Tuesday, March 31, 2009

ഞങ്ങളുടെ സര്‍ക്കാരിവിെലയിരുത്തിക്കോളൂ

ഞങ്ങളുടെ സർക്കാരിനെ വിലയിരുത്തിക്കോളൂ

ദേശാഭിമാനി ലേഖനം

ടി എം തോമസ് ഐസക്

ആര്‍ക്കാണ് പേടി? നവകേരള മാര്‍ച്ചിനിടെ പാര്‍ടി സെക്രട്ടറി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ ഒരു ചോദ്യത്തിന് മറുപടിയായി നല്‍കിയ ഉത്തരം ഏതാനും നാള്‍ മാധ്യമങ്ങള്‍ ആഘോഷിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും വിലയിരുത്തപ്പെടും എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് എന്തോ വലിയ കെണിയാണ് എന്ന മട്ടിലാണ് പലരും വ്യാഖ്യാനിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയം കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനമല്ലെന്ന പാര്‍ടി പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരിയുടെ പരാമര്‍ശംകൂടി ചോദിച്ചുവാങ്ങിയതോടെ സിപിഐ എം നേതൃത്വത്തിന്റെ വൈരുധ്യങ്ങള്‍കൂടി പുറത്തുകൊണ്ടുവന്ന സംതൃപ്തിയിലായി.

ഈ തെരഞ്ഞെടുപ്പ് മൂന്നുവര്‍ഷത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിനെക്കുറിച്ചുള്ള വിലയിരുത്തലായിരിക്കുമെന്ന് പ്രതിപക്ഷ നേതാവും പ്രസ്താവിച്ചിട്ടുണ്ട്. അങ്ങനെതന്നെ ആയിക്കോട്ടെ. ആര്‍ക്കാണിവിടെ പേടി? ഇതിനുമുമ്പ് എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിമാരായി അഞ്ചുവര്‍ഷം യുഡിഎഫ് കേരളം ഭരിച്ചുവല്ലോ. യുഡിഎഫിന്റെ അഞ്ചുവര്‍ഷത്തെയും എല്‍ഡിഎഫിന്റെ മൂന്നുവര്‍ഷത്തെയും താരതമ്യപ്പെടുത്തി വിധി പ്രസ്താവിക്കട്ടെ.

ഒന്ന്. പാവങ്ങളുടെ പെന്‍ഷന്‍: യുഡിഎഫിന്റെ അഞ്ചുവര്‍ഷത്തിനിടയില്‍ സര്‍ക്കാരില്‍നിന്നോ ക്ഷേമനിധികളില്‍നിന്നോ ഉള്ള പെന്‍ഷന്‍ ഒരു തവണപോലും വര്‍ധിപ്പിച്ചില്ല. ശരാശരി രണ്ടുവര്‍ഷത്തെ പെന്‍ഷന്‍ കുടിശ്ശികയുമാക്കി. എല്‍ഡിഎഫ് സര്‍ക്കാരാകട്ടെ കുടിശ്ശിക തീര്‍ത്തു. പെന്‍ഷന്‍ 110-120 രൂപയില്‍നിന്ന് 250 രൂപയായി ഉയര്‍ത്തി. യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷംകൊണ്ട് 274 കോടി രൂപ കര്‍ഷകത്തൊഴിലാളി പെന്‍ഷനായി അനുവദിച്ചപ്പോള്‍ 2009 വിഷു ഗഡു അടക്കം 443 കോടി രൂപ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ചെലവഴിച്ചുകഴിഞ്ഞു. ക്ഷേമനിധികളുടെ അംശാദായം വര്‍ധിപ്പിക്കാതെ സര്‍ക്കാര്‍ ഭാരം ഏറ്റെടുത്തുകൊണ്ടാണ് വര്‍ധിപ്പിച്ച പെന്‍ഷന്‍ വിതരണംചെയ്യുന്നത്.

മറ്റു പെന്‍ഷനുകളൊന്നും ലഭിക്കാത്ത 65 വയസ്സുകഴിഞ്ഞ എല്ലാ പാവപ്പെട്ടവര്‍ക്കും 100 രൂപ വീതം ധനസഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. പീടികത്തൊഴിലാളികള്‍, ചെറുകിട തോട്ടം തൊഴിലാളികള്‍, ലോട്ടറി വില്‍പ്പനക്കാര്‍, കക്കാവാരല്‍ തൊഴിലാളികള്‍ തുടങ്ങി പുതിയ വിഭാഗങ്ങള്‍ക്കും ക്ഷേമനിധി രൂപീകരിച്ചു. രണ്ട്. റേഷന്‍: നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് പ്രതിവര്‍ഷം 116 കോടി രൂപ റേഷന്‍ സബ്സിഡിയായി നല്‍കിയിരുന്നു. പിന്നീടുവന്ന യുഡിഎഫിന്റെ അഞ്ചുവര്‍ഷ ഭരണകാലത്ത് ആകെ റേഷന്‍ സബ്സിഡിയായി നല്‍കിയത് 58 കോടിരൂപ മാത്രമാണ്. എന്നാല്‍, ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ പ്രഥമ മൂന്നൂവര്‍ഷംകൊണ്ട് മാത്രം 360 കോടി രൂപ ധനസഹായം റേഷന്‍ വാങ്ങുന്നവര്‍ക്കു നല്‍കി.

പുതിയ ബജറ്റില്‍ 25 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ട് രൂപയ്ക്ക് അരിയും ഗോതമ്പും നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന് 250 കോടിരൂപ ചെലവു വരുമെന്ന് പ്രതീക്ഷിക്കുന്നു. ഉത്സവച്ചന്തകള്‍ക്ക് യുഡിഎഫ് ഭരണകാലത്ത് 30 കോടിരൂപ വീതമാണ് ചെലവഴിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ 50 കോടി രൂപയാണ് ചെലവഴിക്കുന്നത്. മൂന്ന്. കടാശ്വാസം: 1500 കൃഷിക്കാര്‍ കടംകയറി ആത്മഹത്യ ചെയ്തത് യുഡിഎഫിന്റെ ഭരണകാലത്താണ്. ഈ ഹതഭാഗ്യരുടെ കടംപോലും എഴുതിത്തള്ളുന്നതിന് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ വേണ്ടിവന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ കാര്‍ഷിക വായ്പകള്‍ക്കെല്ലാം മൊറട്ടോറിയം ഏര്‍പ്പെടുത്തി സമഗ്രമായ കടാശ്വാസ നിയമത്തിന് രൂപംനല്‍കി. കേന്ദ്രസര്‍ക്കാരിനുപോലും കടാശ്വാസ പദ്ധതി പ്രഖ്യാപിക്കുന്നതിന് കേരളത്തിലെ നിയമം പ്രചോദനമായി എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല.

കേരളത്തിലെ കൃഷിക്കാരുടെ കടഭാരത്തില്‍ നല്ലപങ്ക് കേന്ദ്ര സ്കീംവഴി ഇല്ലാതായി. എങ്കിലും ഇതിനകം 150 കോടി രൂപ വിദര്‍ഭ പാക്കേജിന്റെ സംസ്ഥാനവിഹിതമായും വയനാട്ടിലെ കൃഷിക്കാര്‍ക്കുള്ള കടാശ്വാസമായും സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ബജറ്റിലും 25 കോടി രൂപ കടാശ്വാസ കമീഷന്റെ തീര്‍പ്പുകള്‍ നടപ്പാക്കുന്നതിനായി നീക്കിവച്ചിട്ടുണ്ട്. കാര്‍ഷിക കടാശ്വാസ കമീഷന്റെ ചുവടുപിടിച്ച് മത്സ്യമേഖലയിലും കടാശ്വാസ കമീഷന്‍ രൂപീകരിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ബജറ്റില്‍ പട്ടികജാതി /വര്‍ഗക്കാര്‍ക്കും കടാശ്വാസം പ്രഖ്യാപിച്ചിരിക്കുകയാണ്. 25,000 രൂപവരെയുള്ള സര്‍ക്കാര്‍ വകുപ്പുകള്‍, കോര്‍പറേഷനുകള്‍, സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നും എടുത്ത വായ്പകള്‍ എഴുതിത്തള്ളുകയാണ്. 1996നു മുമ്പുള്ള പാവപ്പെട്ടവര്‍ക്കുള്ള ഭവനവായ്പകളുടെ വായ്പ കുടിശ്ശിക എഴുതിത്തള്ളുന്നതിനും അവരുടെ ആധാരങ്ങള്‍ തിരിച്ചുനല്‍കുന്നതിനുള്ള നിര്‍ദേശവും ബജറ്റിലുണ്ട്.

നാല്. പാര്‍പ്പിടം: യുഡിഎഫ് ഭരണകാലത്ത് വര്‍ഷത്തില്‍ ശരാശരി ഏതാണ്ട് 50,000 വീടുകള്‍ വീതമാണ് നിര്‍മിച്ചത്. എല്‍ഡിഎഫിന്റെ ആദ്യരണ്ടുവര്‍ഷങ്ങളിലെ ശരാശരി 80,000 വീടുകള്‍വരും. ഇന്നിപ്പോള്‍ അഞ്ച് ലക്ഷം വീട് രണ്ടുവര്‍ഷംകൊണ്ട് പണിയുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കിടപ്പാടമില്ലാത്തവരടക്കം മുഴുവന്‍ ഭവനരഹിതര്‍ക്കും വീടു നിര്‍മിച്ചുനല്‍കുന്നതിന് 2000 കോടി രൂപ ചെലവു വരും. എല്ലാ വീടും വൈദ്യുതീകരിക്കാനുള്ള പദ്ധതിക്കും തുടക്കമായി. ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കുടിവെള്ള പദ്ധതികളും പുതുതായി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള ഏതാണ്ട് 1000 കോടി രൂപയുടെ പദ്ധതികളും ജലനിധി രണ്ടാംഘട്ടവും കൂടിച്ചേരുമ്പോള്‍ കേരളത്തിന്റെ കുടിവെള്ളക്ഷാമം ഗണ്യമായി പരിഹരിക്കാനാകും.

അഞ്ച്. ആരോഗ്യ ഇന്‍ഷുറന്‍സ്: പൊതു ആരോഗ്യ സംവിധാനത്തിന്റെ പരിപൂര്‍ണമായ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന ഒരു നടപടിയായിരുന്നു യുഡിഎഫ് ആവിഷ്കരിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്കീം. അതേസമയം ആരോഗ്യ ഇന്‍ഷുറന്‍സിനെ തള്ളിക്കളയാനും കഴിയില്ല. കാരണം ഇതിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ധനസഹായം സംസ്ഥാനത്തിന് നഷ്ടപ്പെടും. അതുകൊണ്ട് പൊതു ആരോഗ്യ സംവിധാനത്തെ സംരക്ഷിച്ചുകൊണ്ട് കേന്ദ്ര ഇന്‍ഷുറന്‍സ് സ്കീം നടപ്പാക്കുന്നിനാണ് നമ്മള്‍ ശ്രമിച്ചിരിക്കുന്നത്. പൊതു ആരോഗ്യസംവിധാനത്തെ പരമാവധി പ്രയോജനപ്പെടുത്തുകയും അവ ഇല്ലാത്തിടത്തുമാത്രമായി സ്വകാര്യമേഖലയുടെ പങ്കാളിത്തം പരിമിതപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഇതിനുപുറമെ, കേന്ദ്ര സര്‍ക്കാരിന്റെ ബിപിഎല്‍ ലിസ്റില്‍വരുന്ന 12 ലക്ഷത്തില്‍ താഴെ വരുന്ന കുടുംബങ്ങള്‍ക്കു മാത്രമായി ഇന്‍ഷുറന്‍സ് പരിമിതപ്പെടുത്തുന്നതിനുപകരം കേരളത്തിലെ മുഴുവന്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്കും ഈ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ ആനുകൂല്യം ലഭിക്കും.

ഇതിനുപുറമെ എപിഎല്‍ വിഭാഗത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍, പട്ടികജാതി കുടുംബങ്ങള്‍, ആശ്രയ സ്കീമില്‍പ്പെട്ടവര്‍ എന്നിവര്‍ക്കും ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും. ആരോഗ്യ ഇന്‍ഷുറന്‍സിന്റെ മൊത്തം അടങ്കല്‍ 83 കോടി രൂപയാണ്. ഇതില്‍ 30 കോടി രൂപ കേന്ദ്രത്തില്‍നിന്ന് ലഭിക്കും. ബാക്കി സംസ്ഥാന സര്‍ക്കാരാണ് വഹിക്കുക. കൂട്ടത്തില്‍ ഒരു കാര്യംകൂടി പറയട്ടെ ഇന്‍ഷുറന്‍സ് കമ്പനി നല്‍കുന്ന പണം പൂര്‍ണമായി ബന്ധപ്പെട്ട ആശുപത്രി വികസന സമിതികള്‍ക്കു നല്‍കുന്നതാണ്. ആറ്. വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍: കേരളത്തില്‍ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ചു. ആവശ്യമായ പുതിയ കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കി. നിയമന നിരോധനം നീക്കംചെയ്തു. യുഡിഎഫ് കാലത്ത് ആരംഭിച്ച പ്ളസ് ടു, വൊക്കേഷണല്‍ സ്കൂളുകള്‍ക്കുപോലും തസ്തികകളിലേക്കുള്ള അധ്യാപകനിയമനം ഇപ്പോഴാണ് നടന്നത്. കോളേജുകളിലെ നിയമനം 2001 വരെയുള്ളത് റഗുലറൈസ് ചെയ്യാനുള്ള നടപടി സ്വീകരിച്ചു.

പത്താംക്ളാസുവരെ ഉച്ചയൂണ് പരിപാടി ആവിഷ്കരിച്ചു. സ്കൂള്‍ക്കുട്ടികള്‍ക്ക് വിപുലമായ സ്കോളര്‍ഷിപ്പ് പദ്ധതി ആരംഭിച്ചു. 2009-10ല്‍ 32 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിട്ടുള്ളത്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സ്കോളര്‍ഷിപ്പ് നല്‍കുന്നതിന് 100 കോടി രൂപയുടെ കോര്‍പസ് ഫണ്ടിനും തുടക്കംകുറിച്ചു. ഏഴ്. പട്ടികജാതി/ പട്ടികവര്‍ഗം: പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കുള്ള സ്റൈപെന്‍ഡ്, ലംപ്സം ഗ്രാന്റ് തുടങ്ങിയ വിദ്യാഭ്യാസ ആനുകൂല്യങ്ങളും മറ്റു സഹായവും ഈ സര്‍ക്കാര്‍ വന്നതിനുശേഷം ഗണ്യമായി ഉയര്‍ത്തി. 40 കോടി രൂപയുടെ വിദ്യാഭ്യാസ ആനുകൂല്യ കുടിശ്ശിക കൊടുത്തുതീര്‍ത്തു. സ്വാശ്രയ കോളേജുകളിലെ ഫീസുകളടക്കം സര്‍ക്കാരാണ് നല്‍കുന്നത്.

2009-10ലെ ബജറ്റില്‍ പ്രീ-മെട്രിക് ഹോസ്റലുകളിലെ മെസ് അലവന്‍സ് 700 രൂപയില്‍നിന്ന് 1300 രൂപയായും പോസ്റ് മെട്രിക് ഹോസ്റലുകളിലേത് 900 രൂപയില്‍നിന്ന് 1500 രൂപയായും ഉയര്‍ത്തിയിരിക്കുകയാണ്. പട്ടികജാതി പട്ടികവര്‍ഗ വികസന പ്രൊമോട്ടര്‍മാരുടെ ഓണറേറിയം 2000 രൂപയില്‍നിന്ന് 2500 രൂപയാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി യോജിച്ചുകൊണ്ട് ഭൂമിയില്ലാത്തവര്‍ക്കു മുഴുവന്‍ കിടപ്പാടവും വീടില്ലാത്തവര്‍ക്കെല്ലാം വീടും നല്‍കുന്നതിനുള്ള പരിപാടി നടപ്പാക്കും. എട്ട്. മത്സ്യത്തൊഴിലാളികള്‍: ഏറ്റവും സമഗ്രവും നാടകീയവുമായ മാറ്റമുണ്ടായത് മത്സ്യമേഖലയിലാണ്. രണ്ടു രൂപയ്ക്ക് റേഷനരി നല്‍കുന്ന പദ്ധതിയിലും സ്വാശ്രയ കോളേജുകളിലെ വിദ്യാഭ്യാസ ആനൂകൂല്യത്തിന്റെ കാര്യത്തിലും പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കൊപ്പം മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തി. കയറ്റുമതിക്കാരുടെ അംശാദായം ഇല്ലാതിരുന്നിട്ടും ക്ഷേമനിധി ആനുകൂല്യങ്ങള്‍ ഗണ്യമായി ഉയര്‍ത്തി.

കയറ്റുമാതിക്കാരില്‍നിന്ന് അംശാദായം ഉറപ്പുവരുത്താന്‍ പുതിയ നിയമം ഉണ്ടാക്കി കുടിശ്ശിക തീര്‍ത്തു. മസൂകാല ട്രോളിങ് നിരോധനത്തില്‍നിന്ന് പരമ്പരാഗത മേഖലയെ ഒഴിവാക്കിക്കൊണ്ട് നിയമനിര്‍മാണം നടത്തി. ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ വിപുലീകരിച്ചു. എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും രണ്ടുവര്‍ഷത്തിനുള്ളില്‍ വീട്, എല്ലാ വീട്ടിലും വൈദ്യുതിയും വെള്ളവും ഉറപ്പുവരുത്താനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. തീരദേശ പാത സ്റേറ്റ് ഹൈവേയാക്കുന്നതിനുവേണ്ടി 500 കോടി രൂപയുടെ നിര്‍മാണ പ്രവൃത്തികള്‍ക്കാണ് അനുമതി നല്‍കുന്നത്. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള മുഴുവന്‍ ഫിഷിങ് ഹാര്‍ബറുകളും നിര്‍മാണ ഭരണാനുമതി നല്‍കുകയാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് കൃഷിക്കാരെപ്പോലെ കടാശ്വാസം പ്രഖ്യാപിച്ചു.

ഇനിയിപ്പോള്‍ മത്സ്യസമ്പത്തിനുമേല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വത്തവകാശം നല്‍കുന്ന സമഗ്ര ജലപരിഷ്കരണ നിയമം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഒമ്പത്്. പരമ്പരാഗത വ്യവസായം: പാവങ്ങള്‍ ഉപജീവനം നടത്തുന്ന പരമ്പരാഗത വ്യവസായങ്ങളോടുള്ള യുഡിഎഫിന്റെ അവഗണനാപരമായ നടപടിയല്ല ഇടതുപക്ഷ ജനാധിപത്യമുന്നണിയുടേത്. കശുവണ്ടി, കയര്‍, ഖാദി എന്നീ വ്യവസായങ്ങള്‍ക്ക് യുഡിഎഫ് ഭരണകാലത്ത് 79 കോടി രൂപയാണ് പ്രതിവര്‍ഷം ചെലവഴിച്ചത്. എല്‍ഡിഎഫ് ഭരണകാലത്താകട്ടെ 2009-10ലെ ബജറ്റ് അടക്കം 165 കോടി രൂപയാണ് ഈ വ്യവസായങ്ങള്‍ക്ക് ചെലവഴിക്കുന്നത്.

പത്ത്. കാര്‍ഷിക മേഖല: കാര്‍ഷികമേഖലയില്‍ സ്വീകരിച്ച നടപടികള്‍ കൃഷിക്കാരുടെ ആത്മഹത്യക്ക് വിരാമമിട്ടു. കൃഷിക്കാര്‍ക്ക് ക്ഷേമപദ്ധതി ആരംഭിച്ചു, ക്ഷീരകൃഷിക്കാര്‍ക്ക് കാലിത്തീറ്റയ്ക്ക് കിലോയ്ക്ക് 50 പൈസ സബ്സിഡിയായി നല്‍കി. നെല്‍കൃഷിക്ക് പലിശരഹിത വായ്പ, വിള ഇന്‍ഷുറന്‍സ്, 11 രൂപയ്ക്ക് സംഭരണം, വിത്ത്, വളം, കീടനാശിനി, വൈദ്യുതി, പമ്പിങ് എന്നിവയ്ക്ക് വര്‍ധിപ്പിച്ച സബ്സിഡി തുടങ്ങിയവ ഒരു പാക്കേജായി നടപ്പാക്കിയതിന്റെ ഫലമായി കാല്‍ നൂറ്റാണ്ടിനിടയില്‍ ആദ്യമായി നെല്‍വയല്‍ വിസ്തൃതി 2008-09ല്‍ വര്‍ധിച്ചു. യുഡിഎഫിന്റെ കാലത്ത് നെല്ലു സംഭരണത്തിന് ഒരു രൂപാപോലും ചെലവഴിച്ചിട്ടില്ല. മൂന്നുവര്‍ഷംകൊണ്ട് നെല്ലുസംഭരണത്തിന് സബ്സിഡിയായി മാത്രം 117 കോടി രൂപ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവഴിച്ചു.

കൃഷിക്കാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി ആരംഭിച്ചു. വിധവകള്‍, വികലാംഗര്‍, അഗതികള്‍, അനാഥാലയങ്ങള്‍ തുടങ്ങിയവയ്ക്കുള്ള ധസഹായത്തില്‍ ഗണ്യമായ വര്‍ധനയാണ് വരുത്തിയത്. കേരളത്തിലുള്ള മറുനാടന്‍ തൊഴിലാളികള്‍ക്കുകൂടി ക്ഷേമനിധി ആരംഭിക്കാന്‍പോവുകയാണ്. ഇപ്രകാരം സര്‍വതലസ്പര്‍ശിയായി ക്ഷേമ പദ്ധതികള്‍ നടപ്പാക്കിക്കൊണ്ട് യുഡിഎഫ് തകര്‍ത്ത ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ പുനഃസ്ഥാപിച്ചിരിക്കുന്നു.

മറ്റുവാര്‍ത്തകള്‍
  • എന്‍ഡിഎയുടെ വര്‍ഗീയ രാഷ്ട്രീയം

  • കോണ്‍ഗ്രസിന്റെ ദയനീയമായ തകര്‍ച്ച

  • കയ്യൂര്‍ : സമരവീര്യത്തിന്റെ അണയാത്ത ദീപശിഖ

  • Saturday, March 28, 2009

    രാജ്യരക്ഷയുടെ പേരില്‍ വീണ്ടും 600 കോടി രൂപയുടെ അഴിമതി

    ദേശാഭിമാനി മുഖപ്രസംഗം

    രാജ്യരക്ഷയുടെ പേരില്‍ അഴിമതി നടത്തുന്നതില്‍ ബിജെപി സര്‍ക്കാരിനെ പിറകിലേക്ക് തള്ളിമാറ്റാന്‍ കേന്ദ്രത്തിലെ കോഗ്രസ് ഭരണാധികാരികള്‍ക്ക് സാധിച്ചിരിക്കുന്നു. ഇതില്‍ പ്രധാന മന്ത്രി മന്‍മോഹന്‍സിങ്ങിനും പ്രതിരോധമന്ത്രി എ കെ ആന്റണിക്കും അഭിമാനിക്കാന്‍ വകയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് രണ്ടു ദിവസം മുമ്പ് ഫെബ്രുവരി 27ന് ഇസ്രയേലുമായി കോഗ്രസ് നേതൃത്വംനല്‍കുന്ന യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ച പതിനായിരം കോടി രൂപയുടെ മധ്യദൂര, ഭൂതല ആകാശമിസൈല്‍ (എംആര്‍, എസ്എഎം) ഇടപാടില്‍ 600 കോടി രൂപ ഇടനിലക്കാര്‍ കോഴപ്പണമായി കൈപ്പറ്റിയതായ വിവരമാണ് പുറത്തുവന്നത്.

    ബൊഫോഴ്സ് തോക്കിടപാടില്‍ 64 കോടി രൂപയാണ് കോഴപ്പണമെങ്കില്‍ അതിന്റെ പത്തിരട്ടിയാണ് ഇസ്രയേലുമായുള്ള മിസൈല്‍ ഇടപാടിലെ കോഴപ്പണം. ഇസ്രയേല്‍ കമ്പനിയായ ഇസ്രയേല്‍ എയ്റോസ്പെയ്സ് ഇന്‍ഡസ്ട്രീസാണ് ഇടപാടുതുകയായ 10,000 കോടി രൂപയുടെ ആറ് ശതമാനമായ 600 കോടി രൂപ 'ബിസിനസ് ചാര്‍ജ'് എന്ന പേരില്‍ കൈമാറിയത്. ഇതില്‍ 450 കോടി രൂപ കോഗ്രസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഒഴുകിയെന്നാണ് വിവരം. ഇത്തരം ഇടപാടുകളില്‍ ബിസിനസ് ചാര്‍ജ് നല്‍കുന്ന പതിവില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതായത് കോഗ്രസിലെ ഉന്നതര്‍ ഉള്‍പ്പെട്ട വന്‍ അഴിമതിയാണിതെന്ന് വ്യക്തമായിക്കഴിഞ്ഞു.

    2009 ഫെബ്രുവരി 27ന് ഒപ്പുവച്ച കരാറിലെ ഞെട്ടിക്കുന്ന അഴിമതിവിവരം പുറത്തായിട്ടും വിശദീകരണം നല്‍കാന്‍ കഴിയാതെ പ്രതിരോധമന്ത്രാലയം പകച്ചു നില്‍ക്കുകയാണ്. 2007 അവസാനം കരാര്‍ സ്വീകാര്യമല്ലെന്ന നിലപാടില്‍ തിരിച്ചയച്ച പ്രതിരോധമന്ത്രി എ കെ ആന്റണി 2009 ഫെബ്രുവരിയില്‍ കരാര്‍ ഒപ്പിടാന്‍ തയ്യാറായത് ദുരൂഹമാണ്. ഇസ്രയേല്‍ എയര്‍ക്രാഫ്റ്റ് ഇന്‍ഡസ്ട്രീസുമായി വ്യോമപ്രതിരോധ മിസൈല്‍ വാങ്ങുന്ന കരാര്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് 2008 മാര്‍ച്ച് 18ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദനും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കത്തെഴുതിയതാണ്. 2009 ജനുവരിയില്‍ വീണ്ടും ഓര്‍മിപ്പിച്ച് കത്തെഴുതി. അതൊക്കെ അവഗണിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന്റെ രണ്ടുദിവസം മുമ്പ് ഇത്രയും വലിയ തുകയ്ക്കുള്ള കരാര്‍ ധൃതിപിടിച്ച് ഒപ്പിട്ടതിന്റെ പിറകിലുള്ള നിഗൂഢത സമഗ്രമായ അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവരേണ്ടതുണ്ട്.

    മുമ്പൊരു ഇടപാടില്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ അതേ ഇസ്രയേല്‍ കമ്പനിയുമായാണ് 10,000 കോടിയുടെ മിസൈല്‍ ഇടപാട് ഒപ്പിട്ടിരിക്കുന്നത് എന്നത് തികച്ചും അസാധാരണമായ നടപടിയാണ്. ബിജെപി സര്‍ക്കാരിന്റെ കാലത്ത് ആയുധക്കച്ചവടവുമായി ബന്ധപ്പെട്ട് ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ ബങ്കരുലക്ഷ്മ നോട്ടുകെട്ടുകള്‍ വാങ്ങിയത് തെഹല്‍ക എന്ന മാധ്യമം ബഹുജനസമക്ഷം കൊണ്ടുവന്നത് ആരും മറന്നുകാണുകയില്ല.

    ഹവാല ഇടപാട്, ഹര്‍ഷദ് മേത്ത ഓഹരി കുംഭകോണം, ടെലികോം അഴിമതി, ഒരു ലക്ഷം കോടിരൂപ സര്‍ക്കാര്‍ ഖജനാവിന് നഷ്ടപ്പെടുത്തിയ സ്പെക്ട്രം ഇടപാട് തുടങ്ങിയവയൊക്കെ കോഗ്രസിന്റെ ചരിത്രത്തിലെ നാറുന്ന അഴിമതിക്കഥകളാണ്. ഈ അഴിമതിയില്‍ ഒരു രാഷ്ട്രീയവശംകൂടിയുള്ളത് ഓര്‍ക്കാതിരിക്കാന്‍ വയ്യ. അമേരിക്കന്‍ സാമ്രാജ്യത്വശക്തിക്ക് വിടുപണിചെയ്യുന്ന ഇസ്രയേല്‍ ലബനനില്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് കനത്ത തിരിച്ചടി കിട്ടിയ രാഷ്ട്രവുമാണ്.

    പലസ്തീന്‍ വിമോചനപോരാട്ടത്തെ ഭീകരാക്രമണമെന്ന് മുദ്രകുത്തി സകല ശക്തിയും ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന രാഷ്ട്രമാണ് ഇസ്രയേല്‍. ഏറ്റവും ഒടുവില്‍ ഗാസയില്‍ നടത്തിയ കടന്നാക്രമണത്തില്‍ ആയിരത്തിമുന്നൂറില്‍പ്പരം പലസ്തീന്‍കാരെയാണ് അതിക്രൂരമായി കൊന്നൊടുക്കിയത്. നിരപരാധികളായ സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും. ആശുപത്രികളും വിദ്യാലയങ്ങളും ലക്ഷ്യമാക്കിയാണ് ബോംബ് വര്‍ഷിച്ചത്. ഇതിനെത്തുടര്‍ന്ന് ഇസ്രയേലും ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കണമെന്ന് ഇടതുപക്ഷം പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു. ഇസ്രയേലില്‍നിന്ന് ലോകത്തില്‍ത്തന്നെ ഏറ്റവും അധികം ആയുധം വാങ്ങുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറയുന്നത് ഇന്ത്യയുടെ മനസ്സ് പലസ്തീന്‍ ജനതയോടൊപ്പമാണെന്നാണ്. ഇതില്‍പ്പരം വഞ്ചന മറ്റൊന്നില്ല.

    അതിലും വിചിത്രമാണ് കോഗ്രസിനോടൊപ്പം ഭരണത്തില്‍ പങ്കാളിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗിന്റെ നിലപാട്. ഇന്ത്യ ഇസ്രയേലുമായുള്ള തന്ത്രബന്ധം ഉപേക്ഷിക്കണമെന്ന് മുസ്ളിംലീഗ് പാണക്കാട്ട് യോഗം ചേര്‍ന്ന് പ്രമേയം പാസാക്കി. ലീഗധ്യക്ഷന്‍ ഈ ആവശ്യം പരസ്യമായി ഉന്നയിക്കുകയുംചെയ്തു. എന്നാല്‍, പ്രമേയം എഴുതിയ കടലാസിന്റെ വിലപോലും കല്‍പ്പിക്കാന്‍ പ്രധാനമന്ത്രിയോ കോഗ്രസ് നേതൃത്വമോ തയ്യാറായില്ല. സ്വന്തം അണികളെ വഞ്ചിക്കാനുള്ളതാണ് പ്രമേയമെന്നതുകൊണ്ട് അത് നടപ്പാക്കണമെന്ന് മുസ്ളിംലീഗിനും താല്‍പ്പര്യമില്ല.

    അതെന്തായാലും ഇന്ത്യയുടെ സുരക്ഷിതത്വംപോലും കോഗ്രസ് ഭരണത്തില്‍ ഭദ്രമല്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. ഭരണം അവസാനിക്കാന്‍പോകുന്ന ഈ വേളയില്‍ ന്യൂനപക്ഷമായി മാറിയ കെയര്‍ടേക്കര്‍ പദവി മാത്രമുള്ള യുപിഎ സര്‍ക്കാരിന്റെ കത്തുന്ന പുരയില്‍നിന്ന് വലിച്ച കൊള്ളി ലാഭം എന്ന നിലപാട് ബഹുജനങ്ങള്‍ തിരിച്ചറിയണം. രാജ്യരക്ഷയുടെ പേരില്‍ നടത്തുന്ന നീചമായ തട്ടിപ്പും വെട്ടിപ്പും പുറത്തുകൊണ്ടുവരാനുതകുന്ന അന്വേഷണം ഉടന്‍ നടത്തണമെന്ന ആവശ്യം ഉയര്‍ന്നുവരണം. കള്ളന്മാരെയും കൊള്ളക്കാരെയും രക്ഷപ്പെടാന്‍ അനുവദിച്ചുകൂടാ.

    Friday, March 27, 2009

    ആയുധ കരാര്‍ ഇസ്രയേലുമായുള്ള സഹകരണത്തിന് ഉദാഹരണം: പിണറായി



    ദേശാഭിമാനിയിൽനിന്ന്‌


    കോട്ടയം: അമേരിക്കന്‍ സാമ്രാജ്യത്വത്തോട് ഒട്ടിനില്‍ക്കുന്ന ഇസ്രയേലിനെ പ്രോല്‍സാഹിപ്പിക്കുന്ന യുപിഎ നയത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് അവരുമായുള്ള മിസൈല്‍ കച്ചവട കരാറെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കോട്ടയം പ്രസ്ക്ളബില്‍ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേലുമായി ഒരു തരത്തിലുള്ള ബന്ധവും മുന്‍കാലങ്ങളില്‍ ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ദൃഡമായ സുഹൃത്ത് ബന്ധമാണ് കോഗ്രസ് സര്‍ക്കാരിനുള്ളത്.

    മിസൈല്‍ കരാറിന്റെ കാര്യത്തിലും ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്. ഇവിടെ ഉണ്ടാക്കാന്‍ കഴിയുന്ന മിസൈലിനെക്കാളും ഗുണനിലവാരം കുറഞ്ഞ മിസൈല്‍ വാങ്ങുന്നുവെന്നാണ് ആക്ഷേപം. കരാറില്‍ ഇടപെട്ട കമ്പനിയെക്കുറിച്ച് ആക്ഷേപം ഉയരുകയും കരാര്‍ നിര്‍ദേശം തിരിച്ചയക്കുകയും ചെയ്തിരുന്നു. ഏതാനും മാസം കഴിഞ്ഞപ്പോള്‍ വീണ്ടും കരാറില്‍ ഏര്‍പ്പെട്ടു. ഇതേക്കുറിച്ച് അന്വേഷണം നടത്തണം. അമേരിക്കന്‍ പ്രീണനമാണ് ഇത്തരം കരാറില്‍ ഏര്‍പ്പെടുന്നതിനുള്ള കാരണം. ഗാസയിലെ കൂട്ടക്കൊലയെ പ്രകീര്‍ത്തിച്ച് ലേഖനം എഴുതിയവര്‍പോലും കോഗ്രസ് സ്ഥാനാര്‍ഥി പട്ടികയിലുണ്ട്.

    ദേശീയ തലത്തില്‍ കോഗ്രസ് നയിക്കുന്ന മുന്നണി ദുര്‍ബലമായിരിക്കുന്നു. ലാലു പ്രസാദ് യാദവും മുലായം സിങ്ങും രാംവിലാസ് പസ്വാനും ചേര്‍ന്നുള്ള കുറുമുന്നണി ഇതിന് ഉദാഹരണമാണ്. ദേശീയ തലത്തിലുള്ള കോഗ്രസിന്റെ ഈ ദുര്‍ബലാവസ്ഥമൂലം കേരളത്തില്‍ യുഡിഎഫിന് നല്ല പരാജയം ഏറ്റുവാങ്ങേണ്ടിവരും. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും എല്‍ഡിഎഫ് നയ സമീപനങ്ങളും ഇടതുപക്ഷ ജനാധിപത്യമുന്നണി വിജയത്തെ സഹായിക്കും. പിഡിപിയുമായുള്ള എല്‍ഡിഎഫ് ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന്, പിഡിപി നയം മാറ്റി എല്‍ഡിഎഫിനെ സഹായിക്കുന്നു. നാടിന് ഗുണമല്ലാത്ത നയസമീപനങ്ങള്‍ സ്വീകരിച്ചിരുന്നവര്‍ അത് തിരുത്തി മതേതര നിലപാട് ഉയര്‍ത്തി പിടിക്കുമ്പോള്‍ അത് വേണ്ട എന്ന പറയേണ്ടതില്ലെന്നും പിണറായി പറഞ്ഞു.

    600 കോടി കോഴ

    600 കോടി കോഴ- ദേശാഭിമാനി വാർത്ത
    ന്യൂഡല്‍ഹി: ഇസ്രയേലുമായി യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ച പതിനായിരം കോടി രൂപയുടെ മധ്യദൂര ഭൂതല-ആകാശ മിസൈല്‍ (എംആര്‍എസ്എഎം) ഇടപാടില്‍ 600 കോടി രൂപയുടെ കോഴയുണ്ടെന്ന് പുറത്തുവന്നു. കരാര്‍ത്തുകയുടെ ആറ് ശതമാനമാണ് ഇസ്രയേല്‍ കമ്പനിയായ ഇസ്രയേല്‍ എയ്റോസ്പെയ്സ് ഇന്‍ഡസ്ട്രീസ് (ഐഎഐ) കോഴയായി നല്‍കിയത്.

    ബിസിനസ് ചാര്‍ജ് എന്ന പേരിലാണ് കോഴ കൈമാറിയതെന്നാണ് വിവരം. പ്രതിരോധ ഇടപാടില്‍ ആദ്യമായാണ് ബിസിനസ് ചാര്‍ജ് എന്ന പേരില്‍ കോഴ കരാറിന്റെ ഭാഗമായി നല്‍കുന്നത്. ഇടനിലക്കാര്‍ക്ക് ഒന്നര ശതമാനം മാത്രമാണ് ലഭിച്ചതെന്നും ബാക്കി തുക കോഗ്രസിന്റെ തെരഞ്ഞെടുപ്പുഫണ്ടിലേക്ക് മാറ്റിയെന്നുമാണ് വിവരം. അതായത് 450 കോടി രൂപയാണ് ഫെബ്രുവരി 27ന് ഒപ്പുവച്ച കരാറിലൂടെ പ്രതിരോധമന്ത്രി എ കെ ആന്റണി കോഗ്രസിന്റെ തെരഞ്ഞെടുപ്പുഫണ്ടിലേക്ക് സ്വരൂപിച്ചത്.

    തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം കോഴയുടെ ആദ്യഗഡു കൈമാറി. കരാറിനെക്കുറിച്ച് ദേശീയമാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടും പ്രതിരോധമന്ത്രാലയം മൌനം പാലിക്കുകയാണ്. ബിസിനസ് ചാര്‍ജ് ഉള്‍പ്പെട്ട കരാറിന് കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാസമിതി അംഗീകാരം നല്‍കിയത് കോഴയ്ക്ക് സാധുത നല്‍കി. എ കെ ആന്റണി നേതൃത്വംനല്‍കുന്ന പ്രതിരോധമന്ത്രാലയമാണ് ബിസിനസ് ഉള്‍പ്പെടുന്ന കരാര്‍ അംഗീകരിച്ചത്. 2007 അവസാനം കരാര്‍ തിരിച്ചയച്ച ആന്റണി 2008 മാര്‍ച്ചില്‍ കരാറുമായി മുന്നോട്ടുവന്നത് ദൂരൂഹമാണ്. പ്രധാനമന്ത്രികാര്യാലയമാണോ കോഗ്രസ് പ്രസിഡന്റാണോ കരാറുമായി മുന്നോട്ടുപോകാനുള്ള നിര്‍ദേശം ആന്റണിക്ക് നല്‍കിയതെന്ന് വ്യക്തമല്ല. കോഴക്കേസില്‍പെട്ട എല്ലാ കമ്പനികളെയും കരിമ്പട്ടികയില്‍ പെടുത്തുക എന്നത് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ രീതിയാണ്. 22 വര്‍ഷംമുമ്പ് രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ നടന്ന ബൊഫോഴ്സ് ഇടപാടില്‍ 64 കോടി രൂപയുടെ അഴിമതി പുറത്തുവന്നതോടെ ഈ സ്വീഡിഷ് കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു.

    പ്രതിരോധ ഇടപാടില്‍ അഴിമതി കണ്ടതിനെത്തുടര്‍ന്ന് ഡച്ച് കമ്പനിയായ എച്ച്ഡിഡബ്ള്യുവിനെയും ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ ഡെനലിനെയും കരിമ്പട്ടികയില്‍പ്പെടുത്തി. സിബിഐ എഫ്ഐആര്‍ ഫയല്‍ ചെയ്യുംമുമ്പായിരുന്നു ഈ കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തിയത്. എന്നാല്‍, ബറാക് മിസൈല്‍ ഇടപാടില്‍ ഇന്ത്യയിലും മറ്റ് ഇടപാടുകളില്‍ ഇസ്രയേലില്‍ ത്തന്നെയും കോഴ ആരോപണത്തിന് വിധേയമായ ഐഎഐയെ കരിമ്പട്ടികയില്‍ പെടുത്തിയില്ല. അവരുമായി വീണ്ടും പതിനായിരം കോടി രൂപയുടെ കരാറില്‍ ഒപ്പുവയ്ക്കാന്‍ ആന്റണിയെ പ്രേരിപ്പിച്ചത് എന്താണെന്നും വ്യക്തമാകേണ്ടതുണ്ട്.

    വായുസേനയിലെ ഉന്നതരരായ ചില ഇസ്രയേലി പക്ഷപാതികളാണ് കരാറുമായി മുന്നോട്ടുപോകാന്‍ പ്രതിരോധമന്ത്രാലയത്തില്‍ സമ്മര്‍ദം ചെലുത്തിയത്. ഇസ്രയേല്‍ ആയുധക്കമ്പനിയുടെ ഏജന്റായ മുന്‍ വ്യോമസേനാ മേധാവി ത്യാഗിയും നിലവിലുള്ള വൈസ് ചീഫ് എയര്‍മാര്‍ഷല്‍ ബ്രൌണുമാണ് ഇസ്രയേല്‍ മിസൈല്‍ വാങ്ങാന്‍ നിര്‍ബന്ധിച്ചതെന്ന് അറിയുന്നു. 1992ല്‍ ഇസ്രയേലുമായി നയതന്ത്രബന്ധം പുനഃസ്ഥാപിച്ച ഘട്ടത്തില്‍ ഇസ്രയേലില്‍ ഡിഫന്‍സ് അറ്റാഷെയായി പ്രവര്‍ത്തിച്ചയാളാണ് ബ്രൌ. ടെന്‍ഡര്‍ വിളിക്കാതെയാണ് ഇസ്രയേല്‍ കമ്പനിക്ക് കരാര്‍ നല്‍കിയത്.

    യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് ടെന്‍ഡര്‍ വിളിക്കാതെ പ്രതിരോധ ഇടപാടുകള്‍ ഉറപ്പിക്കാനാരംഭിക്കുന്നത്. ഇസ്രയേലുമായി കഴിഞ്ഞവര്‍ഷം ഒപ്പുവച്ച സ്പൈഡര്‍ മിസൈല്‍ കരാറിലും ഇതുതന്നെ സംഭവിച്ചു. കാലതാമസം ഒഴിവാക്കുക എന്ന ന്യായം പറഞ്ഞാണ് ഇങ്ങനെ കരാര്‍ ഉറപ്പിക്കുന്നത്.

    Thursday, March 26, 2009

    പരിധിവിടുന്ന നീതിപീഠം

    ദേശാഭിമാനി മുഖപ്രസംഗം


    സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നെന്ന ഹൈക്കോടതി ജഡ്ജി വി രാംകുമാറിന്റെ പരാമര്‍ശം നീതിന്യായവ്യവസ്ഥയുടെ അതിരുകള്‍ ലംഘിക്കുന്നതാണ്. കേസുമായി ബന്ധമില്ലാത്ത കാര്യത്തില്‍ പരാമര്‍ശം നടത്തുന്നതിനു ജഡ്ജിക്ക് അധികാരമില്ല. സംസ്ഥാനത്തെ ക്രമസമാധാനനിലയെ സംബന്ധിച്ച് ഏതു വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഇത്തരം നിഗമനങ്ങളില്‍ എത്തുന്നത്?

    കോടതി മുറിയിലിരിക്കുന്ന ജഡ്ജിക്ക് നാട്ടില്‍ നടക്കുന്ന എല്ലാ കാര്യങ്ങളെ സംബന്ധിച്ചും ധാരണയുണ്ടാകില്ല. ജഡ്ജിമാര്‍ തങ്ങളുടെ മുമ്പിലെത്തുന്ന തെളിവുകളുടെയും വാദമുഖങ്ങളുടെയും അടിസ്ഥാനത്തിലാണ് നിഗമനങ്ങളില്‍ എത്തുന്നത്. വിചാരണവേളയില്‍ സത്യം വെളിച്ചത്തുകൊണ്ടുവരുന്നതിന് വാദത്തിനിടയില്‍ ചില ചോദ്യം ഉന്നയിക്കാറുണ്ട്.

    എന്നാല്‍, ഒരു ക്രിമിനല്‍ക്കേസില്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതിനിടയില്‍ സംസ്ഥാനത്തെ ക്രമസമാധാനത്തെക്കുറിച്ച് എവിടെനിന്നാണ് വിവരം കിട്ടുന്നത്. സര്‍ക്കാരിന്റെ അഭിപ്രായം കേള്‍ക്കാതെ നിഗമനത്തില്‍ എത്തുന്നത് ഏകപക്ഷീയമായ പ്രവര്‍ത്തനവും പ്രാഥമികനീതിയുടെ നിഷേധവുമാണ്. ഇതേ ജഡ്ജിതന്നെയാണ് കണ്ണൂരില്‍ ആകെ പ്രശ്നമാണെന്നും കേന്ദ്രസേനയെ വിന്യസിക്കണമെന്നും അതിനു ഗവര്‍ണര്‍ മുന്‍കൈ എടുക്കണമെന്നും മറ്റൊരു കേസില്‍ അഭിപ്രായപ്പെട്ടത്. ആ പരാമര്‍ശം പിന്നീട് ഡിവിഷന്‍ ബെഞ്ച് തിരുത്തി. എന്നാല്‍, ആദ്യത്തെ പരാമര്‍ശം ആഘോഷിച്ച് ഒന്നാംപേജില്‍ നിരത്തിയ പത്രങ്ങളും ചര്‍ച്ചകളും വിശകലനങ്ങളുമായി കൊഴുപ്പിച്ച ദൃശ്യമാധ്യമങ്ങളും ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം പാര്‍ശ്വവല്‍ക്കരിച്ചു.

    പരാമര്‍ശങ്ങള്‍ ദുരുപയോഗപ്പെടുത്തുന്ന രീതി, ഇതില്‍നിന്ന് പഠിക്കാതെയാണ് ജഡ്ജി വി രാംകുമാര്‍ വീണ്ടും അത്തരം രീതി തുടരുന്നത്. പൊലീസ്മെഡല്‍ നല്‍കുന്നതിനെ സംബന്ധിച്ച് ആഭ്യന്തരമന്ത്രിയെ കുറ്റപ്പെടുത്തി പരാമര്‍ശം നടത്തിയതും ഇതേ ജഡ്ജിയായിരുന്നു. ഒരു ബന്ധവുമില്ലാത്ത കാര്യത്തില്‍ മറ്റൊരു കേസില്‍ ഇത്തരം പരാമര്‍ശം നടത്തുമ്പോള്‍ ഹൈക്കോടതിയെ സംബന്ധിച്ച് ജനങ്ങളില്‍ അവമതിപ്പുണ്ടാക്കുകയാണ് ചെയ്യുന്നത്. മെഡല്‍ കിട്ടാന്‍ ശ്രമിച്ച് പരാജയപ്പെട്ടയാളോ ശുപാര്‍ശ നല്‍കി നിരാശപ്പെട്ടയാളോ നടത്തുന്ന പരാമര്‍ശംപോലെ ജഡ്ജിമാര്‍ അഭിപ്രായം പ്രകടിപ്പിക്കരുത്. കോടതിയില്‍ ഏതു ജഡ്ജിയാണ് പരാമര്‍ശം നടത്തിയതെന്ന് ജനം അന്വേഷിക്കില്ല. ഹൈക്കോടതിയുടെ പൊതു അഭിപ്രായമായി ജനം തെറ്റിദ്ധരിക്കുമെന്നതുകൊണ്ട് സ്വയം നിയന്ത്രിക്കാന്‍ ജഡ്ജിമാര്‍ തയ്യാറാകണം.

    തലശേരി താലൂക്കില്‍ നടക്കുന്ന കാര്യങ്ങളെല്ലാം തലശേരി മണ്ഡലത്തിലാണെന്ന് ഹൈക്കോടതി ജഡ്ജി അജ്ഞതയില്‍നിന്ന് പറയുമ്പോള്‍ ആ സ്ഥാപനത്തെക്കുറിച്ച് ജനം എന്തു പറയും. കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ കുറവായ ജില്ലയാണ് കണ്ണൂര്‍ എന്ന് വസ്തുതകള്‍ നിരത്തി അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ വാദിച്ചത് കോടതിക്കും ബോധ്യപ്പെട്ടതാണ്. ക്രമസമാധാനപരിപാലനത്തില്‍ കേരളം മികച്ച നിലയിലാണെന്ന് കേന്ദ്രസര്‍ക്കാരുള്‍പ്പെടെ നിരവധി ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തിയത് കാണാനുള്ള ക്ഷമ കാണിച്ചിരുന്നെങ്കില്‍ ഈ നിരീക്ഷണം നടത്തേണ്ടിവരില്ലായിരുന്നു. കേസിന്റെ വിചാരണയ്ക്കിടയില്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ക്ക് നിയമപരമായി സാധുതയില്ല.

    എന്നാല്‍, നീതിപീഠത്തിന്റെ പരാമര്‍ശങ്ങളെ കോടതിയുടെ വിധിയെന്ന മട്ടില്‍ മാധ്യമങ്ങള്‍ അവതരിപ്പിക്കുമെന്ന കാര്യം മറക്കരുത്. സര്‍ക്കാരിനുണ്ടാകുന്ന പോരായ്മകളും തെറ്റുകളും ചൂണ്ടിക്കാണിക്കാനും തിരുത്തിക്കാനും നിയമത്തിനകത്തുനിന്ന് ഹൈക്കോടതിക്ക് നിശ്ചിതമായ അധികാരമുണ്ട്. അത്തരം വിധികളെ ബഹുമാനിക്കുകയും പറ്റിയ തെറ്റ് തിരുത്തുകയും ചെയ്യുന്നതില്‍ ദുരഭിമാനമില്ലാത്ത സര്‍ക്കാരാണ് നാട് ഭരിക്കുന്നത്. എന്നാല്‍, എന്തും പറയാന്‍ തങ്ങള്‍ക്ക് അധികാരവും അവകാശവുമുണ്ടെന്ന മട്ടില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പരസ്യമായി തുറന്നുകാട്ടേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. കോടതിയില്‍നിന്ന് തെറ്റായ വിധിയോ പരാമര്‍ശമോ ഉണ്ടായാല്‍ അപ്പീല്‍ കൊടുത്തു തിരുത്തിക്കുക എന്ന നിയമപരമായ രീതിയാണ് സാധാരണ പിന്തുടരാറുള്ളത്. എന്നാല്‍, തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ നടത്തിയ പരാമര്‍ശം തിരുത്തിക്കാന്‍ അപ്പീല്‍ നല്‍കിയാല്‍ വിധി വരുമ്പോഴേക്കും തെരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കും.

    അതുകൊണ്ടുകൂടിയാണ് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ശരിയായ രീതിയില്‍ പ്രതികരിച്ചത്. തെരഞ്ഞെടുപ്പിന്റെ പ്രചാരണഘട്ടത്തില്‍ പെരുമാറ്റച്ചട്ടം കോടതിക്കും ബാധകമാണെന്ന ആഭ്യന്തരമന്ത്രിയുടെ പ്രതികരണം പ്രസക്തമാണ്. രാഷ്ട്രീയമായി ജനങ്ങളെ സ്വാധീനിക്കുന്ന ഒരു നടപടിയും ഭരണഘടനാസ്ഥാപനങ്ങളില്‍നിന്ന് ഉണ്ടാകാന്‍ പാടില്ല. അത് കോടതിയും മനസ്സിലാക്കണം. യുഡിഎഫിന്റെ രാഷ്ട്രീയ പ്രചാരവേലയ്ക്ക് ആയുധമായി മാറുന്ന പരാമര്‍ശം ഇത്തരം സന്ദര്‍ഭത്തില്‍ വരുമ്പോള്‍ സ്വാഭാവികമായും ജനം അതില്‍ പക്ഷപാതിത്വം കാണും. ജനാധിപത്യത്തിന്റെ ഏറ്റവും ഉന്നതമായ പ്രവര്‍ത്തനങ്ങളിലൊന്നായ തെരഞ്ഞെടുപ്പിനെ 'കളി'യായി കാണുന്ന ജഡ്ജിക്ക് ഭരണഘടനയുടെ കാവല്‍ക്കാരനാകാന്‍ കഴിയില്ല.

    ഭരണഘടന ഓരോ സ്ഥാപനങ്ങള്‍ക്കും അതിന്റേതായ അധികാരങ്ങള്‍ നിര്‍വചിച്ചിട്ടുണ്ട്. പരസ്പര ബഹുമാനത്തോടെ പ്രവര്‍ത്തിക്കുകയെന്ന ഉത്തരവാദിത്തം നിയമനിര്‍മാണസഭയ്ക്കും എക്സിക്യൂട്ടിവിനും നീതിന്യായവ്യവസ്ഥയ്ക്കുമുണ്ട്. ഭരണഘടന ഭേദഗതിചെയ്യുന്നതിനും ജഡ്ജിമാരെ ഇംപീച്ച് ചെയ്യുന്നതിനും അധികാരമുള്ള സംവിധാനത്തിലേക്കുള്ള തെരഞ്ഞെടുപ്പിനെ കളിയായി കാണുന്നത് പച്ചയ്ക്കു പറഞ്ഞാല്‍ ധിക്കാരമാണ്. നീതിപീഠത്തിന്റെ മഹനീയത സംരക്ഷിക്കുന്നതിന് ചീഫ് ജസ്റ്റിസ് സുവോമോട്ടയായി ഇടപെട്ട് അതിരുകടക്കുന്ന പരാമര്‍ശം റദ്ദാക്കുകയാണ് വേണ്ടത്.


    മറ്റുവാര്‍ത്തകള്‍
  • ഉമ്മന്‍ചാണ്ടീ, കള്ളം പറയരുത്

  • ശാന്തമാകുന്ന പാകിസ്ഥാന്‍

  • ഇസ്രയേലും കോഗ്രസും

  • വര്‍ഗീയ കുതന്ത്രങ്ങള്‍ക്കെതിരെ നിതാന്ത ജാഗ്രത

  • അങ്കത്തട്ടിലേക്ക്

  • നുണപ്രചാരണമോ മാധ്യമധര്‍മം

  • കോഗ്രസിന്റെ ദയനീയാവസ്ഥ

  • വരുഗാന്ധി വമിപ്പിച്ച വര്‍ഗീയ കാളകൂടം

  • എല്‍സാല്‍വദോറിലും ഇടതുപക്ഷ വിജയം

  • ബദല്‍ നയങ്ങളുടെ പ്രഖ്യാപനം

  • തളരുന്ന കോഗ്രസും ബിജെപിയും

  • മൂന്നാം മുന്നണി രാജ്യത്തിന്റെ ഭാവി

  • പാകിസ്ഥാനിലെ അരക്ഷിതാവസ്ഥ

  • കോഗ്രസിന്റെ വര്‍ഗീയപ്രീണന സമീപനം

  • തരംതാണ പ്രചാരവേല

  • മൂന്നാം മുന്നണിയുടെ പ്രസക്തി

  • ഒറീസയുടെ സന്ദേശം

  • രാഹുല്‍ഗാന്ധിയുടെ വൃഥാവ്യായാമം

  • മനോരമയുടെ സാമ്പിള്‍ വെടിക്കെട്ട്

  • സര്‍ക്കാര്‍ ആശുപത്രികളെ തകര്‍ക്കാന്‍ നീക്കം
  • Wednesday, March 25, 2009

    ശക്തിപ്പെടുന്ന രാഷ്ട്രീയ ധ്രുവീകരണം

    ദേശാഭിമാനി ലേഖനം

    പി രാജീവ്

    അതിവേഗത്തില്‍ വിപുലപ്പെടുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പിന്തുണ കണ്ട് വിറളിപൂണ്ട യുഡിഎഫും വലതുപക്ഷ മാധ്യമങ്ങളും തുടര്‍ച്ചയായ നുണപ്രചാരവേലയിലൂടെ വോട്ടര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ കഴിയുമോ എന്ന് വൃഥാ ശ്രമിക്കുകയാണ്. മഅ്ദനിയും പിഡിപിയും വര്‍ഗീയവാദിയാണോ അല്ലയോ എന്ന ചോദ്യമാണ് ഇവര്‍ നിരന്തരം ഉന്നയിക്കുന്നത്. തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയം മഅ്ദനിയാണെന്ന് മാതൃഭൂമി കണ്ടെത്തിയിട്ടുണ്ട്. ഒരു വ്യക്തിയോ രാഷ്ട്രീയപാര്‍ടിയോ വര്‍ഗീയമാണോ അല്ലയോ എന്നു വിലയിരുത്തുന്നത് തെറ്റല്ല. അത്തരം വിലയിരുത്തലുകള്‍ നടത്തേണ്ടത് ഇന്ന് ആ പാര്‍ടി സ്വീകരിക്കുന്ന നിലപാടുകളുടെ അടിസ്ഥാനത്തിലായിരിക്കണം. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പ്രതിയാകുന്നതിനുമുമ്പുള്ള മഅ്ദനിയെയും പിഡിപിയെയും മതനിരപേക്ഷ സമൂഹം നിരാകരിച്ചത് അത് വര്‍ഗീയമാണെന്ന് തിരിച്ചറിഞ്ഞാണ്. ന്യൂനപക്ഷം വര്‍ഗീയമായി സംഘടിക്കുന്നത് ഭൂരിപക്ഷ വര്‍ഗീയതയെ സഹായിക്കുകമാത്രമാണ് ചെയ്യുകയെന്ന് തിരിച്ചറിയുന്നവര്‍ക്ക് അന്നത്തെ പിഡിപിയെ അനുകൂലിക്കാന്‍ കഴിയില്ല. ആ സന്ദര്‍ഭത്തില്‍ പിഡിപിയുമായി കൂട്ടുകൂടുകയും ഇപ്പോള്‍ മുസ്ളിംലീഗ് എന്ന വര്‍ഗീയപാര്‍ടിയുമായുള്ള ബന്ധം തുടരുകയും ചെയ്യുന്നവരാണ് ഇന്ന് മഅ്ദനി വിവാദം നയിക്കുന്ന യുഡിഎഫ് നേതാക്കള്‍. അവര്‍ പിഡിപിയുടെ മാറ്റം കണ്ടതായി നടിക്കുന്നുമില്ല. സിപിഐ എമ്മും ഇടതുപക്ഷവും സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ പല പാര്‍ടികളെയും സംഘടനകളെയും സ്വാധീനിച്ചീട്ടുണ്ട്. അതില്‍ പ്രധാനം സാമ്രാജ്യത്വ വിരുദ്ധ നിലപാടാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷം മാത്രമാണ്. ഇറാഖ് അധിനിവേശം, ഇറാനുനേരെയുള്ള ഭീഷണി, പലസ്തീനിലെ സയണിസ്റ്റ് ക്രൂരത എന്നിങ്ങനെയുള്ള പ്രശ്നങ്ങളില്‍ സാര്‍വദേശീയമായി ഉയര്‍ന്നുവന്ന പ്രതിഷേധത്തിന്റെ ഇന്ത്യന്‍മുഖം ഇടതുപക്ഷമാണ്. ഇന്നലെകളില്‍ ചേരിചേരായ്മയില്‍ അധിഷ്ഠിതമായ വിദേശനയം ഉയര്‍ത്തിപ്പിടിച്ചിരുന്ന കോഗ്രസാകട്ടെ അമേരിക്കന്‍ വിധേയത്വത്തിലേക്ക് അധഃപതിച്ചു. ഇസ്ളാമിക ഭീകരവാദം എന്ന് മുദ്രകുത്തി ഇസ്ളാമിനെതിരെ സാമ്രാജ്യത്വം നടത്തുന്ന കൊടുംക്രൂരതകളെ അപലപിക്കാന്‍പോലും കോഗ്രസ് തയ്യാറാകുന്നില്ല. പലസ്തീനിലെ കൂട്ടക്കൊലയെ ദുര്‍ബലമായി അപലപിച്ച യുപിഎ സര്‍ക്കാര്‍ ഇസ്രയേലിനെ സംബന്ധിച്ച് പരമാര്‍ശിക്കാന്‍ ധൈര്യം കാട്ടിയില്ല. പലസ്തീനില്‍ കുഞ്ഞുങ്ങളെയും സ്ത്രീകളെയുംവരെ കൊന്നൊടുക്കിയ ഇസ്രയേലിന്റെ ക്രൂരതയെ മഹത്വവല്‍ക്കരിച്ച ശശി തരൂര്‍ കോഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടം കിട്ടുന്നതുവരെ എത്തി വിധേയത്വം. കഴിഞ്ഞകാലങ്ങളില്‍ കോഗ്രസിന്റെയൊപ്പമായിരുന്ന മുസ്ളിം ന്യൂനപക്ഷങ്ങളില്‍ ഇതെല്ലാം കടുത്ത അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലും മഞ്ചേരി ലോക്സഭാമണ്ഡലത്തിലും മാറുന്ന മലപ്പുറത്തിന്റെ മുഖത്തിന് ഇതും ഒരു പ്രധാന കാരണമായിരുന്നു. രണ്ടാമത്തെ കാര്യം ഇടതുപക്ഷം സ്വീകരിക്കുന്ന ശക്തമായ മതനിരപേക്ഷ നിലപാടാണ്. എവിടെ മതന്യൂനപക്ഷം ആക്രമിക്കപ്പെടുന്നുവോ അവിടെയെല്ലാം പ്രതിരോധം തീര്‍ക്കുന്നത് ഇടതുപക്ഷമാണ്. സംഘപരിവാറിന്റെ ആക്രമണങ്ങളില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ എന്തും ത്യജിക്കാന്‍ തയ്യാറാകുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനോട് മതനിരപേക്ഷ വാദികള്‍ക്ക് താല്‍പ്പര്യം തോന്നുന്നത് സ്വാഭാവികംമാത്രമാണ്്. ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റി നിര്‍ത്തുന്നതിന്, കടുത്ത രാഷ്ട്രീയശത്രുതയുള്ള കോഗ്രസിനെ വരെ പിന്തുണയ്ക്കാന്‍ തയ്യാറായ ചരിത്രമാണ് ഇടതുപക്ഷത്തിനുളളത്. 2004ല്‍ ഇടതുപക്ഷം സ്വീകരിച്ച ആ നിലപാടിന്റെകൂടി ഫലമാണ് ഇന്നു കാണുന്ന എന്‍ഡിഎയുടെ ഒറ്റപ്പെടല്‍. എന്നാല്‍, കോഗ്രസാകട്ടെ മൃദുഹിന്ദുത്വ സമീപനംതന്നെയാണ് തുടരുന്നത്. വര്‍ഗീയശക്തികളെ അടിച്ചമര്‍ത്തുന്നതിനു തയ്യാറാകുന്നില്ല. മതനിരപേക്ഷ വാദികള്‍ക്ക് ഉറച്ചുവിശ്വസിക്കാന്‍ കഴിയുന്നത് ഇടതുപക്ഷത്തെ മാത്രമാണെന്ന യാഥാര്‍ഥ്യം മതന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ നിലപാടിനെ സ്വാധീനിച്ചിട്ടുണ്ട്. ഈ സാഹചര്യം മുസ്ളിം ജനവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ നിലപാടിനെ സ്വാധീനിക്കുന്നത് സ്വാഭാവികമാണ്. മുസ്ളിംജനസാമാന്യത്തിന്റെ ഏകരാഷ്ട്രീയപാര്‍ടിയായി കണ്ടിരുന്ന മുസ്ളിംലീഗിന്റെ തനിനിറം ജനം തിരിച്ചറിയുകയുംചെയ്തു. ബാബറി പള്ളി തകര്‍ത്തപ്പോള്‍ നിശബ്ദതയിലൂടെ ഒത്താശചെയ്ത കോഗ്രസിന്റെ ഒപ്പം കേരള മന്ത്രിസഭയില്‍ തുടര്‍ന്ന ലീഗിന്റെ താല്‍പ്പര്യം അധികാരത്തോടു മാത്രമാണെന്ന് അണികള്‍ക്ക് ബോധ്യപ്പെട്ടു. ഇസ്ളാമികവേട്ട നടത്തുന്ന അമേരിക്കയുമായി തന്ത്രപരമായ ബന്ധമുണ്ടാക്കുന്നതിനു നേതൃത്വം നല്‍കിയ ഇ അഹമ്മദ് ലീഗിന്റെ അധികാരത്തോടുള്ള ആര്‍ത്തി ഒന്നുകൂടി പുറത്തുകാണിച്ചു. ഇസ്രയേലുമായി അടുത്ത ബന്ധമുണ്ടാക്കുന്നതിനു നേതൃത്വം നല്‍കുന്നതും അഹമ്മദാണ്. ഇന്ന് ഇന്ത്യ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യം ഇസ്രയേലാണ്. സാമ്രാജ്യത്വ വിരുദ്ധവികാരം ശക്തിപ്പെടുത്തേണ്ട കാലത്തെ ഈ ദാസ്യവേല ലീഗിനെ സമുദായത്തില്‍ ഒറ്റപ്പെടുത്തിയിരിക്കുന്നു. മതന്യൂനപക്ഷങ്ങളില്‍പ്പെട്ടവര്‍ കൂടുതല്‍ കൂടുതല്‍ ഇടതുപക്ഷത്തോട് അടുക്കുന്നതിന് ഇതിടയാക്കി. വര്‍ഗീയതയെ ചെറുത്തുതോല്‍പ്പിക്കുന്നതിന് മതനിരപേക്ഷമായി സംഘടിക്കേണ്ടതുണ്ടെന്ന ചിന്ത വര്‍ഗീയമായി പ്രവര്‍ത്തിച്ചവരിലും സ്വാധീനം ചെലുത്തി. ഇടതുപക്ഷപ്രസ്ഥാനം ശക്തമായിടങ്ങളില്‍ മാത്രമാണ് ബിജെപിക്ക് കാലുറപ്പിക്കാന്‍ കഴിയാത്തത് എന്ന യാഥാര്‍ഥ്യം യുക്തിബോധമുള്ളവരെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. വര്‍ഗീയമായി സംഘടിച്ച് സംഘപരിവാറിനെ എതിര്‍ക്കാന്‍ ശ്രമിച്ച മഅ്ദനിയും പിഡിപിയും സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ നിലപാട് മാറ്റി. ആദ്യഘട്ടത്തില്‍ ഐഎസ്എസ് രൂപികരിച്ച് ആര്‍എസ്്എസിനെ പ്രതിരോധിക്കാന്‍ നോക്കി പരാജയപ്പെട്ടപ്പോഴാണ് പിഡിപി എന്ന രാഷ്ടീയപാര്‍ടിക്ക് മഅ്ദനി രൂപം നല്‍കിയത്. വര്‍ഗീയമായ അതിന്റെ പ്രവര്‍ത്തനാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വഴിമാറി നടക്കാന്‍ പിഡിപി തീരിമാനിച്ചിരിക്കുന്നു. മഅ്ദനിയുടെ ജയില്‍ ജിവിതകാലാനുഭവങ്ങളും മാറ്റത്തിനു സഹായകരമായിട്ടുണ്ട്. ഇതു പരസ്യമായി തുറന്നുപറയുകയും അതിന് അനുസൃതമായ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്നതിന് അപ്പുറത്ത് എന്തു വിശ്വാസ്യതയാണ് വേണ്ടത്. ഇന്നിന്റെ ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് മഅ്ദനിയുടെ പിന്തുണ ഇടതുപക്ഷം പരസ്യമായി സ്വീകരിക്കുന്നത്. എന്നാല്‍, ഇതൊന്നും തെരഞ്ഞെടുപ്പുസഖ്യമായി ആരും തെറ്റിദ്ധരിക്കില്ല. രാമന്‍പിള്ള നേതൃത്വംനല്‍കുന്ന ജനപക്ഷവും നിലപാട് തിരുത്തിവന്നവരാണ്. ഭൂരിപക്ഷ വര്‍ഗീയതയുടെ ഏറ്റവും ശക്തരായ വക്താക്കളായിരുന്നവര്‍ ഇന്ന് എല്‍ഡിഎഫിനെ വിജയിപ്പിക്കുന്നതിനു രംഗത്തിറങ്ങിയിരിക്കുന്നു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ ബിജെപിക്ക് കഴിയുമെന്ന് വ്യാമോഹിച്ചിരുന്നവരാണ് ഇവര്‍. അമേരിക്കന്‍ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ക്ക് മുമ്പില്‍ ദേശാഭിമാനംപോലും പണയപ്പെടുത്താന്‍ മടിയില്ലാത്ത പാര്‍ടിയാണെന്ന് അധികാരത്തിലിരുന്നപ്പോള്‍ ബിജെപി തെളിയിച്ചു. കോഗ്രസിനു ബദലാണെന്നു പറയുകയും കോഗ്രസിനു വോട്ട് മറിച്ചുനല്‍കുന്ന കമീഷന്‍ ഏജന്റുകളായി അധഃപതിക്കുകയുംചെയ്ത കേരളത്തിലെ ബിജെപി നേതാക്കളുടെ വഞ്ചനയില്‍ മനംമടുത്താണ് രാമന്‍പിള്ളയും ദത്താത്രേയറാവുവും മറ്റും ബിജെപി വിട്ട് ജനപക്ഷം രൂപീകരിച്ചത്. അവര്‍ പിന്നീട് സ്വീകരിച്ച നിലപാട് മതനിരപേക്ഷതയില്‍ ഉറച്ചുനില്‍ക്കുന്നതാണ്. അത്തരം നിലപാട് സ്വീകരിക്കുന്നവരെയെല്ലാം കൂട്ടിയോജിപ്പിച്ച് വിശാലമായ മതനിരപേക്ഷ ബദല്‍ ശക്തിപ്പെടുത്തുകയാണ് ദേശാഭിമാനികളുടെ ഉത്തരവാദിത്തം. ഇന്നലെകളില്‍ കടുത്ത സിപിഐ എം വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്ന സിപിഐ എംഎല്‍ റെഡ്ഫ്ളാഗ് വിഭാഗവും എല്‍ഡിഎഫുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ആഗോളവല്‍ക്കരണത്തിനെതിരായ പോരാട്ടം മുമ്പോട്ടുകൊണ്ടുപോകുന്നതിന് വിശാലമായ ഇടതുപക്ഷ ജനാധിപത്യ കൂട്ടായ്മ ആവശ്യമാണെന്ന തിരിച്ചറിവിലേക്ക് അവര്‍ എത്തിയിരിക്കുന്നു. പിഡിപി, ജനപക്ഷം, സിപിഐ എംഎല്‍ റെഡ്ഫ്ളാഗ്, സികെ നാണുവിന്റെ ജനതാദള്‍ എന്നി പാര്‍ടികള്‍ മാത്രമല്ല പുതുതായി എല്‍ഡിഎഫിനെ സഹായിക്കുന്നത്. സ്വന്തം ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ നിരവധി പുതിയ ജനവിഭാഗങ്ങള്‍ രംഗത്തുണ്ട്. എല്‍ഡിഎഫിന്റെ മതനിരപേക്ഷ നിലപാട് ക്രിസ്ത്യന്‍ ജനവിഭാഗങ്ങളിലും സ്വാധീനം ചെലുത്തുന്നുണ്ട്. അതോടൊപ്പം സംസ്ഥാനസര്‍ക്കാരിന്റെ പ്രവര്‍ത്തനവും നിലപാടുകളെ സ്വാധീനിക്കുന്നു. ആത്മഹത്യയുടെ വക്കില്‍ നിന്നിരുന്ന വയനാട്ടിലെ കുടിയേറ്റകര്‍ഷകരെ കടത്തില്‍നിന്ന് കൈപിടിച്ച് ഉയര്‍ത്തി ജീവിതത്തിലേക്ക് കൊണ്ടുവന്നത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഈ ജീവിതാനുഭവമാണ് അവരെ എല്‍ഡിഎഫിനോട് അടുപ്പിക്കുന്നത്. മത്സ്യബന്ധനം നടത്തി ജീവിക്കുന്നവര്‍ ഏതു മതത്തില്‍പ്പെട്ടവരായാലും അവരുടെ കടം എഴുതിത്തള്ളുകയും മറ്റ് ആശ്വാസം നല്‍കുകയുംചെയ്ത രാജ്യത്തെ ഏക സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ഇങ്ങനെയുള്ള അനുഭവങ്ങള്‍ ജനങ്ങളുടെ രാഷ്ട്രീയനിലപാടുകളെ സ്വാധീനിക്കുന്നുണ്ട്. അതിന്റെ നേര്‍സാക്ഷ്യങ്ങളാണ് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളില്‍ പുതുതായി കാണുന്ന ആയിരക്കണക്കിനു മുഖങ്ങള്‍. മഅ്ദനിയെമാത്രം പര്‍വതീകരിച്ച് അവതരിപ്പിക്കുന്നവര്‍ ഇതെല്ലാം കണ്ടില്ലെന്നു നടിക്കുകയാണ് ചെയ്യുന്നത്. അതിനൊരു ലക്ഷ്യമുണ്ട്. അതു വലതുപക്ഷത്തിനു വിടുപണിചെയ്യലാണ്. എന്നാല്‍, വിവാദങ്ങള്‍ ഭക്ഷിച്ചല്ല ജനം ജീവിക്കുന്നത്. അവര്‍ പ്രശ്നങ്ങളെ തൊട്ടറിയുന്നവരാണ്. അതിവേഗത്തില്‍ വിപുലപ്പെടുന്ന എല്‍ഡിഎഫിലേക്കുള്ള ഒഴുക്ക് തടസ്സപ്പെടുത്താന്‍ ഇത്തരം നുണപ്രചാരവേലകള്‍ക്കും ചീഞ്ഞളിഞ്ഞ വ്യാഖ്യാനങ്ങള്‍ക്കും കഴിയില്ല.

    വിനീത വിധേയ വിദേശനയം

    ദേശാഭിമാനിയിൽ നിന്ന്‌

    പ്രകാശ് കാരാട്ട്

    അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ പുതിയ മേധാവി ലിയോ പനേറ്റ തന്റെ പ്രഥമവിദേശയാത്ര നടത്തിയത് ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കുമാണ്. ന്യൂഡല്‍ഹിയില്‍ തങ്ങവെ, പനേറ്റ ഇന്ത്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായി മാത്രമല്ല, ആഭ്യന്തരമന്ത്രി പി ചിദംബരവുമായും ചര്‍ച്ച നടത്തി. ആദ്യമായാണ് ഒരു സിഐഎ തലവന്‍ ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയുമായി ചര്‍ച്ച നടത്തുന്നത്. രാഷ്ട്രീയ ഭരണനേതൃത്വവുമായി സിഐഎ മേധാവി നടത്തിയ ചര്‍ച്ച അമേരിക്കയുമായുള്ള ഇന്ത്യയുടെ സഹകരണത്തിന്റെ ആഴം വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ മുന്‍ ബിജെപിമുന്നണി സര്‍ക്കാരിന്റെ നടപടികളാണ് കോഗ്രസ് സര്‍ക്കാര്‍ പിന്തുടരുന്നത്. 2000ല്‍ അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന എല്‍ കെ അദ്വാനി വാഷിങ്ടണിലെ സിഐഎ ആസ്ഥാനം സന്ദര്‍ശിക്കുകയും സിഐഎ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്ത ആദ്യ ഇന്ത്യന്‍മന്ത്രിയായി. സിഐഎയെ അമേരിക്കന്‍ സര്‍ക്കാരിനുവേണ്ടി രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്ന സംഘടനയായിമാത്രം കാണാന്‍ കഴിയില്ല. അസാധാരണമായ അധികാരം കൈയാളുന്ന ഈ ഏജന്‍സിയെ ലോകമെമ്പാടും ഗൂഢനീക്കങ്ങള്‍ നടത്താനാണ് നിയോഗിച്ചിരിക്കുന്നത്. ഇപ്പോള്‍, വൈമാനികരില്ലാത്ത വിമാനങ്ങള്‍ ഉപയോഗിച്ച് പാകിസ്ഥാന്‍ അതിര്‍ത്തിയിലെ താലിബാന്‍-അല്‍ഖ്വയ്ദ താവളങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തുന്നതിന്റെ ചുമതല സിഐഎക്കാണ്. നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും മരണത്തിന് ഇടയാക്കുന്ന ഇത്തരം ആക്രമണങ്ങള്‍ പാക്ജനതയില്‍ രോഷം സൃഷ്ടിച്ചിരിക്കയാണ്. സിഐഎ ബുഷിന്റെ ഉത്തരവുപ്രകാരം ഈജിപ്ത്, മൊറോക്കോ, അഫ്ഗാനിസ്ഥാന്‍, പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ രഹസ്യ തടവറകള്‍ സ്ഥാപിക്കുകയും ഭീകരരെന്ന് സംശയിക്കുന്നവരെ ഇവിടേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍നിന്ന് തട്ടിക്കൊണ്ടുവന്ന ഒരു കനേഡിയന്‍ പൌരനെ രണ്ടുവര്‍ഷം അഫ്ഗാനിസ്ഥാനിലെയും ഈജിപ്തിലെയും തടവറകളില്‍ പീഡിപ്പിച്ചു. കനഡ സര്‍ക്കാര്‍ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് മോചിതനായ ഇയാള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അമേരിക്കയ്ക്ക് എതിരായി കേസ് നല്‍കിയിരിക്കയാണ്. ഇയാള്‍ ചെയ്ത ഏകഅപരാധം അമേരിക്ക സംശയിക്കുന്നവരുടെ പട്ടികയിലുള്ള ഒരു പേരിന് സദൃശ്യമായ മുസ്ളിംനാമം പേറുന്നുവെന്നതാണ്. അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമായ നിലപാട് എടുക്കുന്ന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ഉപകരണം എന്ന നിലയിലാണ് രൂപീകരണകാലം മുതല്‍ സിഐഎ പ്രവര്‍ത്തിച്ചുവരുന്നത്. 1950കളില്‍ ഗ്വാട്ടിമാലയിലും ഇറാനിലും തുടങ്ങിവച്ച അട്ടിമറിപ്രവര്‍ത്തനം ഇപ്പോള്‍ യുഗോസ്ളാവിയ, ഉക്രയ്ന്‍, ജോര്‍ജിയ എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച 'ജനാധിപത്യ' വിപ്ളവത്തില്‍ എത്തിനില്‍ക്കുന്നു. ഇത്തരമൊരു ഏജന്‍സിയെയാണ് നാം അംഗീകരിക്കയും നമ്മുടെ സുരക്ഷ-രഹസ്യവിവര ശേഖരണ പ്രക്രിയകളില്‍ പങ്കുകൊള്ളിക്കയും ചെയ്തിരിക്കുന്നത്. ന്യൂഡല്‍ഹിയില്‍ എഫ്ബിഐയുടെ ഓഫീസ് വാജ്പേയി സര്‍ക്കാരിന്റെ കാലത്താണ് തുറന്നത്. ഇന്ത്യയുടെ ആഭ്യന്തരസുരക്ഷാ കാര്യങ്ങളിലുള്ള അപകടകരമായ ഇടപെടല്‍ മുംബൈ ഭീകരാക്രമണത്തോടെ വര്‍ധിച്ചു. ഇന്ത്യയില്‍നിന്ന് സിഐഎ തലവന്‍ പാകിസ്ഥാനിലേക്കാണ് പോയത്. അവിടെ അദ്ദേഹം ആഭ്യന്തരമന്ത്രിയെ മാത്രമല്ല, പ്രധാനമന്ത്രിയെയും സന്ദര്‍ശിച്ചു. പാക് ഭരണസംവിധാനമാകെ സിഐഎയുടെയും എഫ്ബിഐയുടെയും ചൊല്‍പ്പടിക്ക് നില്‍ക്കുന്നതാണ്. ഇന്ത്യയെയും ഈ വഴിയില്‍ നീങ്ങാന്‍ കോഗ്രസ് സര്‍ക്കാര്‍ അനുവദിക്കുന്നത് അത്ഭുതകരമാണ്. സിഐഎയും എഫ്ബിഐയുമായി വര്‍ധിച്ചുവരുന്ന സഹകരണത്തില്‍ കോഗ്രസ്മുന്നണി സര്‍ക്കാര്‍ തെറ്റൊന്നും കാണുന്നില്ല. അവര്‍ക്ക് ഇത് അമേരിക്കയുമായുള്ള തന്ത്രപരമായ സഖ്യത്തിന്റെ ഭാഗംമാത്രം. പക്ഷേ, നമ്മുടെ ആഭ്യന്തര രാഷ്ട്രീയത്തിലും നയങ്ങളിലും അമേരിക്കന്‍ ഇടപെടല്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതം രാജ്യം നേരിടേണ്ടിവരും. പ്രഥമപ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു രൂപംനല്‍കിയ, പതിറ്റാണ്ടുകള്‍ പിന്തുടര്‍ന്ന വിദേശനയത്തിന്റെ ഭാഗമായി ഇപ്പോള്‍ ഒന്നും ശേഷിക്കുന്നില്ല. പുതിയഇനം കോഗ്രസ് നേതാക്കള്‍ അവതരിച്ചിരിക്കുന്നു. അമേരിക്കയുടെ സഖ്യകക്ഷിയായി മാറിയാല്‍ മാത്രമേ ഇന്ത്യക്ക് വന്‍ശക്തിയായി വളരാന്‍ കഴിയൂ എന്ന് ഇവര്‍ വിശ്വസിക്കുന്നു. ഇന്ത്യന്‍ ഭരണവര്‍ഗത്തിലെ ഈ വിഭാഗത്തെ അമേരിക്കയാണ് പോറ്റിവളര്‍ത്തുന്നത്. അമേരിക്കയുടെ ഭൌമരാഷ്ട്രീയ തന്ത്രവുമായി ഒത്തുചേര്‍ന്നുനീങ്ങിയാല്‍ ഇന്ത്യയെ പ്രാദേശികശക്തിയാക്കി മാറ്റാമെന്ന് ഇവര്‍ക്ക് വാക്ക് കൊടുത്തിരിക്കുന്നു. ആണവകരാര്‍ അമേരിക്ക അംഗീകരിക്കാനുള്ള വ്യവസ്ഥകള്‍ നിറവേറ്റുന്നതിനായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ ഇന്ത്യ ഇറാനെതിരെ വോട്ട് ചെയ്തു. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ കറുത്തപൊട്ടാണ് ഈ ലജ്ജാകരമായ വിനീതവിധേയത്വം ആണവകരാറിനുള്ള മറ്റൊരു ഉപാധിയായി ഒപ്പിട്ട പ്രതിരോധ ചട്ടക്കൂട് കരാര്‍ നടപ്പാക്കിയാല്‍ ഇന്ത്യ അമേരിക്കയുടെ സൈനികസഖ്യകക്ഷിയായി മാറും. ഇപ്പോള്‍തന്നെ, കരാറിലെ വ്യവസ്ഥപ്രകാരം ഇന്ത്യ ശതകോടി ഡോളര്‍ ചെലവിട്ട് അമേരിക്കയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ തുടങ്ങി. ഏറ്റവും ഒടുവില്‍ അമേരിക്കയില്‍നിന്ന് വാങ്ങിയ നാവിക നിരീക്ഷണ വിമാനങ്ങളുടെ വില 210 കോടി ഡോളറാണ്. അഫ്ഗാനിസ്ഥാനിലെ യുഎസ്-നാറ്റോ അധിനിവേശത്തെ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ അന്ധമായി പിന്തുണച്ചത് നാം കണ്ടതാണ്. ഹമീദ് കര്‍സായി സര്‍ക്കാരിനും ഇന്ത്യ പിന്തുണ തുടര്‍ന്നു. ഒബാമ അധികാരമേറ്റശേഷം അമേരിക്കക്കാര്‍ കര്‍സായി യെ തള്ളിപ്പറഞ്ഞിരിക്കയാണ്. കര്‍സായിയെ വിശ്വസ്തതയോടെ പിന്തുണച്ച ഇന്ത്യ ഇപ്പോള്‍ വെട്ടിലായി. ശ്രീലങ്കന്‍പ്രശ്നത്തില്‍, മുല്ലത്തീവില്‍ എല്‍ടിടിഇ ബന്ദികളാക്കിയ സാധാരണക്കാരായ തമിഴരെ രക്ഷിക്കാന്‍ അമേരിക്കയുടെയും ഇന്ത്യയുടെയും സംയുക്തസേനയെ അവിടേക്ക് അയക്കാമെന്ന നിര്‍ദേശം അമേരിക്ക മുന്നോട്ടുവച്ചു. ശ്രീലങ്കന്‍ സര്‍ക്കാര്‍ അംഗീകരിക്കാത്തതിനാല്‍ ഈ നിര്‍ദേശം പ്രാവര്‍ത്തികമായില്ല. എന്നാല്‍, ഇക്കാര്യം ഇന്ത്യ പരിഗണിച്ചെന്ന സത്യം പുറത്തായിരിക്കുന്നു. മൂന്നാംലോക രാജ്യങ്ങളില്‍ ഇന്ത്യയുടെയും അമേരിക്കയുടെയും സംയുക്ത സേനാനടപടികള്‍ക്ക് പ്രതിരോധചട്ടക്കൂട് കരാര്‍ വ്യവസ്ഥചെയ്യുന്നു. ഈ വ്യവസ്ഥപ്രകാരമുള്ള ആദ്യശ്രമമായിരുന്നു ശ്രീലങ്കന്‍പ്രോജക്ട്. ഇത്തരമൊരു മാനുഷികനടപടി നടത്തേണ്ടത് ഐക്യരാഷ്ട്രസഭയാണെന്ന് പ്രതികരിക്കാനുള്ള വിവേകം മന്‍മോഹന്‍സിങ് സര്‍ക്കാര്‍ കാട്ടിയില്ല. കോഗ്രസ് മുന്നണി സര്‍ക്കാര്‍ അനുവര്‍ത്തിച്ചുവരുന്ന വിദേശനയം തിരുത്തുകയും സ്വതന്ത്രവിദേശനയം പുനഃസ്ഥാപിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഈ തെരഞ്ഞെടുപ്പിലെ പ്രധാനവിഷയമാണ്. കോഗ്രസിതര മതനിരപേക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍മാത്രമേ ഇതു സാധ്യമാവൂ. ഇത്തരമൊരു സ്വതന്ത്രവിദേശനയം യാഥാര്‍ഥ്യമാക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇടതുപക്ഷ പാര്‍ടികള്‍ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അവ താഴെപ്പറയുന്നു: 1. സ്വതന്ത്ര-ചേരിചേരാ വിദേശനയം നടപ്പാക്കുക 2. അമേരിക്കയുമായുള്ള 123 ഉടമ്പടിയും പ്രതിരോധ ചട്ടക്കൂട് കരാറും പുനഃപരിശോധിക്കുക 3. റഷ്യ, ചൈന എന്നിവരുമായും പ്രമുഖ വികസ്വര രാജ്യങ്ങളായ ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവരുമായും സഹകരണം ശക്തമാക്കുക 4. ഐക്യരാഷ്ട്രസഭയെ ശക്തമാക്കുകയും രക്ഷാസമിതിയെ ജനാധിപത്യവല്‍ക്കരിക്കുകയുംചെയ്യുക 5. സാര്‍ക്ക് സഹകരണം പ്രോത്സാഹിപ്പിക്കുകയും ഭീകരവാദവും തീവ്രവാദവും നേരിടാന്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ഒത്തൊരുമിച്ച പ്രവര്‍ത്തനം ഉറപ്പാക്കുകയുംചെയ്യുക 6. ഇറാന്‍-ഇന്ത്യ-പാകിസ്ഥാന്‍ വാതകപൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കുക 7. പലസ്തീന്‍ രാഷ്ട്രരൂപീകരണത്തിന് പിന്തുണ നല്‍കുക, ഇസ്രയേലുമായുള്ള സൈനിക-സുരക്ഷാ സഹകരണം അവസാനിപ്പിക്കുക. നമ്മുടെ വിദേശ-ആഭ്യന്തര നയങ്ങളില്‍ വര്‍ധിച്ചുവരുന്ന അമേരിക്കന്‍ സ്വാധീനം തടയേണ്ടതിന്റെ ആവശ്യകത ഈ തെരഞ്ഞെടുപ്പില്‍ സിപിഐ എം ജനങ്ങള്‍ക്കുമുന്നില്‍ ഉന്നയിക്കും. സ്വതന്ത്രവിദേശനയവും ദേശീയപരമാധികാരവും പുനഃസ്ഥാപിക്കാന്‍ ജനങ്ങളെ അണിനിരത്തും.

    മറ്റുവാര്‍ത്തകള്‍
  • ശക്തിപ്പെടുന്ന രാഷ്ട്രീയ ധ്രുവീകരണം

  • ബംഗാള്‍ ചുവപ്പന്‍ കരുത്ത് തെളിയിക്കും

  • മൊത്തവിലസൂചിക താഴോട്ട്, സാധനവിലകള്‍ മേലോട്ട്

  • രാഷ്ട്രീയത്തിലെ ശുഭസൂച

  • ആനന്ദക്കണ്ണീര്‍

  • എ കെ ജി: ജനപക്ഷത്തു നിന്ന പോരാളി

  • ഗംഗയില്‍ മുങ്ങിത്താഴുന്ന കോഗ്രസ്

  • ലോക സാമ്പത്തികത്തകര്‍ച്ചയും പുതുലോകക്രമസാധ്യതയും

  • നുണപറയുന്നതിന്റെ രാഷ്ട്രീയം

  • തൊഴിലുറപ്പു പദ്ധതി വിപുലമാക്കും

  • തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്‍

  • സാമൂഹ്യനീതി ഉറപ്പാക്കും

  • ബദല്‍നയങ്ങള്‍; ബദല്‍ശക്തി

  • സഭ സ്വന്തം സ്വരം വീണ്ടെടുക്കുന്നു

  • സാമൂഹ്യനീതിയും തുല്യതയും ഉറപ്പാക്കും

  • ഗാസയിലെ യുദ്ധവും സമാധാനവും

  • എന്തുകൊണ്ട് ബിജെഡി സിപിഐ എം സഖ്യം

  • ആക്രാന്തക്കുട്ടി

  • യാങ്കികളും താലിബാനും കൊലക്കളമാക്കിയ അഫ്ഗാനിസ്ഥാന്‍

  • ഭാഷയും സഹിഷ്ണുതയും
  • മതേതരത്വവും സ്വാശ്രയത്വവും ഉറപ്പാക്കും: ഇടതുപക്ഷം



    ദേശാഭിമാനി വാർത്ത

    ന്യൂഡല്‍ഹി: മതനിരപേക്ഷത സംരക്ഷിക്കാനും സ്വാശ്രയ സമ്പദ്വ്യവസ്ഥ സ്വായത്തമാക്കാനും കരുത്തുറ്റ ബദല്‍നയങ്ങള്‍ ഇടതുപക്ഷം മുന്നോട്ടുവെച്ചു. വര്‍ഗീയവേട്ടകള്‍ക്ക് നേതൃത്വം നല്‍കുന്ന ബജ്രംഗ്ദളിനെ നിരോധിക്കുമെന്നും വര്‍ഗീയാക്രമണങ്ങള്‍ തടയുമെന്നുമുള്ള ശക്തമായ നടപടികള്‍ ഉറപ്പ്നല്‍കുന്ന ബദല്‍നയം നാല് ഇടതുപക്ഷപാര്‍ടികള്‍ വോട്ടര്‍മാര്‍ക്കുമുമ്പില്‍ അവതരിപ്പിച്ചു. നാല് ഇടതുപക്ഷപാര്‍ടികള്‍ സംയുക്തമായി പുറപ്പെടുവിച്ച അഭ്യര്‍ഥനയിലാണ് ബദല്‍ നയങ്ങള്‍. 1998ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം ആദ്യമായാണ് ഇടതുപക്ഷപാര്‍ടികള്‍ വോട്ടര്‍മാരോട് സംയുക്ത അഭ്യര്‍ഥന നടത്തുന്നത്. മതനിരപേക്ഷതയ്ക്കുവേണ്ടി ശക്തമായ പോരാട്ടമാണ് ഇടതുപക്ഷം നടത്തിയതെന്ന് സംയുക്ത അഭ്യര്‍ഥന പുറത്തിറക്കിയ വാര്‍ത്താസമ്മേളനത്തില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. വര്‍ഗീയ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് നീതി ഉറപ്പാക്കും. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം തടയും. സാംസ്കാരിക-വിദ്യാഭ്യാസ രംഗത്ത് മതേതരത്വമൂല്യം പ്രോത്സാഹിപ്പിക്കും - അഭ്യര്‍ഥനയില്‍ പറയുന്നു. സ്വതന്ത്ര വിദേശനയം സ്വീകരിക്കും. അമേരിക്കയുമായുള്ള സിവില്‍ ആണവകരാറും പ്രതിരോധ ചട്ടക്കൂട് കരാറും പുനഃപരിശോധിക്കും. ഇറാന്‍-പാകിസ്ഥാന്‍-ഇന്ത്യ വാതകക്കുഴല്‍ പദ്ധതി മുന്നോട്ടുകൊണ്ടുപോകും. പലസ്തീന്‍ പ്രസ്ഥാനത്തോട് സഹകരണം തുടരുകയും ഇസ്രയേലുമായുള്ള സുരക്ഷ, സൈനിക ബന്ധം അവസാനിപ്പിക്കുകയും ചെയ്യും. ഭീകരവാദം ശക്തമായി നേരിടും. സാമ്പത്തികമേഖലയില്‍ സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കും. കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാന്‍ പൊതുനിക്ഷേപം വര്‍ധിപ്പിക്കും. കാര്‍ഷിക, സാമൂഹ്യ, നിര്‍മാണ മേഖലകളില്‍ വികസനം സാധ്യമാക്കും. സമ്പന്നരുടെയും ഊഹക്കച്ചവടക്കാരുടെയും മൂലധനത്തിന് കൂടുതല്‍ നികുതി ചുമത്തി അധിക വിഭവസമാഹരണം നടത്തും. കോര്‍പറേറ്റ് നികുതി ഇളവ് എടുത്തുകളയും. ധനകാര്യ ഉത്തരവാദിത്ത, ബജറ്റ് മാനേജ്മെന്റ് (എഫ്ആര്‍ബിഎം) നിയമം റദ്ദാക്കും. ഭൂപരിഷ്കരണവും കുടിയാന്‍ പരിഷ്കരണവും നടപ്പാക്കും. കൂടുതല്‍ വിളകള്‍ക്ക് താങ്ങുവില നല്‍കും. നാല് ശതമാനത്തിന് കാര്‍ഷികവായ്പ നല്‍കും. വൈദ്യുതി, ജലസേചനം, രാസവളം, വിത്ത് എന്നീ മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കും. ജൈവ വൈവിധ്യം സംരക്ഷിക്കും. നാണ്യവിളകള്‍ക്ക് താരിഫ് സംരക്ഷണം വര്‍ധിപ്പിക്കും. ചെറുകിട വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കില്ല. കര്‍ഷകത്തൊഴിലാളികള്‍ക്ക് പ്രത്യേക ക്ഷേമനിയമം കൊണ്ടുവരും. കര്‍ഷകര്‍ കൊള്ളപ്പലിശക്കാരില്‍നിന്ന് എടുത്ത വായ്പ എഴുതിത്തള്ളും. വനിതാസംവരണബില്‍ പാസാക്കും. സച്ചാര്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ഉപപദ്ധതി തയ്യാറാക്കുമെന്നും അഭ്യര്‍ഥനയില്‍ പറയുന്നു. പ്രകാശ് കാരാട്ടിനു പുറമെ സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍, ഡി രാജ, ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍, അബനിറോയ്, ഫോര്‍വേഡ് ബ്ളോക്ക് ജനറല്‍ സെക്രട്ടറി ദേബബ്രത വിശ്വാസ്, ജി ദേവരാജന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

    Monday, March 23, 2009

    രാഷ്ട്രീയത്തിലെ ശുഭസൂചനകൾ

    ദേശാഭിമാനി ലേഖനം

    പി എം മനോജ്

    കേരള രാഷ്ട്രീയത്തില്‍ ശുഭോദര്‍ക്കമായ മാറ്റത്തിന്റെ സൂചനയാണ് വെള്ളിയാഴ്ച കോഴിക്കോട്ടും ശനിയാഴ്ച കുറ്റിപ്പുറത്തും കണ്ടത്. ദത്താത്രേയ റാവു കേരളത്തിലെ ജനസംഘത്തിന്റെ സ്ഥാപകനേതാക്കളിലൊരാളാണ്; ജന്മഭൂമിയുടെ സ്ഥാപക പത്രാധിപരാണ്. ആര്‍എസ്എസിന് പി പരമേശ്വരനെപ്പോലെ ആരാധ്യനായ അദ്ദേഹവും മാറാട്ട് ആര്‍എസ്എസിനോടൊപ്പം മുന്‍നിരയില്‍നിന്നിരുന്ന വനിതാ നേതാവ് ഉമ ഉണ്ണിയും കോഴിക്കോട്ട് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പു കവന്‍ഷന് എത്തിയിരുന്നു. പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ കുറ്റിപ്പുറത്ത് ചേര്‍ന്ന എല്‍ഡിഎഫ് കവന്‍ഷന്‍ ശ്രദ്ധേയമായത് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ സാന്നിധ്യംകൊണ്ടാണ്. ബിജെപിയില്‍നിന്ന് തെറ്റിപ്പിരിഞ്ഞ കെ രാമന്‍പിള്ളയുടെ ജനപക്ഷം എല്‍ഡിഎഫിന് പരസ്യമായ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. ബിജെപിയുടെ വോട്ടുകച്ചവടത്തില്‍ മനംമടുത്താണ്; ഭൂരിപക്ഷവര്‍ഗീയതയുടെ രാഷ്ട്രീയകുടിലതകളോട് തുറന്നടിച്ചെതിര്‍ത്താണ് ദത്താത്രേയ റാവുവും രാമന്‍പിള്ളയും ഉമ ഉണ്ണിയും ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയനിലപാടില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. വര്‍ഗീയതയുടെ തീവ്രനിലപാടുകളോട് എന്നെന്നേക്കുമായി വിടപറഞ്ഞ് മഅ്ദനി മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ വഴി തെരഞ്ഞെടുത്തിരിക്കുന്നു. വര്‍ഗീയതയ്ക്കെതിരായ മാര്‍ക്സിസ്റ് സമീപനം അംഗീകരിക്കുന്നെന്ന് വ്യക്തമാക്കിയ മഅ്ദനി, ഖത്തറില്‍ ഹ്യൂഗോ ഷാവേസിന്റെ ചിത്രവും ഖൂര്‍ ആനും കൈകളിലേന്തി നടത്തിയ സാമ്രാജ്യവിരുദ്ധ മുന്നേറ്റത്തെ അനുസ്മരിപ്പിച്ച്, ഇടതുപക്ഷത്തിന്റെ ശരിയായ രാഷ്ട്രീയനിലപാടുകളെയാണ് പ്രകീര്‍ത്തിച്ചത്. ഇവിടെ ശ്രദ്ധിക്കേണ്ട രണ്ട് വസ്തുതയുണ്ട്. ഒന്നാമത്തേത്, ഒരേസമയം ദത്താത്രേയ റാവുവിനും അബ്ദുള്‍ നാസര്‍ മഅ്ദനിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണിയെ പിന്തുണയ്ക്കാന്‍ വരാനാകുന്നു എന്നതാണ്. രണ്ടാമത്തേത്, ഈ നേതാക്കള്‍ ഇടതുപക്ഷത്തോട് അനുഭാവം പ്രകടിപ്പിക്കുന്നതിനെതിരെ അസാധാരണമായ എതിര്‍പ്പ് ചില കേന്ദ്രങ്ങള്‍ മാധ്യമസഹായത്തോടെ ഉയര്‍ത്തിക്കൊണ്ടുവരുന്നു എന്നതാണ്. മഅ്ദനി പൊന്നാനിയില്‍ ചെന്ന് വര്‍ഗീയമുദ്രാവാക്യം മുഴക്കിയിട്ടില്ല; മറ്റു മതങ്ങള്‍ക്കുനേരെ വെല്ലുവിളി മുഴക്കിയിട്ടില്ല. ദത്താത്രേയ റാവുവോ രാമന്‍പിള്ളയോ ആര്‍എസ്എസ് നയങ്ങളില്‍ മുറുകെപ്പിടിച്ചുകൊണ്ടല്ല ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നത്. ഏതെങ്കിലുമൊരുകാലത്ത് വര്‍ഗീയതയ്ക്കോ തെറ്റായ രാഷ്ട്രീയവിശ്വാസങ്ങള്‍ക്കോ അടിപ്പെട്ടുപോയവര്‍ ഒരുകാലത്തും അതില്‍നിന്ന് മുക്തരാകാന്‍ പാടില്ലെന്ന നിര്‍ബന്ധബുദ്ധിയോടെയാണ് ചില മാധ്യമങ്ങള്‍ ഈ വാര്‍ത്തയെ കണ്ടത്. അവര്‍ ചോദിക്കുന്നു: ചെങ്കൊടിയുടെ വിശുദ്ധി എവിടെപ്പോയി? 'പൊന്നാനി പിടിക്കാന്‍ മഅ്ദനിയും പിണറായിയും വേദി പങ്കിട്ടത്' രാജ്യം കണ്ട മഹാപാതകമായി അവര്‍ അവതരിപ്പിക്കുന്നു. എന്താണിതിന്റെ യുക്തി? പണ്ട് എടുത്ത നിലപാടാണ് എല്ലാ കാലത്തെയും രാഷ്ട്രീയം നിര്‍ണയിക്കുന്നതെങ്കില്‍ സിപിഐയും സിപിഐ എമ്മും ചേര്‍ന്ന് ഒരു മുന്നണിയുണ്ടാകുമോ? എം വി രാഘവനെയും ഗൌരിയമ്മയെയും നാലയലത്തടുപ്പിക്കാന്‍ യുഡിഎഫിനു കഴിയുമോ? 1964ല്‍ കമ്യൂണിസ്റ് പാര്‍ടിയിലുണ്ടായ പിളര്‍പ്പിനുശേഷം സിപിഐയും സിപിഐ എമ്മും തമ്മില്‍ നടന്ന രൂക്ഷമായ തര്‍ക്കം പഴയ തലമുറയുടെ ഓര്‍മയിലുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് സിപിഐ നേതാവ് സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് സിപിഐ എമ്മിന്റെ നേതാക്കളെ കൂട്ടത്തോടെ ജയിലിലടച്ചതും ക്രൂരമര്‍ദനത്തിന് ഇരകളാക്കിയതും. അതുകഴിഞ്ഞ് ഭട്ടിന്‍ഡാ കോഗ്രസ് തീരുമാനമനുസരിച്ച് കോഗ്രസ് ബന്ധം വിച്ഛേദിച്ച് ഇടതുപക്ഷ കൂട്ടായ്മയുടെ ഭാഗമാകാന്‍ തയ്യാറായ സിപിഐയെ, അതിനുമുമ്പത്തെ അനുഭവം ചൂണ്ടിക്കാട്ടി അകറ്റിനിര്‍ത്താനല്ല സിപിഐ എം തയ്യാറായത്. സിപിഐ എമ്മിലുണ്ടായിരുന്ന കാലത്ത് മാടായി മാടനെന്ന് വിളിച്ച് ആക്ഷേപിച്ച എം വി രാഘവനെ ഒരുരാത്രി പുലരുമ്പോള്‍ സ്വന്തം മുന്നണിയില്‍ കൂട്ടാന്‍ കോഗ്രസിന് കഴിഞ്ഞത് തങ്ങളുടെ മാര്‍ക്സിസ്റ് വിരുദ്ധ അജന്‍ഡ നടപ്പാക്കാന്‍ നല്ല കൂട്ടാളിയാണ് രാഘവനെന്ന് കണ്ടതുകൊണ്ടാണ്. കമ്യൂണിസ്റുകാരെ തല്ലിയൊതുക്കാന്‍ കുറുവടിപ്പടയുമായിറങ്ങിയ കെ കേളപ്പന്റെ കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ടിയുമായി 1952ല്‍ കമ്യൂണിസ്റ് പാര്‍ടി സഖ്യമുണ്ടാക്കിയ സാഹചര്യം ചരിത്രത്താളുകളിലുണ്ട്. 'കേളപ്പേട്ടാ തവകൊച്ചനിയന്‍, കേരളനാട്ടിന്‍ പൊന്‍തനയന്‍' എന്നു പാടിയാണ് കമ്യൂണിസ്റ് പാര്‍ടി സ്ഥാനാര്‍ഥിയായ എ കെ ജിക്ക് അന്ന് വോട്ടുപിടിച്ചത്. രാഷ്ട്രീയത്തില്‍ തീരുമാനങ്ങളിലേക്കെത്തുന്നത് നിലപാട് നോക്കിയാണ്. ഇന്നലെ എതിര്‍ത്തയാള്‍ ഇന്നും നാളെയും ശത്രുപക്ഷത്തുതന്നെ നില്‍ക്കണമെന്നത് രാഷ്ട്രീയമല്ല; ജീവിതവുമല്ല. ഇന്ന് മഅ്ദനി വേട്ടയ്ക്കിറങ്ങുന്നവര്‍ അതൊന്നും മറന്നുപോകരുത്. വര്‍ഗീയത ഇന്ന് ഇന്ത്യനേരിടുന്ന ഏറ്റവും കൊടിയ വിപത്താണ്. അതിന് അടിപ്പെട്ടവരെ മതനിരപേക്ഷനിലപാടിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്നത് ദേശാഭിമാനപരമായ കര്‍ത്തവ്യവും. ബൂര്‍ഷ്വാ രാഷ്ട്രീയത്തില്‍ മാത്രമല്ല, നമ്മുടെ മാധ്യമങ്ങളിലും ന്യൂനപക്ഷ വിരുദ്ധ; ദളിത് വിരുദ്ധ; സ്ത്രീവിരുദ്ധ രാഷ്ട്രീയത്തിന്റെ അധിനിവേശമുണ്ട്. മുത്തങ്ങയില്‍ യുഡിഎഫിന്റെ പൊലീസ് ആദിവാസി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചത് കണ്ടില്ലെന്നു നടിച്ചവരാണ് ഇവിടത്തെ ഭൂരിപക്ഷം മാധ്യമങ്ങളും. ആദിവാസി സ്ത്രീകള്‍ക്കെതിരായ ലൈംഗികപീഡനം ഒരു കുറ്റമല്ലെന്ന ചിന്തയാണവരെ നയിച്ചത്. അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ പിന്തുണ സ്വീകരിക്കുന്നതുകൊണ്ട് സിപിഐ എം ഇസ്ളാം വര്‍ഗീയവാദത്തെ അംഗീകരിക്കുകയാണെന്നുപറയുന്നവര്‍, രാമന്‍പിള്ളയുടെയും ദത്താത്രേയ റാവുവിന്റെയും പിന്തുണയിലൂടെ സിപിഐ എമ്മിന് ഹിന്ദുവര്‍ഗീയനിറം കൈവന്നെന്നു പ്രചരിപ്പിക്കാത്തത് ശ്രദ്ധിക്കേണ്ടതാണ്. മഅ്ദനിയല്ല കേരളത്തില്‍ ഇസ്ളാമിക വര്‍ഗീയരാഷ്ട്രീയം കളിക്കുന്നത്. ഇസ്ളാം മതവികാരം ആളിക്കത്തിച്ച് തെരഞ്ഞെടുപ്പുനേട്ടമുണ്ടാക്കുന്നതു പതിവാക്കിയ രാഷ്ട്രീയ പാര്‍ടി ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗാണ്. അവര്‍ അടുത്തകാലത്ത് നടത്തിയ സമരം 'പാഠപുസ്തക പ്രശ്നം' ഉയര്‍ത്തിയായിരുന്നു. അതിന്റെ പേരില്‍ ഒരു അധ്യാപകനെ തല്ലിക്കൊല്ലാന്‍പോലും ആ പാര്‍ടിക്ക് അറപ്പുണ്ടായില്ല. ഇന്ന്, അലിഗഢ് സര്‍വകലാശാലയുടെ ശാഖ സ്ഥാപിക്കുന്നതിനെച്ചൊല്ലി വിഷലിപ്തമായ വര്‍ഗീയ പ്രചാരണവുമായാണ് മലപ്പുറം ജില്ലയില്‍ മുസ്ളിംലീഗ് മുന്നോട്ടുപോകുന്നത്. എന്തേ നമ്മുടെ മാധ്യമങ്ങളാകുന്ന വിശുദ്ധ പശുക്കള്‍ ആ ഭാഗത്തേക്ക് നോക്കി മുക്രയിടുന്നില്ല? മനുഷ്യരക്തം കണ്ട് അറപ്പുതീര്‍ന്ന; പ്രാകൃതമായ ആചാരങ്ങളുടെ സംരക്ഷണത്തിനുവേണ്ടി കൊലപാതകവും അക്രമവും പതിവാക്കിയ; ആയുധശേഖരവും പരിശീലനവും സര്‍വവിധ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും കലയാക്കിയ എന്‍ഡിഎഫ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ കൂട്ട് മുസ്ളിംലീഗുമായാണ്; കോഗ്രസുമായാണ്. ആ എന്‍ഡിഎഫിനെക്കുറിച്ചു പറയാന്‍ മടിക്കുന്ന മാധ്യമങ്ങള്‍ക്ക് മഅ്ദനി കടുത്ത ശത്രുവായത് എന്നുമുതല്‍ക്കാണ്? ആര്‍എസ്എസ് നാട്ടില്‍ നടത്തുന്ന നരമേധങ്ങള്‍ കാണാനുള്ള കണ്ണ് ഇവര്‍ എവിടെ പൂഴ്ത്തിവച്ചു? അബ്ദുള്‍ നാസര്‍ മഅ്ദനി എന്ന ഒറ്റപ്പേരില്‍ കറങ്ങാന്‍ മാധ്യമങ്ങളെ പ്രേരിപ്പിക്കുന്നതും അതേവഴിയില്‍ ഉമ്മന്‍ചാണ്ടിയെ എത്തിക്കുന്നതും എല്‍ഡിഎഫിന് പിഡിപി നല്‍കുന്ന പിന്തുണ കണ്ടുള്ള അസഹിഷ്ണുതയല്ലാതെ മറ്റെന്താണ്? ആര്‍എസ്എസിന്റെ വിഷംതുപ്പുന്ന യന്ത്രമായ പ്രവീ തൊഗാഡിയക്ക് യുഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ പരവതാനി വിരിച്ച് സ്വീകരണം നല്‍കിയപ്പോഴും വിശ്വഹിന്ദു പരിഷത്തിന്റെ ത്രിശൂല വിതരണം അനുവദിച്ചപ്പോഴും മാര്‍ക്സിസ്റുകാരില്‍നിന്നല്ലാതെ എതിര്‍പ്പിന്റെ സ്വരം ഇവിടെ ഉയര്‍ന്നിട്ടില്ല. പൊതുജനാധിപത്യ സംവിധാനത്തിന്റെ തത്വങ്ങളെയാകെ ചവിട്ടിമെതിച്ച് വര്‍ഗീയ ഫാസിസ്റുകളുമായി സഖ്യം തുടരുകയാണ് കോഗ്രസ്. ഒരുഭാഗത്ത് മുസ്ളിംലീഗുമായി പരസ്യമായ സഖ്യം തുടരുക; എന്‍ഡിഎഫിനെ സംരക്ഷിക്കുക, മറുഭാഗത്ത് ബിജെപിയുമായി രഹസ്യ നീക്കുപോക്കുണ്ടാക്കുക- ഇതാണ് കോഗ്രസിന്റെ സമീപനം. കോ-ലീ-ബി സഖ്യം ഒരു തമാശയല്ല, സങ്കല്‍പ്പവുമല്ല. മുസ്ളിങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും പ്രത്യേക രാഷ്ട്രീയ പാര്‍ടികളുണ്ടാകുന്നത് മതനിരപേക്ഷ സങ്കല്‍പ്പത്തെ അതിന്റെ ഏറ്റവും സങ്കുചിതമായ അര്‍ഥത്തില്‍പോലും നിരാകരിക്കുന്നതാണെന്നിരിക്കെ, മുസ്ളിം ലീഗുമായി മുന്നണിസംവിധാനത്തില്‍ ഒന്നിച്ചിരിക്കാന്‍ കോഗ്രസിന് എങ്ങനെ കഴിയുന്നു? ഹിന്ദുക്കള്‍ക്ക് സ്വന്തമായുണ്ടായ പാര്‍ടിയായിരുന്നു ഹിന്ദു മഹാജനസഭ. തുടര്‍ന്ന് അത് ഭാരതീയ ജനസംഘവും അതില്‍പ്പിന്നെ ബിജെപിയുമായി. വര്‍ഗീയ അജന്‍ഡ മുന്‍നിര്‍ത്തിയും വര്‍ഗീയ അടിസ്ഥാനത്തിലും സംഘടിക്കപ്പെട്ട ബിജെപിയെ സിപിഐ എം കഠിനമായി എതിര്‍ക്കുന്നു. ഭൂരിപക്ഷ വര്‍ഗീയതയാണ് വലിയ വിപത്ത് എന്നുകാണുമ്പോള്‍ത്തന്നെ, ന്യൂനപക്ഷ വര്‍ഗീയതയുടെ ആപത്തിനെ കുറച്ചുകാണാത്ത പാര്‍ടിയാണ് സിപിഐ എം. ഇരു വര്‍ഗീയതയും പരസ്പരം വളര്‍ത്തുന്നു എന്നതാണ് പാര്‍ടിനിലപാട്. വര്‍ഗീയതയ്ക്കെതിരെ പോരാടുകമാത്രമല്ല, അതില്‍ അനേകം ഉശിരന്മാരായ പ്രവര്‍ത്തകരുടെ ജീവന്‍ നല്‍കുകയും ചെയ്തിട്ടുണ്ട് സിപിഐ എം. വര്‍ഗീയതയുടെ പിടിയില്‍നിന്ന് മുക്തിനേടുന്നവരെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള കടമ അതുകൊണ്ടുതന്നെ സിപിഐ എമ്മിന് കൈവരുന്നു. ഒറീസയില്‍ സംഘപരിവാറിന്റെ ക്രൈസ്തവവേട്ട കണ്ടുനില്‍ക്കേണ്ടിവന്ന ബിജു ജനതാദള്‍, ലഭ്യമായ ആദ്യത്തെ അവസരത്തില്‍ വര്‍ഗീയബന്ധം വിടര്‍ത്തിയപ്പോള്‍ സിപിഐ എം നേതാക്കള്‍ ഭുവനേശ്വറിലെത്തി, ആ പാര്‍ടിയെ മതനിരപേക്ഷ കൂട്ടായ്മയിലേക്ക് ക്ഷണിച്ചത് പെട്ടെന്നുണ്ടായ ആവേശത്തിന്റെ പുറത്തല്ല, മറിച്ച് സുചിന്തിതമായ രാഷ്ട്രീയനിലപാടിന്റെ ഭാഗമായാണ്. ഇവിടെ മഅ്ദനിയുമായി വേദിപങ്കിട്ടത് മഹാപാപമാണെന്ന് ഉദ്ഘോഷിക്കുന്നവര്‍ക്ക് ഒറീസയുടെ അനുഭവം ഒത്തുനോക്കാവുന്നതാണ്. മതനിരപേക്ഷ-സാമ്രാജ്യ വിരുദ്ധ രാഷ്ട്രീയത്തിന്റെ കൊടി ഉയര്‍ത്തിപ്പിടിച്ചാണ് മഅ്ദനി ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതെങ്കില്‍, ഇടതുപക്ഷത്തെ സ്നേഹിക്കുന്ന എല്ലാവരെയും ആ പിന്തുണ ആഹ്ളാദചിത്തരാക്കും. മഅ്ദനിതന്നെ കുറ്റിപ്പുറത്തുപറഞ്ഞപോലെ, കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ 14-ാം പ്രതിയായി കൊടുംകുറ്റവാളിയുടെ ഗണത്തില്‍പെടുത്തപ്പെട്ട് ജയിലില്‍ കഴിയുമ്പോഴല്ല ഇടതുപക്ഷം പിന്തുണ സ്വീകരിക്കുന്നത്. കോടതി കുറ്റവിമുക്തനാക്കി ജയില്‍മോചിതനായ മഅ്ദനി നയിക്കുന്ന പാര്‍ടിയാണ് ഇന്ന് ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നത്. ആ പിന്തുണയ്ക്ക് കേരളത്തിലെ മതന്യൂനപക്ഷങ്ങളുടെ പൊതുവികാരവുമായി പൊരുത്തമുണ്ട്. യുഡിഎഫിന്റെ, വിശേഷിച്ചും മുസ്ളിം ലീഗിന്റെ ഉരുക്കുകോട്ടകള്‍ ഭേദിക്കാനുള്ള ഇടതുപക്ഷത്തിന്റെ മുന്നേറ്റത്തെ സഹായിക്കാനുള്ള കരുത്തുണ്ട്. പരിഭ്രമം സ്വാഭാവികമാണ്. അതുകൊണ്ടാണ്, ഇന്നലെവരെ മഹാനായിരുന്ന മഅ്ദനി ഇന്ന് കൊടും കുറ്റവാളിയും വര്‍ഗീയഭീകരനുമാകുന്നത്; മാസങ്ങളായി കോടതിയില്‍ കിടക്കുന്ന സാക്ഷിമൊഴികളും കള്ളക്കഥകളും മഅ്ദനിക്കെതിരായ വാര്‍ത്തകളായി രൂപാന്തരം പ്രാപിക്കുന്നത്. ഉമ്മന്‍ചാണ്ടിയും പി കെ കൃഷ്ണദാസും ഇക്കാര്യത്തില്‍ ഒരേ അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. വീക്ഷണവും ജന്മഭൂമിയും ഒരേ വാര്‍ത്തയും വിശകലനവുമാണെഴുതുന്നത്. അപസ്മാരബാധപോലെ മഅ്ദനി വേട്ടയ്ക്കിറങ്ങുന്നവരെ കാണുമ്പോള്‍, ഒന്നുറപ്പിക്കാം- പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പു ഫലത്തെ യുഡിഎഫ് വല്ലാതെ ഭയപ്പെടുന്നുണ്ട്. വൈതാളിക മാധ്യമങ്ങളുടെ വികാരത്തള്ളിച്ച യുഡിഎഫിന്റെ ഭീതിയെ സൂചിപ്പിക്കുന്നു. അല്ലെങ്കില്‍, വര്‍ഗീയവാദം ഉപേക്ഷിക്കുന്നവര്‍ക്ക് ആര്‍ഭാടപൂര്‍ണമായ സ്വീകരണമായിരുന്നു കേരളത്തില്‍ കിട്ടേണ്ടിയിരുന്നത്. വിവേകാനന്ദന്റെ ഭ്രാന്താലയപ്രയോഗം ഇന്ന് പ്രസക്തമാകുന്നത് ജാതി-മത സ്പര്‍ധകൊണ്ടല്ല, തിമിരം ബാധിച്ച മാധ്യമങ്ങളുടെ കാപട്യപൂര്‍ണമായ യുഡിഎഫ് സേവകൊണ്ടാണ്. രോഗബാധയെ മറികടന്ന് മതനിരപേക്ഷനിലപാടിലേക്കു വരുന്നവര്‍ കേരളത്തിന്റെ രാഷ്ട്രീയഭൂമികയെ മാലിന്യമുക്തമാക്കുകയാണ്. കുറെപ്പേരുടെ കുരകൊണ്ട് അവസാനിച്ചുപോകുന്നതല്ല ഈ പ്രക്രിയ. കിട്ടുന്ന ആദ്യത്തെ അവസരത്തില്‍ മാര്‍ക്സിസ്റുകാരെ കുത്തിമലര്‍ത്താന്‍ നടക്കുന്നവര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട ഒന്നല്ല ചെങ്കൊടിയുടെ വിശുദ്ധി-സിപിഐ എമ്മിന്റെ രാഷ്ട്രീയനിലപാടും. പിഡിപി നേതാവിന്റെ ഒരു പ്രസംഗത്തിലെ പരാമര്‍ശമോ അനുചിതമായ സന്ദര്‍ഭത്തില്‍ തെറ്റിദ്ധാരണാജനകമായ ചോദ്യങ്ങള്‍ തൊടുത്തുവിട്ട് സിപിഐ ജനറല്‍ സെക്രട്ടറിയില്‍നിന്ന് നേടിയെടുത്ത കമന്റുകളോ എല്‍ഡിഫിലെ 'പുകച്ചിലും' 'അപസ്വരവു'മായി അവതരിപ്പിച്ച് യുഡിഎഫിന് വിടുപണിചെയ്യുന്നവര്‍ക്ക് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം അറിയില്ലെന്നുതന്നെ പറയേണ്ടിവരും. ഏതെങ്കിലും ആളുകള്‍ പിന്തുണയുമായി മുന്നോട്ടുവരുമ്പോള്‍ പൊട്ടിച്ചിതറിപ്പോകുന്നതല്ല, വ്യക്തമായ രാഷ്ട്രീയനിലപാടിന്റെ അടിത്തറയിലാണ് എല്‍ഡിഎഫ് നിലകൊള്ളുന്നതെന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ അനുഭവത്തിലൂടെയേ അവര്‍ക്കു കഴിയൂ. സീറ്റുവിഭജനപ്രശ്നത്തോടെ എല്‍ഡിഎഫിന്റെ തകര്‍ച്ച കിനാവുകണ്ടവര്‍, മുന്നണി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിലേക്കു നീങ്ങുമ്പോള്‍ ഇത്തരം അസ്വാരസ്യങ്ങളുണ്ടാക്കുന്നതില്‍ ഒട്ടും അത്ഭുതമില്ലതന്നെ.

    മറ്റുവാര്‍ത്തകള്‍
  • ആനന്ദക്കണ്ണീര്‍

  • എ കെ ജി: ജനപക്ഷത്തു നിന്ന പോരാളി

  • ഗംഗയില്‍ മുങ്ങിത്താഴുന്ന കോഗ്രസ്

  • ലോക സാമ്പത്തികത്തകര്‍ച്ചയും പുതുലോകക്രമസാധ്യതയും

  • നുണപറയുന്നതിന്റെ രാഷ്ട്രീയം

  • തൊഴിലുറപ്പു പദ്ധതി വിപുലമാക്കും

  • തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്‍

  • സാമൂഹ്യനീതി ഉറപ്പാക്കും

  • ബദല്‍നയങ്ങള്‍; ബദല്‍ശക്തി

  • സഭ സ്വന്തം സ്വരം വീണ്ടെടുക്കുന്നു

  • സാമൂഹ്യനീതിയും തുല്യതയും ഉറപ്പാക്കും

  • ഗാസയിലെ യുദ്ധവും സമാധാനവും

  • എന്തുകൊണ്ട് ബിജെഡി സിപിഐ എം സഖ്യം

  • ആക്രാന്തക്കുട്ടി

  • യാങ്കികളും താലിബാനും കൊലക്കളമാക്കിയ അഫ്ഗാനിസ്ഥാന്‍

  • ഭാഷയും സഹിഷ്ണുതയും

  • മതനിരപേക്ഷ കൂട്ടുകെട്ട് ശക്തിയാര്‍ജിക്കുന്നു

  • ക്യാമ്പസുകള്‍ ശക്തിപ്പെടുത്തുക സാമൂഹ്യനീതി ഉറപ്പാക്കുക

  • ആഗോളവല്‍ക്കരണത്തിന്റെ ശവമഞ്ചവും പേറി

  • മൂന്നാം മുന്നണി





  • കാളിദാസന്റെ ബ്ലോഗില്‍ നല്കിയ കമന്റുകള്‍

    പിണറായി, പി.ഡി.പി, സി.പി.എം --സമകാലിക ചിന്തകള്‍ എന്ന ബ്ലോഗില്‍ നൽകിയ പ്രതികരണങ്ങൾ

    1. ഇന്നലെ വരെ വർഗീയത്തീവ്രവാദത്തിന്റെ മാർഗ്ഗത്തിൽ സഞ്ചരിച്ച്‌ അതൊക്കെ അപകടങ്ങളാണെന്നു തിർച്ചറിഞ്ഞ്‌ ഞങ്ങളിതാ വർഗീയത ഉപേക്ഷിയ്ക്കുന്നു എന്നു പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട്‌ പി.ഡി.പി എൽ.ഡി എഫിനു പിന്തുണയുമായി വരുംപ്പോൾ സി.പി.എമ്മും പിണറായിയും ഇങ്ങനെ പറഞ്ഞെങ്കിൽ എത്ര നന്നായേനെ .അതായതു അല്ലയോ മദനീ നിങ്ങൾ പണ്ടു വർഗീയ തീവ്രവാ‍ാദ പ്രസ്ഥാങ്ങളുമായി നടന്നവരാണ്.അതുകൊണ്ടു തുടർന്നും നിങ്ങൾ വർഗീയ വാദികൾ തന്നെ ആയിരിയ്ക്കുന്നതാണു നല്ലത്‌, കഴിയുമെങ്കിൽ പഴയ ആ ഐ.എസ്‌എസ് തിരിച്ചുകൊണ്ടുവരണം.നിങ്ങൾ മുസ്ലീങ്ങളൂം ഹിന്ദുക്കളൂം തമ്മിലടിയ്ക്കണം.നിങ്ങളുടെ വോട്ടൊന്നും ഞങ്ങൾക്കു വേണ്ട.നിങ്ങൾ അങ്ങു യു.ഡി.എഫിൽ ചേർന്നുകൊള്ളൂ. എന്നു പറഞ്ഞിരുന്നെങ്കിൽ എത്ര രസമാറ്യിരുന്നു.എൽ.ഡി.എഫിനു പിന്തുണയുമായി വന്ന മുൻ ബി.ജെ.പി നേതാവ്‌ രാമൻ പിള്ളയോടും പറയണമായിരുന്ന്. നിങ്ങൾ വർഗീയ വാദികളായി ബി.ജെ.പിയിൽതന്നെ തിരിച്ചു പോകണം എന്ന്‌. ഒറീസയിൽ ബി.ജെ.പിയുമായുള്ള കൂട്ടുകെട്ട്` ഉപേക്ഷിച്ച്‌ വരുന്ന നവീൻ പട്‌നായിക്കിനോടു പറയണമായിരുന്നു. അല്ലയോ നവീൻ, നിങ്ങൾ ബി. ജെ.പിയുമായുള്ള സഖ്യത്തിൽ തന്നെ മുന്നേറുക. ക്രിസ്ത്യാനികളെ ഒത്തുനിന്നു കൊന്നൊടുക്കുക എന്ന്‌. എന്റെ കാളിദാസാ വർഗീയതയുടെ പോർക്കളമായി മാറിക്കൊണ്ടിരിയ്ക്കുന്ന ഈ രാജ്യത്തെ രാഷ്ട്രീയത്തെ എങ്ങനെയെങ്കിലും എവിടെയെങ്കിലും ഒന്നു കൊണ്ടു ചെന്നെത്തിച്ച്‌ ഒത്താലും ഒത്തില്ലെങ്കിലും ഈ രാജ്യത്തെ രക്ഷിയ്ക്കാൻ ശ്രമിയ്ക്കുമ്പോൾ അതിനെ എങ്ങനെയും ഇല്ലാതാക്കാൻ ശ്രമിയ്ക്കുന്ന സി.പി.എമ്മിന്റെ ശത്രുക്കളുടെ അതേ സ്വഭാവത്തിൽ പ്രതികരിയ്ക്കാൻ താങ്കൾ ഏതു മാധ്യമ സിഡ്ശിക്കേറ്റിന്റെ ഭാഗമാണെന്നറിഞ്ഞാൽ കൊള്ളാം.അതോ രാഷ്ട്രീയമായി സി.പി.എമ്മിനെ എതിർക്കുന്ന ശത്രുക്കളുടെ കൂടാരത്തിൽ താങ്കളും കുടിയേറിയോ?



    2. കാളിദാസൻ മാഷേ,

    ‘പുതിയ ഒരു പാര്‍ട്ടിയെ മുന്നണിയില്‍ എടുക്കുമ്പോള്‍ അതിനു ചില മര്യാദകളൊക്കെയുണ്ട്.‘(കാളിദാസൻ)
    ഈ പറഞ്ഞതു ശരിതന്നെ. പക്ഷെ, പി.ഡി.പിയെ ഇടതുമുന്നണിയിൽ ഇതുവര കക്ഷി ചേർത്തിട്ടില്ല. ഇപ്പോഴത്തേത്‌ നിരുപാധിക പിന്തുണയാണ്.
    .
    ‘ബി ജെ പിയുമായി ആദ്യം കൂട്ടുകൂടിയത് സി പി എമ്മായിരുന്നു. 1977 ലെ തെരഞ്ഞെടുപ്പില്‍ അവരുമായി തുറന്ന സഖ്യം സി പി എമ്മിനുണ്ടായിരുന്നു.‘ (കാ‍ളിദാസൻ)

    അതു അടിയന്തിരാവസ്ഥക്കാലത്തെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട സഖ്യമായിരുന്നു. അതു പോട്ടെ.പക്ഷെ അതിനേക്കാൾ വലിയ അബദ്ധം കാണിച്ചതു പിന്നീടാണ്. ബി.ജെ.പിയും ഇടതുപക്ഷവും പുറത്തുനിന്ന് ഒരുമിച്ചു പിന്താങ്ങി വി.പി.സിംഗ് പ്രധാനമന്ത്രിയായത്‌. അന്നു ഇടതുപക്ഷം കൈക്കൊണ്ട തീരുമാനം അബദ്ധമായിരുന്നു എന്ന പക്ഷക്കാരനാണ് മനോമനനും.

    “വര്‍ഗ്ഗിയതയുടെ പോര്‍ക്കളമായി മാറിക്കൊണ്ടിരിക്കുന്ന ഈ രാജ്യത്തെ രാഷ്ട്രീയത്തെ എങ്ങനെയെങ്കിലും എവിടെയെങ്കിലും ഒന്നു കൊണ്ടു ചെന്നെത്തിക്കാനായി കേരളത്തില്‍ മദനിയുടെ കൂട്ട് അത്യാവശ്യമാണെന്നു പറയുന്ന മനോമനന്റെ ഉദ്ദേശ്യശുദ്ധി കരിനിഴല്‍ വീണതാണ്“(കാളിദാസൻ)

    മദനിയ്ക്കു ദേശീയ രാഷ്ട്രീയത്തിൽ പ്രധാന്യമൊന്നുമില്ല. പക്ഷെ, കേരളത്തിലും ബംഗാളിൽനിന്നും ഇടതുപക്ഷത്തിനു കിട്ടുന്ന സീറ്റുകൾ ദേശീയരാഷ്ട്രീയത്തിൽ നിർണായകമാണ്. ആകെ മൂന്നു സംസ്ഥാനത്തിന്റെ ബലത്തിലാണ് ദേശീയ രാഷ്ട്രീയത്തിൽ ഇത്രയെങ്കിലും ഒക്കെ ചെയ്യാൻ ഇടതുപക്ഷത്തിനു കഴിയുന്നത്‌. അതുംകൂടിയില്ലെങ്കിൽ ഇടതുപക്ഷവും സി.പി.എമ്മും എല്ലാം വട്ടപ്പൂജ്യം. ആ അവസ്ഥ കാളിദാസൻ ഇഷ്ടപ്പെടുന്നുവൊ? എന്നുവച്ച്‌ ഏതു അപകടത്തേയും കൂടുപിടിയ്ക്കണം എന്നല്ല.

    കേരളത്തിൽ എന്നു മാത്രമല്ല ഇപ്പോ ദേശീയ തലത്തിൽ മൂന്നാം മുന്നണിയിൽ ഉള്ള എത്രപേർ തെരഞ്ഞെടുപ്പു കഴിഞ്ഞാലും അതിനുള്ളിൽ കാണും എന്നതുതന്നെ പ്രവചനാതീതമാണ്. പണ്ടു തെലുംകുദേശം ചെയ്തത്‌ ഓർമ്മയില്ലേ? ഇതൊക്കെ സി.പി.എമ്മിനും ഇടതുപക്ഷത്തെ ഇതര കക്ഷികൾക്കും അറിയുകയും ചെയ്യാം.

    പക്ഷേ, ഞാൻ പറഞ്ഞില്ലേ? ഇടതുപക്ഷപോരാട്ടങ്ങളെ നിലവിലുള്ള യാഥാർഥിങ്ങൾ മനസ്സിലാക്കി എവിടെയെങ്കിലും ഒന്നു കൊണ്ടെത്തിയ്ക്കണ്ടേ?

    ഇനി ഇലക്ഷൻ കഴിയുമ്പോൾ വീണ്ടും ബി.ജെ.പി അധികാരത്തിൽ വരുമെന്നു കണ്ടാൽ ഇടതുപക്ഷവും മൂന്നാം മുന്നണിയുമൊക്കെ ചേർന്നു കോൺഗ്രസ്സിനെ വീണ്ടും പിന്തുണ്യ്ക്കേണ്ട ഗതികേടു വരില്ലെന്ന്‌ എന്താണ് ഉറപ്പ്‌? എന്നാൽ ചോദിയ്ക്കും പിന്നെന്തിനാണ് ഇങ്ങനെ ഒരു മൂന്നാം മുന്നണിയും മറ്റും എന്ന്‌. . തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾക്കുപരി രാഷ്ട്രീയ പോരാട്ടം എന്നൊന്നുണ്ട്‌. അതാണ് ഇടതുപക്ഷം ചെയ്യുന്നത്‌ അഥവാ അതേ കഴിയൂ.

    “വര്‍ഗ്ഗിയത ഫണം വിരിച്ചാടുന്ന സ്ഥലങ്ങളുണ്ട് ഇന്‍ഡ്യയില്‍ പലയിടത്തും. നിര്‍ഭാഗ്യവശാല്‍ അവിടെയൊന്നും പിണറായിയുടെ പാര്‍ട്ടിക്ക് പ്രസക്തിപോലുമില്ല. അതുണ്ടാക്കാന്‍ ആ പാര്‍ട്ടി ഒന്നും ചെയ്യുന്നുമില്ല“(കാളിദാസൻ)

    ഇതര സംസ്ഥാനങ്ങളിൽ പ്രസക്തി ഉണ്ടാക്കുവാൻ ആഗ്രഹമില്ലാഞ്ഞിട്ടോ ശ്രമിയ്ക്കാഞ്ഞിട്ടോ ആണെന്നു പറയാൻ കഴിയുമോ? ചെങ്കൊടിയ്ക്ക്‌ വേരു പിടിയ്ക്കാൻ പറ്റിയ എന്തെങ്കിലും സാഹചര്യങ്ങൾ അവിടങ്ങളിൽ ഇനിയും ഉണ്ടായിട്ടുണ്ടോ? ഇറങ്ങി നിൽക്കാൻ കൂടി കഴിഞ്ഞിട്ടു വേണ്ടേ? അതു കാളിദാസനു അറിയാതിരിയ്ക്കില്ലല്ലോ?

    ഈ യാഥാർഥ്യം മനസിലാക്കിയിട്ടാണല്ലോ നയസമീപനങ്ങളുടെ കാര്യത്തിൽ വലിയ വിട്ടു വീഴ്ചകൾ ചെയ്യേണ്ടിവരുന്നത്‌.അല്ലാതെ ഇപ്പോൾ ഇടതുപക്ഷ മതേതരമുന്നണിയിൽ നിൽക്കുന്ന ലൊട്ടു ലൊട്ടുക്കു ബൂർഷ്വാ(തിരിച്ചറിയാൻ വേണ്ടി പറഞ്ഞതാണേ. ഇനി സി.പി.എമ്മും ബ്ബൂർഷ്വാസി ആണെന്നുമറ്റുമുള്ള ചർച്ച ഇക്കൂട്ടത്തിൽ ഒഴിവാക്കുക) പാർട്ടികളുമായി ചേർന്ന്‌ അധികാരത്തിലെത്തി സംപൂർണ്ണ സോഷ്യലിസം സ്ര്‌ഷ്ടിയ്ക്കാമെന്നാണോ? അതും കാളിദാസനറിയാം. പിന്നെ?
    ഈ സി.പി.എം അങ്ങു പിരിച്ചു വിടാനോ?

    കാളിദാസന്മാഷേ വിപ്ലവം വിദൂരതയിൽ തന്നെ എന്ന യാഥർഥ്യബോധം സി.പി.എമ്മും ഉൾക്കൊണ്ടു കഴിഞ്ഞിട്ടുണ്ട്`. പിന്നെ പിടിവള്ളികലിൽ തൂങ്ങിയുള്ള ജീവന്മരണ പോരാട്ടം. ആകെയുള്ളത്‌ ആത്യന്തിക വിജയത്തെക്കുറിച്ചുള്ള ശുപപ്രതീക്ഷകൾ കൈവിടാത്തതിന്റെ ഒരു പിൻബലം.!

    വേണമെങ്കിൽ സി.പി,എമ്മിന്റേയും ഇടതുപക്ഷത്തിന്റേയും സാഹചര്യങ്ങൾക്കനുസരിച്ചുള്ള കൂട്ടു കെട്ടുകളെ അവസരവാദം എന്നു വിശേഷിപ്പിയ്ക്കാം. പക്ഷെ, അങ്ങനെ കണ്ടാൽ മതിയോ? ഇടതുപക്ഷത്തിന്റെ പ്രസക്തി നില നിൽക്കണ്ടേ?

    കാളിദാസന്റെ ആദർശ ശുദ്ധിയിൽ സംശയിക്കുന്നില്ല. പക്ഷെ കാളിദാസൻ ഏതെങ്കിലുമൊരു ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥനത്തിന്റെ സജീവ പ്രവർത്തകനാണെങ്കിൽ കാളിദാസനു കാര്യങ്ങളെ ഇങ്ങനെ ദോഷൈക ദ്ര്‌ഷ്ടിയോടെ കാണാൻ കഴിയില്ല(ഇനി കാളിദാസൻ ഏതെങ്കിലും പ്രസ്ഥാനത്തിൽ അംഗമാണോ എന്നെനിയ്ക്കറിയില്ല)

    “പിണറായി വി എസിനെ ബഹുമാനിക്കാത്തത് നല്ലതാണെന്നു റാല്‍ മിനോവിനു വിശ്വസിക്കാം . അതു പോലെ മദനി ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍ കി ബഹുമാനിക്കേണ്ട വിശിഷ്ടതിഥിയാണെന്നും താങ്കള്‍ക്ക് വിശ്വസിക്കാം. പക്ഷെ ഞാന്‍ അങ്ങനെ വിശ്വസിക്കുന്നില്ല.“ (കാ‍ളിദാസൻ)

    എന്നും കാണുന്ന അച്ഛൻ വീട്ടിൽ കയറി വരുമ്പോൾ നാം എല്ലായ്പോഴും എഴുന്നേറ്റുനിന്നു ബഹുമാനിച്ചെന്നു വരില്ല. പ്രത്യേകിച്ചും അച്ഛനുമായി എന്തെങ്കിലും സൌന്ദര്യപ്പിണക്കം ഇരിയ്ക്കുമ്പോൾ. പക്ഷെ പതിവില്ലാതെ ഒരന്യ ആൾ കയറിവന്നാൽ അതു പ്രായത്തിൽ കുറഞ്ഞ ആളാണെങ്കിലും ഇനി ശത്രുവാണെങ്കിലും നാം എഴുന്നെറ്റ്‌ ആനയിക്കില്ലേ? അതിനർഥം ഗ്വാർഡ്` ഓഫ് ഓർനെർ എന്നാണോ? പതിവില്ലാത്ത ആ സന്ദർശനം നൽകുന്ന സന്തോഷം. അതിനപ്പുറം ഒന്നുമില്ല. മദനിയെ സ്വീകര്യ്ക്കുന്നതിനേയും അങ്ങനെ കാണാതെ വലിപ്പ ച്ചെറുപ്പത്തിന്റെ കണക്കു പറയുന്നതിന്റെ ആവശ്യമുണ്ടോ?

    സി.പി.എമ്മിന്റെ നിലപാടുകളെ ന്യായീകരിയ്ക്കുന്നവരെയെല്ലാം കണ്ണു മൂടപ്പെട്ടവർ എന്നും ആദർശമില്ലാത്തവർ എന്നും ഒക്കെ വിശേഷിപ്പിയ്ക്കുന്നതു പണ്ടും ഒരു ഫാഷൻ ആണ്. സി.പി.എം വിട്ടു പോയാൽ ആദർശ ധീരൻ. എല്ലാം തികഞ്ഞവൻ .അല്ലെങ്കിലോ ? ആദർശമില്ലാത്തവൻ.

    എല്ലാ ഇടതുപക്ഷക്കാരനും കാളിദസനെപ്പോലെ ചിന്തിച്ചാൽ തൊട്ടതിലും പിടിച്ചതിലും ഒക്കെ കുറ്റം കണ്ടു പിടിച്ചാൽ ഇന്നെ ഇടതുപക്ഷ പാർട്ടികൾ എന്നൊരു വിഭാഗം തന്നെ ഉണ്ടാകില്ല. വിമർശിയ്ക്കാം. പക്ഷെ ബി.ജെ.പി യും മറ്റു സംഘപരിവാറുകളും മാത്രം ഉള്ള ഒരു ഇന്ത്യ സ്വപ്നം കാണുന്നവർക്കു ഉത്തേജനം നൽകുന്നതാകരുത്‌ അത്‌.

    ഇപ്പോൾ ഒരു തെരഞ്ഞെടുപ്പു പോരട്ടത്തിലാണ്. തെരഞ്ഞെടുപ്പിനു ശേഷം ദേശീയ തലത്തിൽ ഇടതുപക്ഷത്തിന്റെ നിലപാടുകൾക്കു പരിഗണന കിട്ടുന്ന ഒരു അംഗ ബലം ഉണ്ടാക്കുക എന്നത്` മറ്റെന്തിനെക്കാളും ഇപ്പോൾ പരമ പ്രധാനം തന്നെ.

    അണ്ണാൻ കുഞ്ഞും തന്നാലായത്‌ അല്പം ഇലക്ഷൻ സ്ക്വാഡു പ്രവർത്തനമുണ്ട്‌. രാത്രി വീണ്ടും വരും.

    (രാത്രി വീണ്ടും വന്നു)
    തുടർ കമന്റ്‌

    3. മനോമനൻ ഈ പോസ്റ്റിനു മൂന്നാമതും കമന്റുന്നു.

    അത്രകണ്ട് മഹത്വ വൽക്കരിയ്ക്കേണ്ട വ്യക്തിയാണ് മദനിയെന്ന് ആരും പറയില്ല. പിണറായിയും പറയില്ല. പണ്ട് തെറ്റുകൾ ചെയ്തവർക്ക്‌ അതു തിരുത്താനും അതിനു തയ്യാറായാലും അവരെ അംഗീകരിയ്ക്കാനും പാടില്ല എന്ന വാശി മദനി എൽ.ഡി.എഫിനെ പിന്തുണച്ചു എന്നതു കൊണ്ട്`മാത്രമാണ്.

    അശൊകചക്രവർത്തിയെ (ഇനി മദനിയെ അശോകചക്രവർത്തിയാക്കിയെന്നൊന്നും ആക്ഷേപിയ്ക്കരുതേ. വാദം കൊഴുപ്പിയ്ക്കാൻ പറയുകയാണ്) ചരിത്രത്തിൽ നാം അറിയുന്നത്‌ മഹാനായ അശൊകൻ എന്നാണ്. എന്നാൽ കലിംഗയുദ്ധത്തിനും അതിനു ശേഷമുണ്ടായ മാനസാന്തരത്തിനും ശേഷമുള്ള പ്രവർത്തികളാണ് ആദ്ദേഹത്തെ മഹാൻ എന്നു വിളിയ്ക്കാനുള്ള കാരണം.കലിംഗയുദ്ധത്തിനു മുന്നേ ചെയ്തുകൂട്ടിയ പാതകങ്ങൾ മറക്കാനാകില്ലെങ്കിലും മാനസാന്തരത്തിനു ശേഷം ചെയ്ത സല്പ്രവർത്തികളെ നിഷേധിയ്ക്കേണ്ടതുണ്ടോ?

    പച്ഛാത്താപമേ പ്രായഛിത്തം എന്ന സിദ്ധാന്തത്തിന്റെ ആനുകൂല്യമെങ്കിലും മദനിയ്ക്കും ജനപക്ഷം രാമൻപിള്ളയ്ക്കും ഒക്കെ കൊടുത്തുകൂടേ? ഇനിയും അത്തരം അപകടകരമായ ആശയങ്ങളും പ്രസ്ഥാനങ്ങളും ഉപേക്ഷിച്ചു പലർക്കും വരാൻ അതൊരു പ്രചോദനം ആയിക്കൂടെന്നുണ്ടോ?

    പിന്നെ വേറൊന്ന്‌ ഇപ്പോൽ ഇവിടെ പലർക്കും ഇപ്പോൾ അദർശധീരന്മാരാകാൻ ഉള്ള കുറുക്കു വഴി സി.പി.എമ്മിനെ തള്ളിപ്പറയുക എന്നതാണ്. പിണറായിയെ തള്ളിപ്പറഞ്ഞാൽ വായു വേഗത്തിൽ ആദർശധീരരാകാം. ചുക്കിച്ചുളുങ്ങിയ കണ്ണുകളിലൂടെ ലോകത്തെ മുഴുവൻ കാഴ്ചകളും നോക്കിക്കാണുന്നതിലെ ദുരന്തമാണത്‌ ഇത്‌. ഏതാനും വ്യക്തികളിലൂടെ മാത്രം പ്രശ്നങ്ങളെ ചുരുക്കുന്ന കുറുക്കു വിദ്യ. അതാവുമ്പോൾ എളുപ്പം കാര്യങ്ങൾ പറഞ്ഞുതീർത്ത്‌ സായൂജ്യരാകാം.

    സ്വാഭാവിക ശത്രുക്കളെക്കാൾ ഇന്ന്‌ ഇടതുപക്ഷപ്രസ്ഥാനങ്ങൾ പ്രത്യേകിച്ച്‌ സി.പി.എം നേരിടേണ്ടി വരുന്നത്‌ ഈ അനുകൂല ശത്രുക്കളെയാണ്. അവരുടെ പ്രവർത്തികളിൽ ഒന്നു മില്ല. വെറും വാചോടാപം മാത്രം. ബദലായി എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ അതു ചെയ്തു കാണിയ്ക്കണ്ടേ? സി.പി.എം വിട്ടുപോകുന്നവരൊക്കെ വല്ല പഞ്ചായത്തു തെരഞ്ഞെടുപ്പിലോ മറ്റോ ചില നമ്പരുകൾ കാണിച്ച്‌ ഉമ്മാക്കി കാണിച്ച്‌ ഏതെങ്കിലും ചില കോണുകളിൽ പെരുകിനിന്നിട്ട്‌ താമസിയാതെ ബലൂൺപോലെ ചീറിപ്പോകും.

    ചിലർ ആകട്ടെ സി.പി.എമ്മിന്റെ ശത്രുപക്ഷത്തിൽ ഏതിന്റെയെങ്കിലുമൊക്കെ പുറമ്പോക്കുകളിൽ ചെന്നു ചായ്പു കെട്ടി കിടക്കും.അതോടെ അവരുടെ അതി വിപ്ലവം പൂർത്തിയാകും.സി.എം.പി, ജെ.എസ്.എസ്.....അങ്ങനെയങ്ങനെ.

    നിലവിൽ സി.പി.എം മോശമാണെങ്കിൽ അതിനൊരു ബദൽ ഉണ്ടാക്കിയിട്ട്‌ ഇതാ അതിനേക്കാൾ നല്ലതൊരെണ്ണം എന്നു പറയാൻ കഴിയണം. അങ്ങനെ നല്ലൊരെണ്ണം വന്നാൽ നിലവിൽ മോശമായിട്ടുള്ളതു താനേ ഇല്ലാതായിക്കൊള്ളും.അതിനു കഴിയില്ലെങ്കിൽ ഉള്ളതെങ്കിലും നിലനിന്നു പോട്ടെ എന്നു കരുതാനുള്ള ഒരു മനോഭാവം ഉണ്ടാകണം.

    ചർച്ചകൾ പലതും കാണുമ്പോൾ നല്ലതൊരുപാടുള്ളപ്പോൾ സി.പി.എമ്മിനു പുറകേ പോകുന്നത്‌ എന്തിനെന്ന മട്ടാണ്. പറയൂ, പകരം വയ്ക്കാൻ എന്തെങ്കിലും ഉണ്ടോ? നാലാളുടെ മുന്നിൽ അവതരിപ്പിയ്ക്കാൻ കൊള്ളാവുന്നത്‌? അതോ സി.പി.എം ഇല്ലാതാകുന്നതോടെ രാജ്യം രക്ഷപ്പെടുമെന്നോ? സി.പി.എം എന്നൊരു പ്രസ്ഥാനം ഉള്ളതുകൊണ്ടാണോ ഇത്യാ മഹാരാജ്യം ഇങ്ങനെയൊക്കെ ആയിപ്പോയത്‌?

    4. നാലാമതും കമന്റുന്നു
    എന്തിനേയും നെഗറ്റീവാ‍യിമാത്രം കാണുന്ന പ്രവണത ശരിയല്ല. ഒരിയ്ക്കൽ തെറ്റിന്റെ വഴിയേ സഞ്ചരിച്ചവർ നേർവഴിയ്ക്കു വന്നാലും പഴയ രീതിയിലേ നോക്കിക്കാണൂ എന്നു പറയുന്നത്‌ ഒരുതരം ദുശാഠ്യമാണ്.മദനിയും രാമൻ പിള്ളയുമൊക്കെ നിലപാടുമറ്റാനുണ്ടായ കാരണം എന്തുമാകട്ടെ. അവർ പഴയ തെറ്റകളെല്ലാം ഏറ്റുപറഞ്ഞ്‌ നേർവഴി വന്നാലും അംഗീകരിയ്ക്കില്ല എന്ന് ഇത്ര വാശിയെന്തിൻ? മദനി തന്നെ ബോംബെറിഞ്ഞ് കാലു നഷ്ടപ്പെടുത്തിയ പ്രതി പ്രായശ്ചിത്തം ചെയ്തപ്പോൾ അയാൾക്കു പോലും മാപ്പു നൽകാൻ തയ്യാറായി. അത്ര കണ്ട്‌ മാറ്റങ്ങൾ ഒരാളിൽ കാ‍ണുമ്പോൾ അവരെ അതിനോടു നിഷേധാത്മകമായ സമീപനം സ്വീകരിയ്ക്കേണ്ട യാതൊരു കാര്യവുമ്മില്ല. സുഹ്ര്‌ത്തേ മുസ്ലിം-ക്രിസ്തീയ നാമധാരികൾക്ക്‌ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തിക്കൊണ്ട്‌ മറ്റിതര സംസ്ഥാനങ്ങളിൽ ജീവിയ്ക്കാൻ പറ്റാത്തത്ര സ്ഫോടനാത്മകമാണ് സ്ഥിതി ഗതികൾ.എന്ന കാര്യം ഓർക്കണം. ഇന്നലെവരെ നാം കണ്ട ഇന്ത്യ അല്ല, ഇപ്പോൾ. വർഗീയം വളരെയേറെ പുരോഗമിച്ചിരിയ്ക്കുകയാണ്. അതുകൊണ്ട്‌ കണ്ണിൽൽ എണ്ണ ഒഴിച്ച്‌ കാത്തിരുന്ന്‌ സി.പി.എമ്മിനെയും മറ്റു് ഇടതുപക്ഷകക്ഷികളേയും എതിർക്കാൻ വേണ്ടി എതിർക്കുക എന്ന സമീപനം തിരുത്തുക. ക്രിയാത്മകമായ വിമർശനങ്ങൾ വേണം .പക്ഷേ ഇടതുപക്ഷത്തെ -പ്രഹ്യേകിച്ച്‌ സി.പി.എമ്മിനെ മാത്രമേ എതിർക്കൂ എന്ന സമീപനവും ശരിയൊന്നുമല്ല.

    5. അഞ്ചാമതും കമന്റി

    സൂരജ്,

    “ചില ‘സ്വയം പ്രഖ്യാപിത’ കമ്മൂണിസ്റ്റുകാര് അങ്ങനെയാണ്. അവരു പാര്‍ട്ടിയെ അടിയന്‍ ലച്ചിപ്പോം എന്നുപറഞ്ഞു നടപ്പാണ്. ചുറ്റുവട്ടത്ത് ഈവക ഉണ്ടച്ചുരുട്ടുകളേക്കാള്‍ ആയിരമിരട്ടി പ്രാധാന്യമുള്ള സാമൂഹിക/രാഷ്ട്രീയ/വികസന വിഷയങ്ങള്‍ വേറെ കിടന്നാലെന്ത്, സ്വയം പ്രഖ്യാപിത സിദ്ധാന്തക്കാര്‍ക്ക് അതൊന്നും കാണേണ്ടതില്ല. പിണറായി-വി.എസ്-പരിപ്പുവട-കട്ടഞ്ചായ തുടങ്ങിയ ദ്വന്ദ്വങ്ങളില്‍ എല്ലാ ചര്‍ച്ചയും തളച്ചിട്ടേ മതിയാവൂ.“

    എന്റെ കമന്റുകളിൽ ഇതു എക്സ്പ്രെസ്സ് ചെയ്യപ്പെട്ടില്ല. ഇതും കൂടി ചേർത്തു സംത്ര്‌പ്തിപ്പെടുന്നു.

    മറ്റൊരു ചൊല്ലു കൂടി:

    ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും
    ചോരയല്ലോ കൊതുകിന്നു കൌതുകം.

    എന്നതുപോലെയാണ് ഈ പാർട്ടിയുടെ രക്ഷകവേഷക്കാർ. അനുകൂല ശത്രു എന്നാണ് ഇത്തരം ചിലരെ പണ്ട്‌ വിശേഷിപ്പിച്ചിരുന്നത്‌ ഇന്ന്` അവർ പ്രതികൂലശത്രുക്കൾ എന്ന വിശേഷണത്തിനു അർഹരാകത്തക്ക നിലയിൽ പുരോഗമിച്ചിരിയ്ക്കുന്നു.

    Blogger ആറാമതും കമന്റിട്ടു

    6. കാളിദാ‍സൻ മാഷേ,

    “ഇന്ന രിതിയില്‍ പ്രവര്‍ത്തിക്കണം എന്നു ഞാന്‍ പ്രതീക്ഷിക്കുന്ന പാര്‍ട്ടികളും ആളുകളും അതിനു കടകവിരുദ്ധമായി ചിലതൊക്കെ ചെയ്യുമ്പോള്‍ ഞാന്‍ അവരെ വിമര്‍ശിക്കും.“

    പലരും ഇങ്ങനെ നടിച്ചാണ് സി.പീമ്മിനെതിരെ തിരിയാറ്‌. കാളിദാസൻ അങ്ങനെ ഒരു നാട്യക്കാരൻ അല്ല എന്നു വിശ്വസിയ്ക്കാൻ തന്നെ എനിക്കിഷ്ടം. ഞാൻ സി.പി.എമ്മിന്റേയും ഇടതുപക്ഷത്തിന്റേയും പരിമിതികളും ദൌർബ്ബല്യങ്ങളും മറച്ചു വ്യ്ക്കാതെയാണ് അഭിപ്രായങ്ങൾ പറഞ്ഞിട്ടുള്ളത്‌. ഗതികേടു യു.പി.എ യെ പിന്തുണച്ചു എന്നതുകൊണ്ട്‌ ഒറീസയിൽ സി.പി.എമ്മിനു എന്തു ചെയ്യാൻ പറ്റും? ഗുജറാത്തിൽ മുൻപ്‌ എന്തു ചെയ്യാൻ പറ്റി? അതിനും മാത്രം അവിടെ സി.പി,എം ഉണ്ടോ?

    അതുകൊണ്ടല്ലേ ഞാൻ പറഞ്ഞത്‌ എന്തെങ്കിലും ഒക്കെ ചെയ്യാൻ പറ്റുന്ന വിധം ഇതൊന്നു കൊണ്ടു പോണ്ടേ? അതെന്തേ കാളിദാസൻ കാണാത്തത്‌? ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ സി.പി.എം വളരാത്തത്`അല്ലെങ്കിൽ ഇടതുപക്ഷം വളരാത്തത്‌ പ്രകാശ്‌ കാരാട്ടും യച്ചൂരിയും വളർത്താത്തതുകൊണ്ടാണോ?
    അങ്ങനെ പറയാൻ ഞാൻ ഒരുക്കമല്ല.

    ശക്തികൊണ്ടല്ല സഖാവേ ബുദ്ധികൊണ്ടാണ് അവർ ഇടതുപക്ഷത്തെ നയിക്കുന്നത്‌. ആൾബലത്തിന്റെ ശക്തി മതിയാം വണ്ണം സംഭരിയ്ക്കും വരെ ഇതങ്ങു നിറുത്താൻ പറ്റില്ലല്ലോ. പിന്നെ മദനിയെയും ദേശീയരാഷ്ട്രീയത്തെയും ഒന്നും കൂട്ടിക്കുഴയ്ക്കാതിരിയ്ക്കുക.

    കഴിഞ്ഞ തവണ പതിനെട്ടൂ ജയിച്ച സാഹചര്യം അല്ല ഇപ്പോൾ ഉള്ളത്‌. ഇപ്പോൾ കാളിദാസനു ബോധിയ്ക്കാത്ത കൂട്ടൂകെട്ടുകൾ ഉണ്ടാക്കുന്നതിന്റെ പൊരുൾ കാളിദാസനും അറിയാവുന്നതു തന്നെ. ഒന്നു ഓർക്കുക. ഇടതുപക്ഷത്തിനു മലപ്പുറം ഇന്ന് പണ്ടേപ്പോലെ ഒരു ബാലികേറാമലയല്ല. ചെറുതല്ലാത്ത മാറ്റങ്ങൾ അവിടെ ഉണ്ടായിരിയ്ക്കുന്നു.. പിണറായി എങ്ങനെയുള്ള ആളെന്നു കാളിദാസൻ കരുതിയാലും. പിന്നെ ഇതൊന്നും പിണറായിയുടെ മാത്രം നയങ്ങളായി ആരോപിയ്ക്കുന്നത്‌ ശരിയല്ല. പിണറായി എത്ര ശക്തനാണെങ്കിലും തീരുമാനങ്ങളെ കുറച്ചൊക്കെ സ്വാധീനിയ്ക്കാൻ കഴിയും എന്നതിനപ്പുറം പിണറായിക്ക്‌ എന്നല്ല ഒരു നേതാവിനും തോന്നിയ രീതിയിൽ ഈ പ്രസ്ഥാനത്തെ നയിക്കാനൊന്നും കഴിയില്ലെന്നു ഞങ്ങൾ കുറച്ചൊക്കെ വിശ്വസിയ്ക്കുന്നുണ്ട്‌. പിണറായിയും വി.എസ്സും എല്ലാം ഒന്നു പോലെയാണെന്ന്‌ അറിയണമെങ്കിൽ അവരൊക്കെ പാർട്ടി ഒന്നു വിട്ടു പോയി നോക്കണം. ആപ്പോ അറിയാം മനോമനൻ മഹാനവർകളെപ്പോലെയുള്ളവർ പിണറായി ഭക്തനാണോ വി.എസ് ഭക്തനാണോ എന്നൊക്കെ

    പീന്നേ കാളിഅദാസൻ മാഷേ,
    ഈ പിണറായിക്കെതിരെ സംസാരിയ്ക്കാത്തവർ ഒക്കെ പിണറായി ഭക്തൻ ആണെന്നു ധരിയ്ക്കരുതു കേട്ടോ. പിണറായിയെ എതിർത്തു സംസാരിച്ചാൽ കുറുക്കുവഴിയ്ക്കു മറ്റുപലരുടേയും മുന്നിൽ ചിലപ്പോൾ ആദർശധീരപ്പട്ടം കിട്ടൂം. പക്ഷെ പിണറായിയെ തള്ളീയും വി എസ്സിനെ പ്രശംസിച്ചും ഉള്ള ആദർശ പരി വേഷം മനോമനനെപ്പോലുള്ളവർ ആഗ്രഹിയ്ക്കുന്നില്ല.
    താങ്കൾതന്നെ പറഞ്ഞതു പോലെ നല്ല കമ്മ്യൂണിസ്റ്റാകാൻ ആരുടേയും സർട്ടിഫിക്കറ്റ്‌ വേണ്ട. അതുപോലെ കമ്മ്യൂണിസ്റ്റാകാൻ അന്ധമയി പിണറായിയെ എതിർക്കണമെന്നോ അന്ധമയി വി,എസ്സിനെ പ്രകീർത്തിച്ചുകൊള്ളണം എന്നോ ഒരു നിയമവും ഇല്ലല്ലോ?ഉവ്വോ?

    വി.എസ്സും പിണറായിയും ഒരുമിചു നിന്ന ഒരു കാലത്തിന്റെ മധുര സ്മരണകൾ മനോമനനും മറന്നിട്ടില്ല. ഞാനും ശരിയ്ക്കും തിരുവന്തപുരം കാരൻ തന്നെയാണു കാളിദാസ്മാഷ്. എന്തൊക്കെ കണ്ടിരിയ്ക്കുന്നു.(വീരവാദം അല്ല) ആദർശം ഉള്ളവരും ഇല്ലാത്തവരും എന്നൊരു വേർതിരിവിലേയ്ക്കു പോയാൽ ഒരുപാടു പറയേണ്ടിവരും. വാക്കും പ്രവ്ര്ത്തിയും തമ്മിലൊക്കെ ഉണ്ടാവേണ്ട ചില പൊരുത്തങ്ങളും പൊരുത്തക്കേടുകളും തുടങ്ങി ഒരുപാട്`......

    പിന്നെ ഈ പാർട്ടിയിൽ അനീതിയ്ക്കെതിരെ പോരാടണമെങ്കിലും കൂടെ ആളു വേണം. പോരാട്ടം അനീത്യ്ക്കെതിരെ തന്നെന്നു കൂടെനിൽക്കുന്നവർക്കു ബോധ്യപ്പെടുകയും വേണം..ഒരു പ്രസ്ഥാനം ഒന്നാകെ അനീതിയുടെ പക്ഷത്തേയ്ക്കു കൂറുമാറി എന്നു വിശ്വസിയ്ക്കുക പ്രയാസമാണ്.

    പാർട്ടിയ്ക്കുള്ളിൽ ചില പ്രശ്നങ്ങൾ ഉള്ളതുകൊണ്ട്‌ അതിൽ ഒരു പക്ഷത്തെ മഹത്വവൽക്കരിച്‌ ആദർശത്തിന്റെ മൊത്ത കച്ചവടം സ്വയം ഏറ്റെടുക്കുന്നതു നന്നല്ല.നോക്കണേ ആദർശത്തിനും കുത്തകാവകാശം!

    ഇതൊരു സംവാദമാകാൻ സഹകരിച്ചതിനു കാളിദാസനോടും മറ്റു കമന്റിയവരോടും നന്ദിയുണ്ട്‌

    പറഞ്ഞ്‌ അവസാനിപ്പിയ്ക്കുകയല്ല.



    ഇവിടെയാണു ഈ ചർച്ച നടന്നത്‌

    മദനിയും, വി എസും, പിന്നെ പിണറായിയും

    വര്‍ഗീയ കുതന്ത്രങ്ങള്‍ക്കെതിരെ നിതാന്ത ജാഗ്രത

    ദേശാഭിമാനി മുഖപ്രസംഗം

    പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ടി (പിഡിപി) കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരില്‍ നടത്തുന്ന വര്‍ഗീയച്ചുവയുള്ള പ്രചാരണങ്ങളും മുഴക്കുന്ന ആക്ഷേപങ്ങളും നാടിന്റെ മതനിരപേക്ഷ സ്വഭാവത്തെ വെല്ലുവിളിക്കുന്നതാണ്. എല്‍ഡിഎഫിന്റെ മതനിരപേക്ഷവും സാമ്രാജ്യവിരുദ്ധവുമായ കാഴ്ചപ്പാട് അംഗീകരിച്ചുകൊണ്ട്, ആ രണ്ടുമേഖലയിലുമുള്ള പോരാട്ടത്തിന് യോജിക്കേണ്ടത് ഇടതുപക്ഷവുമായി മാത്രമാണെന്ന തിരിച്ചറിവോടെയാണ് പിഡിപിയും അതിന്റെ നേതാവ് അബ്ദുള്‍നാസര്‍ മഅ്ദനിയും എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. പിന്തുണയ്ക്കുന്ന കക്ഷിയെയും അതിന്റെ നേതാക്കളെയും കണ്ടാല്‍ മുഖംതിരിക്കുന്നത് ഇടതുപക്ഷത്തിന്റെ നയമല്ല. അതുകൊണ്ടുതന്നെ, എല്‍ഡിഎഫിലെ ഘടകകക്ഷിയല്ലാതിരുന്നിട്ടുകൂടി പരസ്യമായി പിന്തുണ അറിയിച്ച് പൊന്നാനിയടക്കമുള്ള മണ്ഡലങ്ങളില്‍ പിഡിപിനേതൃത്വം രംഗത്തുവന്നു. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പുകവന്‍ഷനുകളില്‍ പങ്കെടുക്കുകയും പ്രസംഗിക്കുകയുംചെയ്തു. അതിനര്‍ഥം, മുമ്പേതോ കാലത്ത് അവര്‍ ഉയര്‍ത്തിപ്പിടിച്ച തെറ്റായ സമീപനങ്ങളെ ഇടതുപക്ഷം ശരിവച്ചു എന്നല്ല. ശരിവച്ചത്, ഇന്ന് മതനിരപേക്ഷതയുടെയും ഭീകരവിരുദ്ധതയുടെയും സാമ്രാജ്യത്വ വിരുദ്ധതയുടെയും പ്രശ്നങ്ങളില്‍ അവര്‍ പ്രഖ്യാപിച്ച നിലപാടുകളെയാണ്. കൊലവിളിയുമായി വരുന്ന ഭൂരിപക്ഷ വര്‍ഗീയതയെ അതേ ഭാഷയിലല്ല, മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ച് ജനങ്ങളെ അണിനിരത്തിയാണ് നേരിടേണ്ടത് എന്ന് മഅ്ദനി പറഞ്ഞാല്‍, അത് നാട് ആഗ്രഹിക്കുന്ന നിലപാടുമാറ്റമാണ് എന്ന് തിരിച്ചറിയാന്‍ ഇടതുപക്ഷത്തിന് ആരുടെയും ഉപദേശം ആവശ്യമാകുന്നില്ല. മുമ്പ് ബിജെപിയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന കെ രാമന്‍പിള്ളയടക്കമുള്ളവരും ഇതേ രീതിയില്‍ ഇടതുപക്ഷത്തോടൊപ്പം അണിനിരക്കുന്നത്, എല്‍ഡിഎഫിന്റെ വര്‍ഗീയപ്രീണനത്തെയല്ല, കറകളഞ്ഞ മതനിരപേക്ഷ കാഴ്ചപ്പാടിനെയാണ് വ്യക്തമാക്കുന്നത്. വര്‍ഗീയത രാജ്യം ഇന്ന് നേരിടുന്ന അതിഗുരുതരമായ പ്രശ്നമാണ്. ഗുജറാത്ത്, ഒറീസ, കര്‍ണാടകം, മഹാരാഷ്ട്ര തടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്ന സംഘപരിവാറിന്റെ ഫാസിസ്റ് സ്വഭാവമുള്ള ആക്രമണങ്ങള്‍ രാജ്യത്തിന് സമ്മാനിച്ചത് ഒരിക്കലും ഉണങ്ങാത്ത മുറിവുകളാണ്. മതേതരത്വത്തിന് സംഘപരിവാര്‍ ഉയര്‍ത്തുന്ന ഭീഷണി ചെറുക്കുന്നതില്‍ കോഗ്രസ് പരാജയപ്പെട്ടു. ബാബറി മസ്ജിദ് തകര്‍ക്കുന്നതിന് കൂട്ടുനിന്ന കോഗ്രസ് പിന്നീട് രാജ്യത്തുണ്ടായ എല്ലാ വര്‍ഗീയ കൂട്ടക്കുരുതികളിലും നിസ്സംഗസാക്ഷികളായി. ഗുജറാത്ത് വംശഹത്യയിലോ ഒറീസയില്‍ ക്രൈസ്തവര്‍ അതിഭീകരമായി ആക്രമിക്കപ്പെട്ടപ്പോഴോ കേരളത്തില്‍ സംഘപരിവാര്‍ ബോംബുകള്‍ തുടരെത്തുടരെ പൊട്ടിയപ്പോഴോ കോഗ്രസില്‍നിന്ന് എതിര്‍പ്പിന്റെ ശബ്ദം ആരും കേട്ടില്ല. ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കുന്നതുപോലെതന്നെ, അതിനെ പ്രതിരോധിക്കാനെന്ന പേരില്‍ രൂപപ്പെടുന്ന ന്യൂനപക്ഷ വര്‍ഗീയതയോടും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സിപിഐ എമ്മിനും ഇടതുപക്ഷങ്ങള്‍ക്കാകെയുമുള്ളത്. ജനാധിപത്യപരമായ സമൂഹത്തിന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നതും തമ്മില്‍ തമ്മില്‍ പ്രോത്സാഹിപ്പിക്കുന്നതുമാണ് ഇരുവര്‍ഗീയതയും. ഭീകരവാദം ഏതെങ്കിലും മതവിശ്വാസവുമായി ബന്ധപ്പെട്ടതല്ല. മലേഗാവ്, സംഝോത എക്സ്പ്രസ് തീവയ്പ് തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന സംഭവങ്ങള്‍ സംഘപരിവാര്‍തന്നെ ഇത്തരം പദ്ധതികള്‍ ആസൂത്രണം ചെയ്യാറുണ്ടെന്ന് വ്യക്തമായി. ഇസ്ളാമിന്റെ പേരിലായാലും സംഘപരിവാര്‍ നേതൃത്വത്തിലായാലും വര്‍ഗീയത അഴിഞ്ഞാടുന്ന എല്ലായിടത്തും അവയ്ക്കെതിരായ സുശക്ത നിലപാട് ഇടതുപക്ഷത്തിനുമാത്രമാണ്. കേരളം വര്‍ഗീയകലാപങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നത് ഇടതുപക്ഷ സ്വാധീനംകൊണ്ടാണ്. ഇതൊക്കെ തിരിച്ചറിയാന്‍ കഴിയാത്തവരാണ് ഇന്നാട്ടിലെ ജനങ്ങള്‍ എന്ന തെറ്റിദ്ധാരണമൂലമോ, സംഘടിതമായ നുണപ്രചാരണത്തിലൂടെ ഈ യാഥാര്‍ഥ്യങ്ങളെ മൂടിവച്ചുകളയാം എന്ന മിഥ്യാധാരണമൂലമോ ആകാം ഇപ്പോഴത്തെ മാര്‍ക്സിസ്റ്റ് വിരുദ്ധ അഴിഞ്ഞാട്ടവും മഅ്ദനി വേട്ടയുടെ മറവിലുള്ള വര്‍ഗീയക്കളിയും. പിഡിപി എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നത് ഇതാദ്യമല്ല. എല്‍ഡിഎഫുമായി യോജിപ്പു പ്രകടിപ്പിച്ച് ആരുതന്നെ വന്നാലും വിവാദപ്പെരുമഴ സൃഷ്ടിച്ച് അത്തരം നീക്കങ്ങള്‍ അട്ടിമറിക്കാന്‍ യുഡിഎഫിന്റെ അച്ചാരം വാങ്ങുന്നവര്‍ക്ക് താല്‍പ്പര്യമുണ്ടാകും. എന്നാല്‍, അവര്‍ വരയ്ക്കുന്ന വരയിലൂടെ പോകാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് മനസ്സില്ല എന്നതിനുതെളിവാണ് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ തിളങ്ങുന്ന വിജയം. ലോകത്താകെ നടക്കുന്ന അധിനിവേശത്തോടും അടിച്ചമര്‍ത്തലുകളോടും എങ്ങനെ പ്രതികരിക്കുന്നു എന്നുനോക്കിയാല്‍, കോഗ്രസും മുസ്ളിം ലീഗുമടങ്ങുന്ന യുപിഎ സഖ്യത്തിന്റെ പാപ്പരത്തമാണ്; ജനവിരുദ്ധതയാണ് തെളിഞ്ഞുകാണുക. പലസ്തീന്‍ ജനതയെ കൊന്നൊടുക്കുകയാണ് ഇസ്രയേല്‍. ഈ ഭീകരതയ്ക്ക് അമേരിക്ക കൂട്ടുനില്‍ക്കുന്നു. ഇസ്രയേലിനെ സംരക്ഷിക്കുന്ന അമേരിക്കന്‍ നിലപാടിനെ മന്‍മോഹന്‍ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നു. അതിന് ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗ് പ്രസിഡന്റുകൂടിയായ വിദേശ സഹമന്ത്രി ഇ അഹമ്മദ് കൂട്ടുനില്‍ക്കുന്നു. അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ഇന്ത്യന്‍ വിദേശനയം മാറിക്കൊണ്ടിരിക്കുമ്പോള്‍ അതിനെതിരായി നിലപാടെടുക്കാന്‍ ലീഗിന്റെ വിദേശ സഹമന്ത്രിക്കു കഴിയുന്നില്ല. ആ മന്ത്രി ഇന്ന് മലപ്പുറത്ത് യുഡിഎഫിന്റെ സ്ഥാനാര്‍ഥിയാണ്. കൊലയാളിരാഷ്ട്രമായ ഇസ്രയേലിനോട് കോഗ്രസ് അഗാധബന്ധം പുലര്‍ത്തുന്നു. മുന്‍ യുഡിഎഫ് സര്‍ക്കാരില്‍ വിനോദ സഞ്ചാരമന്ത്രിയായിരുന്ന കെ വി തോമസ് ഇസ്രയേലി പ്രതിനിധിക്ക് സംസ്ഥാന സര്‍ക്കാരിനുവേണ്ടി നല്‍കിയ ഉപഹാരങ്ങളും സ്വീകരണവും ഉദാഹരണമാണ്. ആ തോമസും ഇന്ന് കൈപ്പത്തിചിഹ്നത്തില്‍ എറണാകുളത്ത് മത്സരിക്കുന്നു. ഈ പ്രശ്നങ്ങളിലൊക്കെ ഇടതുപക്ഷം സ്വീകരിച്ച നിലപാടുകളുണ്ട്. അത് ഇവിടെ ഈ കേരളത്തിന്റെ നാലതിരുകളില്‍ ഒതുങ്ങുന്നതല്ല. അതുകൊണ്ടുതന്നെ അബ്ദുള്‍നാസര്‍ മഅ്ദനിയടക്കമുള്ള ന്യൂനപക്ഷ നേതാക്കളും കെ രാമന്‍പിള്ളയടക്കമുള്ള മുന്‍ ബിജെപി നേതാക്കളും എല്‍ഡിഎഫിന് നല്‍കുന്ന പിന്തുണയും ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചതല്ല. അതു മനസ്സിലാക്കാതെയോ മറച്ചുപിടിച്ചോ എല്‍ഡിഎഫിനെതിരെ ദുഷ്പ്രചാരണവുംകൊണ്ട് നടക്കുന്നവര്‍ വര്‍ഗീയതയ്ക്കും സാമ്രാജ്യത്വത്തിനും കുഴലൂത്ത് നടത്തുകയാണ്. പിഡിപി സാമ്രാജ്യത്വത്തിനും ഭീകരവാദത്തിനുമെതിരെ നിലപാടെടുക്കുന്ന പാര്‍ടിയാണെന്ന് സിപിഐ എം കേന്ദ്രനേതൃത്വം വിശദീകരിച്ചിട്ടുണ്ട്. അതേസമയംതന്നെ ആ പാര്‍ടി ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭാഗമല്ലതാനും. സിപിഐയേക്കാള്‍ വലിയ സ്ഥാനം സിപിഐ എം പിഡിപിക്ക് നല്‍കുന്നു എന്നതുപോലുള്ള തരംതാണ പ്രചാരണമഴിച്ചുവിടുന്നവര്‍ക്ക് മറുപടി നല്‍കിയിട്ടുകാര്യമില്ല. എല്‍ഡിഎഫിന്റെ വര്‍ഗീയ വിരുദ്ധ നിലപാടുകള്‍ക്ക് ഒരു കോര്‍പറേറ്റ് മാധ്യമത്തിന്റെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സിപിഐ എം നേതൃത്വത്തിന് നെഞ്ചുവിരിച്ച് പ്രഖ്യാപിക്കാനാവുന്നത്, ആ നിലപാട് സംവദിക്കുന്നത് കേരളത്തിലെ സാധാരണജനങ്ങളുടെ ഹൃദയവുമായാണ് എന്നതുകൊണ്ടാണ്. എത്രതന്നെ വിഷംപുരട്ടിയ കുപ്രചാരണങ്ങളുണ്ടായാലും അവയെ തൃണവല്‍ഗണിച്ച് മതനിരപേക്ഷതയുടെ കൊടിക്കൂറയുമായി എല്‍ഡിഎഫ് മുന്നോട്ടുപോകുമെന്നും ആ മുന്നേറ്റത്തിന്റെ ഓരോ ചുവടുകളിലും ഇത്തരം നെറികെട്ട എതിര്‍പ്പുകളുണ്ടാകുമെന്നും തിരിച്ചറിയപ്പെടേണ്ടതുണ്ട്; ജാഗ്രത പാലിക്കേണ്ടതുമുണ്ട്. ആര്‍എസ്എസിന്റെ കൊലക്കത്തിയില്‍നിന്ന് മതന്യൂനപക്ഷങ്ങളെയെന്നപോലെ, എന്‍ഡിഎഫിന്റെ കൊടുംക്രൂരതകളില്‍നിന്ന് ഇന്നാട്ടിലെ ജനങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യതയും ഏറ്റെടുത്ത പ്രസ്ഥാനമാണ് സിപിഐ എം. എന്‍ഡിഎഫുകാരും ആര്‍എസ്എസുകാരും കൊന്നൊടുക്കുന്നത് ഉശിരരായ സിപിഐ എം പ്രവര്‍ത്തകരെയാണ് എന്നതില്‍നിന്ന്, രണ്ടു വര്‍ഗീയതകളും സിപിഐ എമ്മിനെ എത്രമാത്രം ശത്രുതയോടെയാണ് കാണുന്നതെന്ന് തെളിയുന്നുണ്ട്. അത് ഇന്നാട്ടിലെ ജനങ്ങള്‍ക്കറിയാം എന്നുമാത്രം നുണപ്രചാരകര്‍ ഓര്‍ത്താല്‍ നന്ന്.