Sunday, May 10, 2009

എസ്.എസ്. എല്‍.സി പരീക്ഷാഫലം അഭിമാനകരമായ വിജയം

എസ്എസ്എല്‍സി പരീക്ഷാഫലം അഭിമാനകരമായ വിജയം

ഈ വര്‍ഷം കേരളത്തില്‍ എസ്എസ്എല്‍സി പരീക്ഷയ്ക്കിരുന്ന 4,46,554 വിദ്യാര്‍ഥികളില്‍ 4,10,348 പേര്‍ വിജയിച്ച് ഉപരിപഠനത്തിന് അര്‍ഹത നേടിയത് അഭിമാനകരമായ വിജയംതന്നെയാണ്. കഴിഞ്ഞവര്‍ഷം വിജയശതമാനം 92.09 ആയിരുന്നത് ഈവര്‍ഷം 91.92 ആയി കുറഞ്ഞു. കുറവ് 0.17 ശതമാനം മാത്രമാണെന്നത് പരിഗണിക്കുമ്പോള്‍ അത് അവഗണിക്കാവുന്നതേയുള്ളൂ. യോഗ്യത നേടാതെ പോയവര്‍ക്ക് 26 മുതല്‍ 30 വരെ സേവ് എ ഈയര്‍ പരീക്ഷ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍ ജയിക്കുന്നവര്‍ക്ക് ഒരുവര്‍ഷം നഷ്ടപ്പെടാതെ കഴിക്കാം.

ഈ വര്‍ഷവും വിദ്യാര്‍ഥികളുടെ വിജയശതമാനം ഉയര്‍ത്തുന്നതിന് മോഡറേഷന്‍ മാര്‍ക്ക് നല്‍കേണ്ടിവന്നിട്ടില്ല. 703 സ്കൂള്‍ 100 ശതമാനം വിജയം നേടിയത് എടുത്തുപറയേണ്ടതുതന്നെയാണ്. ഇതില്‍ 148 സര്‍ക്കാര്‍ സ്കൂളും 266 എയ്ഡഡ് സ്കൂളും 266 അ എയ്ഡഡ് സ്കൂളുമാണ്. കഴിഞ്ഞവര്‍ഷം വിജയശതമാനം ഉയര്‍ന്നതില്‍ സന്തോഷിക്കാന്‍ കഴിയാത്ത കുറെപേരുണ്ടായിരുന്നു. അതില്‍ ചില മാധ്യമങ്ങളും ഉള്‍പ്പെടും. സര്‍ക്കാര്‍ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലും വിജയശതമാനം ഉയരുന്നത് സഹിക്കാന്‍ കഴിയാത്തവരാണ് അവര്‍. സിബിഎസ്ഇ പരീക്ഷയില്‍ 100 ശതമാനം വിജയിച്ചാല്‍ അമിതമായി സന്തോഷിക്കുന്നവരാണ് എസ്എസ്എല്‍സി പരീക്ഷയില്‍ വിജയശതമാനം ഉയരുമ്പോള്‍ സഹികേട് കാണിക്കുന്നവരെന്ന് നാം തിരിച്ചറിഞ്ഞതാണ്.

2005 മുതല്‍ പരീക്ഷാസമ്പ്രദായത്തില്‍ ചില മാറ്റം വരുത്തിയത് സ്വാഗതാര്‍ഹമായ നടപടിയായാണ് വിദ്യാഭ്യാസവിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. പ്രീപ്രൈമറി ക്ളാസുമുതല്‍ കുട്ടികളുടെ കാര്യത്തില്‍ സമൂഹം കൂടുതല്‍ ശ്രദ്ധചെലുത്താന്‍ തുടങ്ങിയിട്ടുണ്ട്. പ്രാഥമിക വിദ്യാഭ്യാസമേഖലയിലെ അവഗണനയായിരുന്നു വിജയശതമാനം കുറയുന്നതിന് മുഖ്യകാരണം. പ്രാഥമികതലത്തില്‍ സിലബസനുസരിച്ച് പഠിക്കേണ്ടത് പഠിക്കാതെ ഉയര്‍ന്ന ക്ളാസിലെത്തിയാല്‍ പിന്നീട് പഠനം മെച്ചപ്പെടുത്താന്‍ വളരെ പ്രയാസമാണ്. അടുത്തകാലത്തായി അധികാരവികേന്ദ്രീകരണം ശക്തിപ്പെട്ടതോടെ പ്രൈമറി സ്കൂളുകളുടെ ചുമതല പഞ്ചായത്തുകളുടെ അധികാരപരിധിയില്‍ വന്നുപെട്ടു. പഞ്ചായത്തുകള്‍ പ്രൈമറിവിദ്യാലയങ്ങളുടെ കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. സ്കൂളുകളുടെ സൌകര്യം മെച്ചപ്പെടുത്താന്‍ പഞ്ചായത്തുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ജില്ലാപഞ്ചായത്തുകള്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിലും സഹായം നല്‍കാന്‍ തുടങ്ങി.

ജനാധിപത്യസ്ഥാപനങ്ങളുടെ പരിചരണം വിദ്യാഭ്യാസനിലവാരം ഉയര്‍ത്താന്‍ സഹായിച്ചിട്ടുണ്ടെന്നത് അംഗീകരിക്കാതിരിക്കാന്‍ ആകില്ല. തദ്ദേശഭരണസ്ഥാപനങ്ങളുടെ ഇടപെടല്‍ ഇഷ്ടപ്പെടാത്തവരുണ്ടായിരിക്കാം. എന്നാല്‍, അവര്‍ നല്‍കുന്ന സേവനം അവഗണിക്കാന്‍ ആര്‍ക്കും സാധ്യമല്ല. അതോടൊപ്പം അധ്യാപകരും പുതിയ സമ്പ്രദായവുമായി പൊരുത്തപ്പെടുകയും കൂടുതല്‍ അധ്വാനിക്കാന്‍ തയ്യാറാവുകയും ചെയ്തു. ഹൈസ്കൂളുകളിലാണെങ്കില്‍ രാത്രിയില്‍പ്പോലും വിദ്യാര്‍ഥികളെ ഇരുത്തി പഠനത്തില്‍ അധ്യാപകര്‍ സഹായിക്കുന്ന നിലവന്നു. അതോടൊപ്പം ഒഴിവുകാലത്ത് പ്രത്യേകം ക്ളാസ് വച്ച് പഠിപ്പിക്കുന്ന നിലയും വന്നു. രക്ഷാകര്‍തൃസമിതികളും കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. അധ്യാപക- രക്ഷാകര്‍തൃസമിതികള്‍ സജീവമായി ഇടപെടാന്‍ തുടങ്ങിയപ്പോള്‍ സ്കൂളുകളുടെ അന്തരീക്ഷത്തില്‍ത്തന്നെ സാരമായ മാറ്റം വന്നു. സര്‍ക്കാരിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും ഇടപെടലും അനുകൂലമായ മാറ്റംവരുത്താന്‍ സഹായകമായി.

ഗ്രേഡിങ് സമ്പ്രദായം നടപ്പാക്കിയതോടെ കൊല്ലാവസാനം കാണാപ്പാഠം പഠിച്ച് പരീക്ഷയെഴുതുന്ന രീതിയിലും മാറ്റം വന്നു. അങ്ങനെ വിദ്യാഭ്യാസവിദഗ്ധരുടെയും സര്‍ക്കാരിന്റെയും അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും തദ്ദേശഭരണസ്ഥാപനങ്ങളുടെയും നിരന്തരമുള്ള ഇടപെടല്‍, ഈ വിഭാഗങ്ങളുടെ ഏകീകരണം എന്നിവയൊക്കെ പരീക്ഷാഫലം മെച്ചപ്പെടുത്താന്‍ സഹായിച്ച ഘടകങ്ങളാണ്. കേരളത്തില്‍ വിദ്യാഭ്യാസനിലവാരത്തില്‍ ഉയര്‍ച്ചയുണ്ടാകണമെന്നതില്‍ വിദ്യാഭ്യാസമന്ത്രിയും നിര്‍ബന്ധം പിടിച്ചു. ക്ളസ്റര്‍ സമ്പ്രദായം ഉള്‍പ്പെടെ അധ്യാപകരുടെ കൂട്ടായ ഇടപെടലിന് വഴിതെളിച്ചു. വിദ്യാഭ്യാസരംഗത്ത് നടപ്പാക്കിയ നൂതന സമ്പ്രദായങ്ങള്‍ ശരിയായി പഠിക്കാതെയാണ് പരീക്ഷാഫലം ഉയര്‍ന്നതിനെതിരെ ചില കോണില്‍നിന്ന് പരാതി ഉയര്‍ത്തിയത്.

പിന്നോക്കം നില്‍ക്കുന്ന 107 വിദ്യാലയത്തെ പ്രത്യേകം ശ്രദ്ധിച്ചതിന് ഫലമുണ്ടായി. പിന്നോക്കമുള്ള വിദ്യാലയങ്ങളെ മറ്റുള്ളവയോടൊപ്പം ഉയര്‍ത്താന്‍ സാധിച്ചു. പരീക്ഷാഫലം നേരത്തെ പുറത്തുകൊണ്ടുവരുന്നതിലും പരീക്ഷ കുറ്റമറ്റതാക്കുന്നതിലും വിദ്യാഭ്യാസവകുപ്പിലെ ബന്ധപ്പെട്ട എല്ലാവരും നടത്തിയ കഠിനമായ പരിശ്രമം അഭിനന്ദനാര്‍ഹമാണ്. എസ്എസ്എല്‍സി പരീക്ഷാഫലം കുറ്റമറ്റരീതിയില്‍ പുറത്തുകൊണ്ടുവരുന്നതിലും വിജയശതമാനം ഉയര്‍ത്തുന്നതിലും പങ്കുവഹിച്ച എല്ലാവരെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു. വിജയശതമാനം ഉയര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് വിദ്യാര്‍ഥികളായതിനാല്‍ വിദ്യാര്‍ഥികളെ പ്രത്യേകിച്ചും അനുമോദിക്കുന്നു.

ദേശാഭിമാനി മുഖപ്രസംഗം
ജീലെേറ യ്യ മനനം മനോമനന്‍ മ 10:32 അങ 0 രീാാലി ഘശിസ ീ വേശ ുീ
ഠൌലറെമ്യ, അുൃശഹ 28, 2009
തമിഴര്‍ എരിഞ്ഞടങ്ങുമ്പോള്‍ കലൈഞ്ജരുടെ കലാപരിപാടി
തമിഴര്‍ എരിഞ്ഞടങ്ങുമ്പോള്‍ കലൈഞ്ജരുടെ കലാപരിപാടി

പി ഗോവിന്ദപ്പിള്ള

വടക്കന്‍ ശ്രീലങ്കയിലെ തമിഴ് ഭൂരിപക്ഷപ്രദേശങ്ങള്‍ അടര്‍ത്തിമാറ്റി സ്വതന്ത്ര പരമാധികാര ഈഴം റിപ്പബ്ളിക് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊല്ലും കൊലയും കുലവൃത്തിയായി സ്വീകരിച്ച വേലുപ്പിള്ള പ്രഭാകരന്റെ തമിഴ് ഈഴം പുലികള്‍ എല്‍ടിടിഇ അന്തിമ ദുരന്തത്തെ നേരിടുകയാണ്. ബാലികാബാലന്മാരെയും സ്ത്രീകളെയുംവരെ നിര്‍ബന്ധിച്ച് സൈന്യത്തില്‍ ചേര്‍ത്ത് പടക്കോപ്പ് നല്‍കി രക്ഷാവലയം തീര്‍ക്കുകയെന്ന നീചകൃത്യം മാത്രമല്ല വേലുപ്പിള്ള പ്രഭാകരന്റെ അടവ്. വംശവെറിയന്‍ സിംഹള സംഘടനകളെയും നേതാക്കന്മാരേയുംകാള്‍ കൂടുതല്‍ അയാള്‍ വെറുക്കുന്നതും തന്റെ ഏകാധിപത്യത്തിനു വെല്ലുവിളിയായി കരുതി വകവരുത്തുന്നതും മറ്റ് തമിഴ് സംഘടനകളെയും അതിന്റെ നേതാക്കളെയുമാണ്. അപ്രകാരമുള്ള കൊലപാതകങ്ങളില്‍ ഒന്നുമാത്രമായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയുടെ വധം.

ശ്രീലങ്കന്‍ പരമാധികാരത്തിനു കീഴില്‍ തമിഴ് ഭൂരിപക്ഷപ്രദേശങ്ങള്‍ക്ക് കഴിയുന്നത്ര സ്വയംഭരണാവകാശം നല്‍കാമെന്ന മുന്‍ പ്രസിഡന്റ് കുമാരി വിജയതുംഗെയോട് പ്രഭാകരന്‍ പ്രകടിപ്പിച്ച നന്ദി ഒരു വധശ്രമമായിരുന്നു. കുമാരിയുടെ ഒരു കണ്ണ് പൊട്ടിപ്പോയി. വേറെ പലരെയും പതിയിരുന്ന് കൊലപ്പെടുത്തിയ പുലികള്‍ സ്വന്തം അനുയായികളെയും നേതാക്കളെയുംവരെ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചതിന് കൊന്നുതള്ളിയിട്ടുണ്ട്. യൂറോപ്പിലെ നോര്‍വെ മധ്യസ്ഥത്തിന് ഒരുങ്ങി പല കൂടിയാലോചനയും നടത്തിയപ്പോഴെല്ലാം ശ്രീലങ്കന്‍ പരമാധികാരത്തിനു വിധേയമായി സ്വയംഭരണം കിട്ടണമെന്ന വാദം പ്രഭാകരന്‍ അംഗീകരിച്ചതാണ്. ഒടുവില്‍ അത് തീരുമാനമാകുമ്പോഴേക്കും പ്രഭാകരന്‍ വാഗ്ദാനം ലംഘിച്ച് കൂടിയാലോചന തകര്‍ത്തു. വാസ്തവത്തില്‍ ഈ കൂടിയാലോചന തന്റെ താവളം വികസിപ്പിക്കാനുള്ള സന്ദര്‍ഭമായാണ് പ്രഭാകരന്‍ ഉപയോഗിച്ചത്.

ഇത്രയും ആയപ്പോഴേക്കും തമിഴ് ഈഴം പുലികളെ ലോകത്തിലെ മിക്ക രാഷ്ട്രങ്ങളും ഭീകരസംഘക്കാരായി പ്രഖ്യാപിക്കുകയും അവരുടെ ആസ്തി മരവിപ്പിക്കുകയുംചെയ്തു. ഈ പശ്ചാത്തലത്തിലാണ് മഹിന്ദ രാജപക്സെ പുലികളുമായി അന്തിമ പോരാട്ടത്തിന് ശ്രീലങ്കന്‍സേനയെ നിയോഗിച്ചത്. അത് അന്തിമഘട്ടത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയുമാണ്. പുലിത്താവളമെല്ലാം സേന പിടിച്ചുകഴിഞ്ഞു. തീര്‍ച്ചയായും ഈ പോരാട്ടത്തില്‍ സൈനികര്‍ക്കെന്നപോലെ തമിഴര്‍ക്കും ആളപായം ഉണ്ടായിട്ടുണ്ട്. വളരെ ദയനീയവും ഭീകരവുമാണ് മുമ്പ് പുലികള്‍ പിടിച്ചടക്കിയിരുന്ന പ്രദേശങ്ങളിലെ തമിഴരുടെ ജീവിതം. ലങ്കന്‍സൈന്യത്തിന്റെ ആക്രമണത്തില്‍നിന്ന് പുലികളെ രക്ഷിക്കാനായി സൈനികമേഖലയിലെ തമിഴ്വംശജരെ കുരുതികൊടുക്കുകയാണ് പ്രഭാകരന്‍ ചെയ്തത്. അവര്‍ക്ക് രക്ഷാസ്ഥാനങ്ങളിലേക്ക് അഭയാര്‍ഥികളായി പോകാന്‍പോലും പുലികള്‍ അനുവദിച്ചില്ല.

കൂടാതെ, നേരത്തെ പരാമര്‍ശിച്ചവിധം ബാലികാബാലന്മാരെയും സ്ത്രീകളെയും പുലികള്‍ രക്ഷാവലയമാക്കി സൈന്യത്തിന് കുരുതികൊടുത്തു. സിംഹളസൈന്യവും കണ്ണില്‍ചോരയില്ലാത്ത കൂട്ടക്കൊലയാണ് നടത്തുന്നത് എന്നതില്‍ സംശയമില്ല. പുലിത്താവളമെല്ലാം വിമോചിപ്പിച്ച് യുദ്ധം അന്ത്യഘട്ടത്തിലേക്കെത്തുമ്പോള്‍ ഇതുവരെ പുലികളുടെ പിടിയില്‍ അമര്‍ന്നിരുന്ന ലക്ഷക്കണക്കിനു തമിഴര്‍ അഭയാര്‍ഥികളായി ഓടിപ്പോകുന്നു. ഓടിപ്പോകുന്ന അഭയാര്‍ഥികളെയും പുലികള്‍ വെടിവച്ച് കൊല്ലാറുണ്ടെങ്കിലും ഇപ്പോള്‍ അവര്‍ക്ക് കരുത്തില്ല. ഈ അഭയാര്‍ഥികളെ ചികിത്സയും ഭക്ഷണവും പാര്‍പ്പിടവും നല്‍കി രക്ഷിക്കാന്‍ മുന്നോട്ടുവന്ന ഐക്യരാഷ്ട്രസഭാ ദൌത്യസംഘമുള്‍പ്പെടെയുള്ളവരെ രാജപക്സെ സര്‍ക്കാര്‍ അതിന് അനുവദിക്കുന്നുമില്ല.

തമിഴരുടെ മൂലജന്മഭൂമിയായ ഇന്ത്യ ഈ ദുരവസ്ഥയില്‍ ദുഃഖിതയാണ്. രാജപക്സെയുടെ അടുത്ത നടപടി മയപ്പെടുത്താനും ജീവകാരുണ്യപ്രവര്‍ത്തനം അനുവദിക്കാനും ഇന്ത്യ ഇടപെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. എങ്കിലും വേണ്ടത്ര ഫലം കണ്ടിട്ടില്ല. അതേസമയം കശ്മീര്‍, അസം തുടങ്ങിയ സ്ഥലങ്ങളിലെ വിഘടനവാദത്തിന്റെ വൈഷമ്യം അനുഭവിക്കുന്ന ഇന്ത്യക്ക് പുലികളുടെ വിഘടനവാദവും അംഗീകരിക്കാന്‍ കഴിയില്ല. സാമ്രാജ്യവാദികള്‍ ദലൈലാമയോടൊത്ത് ടിബറ്റന്‍ വിഘടനവാദികളെ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തില്‍ ചൈനയ്ക്കും പുലികളുടെ വിഘടനവാദത്തെ അംഗീകരിക്കാനാകില്ല. അതേസമയം, ശ്രീലങ്കയിലെ തമിഴര്‍ കടലിന്റെയും ചെകുത്താന്റെയും ഇടയിലെന്നപോലെ സര്‍ക്കാരിന്റെയും പുലികളുടെയും മധ്യേ ഇയാംപാറ്റകളെപ്പോലെ ചത്തുവീഴുന്നത് കണ്ടില്ലെന്നു നടിക്കാനുമാകില്ല.

ഈ അവസ്ഥയില്‍ ശ്രീലങ്ക നടത്തുന്ന സൈനികനീക്കത്തെ നാസികളുടെ ജൂതവിരുദ്ധ നരഹത്യകളോട് താരതമ്യപ്പെടുത്തുന്നത് ഹിറ്റ്ലറുടെ ശ്രീലങ്കന്‍ പതിപ്പായ പ്രഭാകരനെ ന്യായീകരിക്കുന്നതിനു തുല്യമായിരിക്കും. ഇന്ത്യ തമിഴ്ജനതയുടെ മൂലജന്മഭൂമി മാത്രമല്ല പ്രഭാകരന്റെയും പുലികളുടെയും അതിക്രമത്തിന് ഇരയുമാണ്. രാജീവ്ഗാന്ധി വധക്കേസിലെ പ്രതിയായ പ്രഭാകരനെ ഇന്ത്യന്‍ കോടതികള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന പിടികിട്ടാപ്പുള്ളിയാണ്. വൈരുധ്യം നിറഞ്ഞതും വേദനാനിര്‍ഭരവുമായ ഈ ദയനീയാവസ്ഥയെ പത്ത് വോട്ട് കിട്ടാന്‍വേണ്ടി ചൂഷണംചെയ്യുന്ന ദുര്‍വൃത്തിയിലാണ് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ മുത്തുവേല്‍ കരുണാനിധി ഏര്‍പ്പെട്ടിരിക്കുന്നത്. ശ്രീലങ്കയില്‍ പ്രഭാകരന്റെ അതിക്രമംമൂലമായാലും രാജപക്സെയുടെ ആക്രമണംമൂലമായാലും ദുരിതമനുഭവിക്കുന്ന സഹോദരങ്ങളോട് ഇന്ത്യയിലെ തമിഴര്‍ക്കും മറ്റുള്ളവര്‍ക്കും സഹതാപം തോന്നുക സ്വാഭാവികമാണ്.

പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന ഈ ഘട്ടത്തില്‍ മുതലെടുപ്പു നടത്താന്‍വേണ്ടി കരുണാനിധി പ്രഖ്യാപിച്ചു: "പ്രഭാകരന്‍ ഭീകരനല്ല, എന്റെ സുഹൃത്താണ്. അയാള്‍ വധിക്കപ്പെട്ടാല്‍ ഞാന്‍ ദുഃഖിക്കും''. തമിഴ്നാട്ടിലും ഇന്ത്യയിലുടനീളവും പ്രത്യേകിച്ച് കരുണാനിധിയുടെ സഖ്യകക്ഷിയായ കോഗ്രസിലും ഉയര്‍ന്ന പ്രതിഷേധത്തെത്തുടര്‍ന്ന് താന്‍ അങ്ങനെയല്ല ഇങ്ങനെയാണ് പറഞ്ഞതെന്ന് കരുണാനിധി പറഞ്ഞ വാക്കുകള്‍ വിഴുങ്ങി. കലാരസികനെന്ന് സ്വയം വിശേഷിപ്പിച്ച് കലൈഞ്ജര്‍ മുത്തുവേല്‍ കരുണാനിധി ഏറ്റവും ഒടുവില്‍ നടത്തിയ പരിഹാസ്യമായ കലാപരിപാടിയാണ് ശ്രീലങ്കന്‍ തമിഴര്‍ക്കുവേണ്ടി എന്നു പറഞ്ഞ് അടുത്ത ആഹാരസമയംവരെ നിരാഹാരം പ്രഖ്യാപിച്ചത്. ഉടന്‍തന്നെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെയും സോണിയ ഗാന്ധിയെയും കൊണ്ട് അഭ്യര്‍ഥന വരുത്തിച്ച് അടുത്ത ആഹാരസമയത്തിനുമുമ്പുതന്നെ നിരാഹാരം പിന്‍വലിക്കുകയുംചെയ്തു. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍മേനോനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണനും കൊളംബോയില്‍ പോയി ആവശ്യപ്പെട്ടതനുസരിച്ച് രാജക്പസെ സര്‍ക്കാര്‍ വെടിനിര്‍ത്തിയതായി വാര്‍ത്ത പരത്തി കരുണാനിധിയും മന്‍മോഹന്‍സിങ്ങും വോട്ടുപിടിക്കാനുള്ള തട്ടിപ്പു ശ്രമത്തിലാണ്.

ശ്രീലങ്കന്‍ സര്‍ക്കാര്‍ വെടിനിര്‍ത്തി എന്ന പ്രഖ്യാപനത്തോടൊപ്പംതന്നെ വെടിനിര്‍ത്തിയില്ല, കടുത്ത ആയുധങ്ങള്‍ ഉപയോഗിക്കുകയില്ലെന്നു മാത്രമേയുള്ളൂ എന്ന ഔദ്യോഗിക വിശദീകരണവും വന്നപ്പോള്‍ കലൈഞ്ജരുടെ കഥ ഒരു കോമാളിനാടകമായി. ഇപ്പറഞ്ഞതിനര്‍ഥം ശ്രീലങ്കന്‍ സൈനികനടപടിയുടെ വിവേചനരഹിതമായ ക്രൂരതയെ പൊറുപ്പിക്കണമെന്നല്ല. ഇവയ്ക്ക് പ്രഭാകരന്റെയും പുലികളുടെയും ഉത്തരവാദിത്തംകൂടി കാണണമെന്നാണ്. പ്രഭാകരനും പുലികളും തോല്‍ക്കണം. തമിഴര്‍ ജയിക്കണം. അവരുടെ ദുരവസ്ഥയ്ക്കും അഭയാര്‍ഥികളുടെ പുനരധിവാസത്തിനും ഇന്ത്യയും സാര്‍വദേശീയ സമൂഹവും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം.


No comments: