Wednesday, March 3, 2010

ജനപ്രിയ സാമ്പത്തികനയം വേണ്ടെന്ന്

ജനപ്രിയ സാമ്പത്തികനയം വേണ്ടെന്ന്

സൌദി അറേബ്യ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങിവരവെ, പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്റെ പ്രത്യേക വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയ വിശേഷവിവരം എല്ലാവരുടെയും ശ്രദ്ധയില്‍പെടേണ്ടതാണ്. ഏതു തരത്തിലുള്ള വിലവര്‍ധനയും കുറച്ചുപേരെ വേദനിപ്പിക്കും എന്നാണദ്ദേഹം അഭിപ്രായപ്പെട്ടത്. വിലക്കയറ്റത്തെ ഇത്രയധികം ലഘൂകരിച്ചുകാണാന്‍ കോഗ്രസ് നേതാവുകൂടിയായ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനല്ലാതെ മറ്റാര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല. ജനപ്രിയ സാമ്പത്തികനയങ്ങള്‍ ദീര്‍ഘകാലം തുടര്‍ന്നാല്‍ അത് സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും അത് രാജ്യത്തെ നിക്ഷേപ അന്തരീക്ഷം ഇല്ലാതാക്കുമെന്നും ഇവയൊന്നും നമ്മെ പണപ്പെരുപ്പത്തില്‍നിന്ന് രക്ഷിക്കുകയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നു. ജനപ്രിയ സാമ്പത്തികനയത്തിനുപകരം കുത്തക പ്രിയ സാമ്പത്തികനയമാണ് പ്രധാനമന്ത്രിക്ക് പഥ്യമായിട്ടുള്ളത് എന്നര്‍ഥം. തെരഞ്ഞെടുപ്പുകാലത്ത് ജനപ്രിയനയം ജനങ്ങള്‍ക്ക് വേണ്ടുവോളം വാരിവിളമ്പി നല്‍കുന്നതില്‍ കോഗ്രസ് നേതാക്കള്‍ തുടക്കംമുതല്‍ ഒരു പിശുക്കും കാണിക്കാറില്ല. ആവടി സോഷ്യലിസം ഇപ്പോള്‍ പലരും മറന്നുകാണും. സോഷ്യലിസം എന്ന വാക്ക് ഭരണഘടനയില്‍ എഴുതിവച്ചെന്ന് വേണമെങ്കില്‍ സമാധാനിക്കാം. ഗരീബി ഹഠാവോ (ദാരിദ്യ്രം അകറ്റുക), ബേക്കാരീ ഹഠാവോ (തൊഴിലില്ലായ്മ അകറ്റുക) എന്നീ രണ്ട് മുദ്രാവാക്യങ്ങള്‍ ഇന്ദിര ഗാന്ധിയും മകന്‍ സഞ്ജയ് ഗാന്ധിയുമാണ് ജനസമക്ഷം സമര്‍പ്പിച്ചിരുന്നത്. ഫലമെന്തെന്ന് എല്ലാവര്‍ക്കുമറിയാം. കോഗ്രസ് അധികാരത്തിലെത്തിയാല്‍ നിത്യോപയോഗവസ്തുക്കളുടെ വില പഴയതോതിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന് (റോള്‍ ബാക്ക്) മറ്റൊരു തെരഞ്ഞെടുപ്പുവേളയില്‍ ജനങ്ങള്‍ക്ക് വാക്കുനല്‍കിയിരുന്നു. കോഗ്രസിന് വോട്ടുനല്‍കി അധികാരത്തിലെത്തിയാല്‍ സ്വര്‍ണത്തിന്റെയും പഞ്ചസാരയുടെയും വില കുറയ്ക്കുമെന്നു പറഞ്ഞിരുന്നു. ഏറ്റവും ഒടുവില്‍ നടന്ന 2009ലെ തെരഞ്ഞെടുപ്പില്‍ 100 ദിവസത്തിനകം പൂര്‍ത്തിയാക്കുന്ന ജനോപകാരപ്രദമായ പരിപാടികള്‍ തെരഞ്ഞെടുപ്പ് മാനിഫെസ്റോയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതെല്ലാം വെറും വഞ്ചനയായിരുന്നു എന്ന് ബോധ്യമായിക്കഴിഞ്ഞിരിക്കുന്നു. ഇത്തരം ജനപ്രിയ സാമ്പത്തികനയങ്ങള്‍ ദീര്‍ഘകാലത്തേക്കുള്ളതോ ദീര്‍ഘവീക്ഷണത്തോടുകൂടിയതോ ആയിരുന്നില്ലെന്നാണ് മോഹന്‍സിങ് ഇപ്പോള്‍ പറയുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഇത്രയും പറഞ്ഞത്. പെട്രോള്‍, ഡീസല്‍ വിലവര്‍ധന പിന്‍വലിക്കില്ല എന്നുതന്നെയാണ് വീറോടും വാശിയോടുംകൂടി പ്രധാനമന്ത്രി ആവര്‍ത്തിക്കുന്നത്. യുപിഎ അധികാരത്തില്‍ വന്നശേഷം പതിനൊന്നാംതവണയാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചത്. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒമ്പതുമാസത്തിനകം രണ്ടാം തവണയാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്. കിറിത് പരീഖ് കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതോടെ പെട്രോളിയം ഉല്‍പ്പന്നവിലനിയന്ത്രണം നീക്കംചെയ്ത് കമ്പോളത്തില്‍ വില നിശ്ചയിക്കുന്ന നിലവരും. സ്വകാര്യ കുത്തക കമ്പനിക്ക് ഭീമലാഭം കൊയ്തെടുക്കാനുള്ള വഴി ഓരോന്നായി തുറന്നിടുകയാണ് 'ദീര്‍ഘവീക്ഷണ'ത്തോടെയുള്ള നയം. കുത്തകപ്രിയ നയം നടപ്പാക്കിയതിന്റെ ഫലമായിട്ടാണ് 1957ല്‍ 316 കോടി ആസ്തിയുണ്ടായിരുന്ന 22 കുത്തക കമ്പനികള്‍ 1997ല്‍ 1,58,004 കോടി രൂപയുടെ ആസ്തിയുള്ളവരായി വളര്‍ന്നത്. 2007ല്‍ സമ്പന്നന്മാരുടെ പട്ടികയില്‍ മുന്‍നിരയിലുള്ള 10 പേരുടെ ആസ്തി ഒന്നിച്ച് 6,12,055 കോടിയിലേറെ ഉയര്‍ന്നു. 2006ല്‍ 40 സമ്പന്നരായ ഇന്ത്യക്കാരുടെ സ്വത്ത് 6,80,000 കോടി രൂപയായിരുന്നത് 2007ല്‍ 14,04,000 കോടിയിലേക്കെത്തി. മാത്രമല്ല ഇന്ത്യയിലെ വന്‍കിടക്കാര്‍ 2007-2008ല്‍ 1,28,000 കോടി രൂപ വിദേശരാജ്യങ്ങളില്‍ നിക്ഷേപിക്കുന്ന നിലയുമുണ്ടായി. ഈ സ്ഥിതിവിവരക്കണക്കുകള്‍ വിരല്‍ചൂണ്ടുന്നത് യുപിഎ സര്‍ക്കാരിന്റെ കുത്തകപ്രീണന നയത്തിലേക്കാണ്. ഇക്കൂട്ടര്‍ക്ക് ഓരോ വര്‍ഷവും നല്‍കുന്ന നികുതിയിളവിന്റെ തുക സാധാരണക്കാരില്‍ ഞെട്ടലുളവാക്കുന്നതാണ്. 2008-2009ല്‍ ഇന്ത്യയിലെ കുത്തകകള്‍ക്ക് നല്‍കിയ നികുതിയിളവ് 4,18,095 കോടി രൂപയാണെന്ന് ബജറ്റ് രേഖ പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും. കാര്‍ഷികമേഖലയ്ക്ക് നല്‍കിയ സൌജന്യത്തിന്റെ യഥാര്‍ഥ വസ്തുതയിലേക്ക് വെളിച്ചംവീശുന്ന ഒരു ലേഖനം പ്രസിദ്ധ മാധ്യമപ്രവര്‍ത്തകനായ പി സായ്നാഥ് എഴുതിയത് വായിക്കുമ്പോള്‍ ധനമന്ത്രിയുടെ അവകാശവാദത്തിന്റെ പൊള്ളത്തരം വ്യക്തമാകുന്നതാണ്. ഈ വര്‍ഷം മാത്രം വന്‍കിടക്കാര്‍ക്കായി ബജറ്റില്‍ നല്‍കിയ സമ്മാനം അഞ്ചുലക്ഷം കോടി രൂപയാണ്. അതായത് ഓരോ മണിക്കൂറിലും 57 കോടി രൂപ. കഴിഞ്ഞവര്‍ഷം ഈ സമ്മാനം മണിക്കൂറില്‍ 30 കോടി രൂപയായിരുന്നു. ധനമന്ത്രി അവതരിപ്പിച്ച ബജറ്റില്‍ കോടിക്കണക്കായ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതായി ഒന്നുമില്ല. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് വമ്പിച്ച ആനുകൂല്യങ്ങള്‍ വാരിക്കോരി കൊടുത്തിട്ടുമുണ്ട്. അവര്‍ക്കാണ് കൃഷിചെയ്യാനും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സംഭരിച്ചുവയ്ക്കാനുമുള്ള വന്‍തോതിലുള്ള സഹായം അനുവദിക്കുന്നത്. കോഗ്രസ് തുടര്‍ച്ചയായി സ്വീകരിച്ചുവരുന്ന നയം വ്യവസായമേഖലയിലായാലും കാര്‍ഷികമേഖലയിലായാലും വന്‍കിട കോര്‍പറേറ്റുകള്‍ക്ക് അനുകൂലമാണ്. ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്കെതിരാണ്. ഉദാഹരണങ്ങള്‍ നിരവധിയാണ്. അതുകൊണ്ടുതന്നെയാണ് കോഗ്രസിന്റെ നയം ജനപ്രിയമല്ലെന്ന് പ്രധാനമന്ത്രി പരസ്യമായി സമ്മതിച്ചത്. അത് കുത്തകപ്രിയവും ജനവിരുദ്ധവുമാണ്. എണ്ണവില കുത്തനെ ഉയര്‍ത്തിയതുള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ നയം ബഹുഭൂരിപക്ഷം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതിന് ചുട്ട മറുപടി നല്‍കേണ്ടത് ബഹുജനങ്ങള്‍തന്നെയാണ്. അതിനുള്ള അവസരമാണ് വരാനിരിക്കുന്ന നാളുകളില്‍ ലഭിക്കാന്‍ പോകുന്നത്.

ദേശാഭിമാനി മുഖപ്രസംഗം

No comments: