ദേശാഭിമാനി മുഖപ്രസംഗം
പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ടി (പിഡിപി) കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരില്‍ നടത്തുന്ന വര്‍ഗീയച്ചുവയുള്ള പ്രചാരണങ്ങളും മുഴക്കുന്ന ആക്ഷേപങ്ങളും നാടിന്റെ മതനിരപേക്ഷ സ്വഭാവത്തെ വെല്ലുവിളിക്കുന്നതാണ്. എല്‍ഡിഎഫിന്റെ മതനിരപേക്ഷവും സാമ്രാജ്യവിരുദ്ധവുമായ കാഴ്ചപ്പാട് അംഗീകരിച്ചുകൊണ്ട്, ആ രണ്ടുമേഖലയിലുമുള്ള പോരാട്ടത്തിന് യോജിക്കേണ്ടത് ഇടതുപക്ഷവുമായി മാത്രമാണെന്ന തിരിച്ചറിവോടെയാണ് പിഡിപിയും അതിന്റെ നേതാവ് അബ്ദുള്‍നാസര്‍ മഅ്ദനിയും എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. പിന്തുണയ്ക്കുന്ന കക്ഷിയെയും അതിന്റെ നേതാക്കളെയും കണ്ടാല്‍ മുഖംതിരിക്കുന്നത് ഇടതുപക്ഷത്തിന്റെ നയമല്ല. അതുകൊണ്ടുതന്നെ, എല്‍ഡിഎഫിലെ ഘടകകക്ഷിയല്ലാതിരുന്നിട്ടുകൂടി പരസ്യമായി പിന്തുണ അറിയിച്ച് പൊന്നാനിയടക്കമുള്ള മണ്ഡലങ്ങളില്‍ പിഡിപിനേതൃത്വം രംഗത്തുവന്നു. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പുകവന്‍ഷനുകളില്‍ പങ്കെടുക്കുകയും പ്രസംഗിക്കുകയുംചെയ്തു. അതിനര്‍ഥം, മുമ്പേതോ കാലത്ത് അവര്‍ ഉയര്‍ത്തിപ്പിടിച്ച തെറ്റായ സമീപനങ്ങളെ ഇടതുപക്ഷം ശരിവച്ചു എന്നല്ല. ശരിവച്ചത്, ഇന്ന് മതനിരപേക്ഷതയുടെയും ഭീകരവിരുദ്ധതയുടെയും സാമ്രാജ്യത്വ വിരുദ്ധതയുടെയും പ്രശ്നങ്ങളില്‍ അവര്‍ പ്രഖ്യാപിച്ച നിലപാടുകളെയാണ്. കൊലവിളിയുമായി വരുന്ന ഭൂരിപക്ഷ വര്‍ഗീയതയെ അതേ ഭാഷയിലല്ല, മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ച് ജനങ്ങളെ അണിനിരത്തിയാണ് നേരിടേണ്ടത് എന്ന് മഅ്ദനി പറഞ്ഞാല്‍, അത് നാട് ആഗ്രഹിക്കുന്ന നിലപാടുമാറ്റമാണ് എന്ന് തിരിച്ചറിയാന്‍ ഇടതുപക്ഷത്തിന് ആരുടെയും ഉപദേശം ആവശ്യമാകുന്നില്ല. മുമ്പ് ബിജെപിയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന കെ രാമന്‍പിള്ളയടക്കമുള്ളവരും ഇതേ രീതിയില്‍ ഇടതുപക്ഷത്തോടൊപ്പം അണിനിരക്കുന്നത്, എല്‍ഡിഎഫിന്റെ വര്‍ഗീയപ്രീണനത്തെയല്ല, കറകളഞ്ഞ മതനിരപേക്ഷ കാഴ്ചപ്പാടിനെയാണ് വ്യക്തമാക്കുന്നത്. വര്‍ഗീയത രാജ്യം ഇന്ന് നേരിടുന്ന അതിഗുരുതരമായ പ്രശ്നമാണ്. ഗുജറാത്ത്, ഒറീസ, കര്‍ണാടകം, മഹാരാഷ്ട്ര തടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്ന സംഘപരിവാറിന്റെ ഫാസിസ്റ് സ്വഭാവമുള്ള ആക്രമണങ്ങള്‍ രാജ്യത്തിന് സമ്മാനിച്ചത് ഒരിക്കലും ഉണങ്ങാത്ത മുറിവുകളാണ്. മതേതരത്വത്തിന് സംഘപരിവാര്‍ ഉയര്‍ത്തുന്ന ഭീഷണി ചെറുക്കുന്നതില്‍ കോഗ്രസ് പരാജയപ്പെട്ടു. ബാബറി മസ്ജിദ് തകര്‍ക്കുന്നതിന് കൂട്ടുനിന്ന കോഗ്രസ് പിന്നീട് രാജ്യത്തുണ്ടായ എല്ലാ വര്‍ഗീയ കൂട്ടക്കുരുതികളിലും നിസ്സംഗസാക്ഷികളായി. ഗുജറാത്ത് വംശഹത്യയിലോ ഒറീസയില്‍ ക്രൈസ്തവര്‍ അതിഭീകരമായി ആക്രമിക്കപ്പെട്ടപ്പോഴോ കേരളത്തില്‍ സംഘപരിവാര്‍ ബോംബുകള്‍ തുടരെത്തുടരെ പൊട്ടിയപ്പോഴോ കോഗ്രസില്‍നിന്ന് എതിര്‍പ്പിന്റെ ശബ്ദം ആരും കേട്ടില്ല. ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കുന്നതുപോലെതന്നെ, അതിനെ പ്രതിരോധിക്കാനെന്ന പേരില്‍ രൂപപ്പെടുന്ന ന്യൂനപക്ഷ വര്‍ഗീയതയോടും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സിപിഐ എമ്മിനും ഇടതുപക്ഷങ്ങള്‍ക്കാകെയുമുള്ളത്. ജനാധിപത്യപരമായ സമൂഹത്തിന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നതും തമ്മില്‍ തമ്മില്‍ പ്രോത്സാഹിപ്പിക്കുന്നതുമാണ് ഇരുവര്‍ഗീയതയും. ഭീകരവാദം ഏതെങ്കിലും മതവിശ്വാസവുമായി ബന്ധപ്പെട്ടതല്ല. മലേഗാവ്, സംഝോത എക്സ്പ്രസ് തീവയ്പ് തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന സംഭവങ്ങള്‍ സംഘപരിവാര്‍തന്നെ ഇത്തരം പദ്ധതികള്‍ ആസൂത്രണം ചെയ്യാറുണ്ടെന്ന് വ്യക്തമായി. ഇസ്ളാമിന്റെ പേരിലായാലും സംഘപരിവാര്‍ നേതൃത്വത്തിലായാലും വര്‍ഗീയത അഴിഞ്ഞാടുന്ന എല്ലായിടത്തും അവയ്ക്കെതിരായ സുശക്ത നിലപാട് ഇടതുപക്ഷത്തിനുമാത്രമാണ്. കേരളം വര്‍ഗീയകലാപങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നത് ഇടതുപക്ഷ സ്വാധീനംകൊണ്ടാണ്. ഇതൊക്കെ തിരിച്ചറിയാന്‍ കഴിയാത്തവരാണ് ഇന്നാട്ടിലെ ജനങ്ങള്‍ എന്ന തെറ്റിദ്ധാരണമൂലമോ, സംഘടിതമായ നുണപ്രചാരണത്തിലൂടെ ഈ യാഥാര്‍ഥ്യങ്ങളെ മൂടിവച്ചുകളയാം എന്ന മിഥ്യാധാരണമൂലമോ ആകാം ഇപ്പോഴത്തെ മാര്‍ക്സിസ്റ്റ് വിരുദ്ധ അഴിഞ്ഞാട്ടവും മഅ്ദനി വേട്ടയുടെ മറവിലുള്ള വര്‍ഗീയക്കളിയും. പിഡിപി എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നത് ഇതാദ്യമല്ല. എല്‍ഡിഎഫുമായി യോജിപ്പു പ്രകടിപ്പിച്ച് ആരുതന്നെ വന്നാലും വിവാദപ്പെരുമഴ സൃഷ്ടിച്ച് അത്തരം നീക്കങ്ങള്‍ അട്ടിമറിക്കാന്‍ യുഡിഎഫിന്റെ അച്ചാരം വാങ്ങുന്നവര്‍ക്ക് താല്‍പ്പര്യമുണ്ടാകും. എന്നാല്‍, അവര്‍ വരയ്ക്കുന്ന വരയിലൂടെ പോകാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് മനസ്സില്ല എന്നതിനുതെളിവാണ് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ തിളങ്ങുന്ന വിജയം. ലോകത്താകെ നടക്കുന്ന അധിനിവേശത്തോടും അടിച്ചമര്‍ത്തലുകളോടും എങ്ങനെ പ്രതികരിക്കുന്നു എന്നുനോക്കിയാല്‍, കോഗ്രസും മുസ്ളിം ലീഗുമടങ്ങുന്ന യുപിഎ സഖ്യത്തിന്റെ പാപ്പരത്തമാണ്; ജനവിരുദ്ധതയാണ് തെളിഞ്ഞുകാണുക. പലസ്തീന്‍ ജനതയെ കൊന്നൊടുക്കുകയാണ് ഇസ്രയേല്‍. ഈ ഭീകരതയ്ക്ക് അമേരിക്ക കൂട്ടുനില്‍ക്കുന്നു. ഇസ്രയേലിനെ സംരക്ഷിക്കുന്ന അമേരിക്കന്‍ നിലപാടിനെ മന്‍മോഹന്‍ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നു. അതിന് ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗ് പ്രസിഡന്റുകൂടിയായ വിദേശ സഹമന്ത്രി ഇ അഹമ്മദ് കൂട്ടുനില്‍ക്കുന്നു. അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ഇന്ത്യന്‍ വിദേശനയം മാറിക്കൊണ്ടിരിക്കുമ്പോള്‍ അതിനെതിരായി നിലപാടെടുക്കാന്‍ ലീഗിന്റെ വിദേശ സഹമന്ത്രിക്കു കഴിയുന്നില്ല. ആ മന്ത്രി ഇന്ന് മലപ്പുറത്ത് യുഡിഎഫിന്റെ സ്ഥാനാര്‍ഥിയാണ്. കൊലയാളിരാഷ്ട്രമായ ഇസ്രയേലിനോട് കോഗ്രസ് അഗാധബന്ധം പുലര്‍ത്തുന്നു. മുന്‍ യുഡിഎഫ് സര്‍ക്കാരില്‍ വിനോദ സഞ്ചാരമന്ത്രിയായിരുന്ന കെ വി തോമസ് ഇസ്രയേലി പ്രതിനിധിക്ക് സംസ്ഥാന സര്‍ക്കാരിനുവേണ്ടി നല്‍കിയ ഉപഹാരങ്ങളും സ്വീകരണവും ഉദാഹരണമാണ്. ആ തോമസും ഇന്ന് കൈപ്പത്തിചിഹ്നത്തില്‍ എറണാകുളത്ത് മത്സരിക്കുന്നു. ഈ പ്രശ്നങ്ങളിലൊക്കെ ഇടതുപക്ഷം സ്വീകരിച്ച നിലപാടുകളുണ്ട്. അത് ഇവിടെ ഈ കേരളത്തിന്റെ നാലതിരുകളില്‍ ഒതുങ്ങുന്നതല്ല. അതുകൊണ്ടുതന്നെ അബ്ദുള്‍നാസര്‍ മഅ്ദനിയടക്കമുള്ള ന്യൂനപക്ഷ നേതാക്കളും കെ രാമന്‍പിള്ളയടക്കമുള്ള മുന്‍ ബിജെപി നേതാക്കളും എല്‍ഡിഎഫിന് നല്‍കുന്ന പിന്തുണയും ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചതല്ല. അതു മനസ്സിലാക്കാതെയോ മറച്ചുപിടിച്ചോ എല്‍ഡിഎഫിനെതിരെ ദുഷ്പ്രചാരണവുംകൊണ്ട് നടക്കുന്നവര്‍ വര്‍ഗീയതയ്ക്കും സാമ്രാജ്യത്വത്തിനും കുഴലൂത്ത് നടത്തുകയാണ്. പിഡിപി സാമ്രാജ്യത്വത്തിനും ഭീകരവാദത്തിനുമെതിരെ നിലപാടെടുക്കുന്ന പാര്‍ടിയാണെന്ന് സിപിഐ എം കേന്ദ്രനേതൃത്വം വിശദീകരിച്ചിട്ടുണ്ട്. അതേസമയംതന്നെ ആ പാര്‍ടി ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭാഗമല്ലതാനും. സിപിഐയേക്കാള്‍ വലിയ സ്ഥാനം സിപിഐ എം പിഡിപിക്ക് നല്‍കുന്നു എന്നതുപോലുള്ള തരംതാണ പ്രചാരണമഴിച്ചുവിടുന്നവര്‍ക്ക് മറുപടി നല്‍കിയിട്ടുകാര്യമില്ല. എല്‍ഡിഎഫിന്റെ വര്‍ഗീയ വിരുദ്ധ നിലപാടുകള്‍ക്ക് ഒരു കോര്‍പറേറ്റ് മാധ്യമത്തിന്റെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സിപിഐ എം നേതൃത്വത്തിന് നെഞ്ചുവിരിച്ച് പ്രഖ്യാപിക്കാനാവുന്നത്, ആ നിലപാട് സംവദിക്കുന്നത് കേരളത്തിലെ സാധാരണജനങ്ങളുടെ ഹൃദയവുമായാണ് എന്നതുകൊണ്ടാണ്. എത്രതന്നെ വിഷംപുരട്ടിയ കുപ്രചാരണങ്ങളുണ്ടായാലും അവയെ തൃണവല്‍ഗണിച്ച് മതനിരപേക്ഷതയുടെ കൊടിക്കൂറയുമായി എല്‍ഡിഎഫ് മുന്നോട്ടുപോകുമെന്നും ആ മുന്നേറ്റത്തിന്റെ ഓരോ ചുവടുകളിലും ഇത്തരം നെറികെട്ട എതിര്‍പ്പുകളുണ്ടാകുമെന്നും തിരിച്ചറിയപ്പെടേണ്ടതുണ്ട്; ജാഗ്രത പാലിക്കേണ്ടതുമുണ്ട്. ആര്‍എസ്എസിന്റെ കൊലക്കത്തിയില്‍നിന്ന് മതന്യൂനപക്ഷങ്ങളെയെന്നപോലെ, എന്‍ഡിഎഫിന്റെ കൊടുംക്രൂരതകളില്‍നിന്ന് ഇന്നാട്ടിലെ ജനങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യതയും ഏറ്റെടുത്ത പ്രസ്ഥാനമാണ് സിപിഐ എം. എന്‍ഡിഎഫുകാരും ആര്‍എസ്എസുകാരും കൊന്നൊടുക്കുന്നത് ഉശിരരായ സിപിഐ എം പ്രവര്‍ത്തകരെയാണ് എന്നതില്‍നിന്ന്, രണ്ടു വര്‍ഗീയതകളും സിപിഐ എമ്മിനെ എത്രമാത്രം ശത്രുതയോടെയാണ് കാണുന്നതെന്ന് തെളിയുന്നുണ്ട്. അത് ഇന്നാട്ടിലെ ജനങ്ങള്‍ക്കറിയാം എന്നുമാത്രം നുണപ്രചാരകര്‍ ഓര്‍ത്താല്‍ നന്ന്.
2 comments:
http://www.mathrubhumi.com/php/newFrm.php?news_id=1217183&n_type=NE&category_id=3&Farc=&previous=
ലീഗ് ഒഴികെ ബാക്കി എല്ലാ പാര്‍ട്ടിയും വര്‍ഗ്ഗീയം എന്നാണ് . ശ്രീ.മാന്‍ ജയിക്കാത്ത മന്ത്രി രവി പറഞ്ഞിരിക്കുന്നത്. ‘വയലാര്‍’ എന്ന് പേര് അങ്ങേരുടെ കുടുംബ സ്വത്തല്ലല്ലോ...ആയത് കൊണ്ട്. എല്ലാം ശുഭം
. റിസല്‍റ്റ് വരട്ടെ.
Post a Comment