Wednesday, March 25, 2009

ശക്തിപ്പെടുന്ന രാഷ്ട്രീയ ധ്രുവീകരണം

ദേശാഭിമാനി ലേഖനം

പി രാജീവ്

അതിവേഗത്തില്‍ വിപുലപ്പെടുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പിന്തുണ കണ്ട് വിറളിപൂണ്ട യുഡിഎഫും വലതുപക്ഷ മാധ്യമങ്ങളും തുടര്‍ച്ചയായ നുണപ്രചാരവേലയിലൂടെ വോട്ടര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ കഴിയുമോ എന്ന് വൃഥാ ശ്രമിക്കുകയാണ്. മഅ്ദനിയും പിഡിപിയും വര്‍ഗീയവാദിയാണോ അല്ലയോ എന്ന ചോദ്യമാണ് ഇവര്‍ നിരന്തരം ഉന്നയിക്കുന്നത്. തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയം മഅ്ദനിയാണെന്ന് മാതൃഭൂമി കണ്ടെത്തിയിട്ടുണ്ട്. ഒരു വ്യക്തിയോ രാഷ്ട്രീയപാര്‍ടിയോ വര്‍ഗീയമാണോ അല്ലയോ എന്നു വിലയിരുത്തുന്നത് തെറ്റല്ല. അത്തരം വിലയിരുത്തലുകള്‍ നടത്തേണ്ടത് ഇന്ന് ആ പാര്‍ടി സ്വീകരിക്കുന്ന നിലപാടുകളുടെ അടിസ്ഥാനത്തിലായിരിക്കണം. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പ്രതിയാകുന്നതിനുമുമ്പുള്ള മഅ്ദനിയെയും പിഡിപിയെയും മതനിരപേക്ഷ സമൂഹം നിരാകരിച്ചത് അത് വര്‍ഗീയമാണെന്ന് തിരിച്ചറിഞ്ഞാണ്. ന്യൂനപക്ഷം വര്‍ഗീയമായി സംഘടിക്കുന്നത് ഭൂരിപക്ഷ വര്‍ഗീയതയെ സഹായിക്കുകമാത്രമാണ് ചെയ്യുകയെന്ന് തിരിച്ചറിയുന്നവര്‍ക്ക് അന്നത്തെ പിഡിപിയെ അനുകൂലിക്കാന്‍ കഴിയില്ല. ആ സന്ദര്‍ഭത്തില്‍ പിഡിപിയുമായി കൂട്ടുകൂടുകയും ഇപ്പോള്‍ മുസ്ളിംലീഗ് എന്ന വര്‍ഗീയപാര്‍ടിയുമായുള്ള ബന്ധം തുടരുകയും ചെയ്യുന്നവരാണ് ഇന്ന് മഅ്ദനി വിവാദം നയിക്കുന്ന യുഡിഎഫ് നേതാക്കള്‍. അവര്‍ പിഡിപിയുടെ മാറ്റം കണ്ടതായി നടിക്കുന്നുമില്ല. സിപിഐ എമ്മും ഇടതുപക്ഷവും സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ പല പാര്‍ടികളെയും സംഘടനകളെയും സ്വാധീനിച്ചീട്ടുണ്ട്. അതില്‍ പ്രധാനം സാമ്രാജ്യത്വ വിരുദ്ധ നിലപാടാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷം മാത്രമാണ്. ഇറാഖ് അധിനിവേശം, ഇറാനുനേരെയുള്ള ഭീഷണി, പലസ്തീനിലെ സയണിസ്റ്റ് ക്രൂരത എന്നിങ്ങനെയുള്ള പ്രശ്നങ്ങളില്‍ സാര്‍വദേശീയമായി ഉയര്‍ന്നുവന്ന പ്രതിഷേധത്തിന്റെ ഇന്ത്യന്‍മുഖം ഇടതുപക്ഷമാണ്. ഇന്നലെകളില്‍ ചേരിചേരായ്മയില്‍ അധിഷ്ഠിതമായ വിദേശനയം ഉയര്‍ത്തിപ്പിടിച്ചിരുന്ന കോഗ്രസാകട്ടെ അമേരിക്കന്‍ വിധേയത്വത്തിലേക്ക് അധഃപതിച്ചു. ഇസ്ളാമിക ഭീകരവാദം എന്ന് മുദ്രകുത്തി ഇസ്ളാമിനെതിരെ സാമ്രാജ്യത്വം നടത്തുന്ന കൊടുംക്രൂരതകളെ അപലപിക്കാന്‍പോലും കോഗ്രസ് തയ്യാറാകുന്നില്ല. പലസ്തീനിലെ കൂട്ടക്കൊലയെ ദുര്‍ബലമായി അപലപിച്ച യുപിഎ സര്‍ക്കാര്‍ ഇസ്രയേലിനെ സംബന്ധിച്ച് പരമാര്‍ശിക്കാന്‍ ധൈര്യം കാട്ടിയില്ല. പലസ്തീനില്‍ കുഞ്ഞുങ്ങളെയും സ്ത്രീകളെയുംവരെ കൊന്നൊടുക്കിയ ഇസ്രയേലിന്റെ ക്രൂരതയെ മഹത്വവല്‍ക്കരിച്ച ശശി തരൂര്‍ കോഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടം കിട്ടുന്നതുവരെ എത്തി വിധേയത്വം. കഴിഞ്ഞകാലങ്ങളില്‍ കോഗ്രസിന്റെയൊപ്പമായിരുന്ന മുസ്ളിം ന്യൂനപക്ഷങ്ങളില്‍ ഇതെല്ലാം കടുത്ത അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലും മഞ്ചേരി ലോക്സഭാമണ്ഡലത്തിലും മാറുന്ന മലപ്പുറത്തിന്റെ മുഖത്തിന് ഇതും ഒരു പ്രധാന കാരണമായിരുന്നു. രണ്ടാമത്തെ കാര്യം ഇടതുപക്ഷം സ്വീകരിക്കുന്ന ശക്തമായ മതനിരപേക്ഷ നിലപാടാണ്. എവിടെ മതന്യൂനപക്ഷം ആക്രമിക്കപ്പെടുന്നുവോ അവിടെയെല്ലാം പ്രതിരോധം തീര്‍ക്കുന്നത് ഇടതുപക്ഷമാണ്. സംഘപരിവാറിന്റെ ആക്രമണങ്ങളില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ എന്തും ത്യജിക്കാന്‍ തയ്യാറാകുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനോട് മതനിരപേക്ഷ വാദികള്‍ക്ക് താല്‍പ്പര്യം തോന്നുന്നത് സ്വാഭാവികംമാത്രമാണ്്. ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റി നിര്‍ത്തുന്നതിന്, കടുത്ത രാഷ്ട്രീയശത്രുതയുള്ള കോഗ്രസിനെ വരെ പിന്തുണയ്ക്കാന്‍ തയ്യാറായ ചരിത്രമാണ് ഇടതുപക്ഷത്തിനുളളത്. 2004ല്‍ ഇടതുപക്ഷം സ്വീകരിച്ച ആ നിലപാടിന്റെകൂടി ഫലമാണ് ഇന്നു കാണുന്ന എന്‍ഡിഎയുടെ ഒറ്റപ്പെടല്‍. എന്നാല്‍, കോഗ്രസാകട്ടെ മൃദുഹിന്ദുത്വ സമീപനംതന്നെയാണ് തുടരുന്നത്. വര്‍ഗീയശക്തികളെ അടിച്ചമര്‍ത്തുന്നതിനു തയ്യാറാകുന്നില്ല. മതനിരപേക്ഷ വാദികള്‍ക്ക് ഉറച്ചുവിശ്വസിക്കാന്‍ കഴിയുന്നത് ഇടതുപക്ഷത്തെ മാത്രമാണെന്ന യാഥാര്‍ഥ്യം മതന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ നിലപാടിനെ സ്വാധീനിച്ചിട്ടുണ്ട്. ഈ സാഹചര്യം മുസ്ളിം ജനവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ നിലപാടിനെ സ്വാധീനിക്കുന്നത് സ്വാഭാവികമാണ്. മുസ്ളിംജനസാമാന്യത്തിന്റെ ഏകരാഷ്ട്രീയപാര്‍ടിയായി കണ്ടിരുന്ന മുസ്ളിംലീഗിന്റെ തനിനിറം ജനം തിരിച്ചറിയുകയുംചെയ്തു. ബാബറി പള്ളി തകര്‍ത്തപ്പോള്‍ നിശബ്ദതയിലൂടെ ഒത്താശചെയ്ത കോഗ്രസിന്റെ ഒപ്പം കേരള മന്ത്രിസഭയില്‍ തുടര്‍ന്ന ലീഗിന്റെ താല്‍പ്പര്യം അധികാരത്തോടു മാത്രമാണെന്ന് അണികള്‍ക്ക് ബോധ്യപ്പെട്ടു. ഇസ്ളാമികവേട്ട നടത്തുന്ന അമേരിക്കയുമായി തന്ത്രപരമായ ബന്ധമുണ്ടാക്കുന്നതിനു നേതൃത്വം നല്‍കിയ ഇ അഹമ്മദ് ലീഗിന്റെ അധികാരത്തോടുള്ള ആര്‍ത്തി ഒന്നുകൂടി പുറത്തുകാണിച്ചു. ഇസ്രയേലുമായി അടുത്ത ബന്ധമുണ്ടാക്കുന്നതിനു നേതൃത്വം നല്‍കുന്നതും അഹമ്മദാണ്. ഇന്ന് ഇന്ത്യ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യം ഇസ്രയേലാണ്. സാമ്രാജ്യത്വ വിരുദ്ധവികാരം ശക്തിപ്പെടുത്തേണ്ട കാലത്തെ ഈ ദാസ്യവേല ലീഗിനെ സമുദായത്തില്‍ ഒറ്റപ്പെടുത്തിയിരിക്കുന്നു. മതന്യൂനപക്ഷങ്ങളില്‍പ്പെട്ടവര്‍ കൂടുതല്‍ കൂടുതല്‍ ഇടതുപക്ഷത്തോട് അടുക്കുന്നതിന് ഇതിടയാക്കി. വര്‍ഗീയതയെ ചെറുത്തുതോല്‍പ്പിക്കുന്നതിന് മതനിരപേക്ഷമായി സംഘടിക്കേണ്ടതുണ്ടെന്ന ചിന്ത വര്‍ഗീയമായി പ്രവര്‍ത്തിച്ചവരിലും സ്വാധീനം ചെലുത്തി. ഇടതുപക്ഷപ്രസ്ഥാനം ശക്തമായിടങ്ങളില്‍ മാത്രമാണ് ബിജെപിക്ക് കാലുറപ്പിക്കാന്‍ കഴിയാത്തത് എന്ന യാഥാര്‍ഥ്യം യുക്തിബോധമുള്ളവരെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. വര്‍ഗീയമായി സംഘടിച്ച് സംഘപരിവാറിനെ എതിര്‍ക്കാന്‍ ശ്രമിച്ച മഅ്ദനിയും പിഡിപിയും സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ നിലപാട് മാറ്റി. ആദ്യഘട്ടത്തില്‍ ഐഎസ്എസ് രൂപികരിച്ച് ആര്‍എസ്്എസിനെ പ്രതിരോധിക്കാന്‍ നോക്കി പരാജയപ്പെട്ടപ്പോഴാണ് പിഡിപി എന്ന രാഷ്ടീയപാര്‍ടിക്ക് മഅ്ദനി രൂപം നല്‍കിയത്. വര്‍ഗീയമായ അതിന്റെ പ്രവര്‍ത്തനാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വഴിമാറി നടക്കാന്‍ പിഡിപി തീരിമാനിച്ചിരിക്കുന്നു. മഅ്ദനിയുടെ ജയില്‍ ജിവിതകാലാനുഭവങ്ങളും മാറ്റത്തിനു സഹായകരമായിട്ടുണ്ട്. ഇതു പരസ്യമായി തുറന്നുപറയുകയും അതിന് അനുസൃതമായ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്നതിന് അപ്പുറത്ത് എന്തു വിശ്വാസ്യതയാണ് വേണ്ടത്. ഇന്നിന്റെ ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് മഅ്ദനിയുടെ പിന്തുണ ഇടതുപക്ഷം പരസ്യമായി സ്വീകരിക്കുന്നത്. എന്നാല്‍, ഇതൊന്നും തെരഞ്ഞെടുപ്പുസഖ്യമായി ആരും തെറ്റിദ്ധരിക്കില്ല. രാമന്‍പിള്ള നേതൃത്വംനല്‍കുന്ന ജനപക്ഷവും നിലപാട് തിരുത്തിവന്നവരാണ്. ഭൂരിപക്ഷ വര്‍ഗീയതയുടെ ഏറ്റവും ശക്തരായ വക്താക്കളായിരുന്നവര്‍ ഇന്ന് എല്‍ഡിഎഫിനെ വിജയിപ്പിക്കുന്നതിനു രംഗത്തിറങ്ങിയിരിക്കുന്നു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ ബിജെപിക്ക് കഴിയുമെന്ന് വ്യാമോഹിച്ചിരുന്നവരാണ് ഇവര്‍. അമേരിക്കന്‍ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ക്ക് മുമ്പില്‍ ദേശാഭിമാനംപോലും പണയപ്പെടുത്താന്‍ മടിയില്ലാത്ത പാര്‍ടിയാണെന്ന് അധികാരത്തിലിരുന്നപ്പോള്‍ ബിജെപി തെളിയിച്ചു. കോഗ്രസിനു ബദലാണെന്നു പറയുകയും കോഗ്രസിനു വോട്ട് മറിച്ചുനല്‍കുന്ന കമീഷന്‍ ഏജന്റുകളായി അധഃപതിക്കുകയുംചെയ്ത കേരളത്തിലെ ബിജെപി നേതാക്കളുടെ വഞ്ചനയില്‍ മനംമടുത്താണ് രാമന്‍പിള്ളയും ദത്താത്രേയറാവുവും മറ്റും ബിജെപി വിട്ട് ജനപക്ഷം രൂപീകരിച്ചത്. അവര്‍ പിന്നീട് സ്വീകരിച്ച നിലപാട് മതനിരപേക്ഷതയില്‍ ഉറച്ചുനില്‍ക്കുന്നതാണ്. അത്തരം നിലപാട് സ്വീകരിക്കുന്നവരെയെല്ലാം കൂട്ടിയോജിപ്പിച്ച് വിശാലമായ മതനിരപേക്ഷ ബദല്‍ ശക്തിപ്പെടുത്തുകയാണ് ദേശാഭിമാനികളുടെ ഉത്തരവാദിത്തം. ഇന്നലെകളില്‍ കടുത്ത സിപിഐ എം വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്ന സിപിഐ എംഎല്‍ റെഡ്ഫ്ളാഗ് വിഭാഗവും എല്‍ഡിഎഫുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ആഗോളവല്‍ക്കരണത്തിനെതിരായ പോരാട്ടം മുമ്പോട്ടുകൊണ്ടുപോകുന്നതിന് വിശാലമായ ഇടതുപക്ഷ ജനാധിപത്യ കൂട്ടായ്മ ആവശ്യമാണെന്ന തിരിച്ചറിവിലേക്ക് അവര്‍ എത്തിയിരിക്കുന്നു. പിഡിപി, ജനപക്ഷം, സിപിഐ എംഎല്‍ റെഡ്ഫ്ളാഗ്, സികെ നാണുവിന്റെ ജനതാദള്‍ എന്നി പാര്‍ടികള്‍ മാത്രമല്ല പുതുതായി എല്‍ഡിഎഫിനെ സഹായിക്കുന്നത്. സ്വന്തം ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ നിരവധി പുതിയ ജനവിഭാഗങ്ങള്‍ രംഗത്തുണ്ട്. എല്‍ഡിഎഫിന്റെ മതനിരപേക്ഷ നിലപാട് ക്രിസ്ത്യന്‍ ജനവിഭാഗങ്ങളിലും സ്വാധീനം ചെലുത്തുന്നുണ്ട്. അതോടൊപ്പം സംസ്ഥാനസര്‍ക്കാരിന്റെ പ്രവര്‍ത്തനവും നിലപാടുകളെ സ്വാധീനിക്കുന്നു. ആത്മഹത്യയുടെ വക്കില്‍ നിന്നിരുന്ന വയനാട്ടിലെ കുടിയേറ്റകര്‍ഷകരെ കടത്തില്‍നിന്ന് കൈപിടിച്ച് ഉയര്‍ത്തി ജീവിതത്തിലേക്ക് കൊണ്ടുവന്നത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഈ ജീവിതാനുഭവമാണ് അവരെ എല്‍ഡിഎഫിനോട് അടുപ്പിക്കുന്നത്. മത്സ്യബന്ധനം നടത്തി ജീവിക്കുന്നവര്‍ ഏതു മതത്തില്‍പ്പെട്ടവരായാലും അവരുടെ കടം എഴുതിത്തള്ളുകയും മറ്റ് ആശ്വാസം നല്‍കുകയുംചെയ്ത രാജ്യത്തെ ഏക സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ഇങ്ങനെയുള്ള അനുഭവങ്ങള്‍ ജനങ്ങളുടെ രാഷ്ട്രീയനിലപാടുകളെ സ്വാധീനിക്കുന്നുണ്ട്. അതിന്റെ നേര്‍സാക്ഷ്യങ്ങളാണ് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളില്‍ പുതുതായി കാണുന്ന ആയിരക്കണക്കിനു മുഖങ്ങള്‍. മഅ്ദനിയെമാത്രം പര്‍വതീകരിച്ച് അവതരിപ്പിക്കുന്നവര്‍ ഇതെല്ലാം കണ്ടില്ലെന്നു നടിക്കുകയാണ് ചെയ്യുന്നത്. അതിനൊരു ലക്ഷ്യമുണ്ട്. അതു വലതുപക്ഷത്തിനു വിടുപണിചെയ്യലാണ്. എന്നാല്‍, വിവാദങ്ങള്‍ ഭക്ഷിച്ചല്ല ജനം ജീവിക്കുന്നത്. അവര്‍ പ്രശ്നങ്ങളെ തൊട്ടറിയുന്നവരാണ്. അതിവേഗത്തില്‍ വിപുലപ്പെടുന്ന എല്‍ഡിഎഫിലേക്കുള്ള ഒഴുക്ക് തടസ്സപ്പെടുത്താന്‍ ഇത്തരം നുണപ്രചാരവേലകള്‍ക്കും ചീഞ്ഞളിഞ്ഞ വ്യാഖ്യാനങ്ങള്‍ക്കും കഴിയില്ല.

No comments: