Saturday, March 21, 2009

അങ്കത്തട്ടിലേക്ക്

ദേശാഭിമാനി മുഖപ്രസംഗം

ഇരുപക്ഷത്തും സ്ഥാനാര്‍ഥികളുടെ ചിത്രം ഏതാണ്ട് പൂര്‍ത്തിയായതോടെ കേരളം ചൂടേറിയ തെരഞ്ഞെടുപ്പുപോരാട്ടത്തിന്റെ നാളുകളിലേക്ക് കടക്കുകയാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി ഇരുപതു മണ്ഡലത്തിലും തിളക്കമുറ്റ സ്ഥാനാര്‍ഥിനിരയെ അവതരിപ്പിച്ച് ഒരുചുവട് മുന്നിലെത്തിക്കഴിഞ്ഞു. കോഗ്രസിലെ പടലപ്പിണക്കങ്ങളും സ്ഥാനാര്‍ഥിമോഹികളുടെ തള്ളിക്കയറ്റവും ആ പാര്‍ടിയെ ഒരു പൊട്ടിത്തെറിയിലാണ് എത്തിച്ചിരിക്കുന്നത്. എല്ലാ സീറ്റിലും കോഗ്രസ് സ്ഥാനാര്‍ഥികളായിട്ടില്ല. കാസര്‍കോട്ട് പ്രഖ്യാപിച്ച സ്ഥാനാര്‍ഥി സ്വയം പിന്മാറി മറ്റൊരു പേര് നിര്‍ദേശിച്ചിരിക്കുന്നു. യുവജന-വിദ്യാര്‍ഥിനിരകളില്‍നിന്ന് പ്രാതിനിധ്യമില്ലാത്ത ലിസ്റ്റ് യൂത്തുകോഗ്രസിനെയും കെഎസ്യുവിനെയും രോഷാകുലരാക്കിയിട്ടുണ്ട്. മൂന്നോ നാലോ ദിവസത്തിനകം എല്ലാ മണ്ഡലത്തിലും സ്ഥാനാര്‍ഥികളുടെ പൂര്‍ണചിത്രമാകും എന്നാണ് പൊതുവെ കരുതപ്പെടുന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നിയോജകമണ്ഡലം തെരഞ്ഞെടുപ്പുകവന്‍ഷനുകള്‍ വെള്ളിയാഴ്ച തുടങ്ങി. സീറ്റ് വിഭജനം സംബന്ധിച്ച് ചില തര്‍ക്കങ്ങള്‍ നിലനിന്നത് പരിഹരിച്ചുകൊണ്ടാണ് എല്‍ഡിഎഫ് കവന്‍ഷനുകളിലേക്ക് നീങ്ങിയത്. ജനതാദള്‍ സീറ്റുവിഭജനത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും എല്‍ഡിഎഫിനോടൊപ്പമായിരിക്കും ആ പാര്‍ടി തുടര്‍ന്നും നിലക്കൊള്ളുക എന്ന വിശ്വാസമാണ് മുന്നണി നേതൃത്വം പ്രകടിപ്പിച്ചിട്ടുള്ളത്. അഖിലേന്ത്യാ തലത്തില്‍ കോഗ്രസിനെയും ബിജെപിയെയും പരാജയപ്പെടുത്താന്‍ ഇടതുപക്ഷത്തോട് തോള്‍ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജനതാദളില്‍നിന്ന് മറ്റൊരു നിലപാട് ആര്‍ക്കും പ്രതീക്ഷിക്കാനാവുകയുമില്ല. ഇന്ത്യയെ വര്‍ഗീയ വിദ്വേഷത്തിന്റെയും വംശഹത്യയുടെയും നാടാക്കിമാറ്റാനുള്ള സംഘപരിവാര്‍ അജന്‍ഡയ്ക്കെതിരായതും മതനിരപേക്ഷതയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്നതുമായ രാഷ്ട്രീയമാണ് പതിനാലാം ലോക്സഭാതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മുന്നോട്ടുവച്ചത്. അതിന്റെ ഭാഗമായി ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കുക, മതേതര സര്‍ക്കാരിനെ അധികാരത്തിലേറ്റുക, ഇടതുപക്ഷത്തിന്റെ അംഗസംഖ്യ വര്‍ധിപ്പിക്കുക എന്നീ മൂന്ന് അജന്‍ഡ പൂര്‍ത്തീകരിക്കാനായി പ്രവര്‍ത്തിക്കുകയും അതില്‍ വിജയിക്കുകയുംചെയ്തു. അതിന്റെ ഉല്‍പ്പന്നമാണ് 2004ല്‍ അധികാരത്തില്‍ വന്ന യുപിഎ സര്‍ക്കാര്‍. കോഗ്രസിനെ കണ്ണടച്ച് വിശ്വസിച്ചുകൊണ്ടല്ല ഇടതുപക്ഷം യുപിഎ ഗവമെന്റിനെ പിന്തുണച്ചത്. മതനിരപേക്ഷ സ്വഭാവത്തിലെ ചാഞ്ചാട്ടവും വര്‍ഗീയപ്രീണനവും കോഗ്രസിന്റെ മുഖമുദ്രയാണ്. ആ പാര്‍ടിയുടെ വര്‍ഗസ്വഭാവവും അതിന്റെ അടിസ്ഥാനനയങ്ങളോടുള്ള വിയോജിപ്പും കണക്കിലെടുത്തുകൊണ്ടുതന്നെ, അപകടകാരിയായ ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്താനുള്ളതായിരുന്നു ആ പിന്തുണ. സര്‍ക്കാര്‍ രൂപീകരണത്തിന്റെ ഉപാധിയായി ഒരു പൊതുമിനിമം പരിപാടിക്ക് രൂപം നല്‍കി. അങ്ങനെ അംഗീകരിച്ച പൊതുമിനിമം പരിപാടിയില്‍നിന്ന് പുറത്തേക്കു ചാടാനാണ് കോഗ്രസ് നിരന്തരം ശ്രമിച്ചതെങ്കിലും ഇടതുപക്ഷം സ്വീകരിച്ച കടുത്ത നിലപാടുകള്‍ അവരെ പലപ്പോഴും പിടിച്ചുനിര്‍ത്തുകയായിരുന്നു. ആഗോളവല്‍ക്കരണനയങ്ങള്‍ നടപ്പാക്കുക, പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുക, ഇന്ത്യന്‍ കാര്‍ഷിക മേഖല കുത്തകകള്‍ക്കായി തീറെഴുതുക, പൊതുവിതരണശ്യംഖലയെ തകര്‍ക്കുക, സാമൂഹ്യസുരക്ഷാപദ്ധതികള്‍ ഉപേക്ഷിക്കുക എന്നിങ്ങനെയുള്ളതും രാജ്യത്തെ സാമ്രാജ്യത്വശക്തികള്‍ക്ക് തീറെഴുതുന്നതുമായ യുപിഎ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ നിരന്തരമായ പോരാട്ടമാണ് നാലരക്കൊല്ലം മുന്നണിയെ പിന്തുണച്ചുകൊണ്ടും പിന്തുണ പിന്‍വലിച്ചശേഷവും ഇടതുപക്ഷം നടത്തിയത്. ഇടതുപക്ഷത്തിന്റെയും രാജ്യസ്നേഹികളുടെയാകെയും എതിര്‍പ്പുകളെ മറികടന്ന് ആണവകരാറുമായി യുപിഎ സര്‍ക്കാര്‍ മുന്നോട്ടുപോയപ്പോഴാണ് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചത്. ആണവപ്രശ്നത്തില്‍ ഇറാനെതിരെ വോട്ട് ചെയ്തതും ഇറാഖിലെ അമേരിക്കന്‍ ആധിപത്യത്തിനെതിരെ നിലപാട് സ്വീകരിക്കാത്തതും സദ്ദാം ഹുസൈനെ വധിച്ചതിനെപ്പോലും അപലപിക്കാത്തതും പശ്ചിമേഷ്യയെ കുരുതിക്കളമാക്കുന്ന ഇസ്രയേലുമായി ചങ്ങാത്തത്തിലായതും ഇന്ത്യയുടെ സ്വാശ്രയത്വത്തെയും പരമാധികാരത്തെയും ആണവസഹകരണ കരാറിലൂടെ സാമ്രാജ്യത്വത്തിന് അടിയറവച്ചതും യുപിഎ സര്‍ക്കാരിന്റെ ഭരണത്തിലെ കറുത്ത അധ്യായങ്ങളാണ്. ബിജെപിയും കോഗ്രസും ഈ നയസമീപനങ്ങളില്‍ ഒരേതൂവല്‍ പക്ഷികളാണ്. ബിജെപിയാകട്ടെ ഗുജറാത്തിന്റെയും ഒറീസയുടെയും കര്‍ണാടകത്തിന്റെയും ചോരപ്പാടുകളുമായി കടുത്ത വര്‍ഗീയ അജന്‍ഡയുമായി നില്‍ക്കുകയാണ്. ഈ രണ്ട് ശക്തിയെയും അധികാരത്തില്‍നിന്ന് മാറ്റി നിര്‍ത്തുക എന്നത് രാജ്യത്തിന് സുപ്രധാനമാണ്. ഈ സാഹചര്യത്തിലാണ് മൂന്നാം ബദലിന്റെ പ്രസക്തി ഏറ്റവുമധികം പ്രസക്തമാകുന്നത്. യുപിഎയും എന്‍ഡിഎയും തകരുകയും മൂന്നാം ബദല്‍ ശക്തിയാര്‍ജിച്ച് ഏറ്റവും മുന്നിലേക്ക് വരികയും ചെയ്യുന്നതാണ് ഇന്നത്തെ രാഷ്ട്രീയ സാഹചര്യം. ആ മാറ്റത്തിന് നിര്‍ണായകമായ കരുത്ത് പകരാന്‍ കഴിയുന്ന സംസ്ഥാനമാണ് കേരളം. ഇവിടെ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ വരുത്തിവച്ച കോട്ടങ്ങളും പരിക്കുകളും തീര്‍ത്ത് ജനങ്ങള്‍ക്കുവേണ്ടി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ റെക്കോഡുമായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കാര്‍ഷിക കടാശ്വാസവും അവശജനവിഭാഗങ്ങള്‍ക്കുള്ള ക്ഷേമ ആനുകൂല്യങ്ങളും പൊതുമേഖലാ വ്യവസായങ്ങളുടെ കുതിച്ചുകയറ്റവും ആരോഗ്യ മേഖലയിലെ പ്രകടമായ പുരാഗതിയും പട്ടികവിഭാഗങ്ങള്‍ക്ക് ലഭ്യമാക്കിയ എണ്ണമറ്റ ആനുകൂല്യങ്ങളും എന്നുവേണ്ട ജനജീവിതത്തിന്റെ സമസ്ത തലത്തിലും എല്‍ഡിഎഫ് സര്‍ക്കാരിന്റെ സജീവമായ ഇടപെടലുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാത്തരം ദുഷ്പ്രചാരണങ്ങളെയും തള്ളിക്കളഞ്ഞ് ജനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു. തീര്‍ച്ചയായും അഖിലേന്ത്യാതലത്തിലുള്ള രാഷ്ട്രീയ പ്രശ്നങ്ങളോടൊപ്പം കേരള സര്‍ക്കാരിന്റെ ഉജ്വലമായ ജനക്ഷേമനടപടികള്‍ക്ക് നല്‍കുന്ന അംഗീകാരംകൂടിയായി കേരളത്തിലെ ജനങ്ങള്‍ പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പിനെ കാണും. മൂര്‍ത്തമായ രാഷ്ട്രീയ -സാമൂഹ്യ പ്രശ്നങ്ങളെ പാര്‍ശ്വങ്ങളിലേക്ക് തള്ളിമാറ്റി നുണകളുടെയും കെട്ടുകഥകളുടെയും കുടിലതന്ത്രങ്ങളുടെയും വഴിയിലൂടെ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഇടതുപക്ഷത്തിന്റെ ശത്രുക്കള്‍ ശ്രമിക്കുന്നത്. വടകര മണ്ഡലത്തില്‍ എല്ലാ കമ്യൂണിസ്റ്റ് വിരുദ്ധര്‍ക്കും യോജിക്കാനുള്ള മുഖം തേടിയുള്ള അലച്ചില്‍ അതിന്റെ ഭാഗമാണ്. രാഷ്ട്രീയമായ പരാജയവും ജനങ്ങളില്‍നിന്നുള്ള ഒറ്റപ്പെടലും മറികടക്കാന്‍ ഇത്തരം ഹീനമാര്‍ഗങ്ങളേയുള്ളൂ അവര്‍ക്കുമുന്നില്‍. അതു തിരിച്ചറിഞ്ഞ് ജാഗ്രതയോടെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സമ്പൂര്‍ണ വിജയത്തിനായി രംഗത്തിറങ്ങുക എന്നതാണ് എല്‍ഡിഎഫ് പ്രവര്‍ത്തകരുടെയും മതനിരപേക്ഷ ജനാധിപത്യ ബദല്‍ ആഗ്രഹിക്കുന്ന ഓരോരുത്തരുടെയും കര്‍ത്തവ്യം. എതിരാളികളുടെ കുപ്രചാരണങ്ങളും ചതിയന്മാരുടെ ഒളിയമ്പുകളുമല്ല, തെളിഞ്ഞ രാഷ്ട്രീയത്തിന്റെ ലക്ഷ്യബോധമാകണം കേരളത്തിന്റെ വഴികാട്ടി. ആ വഴി എല്‍ഡിഎഫിന്റെ ഉജ്വല വിജയത്തിലേക്കുള്ളതാകും എന്നതില്‍ സംശയമില്ല.

No comments: