Sunday, July 12, 2009

വിഎസ് പിബിയ്ക്ക് പുറത്ത്

ന്യൂഡല്‍ഹി: തലമുതിര്‍ന്ന സിപിഎം നേതാവും മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദനെ പിബിയില്‍ നിന്നും തരംതാഴ്ത്തിയതായി വാര്‍ത്താക്കുറിപ്പിലൂടെ പാര്‍ട്ടി വ്യക്തമാക്കി. പാര്‍ട്ടി സംഘടനാ തത്വങ്ങള്‍ വിഎസ് ലംഘിച്ചതായി കേന്ദ്രകമ്മിറ്റി കണ്ടെത്തിയതായി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ലാവ്ലിന്‍ കേസില്‍ പിണറായി അഴിമതി നടത്തിയിട്ടില്ലെന്ന മുന്‍ നിലപാടില്‍ പാര്‍ട്ടി ഉറച്ച് നില്ക്കുന്നതായി കേന്ദ്രകമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. കേന്ദ്രകമ്മിറ്റിയിലേക്കാണ് വിഎസിനെ തരംതാഴ്ത്തുന്നത്. അദ്ദേഹം മുഖ്യമന്ത്രിയായി തുടരും, മുഖ്യമന്ത്രിയെന്ന നിലയിലും പാര്‍ട്ടി നേതാവെന്ന തരത്തിലും ഉത്തരവാദിത്വം നിറവേറ്റും. സംസ്ഥാനത്തെ പാര്‍ട്ടി ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് കേന്ദ്രകമ്മിറ്റി നിര്‍ദേശിച്ചു. പാര്‍ട്ടി കേരളഘടകത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ചേര്‍ന്ന കേന്ദ്രകമ്മിറ്റിയോഗമാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. പാര്‍ട്ടി സംസ്ഥാനസെക്രട്ടറി പിണറായി വിജയനെതിരെ നടപടിയില്ലെന്നതും ശ്രദ്ധേയമായി.

1964ല്‍ അവിഭക്തകമ്മ്യൂണിസ്റ് പാര്‍ട്ടി കേന്ദ്രകമ്മിറ്റിയില്‍ നിന്നും ഇറങ്ങി സിപിഎമ്മിന് രൂപം കൊടുത്ത നേതാക്കളില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന ഒരാളുടെ പടിയിറക്കം കൂടിയാണ് ഇന്നത്തെ പാര്‍ട്ടി തീരുമാനം വഴിയുണ്ടാവുക. ആരോഗ്യകാരണങ്ങളാല്‍ വിഎസ് യോഗത്തില്‍ പങ്കെടുത്തില്ല. ഇന്ന് വൈകിട്ട് അദ്ദേഹം കേരളത്തിലേക്ക് മടങ്ങും.


അദ്ദേഹത്തെ പിബിയില്‍ നിന്നും പുറത്താക്കാനാണ് കഴിഞ്ഞ ദിവസം കേന്ദ്രകമ്മിറ്റി മുന്നോടിയായുള്ള പിബിയുടെ തീരുമാനം. എന്നാല്‍ അദ്ദേഹത്തിനുനേരെ മാത്രം അച്ചടക്കനടപടിയെടുക്കുന്നതിനെ പിബിയിലും കേന്ദ്രകമ്മിറ്റിയിലും അഭിപ്രായ വ്യത്യാസമുണ്ടായതിനെത്തുടര്‍ന്നാണ് തീരുമാനം വൈകിയത്. പാര്‍ട്ടി സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പാര്‍ട്ടിയെ ഐക്യത്തോടെ നയിക്കുന്നതില്‍ പരാജയപ്പെട്ടതായി പിബി വിലയിരുത്തിയിരുന്നു.

കേരള കൌമുദി


No comments: