പി എം മനോജ്
കേരള രാഷ്ട്രീയത്തില്‍ ശുഭോദര്‍ക്കമായ മാറ്റത്തിന്റെ സൂചനയാണ് വെള്ളിയാഴ്ച കോഴിക്കോട്ടും ശനിയാഴ്ച കുറ്റിപ്പുറത്തും കണ്ടത്. ദത്താത്രേയ റാവു കേരളത്തിലെ ജനസംഘത്തിന്റെ സ്ഥാപകനേതാക്കളിലൊരാളാണ്; ജന്മഭൂമിയുടെ സ്ഥാപക പത്രാധിപരാണ്. ആര്‍എസ്എസിന് പി പരമേശ്വരനെപ്പോലെ ആരാധ്യനായ അദ്ദേഹവും മാറാട്ട് ആര്‍എസ്എസിനോടൊപ്പം മുന്‍നിരയില്‍നിന്നിരുന്ന വനിതാ നേതാവ് ഉമ ഉണ്ണിയും കോഴിക്കോട്ട് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പു കവന്‍ഷന് എത്തിയിരുന്നു. പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ കുറ്റിപ്പുറത്ത് ചേര്‍ന്ന എല്‍ഡിഎഫ് കവന്‍ഷന്‍ ശ്രദ്ധേയമായത് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ സാന്നിധ്യംകൊണ്ടാണ്. ബിജെപിയില്‍നിന്ന് തെറ്റിപ്പിരിഞ്ഞ കെ രാമന്‍പിള്ളയുടെ ജനപക്ഷം എല്‍ഡിഎഫിന് പരസ്യമായ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. ബിജെപിയുടെ വോട്ടുകച്ചവടത്തില്‍ മനംമടുത്താണ്; ഭൂരിപക്ഷവര്‍ഗീയതയുടെ രാഷ്ട്രീയകുടിലതകളോട് തുറന്നടിച്ചെതിര്‍ത്താണ് ദത്താത്രേയ റാവുവും രാമന്‍പിള്ളയും ഉമ ഉണ്ണിയും ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയനിലപാടില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. വര്‍ഗീയതയുടെ തീവ്രനിലപാടുകളോട് എന്നെന്നേക്കുമായി വിടപറഞ്ഞ് മഅ്ദനി മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ വഴി തെരഞ്ഞെടുത്തിരിക്കുന്നു. വര്‍ഗീയതയ്ക്കെതിരായ മാര്‍ക്സിസ്റ് സമീപനം അംഗീകരിക്കുന്നെന്ന് വ്യക്തമാക്കിയ മഅ്ദനി, ഖത്തറില്‍ ഹ്യൂഗോ ഷാവേസിന്റെ ചിത്രവും ഖൂര്‍ ആനും കൈകളിലേന്തി നടത്തിയ സാമ്രാജ്യവിരുദ്ധ മുന്നേറ്റത്തെ അനുസ്മരിപ്പിച്ച്, ഇടതുപക്ഷത്തിന്റെ ശരിയായ രാഷ്ട്രീയനിലപാടുകളെയാണ് പ്രകീര്‍ത്തിച്ചത്. ഇവിടെ ശ്രദ്ധിക്കേണ്ട രണ്ട് വസ്തുതയുണ്ട്. ഒന്നാമത്തേത്, ഒരേസമയം ദത്താത്രേയ റാവുവിനും അബ്ദുള്‍ നാസര്‍ മഅ്ദനിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണിയെ പിന്തുണയ്ക്കാന്‍ വരാനാകുന്നു എന്നതാണ്. രണ്ടാമത്തേത്, ഈ നേതാക്കള്‍ ഇടതുപക്ഷത്തോട് അനുഭാവം പ്രകടിപ്പിക്കുന്നതിനെതിരെ അസാധാരണമായ എതിര്‍പ്പ് ചില കേന്ദ്രങ്ങള്‍ മാധ്യമസഹായത്തോടെ ഉയര്‍ത്തിക്കൊണ്ടുവരുന്നു എന്നതാണ്. മഅ്ദനി പൊന്നാനിയില്‍ ചെന്ന് വര്‍ഗീയമുദ്രാവാക്യം മുഴക്കിയിട്ടില്ല; മറ്റു മതങ്ങള്‍ക്കുനേരെ വെല്ലുവിളി മുഴക്കിയിട്ടില്ല. ദത്താത്രേയ റാവുവോ രാമന്‍പിള്ളയോ ആര്‍എസ്എസ് നയങ്ങളില്‍ മുറുകെപ്പിടിച്ചുകൊണ്ടല്ല ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നത്. ഏതെങ്കിലുമൊരുകാലത്ത് വര്‍ഗീയതയ്ക്കോ തെറ്റായ രാഷ്ട്രീയവിശ്വാസങ്ങള്‍ക്കോ അടിപ്പെട്ടുപോയവര്‍ ഒരുകാലത്തും അതില്‍നിന്ന് മുക്തരാകാന്‍ പാടില്ലെന്ന നിര്‍ബന്ധബുദ്ധിയോടെയാണ് ചില മാധ്യമങ്ങള്‍ ഈ വാര്‍ത്തയെ കണ്ടത്. അവര്‍ ചോദിക്കുന്നു: ചെങ്കൊടിയുടെ വിശുദ്ധി എവിടെപ്പോയി? 'പൊന്നാനി പിടിക്കാന്‍ മഅ്ദനിയും പിണറായിയും വേദി പങ്കിട്ടത്' രാജ്യം കണ്ട മഹാപാതകമായി അവര്‍ അവതരിപ്പിക്കുന്നു. എന്താണിതിന്റെ യുക്തി? പണ്ട് എടുത്ത നിലപാടാണ് എല്ലാ കാലത്തെയും രാഷ്ട്രീയം നിര്‍ണയിക്കുന്നതെങ്കില്‍ സിപിഐയും സിപിഐ എമ്മും ചേര്‍ന്ന് ഒരു മുന്നണിയുണ്ടാകുമോ? എം വി രാഘവനെയും ഗൌരിയമ്മയെയും നാലയലത്തടുപ്പിക്കാന്‍ യുഡിഎഫിനു കഴിയുമോ? 1964ല്‍ കമ്യൂണിസ്റ് പാര്‍ടിയിലുണ്ടായ പിളര്‍പ്പിനുശേഷം സിപിഐയും സിപിഐ എമ്മും തമ്മില്‍ നടന്ന രൂക്ഷമായ തര്‍ക്കം പഴയ തലമുറയുടെ ഓര്‍മയിലുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് സിപിഐ നേതാവ് സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് സിപിഐ എമ്മിന്റെ നേതാക്കളെ കൂട്ടത്തോടെ ജയിലിലടച്ചതും ക്രൂരമര്‍ദനത്തിന് ഇരകളാക്കിയതും. അതുകഴിഞ്ഞ് ഭട്ടിന്‍ഡാ കോഗ്രസ് തീരുമാനമനുസരിച്ച് കോഗ്രസ് ബന്ധം വിച്ഛേദിച്ച് ഇടതുപക്ഷ കൂട്ടായ്മയുടെ ഭാഗമാകാന്‍ തയ്യാറായ സിപിഐയെ, അതിനുമുമ്പത്തെ അനുഭവം ചൂണ്ടിക്കാട്ടി അകറ്റിനിര്‍ത്താനല്ല സിപിഐ എം തയ്യാറായത്. സിപിഐ എമ്മിലുണ്ടായിരുന്ന കാലത്ത് മാടായി മാടനെന്ന് വിളിച്ച് ആക്ഷേപിച്ച എം വി രാഘവനെ ഒരുരാത്രി പുലരുമ്പോള്‍ സ്വന്തം മുന്നണിയില്‍ കൂട്ടാന്‍ കോഗ്രസിന് കഴിഞ്ഞത് തങ്ങളുടെ മാര്‍ക്സിസ്റ് വിരുദ്ധ അജന്‍ഡ നടപ്പാക്കാന്‍ നല്ല കൂട്ടാളിയാണ് രാഘവനെന്ന് കണ്ടതുകൊണ്ടാണ്. കമ്യൂണിസ്റുകാരെ തല്ലിയൊതുക്കാന്‍ കുറുവടിപ്പടയുമായിറങ്ങിയ കെ കേളപ്പന്റെ കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ടിയുമായി 1952ല്‍ കമ്യൂണിസ്റ് പാര്‍ടി സഖ്യമുണ്ടാക്കിയ സാഹചര്യം ചരിത്രത്താളുകളിലുണ്ട്. 'കേളപ്പേട്ടാ തവകൊച്ചനിയന്‍, കേരളനാട്ടിന്‍ പൊന്‍തനയന്‍' എന്നു പാടിയാണ് കമ്യൂണിസ്റ് പാര്‍ടി സ്ഥാനാര്‍ഥിയായ എ കെ ജിക്ക് അന്ന് വോട്ടുപിടിച്ചത്. രാഷ്ട്രീയത്തില്‍ തീരുമാനങ്ങളിലേക്കെത്തുന്നത് നിലപാട് നോക്കിയാണ്. ഇന്നലെ എതിര്‍ത്തയാള്‍ ഇന്നും നാളെയും ശത്രുപക്ഷത്തുതന്നെ നില്‍ക്കണമെന്നത് രാഷ്ട്രീയമല്ല; ജീവിതവുമല്ല. ഇന്ന് മഅ്ദനി വേട്ടയ്ക്കിറങ്ങുന്നവര്‍ അതൊന്നും മറന്നുപോകരുത്. വര്‍ഗീയത ഇന്ന് ഇന്ത്യനേരിടുന്ന ഏറ്റവും കൊടിയ വിപത്താണ്. അതിന് അടിപ്പെട്ടവരെ മതനിരപേക്ഷനിലപാടിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്നത് ദേശാഭിമാനപരമായ കര്‍ത്തവ്യവും. ബൂര്‍ഷ്വാ രാഷ്ട്രീയത്തില്‍ മാത്രമല്ല, നമ്മുടെ മാധ്യമങ്ങളിലും ന്യൂനപക്ഷ വിരുദ്ധ; ദളിത് വിരുദ്ധ; സ്ത്രീവിരുദ്ധ രാഷ്ട്രീയത്തിന്റെ അധിനിവേശമുണ്ട്. മുത്തങ്ങയില്‍ യുഡിഎഫിന്റെ പൊലീസ് ആദിവാസി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചത് കണ്ടില്ലെന്നു നടിച്ചവരാണ് ഇവിടത്തെ ഭൂരിപക്ഷം മാധ്യമങ്ങളും. ആദിവാസി സ്ത്രീകള്‍ക്കെതിരായ ലൈംഗികപീഡനം ഒരു കുറ്റമല്ലെന്ന ചിന്തയാണവരെ നയിച്ചത്. അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ പിന്തുണ സ്വീകരിക്കുന്നതുകൊണ്ട് സിപിഐ എം ഇസ്ളാം വര്‍ഗീയവാദത്തെ അംഗീകരിക്കുകയാണെന്നുപറയുന്നവര്‍, രാമന്‍പിള്ളയുടെയും ദത്താത്രേയ റാവുവിന്റെയും പിന്തുണയിലൂടെ സിപിഐ എമ്മിന് ഹിന്ദുവര്‍ഗീയനിറം കൈവന്നെന്നു പ്രചരിപ്പിക്കാത്തത് ശ്രദ്ധിക്കേണ്ടതാണ്. മഅ്ദനിയല്ല കേരളത്തില്‍ ഇസ്ളാമിക വര്‍ഗീയരാഷ്ട്രീയം കളിക്കുന്നത്. ഇസ്ളാം മതവികാരം ആളിക്കത്തിച്ച് തെരഞ്ഞെടുപ്പുനേട്ടമുണ്ടാക്കുന്നതു പതിവാക്കിയ രാഷ്ട്രീയ പാര്‍ടി ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗാണ്. അവര്‍ അടുത്തകാലത്ത് നടത്തിയ സമരം 'പാഠപുസ്തക പ്രശ്നം' ഉയര്‍ത്തിയായിരുന്നു. അതിന്റെ പേരില്‍ ഒരു അധ്യാപകനെ തല്ലിക്കൊല്ലാന്‍പോലും ആ പാര്‍ടിക്ക് അറപ്പുണ്ടായില്ല. ഇന്ന്, അലിഗഢ് സര്‍വകലാശാലയുടെ ശാഖ സ്ഥാപിക്കുന്നതിനെച്ചൊല്ലി വിഷലിപ്തമായ വര്‍ഗീയ പ്രചാരണവുമായാണ് മലപ്പുറം ജില്ലയില്‍ മുസ്ളിംലീഗ് മുന്നോട്ടുപോകുന്നത്. എന്തേ നമ്മുടെ മാധ്യമങ്ങളാകുന്ന വിശുദ്ധ പശുക്കള്‍ ആ ഭാഗത്തേക്ക് നോക്കി മുക്രയിടുന്നില്ല? മനുഷ്യരക്തം കണ്ട് അറപ്പുതീര്‍ന്ന; പ്രാകൃതമായ ആചാരങ്ങളുടെ സംരക്ഷണത്തിനുവേണ്ടി കൊലപാതകവും അക്രമവും പതിവാക്കിയ; ആയുധശേഖരവും പരിശീലനവും സര്‍വവിധ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും കലയാക്കിയ എന്‍ഡിഎഫ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ കൂട്ട് മുസ്ളിംലീഗുമായാണ്; കോഗ്രസുമായാണ്. ആ എന്‍ഡിഎഫിനെക്കുറിച്ചു പറയാന്‍ മടിക്കുന്ന മാധ്യമങ്ങള്‍ക്ക് മഅ്ദനി കടുത്ത ശത്രുവായത് എന്നുമുതല്‍ക്കാണ്? ആര്‍എസ്എസ് നാട്ടില്‍ നടത്തുന്ന നരമേധങ്ങള്‍ കാണാനുള്ള കണ്ണ് ഇവര്‍ എവിടെ പൂഴ്ത്തിവച്ചു? അബ്ദുള്‍ നാസര്‍ മഅ്ദനി എന്ന ഒറ്റപ്പേരില്‍ കറങ്ങാന്‍ മാധ്യമങ്ങളെ പ്രേരിപ്പിക്കുന്നതും അതേവഴിയില്‍ ഉമ്മന്‍ചാണ്ടിയെ എത്തിക്കുന്നതും എല്‍ഡിഎഫിന് പിഡിപി നല്‍കുന്ന പിന്തുണ കണ്ടുള്ള അസഹിഷ്ണുതയല്ലാതെ മറ്റെന്താണ്? ആര്‍എസ്എസിന്റെ വിഷംതുപ്പുന്ന യന്ത്രമായ പ്രവീ തൊഗാഡിയക്ക് യുഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ പരവതാനി വിരിച്ച് സ്വീകരണം നല്‍കിയപ്പോഴും വിശ്വഹിന്ദു പരിഷത്തിന്റെ ത്രിശൂല വിതരണം അനുവദിച്ചപ്പോഴും മാര്‍ക്സിസ്റുകാരില്‍നിന്നല്ലാതെ എതിര്‍പ്പിന്റെ സ്വരം ഇവിടെ ഉയര്‍ന്നിട്ടില്ല. പൊതുജനാധിപത്യ സംവിധാനത്തിന്റെ തത്വങ്ങളെയാകെ ചവിട്ടിമെതിച്ച് വര്‍ഗീയ ഫാസിസ്റുകളുമായി സഖ്യം തുടരുകയാണ് കോഗ്രസ്. ഒരുഭാഗത്ത് മുസ്ളിംലീഗുമായി പരസ്യമായ സഖ്യം തുടരുക; എന്‍ഡിഎഫിനെ സംരക്ഷിക്കുക, മറുഭാഗത്ത് ബിജെപിയുമായി രഹസ്യ നീക്കുപോക്കുണ്ടാക്കുക- ഇതാണ് കോഗ്രസിന്റെ സമീപനം. കോ-ലീ-ബി സഖ്യം ഒരു തമാശയല്ല, സങ്കല്‍പ്പവുമല്ല. മുസ്ളിങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും പ്രത്യേക രാഷ്ട്രീയ പാര്‍ടികളുണ്ടാകുന്നത് മതനിരപേക്ഷ സങ്കല്‍പ്പത്തെ അതിന്റെ ഏറ്റവും സങ്കുചിതമായ അര്‍ഥത്തില്‍പോലും നിരാകരിക്കുന്നതാണെന്നിരിക്കെ, മുസ്ളിം ലീഗുമായി മുന്നണിസംവിധാനത്തില്‍ ഒന്നിച്ചിരിക്കാന്‍ കോഗ്രസിന് എങ്ങനെ കഴിയുന്നു? ഹിന്ദുക്കള്‍ക്ക് സ്വന്തമായുണ്ടായ പാര്‍ടിയായിരുന്നു ഹിന്ദു മഹാജനസഭ. തുടര്‍ന്ന് അത് ഭാരതീയ ജനസംഘവും അതില്‍പ്പിന്നെ ബിജെപിയുമായി. വര്‍ഗീയ അജന്‍ഡ മുന്‍നിര്‍ത്തിയും വര്‍ഗീയ അടിസ്ഥാനത്തിലും സംഘടിക്കപ്പെട്ട ബിജെപിയെ സിപിഐ എം കഠിനമായി എതിര്‍ക്കുന്നു. ഭൂരിപക്ഷ വര്‍ഗീയതയാണ് വലിയ വിപത്ത് എന്നുകാണുമ്പോള്‍ത്തന്നെ, ന്യൂനപക്ഷ വര്‍ഗീയതയുടെ ആപത്തിനെ കുറച്ചുകാണാത്ത പാര്‍ടിയാണ് സിപിഐ എം. ഇരു വര്‍ഗീയതയും പരസ്പരം വളര്‍ത്തുന്നു എന്നതാണ് പാര്‍ടിനിലപാട്. വര്‍ഗീയതയ്ക്കെതിരെ പോരാടുകമാത്രമല്ല, അതില്‍ അനേകം ഉശിരന്മാരായ പ്രവര്‍ത്തകരുടെ ജീവന്‍ നല്‍കുകയും ചെയ്തിട്ടുണ്ട് സിപിഐ എം. വര്‍ഗീയതയുടെ പിടിയില്‍നിന്ന് മുക്തിനേടുന്നവരെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള കടമ അതുകൊണ്ടുതന്നെ സിപിഐ എമ്മിന് കൈവരുന്നു. ഒറീസയില്‍ സംഘപരിവാറിന്റെ ക്രൈസ്തവവേട്ട കണ്ടുനില്‍ക്കേണ്ടിവന്ന ബിജു ജനതാദള്‍, ലഭ്യമായ ആദ്യത്തെ അവസരത്തില്‍ വര്‍ഗീയബന്ധം വിടര്‍ത്തിയപ്പോള്‍ സിപിഐ എം നേതാക്കള്‍ ഭുവനേശ്വറിലെത്തി, ആ പാര്‍ടിയെ മതനിരപേക്ഷ കൂട്ടായ്മയിലേക്ക് ക്ഷണിച്ചത് പെട്ടെന്നുണ്ടായ ആവേശത്തിന്റെ പുറത്തല്ല, മറിച്ച് സുചിന്തിതമായ രാഷ്ട്രീയനിലപാടിന്റെ ഭാഗമായാണ്. ഇവിടെ മഅ്ദനിയുമായി വേദിപങ്കിട്ടത് മഹാപാപമാണെന്ന് ഉദ്ഘോഷിക്കുന്നവര്‍ക്ക് ഒറീസയുടെ അനുഭവം ഒത്തുനോക്കാവുന്നതാണ്. മതനിരപേക്ഷ-സാമ്രാജ്യ വിരുദ്ധ രാഷ്ട്രീയത്തിന്റെ കൊടി ഉയര്‍ത്തിപ്പിടിച്ചാണ് മഅ്ദനി ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതെങ്കില്‍, ഇടതുപക്ഷത്തെ സ്നേഹിക്കുന്ന എല്ലാവരെയും ആ പിന്തുണ ആഹ്ളാദചിത്തരാക്കും. മഅ്ദനിതന്നെ കുറ്റിപ്പുറത്തുപറഞ്ഞപോലെ, കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ 14-ാം പ്രതിയായി കൊടുംകുറ്റവാളിയുടെ ഗണത്തില്‍പെടുത്തപ്പെട്ട് ജയിലില്‍ കഴിയുമ്പോഴല്ല ഇടതുപക്ഷം പിന്തുണ സ്വീകരിക്കുന്നത്. കോടതി കുറ്റവിമുക്തനാക്കി ജയില്‍മോചിതനായ മഅ്ദനി നയിക്കുന്ന പാര്‍ടിയാണ് ഇന്ന് ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നത്. ആ പിന്തുണയ്ക്ക് കേരളത്തിലെ മതന്യൂനപക്ഷങ്ങളുടെ പൊതുവികാരവുമായി പൊരുത്തമുണ്ട്. യുഡിഎഫിന്റെ, വിശേഷിച്ചും മുസ്ളിം ലീഗിന്റെ ഉരുക്കുകോട്ടകള്‍ ഭേദിക്കാനുള്ള ഇടതുപക്ഷത്തിന്റെ മുന്നേറ്റത്തെ സഹായിക്കാനുള്ള കരുത്തുണ്ട്. പരിഭ്രമം സ്വാഭാവികമാണ്. അതുകൊണ്ടാണ്, ഇന്നലെവരെ മഹാനായിരുന്ന മഅ്ദനി ഇന്ന് കൊടും കുറ്റവാളിയും വര്‍ഗീയഭീകരനുമാകുന്നത്; മാസങ്ങളായി കോടതിയില്‍ കിടക്കുന്ന സാക്ഷിമൊഴികളും കള്ളക്കഥകളും മഅ്ദനിക്കെതിരായ വാര്‍ത്തകളായി രൂപാന്തരം പ്രാപിക്കുന്നത്. ഉമ്മന്‍ചാണ്ടിയും പി കെ കൃഷ്ണദാസും ഇക്കാര്യത്തില്‍ ഒരേ അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. വീക്ഷണവും ജന്മഭൂമിയും ഒരേ വാര്‍ത്തയും വിശകലനവുമാണെഴുതുന്നത്. അപസ്മാരബാധപോലെ മഅ്ദനി വേട്ടയ്ക്കിറങ്ങുന്നവരെ കാണുമ്പോള്‍, ഒന്നുറപ്പിക്കാം- പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പു ഫലത്തെ യുഡിഎഫ് വല്ലാതെ ഭയപ്പെടുന്നുണ്ട്. വൈതാളിക മാധ്യമങ്ങളുടെ വികാരത്തള്ളിച്ച യുഡിഎഫിന്റെ ഭീതിയെ സൂചിപ്പിക്കുന്നു. അല്ലെങ്കില്‍, വര്‍ഗീയവാദം ഉപേക്ഷിക്കുന്നവര്‍ക്ക് ആര്‍ഭാടപൂര്‍ണമായ സ്വീകരണമായിരുന്നു കേരളത്തില്‍ കിട്ടേണ്ടിയിരുന്നത്. വിവേകാനന്ദന്റെ ഭ്രാന്താലയപ്രയോഗം ഇന്ന് പ്രസക്തമാകുന്നത് ജാതി-മത സ്പര്‍ധകൊണ്ടല്ല, തിമിരം ബാധിച്ച മാധ്യമങ്ങളുടെ കാപട്യപൂര്‍ണമായ യുഡിഎഫ് സേവകൊണ്ടാണ്. രോഗബാധയെ മറികടന്ന് മതനിരപേക്ഷനിലപാടിലേക്കു വരുന്നവര്‍ കേരളത്തിന്റെ രാഷ്ട്രീയഭൂമികയെ മാലിന്യമുക്തമാക്കുകയാണ്. കുറെപ്പേരുടെ കുരകൊണ്ട് അവസാനിച്ചുപോകുന്നതല്ല ഈ പ്രക്രിയ. കിട്ടുന്ന ആദ്യത്തെ അവസരത്തില്‍ മാര്‍ക്സിസ്റുകാരെ കുത്തിമലര്‍ത്താന്‍ നടക്കുന്നവര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട ഒന്നല്ല ചെങ്കൊടിയുടെ വിശുദ്ധി-സിപിഐ എമ്മിന്റെ രാഷ്ട്രീയനിലപാടും. പിഡിപി നേതാവിന്റെ ഒരു പ്രസംഗത്തിലെ പരാമര്‍ശമോ അനുചിതമായ സന്ദര്‍ഭത്തില്‍ തെറ്റിദ്ധാരണാജനകമായ ചോദ്യങ്ങള്‍ തൊടുത്തുവിട്ട് സിപിഐ ജനറല്‍ സെക്രട്ടറിയില്‍നിന്ന് നേടിയെടുത്ത കമന്റുകളോ എല്‍ഡിഫിലെ 'പുകച്ചിലും' 'അപസ്വരവു'മായി അവതരിപ്പിച്ച് യുഡിഎഫിന് വിടുപണിചെയ്യുന്നവര്‍ക്ക് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം അറിയില്ലെന്നുതന്നെ പറയേണ്ടിവരും. ഏതെങ്കിലും ആളുകള്‍ പിന്തുണയുമായി മുന്നോട്ടുവരുമ്പോള്‍ പൊട്ടിച്ചിതറിപ്പോകുന്നതല്ല, വ്യക്തമായ രാഷ്ട്രീയനിലപാടിന്റെ അടിത്തറയിലാണ് എല്‍ഡിഎഫ് നിലകൊള്ളുന്നതെന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ അനുഭവത്തിലൂടെയേ അവര്‍ക്കു കഴിയൂ. സീറ്റുവിഭജനപ്രശ്നത്തോടെ എല്‍ഡിഎഫിന്റെ തകര്‍ച്ച കിനാവുകണ്ടവര്‍, മുന്നണി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിലേക്കു നീങ്ങുമ്പോള്‍ ഇത്തരം അസ്വാരസ്യങ്ങളുണ്ടാക്കുന്നതില്‍ ഒട്ടും അത്ഭുതമില്ലതന്നെ.
മറ്റുവാര്‍ത്തകള്‍
No comments:
Post a Comment