Saturday, March 28, 2009

രാജ്യരക്ഷയുടെ പേരില്‍ വീണ്ടും 600 കോടി രൂപയുടെ അഴിമതി

ദേശാഭിമാനി മുഖപ്രസംഗം

രാജ്യരക്ഷയുടെ പേരില്‍ അഴിമതി നടത്തുന്നതില്‍ ബിജെപി സര്‍ക്കാരിനെ പിറകിലേക്ക് തള്ളിമാറ്റാന്‍ കേന്ദ്രത്തിലെ കോഗ്രസ് ഭരണാധികാരികള്‍ക്ക് സാധിച്ചിരിക്കുന്നു. ഇതില്‍ പ്രധാന മന്ത്രി മന്‍മോഹന്‍സിങ്ങിനും പ്രതിരോധമന്ത്രി എ കെ ആന്റണിക്കും അഭിമാനിക്കാന്‍ വകയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് രണ്ടു ദിവസം മുമ്പ് ഫെബ്രുവരി 27ന് ഇസ്രയേലുമായി കോഗ്രസ് നേതൃത്വംനല്‍കുന്ന യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ച പതിനായിരം കോടി രൂപയുടെ മധ്യദൂര, ഭൂതല ആകാശമിസൈല്‍ (എംആര്‍, എസ്എഎം) ഇടപാടില്‍ 600 കോടി രൂപ ഇടനിലക്കാര്‍ കോഴപ്പണമായി കൈപ്പറ്റിയതായ വിവരമാണ് പുറത്തുവന്നത്.

ബൊഫോഴ്സ് തോക്കിടപാടില്‍ 64 കോടി രൂപയാണ് കോഴപ്പണമെങ്കില്‍ അതിന്റെ പത്തിരട്ടിയാണ് ഇസ്രയേലുമായുള്ള മിസൈല്‍ ഇടപാടിലെ കോഴപ്പണം. ഇസ്രയേല്‍ കമ്പനിയായ ഇസ്രയേല്‍ എയ്റോസ്പെയ്സ് ഇന്‍ഡസ്ട്രീസാണ് ഇടപാടുതുകയായ 10,000 കോടി രൂപയുടെ ആറ് ശതമാനമായ 600 കോടി രൂപ 'ബിസിനസ് ചാര്‍ജ'് എന്ന പേരില്‍ കൈമാറിയത്. ഇതില്‍ 450 കോടി രൂപ കോഗ്രസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഒഴുകിയെന്നാണ് വിവരം. ഇത്തരം ഇടപാടുകളില്‍ ബിസിനസ് ചാര്‍ജ് നല്‍കുന്ന പതിവില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതായത് കോഗ്രസിലെ ഉന്നതര്‍ ഉള്‍പ്പെട്ട വന്‍ അഴിമതിയാണിതെന്ന് വ്യക്തമായിക്കഴിഞ്ഞു.

2009 ഫെബ്രുവരി 27ന് ഒപ്പുവച്ച കരാറിലെ ഞെട്ടിക്കുന്ന അഴിമതിവിവരം പുറത്തായിട്ടും വിശദീകരണം നല്‍കാന്‍ കഴിയാതെ പ്രതിരോധമന്ത്രാലയം പകച്ചു നില്‍ക്കുകയാണ്. 2007 അവസാനം കരാര്‍ സ്വീകാര്യമല്ലെന്ന നിലപാടില്‍ തിരിച്ചയച്ച പ്രതിരോധമന്ത്രി എ കെ ആന്റണി 2009 ഫെബ്രുവരിയില്‍ കരാര്‍ ഒപ്പിടാന്‍ തയ്യാറായത് ദുരൂഹമാണ്. ഇസ്രയേല്‍ എയര്‍ക്രാഫ്റ്റ് ഇന്‍ഡസ്ട്രീസുമായി വ്യോമപ്രതിരോധ മിസൈല്‍ വാങ്ങുന്ന കരാര്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് 2008 മാര്‍ച്ച് 18ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദനും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കത്തെഴുതിയതാണ്. 2009 ജനുവരിയില്‍ വീണ്ടും ഓര്‍മിപ്പിച്ച് കത്തെഴുതി. അതൊക്കെ അവഗണിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന്റെ രണ്ടുദിവസം മുമ്പ് ഇത്രയും വലിയ തുകയ്ക്കുള്ള കരാര്‍ ധൃതിപിടിച്ച് ഒപ്പിട്ടതിന്റെ പിറകിലുള്ള നിഗൂഢത സമഗ്രമായ അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവരേണ്ടതുണ്ട്.

മുമ്പൊരു ഇടപാടില്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ അതേ ഇസ്രയേല്‍ കമ്പനിയുമായാണ് 10,000 കോടിയുടെ മിസൈല്‍ ഇടപാട് ഒപ്പിട്ടിരിക്കുന്നത് എന്നത് തികച്ചും അസാധാരണമായ നടപടിയാണ്. ബിജെപി സര്‍ക്കാരിന്റെ കാലത്ത് ആയുധക്കച്ചവടവുമായി ബന്ധപ്പെട്ട് ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ ബങ്കരുലക്ഷ്മ നോട്ടുകെട്ടുകള്‍ വാങ്ങിയത് തെഹല്‍ക എന്ന മാധ്യമം ബഹുജനസമക്ഷം കൊണ്ടുവന്നത് ആരും മറന്നുകാണുകയില്ല.

ഹവാല ഇടപാട്, ഹര്‍ഷദ് മേത്ത ഓഹരി കുംഭകോണം, ടെലികോം അഴിമതി, ഒരു ലക്ഷം കോടിരൂപ സര്‍ക്കാര്‍ ഖജനാവിന് നഷ്ടപ്പെടുത്തിയ സ്പെക്ട്രം ഇടപാട് തുടങ്ങിയവയൊക്കെ കോഗ്രസിന്റെ ചരിത്രത്തിലെ നാറുന്ന അഴിമതിക്കഥകളാണ്. ഈ അഴിമതിയില്‍ ഒരു രാഷ്ട്രീയവശംകൂടിയുള്ളത് ഓര്‍ക്കാതിരിക്കാന്‍ വയ്യ. അമേരിക്കന്‍ സാമ്രാജ്യത്വശക്തിക്ക് വിടുപണിചെയ്യുന്ന ഇസ്രയേല്‍ ലബനനില്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് കനത്ത തിരിച്ചടി കിട്ടിയ രാഷ്ട്രവുമാണ്.

പലസ്തീന്‍ വിമോചനപോരാട്ടത്തെ ഭീകരാക്രമണമെന്ന് മുദ്രകുത്തി സകല ശക്തിയും ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന രാഷ്ട്രമാണ് ഇസ്രയേല്‍. ഏറ്റവും ഒടുവില്‍ ഗാസയില്‍ നടത്തിയ കടന്നാക്രമണത്തില്‍ ആയിരത്തിമുന്നൂറില്‍പ്പരം പലസ്തീന്‍കാരെയാണ് അതിക്രൂരമായി കൊന്നൊടുക്കിയത്. നിരപരാധികളായ സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും. ആശുപത്രികളും വിദ്യാലയങ്ങളും ലക്ഷ്യമാക്കിയാണ് ബോംബ് വര്‍ഷിച്ചത്. ഇതിനെത്തുടര്‍ന്ന് ഇസ്രയേലും ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കണമെന്ന് ഇടതുപക്ഷം പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു. ഇസ്രയേലില്‍നിന്ന് ലോകത്തില്‍ത്തന്നെ ഏറ്റവും അധികം ആയുധം വാങ്ങുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറയുന്നത് ഇന്ത്യയുടെ മനസ്സ് പലസ്തീന്‍ ജനതയോടൊപ്പമാണെന്നാണ്. ഇതില്‍പ്പരം വഞ്ചന മറ്റൊന്നില്ല.

അതിലും വിചിത്രമാണ് കോഗ്രസിനോടൊപ്പം ഭരണത്തില്‍ പങ്കാളിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗിന്റെ നിലപാട്. ഇന്ത്യ ഇസ്രയേലുമായുള്ള തന്ത്രബന്ധം ഉപേക്ഷിക്കണമെന്ന് മുസ്ളിംലീഗ് പാണക്കാട്ട് യോഗം ചേര്‍ന്ന് പ്രമേയം പാസാക്കി. ലീഗധ്യക്ഷന്‍ ഈ ആവശ്യം പരസ്യമായി ഉന്നയിക്കുകയുംചെയ്തു. എന്നാല്‍, പ്രമേയം എഴുതിയ കടലാസിന്റെ വിലപോലും കല്‍പ്പിക്കാന്‍ പ്രധാനമന്ത്രിയോ കോഗ്രസ് നേതൃത്വമോ തയ്യാറായില്ല. സ്വന്തം അണികളെ വഞ്ചിക്കാനുള്ളതാണ് പ്രമേയമെന്നതുകൊണ്ട് അത് നടപ്പാക്കണമെന്ന് മുസ്ളിംലീഗിനും താല്‍പ്പര്യമില്ല.

അതെന്തായാലും ഇന്ത്യയുടെ സുരക്ഷിതത്വംപോലും കോഗ്രസ് ഭരണത്തില്‍ ഭദ്രമല്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. ഭരണം അവസാനിക്കാന്‍പോകുന്ന ഈ വേളയില്‍ ന്യൂനപക്ഷമായി മാറിയ കെയര്‍ടേക്കര്‍ പദവി മാത്രമുള്ള യുപിഎ സര്‍ക്കാരിന്റെ കത്തുന്ന പുരയില്‍നിന്ന് വലിച്ച കൊള്ളി ലാഭം എന്ന നിലപാട് ബഹുജനങ്ങള്‍ തിരിച്ചറിയണം. രാജ്യരക്ഷയുടെ പേരില്‍ നടത്തുന്ന നീചമായ തട്ടിപ്പും വെട്ടിപ്പും പുറത്തുകൊണ്ടുവരാനുതകുന്ന അന്വേഷണം ഉടന്‍ നടത്തണമെന്ന ആവശ്യം ഉയര്‍ന്നുവരണം. കള്ളന്മാരെയും കൊള്ളക്കാരെയും രക്ഷപ്പെടാന്‍ അനുവദിച്ചുകൂടാ.

No comments: