Wednesday, April 29, 2009

തമിഴര്‍ എരിഞ്ഞടങ്ങുമ്പോള്‍ കലൈഞ്ജരുടെ കലാപരിപാടി

തമിഴര്‍ എരിഞ്ഞടങ്ങുമ്പോള്‍ കലൈഞ്ജരുടെ കലാപരിപാടി

പി ഗോവിന്ദപ്പിള്ള

വടക്കന്‍ ശ്രീലങ്കയിലെ തമിഴ് ഭൂരിപക്ഷപ്രദേശങ്ങള്‍ അടര്‍ത്തിമാറ്റി സ്വതന്ത്ര പരമാധികാര ഈഴം റിപ്പബ്ളിക് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊല്ലും കൊലയും കുലവൃത്തിയായി സ്വീകരിച്ച വേലുപ്പിള്ള പ്രഭാകരന്റെ തമിഴ് ഈഴം പുലികള്‍ എല്‍ടിടിഇ അന്തിമ ദുരന്തത്തെ നേരിടുകയാണ്. ബാലികാബാലന്മാരെയും സ്ത്രീകളെയുംവരെ നിര്‍ബന്ധിച്ച് സൈന്യത്തില്‍ ചേര്‍ത്ത് പടക്കോപ്പ് നല്‍കി രക്ഷാവലയം തീര്‍ക്കുകയെന്ന നീചകൃത്യം മാത്രമല്ല വേലുപ്പിള്ള പ്രഭാകരന്റെ അടവ്. വംശവെറിയന്‍ സിംഹള സംഘടനകളെയും നേതാക്കന്മാരേയുംകാള്‍ കൂടുതല്‍ അയാള്‍ വെറുക്കുന്നതും തന്റെ ഏകാധിപത്യത്തിനു വെല്ലുവിളിയായി കരുതി വകവരുത്തുന്നതും മറ്റ് തമിഴ് സംഘടനകളെയും അതിന്റെ നേതാക്കളെയുമാണ്. അപ്രകാരമുള്ള കൊലപാതകങ്ങളില്‍ ഒന്നുമാത്രമായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയുടെ വധം.

ശ്രീലങ്കന്‍ പരമാധികാരത്തിനു കീഴില്‍ തമിഴ് ഭൂരിപക്ഷപ്രദേശങ്ങള്‍ക്ക് കഴിയുന്നത്ര സ്വയംഭരണാവകാശം നല്‍കാമെന്ന മുന്‍ പ്രസിഡന്റ് കുമാരി വിജയതുംഗെയോട് പ്രഭാകരന്‍ പ്രകടിപ്പിച്ച നന്ദി ഒരു വധശ്രമമായിരുന്നു. കുമാരിയുടെ ഒരു കണ്ണ് പൊട്ടിപ്പോയി. വേറെ പലരെയും പതിയിരുന്ന് കൊലപ്പെടുത്തിയ പുലികള്‍ സ്വന്തം അനുയായികളെയും നേതാക്കളെയുംവരെ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചതിന് കൊന്നുതള്ളിയിട്ടുണ്ട്. യൂറോപ്പിലെ നോര്‍വെ മധ്യസ്ഥത്തിന് ഒരുങ്ങി പല കൂടിയാലോചനയും നടത്തിയപ്പോഴെല്ലാം ശ്രീലങ്കന്‍ പരമാധികാരത്തിനു വിധേയമായി സ്വയംഭരണം കിട്ടണമെന്ന വാദം പ്രഭാകരന്‍ അംഗീകരിച്ചതാണ്. ഒടുവില്‍ അത് തീരുമാനമാകുമ്പോഴേക്കും പ്രഭാകരന്‍ വാഗ്ദാനം ലംഘിച്ച് കൂടിയാലോചന തകര്‍ത്തു. വാസ്തവത്തില്‍ ഈ കൂടിയാലോചന തന്റെ താവളം വികസിപ്പിക്കാനുള്ള സന്ദര്‍ഭമായാണ് പ്രഭാകരന്‍ ഉപയോഗിച്ചത്.

ഇത്രയും ആയപ്പോഴേക്കും തമിഴ് ഈഴം പുലികളെ ലോകത്തിലെ മിക്ക രാഷ്ട്രങ്ങളും ഭീകരസംഘക്കാരായി പ്രഖ്യാപിക്കുകയും അവരുടെ ആസ്തി മരവിപ്പിക്കുകയുംചെയ്തു. ഈ പശ്ചാത്തലത്തിലാണ് മഹിന്ദ രാജപക്സെ പുലികളുമായി അന്തിമ പോരാട്ടത്തിന് ശ്രീലങ്കന്‍സേനയെ നിയോഗിച്ചത്. അത് അന്തിമഘട്ടത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയുമാണ്. പുലിത്താവളമെല്ലാം സേന പിടിച്ചുകഴിഞ്ഞു. തീര്‍ച്ചയായും ഈ പോരാട്ടത്തില്‍ സൈനികര്‍ക്കെന്നപോലെ തമിഴര്‍ക്കും ആളപായം ഉണ്ടായിട്ടുണ്ട്. വളരെ ദയനീയവും ഭീകരവുമാണ് മുമ്പ് പുലികള്‍ പിടിച്ചടക്കിയിരുന്ന പ്രദേശങ്ങളിലെ തമിഴരുടെ ജീവിതം. ലങ്കന്‍സൈന്യത്തിന്റെ ആക്രമണത്തില്‍നിന്ന് പുലികളെ രക്ഷിക്കാനായി സൈനികമേഖലയിലെ തമിഴ്വംശജരെ കുരുതികൊടുക്കുകയാണ് പ്രഭാകരന്‍ ചെയ്തത്. അവര്‍ക്ക് രക്ഷാസ്ഥാനങ്ങളിലേക്ക് അഭയാര്‍ഥികളായി പോകാന്‍പോലും പുലികള്‍ അനുവദിച്ചില്ല.

കൂടാതെ, നേരത്തെ പരാമര്‍ശിച്ചവിധം ബാലികാബാലന്മാരെയും സ്ത്രീകളെയും പുലികള്‍ രക്ഷാവലയമാക്കി സൈന്യത്തിന് കുരുതികൊടുത്തു. സിംഹളസൈന്യവും കണ്ണില്‍ചോരയില്ലാത്ത കൂട്ടക്കൊലയാണ് നടത്തുന്നത് എന്നതില്‍ സംശയമില്ല. പുലിത്താവളമെല്ലാം വിമോചിപ്പിച്ച് യുദ്ധം അന്ത്യഘട്ടത്തിലേക്കെത്തുമ്പോള്‍ ഇതുവരെ പുലികളുടെ പിടിയില്‍ അമര്‍ന്നിരുന്ന ലക്ഷക്കണക്കിനു തമിഴര്‍ അഭയാര്‍ഥികളായി ഓടിപ്പോകുന്നു. ഓടിപ്പോകുന്ന അഭയാര്‍ഥികളെയും പുലികള്‍ വെടിവച്ച് കൊല്ലാറുണ്ടെങ്കിലും ഇപ്പോള്‍ അവര്‍ക്ക് കരുത്തില്ല. ഈ അഭയാര്‍ഥികളെ ചികിത്സയും ഭക്ഷണവും പാര്‍പ്പിടവും നല്‍കി രക്ഷിക്കാന്‍ മുന്നോട്ടുവന്ന ഐക്യരാഷ്ട്രസഭാ ദൌത്യസംഘമുള്‍പ്പെടെയുള്ളവരെ രാജപക്സെ സര്‍ക്കാര്‍ അതിന് അനുവദിക്കുന്നുമില്ല.

തമിഴരുടെ മൂലജന്മഭൂമിയായ ഇന്ത്യ ഈ ദുരവസ്ഥയില്‍ ദുഃഖിതയാണ്. രാജപക്സെയുടെ അടുത്ത നടപടി മയപ്പെടുത്താനും ജീവകാരുണ്യപ്രവര്‍ത്തനം അനുവദിക്കാനും ഇന്ത്യ ഇടപെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. എങ്കിലും വേണ്ടത്ര ഫലം കണ്ടിട്ടില്ല. അതേസമയം കശ്മീര്‍, അസം തുടങ്ങിയ സ്ഥലങ്ങളിലെ വിഘടനവാദത്തിന്റെ വൈഷമ്യം അനുഭവിക്കുന്ന ഇന്ത്യക്ക് പുലികളുടെ വിഘടനവാദവും അംഗീകരിക്കാന്‍ കഴിയില്ല. സാമ്രാജ്യവാദികള്‍ ദലൈലാമയോടൊത്ത് ടിബറ്റന്‍ വിഘടനവാദികളെ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തില്‍ ചൈനയ്ക്കും പുലികളുടെ വിഘടനവാദത്തെ അംഗീകരിക്കാനാകില്ല. അതേസമയം, ശ്രീലങ്കയിലെ തമിഴര്‍ കടലിന്റെയും ചെകുത്താന്റെയും ഇടയിലെന്നപോലെ സര്‍ക്കാരിന്റെയും പുലികളുടെയും മധ്യേ ഇയാംപാറ്റകളെപ്പോലെ ചത്തുവീഴുന്നത് കണ്ടില്ലെന്നു നടിക്കാനുമാകില്ല.

ഈ അവസ്ഥയില്‍ ശ്രീലങ്ക നടത്തുന്ന സൈനികനീക്കത്തെ നാസികളുടെ ജൂതവിരുദ്ധ നരഹത്യകളോട് താരതമ്യപ്പെടുത്തുന്നത് ഹിറ്റ്ലറുടെ ശ്രീലങ്കന്‍ പതിപ്പായ പ്രഭാകരനെ ന്യായീകരിക്കുന്നതിനു തുല്യമായിരിക്കും. ഇന്ത്യ തമിഴ്ജനതയുടെ മൂലജന്മഭൂമി മാത്രമല്ല പ്രഭാകരന്റെയും പുലികളുടെയും അതിക്രമത്തിന് ഇരയുമാണ്. രാജീവ്ഗാന്ധി വധക്കേസിലെ പ്രതിയായ പ്രഭാകരനെ ഇന്ത്യന്‍ കോടതികള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന പിടികിട്ടാപ്പുള്ളിയാണ്. വൈരുധ്യം നിറഞ്ഞതും വേദനാനിര്‍ഭരവുമായ ഈ ദയനീയാവസ്ഥയെ പത്ത് വോട്ട് കിട്ടാന്‍വേണ്ടി ചൂഷണംചെയ്യുന്ന ദുര്‍വൃത്തിയിലാണ് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ മുത്തുവേല്‍ കരുണാനിധി ഏര്‍പ്പെട്ടിരിക്കുന്നത്. ശ്രീലങ്കയില്‍ പ്രഭാകരന്റെ അതിക്രമംമൂലമായാലും രാജപക്സെയുടെ ആക്രമണംമൂലമായാലും ദുരിതമനുഭവിക്കുന്ന സഹോദരങ്ങളോട് ഇന്ത്യയിലെ തമിഴര്‍ക്കും മറ്റുള്ളവര്‍ക്കും സഹതാപം തോന്നുക സ്വാഭാവികമാണ്.

പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന ഈ ഘട്ടത്തില്‍ മുതലെടുപ്പു നടത്താന്‍വേണ്ടി കരുണാനിധി പ്രഖ്യാപിച്ചു: "പ്രഭാകരന്‍ ഭീകരനല്ല, എന്റെ സുഹൃത്താണ്. അയാള്‍ വധിക്കപ്പെട്ടാല്‍ ഞാന്‍ ദുഃഖിക്കും''. തമിഴ്നാട്ടിലും ഇന്ത്യയിലുടനീളവും പ്രത്യേകിച്ച് കരുണാനിധിയുടെ സഖ്യകക്ഷിയായ കോഗ്രസിലും ഉയര്‍ന്ന പ്രതിഷേധത്തെത്തുടര്‍ന്ന് താന്‍ അങ്ങനെയല്ല ഇങ്ങനെയാണ് പറഞ്ഞതെന്ന് കരുണാനിധി പറഞ്ഞ വാക്കുകള്‍ വിഴുങ്ങി. കലാരസികനെന്ന് സ്വയം വിശേഷിപ്പിച്ച് കലൈഞ്ജര്‍ മുത്തുവേല്‍ കരുണാനിധി ഏറ്റവും ഒടുവില്‍ നടത്തിയ പരിഹാസ്യമായ കലാപരിപാടിയാണ് ശ്രീലങ്കന്‍ തമിഴര്‍ക്കുവേണ്ടി എന്നു പറഞ്ഞ് അടുത്ത ആഹാരസമയംവരെ നിരാഹാരം പ്രഖ്യാപിച്ചത്. ഉടന്‍തന്നെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെയും സോണിയ ഗാന്ധിയെയും കൊണ്ട് അഭ്യര്‍ഥന വരുത്തിച്ച് അടുത്ത ആഹാരസമയത്തിനുമുമ്പുതന്നെ നിരാഹാരം പിന്‍വലിക്കുകയുംചെയ്തു. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍മേനോനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണനും കൊളംബോയില്‍ പോയി ആവശ്യപ്പെട്ടതനുസരിച്ച് രാജക്പസെ സര്‍ക്കാര്‍ വെടിനിര്‍ത്തിയതായി വാര്‍ത്ത പരത്തി കരുണാനിധിയും മന്‍മോഹന്‍സിങ്ങും വോട്ടുപിടിക്കാനുള്ള തട്ടിപ്പു ശ്രമത്തിലാണ്.

ശ്രീലങ്കന്‍ സര്‍ക്കാര്‍ വെടിനിര്‍ത്തി എന്ന പ്രഖ്യാപനത്തോടൊപ്പംതന്നെ വെടിനിര്‍ത്തിയില്ല, കടുത്ത ആയുധങ്ങള്‍ ഉപയോഗിക്കുകയില്ലെന്നു മാത്രമേയുള്ളൂ എന്ന ഔദ്യോഗിക വിശദീകരണവും വന്നപ്പോള്‍ കലൈഞ്ജരുടെ കഥ ഒരു കോമാളിനാടകമായി. ഇപ്പറഞ്ഞതിനര്‍ഥം ശ്രീലങ്കന്‍ സൈനികനടപടിയുടെ വിവേചനരഹിതമായ ക്രൂരതയെ പൊറുപ്പിക്കണമെന്നല്ല. ഇവയ്ക്ക് പ്രഭാകരന്റെയും പുലികളുടെയും ഉത്തരവാദിത്തംകൂടി കാണണമെന്നാണ്. പ്രഭാകരനും പുലികളും തോല്‍ക്കണം. തമിഴര്‍ ജയിക്കണം. അവരുടെ ദുരവസ്ഥയ്ക്കും അഭയാര്‍ഥികളുടെ പുനരധിവാസത്തിനും ഇന്ത്യയും സാര്‍വദേശീയ സമൂഹവും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം.

Tuesday, April 21, 2009

അഹല്യ രങ്കനേക്കര്‍ അന്തരിച്ചു

അഹല്യ രങ്കനേക്കര്‍ അന്തരിച്ചു


2009 ഏപ്രിൽ 19

ഐതിഹാസികസമരങ്ങളിലെ ധീരനായികയും മുതിര്‍ന്ന സിപിഐ എം നേതാവുമായ അഹല്യ രങ്കനേക്കര്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. മുംബൈ മാട്ടുംഗ കിങ്സ് വേയിലെ വീടായ വെങ്കിടേഷ് നിവാസില്‍ 2009 ഏപ്രിൽ 19 ഞായറാഴ്ച രാവിലെ 6.45നായിരുന്നു അന്ത്യം.


ബി ടി രണദിവെയുടെ സഹോദരിയും മഹാരാഷ്ട്രയിലെ ആദ്യകാല സിപിഐ എം നേതാവ് പി ബി രങ്കനേക്കറുടെ ഭാര്യയുമാണ്. ടി എം രണദിവേയുടെയും യശോധര സമര്‍ഥിന്റെയും മകളായി 1922 ജൂലൈ എട്ടിന് പുണെയില്‍ അഹല്യ ജനിച്ചു. അഞ്ചാംക്ളാസ് വരെ പൂണെയിലായിരുന്നു വിദ്യാഭ്യാസം. താണെയില്‍നിന്ന് മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കി. പിന്നീട് മുംബൈയില്‍ പഠനം തുടര്‍ന്നു. വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകയായി. ക്വിറ്റിന്ത്യ സമരത്തിന്റെ ഭാഗമായി ഫര്‍ഗുസൺ കോളേജിലെ കുട്ടികളെ പങ്കെടുപ്പിച്ച് അഹല്യ ജാഥ നയിച്ചു. എല്ലാവരും അറസ്റ്റിലായി. തടവറയിലും സമരം തുടര്‍ന്ന പ്രക്ഷോഭകര്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് ത്രിവര്‍ണപതാക ഉയര്‍ത്തി. തുടര്‍ന്ന് അഹല്യയെ ഇടുങ്ങിയ അറയിലേക്ക് മാറ്റി.

ജയില്‍മോചിതയായ അഹല്യ ബിരുദപഠനം പൂര്‍ത്തിയാക്കിയശേഷം മുഴുവന്‍സമയ കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകയായി. ടെക്സ്റ്റൈല്‍ തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1943ല്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായി. 1946ലെ മുംബൈ നാവിക കലാപത്തെ സഹായിച്ചെ പേരില്‍ അഹല്യയെ പൊലീസ് ക്രൂരമായി വേട്ടയാടി. ജനാധിപത്യ മഹിളാ അസോസിയേഷന്റെ സ്ഥാപകനേതാക്കളിലൊരാളാണ്. അസോസിയേഷന്‍ ദേശീയപ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1977ല്‍ മുംബൈ സെന്‍ട്രല്‍ മണ്ഡലത്തില്‍നിന്ന് ലോൿസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1957 മുതല്‍ 77 വരെ മുംബൈ കോര്‍പറേഷന്‍ കൌൺസിലില്‍ അംഗമായി പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥയില്‍ അഹല്യയെയും ജയിലിലടച്ചു. 1983നും 86നുമിടയില്‍ പാര്‍ടി സംസ്ഥാന സെക്രട്ടറിയായിരുന്നു. 2005 വരെ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗമായിരുന്നു. 2008 ഫെബ്രുവരി എട്ടിനാണ് പി ബി രങ്കനേക്കര്‍ അന്തരിച്ചത്. അജിത് രങ്കനേക്കര്‍, അഭയ് രങ്കനേക്കര്‍ എന്നിവര്‍ മക്കളാണ്.

ഒരു തീനാളം പോലെ

നന്നേ ചെറുപ്പത്തില്‍ത്തന്നെ വിപ്ലവാശയങ്ങള്‍ ഉള്‍ക്കൊണ്ട അഹല്യ പോരാട്ടത്തിന്റെ വഴികളില്‍ തീനാളമായിരുന്നു. അഹല്യയുടെ കുടുംബപശ്ചാത്തലമാണ് വേറിട്ട പാതയില്‍ സഞ്ചരിക്കാന്‍ അവരെ പ്രാപ്‌തരാക്കിയത്. ഇന്‍കം ടാൿസ് കമീഷണര്‍ ആയിരുന്ന അച്ഛന്‍ ടി എം രണദിവെ പുരോഗമനവാദിയും നവോത്ഥാനപ്രവര്‍ത്തകനുമായിരുന്നു. അദ്ദേഹം ജാതിബോധത്തെ എതിര്‍ക്കുകയും സ്‌ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കയും ചെയ്തു. അമ്മ യശോധരയ്ക്കും പുരോഗമന വീക്ഷണമുണ്ടായിരുന്നു. ജ്യേഷ്ഠന്‍ ബി ടി രണദിവെയുടെ സ്വാധീനവും അഹല്യ വിശാലമായ ലോകത്തേക്ക് കടന്നുവരാന്‍ കാരണമായി.

സ്കൂളില്‍ പഠിക്കുമ്പോള്‍ സഹപാഠികളെ സംഘടിപ്പിച്ച് സാംസ്കാരിക സംഘടനയ്ക്ക് അഹല്യ രൂപംകൊടുത്തു. കലാകായിക രംഗങ്ങളിലും സജീവ പങ്കാളിയായി. റൂയിയ കോളേജില്‍ പഠിക്കവെ വിദ്യാര്‍ഥിപ്രസ്ഥാനത്തില്‍ പൂര്‍ണസമയ പ്രവര്‍ത്തകയായി. പഠനം മുടങ്ങും എന്നു കണ്ട വീട്ടുകാര്‍ പുണെയിലെ ഫര്‍ഗുസൺ കോളേജിലേക്ക് മാറ്റിയെങ്കിലും അഹല്യയുടെ സമരവീര്യം അണഞ്ഞില്ല. ഗാന്ധിജി ക്വിറ്റിന്ത്യ സമരത്തിന് ആഹ്വാനംചെയ്തതിനെത്തുടര്‍ന്ന് രാജ്യം ഇളകിമറിയുമ്പോള്‍ ഫര്‍ഗുസൺ കോളേജിലെ കുട്ടികളെ പങ്കെടുപ്പിച്ച് അഹല്യ ജാഥ നയിച്ചു. എല്ലാവരും അറസ്റ്റിലായി. മാപ്പുപറയണമെന്ന് കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടു. അത് ചെവിക്കൊള്ളാന്‍ തയ്യാറാകാത്തതിനാല്‍ കോളേജില്‍നിന്നു പുറത്തായി. പൊലീസ് അറസ്റ്റുചെയ്ത് അഹല്യയെയും കൂട്ടുകാരെയും യര്‍വാദ ജയിലില്‍ അടച്ചു. മണിബെന്‍ പട്ടേല്‍, മൃദുല സാരാഭായ്, സോഫിയാ ഖാന്‍, പ്രേമാ കാന്തക് തുടങ്ങിയ കോൺഗ്രസ് വനിതാ നേതാക്കള്‍ അന്ന് ജയിലിലുണ്ടായിരുന്നു.

തടവറയിലും സമരം തുടര്‍ന്ന പ്രക്ഷോഭകര്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് അവിടെ ത്രിവര്‍ണപതാക ഉയര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ അതിന് നേതൃത്വംകൊടുത്തത് അഹല്യയായിരുന്നു. പച്ച, വെള്ള, കുങ്കുമം എന്നീ നിറങ്ങളുള്ള സാരികള്‍ കൂട്ടിത്തുന്നിച്ചേര്‍ത്ത് അതില്‍ കരിക്കട്ടകൊണ്ട് ചര്‍ക്ക വരച്ച് പതാകയുണ്ടാക്കിയ വനിതാ തടവുകാര്‍ അത് ജയിലിന്റെ പുറംമതിലില്‍ കെട്ടിത്തൂക്കി. വിവരമറിഞ്ഞെത്തിയ ജയില്‍ സൂപ്രണ്ട് അഹല്യയെ ഇന്ദു ഖേല്‍ക്കര്‍ എന്ന മറ്റൊരു പ്രക്ഷോഭകയോടൊപ്പം ഇടുങ്ങിയ അറയിലേക്ക് മാറ്റി. ഈ അതികഠിന ജയില്‍വാസം ഏഴ് നാള്‍ നീണ്ടു. നാലുമാസത്തിനു ശേഷം ജയില്‍മോചിതയായ അഹല്യ റൂയിയ കോളേജ് പ്രിന്‍സിപ്പലിനെ നേരില്‍ കണ്ട് അവിടെ പഠനം തുടരാന്‍ അനുമതി നേടി.

ബിരുദപഠനം പൂര്‍ത്തിയാക്കിയശേഷം കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകയായി. മുംബൈയില്‍ തുണിമില്‍ തൊഴിലാളികളൂടെ സംഘടനയായ ഗിര്‍ണി കാംഗാര്‍ യൂണിയനില്‍ പ്രവര്‍ത്തനം തുടങ്ങി. സ്‌ത്രീത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധിച്ചത്. രണ്ടാം ലോകയുദ്ധം വമ്പിച്ച വിലക്കയറ്റത്തിനും കടുത്ത ദാരിദ്ര്യത്തിനും വഴിതെളിച്ചു. വിലവര്‍ധനക്കെതിരായ സമരത്തിന് നേതൃത്വം നല്‍കി. ഗിര്‍ണി കാംഗാര്‍ യൂണിയന്റെ ജോയിന്റ് സെക്രട്ടറിയായും 'പരേല്‍ മഹിളാ സംഘി'ന്റെ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

1946ല്‍ നാവികസമരത്തെ സഹായിക്കാന്‍ മുംബൈയിലെ തുണിമില്‍ തൊഴിലാളികള്‍ രംഗത്തിറങ്ങിയപ്പോള്‍ പൊലീസ് മുംബൈയില്‍ നടത്തിയ നരവേട്ടയില്‍നിന്ന് അഹല്യ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്്. അക്കൊല്ലം ഫെബ്രുവരി 22ന് പൊലീസും പട്ടാളവും ചേര്‍ന്ന് നടത്തിയ വെടിവയ്പില്‍ ഇരുനൂറോളം പേര്‍ കൊല്ലപ്പെട്ടു. പരേലിലെ പാര്‍ടി ഓഫീസിനു മുന്‍പില്‍ അഹല്യക്കൊപ്പം അന്നുണ്ടായിരുന്ന കമല്‍ ധോണ്ഡെ എന്ന പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിക്കുകയും അഹല്യയുടെ സഹോദരി കുസുമത്തിന് കാലില്‍ വെടിയേല്‍ക്കുകയുംചെയ്തു. സ്വാതന്ത്ര്യാനന്തരം കമ്യൂണിസ്റ്റ് പാര്‍ടി നടത്തിയ സമരങ്ങളില്‍ അഹല്യക്ക് സമുന്നതസ്ഥാനം ഉണ്ടായിരുന്നു.

അതിനിടെ 1945ല്‍ പി ബി രംഗനേക്കറെ വിവാഹംചെയ്തു. 1948ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയെ നിരോധിച്ചപ്പോള്‍ അഹല്യയും ജയിലിലായി. ഒരു വയസ്സുള്ള മകനെ വീട്ടില്‍ നിര്‍ത്തിയിട്ടാണ് അവര്‍ ജയിലിലേക്കു പോയത്. സംയുക്ത മഹാരാഷ്ട്രപ്രക്ഷോഭം, ഇന്ത്യ - ചൈന യുദ്ധം, അടിയന്തരാവസ്ഥ എന്നീ സന്ദര്‍ഭങ്ങളിലെല്ലാം അധികാരികളുടെ പീഡനങ്ങള്‍ ഏറ്റുവാങ്ങിയ കമ്യൂണിസ്റ്റുകാരിയായിരുന്നു അഹല്യ. 1962 കാലത്തെ ജയില്‍വാസത്തിനിടെയായിരുന്നു അമ്മയുടെ മരണം. അമ്മയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അഹല്യക്കും ബി ടി ആറിനും അധികൃതര്‍ രണ്ടുമണിക്കൂര്‍ മാത്രമാണ് അനുവദിച്ചത്.

പരേല്‍ മണ്ഡലത്തിന്റെ പ്രതിനിധിയായി പലവട്ടം തെരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥയില്‍ മുംബൈ സെന്‍ട്രലിനെ പ്രതിനിധാനംചെയ്ത് ലോൿസഭയില്‍ എത്തി. സ്ത്രീകളെ സംഘടിപ്പിക്കുന്നതിലും അവകാശസമരങ്ങളില്‍ അവരെ അണിനിരത്തുന്നതിലും അഹല്യ എക്കാലവും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. വിമല്‍ രണദിവെ, മാലതി രംഗനേക്കര്‍ തുടങ്ങിയവര്‍ക്കൊപ്പം ചേര്‍ന്ന് 1943ല്‍ പരേല്‍ മഹിളാ സംഘ് എന്ന സ്‌ത്രീസംഘടന രൂപീകരിച്ചു. ഈ സംഘടനയുടെ ആവശ്യപ്രകാരമാണ് സ്‌ത്രീകളെ നിയന്ത്രിക്കാന്‍ വനിതാകോസ്റ്റബിള്‍മാരെ നിയോഗിക്കാന്‍ തുടങ്ങിയത്.

1970കളുടെ തുടക്കത്തില്‍ നടന്ന വിലക്കയറ്റ വിരുദ്ധസമരകാലത്ത് പരേല്‍ മഹിളാ സംഘ് അവഗണിക്കാനാവാത്ത സംഘടനയായി മാറി. പരേല്‍ മഹിളാസംഘ് പിന്നീട് ശ്രമിക് മഹിളാസംഘ് എന്ന പേരില്‍ വിപുലീകരിച്ചു. 1980ല്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ രൂപീകരിച്ചപ്പോള്‍ ശ്രമിക് മഹിളാ സംഘ് അതിന്റെ സംസ്ഥാന ഘടകമായി. 1990കളില്‍ 35 വനിതാ സംഘടനകള്‍ ചേര്‍ന്ന് സ്‌ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള കര്‍മസമിതി (എംഎവികെഎസ്) രൂപീകരിച്ചപ്പോള്‍ അതിന് നേതൃത്വംകൊടുത്തവരില്‍ അഹല്യയുണ്ടായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ സ്ഥാപകാംഗമായ അഹല്യ സംഘടനയുടെ പ്രസിഡന്റ്, വൈസ്പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചു. 2001മുതല്‍ രക്ഷാധികാരിയായിരുന്നു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായിരുന്നു.

അഹല്യ രങ്കനേക്കറുടെ നിര്യാണത്തില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അനുശോചിച്ചു. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും സജീവമായി പ്രവര്‍ത്തിച്ച അഹല്യ നിരവധി ത്യാഗോജ്വലമായ സമരങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്നു. ഉന്നതമായ പ്രതിബദ്ധതയോടെയാണ് അവര്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു വേണ്ടി ആറു ദശാബ്ദം പ്രവര്‍ത്തിച്ചത്. ഏഴു വര്‍ഷം ജയില്‍വാസം അനുഭവിച്ച അവര്‍ രണ്ടു വര്‍ഷം ഒളിവിലും പ്രവര്‍ത്തിച്ചു. അവരുടെ ലാളിത്യവും സൌഹൃദപൂര്‍ണമായ പെരുമാറ്റവും സഹപ്രവര്‍ത്തകരെയും ജനങ്ങളെയും ആകര്‍ഷിച്ചു. ഒരു ജനനേതാവിനുള്ള ഉന്നത ഗുണങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. അഹല്യയുടെ നിര്യാണത്തിലൂടെ പാര്‍ടിക്ക് അതുല്യയായ നേതാവിനെയാണ് നഷ്ടപ്പെട്ടത്. അവരുടെ ജീവിതവും സംഭാവനകളും തലമുറകളെ പ്രചോദിപ്പിക്കും. അഹല്യയുടെ സ്മരണയ്ക്കുമുന്നില്‍ പിബി ആദരാഞ്ജലി അര്‍പ്പിച്ചു. മക്കളായ അജിത്, അഭയ് എന്നിവരെ അനുശോചനം അറിയിച്ചു.

Saturday, April 11, 2009

ഭൂതകാലം മറക്കുമ്പോള്‍

ഭൂതകാലം മറക്കുമ്പോള്‍


പിണറായി വിജയന്‍

ഭൂതകാലം മറക്കുന്നത് നല്ലകാര്യമാണെന്ന് കരുതുന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണം കോഗ്രസിന്റെ ഇന്നത്തെ സമീപനംതന്നെ. ഗാന്ധിജിയെയും നെഹ്റുവിനെയും ദേശീയപ്രസ്ഥാന പാരമ്പര്യത്തെയും പരിമിതമായെങ്കിലും ഉയര്‍ത്തിപ്പിടിച്ച ജനാധിപത്യമൂല്യങ്ങളെയെല്ലാം മറന്ന കോഗ്രസിനെയാണ് നാം ഇന്ന് കാണുന്നത്. ഭൂതകാലം മറന്നാല്‍, മുമ്പ് ചെയ്ത തെറ്റുകളും മറന്നുപോകും-അതുകൊണ്ടാണ് സിഖുകാരെ കൂട്ടക്കൊലചെയ്യുന്നതിന് നേതൃത്വം നല്‍കിയ രണ്ടുപേരെ സഥാനാര്‍ഥിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കോഗ്രസ് തയ്യാറായത്.

വന്‍തോതില്‍ പ്രതിഷേധം ഉയര്‍ന്നുവന്നതും അത് താങ്ങാന്‍ കഴിയാതെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കേണ്ടിവന്നതും പഴയകാലം മറന്നതുകൊണ്ടും അനുഭവങ്ങളില്‍നിന്ന് പഠിക്കാത്തതുകൊണ്ടുമാണ്. കമ്യൂണിസ്റ്റുകാര്‍ ഭൂതകാലത്തില്‍ ജീവിക്കുന്നവരാണെന്ന് കോഗ്രസ് ആരോപിക്കുമ്പോള്‍, ഞങ്ങള്‍ കഴിഞ്ഞകാലം മറക്കുന്നവരല്ല എന്നാണ് തിരിച്ചുപറയാനുള്ള ഉത്തരം. ചരിത്രം മറന്നുപോകാനുള്ളതല്ല, ഓര്‍മിപ്പിക്കപ്പെടാനും പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുമുള്ളതാണ്.

ഈ തിരിച്ചറിവില്ലാത്തതുകൊണ്ട് കോഗ്രസിന് പോയകാലത്തെ തെറ്റുകളുടെ തടവറയില്‍നിന്ന് പുറത്തുകടക്കാനോ, നഷ്ടപ്പെട്ട നന്മകള്‍ തിരിച്ചുപിടിക്കാനോ കഴിയുന്നില്ല. "നമ്മുടെ പഴയകാലപാരമ്പര്യങ്ങള്‍ മനസ്സില്‍ വച്ചുകൊണ്ട് സ്വതന്ത്രമായ വിദേശനയമാണ് യുപിഎ ഗവമെന്റ് അനുവര്‍ത്തിക്കുക. ആഗോളബന്ധങ്ങളില്‍ ബഹുധ്രുവതയെ പ്രോത്സാഹിപ്പിക്കുവാനും ഏകപക്ഷീയതയ്ക്കുള്ള എല്ലാ ശ്രമങ്ങളെയും എതിര്‍ക്കുവാനും പരിശ്രമിക്കുന്ന നയമായിരിക്കും അത്''- സോണിയ ഗാന്ധി അധ്യക്ഷയായ യുപിഎ അമേരിക്കയുമായുള്ള ബന്ധങ്ങളെക്കുറിച്ച് പൊതുമിനിമം പരിപാടിയില്‍ അംഗീകരിച്ച വാചകങ്ങളാണിത്. പ്രയോഗത്തില്‍ വന്നപ്പോള്‍ 'പഴയകാലപാരമ്പര്യങ്ങള്‍' ആദ്യം വിസ്മരിക്കപ്പെട്ടു.

ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരായ സ്വാതന്ത്യ്രസമരത്തില്‍നിന്ന് ഉരുത്തിരിഞ്ഞുവന്നതാണ് ഇന്ത്യയുടെ വിദേശ നയം. ചേരിചേരാനയം എന്നത് ലോകം രണ്ടുചേരികളായി നില്‍ക്കുമ്പോള്‍ രണ്ടിലും ചേരാതിരിക്കുക അഥവാ സൈനിക ബ്ളോക്കുകളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുക എന്നതുമാത്രമായിരുന്നില്ല; ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കോളനി വിരുദ്ധ സമരങ്ങള്‍ക്ക് ദൃഢമായ പിന്തുണ നല്‍കുക എന്നതുകൂടിയായിരുന്നു. ഇത്തരം കോളനി വിരുദ്ധ സമരങ്ങളില്‍ ചിലതായിരുന്നു വിയത്നാം, പലസ്തീന്‍, ദക്ഷിണാഫിക്ക എന്നിവ. ആ പോരാട്ടങ്ങള്‍ക്ക് വിലപ്പെട്ട പിന്തുണയാണ് ഇന്ത്യ നല്‍കിയത്.

അതുകൊണ്ടുതന്നെ, ചേരിചേരാ പ്രസ്ഥാനത്തിന്റെ നായകത്വം ഇന്ത്യക്ക് വന്നുചേരുകയും സാര്‍വദേശീയ വേദികളില്‍ ഇന്ത്യയുടെ ശബ്ദം വളരെ പ്രധാനപ്പെട്ടതായി ഉയരുകയുംചെയ്തു. സാമ്രാജ്യത്വവിരുദ്ധ ചേരിയിലാണ് ഇന്ത്യ നിലകൊണ്ടത്. ആ പാരമ്പര്യമാണ് ഇന്ന് കളഞ്ഞുകുളിച്ചത്. അമേരിക്കയുടെ നയപങ്കാളിയാക്കി, സാമ്രാജ്യത്വത്തിന്റെ വിശ്വസ്ത സേവകപദവിയിലേക്ക് ഇന്ത്യയെ കൂടുതല്‍ മാറ്റിത്തീര്‍ക്കുന്ന വിദേശനയമാണ് യുപിഎ സര്‍ക്കാര്‍ പിന്തുടരുന്നത്. പലസ്തീനുമേല്‍ ഇസ്രയേല്‍ നടത്തിയ അധിനിവേശത്തിനെതിരെ പലസ്തീന്‍ ജനതയോടൊപ്പം നിന്ന ഇന്ത്യ, ആ നയത്തില്‍നിന്ന് മാറി കൊലയാളികളുടെ പക്ഷത്ത് ചേരുന്നതിനെയാണ് ഇടതുപക്ഷം എതിര്‍ക്കുന്നത്.

അമേരിക്കയും ഇസ്രയേലുമായി ദൃഢമായ സഖ്യത്തിലേക്ക് ഇന്ത്യയെ എത്തിക്കുക, രാജ്യത്തിന്റെ പ്രതിരോധ കാര്യങ്ങളില്‍ ആ രണ്ട് രാജ്യങ്ങള്‍ക്കും ഇടപെടാന്‍ അവസരമൊരുക്കുക എന്ന അതീവഗുരുതരമായ അവസ്ഥ എന്തു വിലകൊടുത്തും തോല്‍പ്പിക്കുമെന്നാണ് ഇടതുപക്ഷം പ്രഖ്യാപിച്ചിട്ടുള്ളത്്. കോഗ്രസ് നേതൃത്വം ഇന്ന് വാശിയോടെ നടപ്പാക്കുന്ന അമേരിക്ക-ഇസ്രയേല്‍ അനുകൂല വീക്ഷണം ജനസംഘത്തിന്റെയും ആര്‍എസ്എസിന്റെയും പ്രഖ്യാപിതമായ നയംതന്നെയാണ്. ആര്‍എസ്എസ് ഉയര്‍ത്തിപ്പിടിക്കുന്ന ലോകവീക്ഷണത്തിന്റെ ഉന്നം മുസ്ളിം ലോകത്തിനും സോഷ്യലിസ്റ് രാജ്യങ്ങള്‍ക്കും എതിരായി ഹിന്ദുക്കളും ജൂതന്മാരും ക്രിസ്ത്യാനികളും ഒന്നിച്ചു നിര്‍ത്താനുള്ളതാണ്.

അമേരിക്കയുമായും നാറ്റോയുമായും ഇസ്രയേലുമായും ഇന്ത്യ കൂട്ടുകൂടണമെന്ന് ആര്‍എസ്എസ് എല്ലായ്പോഴും വാദിക്കുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. നെഹ്റുവിന്റെ കാലത്ത് പടുത്തുയര്‍ത്തിയ ചേരിചേരാനയം വലിച്ചെറിഞ്ഞ് കോഗ്രസ് എത്തുന്നത് ബിജെപിയുടെ ആഗ്രഹം നടപ്പാക്കാനാണെന്നര്‍ഥം. അതുചൂണ്ടിക്കാട്ടി ഇടതുപക്ഷം എതിര്‍പ്പുയര്‍ത്തുമ്പോള്‍, പണ്ട് എല്‍ഡിഎഫ് ഗവമെന്റിലെ ഒരു മന്ത്രി ഇസ്രയേലില്‍ പോയില്ലേ എന്നുള്ള മറുചോദ്യവും പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഇസ്രയേലില്‍നിന്ന് വ്യവസായനിക്ഷേപം കൊണ്ടുവന്നു എന്ന കള്ളപ്രചാരണവുമാണ് കോഗ്രസ് നടത്തുന്നത്.

അത്തരം തരംതാണ പ്രചാരണങ്ങള്‍ക്ക് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണിപോലും മുന്നിട്ടിറങ്ങുമ്പോള്‍, ഇസ്രയേലുമായി ഉണ്ടാക്കിയ ബന്ധം എത്രമാത്രം തീവ്രമാണെന്നും അത് സംരക്ഷിക്കാന്‍ എന്തുചെയ്യാനും കോഗ്രസ് മടിക്കില്ലെന്നുമുള്ള സന്ദേശമാണ് പുറത്തുവരുന്നത്. അമേരിക്കയുമായി ഉണ്ടാക്കിയ പ്രതിരോധ കരാറുകള്‍, ഇസ്രയേലുമായുള്ള ആയുധക്കച്ചവടക്കരാറുകള്‍, ഇറാന്റെ പ്രശ്നത്തില്‍ അമേരിക്കയ്ക്കൊപ്പം നിന്നത്, നാറ്റോ സൈന്യങ്ങളുമായും അമേരിക്കന്‍ സൈന്യങ്ങളുമായും ചേര്‍ന്ന് നടത്തിയ സംയുക്തസൈനിക അഭ്യാസങ്ങള്‍ എന്നിവയെല്ലാം ചൂണ്ടിക്കാട്ടിയാണ് കോഗ്രസ് അതിന്റെതന്നെ ഭൂതകാലം മറന്ന്, വിദേശനയത്തെ അട്ടിമറിച്ചു എന്ന് ഇടതുപക്ഷം പറയുന്നത്.

ഇസ്രയേലില്‍നിന്ന് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യമാണ് ഇന്ന് ഇന്ത്യ. മാത്രമല്ല ഇസ്രയേലിലെതന്നെ, പ്രതിരോധ വകുപ്പില്‍നിന്ന് വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ ആയുധങ്ങള്‍ സ്വകാര്യ ആയുധ വ്യവസായികളില്‍നിന്ന് വാങ്ങുന്നു. അതില്‍ വന്‍തോതില്‍ അഴിമതി നടക്കുന്നുണ്ടെന്നാണ്, മിസൈല്‍ കരാറില്‍ 900 കോടി രൂപയുടെ കോഴ ഇടപാട് നടന്നു എന്ന വെളിപ്പെടുത്തലില്‍ വ്യക്തമാകുന്നത്.

ഇസ്രയേലില്‍നിന്നുതന്നെ വ്യക്തമായ തെളിവുകള്‍ വന്നിട്ടും അതേക്കുറിച്ച് അന്വേഷിക്കാനുള്ള സന്നദ്ധത സോണിയ ഗാന്ധി കാണിക്കുന്നില്ല. അഴിമതിയോടൊപ്പം അത്രതന്നെ ഗൌരവമായ മറ്റൊരു പ്രശ്നംകൂടി ഇസ്രയേലില്‍നിന്ന് ഇന്ത്യ ആയുധങ്ങള്‍ വാങ്ങി കുന്നുകൂട്ടുന്നതില്‍ അടങ്ങിയിട്ടുണ്ട്. ആയിരക്കണക്കിന് കോടി രുപയുടെ ഇടപാടിലൂടെ ഇസ്രയേലിന്റെ ആയുധ വ്യവസായം വന്‍തോതില്‍ വികസിക്കുകയാണ്. അങ്ങനെ കിട്ടുന്ന പണം പലസ്തീനിലെ ഇസ്രയേലിന്റെ അധിനിവേശത്തിന് സാമ്പത്തിക സഹായം നല്‍കാനാണ് ഉപയോഗിക്കുന്നത്്. ഇസ്രയേലിലെ സൈനിക ഉദ്യോഗസ്ഥരും ആ രാജ്യത്തിന്റെ രഹസ്യാന്വേഷണ സംഘമായ മൊസ്സാദിന്റെ പ്രതിനിധികളും ഇടയ്ക്കിടെ കശ്മീര്‍ സന്ദര്‍ശിക്കുന്നുണ്ട്.

ഭീകരപ്രവര്‍ത്തനത്തിനെതിരെയുള്ള യുദ്ധത്തില്‍ ഇന്ത്യയെ സഹായിക്കുന്നതിനുവേണ്ടിയെന്ന പേരില്‍, മുംബൈ ഭീകരാക്രമണ സമയത്തും മൊസ്സാദ് രംഗത്തുവന്നു. ഇന്ത്യയും ഇസ്രയേലും ചേര്‍ന്ന് സംയുക്തമായി പലതരം മിസ്സൈലുകളും ഉണ്ടാക്കുന്നുണ്ട്. പലസ്തീനില്‍ സത്രീകളും കുട്ടികളുമടക്കമുള്ള നിരപരാധികളെ കൊല്ലുന്നതിന് അവ ഉപയോഗിക്കുന്നു. ഇസ്രയേലിനുവേണ്ടി ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന ജോലിയും ഇന്ത്യ ഏറ്റെടുത്തിരിക്കുന്നു. ഇത്തരമൊരവസ്ഥ നാടിനെ എത്തിക്കുന്ന അപകടത്തെക്കുറിച്ച് പറയുമ്പോള്‍ തൊടുന്യായങ്ങള്‍ നിരത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ മാന്യതയുടെ ലക്ഷണമല്ല. ഇടതുപക്ഷത്തിന് ഇസ്രയേലുമായി ഒരുതരത്തിലുമുള്ള ബന്ധവുമില്ല. ബന്ധം പുലര്‍ത്തുന്നതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു.

അത് ഞങ്ങളുടെ ഇന്നലത്തെയും ഇന്നത്തെയും നാളത്തെയും നിലപാടാണ്്. ഇന്ത്യയുടെ സഹായത്തോടെ പലസ്തീനില്‍ കൂട്ടക്കുരുതി നടത്തുന്ന അവസ്ഥ ഇല്ലാതിരിക്കാന്‍ ഇസ്രയേലുമായുള്ള വഴിവിട്ട അടുപ്പവും ഇടപാടുകളും ഉപേക്ഷിക്കുമെന്ന് കോഗ്രസ് പ്രകടനപത്രികയില്‍ പറയാത്തിടത്തോളം ആ പാര്‍ടി ജനങ്ങള്‍ക്കുമുന്നില്‍ പ്രതിക്കൂട്ടിലാണ്. അതുമറച്ചുപിടിക്കാന്‍ 'കമ്യൂണിസ്റ്റുകാരെ ഭൂതകാലത്തില്‍ ജീവിക്കുന്നവരായി' ചിത്രീകരിച്ചതുകൊണ്ടൊന്നും ഒരു ഫലവുമില്ല.

ദേശാഭിമാനി ലേഖനം

ആരാണ് മതത്തിന്റെ എതിരാളികള്‍?

ആരാണ് മതത്തിന്റെ എതിരാളികള്‍?

സുകുമാര്‍ അഴീക്കോട്


കേരളത്തില്‍ ബഹുമാന്യരായ കുറച്ച് മെത്രാന്മാരുടെ അപവാദം ഒഴിച്ചാല്‍, ക്രൈസ്തവ സഭകളില്‍ പലതിന്റെയും ഉന്നതാധ്യക്ഷന്മാര്‍ ഇടയലേഖനങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും ഇടതുപക്ഷത്തിനെതിരായി തെരഞ്ഞെടുപ്പില്‍ കക്ഷിചേര്‍ന്നതായി തോന്നുന്നു. വിശുദ്ധ ഭൂമിയാം പലസ്തീനിനെ മുസ്ളിങ്ങളില്‍നിന്ന് വിമോചിപ്പിക്കാന്‍ യൂറോപ്പിലെ ക്രൈസ്തവര്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് കുരിശുയുദ്ധങ്ങള്‍ പ്രഖ്യാപിച്ചിരുന്നല്ലോ. ഇപ്പോള്‍ പലസ്തീനെ മുസ്ളിങ്ങളില്‍നിന്ന് മോചിപ്പിക്കുന്ന സമരം ഇസ്രയേല്‍ ഏറ്റെടുത്തിരിക്കയാണ്.

ക്രൈസ്തവസഭകള്‍ വിശുദ്ധനഗരത്തെയും മുസ്ളിങ്ങളെയും യഹൂദന്മാര്‍ക്ക് വിട്ടുകൊടുത്തിട്ട് കേരളത്തെ വിമോചിപ്പിക്കാനുള്ള ഗാഢശ്രമത്തില്‍ ഏര്‍പ്പെട്ടിട്ട് കാലം കുറെയായി. കുരിശുയുദ്ധത്തിന്റെ ഓര്‍മയിലാകണം വിമോചനസമരം എന്ന(ഡോ മിളോട്ടിനെ ഓര്‍മിപ്പിക്കുന്ന) ആശയം പ്രബലമായത്. പഴയ കുരിശുയുദ്ധമെന്നപോലെ വിമോചനസമരവും ലക്ഷ്യം കണ്ടില്ല. എങ്കിലും സഭാധ്യക്ഷന്മാര്‍, തങ്ങള്‍ക്ക് കേരളത്തില്‍ വേറൊരു കടമയും നിറവേറ്റാനില്ലെന്ന മട്ടില്‍, കേരളത്തെ കമ്യൂണിസത്തിന്റെ പിടിയില്‍നിന്ന് മോചിപ്പിക്കാന്‍ വിശ്വാസികളെ ഇടയ്ക്കിടെ ഇടയലേഖനങ്ങളിലൂടെ കുത്തിപ്പൊക്കിക്കൊണ്ടിരിക്കുന്നു. വെളുത്ത വാവില്‍ പല രോഗങ്ങളും പൊട്ടിപ്പുറപ്പെടാറുള്ളതുപോലെ ഈ മോചനപ്രസ്ഥാനം തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് ഉടലെടുക്കുന്നത്.

ഈ അവസരത്തില്‍ സഭാമേലാളന്മാരുടെ ഉള്ളിലിരിക്കുന്ന ആത്മീയതയും സാംസ്കാരിക ലക്ഷ്യവും ക്ഷേമസന്ദേശവുമെല്ലാം കമ്യൂണിസം കേരളീയരെക്കൊണ്ട് തിരസ്കരിപ്പിക്കുന്നതില്‍ ചുരുങ്ങിക്കഴിയുന്നു. കമ്യൂണിസം രംഗത്തെത്തിയിട്ടില്ലാതിരുന്ന ഒരു വിദൂരകാലത്ത് ജീവിച്ച ക്രിസ്തുഭഗവാന്‍ മറ്റെന്തെല്ലാമോ പ്രവര്‍ത്തിക്കുകയും കാര്യങ്ങള്‍ ഉപദേശിക്കുകയും ചെയ്തിരുന്നല്ലോ. ഇന്ന് ആ പ്രവര്‍ത്തനങ്ങള്‍ക്കൊന്നിനും പ്രസക്തിയില്ലേ! അക്രൈസ്തവത്വം എന്നുപറഞ്ഞാല്‍ കമ്യൂണിസം എന്നതില്‍ അതെല്ലാം ഉള്‍പ്പെടുമെന്നുണ്ടോ? മറ്റൊരു വിധത്തില്‍ ചോദിക്കട്ടെ, ക്രിസ്തുദേവന്‍ കമ്യൂണിസത്തെ എതിര്‍ക്കാത്തതുകൊണ്ട് ശരിയായ ക്രൈസ്തവനല്ലെന്നു വരുമോ? ഉള്ളതെല്ലാം വിറ്റ് പാവങ്ങള്‍ക്ക് കൊടുക്കാന്‍ ഉപദേശിച്ച ആദ്യ കമ്യൂണിസ്റ്റല്ലേ ക്രിസ്തുദേവന്‍?

ക്രൈസ്തവമത സംഘടനകളില്‍ത്തന്നെ സദാചാരപരവും ലൈംഗികവും അധികാരപരവും സ്വഭാവശുദ്ധിയെ സംബന്ധിക്കുന്നതുമായ ഒരുപാട് വൈകല്യങ്ങള്‍ ഉണ്ടെന്ന് സഭകളുടെ ഉള്ളില്‍നിന്നുതന്നെ പുറത്തുചാടിയ ഒരുപാട് കേസുകളും കഥകളും നിരന്തരം തെളിവ് നല്‍കിക്കൊണ്ടിരിക്കുന്ന കാലമാണിത്. സംപൂജ്യനായ ബെനഡിക്ട് മാര്‍പാപ്പപോലും ഈ വക പ്രശ്നങ്ങള്‍ എല്ലായിടത്തും വ്യാപിച്ചിട്ടുണ്ടെന്നും ഉടനെ ഇവ പരിഹരിക്കേണ്ടതാണെന്നും വത്തിക്കാനില്‍വച്ചും വെളിയില്‍വച്ചും ധാരാളം പ്രസംഗങ്ങളില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സമയത്തെല്ലാം കേരളീയ സഭാനായകന്മാര്‍, ഇവയെപ്പറ്റിയൊന്നും ഒരക്ഷരം താക്കീത് ചെയ്യാതെ തങ്ങളുടെ കഴിവും ചൈതന്യവും മുഴുവന്‍ കമ്യൂണിസത്തിലെ അവിശ്വാസത്തിനെതിരെ ക്രൈസ്തവരെ അണിനിരത്താന്‍ ത്രിവിധകരണങ്ങളെക്കൊണ്ട് പാടുപെടുകയായിരുന്നു.

ആന്റി കമ്യൂണിസം പ്രസംഗിച്ചാല്‍ ക്രൈസ്തവ ധര്‍മം മുഴുവനും ആകുമോ? കെസിബിസി (കേരളത്തിലെ പള്ളികളിലെ ബിഷപ്പുമാരുടെ സംഘം) പ്രസിഡന്റും ലത്തീന്‍സഭാ മെത്രാപോലീത്തയുമായ ദാനിയേല്‍ അച്ചാരുപറമ്പില്‍ സീറോ മലബാര്‍ സഭാ മേജര്‍ ബിഷപ് മാര്‍ ബസേലിയോസ് ക്ളീമിസ് കത്തോലിക്ക ബാവ എന്നിവര്‍ ഇതിനിടെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ ലഘുലേഖയില്‍ (ഇടയലേഖനത്തിന് വന്ന രൂപാന്തരം) വിശ്വാസികളായ ക്രൈസ്തവര്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനാധിപത്യം, ഭരണഘടന, സമഭാവന, മതന്യൂനപക്ഷങ്ങളുടെ പരിപാലനം, കോടതികളില്‍ വിശ്വാസം, മതേതരത്വം, ദളിത് ക്രൈസ്തവരുടെയും സ്ത്രീകളുടെയും ദരിദ്രരുടെയും പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെയും സംരക്ഷണം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്ന കക്ഷികള്‍ക്കാണ് വോട്ട് നല്‍കേണ്ടതെന്ന് ഈ മഹാശയന്മാര്‍ നിര്‍ദേശിച്ചിരിക്കുന്നു.

ഈ ഉപദേശം കേട്ടാല്‍ സാധാരണ ക്രൈസ്തവര്‍ ഒരുപക്ഷേ ഇടതുകക്ഷികള്‍ക്കുതന്നെ വോട്ട് ചെയ്താലോ എന്ന സംശയം സാധാരണ ക്രൈസ്തവരുടെ ഉള്ളില്‍ ഉയര്‍ന്നുവന്നത് നമുക്ക് മനസ്സിലാക്കാം. കമ്യൂണിസ്റ്റ് വിഭാഗത്തിന് ഇഷ്ടമല്ലാത്ത ഒരാശയവും ഉന്നതമേലധ്യക്ഷന്മാര്‍ എടുത്തുപറഞ്ഞിട്ടില്ല. ഈ ഇടയലേഖനം ഉയര്‍ത്തിക്കൊണ്ട് കമ്യൂണിസത്തെ ചീത്ത പറയുന്നത് എങ്ങനെ?

അതുകൊണ്ട് സാധാരണ പള്ളികളില്‍ ഈ പ്രസ്താവന വിശദീകരണത്തിനെത്തുമ്പോള്‍ സാധാരണ വൈദികര്‍ ഇപ്പറഞ്ഞതെല്ലാം ഒഴിവാക്കി 'അവിശ്വാസികള്‍ക്ക്' വോട്ട് നല്‍കരുതെന്ന അതിലളിതമായ തങ്ങളുടെ അന്തരംഗവിചാരം അജഗണങ്ങളെ ബോധ്യപ്പെടുത്തുന്നു. അവിശ്വാസി എന്ന പദം വരുമ്പോള്‍ കരിനൊച്ചിയിലകൊണ്ട് തല്ലുമ്പോള്‍ ഗന്ധര്‍വപ്രേതാദികള്‍ ഓടിരക്ഷപ്പെടുന്നതുപോലെ കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റു കക്ഷികളെ പിച്ചതെണ്ടിക്കാമെന്നാണ് കണക്കുകൂട്ടല്‍. അവര്‍ പറയുന്നതുപോലുള്ള ഒരു ഗവമെന്റ് ഇത്ര കാലമായിട്ടും കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നു കണ്ട് അമര്‍ഷം നിയന്ത്രിക്കാനാവാതെ സഭാമേധാവികള്‍, തങ്ങളുടെ സ്ഥാനമഹത്വം ഉപയോഗിച്ച്, എതിര്‍ ഗവമെന്റിനെ ഗര്‍ഭത്തില്‍വച്ചുതന്നെ ഛിദ്രിപ്പിച്ചുകളയാന്‍ തീവ്രമായി ശ്രമിച്ചുവരുന്ന കാഴ്ചക്കൂട്ടമാണ് ഇക്കണ്ടതെല്ലാം.

കമ്യൂണിസം വിശ്വാസത്തിനെതിര് എന്ന് വാദിക്കുന്നതില്‍ ഒരുപാട് തെറ്റുണ്ട്. വിശ്വാസം എന്നുവച്ചാല്‍ ക്രിസ്തുമത വിശ്വാസം മാത്രമാണോ? അന്തമില്ലാത്ത വിശ്വാസങ്ങളുണ്ട് ഈ ലോകത്തില്‍. ഹൈന്ദവ വിശ്വാസം എന്നത് നിര്‍വചിക്കാന്‍തന്നെ ആവതല്ല. നാനാ ദൈവവിശ്വാസവും ബിംബാരാധനയും തന്ത്രവിദ്യയും എല്ലാം ഹിന്ദുമതത്തില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയുടെ മതം എന്ന് വിവേകാനന്ദ സ്വാമികള്‍ പറഞ്ഞ അദ്വൈതവേദാന്തത്തില്‍ ഈശ്വരന്‍ ഇല്ല. എന്റെ 'തത്വമസി'യില്‍നിന്ന് ഈശ്വരവിശ്വാസപരമായ ഒരു ഭാഗം ഉചിതമായൊരു ക്ളാസിലെ പാഠത്തില്‍ ചേര്‍ത്താല്‍ അത് വിശ്വാസവിപരീതമാണെന്ന് കുറ്റപ്പെടുത്തി പള്ളി അതിനെ എതിര്‍ക്കുമോ?

ബുദ്ധമതത്തിലും ഈശ്വരവിശ്വാസത്തിന് പ്രസക്തിയില്ല. പാശ്ചാത്യ വിജ്ഞാനത്തിന്റെ വലിയൊരുഭാഗം 'എത്തിസം' എന്നു വിളിക്കുന്ന നിരീശ്വരവിചാരം കലര്‍ന്നുള്ളതാണ്. ഡെമോക്രിറ്റസ് തുടങ്ങിയ ഗ്രീക്ക് ചിന്തകന്മാര്‍ തൊട്ട് ദെക്കാര്‍ത്തോ, നീഷേ, ഹ്യൂം, കാന്റ് മുതലായ ചിന്തകരിലും ഡാര്‍വിന്‍, ഫ്രോയിഡ് തുടങ്ങിയ ശാസ്ത്രജ്ഞരിലും നിരീശ്വരചിന്തയുടെ കലര്‍പ്പ് ഒരുപാടുണ്ട്. മാര്‍ക്സിസത്തിലും ഈ കലര്‍പ്പു കാണാം. അതുകൊണ്ട് ഈ ദര്‍ശനങ്ങള്‍ നിരീശ്വരവാദമാണെന്നു പറയാറില്ല. ഭൌതികവാദനിഷ്ഠമായ മാര്‍ക്സിസത്തില്‍ അഭൌതിക വിശ്വാസത്തിന് ഇടമില്ല എന്നുവച്ച് മാര്‍ക്സിസം നിരീശ്വരത്വം ആകുന്നില്ല.

പക്ഷേ, മാര്‍ക്സിസവും എല്ലാ തത്വചിന്താ പ്രസ്ഥാനങ്ങളും ഏതെങ്കിലുമൊരു സങ്കല്‍പ്പത്തിലുള്ള വിശ്വാസത്തില്‍ അധിഷ്ഠിതമായിരിക്കും. മാര്‍ക്സിസം ഐഡിയലിസമല്ല. പക്ഷേ, ഐഡിയോളജിയാണ്. ഭൌതികസത്യത്തിലും വര്‍ഗസമരത്തിലും വര്‍ഗരഹിത സമുദായത്തിലും ശാസ്ത്രീയ ചിന്തയിലൂടെ മാര്‍ക്സിസം എത്തിച്ചേര്‍ന്നു. എങ്കിലും ദ്രാവിഡ സമൂഹത്തിന്റെ രൂപം ഇന്നതായിരിക്കണമെന്ന ഒരു നിര്‍ണയം മാര്‍ക്സിസത്തിലുണ്ട്. അത് അത്രത്തോളം അപകടമല്ലാത്ത സങ്കല്‍പ്പ വിശ്വാസരൂപത്തിലുള്ളതാണ്. അറിവുള്ള അച്ചന്മാര്‍ ഇടയലേഖനങ്ങളിലെ ദൈവശാസ്ത്രപരമായ തെറ്റുകള്‍ തിരുത്തണം. അതിനാല്‍ വിശ്വാസികള്‍, അവിശ്വാസികള്‍ എന്ന് മനുഷ്യരെ വിഭജിച്ച്, മതവിശ്വാസികളെയെല്ലാം തങ്ങളുടെ കുടക്കീഴില്‍ കെട്ടിനിര്‍ത്തി, ബാക്കിയെല്ലാം അവിശ്വാസമാണെന്ന് മുദ്രകുത്തുന്ന 'ഇടയ'രീതി തികച്ചും അസംബന്ധമാണ്.

എല്ലാ വിശ്വാസവും ക്രൈസ്തവ വിശ്വാസത്തിന് തുല്യമല്ല. പള്ളിയുടെ മാനദണ്ഡം വച്ച് അളന്നാല്‍ ലോകസംസ്കാരത്തിന്റെ വിജ്ഞാന സമുച്ചയത്തില്‍ വലിയൊരു ഭാഗം തള്ളേണ്ടിവരും. ബാക്കി വരുന്നത് ഒരു അന്ധകാരയുഗത്തിന്റെ ചിന്താഭ്രമങ്ങള്‍ മാത്രമായിരിക്കും. കമ്യൂണിസത്തെ എതിര്‍ക്കുന്നുവെന്ന് പ്ളക്കാര്‍ഡ് ഉയര്‍ത്തിയാല്‍ പല ചിന്താശൂന്യരെയും കൂടെ കിട്ടിയെന്നു വരും. അവരുടെ ഒച്ചയും ബഹളവും ഉപയോഗിച്ചുകൊണ്ട് പള്ളി സ്വന്തം അള്‍ത്താര ഉറപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഈ പുറപ്പാട് ആപല്‍ക്കരമാണ്. അത് നടക്കില്ല. നവോത്ഥാനത്തിന്റെ പടി കടന്ന് മുന്നോട്ടുപോകുന്ന ഒരു ലോകത്തെ കുരിശുയുദ്ധത്തിന്റെയും ഗ്രന്ഥനിരോധനത്തിന്റെയും മറ്റും ഭീകരതകളുടെ ശവപ്പറമ്പിലേക്ക് കൊണ്ടുപോകാനാണോ ഈ പ്രക്ഷോഭങ്ങള്‍ എന്ന് തോന്നുന്നവരുടെ ആശങ്കകള്‍ പരിഹരിക്കപ്പെടേണ്ടതുണ്ട്.

പാഠപുസ്തക രചനയില്‍ ചില തെറ്റുകള്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. അതറിയാന്‍ ഒന്ന് തിരിഞ്ഞുനോക്കിയാല്‍ മതി. അവ കമ്യൂണിസത്തിന്റെ കണക്കില്‍പ്പെടുത്തരുത്. തെറ്റാണെങ്കില്‍ ഏത് ഗവമെന്റും തിരുത്തും. ഒരിടത്ത് അല്‍പ്പം 'ചുകപ്പ്' കാണുമ്പോഴേക്കും 'കമ്യൂണിസം വന്നേ' എന്ന് ആര്‍പ്പുവിളി കൂട്ടുന്നത്, ക്രിസ്തുമതത്തിന്റെ പേരിലാകുമ്പോള്‍, വലിയ തെറ്റാണ്. കമ്യൂണിസം വാളും തോക്കുംകൊണ്ട് സമത്വം വരുത്താന്‍ നോക്കുന്നു എന്ന് ക്രിസ്തുമതവിശ്വാസി ആക്ഷേപിക്കുമ്പോള്‍ അത് സ്വന്തം മതത്തെ തള്ളിപ്പറയലാകും.

"ഞാന്‍ ശാന്തി തരാനല്ല വന്നത്, വാള്‍ തരാനാണ്'' (മത്തായി 10-34). ഇതുപോലുള്ള മറ്റു വചനങ്ങള്‍ ഞാന്‍ ചൂണ്ടിക്കാണിക്കണമോ? കമ്യൂണിസത്തിലുള്ളതും ഈ 'വാള്‍'തന്നെ. എത്രയോ കാലം നീതിയെന്ന് പറഞ്ഞ് മറച്ചുപിടിച്ച കട്ടപിടിച്ച അനീതിയെ വെല്ലാന്‍ 'വാള്‍' വേണ്ടിവരും എന്ന് ക്രിസ്തു മനസ്സിലാക്കി. സഭാധ്യക്ഷന്മാരോ? ക്രിസ്തുമതവും കമ്യൂണിസവും വേര്‍തിരിച്ചറിയാന്‍ പഠിക്കണം, മര്‍ക്കടമുഷ്ടി പോരാ. ഇന്ത്യയില്‍ ജീവിക്കുന്ന വോട്ടര്‍മാരായ പൌരന്മാര്‍ക്കു വേണ്ട മതവും രാഷ്ട്രീയവും സദാചാരവും എല്ലാം ഇന്ത്യന്‍ ഭരണഘടനയിലുണ്ട്-സമത്വവും നീതിയും സാഹോദര്യവും മതതുല്യതയും എല്ലാം. അതിന് വിശദീകരണമായി ഇടയലേഖനം വരുമ്പോള്‍ വോട്ടറുടെ ഒരേയൊരു കര്‍ത്തവ്യം കമ്യൂണിസത്തെ തോല്‍പ്പിക്കലായിത്തീരുന്നു.

അങ്ങനെ യൊരുദ്ദേശ്യം നമ്മുടെ ഭരണഘടനയിലില്ല. ബൈബിളില്‍ "നിനക്ക് ഞാനല്ലാതൊരു ദൈവം ഉണ്ടാകരുത്'' (പുറപ്പാട്, 20-3) എന്ന് പറയുമ്പോള്‍ അത് നമ്മുടെ മതസൌഹാര്‍ദപരമായ സെക്കുലറിസത്തിനോട് യോജിച്ചുപോകുമോ? ഇടയലേഖനങ്ങളില്‍ ഇതൊക്കെ വിശദീകരിച്ചു കൊടുക്കാന്‍ വൈദികര്‍ശ്രമിക്കട്ടെ. അതിനു പകരം കമ്യൂണിസ്റ്റ് വിദ്വേഷം പരത്തുമ്പോള്‍ അവര്‍ നമ്മുടെ ഭരണഘടനയുടെ അന്തസ്സത്തയെ തകിടം മറിക്കുന്നു. ഭരണഘടനാ ലംഘനം എന്ന കുറ്റത്തിന്റെ വളരെ അടുത്തുകൂടിയാണ് ഇടയന്മാരും അവരുടെ ലേഖനങ്ങളും സഞ്ചരിക്കുന്നതെന്ന് ഇവര്‍ വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല.

മതം പറഞ്ഞു നടക്കുന്നവര്‍ തന്നെയാണ് മതത്തിന്റെ എതിരാളികള്‍. മതത്തിന് വെളിയിലുള്ളവരെ മതസ്ഥര്‍ കല്ലെടുത്തെറിയരുത്!! കമ്യൂണിസ്റ്റുകാരോടെല്ലാം 'ഇടയുന്ന ലേഖനങ്ങള്‍' ഇടയലേഖനങ്ങള്‍ എന്നു വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് ബഹുമാനപ്പെട്ട വൈദികശ്രേഷ്ഠരോട് വിനീതമായി അഭ്യര്‍ഥിക്കുന്നു.

ദേശാഭിമാനി ലേഖനം

Thursday, April 9, 2009

പവാര്‍ മൂന്നാംബദല്‍ വേദിയില്‍


പവാര്‍ മൂന്നാംബദല്‍ വേദിയില്‍


ഭുവനേശ്വര്‍: കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ മൂന്നാംബദല്‍ നേതാക്കളുമായി വേദി പങ്കിട്ടു. ഭുവനേശ്വറില്‍ ബുധനാഴ്ച വൈകിട്ട് ബിജെഡി നേതാവ് നവീന്‍ പട്നായിക്,സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി എന്നിവര്‍ക്കൊപ്പം അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തി. സിപിഐ നാഷണല്‍ കൌസില്‍ അംഗം അബനി ബാറലും എന്‍സിപി ജനറല്‍ സെക്രട്ടറി ഡി പി ത്രിപാഠിയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

രാജ്യത്തെ ഒരുമിച്ചു നിര്‍ത്താന്‍ മതേതരശക്തികള്‍ ഒന്നിക്കണമെന്ന് ശരദ് പവാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോഗ്രസ്, ബിജെപി ഇതര സഖ്യത്തിന്റെ ഭാഗമായാണ് ഒറീസയില്‍ എന്‍സിപി നിലകൊള്ളുന്നതെന്നും തെരഞ്ഞെടുപ്പിനുശേഷം നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തില്‍ കോഗ്രസ്, ബിജെപി ഇതര സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തില്‍ വരുമെന്നും പവാര്‍ പറഞ്ഞു. യുപിഎ സര്‍ക്കാരിന് സ്ഥിരത നല്‍കിയത് ഇടതുപക്ഷത്തിന്റെ പിന്തുണയായിരുന്നു. അതിന് താന്‍ ഇടതുപക്ഷത്തോട് കടപ്പെട്ടിരിക്കുന്നു. ചെറിയ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നാണ് അവര്‍ പിന്തുണ പിന്‍വലിച്ചത്. എങ്കിലും അവരുടെ പിന്തുണയെ തള്ളിപ്പറയാന്‍ എന്‍സിപിക്ക് ആകില്ല- പവാര്‍ പറഞ്ഞു.

കോഗ്രസോ ബിജെപിയോ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ ഭാഗമാകില്ലെന്ന് നവീന്‍ പട്നായിക് വ്യക്മാക്കി. കന്ദമലില്‍ സംഘപരിവാര്‍ ന്യൂനപക്ഷവേട്ട നടത്തിയതോടെയാണ് ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. സംയുക്ത വാര്‍ത്താസമ്മേളനത്തെ ചരിത്രപരമെന്ന് പട്നായിക് വിശേഷിപ്പിച്ചു. കേന്ദ്രത്തില്‍ കോഗ്രസോ ബിജെപിയോ നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ ഭാഗമാകില്ലെന്ന നവീന്‍ പട്നായിക്കിന്റെ നിലപാടിനെ സീതാറാം യെച്ചൂരി സ്വാഗതംചെയ്തു. ബിജെഡിയും ഇടതുപക്ഷവും എന്‍സിപിയും ചേര്‍ന്ന സഖ്യം സംസ്ഥാനത്ത് മൂന്നാംബദല്‍ സര്‍ക്കാരിന് വഴിയൊരുക്കും. ഈ സഖ്യം ഒറീസയ്ക്കും രാജ്യത്തിനും പുതിയ വഴി കാണിക്കും- അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിനുശേഷം കേന്ദ്രത്തില്‍ ആരായിരിക്കണം പ്രധാനമന്ത്രിയെന്ന കാര്യം മൂന്നാംബദല്‍ശക്തികള്‍ യോജിച്ച് തീരുമാനിക്കുമെന്നും ചോദ്യത്തിന് ഉത്തരമായി യെച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷമാണ് 2004-ല്‍ യുപിഎയും 1999-ല്‍ എന്‍ഡിഎയും 1989-ല്‍ ഐക്യമുന്നണിയും രൂപംകൊണ്ടതെന്ന് യച്ചൂരി പറഞ്ഞു. കോഗ്രസ് ഇല്ലാത്ത മതനിരപേക്ഷ കക്ഷികളുടെ സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. ബുധനാഴ്ച നാലിടത്തു നടന്ന റാലിയില്‍ ശരദ് പവാറും മുഖ്യമന്ത്രി നവീന്‍ പട്നായിക്കും പങ്കെടുത്തു. ഏപ്രില്‍ മൂന്നിന് ഭുവനേശ്വറില്‍ നടന്ന മൂന്നാംബദല്‍ റാലിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതുകൊണ്ടാണ് ശരദ് പവാര്‍ ബുധനാഴ്ച വിവിധ റാലിയിലും ഭുവനേശ്വറില്‍ സംയുക്ത വാര്‍ത്താസമ്മേളനത്തിലും പങ്കെടുത്തത്.

ഇടതുപക്ഷവുമായി വേദി പങ്കിടരുതെന്ന കോഗ്രസിന്റെ ഭീഷണി അദ്ദേഹം തള്ളിക്കളഞ്ഞു. ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ച ബിജെഡിയുടെ തീരുമാനം ശരിയായ സമയത്തുള്ള ശരിയായ തീരുമാനമാണെന്ന് പവാര്‍ റാലികളില്‍ പറഞ്ഞു. പ്രസംഗങ്ങളിലുടനീളം ബിജെപിയെ കുറ്റപ്പെടുത്തിയ പവാര്‍, വര്‍ഗീയകക്ഷികളെ ദുര്‍ബലമാക്കിയ നിലപാട് സ്വീകരിച്ച നവീന്‍ പട്നായിക്കിനെ അഭിനന്ദിക്കുകയും ചെയ്തു.

യുപിഎയുടെയും എന്‍ഡിഎയുടെയും സ്വാധീനം ഗണ്യമായി കുറഞ്ഞെന്നും തെരഞ്ഞെടുപ്പിനുശേഷം പ്രാദേശിക പാര്‍ടികള്‍ക്ക് നിര്‍ണായകപങ്കുള്ള സര്‍ക്കാര്‍ രൂപംകൊള്ളുമെന്നും നവീന്‍ പട്നായിക് പറഞ്ഞു. അതേസമയം, എന്‍സിപിയുമായുള്ള കോഗ്രസിന്റെ സഖ്യം മഹാരാഷ്ട്രയിലും ഗോവയിലും മാത്രമാണെന്ന് കോഗ്രസ് വക്താവ് ജയന്തി നടരാജന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

ദേശാഭിമാനിയിൽനിന്ന്‌

Friday, April 3, 2009

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം കഴിഞ്ഞു



മലപ്പുറത്ത് 4 സ്ഥാനാര്‍ഥികള്‍, കോട്ടയത്ത് 20



ദേശാഭിമാനി വാർത്ത

തിരു: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം കഴിഞ്ഞതോടെ കേരളത്തിലെ തെരഞ്ഞെടുപ്പ് ചിത്രം കൂടുതല്‍ വ്യക്തമായി. 20 മണ്ഡലങ്ങളിലായി. 220ലേറെ സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ട്.

കഴിഞ്ഞ തവണത്തേതിനെക്കാള്‍ കൂടുതലാണിത്. കോട്ടയം മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത്. 20പേര്‍. ഇവിടെ രണ്ട് വോട്ടിങ്ങ് യന്ത്രം വേണ്ടിവരും. ഏറ്റവും കുറവ് മലപ്പുറത്താണ്. നാലുപേരാണ് ഇവിടെ മല്‍സരിക്കുന്നത്. കാസര്‍കോട് മൂന്ന് സ്വതന്ത്രരടക്കം ഏഴുപേരുണ്ട്. കണ്ണൂരില്‍ അഞ്ച് സ്വതന്ത്രരടക്കം ഒമ്പതുപേരാണുള്ളത്.

കോഴിക്കോട് 16, പൊന്നാനി 14, വടകര 8, ചാലക്കുടി 11, എറണാകുളം 10, പത്തനംതിട്ട 12, കൊല്ലം 11. ആറ്റിങ്ങല്‍ 14, തിരുവനന്തപുരം 10. ആലപ്പുഴ 6, മാവേലിക്കര 6. ഇടുക്കി 10. തൃശൂര്‍ 11. വയനാട് 13. പാലക്കാട് 10. ആലത്തൂര്‍ 9. എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം.

Thursday, April 2, 2009

നേട്ടങ്ങള്‍ ഒറ്റനോട്ടത്തില്‍

ദേശാഭിമാനി ലേഖനം

വി എസ് അച്യുതാനന്ദന്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട ചര്‍ച്ചാ വിഷയം ദേശീയപ്രശ്നങ്ങളും കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളും നടപടികളുമാണ്. എന്നാല്‍, തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ഭരണവും ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുക സ്വാഭാവികമാണ്. പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വന്നപ്പോള്‍ കേരളത്തില്‍ യുഡിഎഫ് പറഞ്ഞത് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പ് എന്നാണ്. പ്രചാരണരംഗത്ത് മുന്‍ യുഡിഎഫ് ഗവമെന്റിന്റെ അഞ്ചുവര്‍ഷ ഭരണവും എല്‍ഡിഎഫ് ഗവമെന്റിന്റെ 34 മാസത്തെ ഭരണവും താരതമ്യം ചെയ്യപ്പെടുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതും സ്വാഗതാര്‍ഹമായ കാര്യമാണ്.

കേന്ദ്രഭരണവും കേന്ദ്ര സര്‍ക്കാരിന്റെ നയസമീപനങ്ങളും നിശിതമായി വിചാരണ ചെയ്യുന്നതിനൊപ്പം സംസ്ഥാന ഭരണനേട്ടങ്ങള്‍ വിലയിരുത്തപ്പെടണം. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാവും കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് എന്ന് പറഞ്ഞ യുഡിഎഫുകാര്‍ ഇപ്പോള്‍ ഇതേക്കുറിച്ച് മിണ്ടുന്നില്ല. കാരണം കഴിഞ്ഞ 34 മാസത്തിനിടയില്‍ വികസന-ക്ഷേമരംഗങ്ങളില്‍ കൈവരിച്ച അഭൂതപൂര്‍വമായ നേട്ടങ്ങള്‍ ജനങ്ങളുടെ അനുഭവത്തിലുള്ളതാണ്. അതേക്കുറിച്ച് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചാല്‍ വിലപ്പോവില്ല തന്നെ. വികസന-ക്ഷേമരംഗങ്ങളില്‍ കഴിഞ്ഞ 34 മാസത്തിനിടയില്‍ എല്‍ഡിഎഫ് ഗവമെന്റ് ഉണ്ടാക്കിയ നേട്ടങ്ങള്‍ ഒറ്റനോട്ടത്തില്‍ പരിശോധിച്ചാല്‍ത്തന്നെ എന്തുകൊണ്ട് യുഡിഎഫ് വിവാദങ്ങളുടെ പിറകെമാത്രം പോകുന്നുവെന്ന് വ്യക്തമാകും.

കടക്കെണി കാരണമുള്ള കര്‍ഷക ആത്മഹത്യ ഇല്ലാതാക്കി. കര്‍ഷക പെന്‍ഷന്‍ പദ്ധതി, പലിശരഹിത വായ്പ, നെല്ലിന് സംഭരണവില 11 രൂപ. നെല്ലുല്‍പ്പാദനം ആറര ലക്ഷം ടണ്ണില്‍നിന്ന് പത്ത് ലക്ഷം ടണ്ണായി വര്‍ധിപ്പിക്കാനും പഴം, പച്ചക്കറി, പാല്‍, മുട്ട, പയറുവര്‍ഗങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനും 1313 കോടി രൂപ ചെലവില്‍ ഭക്ഷ്യസുരക്ഷാ കര്‍മപദ്ധതി. ഐടി രംഗത്ത് വന്‍മുന്നേറ്റം. തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കിന്റെ വികസനം, പുതുതായി ടെക്നോസിറ്റി, കൊച്ചിയില്‍ ഇന്‍ഫോപാര്‍ക്കിന്റെ വികസനം, കോഴിക്കോട് സൈബര്‍ പാര്‍ക്ക്, കുണ്ടറ, ചേര്‍ത്തല, അമ്പലപ്പുഴ, കൊരട്ടി (തൃശൂര്‍), എരമം (കണ്ണൂര്‍), ചീമേനി (കാസര്‍കോട്) എന്നിവിടങ്ങളില്‍ പുതിയ ഐടി പാര്‍ക്ക് ആരംഭിക്കാന്‍ നടപടി. സ്മാര്‍ട്സിറ്റി പദ്ധതി തുടങ്ങാന്‍ നടപടി. ടെക്നോപാര്‍ക്കിലും ഇന്‍ഫോ പാര്‍ക്കിലുമായി പുതുതായി അമ്പതോളം കമ്പനി വന്നു. ഐടി രംഗത്ത് തൊഴിലവസരം ഇരട്ടിയായി.

അടുത്ത മൂന്നുവര്‍ഷത്തിനകം ഐടി മേഖലയില്‍ രണ്ട് ലക്ഷം തൊഴിലവസരം. ടൂറിസം മേഖലയില്‍ കേരളം പ്രധാന ഡെസ്റിനേഷനായി. ടൂറിസ്റുകളുടെ എണ്ണത്തിലും ടൂറിസത്തില്‍നിന്നുള്ള വരുമാനത്തിലും 25 ശതമാനത്തിന്റെ വര്‍ധന. പൂട്ടിക്കിടന്ന വ്യവസായശാലകള്‍ തുറന്നു. പൂട്ടിയ തോട്ടങ്ങള്‍ തുറന്നു. ലാഭത്തിലുള്ള പൊതുമേഖലാ വ്യവസായങ്ങളുടെ എണ്ണം 12ല്‍ നിന്ന് 30ല്‍ എത്തിച്ചു. കേന്ദ്ര പൊതുമേഖലയുമായി ചേര്‍ന്ന് സംയുക്ത സംരംഭങ്ങള്‍. പാലക്കാട് കോച്ച് ഫാക്ടറി അനുവദിപ്പിച്ചു. ഫാക്ടറി സ്ഥാപിക്കാന്‍ ആയിരം ഏക്കര്‍ സ്ഥലം ഫാസ്റ് ട്രാക്കില്‍ ഏറ്റെടുക്കുന്നു. വല്ലാര്‍പാടം പദ്ധതിയുടെ തടസ്സങ്ങള്‍ നീക്കി. ആവശ്യമായ ഭൂമി, മാതൃകാപരമായ പുനരധിവാസ പദ്ധതി നടപ്പാക്കി അക്വയര്‍ ചെയ്തു നല്‍കി. എല്‍എന്‍ജി ടെര്‍മിനല്‍ പദ്ധതിയുടെ തടസ്സങ്ങള്‍ നീക്കി. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ടെര്‍മിനല്‍ സ്ഥാപിക്കാന്‍ എല്ലാ ഒരുക്കവും പൂര്‍ത്തിയാക്കി. കണ്ണൂര്‍ വിമാനത്താവളത്തിന് അനുമതി നേടി. ഭൂമി അക്വിസിഷന്‍ പുരോഗമിക്കുന്നു. നിര്‍മാണപ്രവൃത്തി ഈ വര്‍ഷം തുടങ്ങുന്നു. കൊല്ലം - കോട്ടപ്പുറം ദേശീയപാത പൂര്‍ത്തീകരിച്ച് കമീഷന്‍ ചെയ്തു.

കോവളത്തുനിന്ന് നീലേശ്വരംവരെ ജലപാത സുഗമമാക്കല്‍ പ്രവൃത്തി പുരോഗമിക്കുന്നു. ദേശീയപാതകള്‍ നാലുവരിയാക്കുന്നതിനുള്ള നടപടിക്ക് അംഗീകാരം. മലയോര ഹൈവേ നിര്‍മാണത്തിന് ഈ വര്‍ഷം തുടക്കം. ഓരോ മണ്ഡലത്തിലും രണ്ട് കോടി രൂപയുടെ മരാമത്ത് പ്രവൃത്തിഅടങ്ങുന്ന വിഷന്‍ 2010 പദ്ധതി. റെയില്‍വേ ഓവര്‍ബ്രിഡ്ജുകളുടെ നിര്‍മാണം സമയബന്ധിതമായി തീര്‍ക്കാന്‍ 200 കോടി രൂപയുടെ പദ്ധതി. മത്സ്യത്തൊഴിലാളികളുടെ കടങ്ങള്‍ക്ക് മൊറട്ടോറിയം. മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസ നിയമം. മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് പലിശരഹിത വായ്പ. ട്രോളിങ് നിരോധനകാലത്ത് സൌജന്യ റേഷന്‍. സമ്പൂര്‍ണ ഭവനപദ്ധതി. ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൌജന്യ ആരോഗ്യ സുരക്ഷാ പദ്ധതി. രണ്ട് ജില്ലയില്‍ നടപ്പാക്കാന്‍ ആവിഷ്കരിച്ച കേന്ദ്ര - സംസ്ഥാന സംയുക്ത പദ്ധതിയാണിത്. ഈ പദ്ധതി എല്ലാ ജില്ലയിലും നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പ്രതിവര്‍ഷം മുപ്പതിനായിരം രൂപയുടെ ചികിത്സാസഹായം. പ്രീമിയം സര്‍ക്കാര്‍ അടയ്ക്കുന്നു. ക്ഷേമപെന്‍ഷനുകള്‍ 100 - 120 രൂപയായിരുന്നത് 250 രൂപയാക്കി. ഒരു ക്ഷേമനിധിയിലും അംഗങ്ങളല്ലാത്ത പാവപ്പെട്ടവര്‍ക്ക് 100 രൂപ അലവന്‍സ്. ക്ഷേമപെന്‍ഷനുകള്‍ കുടിശ്ശിക തീര്‍ത്തു നല്‍കി. കള്ള് ചെത്ത് തൊഴിലാളി പെന്‍ഷന്‍ 500 രൂപയാക്കി.

പത്ത് ലക്ഷത്തില്‍പ്പരം വരുന്ന അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷനും ചികിത്സാ സഹായവുമെല്ലാമടങ്ങിയ സമഗ്ര ക്ഷേമനിധി.
രണ്ട് ലക്ഷം വരുന്ന ചെറുകിട തോട്ടംതൊഴിലാളികള്‍ക്ക് ക്ഷേമനിധി. കൃഷിക്കാര്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും പെന്‍ഷന്‍. മുപ്പത് ലക്ഷത്തില്‍പ്പരം വരുന്ന പ്രവാസി മലയാളികള്‍ക്കായി വിപുലമായ ക്ഷേമപദ്ധതി. എല്ലാ ജില്ലയിലും കലക്ടറേറ്റില്‍ നോര്‍ക്കാ സെല്‍. പ്രവാസികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്. തിരിച്ചു വരുന്ന പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതി. സ്പെയ്സ് ടെക്നോളജി ഇന്‍സ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ റിസര്‍ച്ച്, കേന്ദ്ര സര്‍വകലാശാല എന്നിവ നേടിയെടുക്കുകയും അടിസ്ഥാന സൌകര്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു. 13 പുതിയ ഐടിഐ, സഹകരണ അക്കാദമിയുടെയും ഐഎച്ച്ആര്‍ഡിയുടെയും കീഴില്‍ പുതുതായി നിരവധി ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍. തൊഴില്‍ പരിശീലനത്തിനായി ഫിനിഷിങ് സ്കൂളുകള്‍. പുതിയ മാവേലി സ്റോറുകള്‍, സപ്ളൈകോ ഷോറൂമുകള്‍, കസ്യൂമര്‍ഫെഡ് സ്റോറുകള്‍, അരിക്കടകള്‍ - പൊതുവിതരണ സമ്പ്രദായം വിപുലപ്പെടുത്തുകയും ശക്തിപ്പെടുത്തുകയുംചെയ്തു.

അരിക്കടകളില്‍ 14 രൂപയ്ക്ക് പുഴുക്കലരിയും 13.50 ന് പച്ചരിയും. ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് റേഷനരി വില കിലോവിന് രണ്ട് രൂപയാക്കി. പരിധിയില്ലാതെ സബ്സിഡി നല്‍കി നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്തി. ക്രമസമാധാനനിലയില്‍ രാജ്യത്ത് ഒന്നാംസ്ഥാനം കേരളത്തിന്. ജനമൈത്രി പൊലീസ് സംവിധാനം നടപ്പാക്കി മാതൃക സൃഷ്ടിച്ചു. വെള്ളാനയായിരുന്ന കെഎസ്ആര്‍ടിസിയെ അഴിമതിയില്‍നിന്നും ധൂര്‍ത്തില്‍നിന്നും മോചിപ്പിച്ചു. ആയിരം പുതിയ ബസ് നിരത്തിലിറക്കി. കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണ പാക്കേജ് നടപ്പാക്കി. കെഎസ്ആര്‍ടിസി ബസ് സ്റാന്‍ഡുകള്‍ നവീകരിക്കാന്‍ ബൃഹത്തായ പദ്ധതി. ധര്‍മാശുപത്രികള്‍ കാര്യക്ഷമമാക്കി. ആവശ്യാനുസരണം ഡോക്ടര്‍മാരെയും നേഴ്സുമാരെയും നിയമിച്ചു. മരുന്നുകള്‍ സൌജന്യമായി ലഭ്യമാക്കി. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളുടെ നിലവാരമുയര്‍ത്തി.

ജനകീയ ആരോഗ്യനയം നടപ്പാക്കുന്നു. പുതുതായി രണ്ട് നേഴ്സിങ് കോളേജ് തുടങ്ങി. ദേവസ്വം നിയമനങ്ങള്‍ പിഎസ്സിക്കു വിട്ടു. മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ചു. മലബാറിലെ ക്ഷേത്രജീവനക്കാരുടെ വേതനം ഗണ്യമായി വര്‍ധിപ്പിച്ചു. ശബരിമല തീര്‍ഥാടകര്‍ക്ക് മികവുറ്റ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തി. കുടിവെള്ള വിതരണപദ്ധതികള്‍ ത്വരിതപ്പെടുത്തി. ജപ്പാന്‍ കുടിവെള്ള വിതരണപദ്ധതിയുടെ നിര്‍മാണപ്രവൃത്തി പൂര്‍ത്തീകരണത്തിലേക്ക്. മുടങ്ങിക്കിടന്ന നാല്‍പ്പതില്‍പ്പരം പദ്ധതി നബാര്‍ഡിന്റെ സഹായത്തോടെ പുനരാരംഭിച്ചു. ജലനിധി പദ്ധതിയില്‍പ്പെടുത്തി 110 പഞ്ചായത്തില്‍ ജലവിതരണ പദ്ധതി. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ കേരളത്തിലെ മുസ്ളിം ജനവിഭാഗത്തിന്റെ ക്ഷേമത്തിനായി നടപ്പാക്കേണ്ട പദ്ധതികള്‍ സംബന്ധിച്ച് പാലോളി കമ്മിറ്റി ശുപാര്‍ശചെയ്ത കാര്യങ്ങള്‍ നടപ്പാക്കി. ന്യൂനപക്ഷ ക്ഷേമത്തിനായി സെക്രട്ടറിയറ്റില്‍ സെല്‍ തുടങ്ങി. ന്യൂനപക്ഷ ക്ഷേമത്തിന് പ്രത്യേക വകുപ്പ് തുടങ്ങാന്‍ തീരുമാനിച്ചു. മുസ്ളിം പെകുട്ടികള്‍ക്ക് സ്കോളര്‍ഷിപ്, ഹോസ്റല്‍ സ്റൈപെന്‍ഡ്, മത്സര പരീക്ഷാ പരിശീലനത്തിന് പ്രത്യേക സംവിധാനം.

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍. എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് യൂണിറ്റ്. നികുതിപിരിവ് വര്‍ധിച്ചു. നികുതിചോര്‍ച്ച തടഞ്ഞു. അഴിമതി രഹിത വാളയാര്‍പദ്ധതി മാതൃക സൃഷ്ടിച്ചു. ജീവനക്കാര്‍ക്ക് ഡിഎ യഥാവസരം നല്‍കി റെക്കോഡ് സൃഷ്ടിച്ചു. പ്രകൃതി - പരിസ്ഥിതി സംരക്ഷണത്തില്‍ പ്രത്യേകശ്രദ്ധ. മാലിന്യമുക്ത കേരളപദ്ധതി നടപ്പാക്കി. നദി സംരക്ഷണപദ്ധതി നടപ്പാക്കുന്നു. സൈലന്റ് വാലി ബഫര്‍ സോ പ്രഖ്യാപിച്ചു. മൂന്നാറില്‍ നീലക്കുറിഞ്ഞി സാങ്ച്വറി. കടുത്ത വരള്‍ച്ചയും കേന്ദ്രം വൈദ്യുതിവിഹിതം വെട്ടിക്കുറച്ചതും കാരണം കടുത്ത വൈദ്യുതിക്ഷാമമുണ്ടായി. എന്നാല്‍, മറ്റ് സംസ്ഥാനങ്ങളിലേതുപോലെ മൂന്നും നാലും മണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അരമണിക്കൂര്‍ ലോഡ്ഷെഡിങ് മാത്രം. പതിന്മടങ്ങ് വില നല്‍കി വൈദ്യുതി കൊണ്ടുവന്നതിനാലാണ് ലോഡ് ഷെഡിങ് നടപ്പാക്കുന്നത് ദീര്‍ഘകാലം വൈകിക്കാനും ഏര്‍പ്പെടുത്തിയപ്പോഴാകട്ടെ അരമണിക്കൂറില്‍ പരിമിതപ്പെടുത്താനും കഴിഞ്ഞത്. എന്നിട്ടും പതിമൂന്ന് ലക്ഷം പുതിയ കണക്ഷന്‍ നല്‍കി. കാറ്റാടി വൈദ്യുതിനിലയം കമീഷന്‍ചെയ്തു. നേരിയമംഗലം പദ്ധതി കമീഷന്‍ചെയ്തു. പുതിയ 500 മെഗാവാട്ട് പദ്ധതിയുടെ പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തില്‍... ഇഎസ്ഐ പദ്ധതിയില്‍ ഒന്നര ലക്ഷത്തില്‍പ്പരം തൊഴിലാളികള്‍ക്ക് പുതുതായി അംഗത്വം. കൊല്ലത്ത് ഇഎസ്ഐ മെഡിക്കല്‍ കോളേജ്. പട്ടികജാതി - പട്ടികവര്‍ഗ ക്ഷേമപദ്ധതികളില്‍ അഭൂതപൂര്‍വമായ മുന്നേറ്റം. എസ്സി - എസ്ടി വികസന ഫണ്ട് ഏതാണ്ട് പൂര്‍ണമായും വിനിയോഗിച്ച് അക്കാര്യത്തില്‍ രാജ്യത്ത് ഒന്നാംസ്ഥാനം.

ലംപ്സം ഗ്രാന്റും സ്റൈപെന്‍ഡും ഗണ്യമായി വര്‍ധിപ്പിച്ചു. ഹോസ്റലുകള്‍ നവീകരിച്ചു. പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് എംബിബിഎസ് പ്രവേശനം ഉറപ്പാക്കാന്‍ ചട്ടം കൊണ്ടുവന്നു. പട്ടികവര്‍ഗക്കാര്‍ക്ക് എല്ലാ തലത്തിലും സൌജന്യചികിത്സ. ആദിവാസി ഭൂവിതരണ പദ്ധതി പ്രകാരം ഏഴായിരത്തോളം കുടുംബത്തിന് ഒരേക്കര്‍ വീതം ഭൂമി നല്‍കി. ആദിവാസി വനാവകാശനിയമം നടപ്പാക്കി. എസ്സി - എസ്ടി വിഭാഗത്തില്‍ മുപ്പതിനായിരത്തോളം കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാന്‍ ധനസഹായം നല്‍കി. സര്‍ക്കാര്‍ഭൂമിയിലെ കൈയേറ്റമൊഴിപ്പിക്കുന്നതില്‍ വലിയ മുന്നേറ്റം. മൂന്നാറില്‍ പന്തീരായിരത്തില്‍പ്പരം ഏക്കര്‍ ഉള്‍പ്പെടെ സംസ്ഥാനത്താകെ പതിനായിരത്തോളം ഏക്കര്‍ ഭൂമി കൈയേറ്റക്കാരില്‍നിന്ന് വീണ്ടെടുത്തു. വീണ്ടെടുത്ത ഭൂമിയില്‍ കഴിയാവുന്നത്ര ഭൂരഹിതര്‍ക്ക് വിതരണംചെയ്യാന്‍ നടപടി തുടങ്ങി. കയര്‍മേഖലയില്‍ ആധുനികവല്‍ക്കരണത്തിന് തുടക്കംകുറിച്ചു. തൊഴിലാളികളുടെ വേതനവും പെന്‍ഷന്‍ ആനുകൂല്യങ്ങളും ഗണ്യമായി വര്‍ധിപ്പിച്ചു. ഇടത്തട്ടുകാരുടെ ചൂഷണത്തില്‍നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ ക്രയവിലസ്ഥിരതാ പദ്ധതി നടപ്പാക്കി. തുറമുഖ നവീകരണത്തില്‍ വന്‍മുന്നേറ്റം. കൊല്ലം, ആലപ്പുഴ, പൊന്നാനി, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖ വികസന നടപടികള്‍ പുരോഗമിക്കുന്നു. തിരുവനന്തപുരത്തും മഞ്ചേശ്വരത്തും മാരിടൈം ഇന്‍സ്റിറ്റ്യൂട്ട്. സ്പോര്‍ട്സ് ക്വോട്ടാ നിയമനം 20ല്‍ നിന്ന് 50 ആക്കി വര്‍ധിപ്പിച്ചു. പൊലീസില്‍ സ്പോര്‍ട്സ് ക്വോട്ടാ നിയമനം പുനരാരംഭിച്ചു. കൊച്ചിയില്‍ മെട്രോ റെയില്‍ പദ്ധതിയും കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് കേന്ദ്രീകരിച്ച് സബര്‍ബന്‍ ട്രെയിന്‍ സര്‍വീസും ആരംഭിക്കാന്‍ ത്വരിതഗതിയില്‍ നടപടി.

ഇ എം എസ് സമ്പൂര്‍ണ ഭവനപദ്ധതിക്ക് തുടക്കം കുറിച്ചു. മുഴുവന്‍ ഭവനരഹിത കുടുംബങ്ങള്‍ക്കും വീട് വയ്ക്കാന്‍ ഭൂമിയും ഭവനരഹിതരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീടും ലഭ്യമാക്കാന്‍ പദ്ധതി തുടങ്ങി. അയ്യായിരം കോടി രൂപയുടെ ബൃഹത്തായ പദ്ധതിയാണ് ഇതിനായി നടപ്പാക്കുന്നത്. മൂന്നുവര്‍ഷംകൊണ്ട് സമ്പൂര്‍ണ പാര്‍പ്പിട സംസ്ഥാനമായി കേരളം മാറും. ഇതിന്റെ ഭാഗമായി എല്ലാ ജില്ലയിലും ഭൂവിതരണ മേളയിലൂടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി. ഈ നേട്ടമെല്ലാം അനുഭവത്തിലുള്ള ജനങ്ങളെ കള്ളപ്രചാരണത്തിലൂടെ കബളിപ്പിക്കാമെന്നത് യുഡിഎഫിന്റെ വ്യാമോഹം മാത്രമാണ്.