600 കോടി കോഴ- ദേശാഭിമാനി വാർത്ത
ന്യൂഡല്‍ഹി: ഇസ്രയേലുമായി യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ച പതിനായിരം കോടി രൂപയുടെ മധ്യദൂര ഭൂതല-ആകാശ മിസൈല്‍ (എംആര്‍എസ്എഎം) ഇടപാടില്‍ 600 കോടി രൂപയുടെ കോഴയുണ്ടെന്ന് പുറത്തുവന്നു. കരാര്‍ത്തുകയുടെ ആറ് ശതമാനമാണ് ഇസ്രയേല്‍ കമ്പനിയായ ഇസ്രയേല്‍ എയ്റോസ്പെയ്സ് ഇന്‍ഡസ്ട്രീസ് (ഐഎഐ) കോഴയായി നല്‍കിയത്.
ബിസിനസ് ചാര്‍ജ് എന്ന പേരിലാണ് കോഴ കൈമാറിയതെന്നാണ് വിവരം. പ്രതിരോധ ഇടപാടില്‍ ആദ്യമായാണ് ബിസിനസ് ചാര്‍ജ് എന്ന പേരില്‍ കോഴ കരാറിന്റെ ഭാഗമായി നല്‍കുന്നത്. ഇടനിലക്കാര്‍ക്ക് ഒന്നര ശതമാനം മാത്രമാണ് ലഭിച്ചതെന്നും ബാക്കി തുക കോഗ്രസിന്റെ തെരഞ്ഞെടുപ്പുഫണ്ടിലേക്ക് മാറ്റിയെന്നുമാണ് വിവരം. അതായത് 450 കോടി രൂപയാണ് ഫെബ്രുവരി 27ന് ഒപ്പുവച്ച കരാറിലൂടെ പ്രതിരോധമന്ത്രി എ കെ ആന്റണി കോഗ്രസിന്റെ തെരഞ്ഞെടുപ്പുഫണ്ടിലേക്ക് സ്വരൂപിച്ചത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം കോഴയുടെ ആദ്യഗഡു കൈമാറി. കരാറിനെക്കുറിച്ച് ദേശീയമാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടും പ്രതിരോധമന്ത്രാലയം മൌനം പാലിക്കുകയാണ്. ബിസിനസ് ചാര്‍ജ് ഉള്‍പ്പെട്ട കരാറിന് കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാസമിതി അംഗീകാരം നല്‍കിയത് കോഴയ്ക്ക് സാധുത നല്‍കി. എ കെ ആന്റണി നേതൃത്വംനല്‍കുന്ന പ്രതിരോധമന്ത്രാലയമാണ് ബിസിനസ് ഉള്‍പ്പെടുന്ന കരാര്‍ അംഗീകരിച്ചത്. 2007 അവസാനം കരാര്‍ തിരിച്ചയച്ച ആന്റണി 2008 മാര്‍ച്ചില്‍ കരാറുമായി മുന്നോട്ടുവന്നത് ദൂരൂഹമാണ്. പ്രധാനമന്ത്രികാര്യാലയമാണോ കോഗ്രസ് പ്രസിഡന്റാണോ കരാറുമായി മുന്നോട്ടുപോകാനുള്ള നിര്‍ദേശം ആന്റണിക്ക് നല്‍കിയതെന്ന് വ്യക്തമല്ല. കോഴക്കേസില്‍പെട്ട എല്ലാ കമ്പനികളെയും കരിമ്പട്ടികയില്‍ പെടുത്തുക എന്നത് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ രീതിയാണ്. 22 വര്‍ഷംമുമ്പ് രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ നടന്ന ബൊഫോഴ്സ് ഇടപാടില്‍ 64 കോടി രൂപയുടെ അഴിമതി പുറത്തുവന്നതോടെ ഈ സ്വീഡിഷ് കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു.
പ്രതിരോധ ഇടപാടില്‍ അഴിമതി കണ്ടതിനെത്തുടര്‍ന്ന് ഡച്ച് കമ്പനിയായ എച്ച്ഡിഡബ്ള്യുവിനെയും ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ ഡെനലിനെയും കരിമ്പട്ടികയില്‍പ്പെടുത്തി. സിബിഐ എഫ്ഐആര്‍ ഫയല്‍ ചെയ്യുംമുമ്പായിരുന്നു ഈ കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തിയത്. എന്നാല്‍, ബറാക് മിസൈല്‍ ഇടപാടില്‍ ഇന്ത്യയിലും മറ്റ് ഇടപാടുകളില്‍ ഇസ്രയേലില്‍ ത്തന്നെയും കോഴ ആരോപണത്തിന് വിധേയമായ ഐഎഐയെ കരിമ്പട്ടികയില്‍ പെടുത്തിയില്ല. അവരുമായി വീണ്ടും പതിനായിരം കോടി രൂപയുടെ കരാറില്‍ ഒപ്പുവയ്ക്കാന്‍ ആന്റണിയെ പ്രേരിപ്പിച്ചത് എന്താണെന്നും വ്യക്തമാകേണ്ടതുണ്ട്.
വായുസേനയിലെ ഉന്നതരരായ ചില ഇസ്രയേലി പക്ഷപാതികളാണ് കരാറുമായി മുന്നോട്ടുപോകാന്‍ പ്രതിരോധമന്ത്രാലയത്തില്‍ സമ്മര്‍ദം ചെലുത്തിയത്. ഇസ്രയേല്‍ ആയുധക്കമ്പനിയുടെ ഏജന്റായ മുന്‍ വ്യോമസേനാ മേധാവി ത്യാഗിയും നിലവിലുള്ള വൈസ് ചീഫ് എയര്‍മാര്‍ഷല്‍ ബ്രൌണുമാണ് ഇസ്രയേല്‍ മിസൈല്‍ വാങ്ങാന്‍ നിര്‍ബന്ധിച്ചതെന്ന് അറിയുന്നു. 1992ല്‍ ഇസ്രയേലുമായി നയതന്ത്രബന്ധം പുനഃസ്ഥാപിച്ച ഘട്ടത്തില്‍ ഇസ്രയേലില്‍ ഡിഫന്‍സ് അറ്റാഷെയായി പ്രവര്‍ത്തിച്ചയാളാണ് ബ്രൌ. ടെന്‍ഡര്‍ വിളിക്കാതെയാണ് ഇസ്രയേല്‍ കമ്പനിക്ക് കരാര്‍ നല്‍കിയത്.
യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് ടെന്‍ഡര്‍ വിളിക്കാതെ പ്രതിരോധ ഇടപാടുകള്‍ ഉറപ്പിക്കാനാരംഭിക്കുന്നത്. ഇസ്രയേലുമായി കഴിഞ്ഞവര്‍ഷം ഒപ്പുവച്ച സ്പൈഡര്‍ മിസൈല്‍ കരാറിലും ഇതുതന്നെ സംഭവിച്ചു. കാലതാമസം ഒഴിവാക്കുക എന്ന ന്യായം പറഞ്ഞാണ് ഇങ്ങനെ കരാര്‍ ഉറപ്പിക്കുന്നത്.
No comments:
Post a Comment