Tuesday, November 17, 2009

സ. പിണറായിക്കെതിരായ ഇ-മെയിൽ വീട്

. പിണറായിയെ അപകീർത്തിപ്പെടുത്താൻ പ്രചരിപ്പിച്ച ഇ-മെയിൽ വീട്

സ. പിണറായി വിജയന്റേതെന്നു പറഞ്ഞ് ഒരു മണിമാളികയുടെ ചിത്രമടക്കമുള്ള ഒരു ഇ-മെയിൽ സന്ദേശം ഏതോ കുബുദ്ധികൾ ഏതാനും ദിവസം മുമ്പ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇത് ആരോ ശ്രദ്ധയിൽ പ്പെടുത്തിയതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ ഈ വീട് ഒരു വിദേശ മലയാളിയുടേതാണെന്നു കണ്ടെത്തി. സ. പിണറായി മാനനഷ്ടത്തിനു കേസു കൊടുക്കുന്നതായും അറിവായിട്ടുണ്ട്. സ. പിണറായിയെക്കുറിച്ച് എന്തുപറഞ്ഞാലും വിശ്വസിയ്ക്കാൻ തയ്യാറെടുത്തിരിയ്ക്കുന്നവർക്ക് ആഹ്ലാദിയ്ക്കാൻ ഇതു ധാരാളമാണ്. സി.പി.എമ്മിനും അതിന്റെ നേതാക്കൾക്കും എതിരെ ഇതിനു മുമ്പും ദുഷ്ടബുദ്ധിയോടെയുള്ള പല ഇ-മെയിൽ പ്രചരണങ്ങളും നടന്നിട്ടുണ്ട്. സാധാരണ ഇത്തരം മെയിലുകൾ കിട്ടിയാൽ കിട്ടുന്നവർ ഉടൻ തന്നെ അതിന്റെ സത്യാസത്യങ്ങൾ അറിയാതെ മറ്റുപലർക്കുമായി അതു ഫോർവേർഡു ചെയ്യാറുണ്ട്.

അങ്ങനെ മുമ്പു പ്രചരിച്ചിട്ടുള്ള മെയിലുകളിൽ പലതും ഇത്തരത്തിൽ സത്യവുമായി ബന്ധമില്ലാത്തതായിരുന്നിരിയ്ക്കാം. പക്ഷെ ലക്ഷക്കണക്കിനാളുകൾ അതു വിശ്വസിച്ചു പോയിട്ടുണ്ട്. പ്രത്യേകിച്ചും സി.പി.എമ്മിനും അതിന്റെ നേതാക്കൾക്കും എതിരെ ഉള്ള ഇത്തരം മെയിലുകൾ പാർട്ടി സഖാക്കൾക്കാണ് കൂടുതലും അയച്ചു കൊടുക്കാറുള്ളത്. ഇത് ആദ്യമാദ്യം കിട്ടുന്ന പാർട്ടി അനുഭാവികളും പാർട്ടി അംഗങ്ങളും സ്വാഭാവികമായും മറ്റു പാർട്ടി സഖാക്കൾക്ക് ഫോർവേർഡു ചെയ്യും. അങ്ങനെ പാർട്ടി അനുഭാവികൾക്കിടയിൽതന്നെ പാർട്ടിക്കെതിരെ വികാരം വളർത്തിക്കൊണ്ടുവരാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം ഇന്റെർനെറ്റ് കളികൾ. ഇത്തരക്കാരെ കണ്ടു പിടിച്ച് മതിയായ താക്കീതു നൽകുന്നത് ഇന്റെർനെറ്റിന്റെ ദുരുപയോഗം തടയുന്നതിന് ആവശ്യമാണ്.

രാഷ്ട്രീയപാർട്ടികളെയും നേതാക്കളെയും ബന്ധപ്പെടുത്തി തമാശയ്ക്കു ചില മെയിലുകൾ തയ്യാറാക്കി പ്രചരിപ്പിയ്ക്കുന്ന പതിവുണ്ട് ഇന്റെർ നെറ്റ് ലോകത്ത്. പക്ഷെ അതൊക്കെ എല്ലാവരും തമാശയായി കണ്ട് ആസ്വദിയ്ക്കാറുമുണ്ട്. ചിലതൊക്കെ കാണുകയും വായിക്കുകയും ചെയ്താൽ ചിരിച്ചു കുടൽമാല കലങ്ങും അതു തയ്യാറാക്കിയവരെ മനസാ അഭിനന്ദിച്ചു പോകും.

പക്ഷെ അടുത്തകാലത്തായി സി.പി.ഐ (എം) -നെയും അതിന്റെ നേതാക്കളെയും തെരഞ്ഞു പിടിച്ച് ആക്ഷേപിയ്ക്കാനുള്ള പ്രവണത കണ്ടു വരുന്നുണ്ട്. ഇത്തരം വിലകുറഞ്ഞ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ഇത്തരക്കാർ തയ്യാറാകണം. ഇങ്ങനെ വരുന്ന മെയിലുകൾ കിട്ടിയുടൻ അതു മറ്റുള്ളവർക്കു ഫോർവേർഡു ചെയ്യുന്നത് ഒഴിവാക്കണം. മാർക്സിസ്റ്റു വിരോധം അന്ധമായി വച്ചു പുലർത്തുന്നവർക്ക് കടി തീരാൻ മറ്റെന്തെല്ലാം മാർഗ്ഗങ്ങൾ ഉണ്ട്. പാർട്ടിക്കെതിരെ എഴുതാം, പ്രസംഗിയ്ക്കാം, മറ്റു പാർട്ടികളിൽ പ്രവർത്തിയ്ക്കാം, പുതിയ പാർട്ടി ഉണ്ടാക്കാം, പാർട്ടിക്ക് വോട്ടു ചെയ്യാതിരിയ്ക്കാം തുടങ്ങി പല മാർഗ്ഗങ്ങളും അവലംബിയ്ക്കാം. പക്ഷെ ഇമ്മാതിരി വിലകുറഞ്ഞ പരിപാടികൾ അനുവർത്തിക്കരുത്.

ഇവിടെ പാർട്ടിക്കും അതിന്റെ നേതാക്കൾക്കും എതിരെ ചാടിപ്പൊടിയ്ക്കുന്ന ബ്ലോഗർമാരുണ്ടല്ലോ; അതവരുടെ സ്വാതന്ത്ര്യം. പക്ഷേ ഇത്തരം വ്യാജ പ്രചരണങ്ങളെക്കുറിച്ച് നിങ്ങൾക്കെന്തുണ്ട് പറയാൻ? ഒന്ന് അപലപിയ്ക്കാനുള്ള മര്യാദയെങ്കിലും കാണിയ്ക്കുമോ? അതോ സി.പി. ഐ(എം) -നും പ്രത്യേകിച്ച് അതിന്റെ നേതാവായ സ. പിണറായി വിജയനും എതിരെ ആർക്കും എന്തും പറയാമെന്നോ? അഭിപ്രായം അറിയാൻ താല്പര്യമുണ്ട് !

4 comments:

അനില്‍@ബ്ലോഗ് // anil said...

തീര്‍ച്ചയായും ഈ കേസ് പ്രസക്തമായ ഒന്നാണ്. ഏറ്റവും നിരുപദ്രവമെന്ന് തോന്നുന്നതും എന്നാല്‍ ഏറ്റവും കുടിലവുമായ ഒന്നാണ് ഇത്തരം മെയിലുകള്‍. അറിഞ്ഞോ അറിയാതെയോ ഇത് ഫോര്‍വേഡ് ചെയ്യുന്ന ഓരോരുത്തരും അതില്‍ ഉത്തരവാദികളുമാണ്.
കേസ് ഊര്‍ജ്ജിതമാവുകയും അതിന്മേല്‍ ചര്‍ച്ച വരികയും ചെയ്യട്ടെ.

chithrakaran:ചിത്രകാരന്‍ said...

വളരെ അനായാസമായി സത്യത്തിന്റെ ഒരു തരികൊണ്ട് കുത്തിപ്പൊട്ടിക്കാവുന്ന കുപ്രചരണങ്ങളാണിത്.

പൊതുപ്രവര്ത്തകരുടെ സാംബത്തിക-സാംസ്ക്കാരിക സുതാര്യതയും,ആദര്‍ശ ശുദ്ധിയും ജനത്തിന്റെ രാഷ്ട്രീയബോധത്തിന്റെ പരിധിക്കകത്ത് വരുന്ന അന്വേഷണ വിഷയം തന്നെയാണ്.ജനങ്ങളുടെ ആശങ്കകള്‍ അകറ്റേണ്ടത് പൊതുപ്രവര്‍ത്തകന്റെ ധാര്‍മ്മിക ബാധ്യതയുമാണ്.എന്നാല്‍ സുതാര്യനാകാതെ ജനങ്ങളില്‍ നിന്നും അവരുടെ സംശയങ്ങളില്‍ നിന്നും തൊട്ടുകൂടായ്മ പുലര്‍ത്തുന്നത് പിണറായിയുടെ ഭീകര ചിത്രം ജന മനസ്സുകളില്‍ വരച്ചിടപ്പെടാന്‍ കാരണമായിരിക്കുന്നു എന്ന യാഥാര്‍ഥ്യം അംഗീകരിക്കാതെ കണ്ണാടി കുത്തിപ്പൊട്ടിക്കാന്‍ ശ്രമിക്കുന്നത് വിഢിത്തമാണെന്നേ വിശേഷിപ്പിക്കാനാകുന്നുള്ളു. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ഈ ഓലപ്പാംബുകള്‍ കണ്ട് പേടിക്കുന്നവരാണെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണ് നാടിനു ഗുണകരമായിരിക്കുക. ഇതൊക്കെ കേസുകൊണ്ട് നേരിടുന്നത് രാഷ്ട്രീയ നേതാക്കളുടെയും അണികളുടേയും ആധുനിക മാധ്യമങ്ങളെക്കുറിച്ചുള്ള നിരക്ഷരതയുടെയും അസഹിഷ്ണുതയുടേയും ഭാഗമാണ്. ആ നിരക്ഷരത മാറാനെങ്കിലും ഈ വിവാദങ്ങള്‍ ഉപകരിക്കട്ടെ എന്നാശംസിക്കുന്നു.

ഈ ആധുനിക കാലത്ത് ഒരു വെബ് സൈറ്റോ ബ്ലോഗോ ഇല്ലാതെ നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ പത്രക്കാരുടെ പിന്നാലെ ഒലിപ്പിച്ചും,പ്രീണിപ്പിച്ചും,ഭീഷണിപ്പെടുത്തിയും,പ്രലോഭിപ്പിച്ചും പഴഞ്ചനായ പബ്ലിക്ക് റിലേഷന്‍ അടവുകളുമായി കഴിഞ്ഞുകൂടുന്നു എന്നതുതന്നെ ലജ്ജാവഹമാണ്.
കത്തെഴുതാനുള്ള അക്ഷരജ്ഞാനമില്ലാതിരുന്നവര്‍ പ്രിയപ്പെട്ടവര്‍ക്ക് പോസ്റ്റ്മാനെക്കൊണ്ട് കത്തെഴുതിച്ച് കഴിച്ചുകൂട്ടിയിരുന്നതുപോലുള്ള ദുരവസ്ഥയിലാണ് തങ്ങളെന്ന് നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നാണു മനസ്സിലാക്കുക :)

അനില്‍@ബ്ലോഗ് // anil said...

ചിത്രകാരന്റെ കമന്റുകളെപ്പോലെയുള്ളവ ഉദ്ദേശിച്ചാണ് “നിരുപ്രദ്രവമെന്ന് തോന്നുന്ന” എന്ന പ്രയോഗം എന്റെ കമന്റില്‍ ഇട്ടത്. പൊതുപ്രവര്‍ത്തകന്റെ സാമ്പത്തിക ശുദ്ധി ചോദ്യം ചെയ്യുന്നത് കള്ളങ്ങള്‍ പ്രചരിപ്പിക്കുന്ന ഫോര്‍വേഡ് മെയിലിലൂടെ അല്ല. പിണറായ് വിജയന്‍ സാമ്പത്തിക അഴിമതി നടത്തി ബംഗ്ലാവ് വച്ചു, അതിന്റെ ചിത്രമിതാ എന്ന അറിയിപ്പായിത്തന്നെയേ ആ മെയിലിനെ കാണാനാവൂ. അത് തെറ്റായ ഒരു പ്രവണത തന്നെയാണ്.

nishi said...

will you please post an original picture of pinarayi's home?