Saturday, April 11, 2009

ആരാണ് മതത്തിന്റെ എതിരാളികള്‍?

ആരാണ് മതത്തിന്റെ എതിരാളികള്‍?

സുകുമാര്‍ അഴീക്കോട്


കേരളത്തില്‍ ബഹുമാന്യരായ കുറച്ച് മെത്രാന്മാരുടെ അപവാദം ഒഴിച്ചാല്‍, ക്രൈസ്തവ സഭകളില്‍ പലതിന്റെയും ഉന്നതാധ്യക്ഷന്മാര്‍ ഇടയലേഖനങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും ഇടതുപക്ഷത്തിനെതിരായി തെരഞ്ഞെടുപ്പില്‍ കക്ഷിചേര്‍ന്നതായി തോന്നുന്നു. വിശുദ്ധ ഭൂമിയാം പലസ്തീനിനെ മുസ്ളിങ്ങളില്‍നിന്ന് വിമോചിപ്പിക്കാന്‍ യൂറോപ്പിലെ ക്രൈസ്തവര്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് കുരിശുയുദ്ധങ്ങള്‍ പ്രഖ്യാപിച്ചിരുന്നല്ലോ. ഇപ്പോള്‍ പലസ്തീനെ മുസ്ളിങ്ങളില്‍നിന്ന് മോചിപ്പിക്കുന്ന സമരം ഇസ്രയേല്‍ ഏറ്റെടുത്തിരിക്കയാണ്.

ക്രൈസ്തവസഭകള്‍ വിശുദ്ധനഗരത്തെയും മുസ്ളിങ്ങളെയും യഹൂദന്മാര്‍ക്ക് വിട്ടുകൊടുത്തിട്ട് കേരളത്തെ വിമോചിപ്പിക്കാനുള്ള ഗാഢശ്രമത്തില്‍ ഏര്‍പ്പെട്ടിട്ട് കാലം കുറെയായി. കുരിശുയുദ്ധത്തിന്റെ ഓര്‍മയിലാകണം വിമോചനസമരം എന്ന(ഡോ മിളോട്ടിനെ ഓര്‍മിപ്പിക്കുന്ന) ആശയം പ്രബലമായത്. പഴയ കുരിശുയുദ്ധമെന്നപോലെ വിമോചനസമരവും ലക്ഷ്യം കണ്ടില്ല. എങ്കിലും സഭാധ്യക്ഷന്മാര്‍, തങ്ങള്‍ക്ക് കേരളത്തില്‍ വേറൊരു കടമയും നിറവേറ്റാനില്ലെന്ന മട്ടില്‍, കേരളത്തെ കമ്യൂണിസത്തിന്റെ പിടിയില്‍നിന്ന് മോചിപ്പിക്കാന്‍ വിശ്വാസികളെ ഇടയ്ക്കിടെ ഇടയലേഖനങ്ങളിലൂടെ കുത്തിപ്പൊക്കിക്കൊണ്ടിരിക്കുന്നു. വെളുത്ത വാവില്‍ പല രോഗങ്ങളും പൊട്ടിപ്പുറപ്പെടാറുള്ളതുപോലെ ഈ മോചനപ്രസ്ഥാനം തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് ഉടലെടുക്കുന്നത്.

ഈ അവസരത്തില്‍ സഭാമേലാളന്മാരുടെ ഉള്ളിലിരിക്കുന്ന ആത്മീയതയും സാംസ്കാരിക ലക്ഷ്യവും ക്ഷേമസന്ദേശവുമെല്ലാം കമ്യൂണിസം കേരളീയരെക്കൊണ്ട് തിരസ്കരിപ്പിക്കുന്നതില്‍ ചുരുങ്ങിക്കഴിയുന്നു. കമ്യൂണിസം രംഗത്തെത്തിയിട്ടില്ലാതിരുന്ന ഒരു വിദൂരകാലത്ത് ജീവിച്ച ക്രിസ്തുഭഗവാന്‍ മറ്റെന്തെല്ലാമോ പ്രവര്‍ത്തിക്കുകയും കാര്യങ്ങള്‍ ഉപദേശിക്കുകയും ചെയ്തിരുന്നല്ലോ. ഇന്ന് ആ പ്രവര്‍ത്തനങ്ങള്‍ക്കൊന്നിനും പ്രസക്തിയില്ലേ! അക്രൈസ്തവത്വം എന്നുപറഞ്ഞാല്‍ കമ്യൂണിസം എന്നതില്‍ അതെല്ലാം ഉള്‍പ്പെടുമെന്നുണ്ടോ? മറ്റൊരു വിധത്തില്‍ ചോദിക്കട്ടെ, ക്രിസ്തുദേവന്‍ കമ്യൂണിസത്തെ എതിര്‍ക്കാത്തതുകൊണ്ട് ശരിയായ ക്രൈസ്തവനല്ലെന്നു വരുമോ? ഉള്ളതെല്ലാം വിറ്റ് പാവങ്ങള്‍ക്ക് കൊടുക്കാന്‍ ഉപദേശിച്ച ആദ്യ കമ്യൂണിസ്റ്റല്ലേ ക്രിസ്തുദേവന്‍?

ക്രൈസ്തവമത സംഘടനകളില്‍ത്തന്നെ സദാചാരപരവും ലൈംഗികവും അധികാരപരവും സ്വഭാവശുദ്ധിയെ സംബന്ധിക്കുന്നതുമായ ഒരുപാട് വൈകല്യങ്ങള്‍ ഉണ്ടെന്ന് സഭകളുടെ ഉള്ളില്‍നിന്നുതന്നെ പുറത്തുചാടിയ ഒരുപാട് കേസുകളും കഥകളും നിരന്തരം തെളിവ് നല്‍കിക്കൊണ്ടിരിക്കുന്ന കാലമാണിത്. സംപൂജ്യനായ ബെനഡിക്ട് മാര്‍പാപ്പപോലും ഈ വക പ്രശ്നങ്ങള്‍ എല്ലായിടത്തും വ്യാപിച്ചിട്ടുണ്ടെന്നും ഉടനെ ഇവ പരിഹരിക്കേണ്ടതാണെന്നും വത്തിക്കാനില്‍വച്ചും വെളിയില്‍വച്ചും ധാരാളം പ്രസംഗങ്ങളില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സമയത്തെല്ലാം കേരളീയ സഭാനായകന്മാര്‍, ഇവയെപ്പറ്റിയൊന്നും ഒരക്ഷരം താക്കീത് ചെയ്യാതെ തങ്ങളുടെ കഴിവും ചൈതന്യവും മുഴുവന്‍ കമ്യൂണിസത്തിലെ അവിശ്വാസത്തിനെതിരെ ക്രൈസ്തവരെ അണിനിരത്താന്‍ ത്രിവിധകരണങ്ങളെക്കൊണ്ട് പാടുപെടുകയായിരുന്നു.

ആന്റി കമ്യൂണിസം പ്രസംഗിച്ചാല്‍ ക്രൈസ്തവ ധര്‍മം മുഴുവനും ആകുമോ? കെസിബിസി (കേരളത്തിലെ പള്ളികളിലെ ബിഷപ്പുമാരുടെ സംഘം) പ്രസിഡന്റും ലത്തീന്‍സഭാ മെത്രാപോലീത്തയുമായ ദാനിയേല്‍ അച്ചാരുപറമ്പില്‍ സീറോ മലബാര്‍ സഭാ മേജര്‍ ബിഷപ് മാര്‍ ബസേലിയോസ് ക്ളീമിസ് കത്തോലിക്ക ബാവ എന്നിവര്‍ ഇതിനിടെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ ലഘുലേഖയില്‍ (ഇടയലേഖനത്തിന് വന്ന രൂപാന്തരം) വിശ്വാസികളായ ക്രൈസ്തവര്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനാധിപത്യം, ഭരണഘടന, സമഭാവന, മതന്യൂനപക്ഷങ്ങളുടെ പരിപാലനം, കോടതികളില്‍ വിശ്വാസം, മതേതരത്വം, ദളിത് ക്രൈസ്തവരുടെയും സ്ത്രീകളുടെയും ദരിദ്രരുടെയും പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെയും സംരക്ഷണം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്ന കക്ഷികള്‍ക്കാണ് വോട്ട് നല്‍കേണ്ടതെന്ന് ഈ മഹാശയന്മാര്‍ നിര്‍ദേശിച്ചിരിക്കുന്നു.

ഈ ഉപദേശം കേട്ടാല്‍ സാധാരണ ക്രൈസ്തവര്‍ ഒരുപക്ഷേ ഇടതുകക്ഷികള്‍ക്കുതന്നെ വോട്ട് ചെയ്താലോ എന്ന സംശയം സാധാരണ ക്രൈസ്തവരുടെ ഉള്ളില്‍ ഉയര്‍ന്നുവന്നത് നമുക്ക് മനസ്സിലാക്കാം. കമ്യൂണിസ്റ്റ് വിഭാഗത്തിന് ഇഷ്ടമല്ലാത്ത ഒരാശയവും ഉന്നതമേലധ്യക്ഷന്മാര്‍ എടുത്തുപറഞ്ഞിട്ടില്ല. ഈ ഇടയലേഖനം ഉയര്‍ത്തിക്കൊണ്ട് കമ്യൂണിസത്തെ ചീത്ത പറയുന്നത് എങ്ങനെ?

അതുകൊണ്ട് സാധാരണ പള്ളികളില്‍ ഈ പ്രസ്താവന വിശദീകരണത്തിനെത്തുമ്പോള്‍ സാധാരണ വൈദികര്‍ ഇപ്പറഞ്ഞതെല്ലാം ഒഴിവാക്കി 'അവിശ്വാസികള്‍ക്ക്' വോട്ട് നല്‍കരുതെന്ന അതിലളിതമായ തങ്ങളുടെ അന്തരംഗവിചാരം അജഗണങ്ങളെ ബോധ്യപ്പെടുത്തുന്നു. അവിശ്വാസി എന്ന പദം വരുമ്പോള്‍ കരിനൊച്ചിയിലകൊണ്ട് തല്ലുമ്പോള്‍ ഗന്ധര്‍വപ്രേതാദികള്‍ ഓടിരക്ഷപ്പെടുന്നതുപോലെ കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റു കക്ഷികളെ പിച്ചതെണ്ടിക്കാമെന്നാണ് കണക്കുകൂട്ടല്‍. അവര്‍ പറയുന്നതുപോലുള്ള ഒരു ഗവമെന്റ് ഇത്ര കാലമായിട്ടും കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നു കണ്ട് അമര്‍ഷം നിയന്ത്രിക്കാനാവാതെ സഭാമേധാവികള്‍, തങ്ങളുടെ സ്ഥാനമഹത്വം ഉപയോഗിച്ച്, എതിര്‍ ഗവമെന്റിനെ ഗര്‍ഭത്തില്‍വച്ചുതന്നെ ഛിദ്രിപ്പിച്ചുകളയാന്‍ തീവ്രമായി ശ്രമിച്ചുവരുന്ന കാഴ്ചക്കൂട്ടമാണ് ഇക്കണ്ടതെല്ലാം.

കമ്യൂണിസം വിശ്വാസത്തിനെതിര് എന്ന് വാദിക്കുന്നതില്‍ ഒരുപാട് തെറ്റുണ്ട്. വിശ്വാസം എന്നുവച്ചാല്‍ ക്രിസ്തുമത വിശ്വാസം മാത്രമാണോ? അന്തമില്ലാത്ത വിശ്വാസങ്ങളുണ്ട് ഈ ലോകത്തില്‍. ഹൈന്ദവ വിശ്വാസം എന്നത് നിര്‍വചിക്കാന്‍തന്നെ ആവതല്ല. നാനാ ദൈവവിശ്വാസവും ബിംബാരാധനയും തന്ത്രവിദ്യയും എല്ലാം ഹിന്ദുമതത്തില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയുടെ മതം എന്ന് വിവേകാനന്ദ സ്വാമികള്‍ പറഞ്ഞ അദ്വൈതവേദാന്തത്തില്‍ ഈശ്വരന്‍ ഇല്ല. എന്റെ 'തത്വമസി'യില്‍നിന്ന് ഈശ്വരവിശ്വാസപരമായ ഒരു ഭാഗം ഉചിതമായൊരു ക്ളാസിലെ പാഠത്തില്‍ ചേര്‍ത്താല്‍ അത് വിശ്വാസവിപരീതമാണെന്ന് കുറ്റപ്പെടുത്തി പള്ളി അതിനെ എതിര്‍ക്കുമോ?

ബുദ്ധമതത്തിലും ഈശ്വരവിശ്വാസത്തിന് പ്രസക്തിയില്ല. പാശ്ചാത്യ വിജ്ഞാനത്തിന്റെ വലിയൊരുഭാഗം 'എത്തിസം' എന്നു വിളിക്കുന്ന നിരീശ്വരവിചാരം കലര്‍ന്നുള്ളതാണ്. ഡെമോക്രിറ്റസ് തുടങ്ങിയ ഗ്രീക്ക് ചിന്തകന്മാര്‍ തൊട്ട് ദെക്കാര്‍ത്തോ, നീഷേ, ഹ്യൂം, കാന്റ് മുതലായ ചിന്തകരിലും ഡാര്‍വിന്‍, ഫ്രോയിഡ് തുടങ്ങിയ ശാസ്ത്രജ്ഞരിലും നിരീശ്വരചിന്തയുടെ കലര്‍പ്പ് ഒരുപാടുണ്ട്. മാര്‍ക്സിസത്തിലും ഈ കലര്‍പ്പു കാണാം. അതുകൊണ്ട് ഈ ദര്‍ശനങ്ങള്‍ നിരീശ്വരവാദമാണെന്നു പറയാറില്ല. ഭൌതികവാദനിഷ്ഠമായ മാര്‍ക്സിസത്തില്‍ അഭൌതിക വിശ്വാസത്തിന് ഇടമില്ല എന്നുവച്ച് മാര്‍ക്സിസം നിരീശ്വരത്വം ആകുന്നില്ല.

പക്ഷേ, മാര്‍ക്സിസവും എല്ലാ തത്വചിന്താ പ്രസ്ഥാനങ്ങളും ഏതെങ്കിലുമൊരു സങ്കല്‍പ്പത്തിലുള്ള വിശ്വാസത്തില്‍ അധിഷ്ഠിതമായിരിക്കും. മാര്‍ക്സിസം ഐഡിയലിസമല്ല. പക്ഷേ, ഐഡിയോളജിയാണ്. ഭൌതികസത്യത്തിലും വര്‍ഗസമരത്തിലും വര്‍ഗരഹിത സമുദായത്തിലും ശാസ്ത്രീയ ചിന്തയിലൂടെ മാര്‍ക്സിസം എത്തിച്ചേര്‍ന്നു. എങ്കിലും ദ്രാവിഡ സമൂഹത്തിന്റെ രൂപം ഇന്നതായിരിക്കണമെന്ന ഒരു നിര്‍ണയം മാര്‍ക്സിസത്തിലുണ്ട്. അത് അത്രത്തോളം അപകടമല്ലാത്ത സങ്കല്‍പ്പ വിശ്വാസരൂപത്തിലുള്ളതാണ്. അറിവുള്ള അച്ചന്മാര്‍ ഇടയലേഖനങ്ങളിലെ ദൈവശാസ്ത്രപരമായ തെറ്റുകള്‍ തിരുത്തണം. അതിനാല്‍ വിശ്വാസികള്‍, അവിശ്വാസികള്‍ എന്ന് മനുഷ്യരെ വിഭജിച്ച്, മതവിശ്വാസികളെയെല്ലാം തങ്ങളുടെ കുടക്കീഴില്‍ കെട്ടിനിര്‍ത്തി, ബാക്കിയെല്ലാം അവിശ്വാസമാണെന്ന് മുദ്രകുത്തുന്ന 'ഇടയ'രീതി തികച്ചും അസംബന്ധമാണ്.

എല്ലാ വിശ്വാസവും ക്രൈസ്തവ വിശ്വാസത്തിന് തുല്യമല്ല. പള്ളിയുടെ മാനദണ്ഡം വച്ച് അളന്നാല്‍ ലോകസംസ്കാരത്തിന്റെ വിജ്ഞാന സമുച്ചയത്തില്‍ വലിയൊരു ഭാഗം തള്ളേണ്ടിവരും. ബാക്കി വരുന്നത് ഒരു അന്ധകാരയുഗത്തിന്റെ ചിന്താഭ്രമങ്ങള്‍ മാത്രമായിരിക്കും. കമ്യൂണിസത്തെ എതിര്‍ക്കുന്നുവെന്ന് പ്ളക്കാര്‍ഡ് ഉയര്‍ത്തിയാല്‍ പല ചിന്താശൂന്യരെയും കൂടെ കിട്ടിയെന്നു വരും. അവരുടെ ഒച്ചയും ബഹളവും ഉപയോഗിച്ചുകൊണ്ട് പള്ളി സ്വന്തം അള്‍ത്താര ഉറപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഈ പുറപ്പാട് ആപല്‍ക്കരമാണ്. അത് നടക്കില്ല. നവോത്ഥാനത്തിന്റെ പടി കടന്ന് മുന്നോട്ടുപോകുന്ന ഒരു ലോകത്തെ കുരിശുയുദ്ധത്തിന്റെയും ഗ്രന്ഥനിരോധനത്തിന്റെയും മറ്റും ഭീകരതകളുടെ ശവപ്പറമ്പിലേക്ക് കൊണ്ടുപോകാനാണോ ഈ പ്രക്ഷോഭങ്ങള്‍ എന്ന് തോന്നുന്നവരുടെ ആശങ്കകള്‍ പരിഹരിക്കപ്പെടേണ്ടതുണ്ട്.

പാഠപുസ്തക രചനയില്‍ ചില തെറ്റുകള്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. അതറിയാന്‍ ഒന്ന് തിരിഞ്ഞുനോക്കിയാല്‍ മതി. അവ കമ്യൂണിസത്തിന്റെ കണക്കില്‍പ്പെടുത്തരുത്. തെറ്റാണെങ്കില്‍ ഏത് ഗവമെന്റും തിരുത്തും. ഒരിടത്ത് അല്‍പ്പം 'ചുകപ്പ്' കാണുമ്പോഴേക്കും 'കമ്യൂണിസം വന്നേ' എന്ന് ആര്‍പ്പുവിളി കൂട്ടുന്നത്, ക്രിസ്തുമതത്തിന്റെ പേരിലാകുമ്പോള്‍, വലിയ തെറ്റാണ്. കമ്യൂണിസം വാളും തോക്കുംകൊണ്ട് സമത്വം വരുത്താന്‍ നോക്കുന്നു എന്ന് ക്രിസ്തുമതവിശ്വാസി ആക്ഷേപിക്കുമ്പോള്‍ അത് സ്വന്തം മതത്തെ തള്ളിപ്പറയലാകും.

"ഞാന്‍ ശാന്തി തരാനല്ല വന്നത്, വാള്‍ തരാനാണ്'' (മത്തായി 10-34). ഇതുപോലുള്ള മറ്റു വചനങ്ങള്‍ ഞാന്‍ ചൂണ്ടിക്കാണിക്കണമോ? കമ്യൂണിസത്തിലുള്ളതും ഈ 'വാള്‍'തന്നെ. എത്രയോ കാലം നീതിയെന്ന് പറഞ്ഞ് മറച്ചുപിടിച്ച കട്ടപിടിച്ച അനീതിയെ വെല്ലാന്‍ 'വാള്‍' വേണ്ടിവരും എന്ന് ക്രിസ്തു മനസ്സിലാക്കി. സഭാധ്യക്ഷന്മാരോ? ക്രിസ്തുമതവും കമ്യൂണിസവും വേര്‍തിരിച്ചറിയാന്‍ പഠിക്കണം, മര്‍ക്കടമുഷ്ടി പോരാ. ഇന്ത്യയില്‍ ജീവിക്കുന്ന വോട്ടര്‍മാരായ പൌരന്മാര്‍ക്കു വേണ്ട മതവും രാഷ്ട്രീയവും സദാചാരവും എല്ലാം ഇന്ത്യന്‍ ഭരണഘടനയിലുണ്ട്-സമത്വവും നീതിയും സാഹോദര്യവും മതതുല്യതയും എല്ലാം. അതിന് വിശദീകരണമായി ഇടയലേഖനം വരുമ്പോള്‍ വോട്ടറുടെ ഒരേയൊരു കര്‍ത്തവ്യം കമ്യൂണിസത്തെ തോല്‍പ്പിക്കലായിത്തീരുന്നു.

അങ്ങനെ യൊരുദ്ദേശ്യം നമ്മുടെ ഭരണഘടനയിലില്ല. ബൈബിളില്‍ "നിനക്ക് ഞാനല്ലാതൊരു ദൈവം ഉണ്ടാകരുത്'' (പുറപ്പാട്, 20-3) എന്ന് പറയുമ്പോള്‍ അത് നമ്മുടെ മതസൌഹാര്‍ദപരമായ സെക്കുലറിസത്തിനോട് യോജിച്ചുപോകുമോ? ഇടയലേഖനങ്ങളില്‍ ഇതൊക്കെ വിശദീകരിച്ചു കൊടുക്കാന്‍ വൈദികര്‍ശ്രമിക്കട്ടെ. അതിനു പകരം കമ്യൂണിസ്റ്റ് വിദ്വേഷം പരത്തുമ്പോള്‍ അവര്‍ നമ്മുടെ ഭരണഘടനയുടെ അന്തസ്സത്തയെ തകിടം മറിക്കുന്നു. ഭരണഘടനാ ലംഘനം എന്ന കുറ്റത്തിന്റെ വളരെ അടുത്തുകൂടിയാണ് ഇടയന്മാരും അവരുടെ ലേഖനങ്ങളും സഞ്ചരിക്കുന്നതെന്ന് ഇവര്‍ വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല.

മതം പറഞ്ഞു നടക്കുന്നവര്‍ തന്നെയാണ് മതത്തിന്റെ എതിരാളികള്‍. മതത്തിന് വെളിയിലുള്ളവരെ മതസ്ഥര്‍ കല്ലെടുത്തെറിയരുത്!! കമ്യൂണിസ്റ്റുകാരോടെല്ലാം 'ഇടയുന്ന ലേഖനങ്ങള്‍' ഇടയലേഖനങ്ങള്‍ എന്നു വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് ബഹുമാനപ്പെട്ട വൈദികശ്രേഷ്ഠരോട് വിനീതമായി അഭ്യര്‍ഥിക്കുന്നു.

ദേശാഭിമാനി ലേഖനം

No comments: