Saturday, April 11, 2009

ഭൂതകാലം മറക്കുമ്പോള്‍

ഭൂതകാലം മറക്കുമ്പോള്‍


പിണറായി വിജയന്‍

ഭൂതകാലം മറക്കുന്നത് നല്ലകാര്യമാണെന്ന് കരുതുന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണം കോഗ്രസിന്റെ ഇന്നത്തെ സമീപനംതന്നെ. ഗാന്ധിജിയെയും നെഹ്റുവിനെയും ദേശീയപ്രസ്ഥാന പാരമ്പര്യത്തെയും പരിമിതമായെങ്കിലും ഉയര്‍ത്തിപ്പിടിച്ച ജനാധിപത്യമൂല്യങ്ങളെയെല്ലാം മറന്ന കോഗ്രസിനെയാണ് നാം ഇന്ന് കാണുന്നത്. ഭൂതകാലം മറന്നാല്‍, മുമ്പ് ചെയ്ത തെറ്റുകളും മറന്നുപോകും-അതുകൊണ്ടാണ് സിഖുകാരെ കൂട്ടക്കൊലചെയ്യുന്നതിന് നേതൃത്വം നല്‍കിയ രണ്ടുപേരെ സഥാനാര്‍ഥിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കോഗ്രസ് തയ്യാറായത്.

വന്‍തോതില്‍ പ്രതിഷേധം ഉയര്‍ന്നുവന്നതും അത് താങ്ങാന്‍ കഴിയാതെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കേണ്ടിവന്നതും പഴയകാലം മറന്നതുകൊണ്ടും അനുഭവങ്ങളില്‍നിന്ന് പഠിക്കാത്തതുകൊണ്ടുമാണ്. കമ്യൂണിസ്റ്റുകാര്‍ ഭൂതകാലത്തില്‍ ജീവിക്കുന്നവരാണെന്ന് കോഗ്രസ് ആരോപിക്കുമ്പോള്‍, ഞങ്ങള്‍ കഴിഞ്ഞകാലം മറക്കുന്നവരല്ല എന്നാണ് തിരിച്ചുപറയാനുള്ള ഉത്തരം. ചരിത്രം മറന്നുപോകാനുള്ളതല്ല, ഓര്‍മിപ്പിക്കപ്പെടാനും പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുമുള്ളതാണ്.

ഈ തിരിച്ചറിവില്ലാത്തതുകൊണ്ട് കോഗ്രസിന് പോയകാലത്തെ തെറ്റുകളുടെ തടവറയില്‍നിന്ന് പുറത്തുകടക്കാനോ, നഷ്ടപ്പെട്ട നന്മകള്‍ തിരിച്ചുപിടിക്കാനോ കഴിയുന്നില്ല. "നമ്മുടെ പഴയകാലപാരമ്പര്യങ്ങള്‍ മനസ്സില്‍ വച്ചുകൊണ്ട് സ്വതന്ത്രമായ വിദേശനയമാണ് യുപിഎ ഗവമെന്റ് അനുവര്‍ത്തിക്കുക. ആഗോളബന്ധങ്ങളില്‍ ബഹുധ്രുവതയെ പ്രോത്സാഹിപ്പിക്കുവാനും ഏകപക്ഷീയതയ്ക്കുള്ള എല്ലാ ശ്രമങ്ങളെയും എതിര്‍ക്കുവാനും പരിശ്രമിക്കുന്ന നയമായിരിക്കും അത്''- സോണിയ ഗാന്ധി അധ്യക്ഷയായ യുപിഎ അമേരിക്കയുമായുള്ള ബന്ധങ്ങളെക്കുറിച്ച് പൊതുമിനിമം പരിപാടിയില്‍ അംഗീകരിച്ച വാചകങ്ങളാണിത്. പ്രയോഗത്തില്‍ വന്നപ്പോള്‍ 'പഴയകാലപാരമ്പര്യങ്ങള്‍' ആദ്യം വിസ്മരിക്കപ്പെട്ടു.

ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരായ സ്വാതന്ത്യ്രസമരത്തില്‍നിന്ന് ഉരുത്തിരിഞ്ഞുവന്നതാണ് ഇന്ത്യയുടെ വിദേശ നയം. ചേരിചേരാനയം എന്നത് ലോകം രണ്ടുചേരികളായി നില്‍ക്കുമ്പോള്‍ രണ്ടിലും ചേരാതിരിക്കുക അഥവാ സൈനിക ബ്ളോക്കുകളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുക എന്നതുമാത്രമായിരുന്നില്ല; ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കോളനി വിരുദ്ധ സമരങ്ങള്‍ക്ക് ദൃഢമായ പിന്തുണ നല്‍കുക എന്നതുകൂടിയായിരുന്നു. ഇത്തരം കോളനി വിരുദ്ധ സമരങ്ങളില്‍ ചിലതായിരുന്നു വിയത്നാം, പലസ്തീന്‍, ദക്ഷിണാഫിക്ക എന്നിവ. ആ പോരാട്ടങ്ങള്‍ക്ക് വിലപ്പെട്ട പിന്തുണയാണ് ഇന്ത്യ നല്‍കിയത്.

അതുകൊണ്ടുതന്നെ, ചേരിചേരാ പ്രസ്ഥാനത്തിന്റെ നായകത്വം ഇന്ത്യക്ക് വന്നുചേരുകയും സാര്‍വദേശീയ വേദികളില്‍ ഇന്ത്യയുടെ ശബ്ദം വളരെ പ്രധാനപ്പെട്ടതായി ഉയരുകയുംചെയ്തു. സാമ്രാജ്യത്വവിരുദ്ധ ചേരിയിലാണ് ഇന്ത്യ നിലകൊണ്ടത്. ആ പാരമ്പര്യമാണ് ഇന്ന് കളഞ്ഞുകുളിച്ചത്. അമേരിക്കയുടെ നയപങ്കാളിയാക്കി, സാമ്രാജ്യത്വത്തിന്റെ വിശ്വസ്ത സേവകപദവിയിലേക്ക് ഇന്ത്യയെ കൂടുതല്‍ മാറ്റിത്തീര്‍ക്കുന്ന വിദേശനയമാണ് യുപിഎ സര്‍ക്കാര്‍ പിന്തുടരുന്നത്. പലസ്തീനുമേല്‍ ഇസ്രയേല്‍ നടത്തിയ അധിനിവേശത്തിനെതിരെ പലസ്തീന്‍ ജനതയോടൊപ്പം നിന്ന ഇന്ത്യ, ആ നയത്തില്‍നിന്ന് മാറി കൊലയാളികളുടെ പക്ഷത്ത് ചേരുന്നതിനെയാണ് ഇടതുപക്ഷം എതിര്‍ക്കുന്നത്.

അമേരിക്കയും ഇസ്രയേലുമായി ദൃഢമായ സഖ്യത്തിലേക്ക് ഇന്ത്യയെ എത്തിക്കുക, രാജ്യത്തിന്റെ പ്രതിരോധ കാര്യങ്ങളില്‍ ആ രണ്ട് രാജ്യങ്ങള്‍ക്കും ഇടപെടാന്‍ അവസരമൊരുക്കുക എന്ന അതീവഗുരുതരമായ അവസ്ഥ എന്തു വിലകൊടുത്തും തോല്‍പ്പിക്കുമെന്നാണ് ഇടതുപക്ഷം പ്രഖ്യാപിച്ചിട്ടുള്ളത്്. കോഗ്രസ് നേതൃത്വം ഇന്ന് വാശിയോടെ നടപ്പാക്കുന്ന അമേരിക്ക-ഇസ്രയേല്‍ അനുകൂല വീക്ഷണം ജനസംഘത്തിന്റെയും ആര്‍എസ്എസിന്റെയും പ്രഖ്യാപിതമായ നയംതന്നെയാണ്. ആര്‍എസ്എസ് ഉയര്‍ത്തിപ്പിടിക്കുന്ന ലോകവീക്ഷണത്തിന്റെ ഉന്നം മുസ്ളിം ലോകത്തിനും സോഷ്യലിസ്റ് രാജ്യങ്ങള്‍ക്കും എതിരായി ഹിന്ദുക്കളും ജൂതന്മാരും ക്രിസ്ത്യാനികളും ഒന്നിച്ചു നിര്‍ത്താനുള്ളതാണ്.

അമേരിക്കയുമായും നാറ്റോയുമായും ഇസ്രയേലുമായും ഇന്ത്യ കൂട്ടുകൂടണമെന്ന് ആര്‍എസ്എസ് എല്ലായ്പോഴും വാദിക്കുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. നെഹ്റുവിന്റെ കാലത്ത് പടുത്തുയര്‍ത്തിയ ചേരിചേരാനയം വലിച്ചെറിഞ്ഞ് കോഗ്രസ് എത്തുന്നത് ബിജെപിയുടെ ആഗ്രഹം നടപ്പാക്കാനാണെന്നര്‍ഥം. അതുചൂണ്ടിക്കാട്ടി ഇടതുപക്ഷം എതിര്‍പ്പുയര്‍ത്തുമ്പോള്‍, പണ്ട് എല്‍ഡിഎഫ് ഗവമെന്റിലെ ഒരു മന്ത്രി ഇസ്രയേലില്‍ പോയില്ലേ എന്നുള്ള മറുചോദ്യവും പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഇസ്രയേലില്‍നിന്ന് വ്യവസായനിക്ഷേപം കൊണ്ടുവന്നു എന്ന കള്ളപ്രചാരണവുമാണ് കോഗ്രസ് നടത്തുന്നത്.

അത്തരം തരംതാണ പ്രചാരണങ്ങള്‍ക്ക് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണിപോലും മുന്നിട്ടിറങ്ങുമ്പോള്‍, ഇസ്രയേലുമായി ഉണ്ടാക്കിയ ബന്ധം എത്രമാത്രം തീവ്രമാണെന്നും അത് സംരക്ഷിക്കാന്‍ എന്തുചെയ്യാനും കോഗ്രസ് മടിക്കില്ലെന്നുമുള്ള സന്ദേശമാണ് പുറത്തുവരുന്നത്. അമേരിക്കയുമായി ഉണ്ടാക്കിയ പ്രതിരോധ കരാറുകള്‍, ഇസ്രയേലുമായുള്ള ആയുധക്കച്ചവടക്കരാറുകള്‍, ഇറാന്റെ പ്രശ്നത്തില്‍ അമേരിക്കയ്ക്കൊപ്പം നിന്നത്, നാറ്റോ സൈന്യങ്ങളുമായും അമേരിക്കന്‍ സൈന്യങ്ങളുമായും ചേര്‍ന്ന് നടത്തിയ സംയുക്തസൈനിക അഭ്യാസങ്ങള്‍ എന്നിവയെല്ലാം ചൂണ്ടിക്കാട്ടിയാണ് കോഗ്രസ് അതിന്റെതന്നെ ഭൂതകാലം മറന്ന്, വിദേശനയത്തെ അട്ടിമറിച്ചു എന്ന് ഇടതുപക്ഷം പറയുന്നത്.

ഇസ്രയേലില്‍നിന്ന് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യമാണ് ഇന്ന് ഇന്ത്യ. മാത്രമല്ല ഇസ്രയേലിലെതന്നെ, പ്രതിരോധ വകുപ്പില്‍നിന്ന് വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ ആയുധങ്ങള്‍ സ്വകാര്യ ആയുധ വ്യവസായികളില്‍നിന്ന് വാങ്ങുന്നു. അതില്‍ വന്‍തോതില്‍ അഴിമതി നടക്കുന്നുണ്ടെന്നാണ്, മിസൈല്‍ കരാറില്‍ 900 കോടി രൂപയുടെ കോഴ ഇടപാട് നടന്നു എന്ന വെളിപ്പെടുത്തലില്‍ വ്യക്തമാകുന്നത്.

ഇസ്രയേലില്‍നിന്നുതന്നെ വ്യക്തമായ തെളിവുകള്‍ വന്നിട്ടും അതേക്കുറിച്ച് അന്വേഷിക്കാനുള്ള സന്നദ്ധത സോണിയ ഗാന്ധി കാണിക്കുന്നില്ല. അഴിമതിയോടൊപ്പം അത്രതന്നെ ഗൌരവമായ മറ്റൊരു പ്രശ്നംകൂടി ഇസ്രയേലില്‍നിന്ന് ഇന്ത്യ ആയുധങ്ങള്‍ വാങ്ങി കുന്നുകൂട്ടുന്നതില്‍ അടങ്ങിയിട്ടുണ്ട്. ആയിരക്കണക്കിന് കോടി രുപയുടെ ഇടപാടിലൂടെ ഇസ്രയേലിന്റെ ആയുധ വ്യവസായം വന്‍തോതില്‍ വികസിക്കുകയാണ്. അങ്ങനെ കിട്ടുന്ന പണം പലസ്തീനിലെ ഇസ്രയേലിന്റെ അധിനിവേശത്തിന് സാമ്പത്തിക സഹായം നല്‍കാനാണ് ഉപയോഗിക്കുന്നത്്. ഇസ്രയേലിലെ സൈനിക ഉദ്യോഗസ്ഥരും ആ രാജ്യത്തിന്റെ രഹസ്യാന്വേഷണ സംഘമായ മൊസ്സാദിന്റെ പ്രതിനിധികളും ഇടയ്ക്കിടെ കശ്മീര്‍ സന്ദര്‍ശിക്കുന്നുണ്ട്.

ഭീകരപ്രവര്‍ത്തനത്തിനെതിരെയുള്ള യുദ്ധത്തില്‍ ഇന്ത്യയെ സഹായിക്കുന്നതിനുവേണ്ടിയെന്ന പേരില്‍, മുംബൈ ഭീകരാക്രമണ സമയത്തും മൊസ്സാദ് രംഗത്തുവന്നു. ഇന്ത്യയും ഇസ്രയേലും ചേര്‍ന്ന് സംയുക്തമായി പലതരം മിസ്സൈലുകളും ഉണ്ടാക്കുന്നുണ്ട്. പലസ്തീനില്‍ സത്രീകളും കുട്ടികളുമടക്കമുള്ള നിരപരാധികളെ കൊല്ലുന്നതിന് അവ ഉപയോഗിക്കുന്നു. ഇസ്രയേലിനുവേണ്ടി ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന ജോലിയും ഇന്ത്യ ഏറ്റെടുത്തിരിക്കുന്നു. ഇത്തരമൊരവസ്ഥ നാടിനെ എത്തിക്കുന്ന അപകടത്തെക്കുറിച്ച് പറയുമ്പോള്‍ തൊടുന്യായങ്ങള്‍ നിരത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ മാന്യതയുടെ ലക്ഷണമല്ല. ഇടതുപക്ഷത്തിന് ഇസ്രയേലുമായി ഒരുതരത്തിലുമുള്ള ബന്ധവുമില്ല. ബന്ധം പുലര്‍ത്തുന്നതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു.

അത് ഞങ്ങളുടെ ഇന്നലത്തെയും ഇന്നത്തെയും നാളത്തെയും നിലപാടാണ്്. ഇന്ത്യയുടെ സഹായത്തോടെ പലസ്തീനില്‍ കൂട്ടക്കുരുതി നടത്തുന്ന അവസ്ഥ ഇല്ലാതിരിക്കാന്‍ ഇസ്രയേലുമായുള്ള വഴിവിട്ട അടുപ്പവും ഇടപാടുകളും ഉപേക്ഷിക്കുമെന്ന് കോഗ്രസ് പ്രകടനപത്രികയില്‍ പറയാത്തിടത്തോളം ആ പാര്‍ടി ജനങ്ങള്‍ക്കുമുന്നില്‍ പ്രതിക്കൂട്ടിലാണ്. അതുമറച്ചുപിടിക്കാന്‍ 'കമ്യൂണിസ്റ്റുകാരെ ഭൂതകാലത്തില്‍ ജീവിക്കുന്നവരായി' ചിത്രീകരിച്ചതുകൊണ്ടൊന്നും ഒരു ഫലവുമില്ല.

ദേശാഭിമാനി ലേഖനം

No comments: