അഹല്യ രങ്കനേക്കര്‍ അന്തരിച്ചു
2009 ഏപ്രിൽ 19
ഐതിഹാസികസമരങ്ങളിലെ ധീരനായികയും മുതിര്‍ന്ന സിപിഐ എം നേതാവുമായ അഹല്യ രങ്കനേക്കര്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. മുംബൈ മാട്ടുംഗ കിങ്സ് വേയിലെ വീടായ വെങ്കിടേഷ് നിവാസില്‍ 2009 ഏപ്രിൽ 19 ഞായറാഴ്ച രാവിലെ 6.45നായിരുന്നു അന്ത്യം.
ബി ടി രണദിവെയുടെ സഹോദരിയും മഹാരാഷ്ട്രയിലെ ആദ്യകാല സിപിഐ എം നേതാവ് പി ബി രങ്കനേക്കറുടെ ഭാര്യയുമാണ്. ടി എം രണദിവേയുടെയും യശോധര സമര്‍ഥിന്റെയും മകളായി 1922 ജൂലൈ എട്ടിന് പുണെയില്‍ അഹല്യ ജനിച്ചു. അഞ്ചാംക്ളാസ് വരെ പൂണെയിലായിരുന്നു വിദ്യാഭ്യാസം. താണെയില്‍നിന്ന് മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കി. പിന്നീട് മുംബൈയില്‍ പഠനം തുടര്‍ന്നു. വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകയായി. ക്വിറ്റിന്ത്യ സമരത്തിന്റെ ഭാഗമായി ഫര്‍ഗുസൺ കോളേജിലെ കുട്ടികളെ പങ്കെടുപ്പിച്ച് അഹല്യ ജാഥ നയിച്ചു. എല്ലാവരും അറസ്റ്റിലായി. തടവറയിലും സമരം തുടര്‍ന്ന പ്രക്ഷോഭകര്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് ത്രിവര്‍ണപതാക ഉയര്‍ത്തി. തുടര്‍ന്ന് അഹല്യയെ ഇടുങ്ങിയ അറയിലേക്ക് മാറ്റി.
ജയില്‍മോചിതയായ അഹല്യ ബിരുദപഠനം പൂര്‍ത്തിയാക്കിയശേഷം മുഴുവന്‍സമയ കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകയായി. ടെക്സ്റ്റൈല്‍ തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1943ല്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായി. 1946ലെ മുംബൈ നാവിക കലാപത്തെ സഹായിച്ചെ പേരില്‍ അഹല്യയെ പൊലീസ് ക്രൂരമായി വേട്ടയാടി. ജനാധിപത്യ മഹിളാ അസോസിയേഷന്റെ സ്ഥാപകനേതാക്കളിലൊരാളാണ്. അസോസിയേഷന്‍ ദേശീയപ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1977ല്‍ മുംബൈ സെന്‍ട്രല്‍ മണ്ഡലത്തില്‍നിന്ന് ലോൿസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1957 മുതല്‍ 77 വരെ മുംബൈ കോര്‍പറേഷന്‍ കൌൺസിലില്‍ അംഗമായി പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥയില്‍ അഹല്യയെയും ജയിലിലടച്ചു. 1983നും 86നുമിടയില്‍ പാര്‍ടി സംസ്ഥാന സെക്രട്ടറിയായിരുന്നു. 2005 വരെ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗമായിരുന്നു. 2008 ഫെബ്രുവരി എട്ടിനാണ് പി ബി രങ്കനേക്കര്‍ അന്തരിച്ചത്. അജിത് രങ്കനേക്കര്‍, അഭയ് രങ്കനേക്കര്‍ എന്നിവര്‍ മക്കളാണ്.
ഒരു തീനാളം പോലെ
നന്നേ ചെറുപ്പത്തില്‍ത്തന്നെ വിപ്ലവാശയങ്ങള്‍ ഉള്‍ക്കൊണ്ട അഹല്യ പോരാട്ടത്തിന്റെ വഴികളില്‍ തീനാളമായിരുന്നു. അഹല്യയുടെ കുടുംബപശ്ചാത്തലമാണ് വേറിട്ട പാതയില്‍ സഞ്ചരിക്കാന്‍ അവരെ പ്രാപ്‌തരാക്കിയത്. ഇന്‍കം ടാൿസ് കമീഷണര്‍ ആയിരുന്ന അച്ഛന്‍ ടി എം രണദിവെ പുരോഗമനവാദിയും നവോത്ഥാനപ്രവര്‍ത്തകനുമായിരുന്നു. അദ്ദേഹം ജാതിബോധത്തെ എതിര്‍ക്കുകയും സ്‌ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കയും ചെയ്തു. അമ്മ യശോധരയ്ക്കും പുരോഗമന വീക്ഷണമുണ്ടായിരുന്നു. ജ്യേഷ്ഠന്‍ ബി ടി രണദിവെയുടെ സ്വാധീനവും അഹല്യ വിശാലമായ ലോകത്തേക്ക് കടന്നുവരാന്‍ കാരണമായി.
സ്കൂളില്‍ പഠിക്കുമ്പോള്‍ സഹപാഠികളെ സംഘടിപ്പിച്ച് സാംസ്കാരിക സംഘടനയ്ക്ക് അഹല്യ രൂപംകൊടുത്തു. കലാകായിക രംഗങ്ങളിലും സജീവ പങ്കാളിയായി. റൂയിയ കോളേജില്‍ പഠിക്കവെ വിദ്യാര്‍ഥിപ്രസ്ഥാനത്തില്‍ പൂര്‍ണസമയ പ്രവര്‍ത്തകയായി. പഠനം മുടങ്ങും എന്നു കണ്ട വീട്ടുകാര്‍ പുണെയിലെ ഫര്‍ഗുസൺ കോളേജിലേക്ക് മാറ്റിയെങ്കിലും അഹല്യയുടെ സമരവീര്യം അണഞ്ഞില്ല. ഗാന്ധിജി ക്വിറ്റിന്ത്യ സമരത്തിന് ആഹ്വാനംചെയ്തതിനെത്തുടര്‍ന്ന് രാജ്യം ഇളകിമറിയുമ്പോള്‍ ഫര്‍ഗുസൺ കോളേജിലെ കുട്ടികളെ പങ്കെടുപ്പിച്ച് അഹല്യ ജാഥ നയിച്ചു. എല്ലാവരും അറസ്റ്റിലായി. മാപ്പുപറയണമെന്ന് കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടു. അത് ചെവിക്കൊള്ളാന്‍ തയ്യാറാകാത്തതിനാല്‍ കോളേജില്‍നിന്നു പുറത്തായി. പൊലീസ് അറസ്റ്റുചെയ്ത് അഹല്യയെയും കൂട്ടുകാരെയും യര്‍വാദ ജയിലില്‍ അടച്ചു. മണിബെന്‍ പട്ടേല്‍, മൃദുല സാരാഭായ്, സോഫിയാ ഖാന്‍, പ്രേമാ കാന്തക് തുടങ്ങിയ കോൺഗ്രസ് വനിതാ നേതാക്കള്‍ അന്ന് ജയിലിലുണ്ടായിരുന്നു.
തടവറയിലും സമരം തുടര്‍ന്ന പ്രക്ഷോഭകര്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് അവിടെ ത്രിവര്‍ണപതാക ഉയര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ അതിന് നേതൃത്വംകൊടുത്തത് അഹല്യയായിരുന്നു. പച്ച, വെള്ള, കുങ്കുമം എന്നീ നിറങ്ങളുള്ള സാരികള്‍ കൂട്ടിത്തുന്നിച്ചേര്‍ത്ത് അതില്‍ കരിക്കട്ടകൊണ്ട് ചര്‍ക്ക വരച്ച് പതാകയുണ്ടാക്കിയ വനിതാ തടവുകാര്‍ അത് ജയിലിന്റെ പുറംമതിലില്‍ കെട്ടിത്തൂക്കി. വിവരമറിഞ്ഞെത്തിയ ജയില്‍ സൂപ്രണ്ട് അഹല്യയെ ഇന്ദു ഖേല്‍ക്കര്‍ എന്ന മറ്റൊരു പ്രക്ഷോഭകയോടൊപ്പം ഇടുങ്ങിയ അറയിലേക്ക് മാറ്റി. ഈ അതികഠിന ജയില്‍വാസം ഏഴ് നാള്‍ നീണ്ടു. നാലുമാസത്തിനു ശേഷം ജയില്‍മോചിതയായ അഹല്യ റൂയിയ കോളേജ് പ്രിന്‍സിപ്പലിനെ നേരില്‍ കണ്ട് അവിടെ പഠനം തുടരാന്‍ അനുമതി നേടി.
ബിരുദപഠനം പൂര്‍ത്തിയാക്കിയശേഷം കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകയായി. മുംബൈയില്‍ തുണിമില്‍ തൊഴിലാളികളൂടെ സംഘടനയായ ഗിര്‍ണി കാംഗാര്‍ യൂണിയനില്‍ പ്രവര്‍ത്തനം തുടങ്ങി. സ്‌ത്രീത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധിച്ചത്. രണ്ടാം ലോകയുദ്ധം വമ്പിച്ച വിലക്കയറ്റത്തിനും കടുത്ത ദാരിദ്ര്യത്തിനും വഴിതെളിച്ചു. വിലവര്‍ധനക്കെതിരായ സമരത്തിന് നേതൃത്വം നല്‍കി. ഗിര്‍ണി കാംഗാര്‍ യൂണിയന്റെ ജോയിന്റ് സെക്രട്ടറിയായും 'പരേല്‍ മഹിളാ സംഘി'ന്റെ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
1946ല്‍ നാവികസമരത്തെ സഹായിക്കാന്‍ മുംബൈയിലെ തുണിമില്‍ തൊഴിലാളികള്‍ രംഗത്തിറങ്ങിയപ്പോള്‍ പൊലീസ് മുംബൈയില്‍ നടത്തിയ നരവേട്ടയില്‍നിന്ന് അഹല്യ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്്. അക്കൊല്ലം ഫെബ്രുവരി 22ന് പൊലീസും പട്ടാളവും ചേര്‍ന്ന് നടത്തിയ വെടിവയ്പില്‍ ഇരുനൂറോളം പേര്‍ കൊല്ലപ്പെട്ടു. പരേലിലെ പാര്‍ടി ഓഫീസിനു മുന്‍പില്‍ അഹല്യക്കൊപ്പം അന്നുണ്ടായിരുന്ന കമല്‍ ധോണ്ഡെ എന്ന പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിക്കുകയും അഹല്യയുടെ സഹോദരി കുസുമത്തിന് കാലില്‍ വെടിയേല്‍ക്കുകയുംചെയ്തു. സ്വാതന്ത്ര്യാനന്തരം കമ്യൂണിസ്റ്റ് പാര്‍ടി നടത്തിയ സമരങ്ങളില്‍ അഹല്യക്ക് സമുന്നതസ്ഥാനം ഉണ്ടായിരുന്നു.
അതിനിടെ 1945ല്‍ പി ബി രംഗനേക്കറെ വിവാഹംചെയ്തു. 1948ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയെ നിരോധിച്ചപ്പോള്‍ അഹല്യയും ജയിലിലായി. ഒരു വയസ്സുള്ള മകനെ വീട്ടില്‍ നിര്‍ത്തിയിട്ടാണ് അവര്‍ ജയിലിലേക്കു പോയത്. സംയുക്ത മഹാരാഷ്ട്രപ്രക്ഷോഭം, ഇന്ത്യ - ചൈന യുദ്ധം, അടിയന്തരാവസ്ഥ എന്നീ സന്ദര്‍ഭങ്ങളിലെല്ലാം അധികാരികളുടെ പീഡനങ്ങള്‍ ഏറ്റുവാങ്ങിയ കമ്യൂണിസ്റ്റുകാരിയായിരുന്നു അഹല്യ. 1962 കാലത്തെ ജയില്‍വാസത്തിനിടെയായിരുന്നു അമ്മയുടെ മരണം. അമ്മയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അഹല്യക്കും ബി ടി ആറിനും അധികൃതര്‍ രണ്ടുമണിക്കൂര്‍ മാത്രമാണ് അനുവദിച്ചത്.
പരേല്‍ മണ്ഡലത്തിന്റെ പ്രതിനിധിയായി പലവട്ടം തെരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥയില്‍ മുംബൈ സെന്‍ട്രലിനെ പ്രതിനിധാനംചെയ്ത് ലോൿസഭയില്‍ എത്തി. സ്ത്രീകളെ സംഘടിപ്പിക്കുന്നതിലും അവകാശസമരങ്ങളില്‍ അവരെ അണിനിരത്തുന്നതിലും അഹല്യ എക്കാലവും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. വിമല്‍ രണദിവെ, മാലതി രംഗനേക്കര്‍ തുടങ്ങിയവര്‍ക്കൊപ്പം ചേര്‍ന്ന് 1943ല്‍ പരേല്‍ മഹിളാ സംഘ് എന്ന സ്‌ത്രീസംഘടന രൂപീകരിച്ചു. ഈ സംഘടനയുടെ ആവശ്യപ്രകാരമാണ് സ്‌ത്രീകളെ നിയന്ത്രിക്കാന്‍ വനിതാകോസ്റ്റബിള്‍മാരെ നിയോഗിക്കാന്‍ തുടങ്ങിയത്.
1970കളുടെ തുടക്കത്തില്‍ നടന്ന വിലക്കയറ്റ വിരുദ്ധസമരകാലത്ത് പരേല്‍ മഹിളാ സംഘ് അവഗണിക്കാനാവാത്ത സംഘടനയായി മാറി. പരേല്‍ മഹിളാസംഘ് പിന്നീട് ശ്രമിക് മഹിളാസംഘ് എന്ന പേരില്‍ വിപുലീകരിച്ചു. 1980ല്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ രൂപീകരിച്ചപ്പോള്‍ ശ്രമിക് മഹിളാ സംഘ് അതിന്റെ സംസ്ഥാന ഘടകമായി. 1990കളില്‍ 35 വനിതാ സംഘടനകള്‍ ചേര്‍ന്ന് സ്‌ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള കര്‍മസമിതി (എംഎവികെഎസ്) രൂപീകരിച്ചപ്പോള്‍ അതിന് നേതൃത്വംകൊടുത്തവരില്‍ അഹല്യയുണ്ടായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ സ്ഥാപകാംഗമായ അഹല്യ സംഘടനയുടെ പ്രസിഡന്റ്, വൈസ്പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചു. 2001മുതല്‍ രക്ഷാധികാരിയായിരുന്നു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായിരുന്നു.
അഹല്യ രങ്കനേക്കറുടെ നിര്യാണത്തില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അനുശോചിച്ചു. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും സജീവമായി പ്രവര്‍ത്തിച്ച അഹല്യ നിരവധി ത്യാഗോജ്വലമായ സമരങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്നു. ഉന്നതമായ പ്രതിബദ്ധതയോടെയാണ് അവര്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു വേണ്ടി ആറു ദശാബ്ദം പ്രവര്‍ത്തിച്ചത്. ഏഴു വര്‍ഷം ജയില്‍വാസം അനുഭവിച്ച അവര്‍ രണ്ടു വര്‍ഷം ഒളിവിലും പ്രവര്‍ത്തിച്ചു. അവരുടെ ലാളിത്യവും സൌഹൃദപൂര്‍ണമായ പെരുമാറ്റവും സഹപ്രവര്‍ത്തകരെയും ജനങ്ങളെയും ആകര്‍ഷിച്ചു. ഒരു ജനനേതാവിനുള്ള ഉന്നത ഗുണങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. അഹല്യയുടെ നിര്യാണത്തിലൂടെ പാര്‍ടിക്ക് അതുല്യയായ നേതാവിനെയാണ് നഷ്ടപ്പെട്ടത്. അവരുടെ ജീവിതവും സംഭാവനകളും തലമുറകളെ പ്രചോദിപ്പിക്കും. അഹല്യയുടെ സ്മരണയ്ക്കുമുന്നില്‍ പിബി ആദരാഞ്ജലി അര്‍പ്പിച്ചു. മക്കളായ അജിത്, അഭയ് എന്നിവരെ അനുശോചനം അറിയിച്ചു.
No comments:
Post a Comment