Tuesday, March 17, 2009

മതനിരപേക്ഷ ബദല്‍ ശക്തിപ്പെടുത്തും-ദേശാഭിമാനി വാര്‍ത്ത



മതനിരപേക്ഷ ബദല്‍ ശക്തിപ്പെടുത്തും


ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ കോണ്‍ഗ്രസ്, ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഇടതുപക്ഷ ജനാധിപത്യചേരിയെ ശക്തിപ്പെടുത്താന്‍ സിപിഐ എം വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെയും കോഗ്രസിനെയും പരാജയപ്പെടുത്തേണ്ടത് ആവശ്യമാണ്. ബദല്‍നയങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷ ജനാധിപത്യ സര്‍ക്കാരാണ് രാജ്യത്ത് അധികാരത്തില്‍ വരേണ്ടത്. ഇത്തരമൊരു സര്‍ക്കാരിനുവേണ്ട നയങ്ങളാണ് സിപിഐ എം മുന്നോട്ടുവയ്ക്കുന്നത്. പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയിലാണ് സിപിഐ എം നയം വിശദീകരിച്ചത്. പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, എം കെ പന്ഥെ, മുഹമ്മദ് അമീന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്. എ കെ ജി ഭവനുമുമ്പില്‍ ഒരുക്കിയ പ്രത്യേക പന്തലില്‍ തിങ്ങിക്കൂടിയ മാധ്യമപ്രവര്‍ത്തകരെ സാക്ഷിനിര്‍ത്തിയായിരുന്നു പ്രകടനപത്രികയുടെ പ്രകാശനം. രാജ്യം ഇന്ന് ആവശ്യപ്പെടുന്നത് ബദല്‍നയങ്ങളാണെന്ന് പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് പ്രകാശ് കാരാട്ട് പറഞ്ഞു. അഞ്ചുവര്‍ഷത്തെ യുപിഎ ഭരണം തീര്‍ത്തും നിരാശാജനകമായിരുന്നു. സ്വാതന്ത്യ്രത്തിനുശേഷം സമ്പന്നരും സാധാരണക്കാരും തമ്മിലുള്ള വ്യത്യാസം ഇത്രയധികം വര്‍ധിച്ച ഒരു കാലഘട്ടമുണ്ടായിട്ടില്ല. കോഗ്രസ് സ്വീകരിച്ച നവഉദാരവല്‍ക്കരണ നയങ്ങളാണ് ഇതിനു കാരണം. ജിഡിപിയുടെ വന്‍ വളര്‍ച്ച സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കി. ഏറ്റവും കൂടുതല്‍ കോടീശ്വരന്മാരെ സൃഷ്ടിച്ചെന്ന് അഭിമാനത്തോടെയാണ് കോഗ്രസ് അവകാശപ്പെടുന്നത്. പൊതുമിനിമം പരിപാടിക്ക് വിരുദ്ധമായ ദിശയിലാണ് ഭരണം മുന്നോട്ടുപോയത്. കാര്‍ഷികപ്രതിസന്ധി പരിഹരിക്കാനോ കര്‍ഷക ആത്മഹത്യ തടയാനോ കര്‍ഷകരുടെ ദുരിതം അവസാനിപ്പിക്കാനോ സര്‍ക്കാരിനു കഴിഞ്ഞില്ല. ഗ്രാമീണ, നഗര മേഖലകളിലെ തൊഴിലില്ലായ്മ വര്‍ധിച്ചു. പണപ്പെരുപ്പം നാലു ശതമാനത്തില്‍ കുറയ്ക്കാന്‍ കഴിഞ്ഞെങ്കിലും അവശ്യസാധനങ്ങള്‍ക്ക് ഇപ്പോഴും തീവിലയാണ്. പൊതുവിതരണസമ്പ്രദായം സാര്‍വത്രികമാക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. കോര്‍പറേറ്റുകളുടെ കീശ വീര്‍പ്പിക്കുന്ന നയങ്ങളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പ്രത്യേക സാമ്പത്തികമേഖല എന്ന ആശയവും ഈ ലക്ഷ്യംവച്ചുള്ളതാണ്.വര്‍ഗീയത തടയുന്നതിലും കോഗ്രസ് സര്‍ക്കാര്‍ പരാജയമായിരുന്നു. സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് രാജ്യത്തെ ഒരുപരിധിവരെ രക്ഷിച്ചത് ഇടതുപക്ഷം മുന്നോട്ടുവച്ച ബദല്‍നയങ്ങളാണ്. മന്‍മോഹന്‍സിങ്ങിനെയും ചിദംബരത്തെയും അവരുടെ വഴിക്ക് വിട്ടിരുന്നെങ്കില്‍ ഇന്ത്യയിലെ സ്വകാര്യബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും തകരുമായിരുന്നു. പെന്‍ഷന്‍ഫണ്ട് ആവിയാകുമായിരുന്നു. ബദല്‍നയങ്ങളുടെ പ്രസക്തി ഇവിടെയാണ്.

No comments: