Monday, June 1, 2009

മാധവിക്കുട്ടി അവസാനയാത്രയ്ക്ക്

മാധവിക്കുട്ടി അവസാനയാത്രയ്ക്ക്



തിരു: പ്രണയവും കലഹവും ഇഴചേര്‍ത്ത് കഥയുടെയും കവിതയുടെയും ചക്രവാളം കീഴടക്കിയ മലയാളത്തിന്റെ വിശ്വസാഹിത്യകാരി കമലസുരയ്യയെന്ന മാധവിക്കുട്ടിക്ക് ചരിത്രമുറങ്ങുന്ന തലസ്ഥാനനഗരിയില്‍ അന്ത്യവിശ്രമമൊരുക്കും. പ്രകൃതിയെയും ജീവിതത്തെയും പ്രണയിച്ച എഴുത്തുകാരിക്ക് തിരുവനന്തപുരത്ത് പാളയം ജുമാഅത്ത് പള്ളി കബര്‍സ്ഥാനിലെ ഗുല്‍മോഹറിന്റെ തണലിലാണ് സംസ്കാരത്തിന് ഇടം ഒരുക്കിയിട്ടുള്ളത്.

ചൊവ്വാഴ്ച രാവിലെ ഒന്‍പതിന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും. സാഹിത്യപ്രേമികള്‍ക്ക് ആദരാഞ്ജലിക്ക് അവസരമൊരുക്കാന്‍ റോഡുമാര്‍ഗമാണ് മൃതദേഹം തലസ്ഥാനത്തെത്തിക്കുക.

ഞായറാഴ്ച പുലര്‍ച്ചെ 1.55 ന് പുണെയിലെ ജഹാംഗീര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു. കടുത്ത പ്രമേഹരോഗത്താല്‍ അവശയായിരുന്ന കമലാസുരയ്യയെ ശ്വാസതടസ്സംമൂലം മെയ് പതിനേഴിനാണ് ആശുപത്രിയിലാക്കിയത്. മരണസമയത്ത് മകന്‍ ജയസൂര്യയും സഹായി അമ്മുവും ഒപ്പമുണ്ടായിരുന്നു. പുന്നയൂര്‍ക്കുളത്തെ തറവാട് വിട്ട് എറണാകുളത്തായിരുന്നു14 വര്‍ഷം. മടങ്ങിയെത്തുമെന്ന് വാക്കുനല്‍കി, രണ്ട് വര്‍ഷം മുന്‍പാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പ്രിയപ്പെട്ട ആമി, മകനൊപ്പം പുണെയിലേക്കു പോയത്. എന്നാല്‍, ഇപ്പോള്‍ നിശ്ചേതനയായി മടങ്ങിയെത്തുന്നു.

സ്വയം കഥാപാത്രമായും ഒപ്പമുള്ളവരെ കഥാപാത്രങ്ങളാക്കിയും നീണ്ട സാഹിത്യസപര്യക്കിടയില്‍ രൂപപ്പെട്ട ആരാധകരുടെ വൃന്ദം കമലയ്ക്ക് കേരളത്തില്‍ ഉടനീളം സ്നേഹാഞ്ജലി അര്‍പ്പിക്കും. പുണെയിലെ ആശുപത്രിയില്‍ നിന്ന് രാത്രി എട്ടുമണിയോടെ മുംബൈ വാഷിയിലുള്ള കേരളഹൌസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് എത്തിച്ചു. ഇവിടെനിന്നു വിമാനമാര്‍ഗം തിങ്കളാഴ്ച രാവിലെ 7.30ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തും. അവിടെനിന്ന് വിലാപയാത്രയായി തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ രാവിലെ 9.30ന് മൃതദേഹം എത്തിക്കും. അവിടെ 10.30 വരെ പൊതുദര്‍ശനത്തിന് വച്ചശേഷം 12ന് എറണാകുളം ടൌഹാളില്‍ എത്തിച്ച് ഒന്നുവരെ പൊതുദര്‍ശനത്തിന് വയ്ക്കും. പിന്നീട് 2.30 മുതല്‍ 3.30 വരെ ആലപ്പുഴ കലക്ടറേറ്റിലും വൈകിട്ട് അഞ്ചിന് കൊല്ലത്ത് ടി കെ എം മെമ്മോറിയല്‍ ഹാളിലും രാത്രി എട്ടിന് തിരുവനന്തപുരം സെനറ്റ് ഹാളിലും എത്തിക്കും.

മരണവാര്‍ത്തയറിഞ്ഞ് സാംസ്കാരികമന്ത്രി എം എ ബേബി പുണെയില്‍ എത്തി. മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രിയും ബന്ധുക്കളുമായി സംസാരിച്ച് കേരളത്തില്‍ മൃതദേഹം എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മന്ത്രി ബേബി നെടുമ്പാശേരി വരെ അനുഗമിക്കും.

No comments: