Sunday, March 15, 2009

പൊന്നാനിയില്‍ രണ്ടത്താണി പിന്നോട്ട്

മലയാളമനോരമയിൽനിന്ന്‌

സ്വന്തം ലേഖകൻ




പൊന്നാനി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി സീറ്റ് പ്രശ്നത്തില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ സമവായത്തിന് കളമൊരുങ്ങുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമെന്നുള്ള ഉറച്ച തീരുമാനത്തില്‍ നിന്ന് രണ്ടത്താണി നിലപാടു മാറ്റിയതോടെയാണ് സമവായത്തിനു കളമൊരുങ്ങുന്നത്.

പൊന്നാനിയിലെ സീറ്റ് സിപിഐയുടേതാണെന്ന് ഹുസൈന്‍ രണ്ടത്താണി പറഞ്ഞു. സിപിഐ നിര്‍ദേശിച്ചാല്‍ മാത്രമേ സ്ഥാനാര്‍ഥിയാകൂ. സിപിഐയുടെ പിന്തുണയില്ലാതെ മത്സരിക്കില്ല. ഇടതുപക്ഷ ഐക്യം ഇപ്പോള്‍ രാജ്യത്തിന് ആവശ്യമാണെന്നും രണ്ടത്താണി പറഞ്ഞു.

കഴിഞ്ഞ ദിവസം സിപിഐ നാലു സീറ്റുകളില്‍ മത്സരിക്കുമെന്ന് പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നെങ്കിലും തന്റെ നിലപാടില്‍ അദ്ദേഹം ഉറച്ചു നില്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കേരളത്തില്‍ 18 സീറ്റുകളില്‍ മത്സരിക്കുമെന്നും ഇതിനായി ബദല്‍ സ്ഥാനാര്‍ഥി പട്ടിക വരെ സിപിഐ തയാറാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് സിപിഎം -സിപിഐ കേന്ദ്ര നേതാക്കള്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. കേരളത്തില്‍ സിപിഎമ്മും സിപിഐയും പരസ്പരം മത്സരിക്കില്ലെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദന്‍ വ്യക്തമാക്കുകയും ചെയ്തു.

പൊന്നാനി സീറ്റ് സംബന്ധിച്ച് തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ളയും പറഞ്ഞിരുന്നു. പ്രശ്നം കേരളത്തില്‍ തന്നെ തീര്‍ക്കാനാകുമെന്ന് ഇരു നേതാക്കളും പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

No comments: