്രതീക്ഷ അദ്ദേഹം നല്‍കിയ ഇളവുകളിലും പ്രഖ്യാപനങ്ങളിലും സംപ്രീതരായ കുത്തകകള്‍ മുതല്‍മുടക്ക് വര്‍ധിപ്പിച്ച് രാജ്യത്തെ രക്ഷിക്കും എന്നതാണ്. ബജറ്റിനെ സഹര്‍ഷം സ്വാഗതംചെയ്തത് ഇന്ത്യന്‍ കോര്‍പറേറ്റ് ലോകമാണെന്നു പറഞ്ഞു കഴിഞ്ഞു. അവരുടെ സംഘടനകള്‍ നിര്‍ദേശിച്ച ഉദാരീകരണനയങ്ങള്‍ പൂര്‍ണമായും ബജറ്റില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. കോര്‍പറേറ്റുകള്‍ക്ക് പുതുതായി ബാങ്കുകള്‍തന്നെ അനുവദിച്ചുകഴിഞ്ഞു. വിദേശമൂലധന നിക്ഷേപവും ഉദാരമാക്കും. പുതിയ നിക്ഷേപങ്ങള്‍ക്കുള്ള പ്രോത്സാഹനങ്ങളും വര്‍ധിപ്പിച്ചിട്ടുണ്ട്. പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കും. 25,000 കോടിയാണ് ഈയിനത്തില്‍ വരവ് പ്രതീക്ഷിക്കുന്നത്. വിലക്കയറ്റംകൊണ്ട് ഇന്ത്യയിലെ ബഹുഭൂരിപക്ഷവും പൊറുതിമുട്ടുമ്പോള്‍ കുത്തകകള്‍ ഇനിയും തഴച്ചുവളരും. കേരളത്തെ സംബന്ധിച്ചടത്തോളം ബജറ്റ് തീര്‍ത്തും നിരാശാജനകമാണ്. പശ്ചാത്തല സൌകര്യവികസനത്തിലുണ്ടായ വര്‍ധനയുടെ ആനുപാതികനേട്ടവും കേരളത്തിന് കിട്ടിയിട്ടില്ല. അനുയോജ്യമല്ലാത്ത മാനദണ്ഡങ്ങള്‍മൂലം ഗ്രാമവികസനപദ്ധതികളിലും കേരളത്തിന്റെ നില പരിതാപകരമാണ്. കേന്ദ്രാവിഷ്കൃത സ്കീമുകളുടെ നടത്തിപ്പില്‍ ഒരിളവും ബജറ്റ് നല്‍കുന്നില്ല. കാര്‍ഷികമേഖലയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കുന്നതിന് പണ്ടുപറഞ്ഞ കാര്യങ്ങളല്ലാതെ പുതുതായി ഒന്നുമില്ല. പയര്‍ക്കൃഷിഗ്രാമങ്ങള്‍ക്കും ഹരിതവിപ്ളവമേഖലകള്‍ക്കുമുളള പുതിയ സ്കീമിനു പുറത്തായിരിക്കും കേരളം. കേരളത്തിന് ഏറ്റവും തിരിച്ചടിയാകുന്നത് ആസിയന്‍ കരാറിന്റെ നഷ്ടപരിഹാരമായി ഒരു പാക്കേജും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നുള്ളതാണ്. ആസിയന്‍ കരാര്‍മൂലം ഇന്ത്യക്ക് നേട്ടമുണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. നമ്മുടെ വ്യവസായ സേവന കമ്പനികളുടെ കയറ്റുമതി ഉയരും. അതിനേക്കാള്‍ ഉറപ്പുള്ളതാണ് ആസിയന്‍ രാജ്യങ്ങളില്‍നിന്ന്, കേരളീയര്‍ കൃഷിചെയ്യുന്ന നാണ്യവിളകളുടെ ഇറക്കുമതികൂടുമെന്നുള്ളത്. ഇത് നാണ്യവിളകൃഷിക്കാരുടെ നട്ടെല്ലൊടിക്കും. പിടിച്ചുനില്‍ക്കുന്നതിനായി വിലസംരക്ഷണത്തിനും ഉല്‍പ്പാദന വര്‍ധനയ്ക്കും പാക്കേജുണ്ടാകുമെന്ന് കോഗ്രസ് നേതാക്കള്‍ നാട്ടിലാകെ പ്രസംഗിച്ച് നടന്നതാണ്. എവിടെ ആ പാക്കേജ്? ഗോവാ കടലോരം മോടിപിടിപ്പിക്കുന്നതിന് 200 കോടി രൂപയും തിരുപ്പൂരിന്റെ ശുചിത്വസൌകര്യത്തിന് അതിലേറെ തുകയും വകയിരുത്തിയ കേന്ദ്രധനമന്ത്രിക്ക് കേരളത്തിലെ കൃഷിക്കാരോട് കനിവുതോന്നാതെ പോയതെന്തുകൊണ്ട്? കേന്ദ്ര ബജറ്റ് സംസ്ഥാനസര്‍ക്കാരിനേറ്റ ഇരുട്ടടിയാണ്. സംസ്ഥാനത്തിന്റെ നികുതിവിഹിതം 2.6 ശതമാനത്തില്‍നിന്ന് 2.3 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. കേരളത്തില്‍ കമ്മി ഇല്ലെന്നും അതിനാല്‍ അതു നികത്താന്‍ പ്രത്യേക സഹായം നല്‍കേണ്ടതില്ലെന്നുമാണ് ധനകമീഷന്റെ തീര്‍പ്പ്. വിവിധ മേഖലകള്‍ക്കുള്ള പ്രത്യേക ധനസഹായം 1500 കോടി രൂപ ധനകമീഷന്‍ കേരളത്തിന് വകയിരുത്തിയിട്ടുണ്ട് എന്നത് സത്യമാണ്. എന്നാല്‍, അടുത്ത വര്‍ഷംമുതലേ അത് ലഭിക്കുകയുള്ളൂ. കേന്ദ്രപദ്ധതി അടങ്കല്‍ 15 ശതമാനം ഉയര്‍ത്തിയപ്പോള്‍ സംസ്ഥാനങ്ങള്‍ക്കുള്ള പദ്ധതിധന സഹായം എട്ടു ശതമാനമായി ഉയര്‍ത്താനേ തയ്യാറായിട്ടുള്ളൂ. എന്നാല്‍,സംസ്ഥാനസര്‍ക്കാര്‍ അഞ്ചുവര്‍ഷംകൊണ്ട് റവന്യൂ കമ്മി ഇല്ലാതാക്കണമെന്ന ശാഠ്യം കേന്ദ്രസര്‍ക്കാരിനുണ്ട്. അടുത്ത വര്‍ഷംമുതല്‍ റവന്യൂ കമ്മി കുറച്ചു തുടങ്ങണം. ശമ്പളപരിഷ്കരണം നടപ്പാക്കുമ്പോള്‍ എങ്ങനെയാണ് റവന്യൂ കമ്മി കുറയ്ക്കുക? ശമ്പളപരിഷ്കരണം നടപ്പാക്കിയില്ലെങ്കിലും കുഴപ്പമില്ലെന്ന മട്ടാണ് ധനകമീഷന്. ഏതായാലും ശമ്പള കുടിശ്ശിക നല്‍കേണ്ടതില്ലെന്ന് പച്ചയ്ക്ക് അവര്‍ പറഞ്ഞിട്ടുണ്ട്. ക്ഷേമപ്രവര്‍ത്തനങ്ങള്‍ വെട്ടിക്കുറച്ചുകൊണ്ടായാലും കമ്മി കുറയ്ക്കണമെന്നാണ് അവര്‍ പറയുന്നത്. ഇത് ചെയ്തില്ലേല്‍ കേന്ദ്രത്തില്‍നിന്നുള്ള ധനസഹായം വെട്ടിക്കുറയ്ക്കുമെന്നാണ് ഭീഷണി. ഇത്തരം പ്രഖ്യാപനങ്ങള്‍ക്കാകെ ബജറ്റിലൂടെ അംഗീകാരം നല്‍കിയിരിക്കുകയാണ് ധനമന്ത്രി. കേന്ദ്രബജറ്റിന്റെയും പതിമൂന്നാം ധനകമീഷന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാനം ചെറുത്തുനില്‍പ്പിന്റെ പുതിയ പാതകള്‍ തേടേണ്ടതുണ്ട്. ആരു ഭരിച്ചാലും നടപ്പാക്കാനാകാത്ത കാര്യങ്ങളും താങ്ങാനാകാത്ത ഭാരവും സംസ്ഥാനത്തിനുമേല്‍ കെട്ടിയേല്‍പ്പിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. ഇതിനോട് ഒറ്റക്കെട്ടായി പ്രതികരിക്കാന്‍ കഴിയണം. കേരളത്തെ എത്ര അവഗണിച്ചാലും ഒരു ചുക്കുമില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ മനോഭാവം പ്രതിഫലിക്കുന്ന ബജറ്റിനെതിരെ ശക്തമായ പ്രക്ഷോഭമുയരണം.

No comments: