ദേശാഭിമാനി വാർത്ത
ന്യൂഡല്‍ഹി: മതനിരപേക്ഷത സംരക്ഷിക്കാനും സ്വാശ്രയ സമ്പദ്വ്യവസ്ഥ സ്വായത്തമാക്കാനും കരുത്തുറ്റ ബദല്‍നയങ്ങള്‍ ഇടതുപക്ഷം മുന്നോട്ടുവെച്ചു. വര്‍ഗീയവേട്ടകള്‍ക്ക് നേതൃത്വം നല്‍കുന്ന ബജ്രംഗ്ദളിനെ നിരോധിക്കുമെന്നും വര്‍ഗീയാക്രമണങ്ങള്‍ തടയുമെന്നുമുള്ള ശക്തമായ നടപടികള്‍ ഉറപ്പ്നല്‍കുന്ന ബദല്‍നയം നാല് ഇടതുപക്ഷപാര്‍ടികള്‍ വോട്ടര്‍മാര്‍ക്കുമുമ്പില്‍ അവതരിപ്പിച്ചു. നാല് ഇടതുപക്ഷപാര്‍ടികള്‍ സംയുക്തമായി പുറപ്പെടുവിച്ച അഭ്യര്‍ഥനയിലാണ് ബദല്‍ നയങ്ങള്‍. 1998ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം ആദ്യമായാണ് ഇടതുപക്ഷപാര്‍ടികള്‍ വോട്ടര്‍മാരോട് സംയുക്ത അഭ്യര്‍ഥന നടത്തുന്നത്. മതനിരപേക്ഷതയ്ക്കുവേണ്ടി ശക്തമായ പോരാട്ടമാണ് ഇടതുപക്ഷം നടത്തിയതെന്ന് സംയുക്ത അഭ്യര്‍ഥന പുറത്തിറക്കിയ വാര്‍ത്താസമ്മേളനത്തില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. വര്‍ഗീയ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് നീതി ഉറപ്പാക്കും. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം തടയും. സാംസ്കാരിക-വിദ്യാഭ്യാസ രംഗത്ത് മതേതരത്വമൂല്യം പ്രോത്സാഹിപ്പിക്കും - അഭ്യര്‍ഥനയില്‍ പറയുന്നു. സ്വതന്ത്ര വിദേശനയം സ്വീകരിക്കും. അമേരിക്കയുമായുള്ള സിവില്‍ ആണവകരാറും പ്രതിരോധ ചട്ടക്കൂട് കരാറും പുനഃപരിശോധിക്കും. ഇറാന്‍-പാകിസ്ഥാന്‍-ഇന്ത്യ വാതകക്കുഴല്‍ പദ്ധതി മുന്നോട്ടുകൊണ്ടുപോകും. പലസ്തീന്‍ പ്രസ്ഥാനത്തോട് സഹകരണം തുടരുകയും ഇസ്രയേലുമായുള്ള സുരക്ഷ, സൈനിക ബന്ധം അവസാനിപ്പിക്കുകയും ചെയ്യും. ഭീകരവാദം ശക്തമായി നേരിടും. സാമ്പത്തികമേഖലയില്‍ സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കും. കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാന്‍ പൊതുനിക്ഷേപം വര്‍ധിപ്പിക്കും. കാര്‍ഷിക, സാമൂഹ്യ, നിര്‍മാണ മേഖലകളില്‍ വികസനം സാധ്യമാക്കും. സമ്പന്നരുടെയും ഊഹക്കച്ചവടക്കാരുടെയും മൂലധനത്തിന് കൂടുതല്‍ നികുതി ചുമത്തി അധിക വിഭവസമാഹരണം നടത്തും. കോര്‍പറേറ്റ് നികുതി ഇളവ് എടുത്തുകളയും. ധനകാര്യ ഉത്തരവാദിത്ത, ബജറ്റ് മാനേജ്മെന്റ് (എഫ്ആര്‍ബിഎം) നിയമം റദ്ദാക്കും. ഭൂപരിഷ്കരണവും കുടിയാന്‍ പരിഷ്കരണവും നടപ്പാക്കും. കൂടുതല്‍ വിളകള്‍ക്ക് താങ്ങുവില നല്‍കും. നാല് ശതമാനത്തിന് കാര്‍ഷികവായ്പ നല്‍കും. വൈദ്യുതി, ജലസേചനം, രാസവളം, വിത്ത് എന്നീ മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കും. ജൈവ വൈവിധ്യം സംരക്ഷിക്കും. നാണ്യവിളകള്‍ക്ക് താരിഫ് സംരക്ഷണം വര്‍ധിപ്പിക്കും. ചെറുകിട വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കില്ല. കര്‍ഷകത്തൊഴിലാളികള്‍ക്ക് പ്രത്യേക ക്ഷേമനിയമം കൊണ്ടുവരും. കര്‍ഷകര്‍ കൊള്ളപ്പലിശക്കാരില്‍നിന്ന് എടുത്ത വായ്പ എഴുതിത്തള്ളും. വനിതാസംവരണബില്‍ പാസാക്കും. സച്ചാര്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ഉപപദ്ധതി തയ്യാറാക്കുമെന്നും അഭ്യര്‍ഥനയില്‍ പറയുന്നു. പ്രകാശ് കാരാട്ടിനു പുറമെ സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍, ഡി രാജ, ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍, അബനിറോയ്, ഫോര്‍വേഡ് ബ്ളോക്ക് ജനറല്‍ സെക്രട്ടറി ദേബബ്രത വിശ്വാസ്, ജി ദേവരാജന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
No comments:
Post a Comment