ദുരിതത്തിന്റെ ബജറ്റ്
ദേശാഭിമാനി മുഖപ്രസംഗം
രണ്ടാം യുപിഎ ഗവമെന്റിനുവേണ്ടി ധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി വെള്ളിയാഴ്ച അവതരിപ്പിച്ച 2010-11ലേക്കുള്ള വാര്‍ഷിക ബജറ്റ് രാജ്യം ഇന്ന് നേരിടുന്ന ഒരു പ്രശ്നത്തിനും പരിഹാരമല്ല എന്നുമാത്രമല്ല, വളര്‍ച്ചയെയും ജനജീവിതത്തെയും വികസനത്തെയും മുരടിപ്പിക്കുന്നതുമാണ്. സാധാരണ ജനങ്ങളെ ദുരിതത്തിന്റെ ആഴങ്ങളിലേക്ക് തള്ളിയിടുന്നതും സമ്പന്നര്‍ക്കുവേണ്ടി രൂപപ്പെടുത്തിയിട്ടുള്ളതുമാണത്. പണപ്പെരുപ്പത്തെ താഴേക്കു കൊണ്ടുവരുന്നതുമല്ല ഈ ബജറ്റ്. അസംസ്കൃത പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ചു ശതമാനം അടിസ്ഥാന ഇറക്കുമതി തീരുവ പുനഃസ്ഥാപിച്ച ഒറ്റ നിര്‍ദേശം വിലക്കയറ്റത്തിന്റെ തോത് റോക്കറ്റ് വേഗത്തില്‍ ഉയര്‍ത്തുന്നതാണ്. ഡീസല്‍, പെട്രോള്‍ എന്നിവയ്ക്കുള്ള ഏഴര ശതമാനം ഇറക്കുമതി തീരുവയും മറ്റ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുള്ള പത്തു ശതമാനം ഇറക്കുമതി തീരുവയും പുനഃസ്ഥാപിച്ചിരിക്കുന്നു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ എന്തുനടപടി വേണമെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടിരുന്നോ, അതിനു നേര് വിപരീതദിശയിലാണ് ബജറ്റിലെ നിര്‍ദേശം. 2008ല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വന്‍തോതില്‍ വര്‍ധിപ്പിച്ചപ്പോള്‍ ഒഴിവാക്കിയ നികുതികള്‍ തിരിച്ചുകൊണ്ടുവന്നതിനുപുറമെ, പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരുരൂപ എക്സൈസ് തീരുവയും ഏര്‍പ്പെടുത്തുകയാണ് ഇപ്പോള്‍. സമ്പന്ന വിഭാഗങ്ങളൊഴികെയുള്ള എല്ലാവരുടെയും ജീവിതത്തില്‍ കടുത്ത പ്രതിസന്ധിയാണ് ഇതു സൃഷ്ടിക്കുക. സബ്സിഡി സംവിധാനം പൊളിച്ചെഴുതണമെന്ന സാമ്പത്തിക സര്‍വേയിലെ നിര്‍ദേശം അക്ഷരംപ്രതി നടപ്പാക്കിക്കൊണ്ട്, ഭക്ഷ്യസബ്സിഡിയില് 400 കോടിയിലേറെ രൂപയുടെ കുറവുവരുത്തിയിരിക്കുന്നു. നടപ്പുവര്‍ഷം ചെലവിട്ടതില്‍നിന്ന് മൂവായിരത്തിലേറെ കോടി രൂപ കുറച്ചാണ് വരുംവര്‍ഷത്തേക്ക് വളം സബ്സിഡിക്ക് നീക്കിവച്ചിട്ടുള്ളത്. റേഷന്‍കടകളിലൂടെ സബ്സിഡി നിരക്കില്‍ അവശ്യസാധനങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്നും അര്‍ഹരായവര്‍ക്ക് സബ്സിഡി തുകയുടെ കൂപ്പ നല്കിയാല് മതിയെന്നുമുള്ള സാമ്പത്തികസര്‍വേയിലെ നിര്‍ദേശത്തിലേക്കുള്ള കൃത്യമായ ചവിട്ടുപടിയാണ് പ്രണബ് മുഖര്‍ജിയുടെ നിര്‍ദേശങ്ങള്‍. സിവില്‍സപ്ളൈസ് സംവിധാനത്തെയും റേഷന്‍കടകളെയും ഇല്ലാതാക്കി, പൊതുവിതരണ സമ്പ്രദായത്തില്‍നിന്ന് സര്‍ക്കാരിന്റെ പരിപൂര്‍ണ പിന്മാറ്റം യാഥാര്‍ഥ്യമാക്കുന്നതിലേക്കാണ് ഈദൃശ നീക്കങ്ങള്‍ എന്നതില്‍ സംശയത്തിനവകാശമില്ല. വിലക്കയറ്റം പിടിച്ചുനിര്‍ത്താനും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് ചുമതലയെന്ന് ഭീഷണിസ്വരത്തില്‍ ആവര്‍ത്തിച്ചു പറയാറുള്ള യുപിഎ നേതൃത്വം ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റത്തിലേക്കാണ് രാജ്യത്തെ നയിക്കുന്നത്. പ്രത്യക്ഷ നികുതിയിനത്തില്‍ 26,000 കോടി രൂപയുടെ വരുമാനം വരുംവര്‍ഷം കുറയുമെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. അതിനര്‍ഥം അത്രയും തുകയുടെ ആനുകൂല്യങ്ങള്‍ വന്‍ വരുമാനക്കാരായ സമ്പന്നര്‍ക്ക് ലഭിക്കുമെന്നാണ്. നടപ്പുവര്‍ഷം ഇത്തരത്തില്‍ കോര്‍പറേറ്റുകള്‍ക്ക് ലഭിച്ച സൌജന്യം 80,000 കോടിയിലേറെയാണ്. അതേസമയം, വരുംവര്‍ഷം 60,000 കോടിയുടെ പരോക്ഷനികുതി പിരിക്കാന്‍ ബജറ്റ് നിര്‍ദേശിക്കുന്നു. സമ്പന്നന് വാരിക്കോരി കൊടുക്കാന്‍ മടികാണിക്കാത്തവര്‍ സാധാരണ ജനങ്ങളെ പിഴിഞ്ഞ് ചോരയൂറ്റാന്‍ അമിതോത്സാഹമാണ് കാട്ടുന്നത്. ഗ്രാമീണ ജനതയെക്കുറിച്ച് ഭരണനേതൃത്വം ആവര്‍ത്തിച്ചു പ്രകടിപ്പിക്കാറുള്ള ആശങ്കയും താല്‍പ്പര്യവുമൊന്നും ബജറ്റില്‍ പ്രതിഫലിച്ചുകാണുന്നില്ല. കൃഷിയെ അവഗണിച്ചിരിക്കുന്നു. ജലസേചനത്തിന് പരിഗണനയില്ല. ഗ്രാമീണ ജനജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള മൂര്‍ത്തമായ ഒരു പദ്ധതിയും അവതരിപ്പിക്കുന്നില്ലെന്നതിനു പുറമെ, അതിലേക്കായി മുന്‍കാലങ്ങളില്‍ നീക്കിവച്ച വിഹിതത്തില്‍ കാലാനുസൃതമായ വര്‍ധന വരുത്തിയിട്ടുമില്ല. കഴിഞ്ഞ ബജറ്റില്‍ 25,000 കോടിയുടെ പൊതുമേഖലാ ഓഹരി വിറ്റ് കാശാക്കാനാണ് നിര്‍ദേശം വച്ചതെങ്കില്‍ ഇക്കുറി അത് 40,000 കോടി രൂപയുടേതാക്കി വര്‍ധിപ്പിച്ചിരിക്കുന്നു. ജനങ്ങളെ പിഴിഞ്ഞും പൊതുമുതല്‍ വിറ്റും പണമുണ്ടാക്കുന്നതാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റെ അജന്‍ഡ എന്ന് ഇതിലൂടെ കൂടുതല്‍ വ്യക്തമാകുന്നു. സാമ്പത്തികരംഗത്ത് കൂടുതല്‍ ഉദാരവല്‍ക്കരണത്തിലേക്കു പോകുന്നതിന്റെ ഭാഗമാണ് കൂടുതല്‍ സ്വകാര്യബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള നിര്‍ദേശം. പൊതുവെ സംസ്ഥാനങ്ങളോട് നീതികാട്ടാത്ത ബജറ്റ് കേരളത്തിന് കടുത്ത നിരാശയാണ് പ്രദാനംചെയ്യുന്നത്. കേന്ദ്ര പദ്ധതിച്ചെലവില്‍ 15 ശതമാനം വര്‍ധന വരുത്തുമ്പോള്‍ ആനുപാതികമായല്ലാതെ സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രസഹായം എട്ടുശതമാനത്തില്‍ ചുരുക്കിനിര്‍ത്തുന്നു. ആസിയന്‍ കരാര്‍ നടപ്പാക്കുമ്പോള്‍ കേരളത്തിനുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരമായി സംസ്ഥാനത്തിനുവേണ്ടി പ്രത്യേക പാക്കേജ് യുപിഎ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ആ പാക്കേജ് വിസ്മരിക്കപ്പെട്ടു. റേഷന്‍ സബ്സിഡി പുനഃസ്ഥാപിക്കില്ലെന്ന് ഈ ബജറ്റിലൂടെ യുപിഎ സര്‍ക്കാര്‍ ഉറപ്പിക്കുകയും ചെയ്തു. കൊച്ചി മെട്രോറെയില്‍പോലുള്ള പ്രത്യേക പദ്ധതികള്‍ പരിഗണിക്കപ്പെട്ടില്ല. യഥാര്‍ഥത്തില്‍ പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കൂടുതല്‍ സീറ്റ് നല്‍കിയതിലൂടെ കേരളം ശിക്ഷിക്കപ്പെടുകയാണ്. രണ്ടു ക്യാബിനറ്റ് മന്ത്രിമാരും നാലു സഹമന്ത്രിമാരുമുണ്ട് കേരളത്തില്‍നിന്ന് കേന്ദ്രത്തില്‍. ഇവര്‍ക്കൊന്നുംതന്നെ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ യുപിഎ നേതൃത്വത്തിനുമുന്നില്‍ അവതരിപ്പിക്കാനോ ശരിയായ നിലപാടെടുപ്പിക്കാനോ കഴിഞ്ഞില്ല. രാജ്യം പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍പ്പോലും ജനങ്ങള്‍ക്ക് ഒരിറ്റ് ആശ്വാസം നല്‍കാനോ ദുര്‍നയങ്ങളില്‍നിന്ന് വ്യതിചലിക്കാനോ തയ്യാറല്ല എന്നാണ് ബജറ്റിലൂടെ യുപിഎ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ജനദ്രോഹികളുടെ സര്‍ക്കാരാണ് എന്ന പ്രഖ്യാപനമാണ് പ്രണബ് മുഖര്‍ജിയുടെ പ്രസംഗത്തില്‍ തെളിഞ്ഞുനില്ക്കുന്നത്. സമ്പന്നര്‍ അതിസമ്പന്നരാവുകയും ദരിദ്രര്‍ പരമദരിദ്രരാവുകയും ചെയ്യുന്ന പ്രക്രിയക്കാണ് യുപിഎ ഗവമെന്റ് കാര്‍മികത്വം വഹിക്കുന്നത്. ഇത് പൊറുക്കപ്പെട്ടുകൂടാ. ബജറ്റിലെ ജനവിരുദ്ധ നിര്‍ദേശങ്ങള്‍ പിന്‍വലിപ്പിക്കാന്‍ പാര്‍ലമെന്റിനു പുറത്തും അതിശക്തമായ പോരാട്ടം നടക്കേണ്ടതുണ്ട്. അവഗണനയുടെ കയ്പുനീര് കുടിക്കുന്ന കേരളം മാത്രമല്ല, വിലക്കയറ്റത്തിന്റെയും ഭക്ഷണ ദൌര്‍ലഭ്യത്തിന്റെയും അടക്കമുള്ള കെടുതികള്‍ അനുഭവിക്കുന്ന ജനങ്ങള്‍ രാജ്യവ്യാപകമായിത്തന്നെ പ്രക്ഷോഭത്തിന്റെ പാതയിലേക്ക് ഇറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
1 comment:
ഈ ബജറ്റ് വെറും ദുരിതമല്ല, മഹാ മഹാ ദുരിത ബജറ്റാണ്. എന്ന് തീരും ഈ ദുരിതബജറ്റുകള് മുത്തപ്പാ...
Post a Comment