Wednesday, March 25, 2009

വിനീത വിധേയ വിദേശനയം

ദേശാഭിമാനിയിൽ നിന്ന്‌

പ്രകാശ് കാരാട്ട്

അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ പുതിയ മേധാവി ലിയോ പനേറ്റ തന്റെ പ്രഥമവിദേശയാത്ര നടത്തിയത് ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കുമാണ്. ന്യൂഡല്‍ഹിയില്‍ തങ്ങവെ, പനേറ്റ ഇന്ത്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായി മാത്രമല്ല, ആഭ്യന്തരമന്ത്രി പി ചിദംബരവുമായും ചര്‍ച്ച നടത്തി. ആദ്യമായാണ് ഒരു സിഐഎ തലവന്‍ ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയുമായി ചര്‍ച്ച നടത്തുന്നത്. രാഷ്ട്രീയ ഭരണനേതൃത്വവുമായി സിഐഎ മേധാവി നടത്തിയ ചര്‍ച്ച അമേരിക്കയുമായുള്ള ഇന്ത്യയുടെ സഹകരണത്തിന്റെ ആഴം വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ മുന്‍ ബിജെപിമുന്നണി സര്‍ക്കാരിന്റെ നടപടികളാണ് കോഗ്രസ് സര്‍ക്കാര്‍ പിന്തുടരുന്നത്. 2000ല്‍ അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന എല്‍ കെ അദ്വാനി വാഷിങ്ടണിലെ സിഐഎ ആസ്ഥാനം സന്ദര്‍ശിക്കുകയും സിഐഎ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്ത ആദ്യ ഇന്ത്യന്‍മന്ത്രിയായി. സിഐഎയെ അമേരിക്കന്‍ സര്‍ക്കാരിനുവേണ്ടി രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്ന സംഘടനയായിമാത്രം കാണാന്‍ കഴിയില്ല. അസാധാരണമായ അധികാരം കൈയാളുന്ന ഈ ഏജന്‍സിയെ ലോകമെമ്പാടും ഗൂഢനീക്കങ്ങള്‍ നടത്താനാണ് നിയോഗിച്ചിരിക്കുന്നത്. ഇപ്പോള്‍, വൈമാനികരില്ലാത്ത വിമാനങ്ങള്‍ ഉപയോഗിച്ച് പാകിസ്ഥാന്‍ അതിര്‍ത്തിയിലെ താലിബാന്‍-അല്‍ഖ്വയ്ദ താവളങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തുന്നതിന്റെ ചുമതല സിഐഎക്കാണ്. നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും മരണത്തിന് ഇടയാക്കുന്ന ഇത്തരം ആക്രമണങ്ങള്‍ പാക്ജനതയില്‍ രോഷം സൃഷ്ടിച്ചിരിക്കയാണ്. സിഐഎ ബുഷിന്റെ ഉത്തരവുപ്രകാരം ഈജിപ്ത്, മൊറോക്കോ, അഫ്ഗാനിസ്ഥാന്‍, പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ രഹസ്യ തടവറകള്‍ സ്ഥാപിക്കുകയും ഭീകരരെന്ന് സംശയിക്കുന്നവരെ ഇവിടേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍നിന്ന് തട്ടിക്കൊണ്ടുവന്ന ഒരു കനേഡിയന്‍ പൌരനെ രണ്ടുവര്‍ഷം അഫ്ഗാനിസ്ഥാനിലെയും ഈജിപ്തിലെയും തടവറകളില്‍ പീഡിപ്പിച്ചു. കനഡ സര്‍ക്കാര്‍ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് മോചിതനായ ഇയാള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അമേരിക്കയ്ക്ക് എതിരായി കേസ് നല്‍കിയിരിക്കയാണ്. ഇയാള്‍ ചെയ്ത ഏകഅപരാധം അമേരിക്ക സംശയിക്കുന്നവരുടെ പട്ടികയിലുള്ള ഒരു പേരിന് സദൃശ്യമായ മുസ്ളിംനാമം പേറുന്നുവെന്നതാണ്. അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമായ നിലപാട് എടുക്കുന്ന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ഉപകരണം എന്ന നിലയിലാണ് രൂപീകരണകാലം മുതല്‍ സിഐഎ പ്രവര്‍ത്തിച്ചുവരുന്നത്. 1950കളില്‍ ഗ്വാട്ടിമാലയിലും ഇറാനിലും തുടങ്ങിവച്ച അട്ടിമറിപ്രവര്‍ത്തനം ഇപ്പോള്‍ യുഗോസ്ളാവിയ, ഉക്രയ്ന്‍, ജോര്‍ജിയ എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച 'ജനാധിപത്യ' വിപ്ളവത്തില്‍ എത്തിനില്‍ക്കുന്നു. ഇത്തരമൊരു ഏജന്‍സിയെയാണ് നാം അംഗീകരിക്കയും നമ്മുടെ സുരക്ഷ-രഹസ്യവിവര ശേഖരണ പ്രക്രിയകളില്‍ പങ്കുകൊള്ളിക്കയും ചെയ്തിരിക്കുന്നത്. ന്യൂഡല്‍ഹിയില്‍ എഫ്ബിഐയുടെ ഓഫീസ് വാജ്പേയി സര്‍ക്കാരിന്റെ കാലത്താണ് തുറന്നത്. ഇന്ത്യയുടെ ആഭ്യന്തരസുരക്ഷാ കാര്യങ്ങളിലുള്ള അപകടകരമായ ഇടപെടല്‍ മുംബൈ ഭീകരാക്രമണത്തോടെ വര്‍ധിച്ചു. ഇന്ത്യയില്‍നിന്ന് സിഐഎ തലവന്‍ പാകിസ്ഥാനിലേക്കാണ് പോയത്. അവിടെ അദ്ദേഹം ആഭ്യന്തരമന്ത്രിയെ മാത്രമല്ല, പ്രധാനമന്ത്രിയെയും സന്ദര്‍ശിച്ചു. പാക് ഭരണസംവിധാനമാകെ സിഐഎയുടെയും എഫ്ബിഐയുടെയും ചൊല്‍പ്പടിക്ക് നില്‍ക്കുന്നതാണ്. ഇന്ത്യയെയും ഈ വഴിയില്‍ നീങ്ങാന്‍ കോഗ്രസ് സര്‍ക്കാര്‍ അനുവദിക്കുന്നത് അത്ഭുതകരമാണ്. സിഐഎയും എഫ്ബിഐയുമായി വര്‍ധിച്ചുവരുന്ന സഹകരണത്തില്‍ കോഗ്രസ്മുന്നണി സര്‍ക്കാര്‍ തെറ്റൊന്നും കാണുന്നില്ല. അവര്‍ക്ക് ഇത് അമേരിക്കയുമായുള്ള തന്ത്രപരമായ സഖ്യത്തിന്റെ ഭാഗംമാത്രം. പക്ഷേ, നമ്മുടെ ആഭ്യന്തര രാഷ്ട്രീയത്തിലും നയങ്ങളിലും അമേരിക്കന്‍ ഇടപെടല്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതം രാജ്യം നേരിടേണ്ടിവരും. പ്രഥമപ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു രൂപംനല്‍കിയ, പതിറ്റാണ്ടുകള്‍ പിന്തുടര്‍ന്ന വിദേശനയത്തിന്റെ ഭാഗമായി ഇപ്പോള്‍ ഒന്നും ശേഷിക്കുന്നില്ല. പുതിയഇനം കോഗ്രസ് നേതാക്കള്‍ അവതരിച്ചിരിക്കുന്നു. അമേരിക്കയുടെ സഖ്യകക്ഷിയായി മാറിയാല്‍ മാത്രമേ ഇന്ത്യക്ക് വന്‍ശക്തിയായി വളരാന്‍ കഴിയൂ എന്ന് ഇവര്‍ വിശ്വസിക്കുന്നു. ഇന്ത്യന്‍ ഭരണവര്‍ഗത്തിലെ ഈ വിഭാഗത്തെ അമേരിക്കയാണ് പോറ്റിവളര്‍ത്തുന്നത്. അമേരിക്കയുടെ ഭൌമരാഷ്ട്രീയ തന്ത്രവുമായി ഒത്തുചേര്‍ന്നുനീങ്ങിയാല്‍ ഇന്ത്യയെ പ്രാദേശികശക്തിയാക്കി മാറ്റാമെന്ന് ഇവര്‍ക്ക് വാക്ക് കൊടുത്തിരിക്കുന്നു. ആണവകരാര്‍ അമേരിക്ക അംഗീകരിക്കാനുള്ള വ്യവസ്ഥകള്‍ നിറവേറ്റുന്നതിനായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ ഇന്ത്യ ഇറാനെതിരെ വോട്ട് ചെയ്തു. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ കറുത്തപൊട്ടാണ് ഈ ലജ്ജാകരമായ വിനീതവിധേയത്വം ആണവകരാറിനുള്ള മറ്റൊരു ഉപാധിയായി ഒപ്പിട്ട പ്രതിരോധ ചട്ടക്കൂട് കരാര്‍ നടപ്പാക്കിയാല്‍ ഇന്ത്യ അമേരിക്കയുടെ സൈനികസഖ്യകക്ഷിയായി മാറും. ഇപ്പോള്‍തന്നെ, കരാറിലെ വ്യവസ്ഥപ്രകാരം ഇന്ത്യ ശതകോടി ഡോളര്‍ ചെലവിട്ട് അമേരിക്കയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ തുടങ്ങി. ഏറ്റവും ഒടുവില്‍ അമേരിക്കയില്‍നിന്ന് വാങ്ങിയ നാവിക നിരീക്ഷണ വിമാനങ്ങളുടെ വില 210 കോടി ഡോളറാണ്. അഫ്ഗാനിസ്ഥാനിലെ യുഎസ്-നാറ്റോ അധിനിവേശത്തെ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ അന്ധമായി പിന്തുണച്ചത് നാം കണ്ടതാണ്. ഹമീദ് കര്‍സായി സര്‍ക്കാരിനും ഇന്ത്യ പിന്തുണ തുടര്‍ന്നു. ഒബാമ അധികാരമേറ്റശേഷം അമേരിക്കക്കാര്‍ കര്‍സായി യെ തള്ളിപ്പറഞ്ഞിരിക്കയാണ്. കര്‍സായിയെ വിശ്വസ്തതയോടെ പിന്തുണച്ച ഇന്ത്യ ഇപ്പോള്‍ വെട്ടിലായി. ശ്രീലങ്കന്‍പ്രശ്നത്തില്‍, മുല്ലത്തീവില്‍ എല്‍ടിടിഇ ബന്ദികളാക്കിയ സാധാരണക്കാരായ തമിഴരെ രക്ഷിക്കാന്‍ അമേരിക്കയുടെയും ഇന്ത്യയുടെയും സംയുക്തസേനയെ അവിടേക്ക് അയക്കാമെന്ന നിര്‍ദേശം അമേരിക്ക മുന്നോട്ടുവച്ചു. ശ്രീലങ്കന്‍ സര്‍ക്കാര്‍ അംഗീകരിക്കാത്തതിനാല്‍ ഈ നിര്‍ദേശം പ്രാവര്‍ത്തികമായില്ല. എന്നാല്‍, ഇക്കാര്യം ഇന്ത്യ പരിഗണിച്ചെന്ന സത്യം പുറത്തായിരിക്കുന്നു. മൂന്നാംലോക രാജ്യങ്ങളില്‍ ഇന്ത്യയുടെയും അമേരിക്കയുടെയും സംയുക്ത സേനാനടപടികള്‍ക്ക് പ്രതിരോധചട്ടക്കൂട് കരാര്‍ വ്യവസ്ഥചെയ്യുന്നു. ഈ വ്യവസ്ഥപ്രകാരമുള്ള ആദ്യശ്രമമായിരുന്നു ശ്രീലങ്കന്‍പ്രോജക്ട്. ഇത്തരമൊരു മാനുഷികനടപടി നടത്തേണ്ടത് ഐക്യരാഷ്ട്രസഭയാണെന്ന് പ്രതികരിക്കാനുള്ള വിവേകം മന്‍മോഹന്‍സിങ് സര്‍ക്കാര്‍ കാട്ടിയില്ല. കോഗ്രസ് മുന്നണി സര്‍ക്കാര്‍ അനുവര്‍ത്തിച്ചുവരുന്ന വിദേശനയം തിരുത്തുകയും സ്വതന്ത്രവിദേശനയം പുനഃസ്ഥാപിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഈ തെരഞ്ഞെടുപ്പിലെ പ്രധാനവിഷയമാണ്. കോഗ്രസിതര മതനിരപേക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍മാത്രമേ ഇതു സാധ്യമാവൂ. ഇത്തരമൊരു സ്വതന്ത്രവിദേശനയം യാഥാര്‍ഥ്യമാക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇടതുപക്ഷ പാര്‍ടികള്‍ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അവ താഴെപ്പറയുന്നു: 1. സ്വതന്ത്ര-ചേരിചേരാ വിദേശനയം നടപ്പാക്കുക 2. അമേരിക്കയുമായുള്ള 123 ഉടമ്പടിയും പ്രതിരോധ ചട്ടക്കൂട് കരാറും പുനഃപരിശോധിക്കുക 3. റഷ്യ, ചൈന എന്നിവരുമായും പ്രമുഖ വികസ്വര രാജ്യങ്ങളായ ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവരുമായും സഹകരണം ശക്തമാക്കുക 4. ഐക്യരാഷ്ട്രസഭയെ ശക്തമാക്കുകയും രക്ഷാസമിതിയെ ജനാധിപത്യവല്‍ക്കരിക്കുകയുംചെയ്യുക 5. സാര്‍ക്ക് സഹകരണം പ്രോത്സാഹിപ്പിക്കുകയും ഭീകരവാദവും തീവ്രവാദവും നേരിടാന്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ഒത്തൊരുമിച്ച പ്രവര്‍ത്തനം ഉറപ്പാക്കുകയുംചെയ്യുക 6. ഇറാന്‍-ഇന്ത്യ-പാകിസ്ഥാന്‍ വാതകപൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കുക 7. പലസ്തീന്‍ രാഷ്ട്രരൂപീകരണത്തിന് പിന്തുണ നല്‍കുക, ഇസ്രയേലുമായുള്ള സൈനിക-സുരക്ഷാ സഹകരണം അവസാനിപ്പിക്കുക. നമ്മുടെ വിദേശ-ആഭ്യന്തര നയങ്ങളില്‍ വര്‍ധിച്ചുവരുന്ന അമേരിക്കന്‍ സ്വാധീനം തടയേണ്ടതിന്റെ ആവശ്യകത ഈ തെരഞ്ഞെടുപ്പില്‍ സിപിഐ എം ജനങ്ങള്‍ക്കുമുന്നില്‍ ഉന്നയിക്കും. സ്വതന്ത്രവിദേശനയവും ദേശീയപരമാധികാരവും പുനഃസ്ഥാപിക്കാന്‍ ജനങ്ങളെ അണിനിരത്തും.

മറ്റുവാര്‍ത്തകള്‍
  • ശക്തിപ്പെടുന്ന രാഷ്ട്രീയ ധ്രുവീകരണം

  • ബംഗാള്‍ ചുവപ്പന്‍ കരുത്ത് തെളിയിക്കും

  • മൊത്തവിലസൂചിക താഴോട്ട്, സാധനവിലകള്‍ മേലോട്ട്

  • രാഷ്ട്രീയത്തിലെ ശുഭസൂച

  • ആനന്ദക്കണ്ണീര്‍

  • എ കെ ജി: ജനപക്ഷത്തു നിന്ന പോരാളി

  • ഗംഗയില്‍ മുങ്ങിത്താഴുന്ന കോഗ്രസ്

  • ലോക സാമ്പത്തികത്തകര്‍ച്ചയും പുതുലോകക്രമസാധ്യതയും

  • നുണപറയുന്നതിന്റെ രാഷ്ട്രീയം

  • തൊഴിലുറപ്പു പദ്ധതി വിപുലമാക്കും

  • തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്‍

  • സാമൂഹ്യനീതി ഉറപ്പാക്കും

  • ബദല്‍നയങ്ങള്‍; ബദല്‍ശക്തി

  • സഭ സ്വന്തം സ്വരം വീണ്ടെടുക്കുന്നു

  • സാമൂഹ്യനീതിയും തുല്യതയും ഉറപ്പാക്കും

  • ഗാസയിലെ യുദ്ധവും സമാധാനവും

  • എന്തുകൊണ്ട് ബിജെഡി സിപിഐ എം സഖ്യം

  • ആക്രാന്തക്കുട്ടി

  • യാങ്കികളും താലിബാനും കൊലക്കളമാക്കിയ അഫ്ഗാനിസ്ഥാന്‍

  • ഭാഷയും സഹിഷ്ണുതയും
  • No comments: