മാതൃഭൂമി
15 Mar, 2009 പ്രധാനമന്ത്രിപദ മോഹികള്‍
ദേശീയതല പാര്‍ട്ടികളുടെ സ്വാധീനം കുറയുകയും പ്രാദേശിക പാര്‍ട്ടികള്‍ ദേശീയ രാഷ്ട്രീയത്തെ നിയന്ത്രിക്കുകയും ചെയ്യുന്ന അവസ്ഥ 1996 മുതല്‍ ഇവിടെ ശക്തമായിക്കൊണ്ടിരിക്കുകയാണ്
ഡല്‍ഹികത്ത്
അശോകന്‍
മൂന്നാം മുന്നണി കക്ഷികളുടെ ആദ്യത്തെ റാലി വ്യാഴാഴ്‌ച കര്‍ണാടകയിലെ തുംകൂറില്‍ നടന്നു. തുടര്‍ന്ന് ഡല്‍ഹിയില്‍ ഞായറാഴ്‌ച മായാവതിയുടെ അത്താഴവിരുന്ന്. അങ്ങനെ തിരഞ്ഞെടുപ്പു തയ്യാറെടുപ്പുകളോടൊപ്പം മൂന്നാംമുന്നണി രൂപമെടുക്കുകയാണ്. എട്ടു സംസ്ഥാനങ്ങളിലായുള്ള പത്തു പാര്‍ട്ടികളാണ് ഇപ്പോള്‍ മുന്നണിയില്‍. ഇതില്‍ നാലു പാര്‍ട്ടികള്‍ ഇടതുപാര്‍ട്ടികളാണ്- സി.പി.എം., സി.പി.ഐ., ആര്‍.എസ്.പി., ഫോര്‍വേഡ്‌ബ്ലോക്ക്, ജനതാദള്‍ (എസ്), ടി.ഡി.പി., എ.ഐ.എ.ഡി.എം.കെ., ബി.എസ്.പി., ബി.ജെ.ഡി., ഹരിയാണ ജനഹിത കോണ്‍ഗ്രസ് എന്നിവരാണ് മറ്റുള്ളവ. ഇതില്‍ നവീന്‍പട്‌നായിക്കിന്റെ ബി.ജെ.ഡി. തുംകൂറിലെ റാലിയിലേക്ക് ഒരു ജനപ്രതിനിധിയെപ്പോലും അയച്ചിരുന്നില്ല.
ഇതിനുമുമ്പ് രണ്ടു തിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസ്സും ബി.ജെ.പി.യും അല്ലാത്ത മുന്നണി മന്ത്രിസഭകളെയും അതുവഴി നാലു പ്രധാനമന്ത്രിമാരെയും തന്നിട്ടുണ്ട്. 1989-ല്‍ വി.പി.സിങ്ങിന്റെ നേതൃത്വത്തില്‍ നാഷണല്‍ ഫ്രണ്ട് (എന്‍.എഫ്.) ഗവണ്മെന്റ് വന്നു. ജനതാദള്‍, എ.ജി.പി., ടി.ഡി.പി. യും ഡി.എം.കെ. എന്നിവ അടങ്ങിയതായിരുന്നു ഈ മുന്നണി. ബി.ജെ.പി., ഇടതുപാര്‍ട്ടികളും പുറത്തുനിന്ന് പിന്തുണ നല്‌കി.
ബി.ജെ.പി. പിന്തുണ പിന്‍വലിച്ചതോടെ ആ ഗവണ്മെന്റ് വീണു. സോഷ്യലിസ്റ്റ് നേതാവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ പുതിയ ഗവണ്മെന്റ് വന്നു. കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ ആ ഗവണ്മെന്റും വീണു. പിന്നെ 1996-ലാണ് മറ്റൊരു മുന്നണി ഗവണ്മെന്റ്, യുനൈറ്റഡ് ഫ്രണ്ട് (യു.എഫ്.) എച്ച്.ഡി. ദേവഗൗഡയുടെ നേതൃത്വത്തില്‍ അധികാരമേല്‍ക്കുന്നത്. ജനതാദള്‍, ടി.ഡി.പി, എ.ജി.പി, തമിഴ് മാനില കോണ്‍ഗ്രസ് (ടി.എം.സി.), സമാജ്‌വാദി പാര്‍ട്ടി (എസ്.പി.), സി.പി.ഐ. എന്നിവര്‍ അകത്തും സി.പി.എം, ആര്‍.എസ്.പി, എഫ്.ബി. കക്ഷികള്‍ പുറത്തുമായുള്ളതായിരുന്നു ഈ മുന്നണി. കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണ നല്‌കി. ഒരു വര്‍ഷം തികയാന്‍ ഒരു മാസം മാത്രം ബാക്കിയുള്ളപ്പോള്‍ ദേവഗൗഡയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചു. തുടര്‍ന്ന് ഐ.കെ. ഗുജ്‌റാളിനെ പ്രധാനമന്ത്രിയാക്കിക്കൊണ്ട് പുതിയ ഗവണ്മെന്റ് അധികാരമേറ്റു. ഒരു വര്‍ഷമേ ആ ഗവണ്മെന്റിനു ലഭിച്ചുള്ളൂ. അപ്പോഴേക്കും കോണ്‍ഗ്രസ് വീണ്ടും പിന്തുണ പിന്‍വലിച്ചു.
കോണ്‍ഗ്രസ്സും ബി.ജെ.പി.യും ഇല്ലാത്ത മുന്നണി ഗവണ്മെന്റുകള്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസ്സിന്റെയോ ബി.ജെ.പി.യുടെയോ പിന്തുണ ആവശ്യമായിരുന്നു. പുതിയ മൂന്നാംമുന്നണിക്കും ഗവണ്മെന്റ് ഉണ്ടാക്കണമെങ്കില്‍ കോണ്‍ഗ്രസ്സിന്റെയോ ബി.ജെ.പി.യുടെയോ പിന്തുണ ആവശ്യമായി വന്നേക്കാം. കാരണം ഇപ്പോഴത്തെ നിലയില്‍ എട്ടു സംസ്ഥാനങ്ങളിലായി നി'ുന്ന 10 പാര്‍ട്ടികളുടെ മൂന്നാം മുന്നണി ആ സംസ്ഥാനങ്ങളിലെ മുഴുവന്‍ സീറ്റുകള്‍ നേടിയാല്‍ മാത്രമേ പാര്‍ലമെന്റിലെ ഭൂരിപക്ഷം സീറ്റുകള്‍ ആകുന്നുള്ളൂ. മുഴുവന്‍ സീറ്റുകളും അവര്‍ ജയിക്കുകയെന്നത് അത്ഭുതമായിരിക്കുമല്ലോ. കോണ്‍ഗ്രസ്സിന്റെയോ ബി.ജെ.പി.യുടെയോ പിന്തുണയോടെ ഉണ്ടാക്കപ്പെടുന്ന ഗവണ്മെന്റുകളുടെ ആയുസ്സ് എങ്ങനെയിരിക്കുമെന്ന് കഴിഞ്ഞകാല ഫലങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. പക്ഷേ, ഇന്ത്യന്‍ ജനാധിപത്യം പുതിയ വെല്ലുവിളികള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.
ഈ പരീക്ഷണങ്ങളിലൂടെ ഒരു പുതിയ മുഖം ഇന്ത്യന്‍ ജനാധിപത്യം ആര്‍ജിക്കാനിടയുണ്ട്. ദേശീയതല പാര്‍ട്ടികളുടെ സ്വാധീനം കുറയുകയും പ്രാദേശിക പാര്‍ട്ടികള്‍ ദേശീയ രാഷ്ട്രീയത്തെ നിയന്ത്രിക്കുകയും ചെയ്യുന്ന അവസ്ഥ 1996 മുതല്‍ ഇവിടെ ശക്തമായിക്കൊണ്ടിരിക്കുകയാണ്. പ്രാദേശിക പാര്‍ട്ടികളുടെ വളര്‍ച്ചയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പാര്‍ട്ടികളായ കോണ്‍ഗ്രസ്സും ബി.ജെ.പി.യും ക്ഷീണിക്കുകയാണ്. ആ പാര്‍ട്ടികളുടെ നേതൃത്വത്തിന്റെ ഘടനയെപ്പോലും മാറ്റിമറിക്കാന്‍ പ്രാദേശിക പാര്‍ട്ടികളുടെ വളര്‍ച്ചയും ഐക്യവും ഇടയാക്കിയേക്കും.
10 ജനപഥിനെയും ആര്‍.എസ്.എസ്സിനെയും ആശ്രയിച്ചുള്ള ഈ പാര്‍ട്ടികളുടെ പ്രവര്‍ത്തനശൈലിക്കും ഘടനയ്‌ക്കും മാറ്റം വന്നാല്‍ അത്ഭുതപ്പെടാനില്ല.
മൂന്നാംമുന്നണിയെപ്പറ്റി ശക്തമായി കേട്ടുതുടങ്ങിയത് ഇടതുപാര്‍ട്ടികള്‍ യു.പി.എ. ഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിച്ചശേഷമാണ്. ഗവണ്‍മെന്റിനെ നിലനിര്‍ത്താന്‍ സമാജ്‌വാദി പാര്‍ട്ടിക്കുനേരെ കോണ്‍ഗ്രസ് കൈ നീട്ടിയപ്പോഴാണ് മായാവതി മൂന്നാം മുന്നണിയിലേക്ക് പ്രധാനമന്ത്രിപദ മോഹത്തോടെ കാല്‍വെച്ചത്. ഇടതുപാര്‍ട്ടികളുടെ ശ്രമഫലമായി ഇരുമനസ്സോടെയെങ്കിലും ജയലളിതയും ഒപ്പം കൂടി. പക്ഷേ, വ്യാഴാഴ്‌ച മുന്നണിയുടെ റാലിക്കു ദേവഗൗഡ മുന്‍കൈ എടുത്തപ്പോള്‍ ജയലളിതയും മായാവതിയും നവീന്‍ പട്‌നായിക്കും അതിനെ അല്‌പം സംശയത്തോടെയല്ലേ നോക്കിയത് എന്നൊരു സംശയം. ജയലളിതയും മായാവതിയും പ്രതിനിധികളെ മാത്രമേ അയച്ചുള്ളൂ. നവീന്‍ പട്‌നായിക് അതും ചെയ്‌തില്ല. പക്ഷേ, മുന്നണി വിജയമാകാന്‍ പോകുന്നു എന്നൊരു തോന്നല്‍ മായാവതിക്കുണ്ടായിട്ടുണ്ട്.
അതുകൊണ്ടാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ തിരഞ്ഞെടുപ്പിനു മുമ്പ് പ്രഖ്യാപിക്കണമെന്ന് അവര്‍ അഭിപ്രായപ്പെട്ടത്. ഇക്കാര്യത്തില്‍ തങ്ങള്‍ക്കു വിയോജിപ്പില്ല എന്നു ജനതാദള്‍-എസ്. വ്യക്തമാക്കിയിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പിനു മുമ്പ് പ്രധാനമന്ത്രിസ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കേണ്ടതില്ലെന്ന് ഇടതുപാര്‍ട്ടികള്‍, സി.പി.എമ്മും സി.പി.ഐ.യും പ്രതികരിച്ചിട്ടുണ്ട്. മൂന്നാംമുന്നണി കക്ഷികളുമായി ഒരു ധാരണയുമില്ലാതെ യു.പി.യിലെ 80 സീറ്റുകളിലും തനിച്ചാണ് ബി.എസ്.പി. മത്സരിക്കുന്നത്. ഒന്നുരണ്ട് സീറ്റുകളെങ്കിലും ഇടതുപാര്‍ട്ടികള്‍ക്കു നല്‌കുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നതാണ്. ഒരു തിരഞ്ഞെടുപ്പ് സഖ്യത്തില്‍പ്പോലും ഏര്‍പ്പെടാന്‍ തയ്യാറില്ലാത്ത ഒരു കക്ഷിയുടെ നേതാവിനെ തിരഞ്ഞെടുപ്പിന്നു മുമ്പുതന്നെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി അവതരിപ്പിക്കാന്‍ ആവില്ല എന്ന് ഇടതുപാര്‍ട്ടികള്‍ വ്യക്തമാക്കിയിരിക്കുന്നു. തിരഞ്ഞെടുപ്പു ഫലം നോക്കി ഏറ്റവും കൂടുതല്‍ ലോക്‌സഭാംഗങ്ങളുള്ള നേതാവിനെ പ്രധാനമന്ത്രിയാക്കുകയായിരിക്കും ഉചിതം എന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. മൂന്നാംമുന്നണിക്കു പുറത്തുനിന്നുള്ളവരും പ്രധാനമന്ത്രിയാകാന്‍ താത്‌പര്യം പരസ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. ഒരു മഹാരാഷ്ട്രക്കാരന്‍ പ്രധാനമന്ത്രിയാകണമെന്ന് എന്‍.സി.പി. പ്രസിഡന്റ് ശരദ്‌പവാര്‍ പറയുന്നു. രാംവിലാസ് പാസ്വാനും പ്രധാനമന്ത്രിയാകാന്‍ താത്‌പര്യമുണ്ട്.
ഇനിയും എത്രപേര്‍ മുന്നോട്ടുവരുമെന്നറിയില്ല. മൂന്നാംമുന്നണിയുടെ സഹായത്തിന് എന്‍.ഡി.എ., യു.പി.എ. മുന്നണിയില്‍ നി'ുന്ന മറ്റുപാര്‍ട്ടികളും തയ്യാറായാല്‍ അത്ഭുതപ്പെടാനില്ല. പ്രധാനമന്ത്രിയാകാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്.
**********************************************************************************************************************************
താമരക്കുളത്തിലെ തിരയിളക്കങ്ങള്‍
ഡി. ശ്രീജിത്ത്
തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ക്കു മുന്നോടിയായി കണക്കുകളുടെ കളികളിലൂടെ നോക്കുമ്പോള്‍ താമരക്കുളങ്ങളിലൊന്നും അടിയൊഴുക്കുകളില്ല. ഉപരിതലത്തില്‍ അലയൊലികള്‍ കാണുന്ന രാജസ്ഥാനിലാകട്ടെ ചരിത്രവും വര്‍ത്തമാനവും പറയുന്നത് താമര വിടരുന്നതിനു തടസ്സങ്ങളില്ലെന്നാണ്. പക്ഷേ, രാജസ്ഥാനിലെ മരുപ്രദേശങ്ങളും മധ്യപ്രദേശിലെ ചമ്പല്‍ക്കാടുകളും ഛത്തീസ്‌ഗഢിലെ ആദിവാസിമേഖലകളും ദേവഭൂമി ഉത്തരാഖണ്ഡും നിഗൂഢതകളെപ്പോഴും ബാക്കിവെക്കും. ജാതി മത സമവാക്യങ്ങളും സ്ഥാനാര്‍ഥികളുടെ മികവുകളും പൊടുന്നനെയുള്ള പ്രകോപനങ്ങളും അടിയൊഴുക്കുകളായി മാറിയാല്‍ ബി.ജെ.പി. യുടെ വിടര്‍ന്നുനില്‍ക്കുന്ന താമരകളെ പിഴുതെറിയാനുള്ള കരുത്ത് കോണ്‍ഗ്രസ്സിന്റെ 'കൈ'കള്‍ക്കുണ്ടാകും.
2004-ലെ പൊതുതിരഞ്ഞെടുപ്പില്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ് സംസ്ഥാനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ബി.ജെ.പി.യുടെ താമരക്കുളങ്ങളായി മാറുകയായിരുന്നു; ഉത്തരാഖണ്ഡ് താമരകള്‍ മൊട്ടിടുന്ന ചെറുകുളവും. രാജസ്ഥാനിലെ 25 സീറ്റുകളില്‍ 21 എണ്ണവും മധ്യപ്രദേശിലെ 29-ല്‍ 25-ഉം ഛത്തീസ്‌ഗഢിലെ 11-ല്‍ പത്തും ഉത്തരാഖണ്ഡിലെ അഞ്ചില്‍ രണ്ടും ബി.ജെ.പി. നേടി.
രാജസ്ഥാന്‍
നാലാം ഘട്ടത്തില്‍ മെയ് ഏഴിനാണ് രാജസ്ഥാനിലെ 25 മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുക. അതുകൊണ്ടു തന്നെ സ്ഥാനാര്‍ഥി നിര്‍ണയം എന്ന സങ്കീര്‍ണപ്രശ്‌നം പരിഹരിക്കുന്നതിന് ഇരുപാര്‍ട്ടികള്‍ക്കും സമയമുണ്ട്. ഒരുകാര്യത്തില്‍ ബി.ജെ.പി.ക്കും കോണ്‍ഗ്രസ്സിനും സമാനതയുണ്ട്. ഗ്രൂപ്പ് വഴക്കും ജാതിസമവാക്യങ്ങളുംതന്നെയാകും ഇരുപാര്‍ട്ടികളെയും പ്രധാനമായും രാജസ്ഥാനില്‍ വിഷമിപ്പിക്കുക. ഇക്കാര്യത്തില്‍ കൂടുതല്‍ ഭയം ബി.ജെ.പി.ക്കാണ്. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ തോല്‌പ്‌പിച്ച ഘടകങ്ങള്‍തന്നെയാണ് അടിയൊഴുക്കുകളുടെ രൂപത്തില്‍ പാര്‍ട്ടിയെ ഭയപ്പെടുത്തുന്നത്. അതില്‍ പ്രധാനം മുന്‍മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയ്‌ക്കെതിരായ വികാരമാണ്. പാര്‍ട്ടി അണികള്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും പടര്‍ന്നുപിടിച്ച ഈ വികാ
രം തിരഞ്ഞെടുപ്പില്‍ ദോഷകരമായി ബാധിക്കാതിരിക്കാന്‍ ബി.ജെ.പി. ഒരു മുഴം നേരത്തേ എറിഞ്ഞിട്ടുണ്ട്. അവസാനം നടന്ന നാഗ്‌പുര്‍ ദേശീയ സമ്മേളനത്തിലടക്കം മുഴുവന്‍ പ്രധാനപ്പെട്ട പരിപാടികളില്‍നിന്നും വസുന്ധരയെ അവര്‍ മാറ്റിനിര്‍ത്തി.
കഴിഞ്ഞതവണ നാലു സീറ്റില്‍ മാത്രമാണ് വിജയിച്ചതെങ്കിലും അവരില്‍ രണ്ടുപേരെ മന്ത്രിമാരാക്കാന്‍ കോണ്‍ഗ്രസ് ശ്ര
ദ്ധിച്ചു. ഝുഝുനു മണ്ഡലത്തില്‍ വിജയിച്ച മുതിര്‍ന്ന നേതാവ് സിസ്‌റാം ഓലെയ്‌ക്ക് കാബിനറ്റ് പദവിയും സവോയ് മധോപുറില്‍ വിജയിച്ച നമോ നാരായണ്‍ മീണയ്‌ക്ക് സഹമന്ത്രിസ്ഥാനവും നല്‍കി. രാജ്യസഭയിലേക്കു ജയിച്ച സന്തോഷ് ബഗ്രോഡിക്കും നല്‍കി സഹമന്ത്രിസ്ഥാനം. മാത്രമല്ല, മുന്‍ നേതാവ് രാജേഷ് പൈലറ്റിന്റെ മകനും ഗുജ്ജര്‍ സമുദായത്തിന്റെ പ്രതിനിധിയുമായ ദോസ എം.പി. സച്ചിന്‍ പൈലറ്റിന് പാര്‍ട്ടിയിലും പാര്‍ലമെന്റിലും കോണ്‍ഗ്രസ് വലിയ പ്രാധാന്യമാണ് നല്‍കിയത്.
പക്ഷേ, ഇതുകൊണ്ടൊന്നും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വലിയ വികാരം സൃഷ്‌ടിക്കാനാകുമെന്ന പ്രതീക്ഷ കോണ്‍ഗ്രസ്സിനുമില്ല. ഭരണം കിട്ടിയതിനുശേഷമുള്ള കഴിഞ്ഞ എണ്‍പതോളം ദിവസത്തിലെ പ്രകടനത്തിന്റെ ബലത്തില്‍ മാത്രം തങ്ങള്‍ക്ക് തിരഞ്ഞെടുപ്പിനെ ജയിക്കാനുള്ള ആത്മവിശ്വാസമുണ്ടെന്നാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ട് പറയുന്നത്.
രാജസ്ഥാന്‍ മുഖ്യമന്ത്രിയും ഉപരാഷ്ട്രപതിയുമെല്ലാമായിരുന്ന ആദരണീയ ബി.ജെ.പി. നേതാവ് ഭൈരോസിങ് ശെഖാവത്ത് വസുന്ധര രാജെ സിന്ധ്യയ്‌ക്കെതിരെയും പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി എല്‍.കെ. അദ്വാനിക്കെതിരെയും പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ്‌സിങ്ങിനെതിരെയും അടുത്തിടെ നടത്തിയ പ്രസ്‌താവങ്ങള്‍ ബി.ജെ.പി. അണികള്‍ മറന്നാലും കോണ്‍ഗ്രസ്സുകാര്‍ മറക്കാനിടയില്ല.
മധ്യപ്രദേശ്
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലമാവര്‍ത്തിക്കുമെന്നാണ് ബി.ജെ.പി.യടക്കം മധ്യപ്രദേശിനെക്കുറിച്ച് പറയുന്നത്. അതിനര്‍ഥം കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ പ്രകടനം അവര്‍പോലും മധ്യപ്രദേശില്‍നിന്ന് പ്രതീക്ഷിക്കുന്നില്ല എന്നതാണ്. രണ്ടും മൂന്നും ഘട്ടത്തില്‍ (ഏപ്രില്‍ 23, 30) തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലെ സ്ഥാനാര്‍ഥികളില്‍ 12 പേരെ ബി.ജെ.പി. പ്രഖ്യാപിച്ചുകഴിഞ്ഞു. കോണ്‍ഗ്രസ്സിനെയും ബി.ജെ.പി.യെയും കൂടാതെ ബി.എസ്. പി.യുണ്‍ം എസ്.പി.യും തിരഞ്ഞെടുപ്പില്‍ സക്രിയമാകുമെങ്കിലും എല്ലാ മണ്ഡലങ്ങളിലും ബി.ജെ.പി.-കോണ്‍ഗ്രസ് നേതാക്കള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. ഛത്തീസ്‌ഗഢ് മധ്യപ്രദേശില്‍ നിന്ന് അടര്‍ത്തിമാറ്റുന്നതിനു മുമ്പ് അവിഭക്ത മധ്യപ്രദേശിലെ 40 പാര്‍ലമെന്റ് സീറ്റുകളില്‍ 40-ഉം ജയിച്ച ചരിത്രം കോണ്‍ഗ്രസ്സിനുണ്ട്. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ നാല്‍പ്പതില്‍ അഞ്ചാണ് ലഭിച്ചത്. നാലെണ്ണം മധ്യപ്രദേശില്‍നിന്ന്, ഒന്ന് ഛത്തീസ്‌ഗഢില്‍നിന്ന്.
പത്തുവര്‍ഷം സംസ്ഥാനം ഭരിച്ച ദ്വിഗ്വിജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സിന്റെ പരാജയത്തില്‍നിന്നാണ് കഴിഞ്ഞ തവണ ബി.ജെ.പി. ഉദിച്ചുയര്‍ന്നതെങ്കില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സൂചിപ്പിക്കുന്നത് ബി.ജെ.പി. മധ്യപ്രദേശില്‍ ആഴത്തില്‍ വേരുകള്‍ സ്ഥാപിച്ചുവെന്നതാണ്. ഉമാഭാരതിയുടെ ഉരുക്കുമുഷ്‌ടിയില്‍ പിടഞ്ഞിരുന്ന ബി.ജെ.പി.യെ സ്വതന്ത്രമാക്കാനും മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന് കഴിഞ്ഞു. പിന്നാക്കക്കാരിയായ ഉമാഭാരതിയെ അരുക്കാക്കിയതോടെ സവര്‍ണഹിന്ദുക്കള്‍ വീണ്ടും ബി.ജെ.പി. മാര്‍ഗത്തിലേക്ക് തിരിഞ്ഞുവെന്നും ഇതിനെ വ്യാഖ്യാനിക്കാം. എന്തായാലും രാജസ്ഥാനിലെപ്പോലെ ജാതിസമവാക്യങ്ങള്‍ മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ്‌രാഷ്ട്രീയത്തെ മുക്കിക്കളയില്ല.
സ്ഥാനാര്‍ഥികളുടെ വ്യക്തിപ്രഭാവവും പ്രാദേശികപ്രശ്‌നങ്ങളും തിരഞ്ഞെടുപ്പിനെ ബാധിക്കുകതന്നെ ചെയ്യും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ദ്വിഗ്വിജയ്‌സിങ്ങിനെതിരെ ഉയര്‍ന്നതുപോലെ ഒരു വികാരം കോണ്‍ഗ്രസ്സിന് ഭയക്കാനില്ലെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവരാജ്‌സിങ് മുന്നോട്ടുവെച്ച വികസനമുദ്രാവാക്യങ്ങള്‍ ബി.ജെ.പി.ക്ക് മേല്‍ക്കൈ നേടിക്കൊടുക്കുമെന്ന പ്രതീക്ഷയാണ് പൊതുവേയുള്ളത്.
ഛത്തീസ്‌ഗഢ്
മുഖ്യമന്ത്രി രമണ്‍സിങ്ങിന്റെ പ്രതിച്ഛായയും ആദിവാസിമേഖലയില്‍ ബി.ജെ.പി.ക്ക് ലഭിക്കുന്ന പിന്തുണയുമാണ് ഛത്തീസ്‌ഗഢ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായി മാറുക. ആദ്യഘട്ടത്തില്‍ (ഏപ്രില്‍ 16ന്) വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് വീല്‍ച്ചെയറിലിരുന്ന് കോണ്‍ഗ്രസ്സിനെ നിയന്ത്രിക്കുന്ന നിയമസഭാ പ്രതിപക്ഷനേതാവ് അജിത്‌ജോഗിയുടെ സാന്നിധ്യമാണ് മറ്റൊരു നിര്‍ണായകഘടകം. അജിത് ജോഗിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് സീറ്റ് വിഭജനം നടത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായാല്‍ ഛത്തീസ്‌ഗഢില്‍ മത്സരമവശേഷിക്കും, അല്ലെങ്കില്‍ ബി.ജെ.പി. കഴിഞ്ഞ തവണത്തെ തൂത്തുവാരല്‍ ആവര്‍ത്തിക്കും. നിയമസഭാതിരഞ്ഞെടുപ്പില്‍ ലഭിച്ച വിജയത്തിന്റെകൂടി ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മറ്റു സംസ്ഥാനങ്ങളിലുള്ള ഉള്‍പ്പോര് ബി.ജെ.പി.ക്ക് സംസ്ഥാനത്തില്ല എന്നതാണ് അവരുടെ ശക്തിയുടെ മറ്റൊരു ഘടകം. ബസ്‌തര്‍പ്രദേശത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന ബി.ജെ.പി.യെ നേരിടാന്‍ കോണ്‍ഗ്രസ്സിന് പുതിയ തന്ത്രങ്ങള്‍ കണ്ടെത്തേണ്ടിവരും. പ്രത്യേകിച്ചും, പുതിയ സര്‍ക്കാരിന്റെ ആദ്യബജറ്റില്‍ രമണ്‍സിങ് ഒട്ടേറെ ജനപ്രിയ പരിപാടികള്‍ നടപ്പാക്കിയ സ്ഥിതിക്ക്. ജനസംഖ്യയുടെ ഏതാണ്ട് ആറിലൊന്നു വരുന്ന 37 ലക്ഷത്തിലധികം പാവപ്പെട്ടവര്‍ക്ക് രണ്ട് രൂപയ്‌ക്കും ഒരു രൂപയ്‌ക്കും അരി നല്‍കാന്‍ ആരംഭിച്ചതാണ് ഇതിലൊന്ന്. ഇതിനുമാത്രം മാറ്റിവെച്ചിരിക്കുന്നത് 1440 ലക്ഷം രൂപയാണ്. കൂടാതെ നെല്‍ കൃഷിക്കാര്‍ക്ക് കേന്ദ്രം പ്രഖ്യാപിച്ച താങ്ങുവില കൂടാതെ ഒരു ക്വിന്റലിന് 270 രൂപ നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുവേണ്ടി 880 കോടിയും മാറ്റിവെച്ചിട്ടുണ്ട് .സംസ്ഥാനത്ത് വളരെയേറെ ചലനമുണ്ടാക്കിയ കാര്യങ്ങളാണ് ഇതു രണ്ടും.
ഉത്തരാഖണ്ഡ്
അവസാനഘട്ടത്തില്‍ (മെയ് 13) തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡ് ഇനിയും ഉണര്‍ന്നിട്ടില്ല. നിലവിലുള്ള സാഹചര്യത്തില്‍ സംസ്ഥാനത്തെ ബി.ജെ.പി. ഭരണവും കേന്ദ്രത്തിന്റെ ഗ്രാമീണമേഖലാ വികസന നടപടികളും തിരഞ്ഞെടുപ്പിനെ ബാധിക്കും. അല്‍മോറ, ഗഡ്‌വാള്‍ മണ്ഡലങ്ങള്‍ ബി.ജെ.പി.യും നൈനിത്താള്‍, തേഹ്‌രി മണ്ഡലങ്ങള്‍ കോണ്‍ഗ്രസ്സും ഹരിദ്വാര്‍ മണ്ഡലം സമാജ്‌വാദി പാര്‍ട്ടിയുമാണ് പ്രതിനിധീകരിക്കുന്നത്. ഖണ്ഡൂരി സര്‍ക്കാരിന്റെ ജനപ്രിയ നടപടികളും അഴിമതിരഹിത മുഖവും നിര്‍ണായകമാണെങ്കിലും പഴയ ഉത്തര്‍പ്രദേശിന്റെ ഭാഗമായ ഈ ദേവഭൂമിയില്‍ ബി.ജെ.പി.യുടെ ഉള്‍പ്പോരുകള്‍ കുപ്രസിദ്ധമാണ്. ഖണ്ഡൂരി സര്‍ക്കാരിനെതിരെ പടവാളേന്തി നില്‍ക്കുന്ന ഒരു കൂട്ടം ബി.ജെ.പി.ക്കാര്‍ കാര്യങ്ങള്‍ അവരെ സംബന്ധിച്ചിടത്തോളം എളുപ്പമാക്കില്ല. മാത്രമല്ല, ബി.എസ്.പി. യുടെ വര്‍ധിച്ചുവരുന്ന സ്വാധീനം കോണ്‍ഗ്രസ്സിനും ബി.ജെ.പി.ക്കും ഭയമുളവാക്കുന്നതാണ്. മാത്രമല്ല, എല്ലാ മണ്ഡലങ്ങളിലും ബഹുമുഖ മത്സരമായിരിക്കും നടക്കുക. മുസ്‌ലിങ്ങള്‍ക്കിടയിലും ബ്രാഹ്മണര്‍ക്കിടയിലും ബി.എസ്.പി. അത്ഭുതാവഹമായ വളര്‍ച്ചയാണ് നേടുന്നത്. മറ്റു സംസ്ഥാനങ്ങളെക്കാള്‍ അധികം ദരിദ്രസവര്‍ണരെ കണ്ടെത്താനാവുന്ന ഉത്തരാഖണ്ഡില്‍ ബി.എസ്.പി.ക്ക് ബി.ജെ.പി., കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ താത്‌പര്യങ്ങളെ അട്ടിമറിക്കാനെങ്കിലുമാകുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
No comments:
Post a Comment