Saturday, February 27, 2010

വിലക്കയറ്റം രൂക്ഷമാകും; കുത്തകകള്‍ ഇനിയും തഴയ്ക്കും

വിലക്കയറ്റം രൂക്ഷമാകും; കുത്തകകള്‍ ഇനിയും തഴയ്ക്കും

ഡോ. ടി എം തോമസ് ഐസക്

ദേശാഭിമാനി

2010-11ലെ കേന്ദ്രബജറ്റ് നല്‍കുന്ന ഉറപ്പുകളിലേക്ക് കണ്ണോടിക്കുക. ഒന്ന്, വിലക്കയറ്റം രൂക്ഷമാക്കും. രണ്ട്, ഇന്ത്യന്‍ കുത്തകകള്‍ ഇനിയും തഴച്ചു വളരും. മൂന്ന്, കേരളത്തിന്റെ റേഷന്‍ പുനഃസ്ഥാപിക്കില്ല; ആസിയന്‍ കരാറില്‍നിന്ന് ഒരു സംരക്ഷണവുമില്ല. നാല്, സംസ്ഥാന സര്‍ക്കാരിനെ സാമ്പത്തികമായി ഞെരുക്കും; റവന്യൂ കമ്മി പൂജ്യമാക്കാനാകില്ല. അസഹ്യമായ വിലക്കയറ്റത്താല്‍ പൊള്ളിപ്പിടയുകയാണ് രാജ്യത്തെ ജനങ്ങള്‍. സമാശ്വാസം തേടി കേന്ദ്രബജറ്റിനെ ഉറ്റുനോക്കിയവര്‍ അമ്പേ നിരാശരായി. വിലനിലവാരം കുതിച്ചുകയറുമ്പോള്‍ സബ്സിഡി വെട്ടിക്കുറയ്ക്കുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചത്. 2009-10ലെ പുതുക്കിയ കണക്കു പ്രകാരം 1.31 ലക്ഷം കോടി ഉണ്ടായിരുന്ന സബ്സിഡി 1.16 ലക്ഷം രൂപയായി ഈ ബജറ്റില്‍ വെട്ടിക്കുറച്ചു. ഭക്ഷ്യസബ്സിഡിയിലെ വെട്ടിച്ചുരുക്കല്‍ 400 കോടിയും വള സബ്സിഡിയില്‍ അത് 3000 കോടിയുമാണ്. ഭക്ഷ്യസുരക്ഷാ നിയമം പാസാക്കുമെന്നാണ് ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനം. മൂന്ന് രൂപയ്ക്ക് അരി 100 ദിവസത്തിനകം നടപ്പാക്കുമെന്നു പറഞ്ഞിട്ട് വര്‍ഷം ഒന്നായി. രണ്ടു രൂപയ്ക്ക് 25 ലക്ഷം കുടുംബത്തിന് അരി നല്‍കുന്ന കേരളത്തില്‍ മൂന്നു രൂപയ്ക്ക് 11 ലക്ഷം കുടുംബത്തിന് അരി ഉറപ്പു നല്‍കുന്ന നിയമത്തെക്കുറിച്ച് എന്തു പറയാന്‍. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ തീരുവ വര്‍ധനയുടെ ഭാരം കഴിഞ്ഞ അര്‍ദ്ധരാത്രിമുതല്‍ ജനങ്ങള്‍ക്കു മീതേ പതിച്ചുകഴിഞ്ഞു. ഇതൊരു തുടക്കംമാത്രം. നികുതിവര്‍ധനയുടെ നേട്ടം സര്‍ക്കാരിനാണ്. കിരിത് പരീഖ് കമ്മിറ്റിയുടെ നിര്‍ദേശമനുസരിച്ച് എണ്ണക്കമ്പനികള്‍ക്ക് നേട്ടമുണ്ടാകണമെങ്കില്‍ വില ഇനിയും വര്‍ധിപ്പിക്കണം. കമ്മിറ്റി നിര്‍ദേശം സംബന്ധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഏതാണ്ട് 70 ശതമാനവും ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റത്തില്‍നിന്നാണ് ഉണ്ടായിട്ടുള്ളത് എന്നതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന്റെ പ്രത്യേകത. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ സംഭാവന നിലവില്‍ 12 ശതമാനമാണ്. എണ്ണവില ഇനിയും കൂടുന്നതോടെ, വിലക്കയറ്റത്തിന്റെ എരിതീയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എണ്ണയായി മാറും. എക്സൈസ് ഡ്യൂട്ടിയില്‍ വരുത്തിയ രണ്ടു ശതമാനം വര്‍ധന വിലക്കയറ്റം കുത്തനെ ഉയര്‍ത്തും. ഇതിലൂടെ 46,000 കോടി രൂപയുടെ അധികവരുമാനമാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. നികുതി കൂടുമ്പോള്‍ വിലയും ഉയരും. പ്രത്യക്ഷനികുതിയില്‍ പ്രഖ്യാപിച്ച ഇളവുകള്‍ കിഴിച്ച് എണ്ണവില വര്‍ധനകൂടി കണക്കിലെടുക്കുമ്പോള്‍ രാജ്യത്ത് 60,000 കോടി രൂപയുടെ വിലക്കയറ്റമുണ്ടാകും. കൊടുംവേനലില്‍ ഉരുകുന്ന ജനതയ്ക്കു മീതെ പെയ്ത കനല്‍മഴയായി പുതിയ കേന്ദ്രബജറ്റ് മാറും. സാധാരണക്കാരന്റെ നിത്യോപയോഗസാധനങ്ങളെ ഒഴിവാക്കി ആഡംബരവസ്തുക്കളുടെ നികുതി വര്‍ധിപ്പിക്കാന്‍ കേന്ദ്രധനമന്ത്രി തയ്യാറല്ല. സാധാരണക്കാര്‍ നല്‍കുന്ന പരോക്ഷനികുതികള്‍ വര്‍ധിപ്പിച്ചപ്പോള്‍ പ്രത്യക്ഷനികുതിയില്‍ 26,000 കോടി രൂപയുടെ ഇളവുകള്‍ നല്‍കി. നികുതിയിളവിന്റെ നേരിയ സൌജന്യം ഇടത്തരക്കാര്‍ക്ക് ലഭിക്കുമ്പോള്‍, ഉപഭോക്തൃച്ചെലവിലുണ്ടാകുന്ന കുതിച്ചുചാട്ടം സാധാരണക്കാരന്റെ നട്ടെല്ലൊടിക്കും. സാമ്പത്തികമാന്ദ്യത്തിന്റെ പേരില്‍ കോര്‍പറേറ്റുകള്‍ക്ക് കഴിഞ്ഞ ബജറ്റില്‍ നല്‍കിയ 80,000 കോടി രൂപയുടെ ഇളവുകള്‍ ഓര്‍ക്കുക. ഈ ഇളവുകള്‍ പിന്‍വലിക്കാന്‍ തയ്യാറല്ലെന്നു മാത്രമല്ല, പുതുതായി കോര്‍പറേറ്റ് സര്‍ച്ചാര്‍ജ് കുറച്ചിട്ടുമുണ്ട്. ചുമ്മാതല്ല, സ്റോക് എക്സ്ചേഞ്ചുകളിലെ ഓഹരിക്കച്ചവടക്കാര്‍ മത്സരിച്ച് ലേലംവിളിച്ച് ഓഹരിവിലകള്‍ രണ്ടുശതമാനം ഉയര്‍ത്തിയത്. ഓഹരിസൂചിക അസ്ത്രവേഗത്തില്‍ കുതിച്ചുകയറുന്നത് സ്വപ്നംകാണുന്ന ചെറുന്യൂനപക്ഷത്തിന്റെ കൈയടിമാത്രമാണ് കേന്ദ്രധനമന്ത്രി പ്രതീക്ഷിക്കുന്നത്. വിലക്കയറ്റത്തിന്റെ ദുരിതം പേറുന്ന സാധാരണജനത അദ്ദേഹത്തിന്റെ പരിഗണനയിലെങ്ങുമില്ല. കോര്‍പറേറ്റുകളുടെയും മറ്റും നികുതിനിരക്ക് വര്‍ധിപ്പിക്കാതെ അവരില്‍നിന്ന് കൂടുതല്‍ വരുമാനമുണ്ടാകുമെന്നാണ് ധനമന്ത്രി കണക്കില്‍ പറഞ്ഞിട്ടുള്ളത്. അങ്ങനെതന്നെ സംഭവിക്കട്ടെ. പക്ഷേ, കോര്‍പറേറ്റുകള്‍ക്കു നല്‍കിയ നികുതിയിളവുകള്‍ പിന്‍വലിക്കാതെയും ഇന്‍കംടാക്സിനും മറ്റും ചില ഇളവുകള്‍ നല്‍കിയിട്ടും റവന്യൂ കമ്മി 5.5ല്‍ നിന്ന് നാലു ശതമാനമായി കുറച്ച വിദ്യയെന്തെന്ന് ചിലരെങ്കിലും വിസ്മയിക്കുന്നുണ്ടാകും. നികുതിയിതര വരുമാനത്തിലെ വര്‍ധന പരിശോധിച്ചാലേ പ്രണബ് മുഖര്‍ജിയുടെ ചെപ്പടിവിദ്യ വെളിപ്പെടൂ. അവിടെ മറ്റുനികുതിയിതര മാര്‍ഗങ്ങള്‍”എന്നൊരിനമുണ്ട്. 2009-10ല്‍ ഈ ഇനത്തില്‍ കിട്ടിയത് 36,845 കോടി രൂപയാണ്. 2010-11ല്‍ പ്രതീക്ഷ 74,571 കോടി രൂപയും. ഇതാകട്ടെ, ജി- മൂന്ന് സെപ്ക്ട്രം വില്‍ക്കുമ്പോഴുണ്ടാകുന്ന വരുമാനമാണ്. ഇതെങ്ങനെ റവന്യൂ വരുമാനമാകും? സര്‍ക്കാരിന്റെ ആസ്തി വില്‍ക്കുമ്പോഴുണ്ടാകുന്നതിനു സമാനമായ വരുമാനം മൂലധനവരുമാനത്തിലാണ് ഉള്‍പ്പെടുത്തേണ്ടത്. മൂലധനവരുമാനത്തില്‍ കാണിക്കേണ്ട വര്‍ധന റവന്യൂ വരുമാനപ്പട്ടികയില്‍ എഴുതിച്ചേര്‍ത്ത കകെട്ടുവിദ്യയുടെ ബലത്തിലാണ് റവന്യൂകമ്മി നാലു ശതമാനത്തില്‍ ഉറപ്പിക്കാന്‍ കഴിഞ്ഞെന്ന കേന്ദ്രധനമന്ത്രിയുടെ വീമ്പിളക്കല്‍. ഇത്രയേറെ അത്യധ്വാനം ചെയ്തിട്ടും കേന്ദ്രബജറ്റിന്റെ മൊത്തം ചെലവില്‍ കേവലം എട്ടു ശതമാനത്തിന്റെ വര്‍ധനയേ ഉളളൂ. 10- 12 ശതമാനം വിലക്കയറ്റമുളള സന്ദര്‍ഭത്തിലാണിത്. അതായത്, വിലക്കയറ്റംകൂടി കണക്കിലെടുത്താല്‍ 2009-10ലേതിനേക്കാള്‍ ചെറുതാണ് ഇപ്പോഴത്തെ ബജറ്റ്. മാന്ദ്യത്തില്‍നിന്ന് രാജ്യം കരകയറുന്നുവെന്നത് വസ്തുതതന്നെ. പക്ഷേ, ഉത്തേജകപാക്കേജേ വേണ്ടെന്ന് വയ്ക്കാറായിട്ടുണ്ടോ? യഥാര്‍ഥത്തില്‍ കമ്മിയുടെ പേരില്‍ വര്‍ധിച്ച ചെലവില്‍ വരുത്തിയ വെട്ടിക്കുറവ് വീണ്ടെടുപ്പിനെ പ്രതികൂലമായി ബാധിക്കും. ധനമന്ത്രിയുടെ പൂര്‍ണ പ്രതീക്ഷ അദ്ദേഹം നല്‍കിയ ഇളവുകളിലും പ്രഖ്യാപനങ്ങളിലും സംപ്രീതരായ കുത്തകകള്‍ മുതല്‍മുടക്ക് വര്‍ധിപ്പിച്ച് രാജ്യത്തെ രക്ഷിക്കും എന്നതാണ്. ബജറ്റിനെ സഹര്‍ഷം സ്വാഗതംചെയ്തത് ഇന്ത്യന്‍ കോര്‍പറേറ്റ് ലോകമാണെന്നു പറഞ്ഞു കഴിഞ്ഞു. അവരുടെ സംഘടനകള്‍ നിര്‍ദേശിച്ച ഉദാരീകരണനയങ്ങള്‍ പൂര്‍ണമായും ബജറ്റില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. കോര്‍പറേറ്റുകള്‍ക്ക് പുതുതായി ബാങ്കുകള്‍തന്നെ അനുവദിച്ചുകഴിഞ്ഞു. വിദേശമൂലധന നിക്ഷേപവും ഉദാരമാക്കും. പുതിയ നിക്ഷേപങ്ങള്‍ക്കുള്ള പ്രോത്സാഹനങ്ങളും വര്‍ധിപ്പിച്ചിട്ടുണ്ട്. പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കും. 25,000 കോടിയാണ് ഈയിനത്തില്‍ വരവ് പ്രതീക്ഷിക്കുന്നത്. വിലക്കയറ്റംകൊണ്ട് ഇന്ത്യയിലെ ബഹുഭൂരിപക്ഷവും പൊറുതിമുട്ടുമ്പോള്‍ കുത്തകകള്‍ ഇനിയും തഴച്ചുവളരും. കേരളത്തെ സംബന്ധിച്ചടത്തോളം ബജറ്റ് തീര്‍ത്തും നിരാശാജനകമാണ്. പശ്ചാത്തല സൌകര്യവികസനത്തിലുണ്ടായ വര്‍ധനയുടെ ആനുപാതികനേട്ടവും കേരളത്തിന് കിട്ടിയിട്ടില്ല. അനുയോജ്യമല്ലാത്ത മാനദണ്ഡങ്ങള്‍മൂലം ഗ്രാമവികസനപദ്ധതികളിലും കേരളത്തിന്റെ നില പരിതാപകരമാണ്. കേന്ദ്രാവിഷ്കൃത സ്കീമുകളുടെ നടത്തിപ്പില്‍ ഒരിളവും ബജറ്റ് നല്‍കുന്നില്ല. കാര്‍ഷികമേഖലയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കുന്നതിന് പണ്ടുപറഞ്ഞ കാര്യങ്ങളല്ലാതെ പുതുതായി ഒന്നുമില്ല. പയര്‍ക്കൃഷിഗ്രാമങ്ങള്‍ക്കും ഹരിതവിപ്ളവമേഖലകള്‍ക്കുമുളള പുതിയ സ്കീമിനു പുറത്തായിരിക്കും കേരളം. കേരളത്തിന് ഏറ്റവും തിരിച്ചടിയാകുന്നത് ആസിയന്‍ കരാറിന്റെ നഷ്ടപരിഹാരമായി ഒരു പാക്കേജും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നുള്ളതാണ്. ആസിയന്‍ കരാര്‍മൂലം ഇന്ത്യക്ക് നേട്ടമുണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. നമ്മുടെ വ്യവസായ സേവന കമ്പനികളുടെ കയറ്റുമതി ഉയരും. അതിനേക്കാള്‍ ഉറപ്പുള്ളതാണ് ആസിയന്‍ രാജ്യങ്ങളില്‍നിന്ന്, കേരളീയര്‍ കൃഷിചെയ്യുന്ന നാണ്യവിളകളുടെ ഇറക്കുമതികൂടുമെന്നുള്ളത്. ഇത് നാണ്യവിളകൃഷിക്കാരുടെ നട്ടെല്ലൊടിക്കും. പിടിച്ചുനില്‍ക്കുന്നതിനായി വിലസംരക്ഷണത്തിനും ഉല്‍പ്പാദന വര്‍ധനയ്ക്കും പാക്കേജുണ്ടാകുമെന്ന് കോഗ്രസ് നേതാക്കള്‍ നാട്ടിലാകെ പ്രസംഗിച്ച് നടന്നതാണ്. എവിടെ ആ പാക്കേജ്? ഗോവാ കടലോരം മോടിപിടിപ്പിക്കുന്നതിന് 200 കോടി രൂപയും തിരുപ്പൂരിന്റെ ശുചിത്വസൌകര്യത്തിന് അതിലേറെ തുകയും വകയിരുത്തിയ കേന്ദ്രധനമന്ത്രിക്ക് കേരളത്തിലെ കൃഷിക്കാരോട് കനിവുതോന്നാതെ പോയതെന്തുകൊണ്ട്? കേന്ദ്ര ബജറ്റ് സംസ്ഥാനസര്‍ക്കാരിനേറ്റ ഇരുട്ടടിയാണ്. സംസ്ഥാനത്തിന്റെ നികുതിവിഹിതം 2.6 ശതമാനത്തില്‍നിന്ന് 2.3 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. കേരളത്തില്‍ കമ്മി ഇല്ലെന്നും അതിനാല്‍ അതു നികത്താന്‍ പ്രത്യേക സഹായം നല്‍കേണ്ടതില്ലെന്നുമാണ് ധനകമീഷന്റെ തീര്‍പ്പ്. വിവിധ മേഖലകള്‍ക്കുള്ള പ്രത്യേക ധനസഹായം 1500 കോടി രൂപ ധനകമീഷന്‍ കേരളത്തിന് വകയിരുത്തിയിട്ടുണ്ട് എന്നത് സത്യമാണ്. എന്നാല്‍, അടുത്ത വര്‍ഷംമുതലേ അത് ലഭിക്കുകയുള്ളൂ. കേന്ദ്രപദ്ധതി അടങ്കല്‍ 15 ശതമാനം ഉയര്‍ത്തിയപ്പോള്‍ സംസ്ഥാനങ്ങള്‍ക്കുള്ള പദ്ധതിധന സഹായം എട്ടു ശതമാനമായി ഉയര്‍ത്താനേ തയ്യാറായിട്ടുള്ളൂ. എന്നാല്‍,സംസ്ഥാനസര്‍ക്കാര്‍ അഞ്ചുവര്‍ഷംകൊണ്ട് റവന്യൂ കമ്മി ഇല്ലാതാക്കണമെന്ന ശാഠ്യം കേന്ദ്രസര്‍ക്കാരിനുണ്ട്. അടുത്ത വര്‍ഷംമുതല്‍ റവന്യൂ കമ്മി കുറച്ചു തുടങ്ങണം. ശമ്പളപരിഷ്കരണം നടപ്പാക്കുമ്പോള്‍ എങ്ങനെയാണ് റവന്യൂ കമ്മി കുറയ്ക്കുക? ശമ്പളപരിഷ്കരണം നടപ്പാക്കിയില്ലെങ്കിലും കുഴപ്പമില്ലെന്ന മട്ടാണ് ധനകമീഷന്. ഏതായാലും ശമ്പള കുടിശ്ശിക നല്‍കേണ്ടതില്ലെന്ന് പച്ചയ്ക്ക് അവര്‍ പറഞ്ഞിട്ടുണ്ട്. ക്ഷേമപ്രവര്‍ത്തനങ്ങള്‍ വെട്ടിക്കുറച്ചുകൊണ്ടായാലും കമ്മി കുറയ്ക്കണമെന്നാണ് അവര്‍ പറയുന്നത്. ഇത് ചെയ്തില്ലേല്‍ കേന്ദ്രത്തില്‍നിന്നുള്ള ധനസഹായം വെട്ടിക്കുറയ്ക്കുമെന്നാണ് ഭീഷണി. ഇത്തരം പ്രഖ്യാപനങ്ങള്‍ക്കാകെ ബജറ്റിലൂടെ അംഗീകാരം നല്‍കിയിരിക്കുകയാണ് ധനമന്ത്രി. കേന്ദ്രബജറ്റിന്റെയും പതിമൂന്നാം ധനകമീഷന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാനം ചെറുത്തുനില്‍പ്പിന്റെ പുതിയ പാതകള്‍ തേടേണ്ടതുണ്ട്. ആരു ഭരിച്ചാലും നടപ്പാക്കാനാകാത്ത കാര്യങ്ങളും താങ്ങാനാകാത്ത ഭാരവും സംസ്ഥാനത്തിനുമേല്‍ കെട്ടിയേല്‍പ്പിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. ഇതിനോട് ഒറ്റക്കെട്ടായി പ്രതികരിക്കാന്‍ കഴിയണം. കേരളത്തെ എത്ര അവഗണിച്ചാലും ഒരു ചുക്കുമില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ മനോഭാവം പ്രതിഫലിക്കുന്ന ബജറ്റിനെതിരെ ശക്തമായ പ്രക്ഷോഭമുയരണം.

ദുരിതത്തിന്റെ ബജറ്റ്

ദുരിതത്തിന്റെ ബജറ്റ്

ദേശാഭിമാനി മുഖപ്രസംഗം

രണ്ടാം യുപിഎ ഗവമെന്റിനുവേണ്ടി ധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി വെള്ളിയാഴ്ച അവതരിപ്പിച്ച 2010-11ലേക്കുള്ള വാര്‍ഷിക ബജറ്റ് രാജ്യം ഇന്ന് നേരിടുന്ന ഒരു പ്രശ്നത്തിനും പരിഹാരമല്ല എന്നുമാത്രമല്ല, വളര്‍ച്ചയെയും ജനജീവിതത്തെയും വികസനത്തെയും മുരടിപ്പിക്കുന്നതുമാണ്. സാധാരണ ജനങ്ങളെ ദുരിതത്തിന്റെ ആഴങ്ങളിലേക്ക് തള്ളിയിടുന്നതും സമ്പന്നര്‍ക്കുവേണ്ടി രൂപപ്പെടുത്തിയിട്ടുള്ളതുമാണത്. പണപ്പെരുപ്പത്തെ താഴേക്കു കൊണ്ടുവരുന്നതുമല്ല ഈ ബജറ്റ്. അസംസ്കൃത പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ചു ശതമാനം അടിസ്ഥാന ഇറക്കുമതി തീരുവ പുനഃസ്ഥാപിച്ച ഒറ്റ നിര്‍ദേശം വിലക്കയറ്റത്തിന്റെ തോത് റോക്കറ്റ് വേഗത്തില്‍ ഉയര്‍ത്തുന്നതാണ്. ഡീസല്‍, പെട്രോള്‍ എന്നിവയ്ക്കുള്ള ഏഴര ശതമാനം ഇറക്കുമതി തീരുവയും മറ്റ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുള്ള പത്തു ശതമാനം ഇറക്കുമതി തീരുവയും പുനഃസ്ഥാപിച്ചിരിക്കുന്നു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ എന്തുനടപടി വേണമെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടിരുന്നോ, അതിനു നേര്‍ വിപരീതദിശയിലാണ് ബജറ്റിലെ നിര്‍ദേശം. 2008ല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വന്‍തോതില്‍ വര്‍ധിപ്പിച്ചപ്പോള്‍ ഒഴിവാക്കിയ നികുതികള്‍ തിരിച്ചുകൊണ്ടുവന്നതിനുപുറമെ, പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരുരൂപ എക്സൈസ് തീരുവയും ഏര്‍പ്പെടുത്തുകയാണ് ഇപ്പോള്‍. സമ്പന്ന വിഭാഗങ്ങളൊഴികെയുള്ള എല്ലാവരുടെയും ജീവിതത്തില്‍ കടുത്ത പ്രതിസന്ധിയാണ് ഇതു സൃഷ്ടിക്കുക. സബ്സിഡി സംവിധാനം പൊളിച്ചെഴുതണമെന്ന സാമ്പത്തിക സര്‍വേയിലെ നിര്‍ദേശം അക്ഷരംപ്രതി നടപ്പാക്കിക്കൊണ്ട്, ഭക്ഷ്യസബ്സിഡിയില്‍ 400 കോടിയിലേറെ രൂപയുടെ കുറവുവരുത്തിയിരിക്കുന്നു. നടപ്പുവര്‍ഷം ചെലവിട്ടതില്‍നിന്ന് മൂവായിരത്തിലേറെ കോടി രൂപ കുറച്ചാണ് വരുംവര്‍ഷത്തേക്ക് വളം സബ്സിഡിക്ക് നീക്കിവച്ചിട്ടുള്ളത്. റേഷന്‍കടകളിലൂടെ സബ്സിഡി നിരക്കില്‍ അവശ്യസാധനങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്നും അര്‍ഹരായവര്‍ക്ക് സബ്സിഡി തുകയുടെ കൂപ്പ നല്‍കിയാല്‍ മതിയെന്നുമുള്ള സാമ്പത്തികസര്‍വേയിലെ നിര്‍ദേശത്തിലേക്കുള്ള കൃത്യമായ ചവിട്ടുപടിയാണ് പ്രണബ് മുഖര്‍ജിയുടെ നിര്‍ദേശങ്ങള്‍. സിവില്‍സപ്ളൈസ് സംവിധാനത്തെയും റേഷന്‍കടകളെയും ഇല്ലാതാക്കി, പൊതുവിതരണ സമ്പ്രദായത്തില്‍നിന്ന് സര്‍ക്കാരിന്റെ പരിപൂര്‍ണ പിന്മാറ്റം യാഥാര്‍ഥ്യമാക്കുന്നതിലേക്കാണ് ഈദൃശ നീക്കങ്ങള്‍ എന്നതില്‍ സംശയത്തിനവകാശമില്ല. വിലക്കയറ്റം പിടിച്ചുനിര്‍ത്താനും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് ചുമതലയെന്ന് ഭീഷണിസ്വരത്തില്‍ ആവര്‍ത്തിച്ചു പറയാറുള്ള യുപിഎ നേതൃത്വം ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റത്തിലേക്കാണ് രാജ്യത്തെ നയിക്കുന്നത്. പ്രത്യക്ഷ നികുതിയിനത്തില്‍ 26,000 കോടി രൂപയുടെ വരുമാനം വരുംവര്‍ഷം കുറയുമെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. അതിനര്‍ഥം അത്രയും തുകയുടെ ആനുകൂല്യങ്ങള്‍ വന്‍ വരുമാനക്കാരായ സമ്പന്നര്‍ക്ക് ലഭിക്കുമെന്നാണ്. നടപ്പുവര്‍ഷം ഇത്തരത്തില്‍ കോര്‍പറേറ്റുകള്‍ക്ക് ലഭിച്ച സൌജന്യം 80,000 കോടിയിലേറെയാണ്. അതേസമയം, വരുംവര്‍ഷം 60,000 കോടിയുടെ പരോക്ഷനികുതി പിരിക്കാന്‍ ബജറ്റ് നിര്‍ദേശിക്കുന്നു. സമ്പന്നന് വാരിക്കോരി കൊടുക്കാന്‍ മടികാണിക്കാത്തവര്‍ സാധാരണ ജനങ്ങളെ പിഴിഞ്ഞ് ചോരയൂറ്റാന്‍ അമിതോത്സാഹമാണ് കാട്ടുന്നത്. ഗ്രാമീണ ജനതയെക്കുറിച്ച് ഭരണനേതൃത്വം ആവര്‍ത്തിച്ചു പ്രകടിപ്പിക്കാറുള്ള ആശങ്കയും താല്‍പ്പര്യവുമൊന്നും ബജറ്റില്‍ പ്രതിഫലിച്ചുകാണുന്നില്ല. കൃഷിയെ അവഗണിച്ചിരിക്കുന്നു. ജലസേചനത്തിന് പരിഗണനയില്ല. ഗ്രാമീണ ജനജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള മൂര്‍ത്തമായ ഒരു പദ്ധതിയും അവതരിപ്പിക്കുന്നില്ലെന്നതിനു പുറമെ, അതിലേക്കായി മുന്‍കാലങ്ങളില്‍ നീക്കിവച്ച വിഹിതത്തില്‍ കാലാനുസൃതമായ വര്‍ധന വരുത്തിയിട്ടുമില്ല. കഴിഞ്ഞ ബജറ്റില്‍ 25,000 കോടിയുടെ പൊതുമേഖലാ ഓഹരി വിറ്റ് കാശാക്കാനാണ് നിര്‍ദേശം വച്ചതെങ്കില്‍ ഇക്കുറി അത് 40,000 കോടി രൂപയുടേതാക്കി വര്‍ധിപ്പിച്ചിരിക്കുന്നു. ജനങ്ങളെ പിഴിഞ്ഞും പൊതുമുതല്‍ വിറ്റും പണമുണ്ടാക്കുന്നതാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റെ അജന്‍ഡ എന്ന് ഇതിലൂടെ കൂടുതല്‍ വ്യക്തമാകുന്നു. സാമ്പത്തികരംഗത്ത് കൂടുതല്‍ ഉദാരവല്‍ക്കരണത്തിലേക്കു പോകുന്നതിന്റെ ഭാഗമാണ് കൂടുതല്‍ സ്വകാര്യബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള നിര്‍ദേശം. പൊതുവെ സംസ്ഥാനങ്ങളോട് നീതികാട്ടാത്ത ബജറ്റ് കേരളത്തിന് കടുത്ത നിരാശയാണ് പ്രദാനംചെയ്യുന്നത്. കേന്ദ്ര പദ്ധതിച്ചെലവില്‍ 15 ശതമാനം വര്‍ധന വരുത്തുമ്പോള്‍ ആനുപാതികമായല്ലാതെ സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രസഹായം എട്ടുശതമാനത്തില്‍ ചുരുക്കിനിര്‍ത്തുന്നു. ആസിയന്‍ കരാര്‍ നടപ്പാക്കുമ്പോള്‍ കേരളത്തിനുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരമായി സംസ്ഥാനത്തിനുവേണ്ടി പ്രത്യേക പാക്കേജ് യുപിഎ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ആ പാക്കേജ് വിസ്മരിക്കപ്പെട്ടു. റേഷന്‍ സബ്സിഡി പുനഃസ്ഥാപിക്കില്ലെന്ന് ഈ ബജറ്റിലൂടെ യുപിഎ സര്‍ക്കാര്‍ ഉറപ്പിക്കുകയും ചെയ്തു. കൊച്ചി മെട്രോറെയില്‍പോലുള്ള പ്രത്യേക പദ്ധതികള്‍ പരിഗണിക്കപ്പെട്ടില്ല. യഥാര്‍ഥത്തില്‍ പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കൂടുതല്‍ സീറ്റ് നല്‍കിയതിലൂടെ കേരളം ശിക്ഷിക്കപ്പെടുകയാണ്. രണ്ടു ക്യാബിനറ്റ് മന്ത്രിമാരും നാലു സഹമന്ത്രിമാരുമുണ്ട് കേരളത്തില്‍നിന്ന് കേന്ദ്രത്തില്‍. ഇവര്‍ക്കൊന്നുംതന്നെ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ യുപിഎ നേതൃത്വത്തിനുമുന്നില്‍ അവതരിപ്പിക്കാനോ ശരിയായ നിലപാടെടുപ്പിക്കാനോ കഴിഞ്ഞില്ല. രാജ്യം പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍പ്പോലും ജനങ്ങള്‍ക്ക് ഒരിറ്റ് ആശ്വാസം നല്‍കാനോ ദുര്‍നയങ്ങളില്‍നിന്ന് വ്യതിചലിക്കാനോ തയ്യാറല്ല എന്നാണ് ബജറ്റിലൂടെ യുപിഎ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ജനദ്രോഹികളുടെ സര്‍ക്കാരാണ് എന്ന പ്രഖ്യാപനമാണ് പ്രണബ് മുഖര്‍ജിയുടെ പ്രസംഗത്തില്‍ തെളിഞ്ഞുനില്‍ക്കുന്നത്. സമ്പന്നര്‍ അതിസമ്പന്നരാവുകയും ദരിദ്രര്‍ പരമദരിദ്രരാവുകയും ചെയ്യുന്ന പ്രക്രിയക്കാണ് യുപിഎ ഗവമെന്റ് കാര്‍മികത്വം വഹിക്കുന്നത്. ഇത് പൊറുക്കപ്പെട്ടുകൂടാ. ബജറ്റിലെ ജനവിരുദ്ധ നിര്‍ദേശങ്ങള്‍ പിന്‍വലിപ്പിക്കാന്‍ പാര്‍ലമെന്റിനു പുറത്തും അതിശക്തമായ പോരാട്ടം നടക്കേണ്ടതുണ്ട്. അവഗണനയുടെ കയ്പുനീര്‍ കുടിക്കുന്ന കേരളം മാത്രമല്ല, വിലക്കയറ്റത്തിന്റെയും ഭക്ഷണ ദൌര്‍ലഭ്യത്തിന്റെയും അടക്കമുള്ള കെടുതികള്‍ അനുഭവിക്കുന്ന ജനങ്ങള്‍ രാജ്യവ്യാപകമായിത്തന്നെ പ്രക്ഷോഭത്തിന്റെ പാതയിലേക്ക് ഇറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Thursday, February 25, 2010

റെയില്‍വേ ബജറ്റ്: കേരളത്തിനു മുന്തിയ പരിഗണന

കേരളത്തിന് മുന്തിയ പരിഗണന

മാതൃഭൂമി മുഖപ്രസംഗം


റെയില്‍വേയുടെ ത്വരിതവികസനത്തിനും നവീകരണത്തിനും മുന്‍തൂക്കം നല്‍കി മന്ത്രി മമതാ ബാനര്‍ജി അവതരിപ്പിച്ച ബജറ്റില്‍ ഇത്തവണയും യാത്രക്കൂലിയോ ചരക്കുകൂലിയോ കൂട്ടിയിട്ടില്ലെന്നത് സാധാരണക്കാര്‍ക്ക് ആശ്വാസംപകരും. കേരളത്തിന് പുതുതായി എട്ടു തീവണ്ടികളാണ് ലഭിച്ചത്. ആറ് പുതിയ തീവണ്ടിപ്പാതകള്‍ക്ക് സര്‍വേ തുടങ്ങാനും പച്ചക്കൊടി കിട്ടി. പാലക്കാട് റെയില്‍വേ കോച്ച്ഫാക്ടറിയുടെ കാര്യത്തില്‍ അന്തിമാനുമതിയായതാണ് മറ്റൊരു പ്രധാനനേട്ടം. തിരുവനന്തപുരത്ത് കുടിവെള്ളപ്ലാന്റും അനുവദിച്ചു. എന്നാല്‍, ദക്ഷി ണ ചരക്ക്ഇടനാഴിയില്‍ കേരളത്തെ തഴഞ്ഞത് വലിയ ആഘാതമായി. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ കമ്മീഷന്‍ചെയ്യുന്നത് മുന്‍നിര്‍ത്തിയെങ്കിലും കേരളത്തിന് ചരക്ക്ഇടനാഴിയില്‍ പരിഗണന നല്‍കേണ്ടതായിരുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടതിനുശേഷം റെയില്‍വേയില്‍ കാര്യമായ വികസനമുണ്ടായില്ലെന്ന കുറ്റസമ്മതത്തോടുകൂടിയതാണ് മമതയുടെ ബജറ്റ്. 1950ല്‍ 53,596 റൂട്ട് കിലോമീറ്ററുണ്ടായിരുന്ന റെയില്‍പ്പാതയിപ്പോള്‍ 64,015 കിലോമീറ്ററായേ വര്‍ധിച്ചിട്ടുള്ളു. 60 വര്‍ഷത്തിനകം 10,419 കിലോമീറ്ററര്‍മാത്രം വര്‍ധന.
ഈ സ്ഥിതിക്ക് പരിഹാരം കാണാനായി 2020ഓടെ 25,000 കിലോമീറ്റര്‍ റെയില്‍പ്പാത വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിഷന്‍ 2020ന് രൂപംനല്‍കിയിരിക്കുന്നത്. ഒരു വര്‍ഷത്തിനകം 1000 കിലോമീറ്റര്‍ റെയില്‍പ്പാത നിര്‍മിക്കാനാണ് പദ്ധതി. അതനുസരിച്ച് പല പുതിയ പാതകള്‍ക്കും സര്‍വേ നടത്താന്‍ നിര്‍ദേശമായിട്ടുണ്ട്. മധുരയില്‍നിന്ന് കോട്ടയത്തേക്കും ദിണ്ഡിക്കലില്‍നിന്ന് കുമളിയിലേക്കും തലശ്ശേരിമൈസൂര്‍ റൂട്ടിലും സര്‍വേ നടത്തും. എരുമേലിപുനലൂര്‍തിരുവനന്തപുരം, ചെങ്ങന്നൂര്‍തിരുവനന്തപുരം, കോഴിക്കോട്മലപ്പുറംഅങ്ങാടിപ്പുറം റൂട്ടുകളിലും സര്‍വേ ആരംഭിക്കും. കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി എക്‌സ്​പ്രസ്സ് കേരളീയര്‍ക്ക് പൊതുവെ ഗുണം ചെയ്യും. മുംബൈഎറണാകുളം തുരന്തോ, തിരുവനന്തപുരം വഴിയുള്ള കന്യാകുമാരിഭോപ്പാല്‍ഭാരത് തീര്‍ഥ്, പുണെഎറണാകുളം സൂപ്പര്‍ഫാസ്റ്റ്, മംഗലാപുരംതിരുച്ചിറപ്പിള്ളി എന്നിവയ്ക്കു പുറമെ രണ്ട് പാസഞ്ചര്‍ വണ്ടികളും അനുവദിച്ചിട്ടുണ്ട്. എറണാകുളംകൊല്ലം മെമു സര്‍വീസ് പുതിയ തുടക്കമാവും. മംഗലാപുരംകണ്ണൂര്‍ പാസഞ്ചര്‍ കോഴിക്കോട്ടേക്കും തിരുവനന്തപുരംഎറണാകുളം ഇന്റര്‍സിറ്റി ഗുരുവായൂരിലേക്കും നീട്ടിയത് ആശ്വാസമായി. മംഗലാപുരംകൊച്ചുവേളി ഏറനാട് എക്‌സ്​പ്രസ് പ്രതിദിനമാക്കിയിട്ടുണ്ട്. സാമൂഹികസുരക്ഷയ്ക്ക് ബജറ്റില്‍ മുന്തിയ പ്രാധാന്യം നല്‍കിയിരിക്കുന്നു. റെയില്‍വേവികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോള്‍ ഒഴിപ്പിക്കപ്പെടുന്ന കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കാനുള്ള നിര്‍ദേശം സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുന്നതിന്റെ ഭാഗമാണ്.
റെയില്‍വേജീവനക്കാര്‍ക്ക് ഭവനപദ്ധതി ആരംഭിക്കാനുള്ള നീക്കം 14 ലക്ഷം പേര്‍ക്ക് ഗുണംചെയ്യും. ആളില്ലാത്ത 17,000 ലെവല്‍ക്രോസിങ്ങുകളില്‍ അഞ്ചു വര്‍ഷത്തിനകം ആളെ നിയമിക്കുമെന്ന പ്രഖ്യാപനം തൊഴിലവസരവും വര്‍ധിപ്പിക്കും. ചരക്ക്ഇടനാഴിക്ക് പിന്നാലെ യാത്രയ്ക്കായി സുവര്‍ണറെയില്‍ഇടനാഴി പണിയാനായി ദേശീയ ഹൈസ്​പീഡ് റെയില്‍ അതോറിറ്റി ആരംഭിക്കാനുള്ള നിര്‍ദേശം റെയില്‍വേയുടെ അടിസ്ഥാനസൗകര്യവികസനത്തിന് കാര്യമായി പ്രയോജനപ്പെടും. പാലക്കാടിനുപുറമെ റായ്ബറേലി, കാഞ്ചറപ്പാറ, സിംഗൂര്‍ എന്നിവിടങ്ങളിലും പുതിയ കോച്ച് ഫാക്ടറികള്‍ സ്ഥാപിക്കുന്നുണ്ട്. അഞ്ച് പുതിയ വാഗണ്‍ഫാക്ടറികള്‍, റെയില്‍ചക്രങ്ങള്‍ക്കായി ബാംഗ്ലൂരില്‍ ഡിസൈന്‍വികസന കേന്ദ്രം, 10 ഓട്ടോമൊബൈല്‍ആന്‍സിലറി ഹബുകള്‍, പുതിയ റെയില്‍ ആക്‌സില്‍ ഫാക്ടറി, ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുടെ വികസനം എന്നിവയും അടിസ്ഥാനസൗകര്യമേഖലയിലുള്ള മറ്റു നിര്‍ദേശങ്ങളാണ്. റെയില്‍വേയുടെ വികസനത്തിന് സ്വകാര്യപങ്കാളിത്തം നേടാനും നിക്ഷേപപദ്ധതികള്‍ക്ക് 100 ദിവസത്തിനകം അനുമതിനല്‍കാനുമുള്ള പ്രഖ്യാപനം വേഗത്തിലുള്ള വളര്‍ച്ചയ്ക്ക് സാഹചര്യമൊരു ക്കും. എന്നാല്‍, തീവണ്ടികളിലെ ടോയ്‌ലറ്റുകളുടെ ശുചിത്വംപോലുള്ള ചില അടിസ്ഥാനകാര്യങ്ങളില്‍ ബജറ്റ് മൗനമവലംബിക്കുകയാണ്. ജനപ്രിയനിര്‍ദേശങ്ങളുമായാണ് ഇത്തവണയും മമതയുടെ ബജറ്റ്. അവ നടപ്പാക്കുന്നതിനുള്ള ഇച്ഛാശക്തി ഉണ്ടാകുമോ എന്നതാണ് വ്യക്തമാവാനുള്ള കാര്യം.

റെയില്‍വേ ബജറ്റ്: യാത്രക്കാരോടു മമത; വികസനക്കുതിപ്പ്

യാത്രക്കാരോടു മമത; വികസനക്കുതിപ്പ്

തോമസ് ഡൊമിനിക്

മലയാള മനോരമ

വീണ്ടും ജനകീയവും ഭാവനാസമ്പന്നവുമായ റയില്‍വേ ബജറ്റ് അവതരിപ്പിച്ച യുപിഎ സര്‍ക്കാര്‍, യാത്രാനിരക്കു കൂട്ടാത്ത ബജറ്റ് എന്ന പാരമ്പര്യവും നിലനിര്‍ത്തി. ആദ്യ യുപിഎ സര്‍ക്കാരില്‍ റയില്‍വേ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവാണു നിരക്കുകൂട്ടാതെ വരുമാനം വര്‍ധിപ്പിക്കാനുള്ള തന്ത്രം തുടര്‍ച്ചയായി വിജയകരമായി പരീക്ഷിച്ചത്.

ഇത്തവണ ടിക്കറ്റ് നിരക്കു കൂട്ടാന്‍ മമതയ്ക്കു മേല്‍ സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍, നിരക്കു വര്‍ധിപ്പിക്കാതെ സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ പദ്ധതികള്‍ക്കു പണം കണ്ടെത്തുകയെന്ന ബദല്‍ മാര്‍ഗമാണു മമത സ്വീകരിച്ചത്. ഇ-ടിക്കറ്റുകള്‍ക്കുള്ള സേവനനികുതിയില്‍ ഇളവു നല്‍കും. സ്ലീപ്പര്‍ ക്ളാസില്‍ പരമാവധി നികുതി 10 രൂപയും ഉയര്‍ന്ന ക്ളാസുകളില്‍
20 രൂപയും.

സാധാരണക്കാരുടെ ഉപയോഗത്തിനു ഭക്ഷ്യധാന്യങ്ങളും മണ്ണെണ്ണയും കൊണ്ടുപോകാന്‍ വാഗണ്‍ ഒന്നിനു 100 രൂപയുടെ ഇളവ്, വിലക്കയറ്റം നേരിടുന്നതിനു റയില്‍വേയുടെ ഭാഗത്തു നിന്നുള്ള സംഭാവനയാണെന്നു ബജറ്റ് പ്രസംഗത്തില്‍ മമത പറഞ്ഞു.

ആളില്ലാത്ത 17,000 ലവല്‍ ക്രോസുകളുണ്ട്. ഇതില്‍ 3000 എണ്ണത്തില്‍ ഈ വര്‍ഷം കാവല്‍ക്കാരെ നിയോഗിക്കും, അടുത്ത വര്‍ഷം ആയിരമെണ്ണത്തിലും. അഞ്ചുവര്‍ഷത്തിനകം രാജ്യത്തെ എല്ലാ ലവല്‍ ക്രോസുകളിലും കാവല്‍ക്കാരെ നിയമിക്കും.
റയില്‍വേയില്‍ വന്‍തോതില്‍ സ്വകാര്യവല്‍ക്കരണത്തിന്റെ അവസരം തുറക്കുന്ന ബജറ്റാണു മമത കൊണ്ടുവന്നിരിക്കുന്നത്. ഒപ്പം അടിസ്ഥാന സൌകര്യ വികസനത്തിന് ഊന്നല്‍നല്‍കുന്നതും. ഇവ രണ്ടും എത്രത്തോളം പ്രായോഗികമാകും എന്നു കണ്ടറിയണം. കാരണം, മമതയുടെ ആദ്യ ബജറ്റില്‍ പറഞ്ഞ പല പദ്ധതികളും ഇനിയും തുടങ്ങിയിട്ടില്ല.

പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ സമഗ്രവികസനം എന്ന നയത്തിന്റെ പ്രതിഫലനം മമതയുടെ ബജറ്റിലുണ്ട്. ഇതു നാളെ പ്രണബ് മുഖര്‍ജിയുടെ കേന്ദ്ര ബജറ്റിലും കണ്ടാല്‍ അദ്ഭുതമില്ല. റയില്‍വേയുടെ വ്യാപാര വശം മാത്രം നോക്കാതെ സാമൂഹികവശം കൂടി നോക്കി മമത പല പദ്ധതികളും സൌജന്യങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.

യാത്രാനിരക്കും ചരക്കുകൂലിയും കൂട്ടാതിരുന്നതും ടിക്കറ്റുകള്‍ തപാല്‍ ഒാഫിസ് വഴി നല്‍കുന്നതും 25 രൂപയ്ക്കു സീസണ്‍ ടിക്കറ്റ് നല്‍കുന്നതും റയില്‍ പദ്ധതിക്കു സ്ഥലം ഏറ്റെടുക്കുന്ന കുടുംബത്തിലെ ഒരാള്‍ക്കു ജോലി നല്‍കുന്നതും ജീവനക്കാര്‍ക്കെല്ലാം പത്തുവര്‍ഷത്തിനുള്ളില്‍ വീട് ഉറപ്പാക്കുന്നതും അര്‍ബുദ രോഗികള്‍ക്കു സൌജന്യയാത്ര നല്‍കുന്നതുമെല്ലാം സമഗ്രവികസനത്തിന്റെ കീഴില്‍ വരും.

റയില്‍വേ വികസനത്തില്‍ സ്വകാര്യമേഖലയുടെ പങ്ക് ഇപ്പോള്‍ വളരെ കുറവാണ് - ആകെ പദ്ധതികളുടെ രണ്ടു ശതമാനമേയുള്ളൂ. ഇത് 20 ശതമാനമെങ്കിലുമായി ഉയര്‍ത്താനാണു മമത ആഗ്രഹിക്കുന്നത്. ആസൂത്രണക്കമ്മിഷനും ഇതു പ്രോത്സാഹിപ്പിക്കുന്നുണ്ട്. വാഗണുകള്‍, കോച്ച് നിര്‍മാണം, സിഗ്നലിങ്, സുരക്ഷാ സംവിധാനം എന്നിങ്ങനെ സ്വകാര്യ മേഖലയ്ക്കു പങ്കുചേരാവുന്ന ഒട്ടേറെ മേഖലകള്‍ റയില്‍വേയിലുണ്ട്. ഭരണപരവും നടപടിക്രമവും അടക്കമുള്ള എല്ലാ തടസ്സങ്ങളും നീക്കി സ്വകാര്യമേഖലയെ സ്വാഗതം ചെയ്യുമെന്നാണു മമത ഉറപ്പുനല്‍കുന്നത്. പിപിപി (പബ്ളിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്), സംയുക്തസംരംഭം എന്നീ നിലകളില്‍ സമര്‍പ്പിക്കപ്പെടുന്ന ഏതു പദ്ധതിക്കും 100 ദിവസത്തിനുള്ളില്‍ അനുമതി നല്‍കുമെന്നാണു മമത പറയുന്നത്.

ലാലു പ്രസാദ് യാദവിന്റെ കാലത്തു റയില്‍വേ വന്‍ ലാഭം ഉണ്ടാക്കുന്നതായി കാണിച്ചിരുന്നുവെങ്കിലും പുതിയ ലൈനുകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള പല അടിസ്ഥാന വികസന പദ്ധതികളും നടപ്പാക്കിയിരുന്നില്ല. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ആകെ 810 കിലോമീറ്റര്‍ ലൈന്‍ മാത്രമാണു പണിതത്. ആ സ്ഥാനത്തു വരുന്ന ഒരൊറ്റ വര്‍ഷം 1000 കിലോമീറ്റര്‍ ലൈന്‍ പണിയാനുള്ള പദ്ധതിയാണു മമത തയാറാക്കിയിരിക്കുന്നത്.

റെയില്‍വേ ബഡ്ജറ്റ് -വഞ്ചന

വഞ്ചന

എം പ്രശാന്ത്

ദേശാഭിമാനി

ന്യൂഡല്‍ഹി: റെയില്‍ ബജറ്റില്‍ കേരളത്തിനും ഇക്കുറിയും കടുത്ത അവഗണന. പാലക്കാട് കോച്ച് ഫാക്റിയുടെ പ്രഖ്യാപനം ആവര്‍ത്തിച്ചപ്പോള്‍ തുകയൊന്നും വകയിരുത്തിയില്ല. അനുവദിച്ച മൂന്ന് പുതിയ വണ്ടികളില്‍ എടുത്തുപറയാവുന്നത് കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി മാത്രം. പാളമില്ലാത്തതുകൊണ്ടാണ് പുതിയ വണ്ടി ഇല്ലാത്തതെന്ന് വാദിക്കുന്ന റെയില്‍വെ, കേരളത്തില്‍ പാത ഇരട്ടിപ്പിക്കലിന് നീക്കിവച്ചത് 102 കോടി രൂപ മാത്രം. 800 കി. മീറ്റര്‍ പാത ഇരട്ടിപ്പിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് കിട്ടിയത് 5 കി. മീറ്റര്‍ (എറണാകുളം-കുമ്പളം). നീക്കിവച്ചത് 102 കോടി രൂപ. തിരുവനന്തപുരം കേന്ദ്രമായി റെയില്‍വെ സോ; ഹ്രസ്വദൂര സര്‍വീസുകള്‍; മുംബൈ, ഡല്‍ഹി, ചെന്നൈ, ബംഗ്ളൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നീ വന്‍നഗരങ്ങളിലേക്ക് പുതിയ വണ്ടികള്‍ വേണമെന്ന ആവശ്യവും നിരാകരിച്ചു. രാജ്യത്ത് 5 പുതിയ വാഗ ഫാക്ടറികള്‍ പ്രഖ്യാപിച്ചപ്പോള്‍ മൂന്നുവര്‍ഷം മുമ്പ് കേരളത്തിന് അനുവദിച്ച ചേര്‍ത്തല വാഗ ഫാക്ടറിയെപ്പറ്റി പരാമര്‍ശം പോലുമില്ല. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച നാലു പുതിയ വണ്ടികളില്‍ രണ്ടെണ്ണം (എറണാകളും-ഡല്‍ഹി തുരന്തോ, ഹാപ്പ-എറണാകുളം) ഇനിയും തുടങ്ങിയിട്ടില്ല. കൊല്ലം-എറണാകുളം റൂട്ടില്‍ ഹ്രസ്വദൂര ഇലക്ട്രിക് ട്രെയിന്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിന് പണം നീക്കിവെച്ചിട്ടില്ല. അതിനാല്‍ പദ്ധതി എന്നുവരുമെന്ന് നിശ്ചയമില്ല.

ഇന്നസെന്റു ചേട്ടാ അത്രയ്ക്കങ്ങോട്ട് വേണോ?

ഇന്നസെന്റ് ഒരു നല്ല നടനാണ്. അത് അദ്ദേഹം തെളിയിച്ചിട്ടുണ്ട്‌. അതുകൊണ്ട് അദ്ദേഹത്തെ ഇഷ്ടവുമാണ്. പക്ഷെ അദ്ദേഹം ഒരു നല്ല വിവരദോഷിയും കൂടിയാണെന്ന സത്യം താഴെ പറയുന്ന പ്രസ്താവനയിലൂടെ അദ്ദേഹം തെളിയിക്കരുതായിരുന്നു. അതിൽ ഈയുള്ളവന് തീരെ ഇഷ്ടപ്പെടാതിരുന്ന വാചകം ഇവിടെ കോട്ട് ചെയ്യുന്നു “പലതവണ ദേശീയ അവാര്‍ഡുകള്‍ നേടിയ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലുള്ള സമൂഹത്തിലെ ഉന്നതന്മാരെ ആക്രമിക്കാന്‍ നടക്കുകയാണ് അഴീക്കോട്. ദേശീയ വാർഡ് കിട്ടുന്നത് കഴിവു തന്നെ പക്ഷെ അതുകൊണ്ട് അവരെ ഏറ്റവും ഉന്നതരായി കണ്ട് ആദരിച്ചുകൊള്ളണമെന്ന് സുകുമാർ അഴീക്കോടിനെ പോലെ സർവ്വാദരണീയനായ ഒരാളോട് ഇന്നസെന്റ് ആവശ്യപ്പെട്ടത് അല്പം കടുത്തു പോയി. കേരളീയ സമൂഹത്തിൽ ബഹുഭൂരിപക്ഷവും സൂപ്പർ സ്റ്റാറുകളേക്കാൾ ആദരിക്കുന്നത് സുകുമാർ അഴീക്കോടിനെ പോലുള്ളവരെയാനെന്ന് മനസ്സിലാക്കാനുള്ള സാമാന്യ വിവരം ഇന്നസെന്റിൽനില്ലെന്ന് അദ്ദേഹം വരുത്തി തീർത്തെങ്കിലും നാം അതു വിശ്വസിക്കാൻ ആഗ്രഹിക്കുന്നില്ല. സുപ്പർ സ്റ്റാറുകളെ ( എക്സ് ഓർ വൈ) ദൈവമായി കണ്ട് ആരാധിക്കാൻ ഫാൻസ് അസോസിയേഷൻ കൊണ്ട് വരുമാനമുള്ളവർ തയ്യാറായേക്കും. മറ്റുള്ളവർക്ക് അതിന്റെ കാര്യമില്ല. നിങ്ങൾ തിലകനെ തള്ളുകയോ കൊള്ളുകയോ ചെയ്യുക. ജനങ്ങൾ തെരഞ്ഞെടുക്കുന്ന ഭരണാധികാരികളും രാഷ്ട്രീയത്തിൽ ഉയർന്ന ശ്രേണികളിൽ ഇരിക്കുന്നവരും പോലും ആദരിക്കുന്ന അഴീക്കോട് മാസ്റ്ററിനെ തരം താഴ്ത്തി സംസാരിക്കുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ അല്പം അഹങ്കാരമാണ്........ പ്ലീസ് ഇന്നസെന്റ് നിങ്ങളെയൊക്കെ നടന്മാരെന്ന നിലയ്ക്ക് ഇഷ്ടപ്പെടുന്ന നമ്മളെ ക്കൊണ്ട് ഇങ്ങനെ അതുമിതും പറയിക്കാതിരിക്കൂ‍......
നിങ്ങൾക്കു തിലകനെ വേണ്ടെങ്കിൽ വേണ്ട. പക്ഷെ ഇന്നു ഞാൻ നാളെ നീ എന്നാണ്!

ഇനി ഇന്നസെന്റിന്റെ പ്രസ്താവന ദേശാഭിമാനിയിൽ കണ്ടത് താഴെ വായിക്കുക!

അഴീക്കോട് അമ്മയുടെ പ്രശ്നത്തില്‍ ഇടപെടേണ്ട: ഇന്നസെന്റ്


കോഴിക്കോട്: 'അമ്മ'യുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ സുകുമാര്‍ അഴീക്കോട് ഇടപെടേണ്ടെന്നും അദ്ദേഹം നല്ല സിനിമകള്‍ കണ്ട് നല്ല ചിന്തകളുമായി നാമം ജപിച്ച് വീട്ടിലിരിയ്ക്കട്ടെയെന്നും 'അമ്മ' പ്രിസഡന്റ് ഇന്നസെന്റ്. പ്രസ് ക്ളബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മയുടെ അംഗങ്ങള്‍ തമ്മില്‍ പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്നമേ തിലകനുമായി ഉള്ളൂ. നേരാംവണ്ണം സിനിമ പോലും കാണാത്ത അഴീക്കോടിന് 'അമ്മ'യുടെ പ്രശ്നത്തില്‍ ഇടപെടാന്‍ എന്താണ് യോഗ്യത. മധ്യസ്ഥത്തിന് ആള് വേണോ എന്ന് വിളിച്ച് ചോദിച്ച് നടക്കുകയാണ് അദ്ദേഹം. പലതവണ ദേശീയ അവാര്‍ഡുകള്‍ നേടിയ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലുള്ള സമൂഹത്തിലെ ഉന്നതന്മാരെ ആക്രമിക്കാന്‍ നടക്കുകയാണ് അഴീക്കോട്. ഇവരെ കോമാളികളായി ചിത്രീകിരിക്കുന്നത് മോശമാണ്. പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്നത് മോഹന്‍ലാലിനെപ്പോലുള്ളവരുടെ തൊഴിലിന്റെ ഭാഗമാണ്. അഴീക്കോടിനെ ജ്വല്ലറിയുടെ പരസ്യത്തില്‍ അഭിനയിപ്പിച്ചാല്‍ സ്വര്‍ണം വാങ്ങുന്നവര്‍ തിരികെ ഏല്‍പ്പിക്കുന്ന സ്ഥിതിയാണുണ്ടാവുക. പ്രസംഗിക്കാന്‍ പോവുന്നതും പരസ്യത്തില്‍ അഭിനയിക്കുന്നതിന് തുല്യമാണ്. മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാനാണ് ആരോപണങ്ങളുമായി അദ്ദേഹം ഇറങ്ങുന്നത്. പട്ടിണി കിടന്നയാള്‍ക്ക് ചക്കക്കൂട്ടാന്‍ കിട്ടിയപോലെയാണ് അഴീക്കോട് ഇപ്പോള്‍ പെരുമാറുന്നത്. അതുകൊണ്ടാണ് എവിടെച്ചെന്നാലും ഇപ്പോള്‍ തിലകന്റെ വിഷയം ആവര്‍ത്തിക്കുന്നത്. താന്‍ എഴുതിയ പുസ്തകങ്ങളുടെ എണ്ണം വിളിച്ചു പറഞ്ഞ് നടക്കേണ്ട ഗതികേടിലാണ് അദ്ദേഹം. എന്നാല്‍ നല്ല നാല് സിനിമയില്‍ അഭിനയിച്ചാല്‍ നടന്മാര്‍ എല്ലാ കാലത്തും ഓര്‍മിക്കപ്പെടും. തിലകന്‍ ഉന്നയിച്ചിരിക്കുന്ന തര്‍ക്കങ്ങള്‍ 'അമ്മ'യ്ക്കുള്ളില്‍ തങ്ങള്‍ തീര്‍ക്കും. എം കെ സാനുവും ടി പത്മനാഭനുമൊക്കെയായുള്ള പ്രശ്നങ്ങള്‍ തീര്‍ത്തതിനു ശേഷം അഴീക്കോട് മറ്റ് പ്രശ്നങ്ങളില്‍ ഇടപെട്ടാല്‍ മതി. അദ്ദേഹം ഉപയോഗിക്കുന്ന ഭാഷ വളരെ മോശമാണ്. മധ്യസ്ഥത പറയാനുള്ള മാനസിക പക്വത അദ്ദേഹത്തിന് കൈവന്നിട്ടില്ല. അമ്മയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നമായി അഴീക്കോട് മാറിയിട്ടുണ്ട്. തിലകനെ 'അമ്മ' വിലക്കിയിട്ടില്ല. അദ്ദേഹത്തിന് നിരോധനം ഏര്‍പ്പെടുത്തിയ കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. പരാതികളുണ്ടെങ്കില്‍ സംഘടനയ്ക്കുള്ളിലാണ് പറയേണ്ടിയിരുന്നത്. അത് മാധ്യമങ്ങളോട് പറഞ്ഞതാണ് ചെയ്ത തെറ്റ്. ഏത് നിമിഷവും സഹകരിക്കുന്ന സിനിമയില്‍നിന്ന് നടനെ നിര്‍മാതാവിന് പിരിച്ചുവിടാമെന്ന് അമ്മയുടെ ഭരണഘടയില്‍ വകുപ്പുണ്ട്. ഈ സാഹചര്യത്തില്‍ തിലകനെ ഒരു സിനിമയില്‍ വിലക്കിയതിന് എതിര്‍പ്പ് പറയാനാവില്ല. തിലകനൊപ്പം അഭിനയിക്കാന്‍ 'അമ്മ' അംഗങ്ങള്‍ തയ്യാറാണ്. സര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. ആദ്യം തിലകന്റെ മറുപടി ലഭിയ്ക്കണം. മാര്‍ച്ച് ഒന്നിന് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. അന്ന് പ്രശ്ം തീരുന്ന കാര്യത്തില്‍ ഉറപ്പ് പറയാനാവില്ല. തിലകനിലെ നടനെ തങ്ങള്‍ ബഹുമാനിക്കുന്നു. എന്നാല്‍ അതിനപ്പുറമുള്ള ചില കാര്യങ്ങളാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്നും ഇന്നസെന്റ് പറഞ്ഞു.

Tuesday, February 16, 2010

മൂന്നാര്‍ ടാറ്റയുടെ സ്വന്തം സാമ്രാജ്യമോ?

ദേശാഭിമാനിയും ചിന്തയും മറ്റും വായിക്കാത്തവർക്കും, അതു കാണുമ്പോൾ തന്നെ തലചുറ്റുന്നവർക്കും വേണ്ടിയാണ് (അവർ വായിച്ചാലും ഇല്ലെങ്കിലും) അവയിലെ ചില ലേഖനങ്ങളും വാർത്തകളും മറ്റും ഇവിടെ പോസ്റ്റ് ചെയ്യുന്നത്. 2010 ഫെബ്രുവരി 19 തീയതി വച്ച് ഇറങ്ങിയ ചിന്താ വാരികയിലെ ഒരു ലേഖനമാണ് ഇപ്പൊൾ ഇവിടെ പോസ്റ്റു ചെയ്യുന്നത്.

ചിന്തയില്‍ നിന്ന് :

മൂന്നാര്‍ ടാറ്റയുടെ സ്വന്തം സാമ്രാജ്യമോ?

ജി വിജയകുമാര്‍


നല്ലതണ്ണി ആറും മാട്ടുപ്പെട്ടി ആറും കന്നിയാറും ഒന്നിച്ചുചേരുന്ന സംഗമസ്ഥാനമാണ് മൂന്നാര്‍ പട്ടണം. ആ സംഗമസ്ഥാനത്തിന് തൊട്ടടുത്തായി മൂന്ന് കുന്നുകളില്‍ മൂന്ന് മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍-ടാറ്റാ ടീ കമ്പനി 'ഗിഫ്ട'ായി നല്‍കിയ ഭൂമിയിലാണ് അമ്പലവും പള്ളിയും മോസ്ക്കും. സംഗമസ്ഥാനത്തിന് തൊട്ടുമുകളിലായി നല്ലതണ്ണി ആറിന്റെ തീരത്താണ് മൂന്നാറിലെ മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്നത്. പച്ചക്കറിയും മത്സ്യവും മറ്റും വില്‍ക്കുന്ന അടച്ചുപൂട്ടിയ മാര്‍ക്കറ്റ്. ഇതിന്റെ പ്രവര്‍ത്തനസമയം രാവിലെ 9 മണിമുതല്‍ രാത്രി 8 മണിവരെ. ആഴ്ചയില്‍ ഒരു ദിവസം ചരക്ക് ഇറക്കുന്നതിനായി ഈ സമയക്രമത്തില്‍ കുറച്ച് ഇളവ് അനുവദിക്കും. നിശ്ചിത സമയം ആകുമ്പോള്‍ ചന്തയുടെ സൂക്ഷിപ്പുകാര്‍ കച്ചവടക്കാരെയെല്ലാം പുറത്താക്കി ചന്ത അടച്ചുപൂട്ടും. പ്രവേശന കവാടത്തില്‍തന്നെ 'ചീ ഋിൃ്യഠഅഠഅ ഠലമ ഇീാുമ്യി'എന്ന ബോര്‍ഡ് കാണാം. അതേ, ഒരുപക്ഷേ ഇന്ത്യയിലെതന്നെ ഏക സ്വകാര്യചന്തയാണ് മൂന്നാറിലേത്. 'ഉടമസ്ഥാവകാശം' ടാറ്റാ ടീ കമ്പനിക്ക്. ചന്തയുടെ പ്രവേശന കവാടത്തിന് തൊട്ടടുത്തായി മൂകസാക്ഷിയെപ്പോലെ പൊലീസ് ഔട്ട്പോസ്റ്റും. അതും ടാറ്റയുടെ 'ഗിഫ്റ്റ്' തന്നെ.

മാരിയപ്പനും മുത്തുവേലുവും പളനിസാമിയുമെല്ലാം ഈ ചന്തയില്‍ വര്‍ഷങ്ങളായി പച്ചക്കറി കച്ചവടം ചെയ്യുന്നവരാണ്. ഏകദേശം ഒരേക്കറോളം വരുന്ന സ്ഥലത്തുള്ള ഈ ചന്തയില്‍ അഞ്ഞൂറോളം ചെറു കച്ചവട സ്ഥാപനങ്ങളാണ് ഞെങ്ങിഞെരുങ്ങി കഴിയുന്നത്. ചന്തയില്‍ നിന്നുള്ള വേസ്റ്റുകള്‍ മൊത്തം നല്ലതണ്ണി ആറിലേക്കാണ് ഒഴുക്കിവിടുന്നത്. അങ്ങനെ ജലമലിനീകരണവും നടക്കുന്നു. മേല്‍ക്കൂരയായുള്ള പോളിത്തീന്‍ ഷീറ്റ് കാറ്റത്ത് ഇളകിപ്പോയാല്‍ യഥാസ്ഥാനത്ത് സ്ഥാപിക്കണമെങ്കില്‍, എന്തിന് വില്‍പനയ്ക്കുള്ള എന്തെങ്കിലും സാധനം തൂക്കിയിടാന്‍ ഒരാണി അടിക്കണമെങ്കില്‍ ടാറ്റാ ടീ കമ്പനിയുടെ അനുവാദം വേണം. ഇല്ലാതെ എന്തുചെയ്താലും മണിക്കൂറുകള്‍ക്കകം കമ്പനി പൊളിച്ചുമാറ്റും. തങ്ങള്‍ നടപ്പാക്കുന്ന 'നിയമം' തെറ്റിക്കുന്നവരെ കമ്പനി അവിടെ വച്ചുപൊറുപ്പിക്കില്ല. കൈയോടെ അടിച്ചുപുറത്താക്കും. ഇതാണ് കമ്പനിയുടെ അലംഘനീയമായ രീതികള്‍. ആഴ്ചതോറും കരം കമ്പനിക്കു നല്‍കണം. കമ്പനിക്ക് 'നിയമം' നടപ്പാക്കാന്‍ പൊലീസിന്റെയോ സര്‍ക്കാരിന്റെയോ ഒന്നും സഹായം ആവശ്യമില്ല. 'സെക്യൂരിറ്റി' എന്ന പേരില്‍ കമ്പനി പോറ്റിവളര്‍ത്തുന്ന ഗുണ്ടാപ്പടയുണ്ട്.

കരംപിരിക്കാനും സ്വന്തം 'നിയമം' നടപ്പാക്കാനും കേരളത്തില്‍, അല്ലെങ്കില്‍ ഇന്ത്യാരാജ്യത്ത് ഇന്ന് നിലവിലുള്ള ഏതെങ്കിലും നിയമം ടാറ്റയെ അനുവദിക്കുന്നുണ്ടോ? ഇല്ല എന്നതാണ് സത്യം. നിയമാനുസൃതം മൂന്നാര്‍ ടൌണ്‍ഷിപ്പിലെ ഭൂമിക്കുമേല്‍ കമ്പനിക്ക് എന്തെങ്കിലും അവകാശമുണ്ടോ? അതും ഇല്ല. സര്‍ക്കാര്‍ ഭൂമി അനധികൃതമായും നിയമവിരുദ്ധമായും കൈവശപ്പെടുത്തിയാണ് ടാറ്റ മൂന്നാറില്‍ സ്വന്തം സാമ്രാജ്യം സ്ഥാപിച്ചിരിക്കുന്നത്. മൂന്നാര്‍ പച്ചക്കറി-മത്സ്യ മാര്‍ക്കറ്റിനുനേരെ എതിര്‍വശത്ത് കാണുന്ന കച്ചവട സ്ഥാപനങ്ങള്‍ എല്ലാം ടാറ്റ പല കാലങ്ങളിലായി വിറ്റവയാണ്; ഇപ്പോഴും വാടകക്കാരായി കഴിയുന്നവരുമുണ്ട്. എന്നാല്‍ അവയില്‍ ഏതിലെങ്കിലും എന്തെങ്കിലും പുതുക്കിപ്പണിയലോ മാറ്റമോ വരുത്തിയാല്‍ കമ്പനി അധികൃതര്‍ അത് തടയും എന്നാണ് സ്ഥലത്തെ വ്യാപാരികള്‍ പറയുന്നത്.

മൂന്നാര്‍ പട്ടണത്തില്‍ ടാറ്റയുടെ ആധിപത്യത്തിന്റെ രുചി മൂന്നാര്‍ പഞ്ചായത്തിനും അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് സത്രത്തിനു സമീപം പഞ്ചായത്ത് ഒരു മൂത്രപ്പുര കെട്ടുന്നതിന് നടപടി സ്വീകരിച്ചപ്പോള്‍ കമ്പനി അധികൃതര്‍ അത് തടയുകയുണ്ടായി. മൂന്നാര്‍ പോസ്റ്റാഫീസ് സ്ഥിതിചെയ്യുന്ന സ്ഥലം, യഥാര്‍ത്ഥത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമായ സ്ഥലം, ടാറ്റാ ടീ കമ്പനിയില്‍നിന്ന് ഇന്ത്യാ ഗവണ്‍മെന്റ് ഇന്ത്യന്‍ പ്രസിഡന്റിന്റെ പേരില്‍ വിലയ്ക്കുവാങ്ങുകയാണുണ്ടായത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ടാറ്റയില്‍നിന്ന് ഭൂമി വിലയ്ക്കോ 'ദാന'മായോ വാങ്ങിയാല്‍ മാത്രമേ പറ്റൂ. മൂന്നാറിലെ ലിറ്റില്‍ഫ്ളവര്‍ ഗേള്‍സ് ഹൈസ്കൂളിന് സ്ഥലം നല്‍കിയത് കമ്പനിയാണ്-1957ല്‍. 2007ല്‍ സ്കൂളിന്റെ സുവര്‍ണജൂബിലി സ്മാരകമായി പിടിഎ ഒരു ഗേറ്റ് പണിതു-കമ്പനിയുടെ അനുവാദത്തോടെതന്നെ. ഇപ്പോള്‍ സ്കൂള്‍ പിടിഎ പ്രതിവര്‍ഷം കമ്പനിക്ക് 120 രൂപ ഗേറ്റിനുവേണ്ടി പാട്ടം നല്‍കണം.

ഇങ്ങനെ മൂന്നാര്‍ പട്ടണത്തില്‍ ആധിപത്യം സ്ഥാപിച്ച് തിരുവായ്ക്ക് എതിര്‍വായ് ഇല്ലാതെ സമാന്തര സാമ്രാജ്യമായി വാഴുന്ന ടാറ്റാ കമ്പനി ഏറ്റവും ഒടുവില്‍ പൊതുസമൂഹത്തോടും രാജ്യത്തെ നിയമവാഴ്ചയോടും നടത്തിയ വെല്ലുവിളിയാണ് ചിറ്റുവരൈ എസ്റ്റേറ്റിലും ലക്ഷ്മി എസ്റ്റേറ്റിലും രണ്ട് തടയണകള്‍ കെട്ടിയത്. ആദിവാസികളുടെയും കാട്ടാനകളുടെയും വഴിതടഞ്ഞ് വൈദ്യുത മുള്ളുവേലി കെട്ടിയത് മറ്റൊരു നിയമലംഘനമാണ്. നമ്മുടെ നാട്ടില്‍ നിലവിലുള്ള നിയമപ്രകാരം സ്വന്തം ഭൂമിയില്‍ ഒരു മതില്‍കെട്ടണമെങ്കില്‍പോലും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍നിന്ന് അനുമതി വാങ്ങേണ്ടതാണ്. ഈ സ്ഥലങ്ങള്‍ ടാറ്റയുടെ സ്വന്തം ഭൂമിയാണെന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാല്‍പോലും ഏകദേശം രണ്ടുകോടിയില്‍ അധികം രൂപ മുടക്കി നടത്തിയ ഈ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഇവ സ്ഥിതിചെയ്യുന്ന മൂന്നാര്‍ പഞ്ചായത്തില്‍നിന്ന് അനുമതിവാങ്ങിയിട്ടില്ല. അതിനെക്കാള്‍ ഗുരുതരമായ സംഗതി, ഇവിടെ ഒരു സാധാരണ നിര്‍മ്മാണ പ്രവര്‍ത്തനമല്ല, നദിയുടെ സ്വാഭാവികമായ പ്രവാഹത്തെ തടഞ്ഞുകൊണ്ട് ഡാമുകള്‍ നിര്‍മ്മിക്കുകയാണ് ചെയ്തത്. നിയമപ്രകാരം ഇതിനുള്ള അധികാരം സംസ്ഥാന ജലവിഭവവകുപ്പില്‍ നിക്ഷിപ്തവുമാണ്. അതിനര്‍ത്ഥം ഒരു സ്വകാര്യവ്യക്തിക്കോ കമ്പനിക്കോ ഇത്തരം ഡാമുകള്‍ നിര്‍മ്മിക്കാന്‍ അവകാശം ഇല്ല എന്നാണ്. സംസ്ഥാന സര്‍ക്കാര്‍തന്നെ അത്തരം ഒന്ന് നിര്‍മ്മിക്കുന്നത് പാരിസ്ഥിതികവും മറ്റുമായ ഒട്ടേറെ പഠനങ്ങള്‍ക്കുശേഷമാണ്. ഇവിടെ അതൊന്നും കൂടാതെയാണ്, സര്‍ക്കാരിന്റെ അറിവോ സമ്മതമോപോലും ഇല്ലാതെ രണ്ട് ചെക്ക് ഡാമുകള്‍ നിര്‍മ്മിച്ചത്. ലക്ഷ്മി എസ്റ്റേറ്റിലാകട്ടെ എസ്റ്റേറ്റും കഴിഞ്ഞ് ഒരു കിലോമീറ്ററില്‍ അധികം വനത്തിന് ഉള്ളിലേക്ക് കടന്നാണ് കാട്ടിനുള്ളിലെ ജലസ്രോതസ്സുകളുടെ സ്വാഭാവിക നീരൊഴുക്കിനെ തടഞ്ഞുകൊണ്ട് ഡാം നിര്‍മ്മിച്ചിരിക്കുന്നത്. ഈ പ്രദേശത്ത് തേയിലകൃഷിചെയ്യാന്‍ മാത്രം ഭൂമി പാട്ടത്തിനെടുത്ത കമ്പനിയാണ് എല്ലാ നിയമ വ്യവസ്ഥകളെയും വെല്ലുവിളിച്ചുകൊണ്ട് വലിയ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കത്തക്കവിധം രണ്ടിടത്ത് തടയണ നിര്‍മ്മിച്ചത്.

കമ്പനി അതിന് നല്‍കുന്ന ന്യായീകരണങ്ങളാണ് ഏറെ വിചിത്രം. ചിറ്റുവരൈ എസ്റ്റേറ്റില്‍ തടയണ 70 വര്‍ഷമായി നിലവിലുണ്ടായിരുന്നുവെന്നും അത് പുതുക്കിപ്പണിയുക മാത്രമാണ് ചെയ്തതെന്നുമാണ് ഒരു വാദം. പുതുക്കിപ്പണിയണമെങ്കിലും സര്‍ക്കാരിന്റെ അനുമതിവേണമെന്ന നിയമവ്യവസ്ഥ ടാറ്റയ്ക്ക് അറിയാത്തതല്ല; അതൊന്നും തങ്ങള്‍ക്ക് ബാധകമല്ല, അതംഗീകരിക്കുകയുമില്ല എന്ന ധാര്‍ഷ്ട്യമാണ് അവര്‍ പ്രകടിപ്പിക്കുന്നത് എന്നതാണ് ശ്രദ്ധിക്കപ്പെടേണ്ടത്. (മൂന്നാര്‍ മാര്‍ക്കറ്റിലെ പച്ചക്കറി കച്ചവടക്കാരന് ഒരാണി അടിക്കണമെങ്കില്‍ കമ്പനിയില്‍നിന്ന് അനുവാദം വാങ്ങണമെന്നാണ് അലിഖിത നിയമം എന്നതും ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാണ്.) പണ്ട് ഏതോ കാലത്ത് ആ സ്ഥലത്തിനടുത്ത് ഒരു നിര്‍മ്മിതി ഉണ്ടായിരുന്നു എന്നത് ശരി. അത് വളരെക്കാലം മുമ്പുതന്നെ പൊളിഞ്ഞുപോയിരുന്നു എന്ന് മാത്രമല്ല അതിനും ഏകദേശം ഒന്ന് ഒന്നരമീറ്റര്‍ മുകളിലായാണ് ഇപ്പോള്‍ മുപ്പതടിയോളം ഉയരത്തില്‍ പുതിയ ഡാം കെട്ടിയിരിക്കുന്നത് എന്ന് അവിടം സന്ദര്‍ശിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. (കമ്പനിയുടെ 'സുരക്ഷാഗാര്‍ഡു'കളുടെ ചോദ്യംചെയ്യലും അനുമതിയും ഇല്ലാതെ അവിടേക്ക് കടക്കാന്‍ പറ്റില്ല എന്നത് മറ്റൊരു സംഗതി. ഇത് ടാറ്റയുടെ സ്വന്തം നാടാണല്ലോ!)

തൊഴിലാളികള്‍ക്ക് കുടിക്കാന്‍ വേണ്ട വെള്ളത്തിനുവേണ്ടിയാണെന്നതും വെറുമൊരു തട്ടിപ്പ് ന്യായം മാത്രമാണ്. കാരണം മൂന്നാര്‍ പട്ടണത്തില്‍ എന്നപോലെ ലായങ്ങളിലും കുടിവെള്ളം എത്തിക്കുന്നത് മൂന്നാര്‍ പഞ്ചായത്താണ്. അതില്‍ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കില്‍ പഞ്ചായത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുകയാണ് നാട്ടുനടപ്പ്. പക്ഷേ, അതൊന്നും ടാറ്റയ്ക്ക് ബാധകമല്ലത്രെ! സര്‍ക്കാരും പഞ്ചായത്തുമെല്ലാം തങ്ങള്‍ക്കു താഴെയാണെന്ന മട്ടിലാണ് ഇതേവരെ കമ്പനി പെരുമാറിക്കൊണ്ടിരിക്കുന്നത്.

കാട്ടുമൃഗങ്ങള്‍ക്ക് വെള്ളംകുടിക്കാന്‍ സൌകര്യമൊരുക്കാനാണത്രെ ലക്ഷ്മിയില്‍ ചെക്ക്ഡാം നിര്‍മ്മിച്ചത്. കാട്ടുമൃഗങ്ങള്‍ സുഗമമായി ഇറങ്ങി വെള്ളും കുടിച്ചിരുന്ന ചിറയ്ക്കുചുറ്റും ബണ്ടുയര്‍ത്തി അവയ്ക്ക് അവിടെ ഇറങ്ങാന്‍ പറ്റാതാക്കിയിരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

ആദിവാസികളും ആനക്കൂട്ടങ്ങളും സഞ്ചരിച്ചിരുന്ന വഴിത്താര അടച്ച് വൈദ്യുതിവേലി കെട്ടിയതാണ് ടാറ്റയുടെ നിയമവിരുദ്ധവും നിഷ്ഠൂരവുമായ മറ്റൊരു ചെയ്തി. തങ്ങളുടെ റോസാതോട്ടം സംരക്ഷിക്കാന്‍ അങ്ങനെ ചെയ്യുന്നതിന് അവകാശമുണ്ടെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍ 1974 മാര്‍ച്ച് 29ന്റെ ലാന്റ് ബോര്‍ഡ് അവാര്‍ഡ് പ്രകാരം തേയില കൃഷി ചെയ്യുന്നതിനും വിറകുമരം വെച്ചുപിടിപ്പിക്കുന്നതിനുമെല്ലാം പ്രത്യേകം പ്രത്യേകം സ്ഥലം അടയാളപ്പെടുത്തിയിട്ടുണ്ട്. അതില്‍ എവിടെയും റോസതോട്ടത്തിന്റെ കാര്യം വരുന്നില്ല. പാട്ടഭൂമിയില്‍ ടാറ്റയ്ക്ക് എന്തും ചെയ്യാനുള്ള അധികാരം 1971ലെ നിയമവും 1974ലെ ലാന്റ് ബോര്‍ഡ് അവാര്‍ഡും നല്‍കുന്നില്ല. കാട്ടിനുള്ളില്‍ ബോട്ടിങ്ങിനും മറ്റുമായി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായിട്ടാണ് ഇവ പണിചെയ്തത് എന്നതായിരിക്കണം യാഥാര്‍ത്ഥ്യം. ടീ മ്യൂസിയം എന്ന പേരിലുള്ള സ്ഥാപനത്തില്‍നിന്നുതന്നെ സന്ദര്‍ശകരില്‍നിന്ന് ആളൊന്നിന് 100 രൂപ ഈടാക്കുന്ന കമ്പനി ഇവയില്‍നിന്ന് ഇതിലും ഏറെ തുക ഈടാക്കാനുള്ള സാധ്യതയുണ്ട്.

മൂന്നാറിലെ പരിസ്ഥിതി സംരക്ഷണത്തിന് ടാറ്റയുടെ സാന്നിധ്യം നിലനിര്‍ത്തണമെന്നും മറ്റു കയ്യേറ്റക്കാരെ കുടിയിറക്കണമെന്നും വാദിക്കപ്പെടുന്നുണ്ട്. ടാറ്റയുടെ വിറകുമരം വളര്‍ത്തല്‍തന്നെ പരിസ്ഥിതിനാശം ഉണ്ടാക്കുന്നതാണ് എന്ന കണ്‍മുന്നിലെ യാഥാര്‍ത്ഥ്യംപോലും ഈ ടാറ്റ സ്തുതിപാഠകര്‍ കാണുന്നില്ല. വിറകിനായി യൂക്കാലിപ്റ്റസും ഗ്രാന്റീസുമാണ് വളര്‍ത്തുന്നത്. ഇവ രണ്ടും വലിയതോതില്‍ ഭൂഗര്‍ഭജലം ചൂഷണംചെയ്യുന്ന മരങ്ങളാണ്. മണ്ണില്‍നിന്ന് ജലം വലിച്ചെടുത്ത് പെട്ടെന്ന് തഴച്ചുവളരുന്നതിനാലാണ് ടാറ്റ ഇവ നട്ടുവളര്‍ത്തുന്നത്. അതിലും പ്രധാനമായ മറ്റൊരു കാര്യം മൂന്നാറില്‍ ടാറ്റയെ പിന്‍പറ്റിയാണ് റിസോര്‍ട്ട് മാഫിയ അനധികൃതമായി ഭൂമി കൈയേറ്റം നടത്തുന്നത് എന്നതാണ്. സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയിട്ടുള്ള ഭൂമിയും പാട്ടഭൂമിയും റിസോര്‍ട്ടുകള്‍ക്കായി ടാറ്റ മുമ്പും ഇപ്പോഴും മുറിച്ചുവിറ്റിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

1971-ല്‍ കണ്ണന്‍ദേവന്‍ ഹില്‍സ് ഏറ്റെടുക്കല്‍ നിയമം വരുന്നതിനുമുമ്പ് സര്‍ക്കാര്‍ ഏറ്റെടുത്ത 2611.33 ഏക്കര്‍ ഭൂമിക്കുപുറമെ 6907.67 ഏക്കര്‍ ഭൂമി മറ്റു പല കമ്പനികള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കുമായി ടാറ്റ വിറ്റിരുന്നു. ഇതുതന്നെ പൂഞ്ഞാര്‍ രാജാവും മണ്‍റോ സായിപ്പും തമ്മില്‍ ഉണ്ടാക്കിയതും രാജകീയ വിളംബരത്തിലൂടെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ അംഗീകരിച്ചതുമായ ഉടമ്പടിയുടെ ലംഘനമാണ്. അതിലും വലിയ ധിക്കാരമാണ് 1971 ജനുവരി 21ന് കണ്ണന്‍ദേവന്‍ ഹില്‍സ് നിയമം നിലവില്‍ വന്നശേഷം 1974ലെ ലാന്റ് ബോര്‍ഡ് അവാര്‍ഡിനു മുമ്പായി 38 പേര്‍ക്ക് 166 ഏക്കര്‍ 48 സെന്റ് 440 ചതുരശ്രലിംഗ്സ് ഭൂമി വിറ്റത്. എന്നാല്‍ അനധികൃതവും നിയമവിരുദ്ധവുമായ ഈ നടപടികളെയെല്ലാം കെ സി ശങ്കരനാരായണന്‍ ഐഎഎസിന്റെ അധ്യക്ഷതയിലുള്ള ലാന്റ് ബോര്‍ഡ് 1974-ല്‍ അംഗീകരിച്ചുകൊടുത്തതില്‍തന്നെ കോണ്‍ഗ്രസ് ഭരണകാലത്ത് നമ്മുടെ ഭരണ സംവിധാനം ടാറ്റയ്ക്കുമുന്നില്‍ വണങ്ങിനില്‍ക്കുന്നതിന്റെ ഉദാഹരണം കാണാവുന്നതാണ്.

1973 ഡിസംബര്‍ 4-ാം തീയതി ദേവികുളം അസിസ്റ്റന്റ് കളക്ടറായിരുന്ന മുകുള്‍ സന്യാല്‍ മൂന്നാര്‍ ടൌണില്‍ ടാറ്റ അനധികൃതമായി പുറമ്പോക്കുഭൂമി തുണ്ടുതുണ്ടുകളായി വില്‍ക്കുന്ന വിവരം സര്‍ക്കാരിനെയും ലാന്റ് ബോര്‍ഡിനെയും അറിയിച്ചിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. 1982ല്‍ അന്ന് ദേവികുളം സബ്കളക്ടറായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം ടാറ്റ, നിയമവിരുദ്ധമായി സര്‍ക്കാര്‍ ഭൂമിയും പാട്ടഭൂമിയും മുറിച്ചുവില്‍ക്കുന്നതിനെതിരെ നടപടിക്ക് തുടക്കംകുറിച്ചെങ്കിലും അന്ന് അധികാരത്തിലിരുന്ന യുഡിഎഫ് സര്‍ക്കാരും കോടതിയും അത് തടയുകയാണുണ്ടായത്. കോടതിയില്‍ അന്ന് സര്‍ക്കാര്‍ ടാറ്റയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ അനധികൃതമായ കൈയേറ്റങ്ങള്‍ അന്നുതന്നെ തടയാനാകുമായിരുന്നു. വീണ്ടും 1994ലും ദേവികുളം സബ്കളക്ടര്‍ ടാറ്റ നടത്തുന്ന നിയമവിരുദ്ധമായ ഭൂമി വില്‍പനയ്ക്കെതിരെ നോട്ടീസ് നല്‍കുകയും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തിരുന്നു. അന്ന് ഉമ്മന്‍ചാണ്ടി സംസ്ഥാനമന്ത്രിസഭയില്‍ അംഗവുമായിരുന്നു. പക്ഷേ ഒരു നടപടിയും ഉണ്ടായില്ല.

ടാറ്റയ്ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാന്‍ തയ്യാറായത് 1996-ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരാണ്. ഈ കേസില്‍ ജസ്റ്റിസ് പി കെ ബാലസുബ്രഹ്മണ്യന്‍ 2000 നവംബര്‍ 24ന് പുറപ്പെടുവിച്ച സുപ്രധാനമായ വിധിന്യായത്തില്‍ ടാറ്റ ഇത്തരം നിയമവിരുദ്ധ നടപടികള്‍ തുടരുന്നതിനെതിരെ ശക്തമായ താക്കീത് നല്‍കിയിരുന്നു. മേലില്‍ ഇത്തരം നിയമവിരുദ്ധ നടപടികള്‍ ആവര്‍ത്തിക്കില്ലെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കി മാപ്പുപറഞ്ഞാണ് കമ്പനി അന്ന് മറ്റു നടപടികള്‍ കൂടാതെ രക്ഷപ്പെട്ടത്.

പക്ഷേ, അതിനുശേഷവും ഭൂമി വില്‍പ്പനയും മൂന്നാറില്‍ നിയമവിരുദ്ധമായി ആധിപത്യം സ്ഥാപിക്കലും ടാറ്റ തുടരുന്നുവെന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. നേരിട്ട് കോടതി നടപടികളില്‍നിന്ന് രക്ഷപ്പെടുന്നതിനുള്ള കുറുക്കുവഴികളാണ് ടാറ്റ പിന്നീട് തേടിയത്. മുമ്പ് എപ്പോഴത്തെയുംപോലെ 2001ല്‍ അധികാരത്തില്‍വന്ന യുഡിഎഫ് സര്‍ക്കാര്‍ (ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും നേതൃത്വത്തില്‍) അതിന് കൂട്ടുനില്‍ക്കുകയാണുണ്ടായത്. വനം, റവന്യു, സര്‍വെ, രജിസ്ട്രേഷന്‍ എന്നീ വകുപ്പുകളിലെ അഴിമതിക്കാരായ ഒരുകൂട്ടം ഉദ്യോഗസ്ഥരും എക്കാലത്തും ടാറ്റയുടെ പറ്റുപടിക്കാരായി എന്തിനും തയ്യാറായി ഉണ്ടായിരുന്നു. അവര്‍ ടാറ്റയ്ക്കുവേണ്ടി സര്‍വെ റിക്കാര്‍ഡുകളില്‍ കൃത്രിമം കാണിക്കുകയും കെഡിഎച്ച് വില്ലേജിലുള്ള ഭൂമി പള്ളിവാസല്‍ വില്ലേജില്‍ ഉള്‍പ്പെടത്തക്കവിധം വില്ലേജ് അതിര്‍ത്തിയിലെ സര്‍വെക്കല്ലുകള്‍തന്നെ മാറ്റി സ്ഥാപിക്കുകയും ചെയ്തതായാണ് ജില്ലാ കളക്ടര്‍ ഇപ്പോള്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. ഇങ്ങനെ രേഖകളില്‍ കൃത്രിമം വരുത്തുകയും വില്ലേജ് അതിര്‍ത്തി മാറ്റി സ്ഥാപിക്കുകയും ചെയ്തശേഷമാണ് 2002 മുതല്‍ ടാറ്റാ അവിടെ വ്യാജരേഖകളുടെ പിന്‍ബലത്തില്‍ റിസോര്‍ട്ടുകള്‍ക്ക് ഭൂമി വിറ്റത്. അങ്ങനെ ടാറ്റ മറിച്ചുവിറ്റ ഭൂമിയിലാണ് കെഡിഎച്ച് വില്ലേജിലും മാങ്കുളത്തും പള്ളിവാസലിലുമെല്ലാം നിയമവിരുദ്ധമായി റിസോര്‍ട്ടുകള്‍ ഉയര്‍ന്നത് ഇന്ന് മൂന്നാറിലെ ഭൂമി കൈയേറ്റത്തിന്റെപേരില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഗ്വാഗ്വാവിളിക്കുന്ന ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തുതന്നെയാണ് ഈ കൃത്രിമങ്ങള്‍ ഏറെയും നടന്നത് എന്നതാണ് വസ്തുത. അന്നെല്ലാം ഉമ്മന്‍ചാണ്ടി അതിനുനേരെ കണ്ണടയ്ക്കുകയാണുണ്ടായത്. ഇപ്പോഴും ടാറ്റയ്ക്കെതിരെ ഉറച്ചനിലപാട് പറയാന്‍ ഉമ്മന്‍ചാണ്ടി തയ്യാറല്ലല്ലോ.

ഗ്രീന്‍ മൂന്നാര്‍ ബ്രൌണ്‍ മൂന്നാറായിക്കൊണ്ടിരിക്കുന്നുവെന്ന് ശരിയായിത്തന്നെ കേരള ഹൈക്കോടതി അടുത്തയിടെ പരാമര്‍ശിക്കുകയുണ്ടായി. എന്നാല്‍ ബഹുമാനപ്പെട്ട ഹൈക്കോടതി പരിശോധിക്കേണ്ട ഒരു സംഗതിയുണ്ട്. കഴിഞ്ഞ 50ല്‍ ഏറെ വര്‍ഷം മുന്‍സിഫ് കോടതിമുതല്‍ ഹൈക്കോടതിവരെയുള്ള നമ്മുടെ നീതിപീഠങ്ങള്‍ ടാറ്റയുടെ നിയമവിരുദ്ധ നടപടികള്‍ക്ക് അനുകൂലമായി എത്രതവണ സ്റ്റേ കൊടുക്കുകയും വിധി എഴുതുകയും ചെയ്തിട്ടുണ്ടെന്നതാണ് അത്. വ്യാജ പരിസ്ഥിതി സംഘടനകളും ചില മാധ്യമപ്രവര്‍ത്തകരും അന്നും ഇന്നും ടാറ്റയ്ക്കുവേണ്ടി ഒളിഞ്ഞും തെളിഞ്ഞും പട നയിക്കുന്നതും മൂന്നാറിലെ ഭൂപ്രശ്നത്തെ സങ്കീര്‍ണമാക്കുക മാത്രമാണ് ചെയ്യുന്നത്.

1971ല്‍ കണ്ണന്‍ദേവന്‍ ഭൂ നിയമം പാസാക്കിയതിനെതിരെ ടാറ്റ കൊടുത്ത കേസില്‍ നിയമത്തിനനുകൂലമായി സുപ്രിംകോടതി വിധിയെഴുതിയതുതന്നെ ഭൂരഹിത കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും ഭൂമി പതിച്ചുകൊടുക്കുന്നതിന് ലക്ഷ്യമിട്ടാണ് ആ നിയമം ഉണ്ടാക്കിയത് എന്ന അടിസ്ഥാനത്തിലാണ്. എന്നാല്‍ മൂന്നാറില്‍ അങ്ങനെ ഭൂരഹിതര്‍ക്ക് ഭൂമി പതിച്ചുകൊടുക്കാനും ലാന്റ്ബോര്‍ഡ് അവാര്‍ഡിനെതുടര്‍ന്ന് രൂപീകരിച്ച വിദഗ്ധസമിതി ഭവനപദ്ധതിക്കായി നീക്കിവെച്ച ഭൂമിയില്‍ ഭവനപദ്ധതി നടപ്പിലാക്കാനും നടപടി സ്വീകരിച്ചത് 1980ലും 1999ലും എല്‍ഡിഎഫ് സര്‍ക്കാരുകള്‍ മാത്രമാണ്. ഈ രണ്ട് സന്ദര്‍ഭങ്ങളിലും കപട പരിസ്ഥിതിവാദികളെയും ചില വലതുപക്ഷ മാധ്യമങ്ങളെയും ഉപയോഗപ്പെടുത്തി ടാറ്റ പിന്നില്‍നിന്ന് കളിക്കുകയും കോടതി ഇടപെടലിലൂടെ ആ നടപടികള്‍ പൂര്‍ത്തിയാക്കുന്നത് തടയുകയുമാണുണ്ടായത്. ഇപ്പോഴും ഇക്കാനഗറിലെ പാര്‍പ്പിടങ്ങള്‍ പൊളിക്കണമെന്നും വര്‍ഷങ്ങളായി അവിടെ കഴിയുന്ന ചെറുകിട കുടിയേറ്റ കര്‍ഷകരെയും കച്ചവടക്കാരെയും കുടിയിറക്കണമെന്നും വാദിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ടാറ്റയ്ക്കുവേണ്ടി നിഴല്‍യുദ്ധം നടത്തുകയാണ്.

മൂന്നാറിലെ ഭൂപ്രശ്നത്തിന് ശാശ്വതപരിഹാരം ഉണ്ടാകണമെങ്കില്‍ മൂന്നാര്‍ പട്ടണത്തിന്റെ പൂര്‍ണമായ നിയന്ത്രണം ടാറ്റയില്‍നിന്ന് സര്‍ക്കാര്‍ പിടിച്ചെടുക്കണം. ടാറ്റ അനധികൃതമായി കൈയടക്കിവെച്ചിട്ടുള്ള സര്‍ക്കാര്‍ ഭൂമി 1974ലെ ലാന്റ് ബോര്‍ഡ് അവാര്‍ഡിന്റെ അടിസ്ഥാനത്തില്‍ തിരിച്ചുപിടിക്കണം. പാട്ടഭൂമിയില്‍ പാട്ടവ്യവസ്ഥയ്ക്ക് വിരുദ്ധമായി ടാറ്റ നടത്തുന്ന അനധികൃതവും നിയമവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിരാമമിടണം. അതിന്റെ ഭാഗമായി ഇപ്പോള്‍ ടാറ്റ നിര്‍മ്മിച്ച തടയണകള്‍ പൊളിച്ചുനീക്കണം. സിപിഐ എമ്മിന്റെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും ഈ നിലപാടിന് മൂന്നാറില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. മൂന്നാര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജപകുമാറിന്റെയും മൂന്നാര്‍ സംരക്ഷണ സമിതി പ്രവര്‍ത്തകനായ സോജന്റെയും മൂന്നാറില്‍ കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്ന ജോര്‍ജിന്റെയും വിനോദിന്റെയും നാരായണന്റെയും സര്‍ക്കാര്‍ ജീവനക്കാരായ സണ്ണിയുടെയും പ്രദീപിന്റെയും എല്ലാം ഹൃദയവികാരമാണ് എല്‍ഡിഎഫ് മന്ത്രിസഭയുടെ ഇപ്പോഴത്തെ തീരുമാനത്തില്‍ പ്രതിഫലിക്കുന്നത്.

Friday, February 12, 2010

വാലന്റൈന്‍ ദിനവും മത പൊലീസും

വാലന്റൈന്‍ ദിനവും മത പൊലീസും

പി ജയരാജന്‍

എഡി മൂന്നാം നൂറ്റാണ്ടില്‍ റോമില്‍ ജീവിച്ചിരുന്ന ഒരു ബിഷപ്പായിരുന്നു വാലന്റൈന്‍. റോമാ ചക്രവര്‍ത്തി ക്ളോഡിയസ് രണ്ടാമന്‍ ക്രിസ്ത്യാനികളെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. ക്രിസ്ത്യാനികളെ സഹായിക്കുന്നതുപോലും കുറ്റകൃത്യമായി കണ്ടിരുന്നു. വിവാഹം കഴിക്കാത്ത എല്ലാ യുവാക്കളും നിര്‍ബന്ധമായി പട്ടാളത്തില്‍ ചേരണമെന്ന് ചക്രവര്‍ത്തി കല്‍പ്പന പുറപ്പെടുവിച്ചു. എന്നാല്‍, രഹസ്യമായി വാലന്റൈന്‍ ക്രിസ്ത്യന്‍ യുവാക്കളുടെ വിവാഹം നടത്തിക്കൊടുക്കുകയും ചക്രവര്‍ത്തിയുടെ അപ്രീതിക്കു പാത്രമാകുകയും ചെയ്തു. ക്രിസ്ത്യന്‍ യുവാക്കളുടെ വിവാഹം നടത്തിക്കൊടുക്കവെ വാലന്റൈന്‍ പിടിയിലാവുകയും തുറുങ്കിലടയ്ക്കപ്പെടുകയും ചെയ്തു. ജയിലിലായിരിക്കെ ജയിലറുടെ മകളുമായി ഉറ്റ സൌഹൃദത്തിലായ വാലന്റൈന്‍ അവളെ ഒരു രോഗത്തില്‍നിന്നു സുഖപ്പെടുത്തുകയുണ്ടായി. ചക്രവര്‍ത്തിയെയും സൌഹൃദത്തിന്റെ തടവറയിലാക്കാന്‍ ശ്രമിച്ചപ്പോള്‍ വാലന്റൈനെ വധശിക്ഷയ്ക്ക് ഇരയാക്കി. പിന്നീട് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വദിനം സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും ദിനമായി ലോകമെങ്ങും ആചരിച്ചു തുടങ്ങി. ആഗോളവല്‍ക്കരണകാലമായതോടെ വാലന്റൈന്‍ ദിനത്തിന് ഏറെ പ്രചാരം ലഭിച്ചുതുടങ്ങി. ഇതിനുകാരണം ചില കോര്‍പറേറ്റ് കമ്പനികളുടെ ബോധവപൂര്‍വമായ പ്രവര്‍ത്തനങ്ങളാണ്. ആശംസാ കാര്‍ഡുകളും സോഫ്റ്റ് റ്റോയ്സുകളും പെര്‍ഫ്യൂമുകളുമൊക്കെ ഉല്‍പ്പാദിപ്പിച്ച് കോടിക്കണക്കിനു ഡോളറാണ് ഇവര്‍ ലാഭമുണ്ടാക്കുന്നത്. എന്നാല്‍, ആഗോളവല്‍ക്കരണകാലത്തെ ഒരു പ്രത്യേകത വ്യാപാരത്തിന്റെയും വിവരസാങ്കേതികവിദ്യകളുടെയും ആഗോളവ്യാപനത്തോടൊപ്പം സങ്കുചിതവാദ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചകൂടിയാണ്. ഇത് ഒരു വൈരുധ്യമാണ്. ഒരു ഭാഗത്ത് വാലന്റൈന്‍ ദിനത്തിന് സാര്‍വത്രികത കൈവന്നിരിക്കുന്ന അവസരത്തില്‍ത്തന്നെ ഇതിനെ പ്രതിരോധിക്കുന്ന പ്രവര്‍ത്തനവും മറുഭാഗത്തു നടക്കുന്നു. ഇന്ത്യയില്‍ പ്രതിരോധപ്രവര്‍ത്തനം പ്രധാനമായും ഏറ്റെടുത്തിട്ടുള്ളത് സംഘപരിവാര്‍ സംഘടനകളാണ്. കഴിഞ്ഞവര്‍ഷം വാലന്റൈന്‍ ദിനത്തില്‍ നിരവധി അക്രമങ്ങള്‍അവര്‍ നടത്തുകയുണ്ടായി. 2009 ഫെബ്രുവരിയില്‍ വാലന്റൈന്‍ ദിനത്തിനുമുമ്പായി രാംസേനയുടെ തലവന്‍ പ്രമോദ് മുത്തലിഖ് വാലന്റൈന്‍ ദിനം പാശ്ചാത്യവീക്ഷണമാണെന്നും ക്രിസ്ത്യാനികളാണ് കൂടുതലായും ഇത് ആഘോഷിക്കുന്നതെന്നും എന്തുവിലകൊടുത്തും തങ്ങള്‍ ഈ ആഘോഷം തടയുമെന്നും പ്രഖ്യാപിക്കുകയുണ്ടായി. വാലന്റൈന്‍ദിനത്തില്‍ ഒന്നിച്ചുകാണുന്ന യുവതീയുവാക്കളെ അപ്പോള്‍ത്തന്നെ വിവാഹം കഴിപ്പിക്കുമെന്നും അതിനായി പ്രത്യേക സംഘങ്ങളെ നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഭീഷണി മുഴക്കുകയുണ്ടായി. മുന്‍ വര്‍ഷങ്ങളില്‍ വാലന്റൈന്‍ ദിനത്തില്‍ പെകുട്ടികള്‍ അതിരുവിട്ട വസ്ത്രധാരണത്തോടെ പുറത്തിറങ്ങുകയും അതിന്റെ ഫലമായി രാജ്യത്ത് പല സ്ഥലങ്ങളിലും ബലാത്സംഗങ്ങള്‍ നടന്നതായുമാണ് മുത്തലിഖ് ഇതിന് ന്യായീകരണമായി പറഞ്ഞത്. എന്നാല്‍, വര്‍ഷത്തില്‍ മറ്റു ദിവസങ്ങളിലും ബലാത്സംഗങ്ങളും തദനുബന്ധമായ സ്ത്രീചൂഷണങ്ങളും കൊലപാതകങ്ങളും നടക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന് മുത്തലിഖിന് മറുപടിയില്ല. നവരാത്രി ആഘോഷങ്ങളില്‍ ഗുജറാത്തിലും രാജസ്ഥാനിലും മറ്റും പെകുട്ടികള്‍ അമിത ആടയാഭരണങ്ങള്‍ അണിഞ്ഞ് പുരുഷന്മാര്‍ക്കൊപ്പം രാത്രി മുഴുവന്‍ ഗര്‍ബാ നൃത്തം നടത്താറുണ്ട്. ഇതിലൊന്നും ഒരു പരാതിയുമില്ലാത്ത സംഘപരിവാര്‍ സംഘടനകള്‍ക്ക് വാലന്റൈന്‍ ദിനത്തോടുമാത്രം എന്തുകൊണ്ട് എതിര്‍പ്പ് എന്ന ചോദ്യത്തിന് അന്യമത വിരോധം പരത്തുകയാണ്, അല്ലാതെ സദാചാരബോധം ഉണര്‍ന്നതുകൊണ്ടല്ല എന്ന ഉത്തരമേയുള്ളൂ. മറ്റ് മതങ്ങളെ ദുഷിച്ചു പറയുന്ന ഹിന്ദുവര്‍ഗീയതയുടെ രീതിതന്നെയാണ് ഇവിടെയും കാണുന്നത്. കഴിഞ്ഞവര്‍ഷം മംഗളൂരുവിലെ പബ്ബില്‍ ഒത്തുകൂടിയ യുവതീയുവാക്കളെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയുണ്ടായി. ഇതിന്റെ മറവില്‍ യുവതികളെ പീഡിപ്പിക്കുന്നത് ദൃശ്യമാധ്യമങ്ങളില്‍ക്കൂടി ലോകം കാണ്ടു. വനിതാസംഘടനകളും മറ്റും ശക്തമായ പ്രതിഷേധം ഉയര്‍ത്തി. രാം സേനാത്തലവന്‍ മുത്തലിഖിന് അടിവസ്ത്രങ്ങള്‍ അയച്ചുകൊടുത്തുകൊണ്ട് അവര്‍ പ്രതിഷേധിച്ചു. മംഗളൂരു നഗരം ദേശ-ഭാഷ വ്യത്യാസമെന്യേ പതിനായിരക്കണക്കിനു വിദ്യാര്‍ഥികളും ഉദ്യോഗാര്‍ഥികളും താമസിച്ചുവരുന്ന സ്ഥലമാണ്. അവിടെയെത്തുന്ന യുവതീ യുവാക്കള്‍ പരസ്പരം സംസാരിക്കുന്നതുപോലും രാംസേനക്കാര്‍ വിലക്കുകയുണ്ടായി. മാത്രമല്ല, 2009 ഫെബ്രുവരി അഞ്ചിന് മഞ്ചേശ്വരം എംഎല്‍എ സി എച്ച് കുഞ്ഞമ്പുവിന്റെ മകള്‍ ബസില്‍ മറ്റൊരു സീറ്റിലിരുന്ന യുവാവുമായി സംസാരിച്ചതിന്റെ പേരില്‍ ഇരുവരെയും മംഗളൂരുവിലെ ഒരു ഉള്‍ഗ്രാമത്തില്‍ ബലാല്‍ക്കാരമായി കൊണ്ടുപോയി മര്‍ദിച്ചത് ലോകം മുഴുവന്‍ അറിഞ്ഞ സംഭവമാണ്. "ചില ഗുണ്ടകള്‍ ഇപ്രകാരം ചെയ്താല്‍ ഞങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയും. നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ സൂക്ഷിക്കണമെന്ന'' കര്‍ണാടകയുടെ ബിജെപിക്കാരനായ ആഭ്യന്തരമന്ത്രിയുടെ ന്യായീകരണവും ഉപദേശവും ഞെട്ടിക്കുന്നതായിരുന്നു. മാത്രമല്ല, പബ് ആക്രമണക്കേസില്‍ പ്രതിയായ മുത്തലിഖ് ഒരു ന്യൂനപക്ഷസമുദായത്തിനെതിരെ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങള്‍ മൈസൂരുവിലും മറ്റും വര്‍ഗീയകലാപങ്ങള്‍ക്ക് കാരണമായി. മൈസൂരു കലാപത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഇന്ത്യയുടെ വൈവിധ്യമുള്ള സംസ്കാരത്തെ നശിപ്പിക്കുന്നതും അതിന്റെ ഉദ്ഗ്രഥനത്തെ തടയുന്നതുമാണ് ഈ പ്രവണതകള്‍. ഈ വര്‍ഷവും വാലന്റൈന്‍ ദിനാഘോഷത്തെ പ്രതിരോധിക്കുന്നതിന് സംഘപരിവാര്‍ തയ്യാറെടുത്തിരിക്കുന്നുവെന്നണ് റിപ്പോര്‍ട്ടുകള്‍. വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ എന്നിവയിലൊന്നും ഇത് ആഘോഷിക്കാന്‍ പാടില്ല എന്ന ഭീഷണിയുമായാണ് ഇത്തവണ മുത്തലിഖ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് ഒരു തരത്തിലുള്ള മതപൊലീസിങ്ങാണ്. ഇത് നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് തികച്ചും എതിരാണ്. മതപൊലീസിന്റെ പ്രാകൃത രീതികള്‍ വിവിധ മാധ്യമങ്ങളില്‍ ചെറുതായി റിപ്പോര്‍ട്ടുചെയ്യപ്പെടുന്നുണ്ട്. മധ്യപ്രദേശിലെ ബിജെപി മുഖ്യമന്ത്രിയായ ശിവരാജ് ചൌഹാന്‍ ആയുര്‍വേദ തിരുമ്മല്‍കേന്ദ്രങ്ങളുടെ പരസ്യബോര്‍ഡുകള്‍പോലും അതില്‍ ലൈംഗികത ഉണ്ടെന്നാരോപിച്ച് നിരോധിക്കുകയും കേസെടുക്കാന്‍ ഉത്തരവിടുകയും ചെയ്യുകയുണ്ടായി. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപാലില്‍നിന്ന് മറ്റൊരു റിപ്പോര്‍ട്ടുകൂടി വന്നിരുന്നു. പരിവാര്‍ സംഘടനയായ സംസ്കൃതി ബച്ചാവോ മഞ്ച് ഭോപാലിലെ കടയുടമകളോട് അടിവസ്ത്രങ്ങള്‍ കടകളില്‍ പ്രദര്‍ശിപ്പിക്കരുതെന്നും പ്രദര്‍ശിപ്പിച്ചാല്‍ കടയ്ക്ക് തീവയ്ക്കുമെന്നും ഭീഷണിപ്പെടുത്തുകയുണ്ടായി. ഇവരുടെ നേതാവിന് കഴിഞ്ഞവര്‍ഷം വനിതാ സംഘടനകള്‍ അടിവസ്ത്രങ്ങള്‍ അയച്ചുകൊടുത്തതുകൊണ്ടാകാം ഇങ്ങനെ ഒരു നീക്കത്തിന് ഇവരെ പ്രേരിപ്പിച്ചത്! നിയമം കൈയിലെടുക്കുന്ന സംഘപരിവാറിന്റെ കൃത്യങ്ങള്‍ക്കെതിരെ മുഖ്യധാരാമാധ്യമങ്ങള്‍ പ്രതികരിച്ചില്ലെന്നതും ശ്രദ്ധാവഹമാണ്. പയ്യന്നൂരില്‍ സാഹിത്യകാരന്‍ സക്കറിയ നടത്തിയ പ്രസംഗത്തോട് ഒരു പ്രസ്ഥാനത്തിന്റെയും തീരുമാനമില്ലാതെ ആകസ്മികമായി ചിലര്‍ പ്രതികരിച്ചതിന്റെ പേരില്‍ സിപിഐ എമ്മിനെയും ഡിവൈഎഫ്ഐയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയ മുഖ്യധാരാമാധ്യമങ്ങള്‍, സംഘപരിവാര്‍ സംഘടനകള്‍ ആണും പെണ്ണും മിണ്ടിയാല്‍ അപകടമാണെന്ന് പരസ്യമായി പ്രഖ്യാപിച്ച് പൌരസ്വാതന്ത്യ്രത്തിനുനേരെ ആക്രമണങ്ങള്‍ നടത്തുമ്പോള്‍ അതേക്കുറിച്ച് ഒരു ചര്‍ച്ച നടത്താന്‍പോലും സന്നദ്ധത കാട്ടുന്നില്ലെന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. സംസ്കൃതി ബച്ചാവോ മഞ്ചിന്റെ മേല്‍പ്പറഞ്ഞ ആഹ്വാനത്തിന്റെ അതേ ദിവസംതന്നെ മധ്യപ്രദേശിലെ മല്‍ഗാവിലുണ്ടായ ഒരു സംഭവം പ്രമുഖ വാര്‍ത്താചാനലായ ടൈംസ് നൌവില്‍ക്കൂടി ഇന്ത്യന്‍ ജനത കാണുകയുണ്ടായി. ലക്ഷക്കണക്കിനു രൂപ ചെലവിട്ടുകൊണ്ടു നടത്തിയ റഷ്യന്‍ യുവതികളുടെ അര്‍ധനഗ്നനൃത്തമായിരുന്നു ചാനലില്‍ നിറഞ്ഞുനിന്നത്. ആദിവാസിക്ഷേമവകുപ്പിന്റെ ബിജെപിക്കാരനായ മന്ത്രി വിജയ് ഷായുടെ നേതൃത്വത്തിലായിരുന്നു ഈ പരിപാടി. ആദിവാസികളുടെ ഉന്നമനത്തിന് അര്‍ധനഗ്നനൃത്തമാകാം എന്നായിരിക്കുമോ മതപൊലീസിനെ നയിക്കുന്ന സംഘപരിവാറിന്റെ നിഗമനം! ഇതിനെതിരെ മധ്യപ്രദേശിലെങ്ങും ശക്തമായ പ്രതിഷേധമുയര്‍ന്നുവന്നത് പരിവാര്‍ നേതൃത്വം കണ്ടില്ലെന്നു നടിക്കുകയാണോ? സംഘപരിവാറിന്റെ ഊര്‍ജസ്രോതസ്സായ നരേന്ദ്രമോഡി ഭരിക്കുന്ന ഗുജറാത്തിലെ രാജ്കോട്ടില്‍നിന്നുള്ള വാര്‍ത്തയും ശ്രദ്ധിക്കപ്പെടേണ്ടതാണ്. സോവിയറ്റ്യൂണിയന്റെ പതനത്തിനുശേഷം രൂപംകൊണ്ട കോമവെല്‍ത്ത് ഓഫ് ഇന്‍ഡിപ്പെന്‍ഡന്റ് സ്റേറ്റ്സ് രാഷ്ട്രങ്ങളായ ഉക്രയ്ന്‍, ജോര്‍ജിയ, കസാഖ്സ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, ചെച്നിയ, കിര്‍ഗിസ്ഥാന്‍ മുതലായ രാഷ്ട്രങ്ങളില്‍നിന്ന് യുവതികള്‍ ശരീരവില്‍പ്പനയ്ക്കായി ഇന്ത്യയില്‍ എത്തുന്നു. ഇതിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്ന് രാജ്കോട്ട് ആണെന്നാണ് ദൈനിക് ഭാസ്കറും ഇന്ത്യാടുഡെയും നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ നിഗമനം. വര്‍ഷങ്ങളായി ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ നടക്കുന്ന ഇത്തരം കാര്യങ്ങളൊന്നും സംഘപരിവാര്‍ നേതാക്കക്കളെ ഉല്‍ക്കണ്ഠപ്പെടുത്തുന്നതേയില്ല. ഇന്ത്യയില്‍ പലയിടത്തും ദളിത്-പിന്നോക്ക-പട്ടിക വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ അവരില്‍ ഒരു പ്രയാസവും സൃഷ്ടിക്കുന്നതായി നമുക്കനുഭവമില്ല. ഏത് പ്രശ്നത്തെയും മതസ്പര്‍ധയ്ക്കായി ഉപയോഗപ്പെടുത്തുകയാണ് സംഘപരിവാറിന്റെ ശൈലി. വാലന്റൈന്‍ ദിനം ലോകമെമ്പാടുമുയര്‍ത്തുന്ന സൌഹൃദത്തിന്റെ സന്ദേശത്തെ മതവൈരത്തിന്റെ ഖഡ്ഗമുയര്‍ത്തി തല്ലിത്തകര്‍ക്കാനാണ് സംഘപരിവാറിന്റെ ശ്രമം. അല്ലാതെ യുവതീയുവാക്കളിലെ വഴിപിഴച്ച പോക്കിനെ തടയുകയല്ല അവരുടെ ലക്ഷ്യമെന്ന് വ്യക്തമാണ്.

ദേശാഭിമാനി