Sunday, August 2, 2009

കാര്‍ഷികമേഖലയെ തകര്‍ക്കുന്ന ആസിയന്‍ കരാര്‍

കാര്‍ഷികമേഖലയെ തകര്‍ക്കുന്ന ആസിയന്‍ കരാര്‍

വി എസ് അച്യുതാനന്ദന്‍

കൃഷി, കൃഷി അനുബന്ധ മേഖലകളായ മത്സ്യബന്ധനം, മൃഗസംരക്ഷണം എന്നിവ സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍പ്പെട്ട വിഷയങ്ങളാണ്. അക്കാര്യം പൂര്‍ണമായും അവഗണിച്ചുകൊണ്ടാണ് കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട സാര്‍വദേശീയ ഉടമ്പടികളില്‍ കേന്ദ്രസര്‍ക്കാര്‍ ഒപ്പുവയ്ക്കുന്നത്. ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും നിര്‍ദേശങ്ങള്‍ പാലിക്കാനുള്ള വ്യഗ്രതയില്‍ ജനാധിപത്യ തത്വങ്ങളും ഫെഡറല്‍ തത്വങ്ങളും പൂര്‍ണമായും വിസ്മരിക്കുകയാണ് കേന്ദ്ര ഗവമെന്റ്. അക്കാര്യത്തില്‍ എന്‍ഡിഎ എന്നോ യുപിഎ എന്നോ വ്യത്യാസമില്ല. കഴിഞ്ഞ വര്‍ഷത്തെ ദേശീയ വികസന സമിതി യോഗത്തില്‍ കേരളത്തിനുവേണ്ടി ഞാന്‍ നടത്തിയ പ്രസംഗത്തില്‍ ഇക്കാര്യം ഊന്നിപ്പറയുകയുണ്ടായി. കാര്‍ഷിക-കാര്‍ഷിക അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കരാറുകള്‍ ഒപ്പുവയ്ക്കുംമുമ്പ് ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അഭിപ്രായം തേടണം. സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടു വേണം കരാര്‍ നടപടികളുമായി മുന്നോട്ടുപോകാന്‍. കേരളം പ്രകടിപ്പിച്ച അഭിപ്രായത്തോട് യുപിഎയില്‍പെട്ട ചില മുഖ്യമന്ത്രിമാരും ആഭിമുഖ്യം കാട്ടുകയുണ്ടായി. സംസ്ഥാനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടേ വ്യാപാര കരാറുകളുണ്ടാക്കൂ എന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചതുമാണ്. ആഭ്യന്തരമായി കാര്‍ഷിക പ്രതിസന്ധി നിലനില്‍ക്കെ സ്വതന്ത്ര വ്യാപാര കരാറുകളുണ്ടാക്കുന്നതില്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രിയെ വിയോജിപ്പ് അറിയിച്ചതായും മുന്‍ ഗവമെന്റിന്റെ കാലത്ത് വാര്‍ത്തയുണ്ടായിരുന്നു. ഒന്നാം യുപിഎ ഗവമെന്റ് നിലനിന്നത് ഇടതുപക്ഷത്തിന്റെ പിന്തുണകൊണ്ടായിരുന്നതിനാലും ഇടതുപക്ഷമാകട്ടെ, തെറ്റായ സ്വതന്ത്ര വ്യാപാരക്കരാറുകളെ നഖശിഖാന്തം എതിര്‍ത്തുകൊണ്ടിരുന്നുവെന്നതിനാലും കോഗ്രസ് ഐക്ക് അകത്തുതന്നെ ചെറിയൊരു വിഭാഗം മേല്‍നയത്തിന് എതിരാണ് എന്നതിനാലുമാണ് സോണിയ ഗാന്ധി അന്ന് 'വിയോജിക്കാന്‍' നിര്‍ബദ്ധയായത്. 2007ല്‍ നിലവില്‍വരാന്‍ പാകത്തില്‍ 2003ലാണ് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ആസിയന്‍ സ്വതന്ത്ര വ്യാപാര കരട് കരാറില്‍ ഒപ്പിട്ടത്. എന്നാല്‍, ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് കരാര്‍ നടപടികളുമായി സത്വരമായി മുന്നോട്ടുപോകാന്‍ പിന്നീടു വന്ന യുപിഎ ഗവമെന്റിനു കഴിഞ്ഞില്ല. ഇപ്പോഴാകട്ടെ, ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെ യുപിഎയ്ക്ക് ഭരണം കൈവന്നിരിക്കുന്നു. ജനദ്രോഹകരവും വന്‍കിട കുത്തക പ്രോത്സാഹനപരവുമായ കരാറുകളുടെ കാര്യത്തില്‍ അറച്ചുനില്‍പ്പിന്റെ കാര്യമില്ലെന്ന് യുപിഎ അഥവാ കോഗ്രസ് ഗവമെന്റ് തീരുമാനിച്ചിരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തില്‍ ആസിയന്‍ കരാറില്‍ ഒപ്പിടാന്‍ അന്തിമമായി തീരുമാനിച്ചിരിക്കുന്നു. 2003ല്‍ കരട് കരാറില്‍ ഒപ്പിടുന്ന കാലംമുതല്‍ ഇതേവരെ കൃഷിക്കാരും കര്‍ഷക സംഘടനകളും കേരളംപോലുള്ള സംസ്ഥാനങ്ങളും ഉയര്‍ത്തിയ എതിര്‍പ്പുകളെ തൃണവല്‍ഗണിക്കുകയാണ് യുപിഎ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. പത്രവാര്‍ത്തകള്‍ ശരിയാണെങ്കില്‍ കേന്ദ്ര ക്യാബിനറ്റില്‍ എ കെ ആന്റണി, വയലാര്‍ രവി എന്നിവരുടെ 'നിലപാടുകള്‍'ക്കും അതേ പരിഗണനതന്നെയാണുണ്ടായത്. എന്നാല്‍, കേരളത്തിലെ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിയെ കണ്ടശേഷം പറഞ്ഞത് ആസിയന്‍ കരാര്‍ കേരളത്തിന് ദോഷകരമല്ല, ഇന്ത്യക്കാകെ വലിയ നേട്ടമുണ്ടാക്കുന്നതാണുതാനും എന്നാണ്. എ കെ ആന്റണിയും താനും കേരളത്തില്‍ മുഖ്യമന്ത്രിയായിരുന്ന അഞ്ച് കൊല്ലം കേരളത്തിലെ കൃഷിക്കാര്‍ക്ക് എങ്ങനെ 'നേട്ട'മുണ്ടായോ അതേ 'നേട്ടം', അതിലും വലിയ 'നേട്ടം' ആസിയന്‍ കരാറിനെത്തുടര്‍ന്ന് ഉണ്ടാകുമെന്നാണോ പ്രതിപക്ഷനേതാവ് ഉദ്ദേശിച്ചത്? ആസിയന്‍ കരാര്‍ മൂവായിരത്തറുനൂറോളം ഉല്‍പ്പന്നങ്ങള്‍ക്കായി രാജ്യത്തിന്റെ കവാടങ്ങള്‍ മലര്‍ക്കെ തുറന്നിട്ടുകൊടുക്കുന്നതാണ്. അതില്‍ മുന്നൂറില്‍പരവും കാര്‍ഷികോല്‍പ്പന്നങ്ങളാണ്. ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, സിഗപ്പൂര്‍, തായ്ലന്‍ഡ്, ബ്രൂണെ, മ്യാന്‍മര്‍, കംബോഡിയ, ലാവോസ്, വിയറ്റ്നാം എന്നിവിടങ്ങളില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍. കുരുമുളകും തേയിലയും കാപ്പിയും പൈനാപ്പിളും പാമോയിലും മാത്രമല്ല മാങ്ങയും ചക്കയും വരെ ഇങ്ങോട്ടുവരും. ഇറക്കുമതി തീരുവ പടിപടിയായി കുറച്ച് തീരെ ഇല്ലാതാക്കുകയാണ് കരാറിന്റെ ലക്ഷ്യം. കാലാവസ്ഥാ സവിശേഷതകളാലും മറ്റും ആ രാജ്യങ്ങളില്‍ കുറഞ്ഞ ചെലവില്‍ ധാരാളമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍വിപണിയില്‍ നിറയ്ക്കുകയാണ് ലക്ഷ്യം. ശ്രീലങ്കയുമായുണ്ടാക്കിയ സ്വതന്ത്ര വ്യാപാര കരാര്‍വഴി ഇപ്പോള്‍ത്തന്നെ തീരുവരഹിതമായി ഉല്‍പ്പന്നങ്ങള്‍ ഇങ്ങോട്ടു പ്രവഹിക്കുന്നുണ്ട്. ശ്രീലങ്കയെ ഒരു ഇടത്താവളമാക്കി മറ്റ് ആസിയന്‍ രാജ്യങ്ങളില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ത്തന്നെ ഇങ്ങോട്ടുവരുന്നുണ്ട്. ഇനി ഇടത്താവളത്തിന്റെയും ആവശ്യമില്ല എന്നതാണ് വരാന്‍ പോകുന്നത്. നാളികേരം, റബര്‍, കുരുമുളക് വിപണിയില്‍ പിന്തള്ളപ്പെട്ടാല്‍ കേരളം സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് മൂക്കുകുത്തി വീഴും. മപ്പത്തഞ്ച് ലക്ഷത്തില്‍പരം വരുന്ന നാളികേര കൃഷിക്കാരാണ് കേരള കാര്‍ഷിക മേഖലയുടെ നട്ടെല്ല്. സംസ്കരിച്ച പാമോയിലിന്റെ ഇറക്കുമതിച്ചുങ്കം തൊണ്ണൂറ് ശതമാനംവരെ ആയിരുന്നത് പല ഘട്ടങ്ങളിലായി കുറച്ച് ഏഴര ശതമാനത്തിലെത്തിക്കുകയും ഇറക്കുമതിചെയ്യുന്ന പാമോയിലിന് കിലോയ്ക്ക് 15 രൂപ തോതില്‍ സബ്സിഡി അനുവദിക്കുകയുമാണ് മുന്‍ യുപിഎ ഗവമെന്റ് ചെയ്തത്. ഉല്‍പ്പാദനച്ചെലവ് പോലും കിട്ടാതെ നാളികേര കൃഷിക്കാര്‍ നട്ടംതിരിയുന്നത് അതിന്റെ ഫലമാണ്. പാമോയിലിന് അനുവദിച്ചതുപോലെ വെളിച്ചെണ്ണയ്ക്കും സബ്സിഡി അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം ബധിരകര്‍ണങ്ങളിലാണ് പതിച്ചത്. ഇപ്പോള്‍ കേരളത്തിന് പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ ആസിയന്‍ കരാറില്‍ നെഗറ്റീവ് ലിസ്റുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞതായാണ് പ്രതിപക്ഷനേതാവ് പറയുന്നത്. കരാറൊപ്പിടാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചതിന്റെ പിറ്റേന്ന് യോഗംചേര്‍ന്ന കേരള മന്ത്രിസഭ പുനഃപരിശോധന വേണമെന്ന് കേന്ദ്രത്തോടാവശ്യപ്പെടുകയുണ്ടായി. അതു സംബന്ധിച്ച് പ്രധാനമന്ത്രിക്ക് ഞാന്‍ കത്തെഴുതുകയുംചെയ്തു. നെഗറ്റീവ് ലിസ്റുള്ളതായോ അതില്‍ കേരളത്തിലെ പ്രധാന ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയതായോ ഇതുവരെ സംസ്ഥാന ഗവമെന്റിനെ കേന്ദ്രം അറിയിച്ചിട്ടില്ല. അതുകൊണ്ട് കരാര്‍ ഒപ്പിടുംമുമ്പ് സംസ്ഥാന സര്‍ക്കാരുമായി വിശദമായ ചര്‍ച്ച നടത്താന്‍ കേന്ദ്രം തയ്യാറാകണം. രാജ്യത്തെയാകെ ബാധിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാകുന്നതുമായ വിഷയമെന്ന നിലയില്‍ പാര്‍ലമെന്റിലും വിശദമായ ചര്‍ച്ച നടത്തേണ്ടതുണ്ട്. ആഗോളവല്‍ക്കരണ ഉദാരവല്‍ക്കരണ നയങ്ങളാണ് കേരളത്തിലെ കാര്‍ഷികമേഖലയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്. ഇന്ത്യന്‍വിപണിയില്‍ തീരുവരഹിതമായോ കുറഞ്ഞ തീരുവയിലോ വിദേശ കാര്‍ഷികോല്‍പ്പന്നങ്ങള്‍ നിറഞ്ഞപ്പോള്‍ പ്രതിവര്‍ഷം കേരളത്തിലെ കൃഷിക്കാര്‍ക്കുമാത്രം ഏഴായിരം കോടി രൂപയുടെ നഷ്ടമാണുണ്ടായത്. യുഡിഎഫ് ഭരണകാലത്ത് വിലത്തകര്‍ച്ച കടക്കെണിയിലേക്ക് നയിക്കുകയും ഉല്‍പ്പാദനം മുരടിക്കുകയും ആയിരത്തഞ്ഞൂറില്‍പരം കൃഷിക്കാര്‍ ആത്മഹത്യ ചെയ്യുകയും ചെയ്തത് ഇതു കാരണമാണ്. കഴിഞ്ഞ മൂന്നുവര്‍ഷം ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവമെന്റ് നടത്തിയ ശ്രമങ്ങള്‍ കാരണം കര്‍ഷക ആത്മഹത്യാ പ്രവണത പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞു. ആത്മഹത്യചെയ്ത കൃഷിക്കാരുടെ കടങ്ങള്‍ എഴുതിത്തള്ളുകയും അവരുടെ കുടുംബത്തിന് അര ലക്ഷം രൂപവീതം ധനസഹായം നല്‍കുകയും കാര്‍ഷിക കടാശ്വാസ നിയമം നടപ്പാക്കുകയുംചെയ്തു. മത്സ്യത്തൊഴിലാളി മേഖലയിലും കടാശ്വാസനിയമം കൊണ്ടുവരികയും കടങ്ങള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തുകയുംചെയ്തു. നെല്ലിന്റെ സംഭരണവില ഏഴില്‍നിന്ന് 11 രൂപയാക്കി ഉയര്‍ത്തുകയും പലിശരഹിത വായ്പ നടപ്പാക്കുകയുമടക്കം നിരവധി പദ്ധതികള്‍ നടപ്പാക്കി. അതിന്റെ ഫലമായി കേരളത്തിലെ കാര്‍ഷിക മേഖലയില്‍ പുത്തന്‍ ഉണര്‍വുണ്ടായിരിക്കുന്നു. കാര്‍ഷികോല്‍പ്പാദനം ഗണ്യമായി വര്‍ധിക്കുന്നു. തരിശുനിലങ്ങളില്‍ വീണ്ടും കൃഷിയിറക്കുന്നു. അങ്ങനെയിരിക്കെയാണ് വീണ്ടും കേന്ദ്രസര്‍ക്കാര്‍ കടുത്ത ദ്രോഹം ചെയ്യുന്നത്. കേരളത്തിലെ കാര്‍ഷികമേഖലയെ എ കെ ആന്റണി-ഉമ്മന്‍ചാണ്ടി ഭരണകാലത്തെ അവസ്ഥയിലേക്ക് വീണ്ടും തള്ളിയിടുക - അതായിരിക്കും ആസിയന്‍ കരാര്‍ നടപ്പായാലുള്ള അവസ്ഥ. രാജ്യത്താകെ കടക്കെണി കാരണം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന സ്ഥിതിക്ക് അറുതിവരുത്താന്‍ കേരളത്തിലേതുപോലുള്ള കാര്‍ഷിക കടാശ്വാസ നിയമം ദേശീയതലത്തില്‍ കൊണ്ടുവരണമെന്ന് ഇടതുപക്ഷം സമ്മര്‍ദം ചെലുത്തിയിരുന്നു. അത് അതേപടി അംഗീകരിച്ചില്ലെങ്കിലും ഒറ്റത്തവണ നടപടിയെന്ന നിലയില്‍ കടങ്ങള്‍ എഴുതിത്തള്ളാന്‍ മുന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറായി. വിദര്‍ഭ പാക്കേജ് നടപ്പാക്കുകയുംചെയ്തു. എന്നാല്‍, ഇപ്പോള്‍ ആസിയന്‍ കരാറില്‍ ഒപ്പിടുന്നതോടെ കൃഷിക്കാരെ വീണ്ടും കടക്കെണിയിലേക്ക് തള്ളുകയാണ് കേന്ദ്രം. വീണ്ടുമൊരു ദുരന്തത്തിലേക്ക് കാര്‍ഷിക മേഖലയെ നയിക്കുന്ന കേന്ദ്ര സമീപനത്തിനെതിരെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളാകെ അണിനിരക്കണം.

No comments: