Sunday, June 28, 2009

വിമോചന സമരം 'വേണ്ട-ണം'?

വിമോചന സമരം 'വേണ്ട-ണം'?

സുകുമാര്‍ അഴീക്കോട്

(ദേശാഭിമാനി, ജൂൺ 27)

ചെറുപ്പത്തില്‍ കേട്ടതും ഇന്ന് ചിരിപ്പിക്കുന്നതുമായ ഒരു നല്ല തമാശയാണ് തലക്കെട്ടിലെ 'വേണ്ട-ണം' പ്രയോഗം. സദ്യക്കിരുന്നവന്‍ ചുക്കുവെള്ളം വരുന്നതുകണ്ട് 'വേണ്ട' എന്നു പറഞ്ഞയുടനെ പായസം വരുന്നതുകണ്ടപ്പോള്‍ 'വേണ്ട' എന്നത് തിരുത്താനുള്ള വെപ്രാളത്തില്‍ 'വേണ്ട-ണം' എന്നു പറഞ്ഞുപോയെന്നാണ് കഥ. സദ്യയുണ്ണുന്നവര്‍ ഇങ്ങനെ പറയുമോ എന്നറിയില്ല. ജീവിതത്തില്‍ ഇതുപോലെ രണ്ട് ആഗ്രഹങ്ങളുടെ ഇടയില്‍പ്പെട്ട് വിഷമിക്കുന്നവര്‍ പലരുമുണ്ട്.

വിമോചനസമരത്തിന്റെ സുവര്‍ണജൂബിലി നടക്കുമ്പോള്‍ മറ്റൊരു വിമോചനസമരം വേണമെന്ന് പഴയ വിമോചന കൂട്ടായ്മയില്‍പ്പെട്ട ചിലര്‍ കൊതിച്ചു കഴിയുമ്പോള്‍ കോഗ്രസിനെപ്പോലുള്ള സംഘടനകള്‍ക്ക് ആ സംശയം പൂര്‍ണമായി തള്ളാനോ കൊള്ളാനോ വയ്യാത്ത വല്ലായ്മയില്‍പ്പെട്ട് ഉഴലുകയാണ്. പത്രപ്രസ്താവനകള്‍ അവരുടെ അസൂയാവഹമല്ലാത്ത ഗതികേടിന് വിരുദ്ധങ്ങളാണ്. ഇതുസംബന്ധിച്ച് പ്രതിപക്ഷ നേതാവ് എഴുതിയ ഒരു ലേഖനം (മാതൃഭൂമി. ജൂ 12) ഉപസംഹരിക്കുന്നത് ഈ സരസമായ വാക്യത്തിലാണ് - '59ല്‍ നിന്ന് 2009 ലേക്കുള്ള ദൂരം വളരെ കുറഞ്ഞിരിക്കുന്നു'. വളരെ എന്നുവച്ചാല്‍ എത്ര?

'ഒരു സമരത്തെ അനിവാര്യമാക്കുന്നത്ര ദൂരം കുറഞ്ഞു' എന്നു പറയാം. 'ഒരു സമരത്തിന് വേണ്ടത്ര ദൂരം കുറഞ്ഞിട്ടില്ല' എന്നും വ്യാഖ്യാനിക്കാം. രാഷ്ട്രീയ നേതാവിന്റെ ഞാണിന്മേല്‍ക്കളി കടുപ്പംതന്നെ. വിമോചനസമരത്തിന് കാരണമായി പറഞ്ഞതൊന്നും തക്കതായ ന്യായങ്ങളല്ലെന്ന് സമരമുന്നണിയില്‍നിന്ന് പോരാടിയ ഫാദര്‍ വടക്കനെപ്പോലുള്ളവര്‍ ശരിയായി മനസിലാക്കിയത് സമരം തീര്‍ന്ന് വളരെക്കഴിഞ്ഞാണ്.

'ക്രിസ്റ്റഫേഴ്സ്'എന്ന പേരില്‍ ഒരു ആയോധന സംഘത്തെ ഉണ്ടാക്കിയ സമരവീരന് പിന്നീട് അത് വന്‍തെറ്റായി തോന്നി. കോഗ്രസില്‍ത്തന്നെ പല നേതാക്കളും വിഭാഗങ്ങളും ഇതേപോലെ വൈകിവന്ന വിവേകത്തില്‍ അതിനെ തള്ളിപ്പറഞ്ഞു. അന്ന് തെളിഞ്ഞുനിന്ന പല കാര്യങ്ങളും ആളുകള്‍ മറന്നുതുടങ്ങി. വിദ്യാഭ്യാസ ബില്‍ രാഷ്ട്രപതി സുപ്രീം കോടതിക്ക് സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് കോടതി നിര്‍ദേശിച്ച മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ച ബില്ലാണ് കേരള നിയമസഭ പാസാക്കിയത്. സമരം അതോടെ അവസാനിപ്പിക്കേണ്ടതായിരുന്നു. പക്ഷേ, തുടര്‍ന്നു. അതിന് കാരണം, വെളിയില്‍ പറഞ്ഞതൊന്നുമല്ല. സമര നിദാനം നേരെമറിച്ച് കമ്യൂണിസ്റ്റ് ഭരണം കേരളത്തില്‍ പാടില്ല എന്ന ഹീനമായ ജനാധിപത്യവിരുദ്ധ മനോഭാവമായിരുന്നു. ആ മനോഭാവം മാറ്റണമെന്നു പറയാന്‍ സുപ്രീം കോടതിക്ക് കഴിയില്ലല്ലോ?

ഈ ഭൂഗോളത്തില്‍ ഒരിടത്തും സ്ഥിതിസമത്വത്തിനുവേണ്ടി നിലകൊള്ളുന്ന ഒരു കക്ഷി ഭരണത്തില്‍ ഇരിക്കരുത് എന്ന പ്രതിജ്ഞ തങ്ങളുടെ ദേവാലയങ്ങളില്‍ നേര്‍ച്ചയായി നടത്തി കഴിയുന്ന ഒരുപാട് മത-വര്‍ഗ-ജാതി സംഘടനകള്‍ ഉള്ളപ്പോള്‍ നമ്പൂതിരിപ്പാടിന്റെ ഗവമെന്റിനെ എതിര്‍ക്കാന്‍ വിദേശത്തുനിന്ന് പണത്തിന്റെ ഒഴുക്ക് കേരളത്തിലെ നീട്ടിയ ഹസ്തങ്ങളിലേക്ക് പച്ചവെള്ളംപോലെ ഒഴുകിയെത്തി. നല്ല പണം കൊടുത്തുവെന്ന് അമേരിക്കന്‍ അംബാസഡര്‍മാര്‍ ആത്മകഥകളില്‍ സത്യം പറഞ്ഞിട്ടും ആരും കേട്ടതായി നടിച്ചില്ല. സമരപങ്കാളിയും സത്യസന്ധനുമായ ഒരാള്‍ പിന്നീട് ആത്മകഥയെഴുതുമ്പോള്‍ ഇതുസംബന്ധിച്ച് കുമ്പസാരം നടത്തി- ഫാദര്‍ വടക്കന്‍. വിമോചനസമരം തെറ്റായിരുന്നുവെന്ന വടക്കനച്ചന്റെ കുറ്റസമ്മതം അസത്യമെന്ന് പറയാന്‍ ഇവര്‍ക്കാര്‍ക്കെങ്കിലും ധൈര്യമുണ്ടോ.

ഈ സത്യത്തെ ആദരിക്കാന്‍ ഇന്നത്തെ വൈദിക ശ്രേഷ്ഠന്മാരും രാഷ്ട്രീയ നേതാക്കളും എന്തുകൊണ്ടാണ് മടിക്കുന്നത്. ജനങ്ങള്‍ ഇതൊക്കെ വായിക്കുന്നവരാണ്. ഇന്നത്തെ വിഐപികളെപ്പോലെയല്ല. ലക്ഷക്കണക്കിന് ഡോളര്‍ അമേരിക്കയില്‍നിന്ന് സംപൂജ്യ മെത്രാന്മാര്‍ക്കും സഭകള്‍ക്കുംമറ്റും അക്കാലത്ത് ലഭിച്ചിരുന്നുവെന്ന് നമ്മുടെ അച്ചന്‍ തുറന്നെഴുതിയിട്ടും ഇവരിലാരെങ്കിലും മിണ്ടിയോ? പണംവരവിന് സാക്ഷിയായ അച്ചന്‍ പോയതിന് ശേഷം വ്യാജവ്യവഹാരം തുടരുന്നു. ഇവര്‍ പറഞ്ഞ കാരണങ്ങള്‍ ഇവര്‍തന്നെ ഗൌരവമായെടുത്താല്‍ ഇവര്‍ക്ക് ഒരിക്കലും നല്ല ഭരണം കാഴ്ചവയ്ക്കാനാവില്ല. വിദ്യാഭ്യാസത്തെ മാനേജര്‍മാരുടെ സ്വാര്‍ഥ വലയങ്ങളില്‍നിന്ന് എന്നെങ്കിലും മോചിപ്പിക്കേണ്ടേ? പാവപ്പെട്ട കുടിയാന്മാരെ ഭൂസ്വാമികളുടെ മരണപ്പിടിത്തത്തില്‍നിന്ന് മോചിപ്പിക്കേണ്ടേ?

ഇവര്‍ നടത്തേണ്ടത് ഇവര്‍ക്കു വേണ്ടിയുള്ള വിമോചനസമരമാണ്. ഈ വിമോചനത്തിന് പരിശ്രമിക്കുന്നവര്‍ക്കെതിരെയുള്ള വിമോചനസമരമല്ല. ഇത് വിമോചനസമരമല്ല തന്നെ. വിമോചനസമരംവഴി നാട്ടിലെങ്ങും അക്രമവും കലാപവും നടത്തിയവര്‍ ക്രമസമാധാനനില തകര്‍ന്നെന്നു പറഞ്ഞാല്‍ ഉറിയും ഊറിച്ചിരിക്കും. അച്ഛനെ കൊന്നിട്ട് മകന്‍ ഞാന്‍ അനാഥനായാല്‍ ശിക്ഷ ഇളവുചെയ്യണമെന്ന് വാദിച്ചതായി കേട്ടിട്ടുണ്ട്. ഈ ക്രമസമാധാനവാദം ഈ നേരമ്പോക്കിനെ ഓര്‍മിപ്പിക്കുന്നു. തങ്ങള്‍ ഗവമെന്റിനെതിരെ കുഴപ്പത്തെ വളര്‍ത്തിയിട്ട് അതിന്റെ പേരില്‍ ആ ഗവമെന്റിനെ ശിക്ഷിക്കണമെന്ന് പറയുന്നവര്‍ ഏതോ ഭ്രാന്തലോകത്തില്‍നിന്ന് എത്തിയവരാണ്. ഏത് ഗവമെന്റും ഭരണത്തില്‍ ചില പിഴവുകള്‍ വരുത്തിയേക്കാം, ചെയ്യാന്‍ പാടില്ലാത്തത് ചെയ്തെന്നുവരും.

പക്ഷേ, അതിന്റെയൊക്കെപേരില്‍ ഭരണഘടനയിലെ 356-ാം വകുപ്പിനെ എഴുന്നള്ളിക്കാന്‍ പറ്റില്ല. രാജ്യദ്രോഹമോ ഭരണരംഗത്തെ കഴിവുകേടോ വരുത്തിയ ഭരണകൂടങ്ങള്‍ക്കുള്ള ആത്യന്തികമായ ശിക്ഷയാണ് അത്. ഇ എം എസ് ഗവമെന്റിന്റെ ചില സാംസ്കാരിക നയങ്ങളെ ഞാന്‍ അന്ന് വിമര്‍ശിച്ചിരുന്നു. അതും പ്രതിപക്ഷ നേതാവ് സ്വന്തം ലേഖനത്തില്‍ ഉദ്ധരിച്ച് വിമോചനസമത്തെ ന്യായീകരിച്ചത് ദുസ്സാമര്‍ഥ്യമായിപ്പോയി. ചരിത്രം ഈ ചീത്തസമരത്തെ എങ്ങനെ വിലയിരുത്തുന്നു എന്ന് നോക്കാം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച 'ഇരുപതാം നൂറ്റാണ്ടിലെ വര്‍ഷാന്തചരിതം' എന്ന റഫറന്‍സ് പുസ്തകത്തില്‍ (2000) വിമോചനസമരത്തെപ്പറ്റി ഒരു പ്രത്യേക ലേഖനം കൊടുത്തിട്ടുണ്ട്. ഈ കലാപം ഉണ്ടായതെങ്ങനെയെന്ന് തുടക്കത്തില്‍ ഒരു വാക്യം കൊണ്ട് വ്യക്തമാക്കിയിട്ടുണ്ട്. അതും ഇവിടെ ചേര്‍ക്കുന്നു.

'കേരളത്തില്‍ ഇ എം എസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ ജാതിമതസംഘടനകളും വര്‍ഗീയവാദികളും പ്രതിപക്ഷവും പലതരം എതിര്‍പ്പുമായി രംഗത്തുവന്നു'. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച (2005) 'കേരള സംസ്കാരചരിത്ര നിഘണ്ടു'വില്‍ വിമോചന സമരത്തെപ്പറ്റി ഹ്രസ്വവും പഠനീയവുമായ ഒരു കുറിപ്പ് കൊടുത്തിട്ടുണ്ട്. (എഡിറ്റര്‍ പ്രൊഫ. എസ് കെ വസന്തന്‍ രാഷ്ട്രീയപക്ഷപാതം ഒട്ടും ഇല്ലാത്ത ഒരു അധ്യാപകനും എഴുത്തുകാരനും ആണ്) ആ ഭാഗം ഉദ്ധരിക്കുന്നു: '1957 ലെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നു. അവര്‍ വിദ്യാഭ്യാസം, ഭൂനയം തുടങ്ങിയ കാര്യങ്ങളില്‍ മൌലികമായ മാറ്റങ്ങള്‍ കൊണ്ടുവന്ന നിയമങ്ങള്‍ പാസായതോടെ അവരെ അധികാരഭ്രഷ്ടരാക്കാന്‍ ചിലര്‍ ഒന്നിച്ചു. ക്രൈസ്തവമത സംഘടനകളാണ് ആദ്യം ഇതിന് തയ്യാറായത്. കോഗ്രസ് അവരോടൊപ്പം ചേര്‍ന്നു.

പിന്നീട് എന്‍എസ്എസ് തുടങ്ങിയ സംഘടനകളും വിമോചനസമരത്തില്‍ പങ്കാളികളായി. 1959 മെയ് 17ന് ചങ്ങനാശേരിയില്‍ ചേര്‍ന്ന യോഗമാണ് ഗവമെന്റിനെ താഴെയിറക്കുന്നതിന് തീരുമാനിച്ചത്. നാട്ടില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുക എന്നതായിരുന്നു സമരക്കാരുടെ ലക്ഷ്യം. പല സ്ഥലങ്ങളിലും ലാത്തിച്ചാര്‍ജുണ്ടായി. ഒട്ടാകെ 15 മരണം നടന്നു. ജൂ 22ന് ഇന്ത്യന്‍ പ്രധാനമന്ത്രി കേരളത്തിലെത്തി നേതാക്കന്മാരുമായി സംസാരിച്ചതിനുശേഷം വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ 1959 ജൂലൈ 31ന് കേരള മന്ത്രിസഭയെ ഡിസ്മിസ് ചെയ്തുകൊണ്ടും ഭരണമേറ്റെടുത്തുകൊണ്ടും രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിച്ചു. അന്നത്തെ എഐസിസി പ്രസിഡന്റായിരുന്ന ഇന്ദിരാഗാന്ധി കേരളസര്‍ക്കാരിനെ പുറന്തള്ളുന്ന തീരുമാനം എടുപ്പിക്കുന്നതില്‍ കേന്ദ്രത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തി. കമ്യൂണിസ്റ്റ് വിരുദ്ധ സാമ്രാജ്യവാദികളില്‍നിന്നും വിമോചനസമരത്തിന് ഗണ്യമായ സാമ്പത്തിക സഹായം കിട്ടി എന്ന ആരോപണവും ഇക്കാലത്ത് ഉണ്ടായി'.

നെഹ്റു വളരെ അസന്തുഷ്ടനായിരുന്നുവെന്ന് അന്ന് പത്രറിപ്പോര്‍ട്ടുകള്‍ ഉണ്ടായത് ചിലരെങ്കിലും ഇന്ന് ഓര്‍ക്കുന്നുണ്ടാവാം. കോഗ്രസുകാര്‍ ഓര്‍ക്കുന്നുണ്ടോ? ഇല്ലെന്ന് തോന്നുന്നു. അവര്‍ ഇപ്പോള്‍ പാടുന്ന പാട്ട് 'വിമോചനസമരം പുണ്യസമരം' എന്നതാണ്. പുതിയൊരു തെരഞ്ഞെടുപ്പ് നടത്തണം എന്ന നെഹ്റുവിന്റെ മധ്യസ്ഥാഭിപ്രായം ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ദ്രോഹം വരുത്തിക്കൂട്ടുകയില്ലായിരുന്നു. നെഹ്റുവിന്റെ അഭിപ്രായത്തിനെതിരായി ഗവര്‍ണറുടെ(ബി രാമകൃഷ്ണ റാവു) തീരുമാനം വന്നതെങ്ങനെ? അങ്ങനെ കേരളചരിത്രത്തിലെ കളങ്കരേഖയായി ഈ സംഭവം നില്‍ക്കുന്നു. ഇപ്പോള്‍ നടക്കുന്ന ജൂബിലി ആ പാപകളങ്കത്തിന്റെ ജൂബിലിയാണ് എന്ന് തുറന്നു സമ്മതിക്കാനുള്ള ആര്‍ജവം ഉമ്മന്‍ചാണ്ടിയടക്കമുള്ള കോഗ്രസ് നേതാക്കള്‍ കാട്ടണം.

നമ്മുടെ പക്ഷപാതങ്ങളെയും കൊള്ളരുതായ്മകളെയും മൂടിവയ്ക്കാന്‍ നാം എത്ര ആലിലകള്‍ ഉപയോഗിച്ചാലും ചരിത്രത്തിന്റെ നേരിയ കാറ്റ് വീശുമ്പോള്‍ അവയെല്ലാം പാറിപ്പോയി, സംഭവങ്ങള്‍ സത്യത്തിന്റെ നഗ്നതയില്‍ പ്രത്യക്ഷപ്പെടാതിരിക്കില്ല - ഇന്നല്ലെങ്കില്‍ നാളെ. അന്ന് ഇന്ദിരാഗാന്ധി പിതാവിന്റെകൂടെ നില്‍ക്കണമായിരുന്നു. എങ്കില്‍ ഇന്ത്യയുടെ ചരിത്രംതന്നെ മാറിയേനെ എന്നാണ് എന്റെ അഭ്യൂഹം. അന്ന് നെഹ്റുപുത്രി ചെയ്യിച്ചത് ജനാധിപത്യ നിഗ്രഹമായിരുന്നു. പിന്നീട് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് കേരള സംഭവം പറ്റിയ പശ്ചാത്തലമായി അവര്‍ക്ക് പ്രചോദനം നല്‍കിയെന്ന് ഉദ്ധരിക്കുന്നതില്‍ തെറ്റില്ല. കേരളത്തില്‍ അപ്പോള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കില്‍, പ്രധാനമന്ത്രിയായി വാഴുന്നോര്‍ അവരുടെ മനസ്സ് ജനാധിപത്യേതര മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കാന്‍ ഔത്സുക്യം കാണിക്കയില്ലായിരുന്നു.

അതൊക്കെ പറഞ്ഞിട്ട് ഇനി ഫലമില്ല. ഇന്നിപ്പോള്‍ നല്ല കോഗ്രസുകാര്‍പോലും വിമോചനസമരത്തിന്റെ ശവപ്പെട്ടിയില്‍നിന്ന് പരിമളം ഒഴുകുന്നുവെന്ന് ഘോഷം കൂട്ടുമ്പോള്‍, ഈ തകര്‍ച്ചയ്ക്കുംമറ്റും ഇടവരുത്തിയ ആ 'ആദിപാപ'ത്തിന്റെ ന്യായവശങ്ങളെപ്പറ്റി ആഴത്തില്‍ ചിന്തിച്ചുപോകും. എന്നിട്ടും കോഗ്രസുകാര്‍ വിമോചനസമരം വീണ്ടും നടത്തണമെന്ന് കട്ടായം പറയാന്‍ ഏതാനും നാഷണല്‍ കോഗ്രസ് എന്ന മഹാസംഘടനയുടെ പൂര്‍വസൂരികളുടെ ചെറുതിളക്കം അവരില്‍ അവശേഷിച്ചിരിപ്പുണ്ടാവണമല്ലോ. അതിന്റെ ഫലമാണ് ഈ വിഷയത്തില്‍ അവരുടെ സന്ദിഗ്ധത അധവാ 'വേണ്ട-ണം' എന്ന അപൂര്‍വമായ മനോഭാവം. അവരില്‍ അത് വേണ്ട രീതിയില്‍ പുഷ്ടി പ്രാപിച്ചാല്‍ എല്ലാവര്‍ക്കും നന്ന്.

No comments: