Sunday, March 22, 2009

ഇസ്രയേല്‍ ഇന്ത്യക്ക് ആരാണ്?

മാർച്ച്‌ 27-ന്റെ ലേഖനം, ദേശാഭിമാനി

പിണറായി വിജയന്‍

ലോകത്ത് ഏറ്റവും ക്രൂരമായി പെരുമാറുന്ന രാഷ്ട്രം ഏതെന്നചോദ്യത്തിനുള്ള ഏകഉത്തരം ഇസ്രയേല്‍ എന്നാണ്. മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനംകൊണ്ടും വംശവെറിയുടെ കാടന്‍ നടപടികള്‍കൊണ്ടും കണ്ണില്‍ച്ചോരയില്ലാത്ത കൂട്ടക്കുരുതികള്‍കൊണ്ടും ഇസ്രയേല്‍ അറപ്പുളവാക്കുന്ന സാന്നിധ്യമാണ് ഇന്ന്. ഇസ്രയേലിന്റെ കാടത്തത്തെ അപലപിക്കാതെ, അന്താരാഷ്ട്രവേദികളില്‍ അവര്‍ക്ക് സംരക്ഷകനായി എത്തുന്നത് അമേരിക്കയാണ്. ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ പ്രമേയം വന്നപ്പോള്‍ അനുകൂലിക്കാതിരുന്ന ഏക രാഷ്ട്രമാണ് അമേരിക്ക. ആ നിലപാടിന് മന്‍മോഹന്‍സിങ് നയിക്കുന്ന യുപിഎ സര്‍ക്കാര്‍ പിന്തുണ നല്‍കുന്നു. ഇസ്രയേലിനെ ഒറ്റപ്പെടുത്തുന്നതിനുപകരം നയതന്ത്രബന്ധം തുടരാനും ഇസ്രയേലുമായി പുതിയ കരാറുകളില്‍ ഏര്‍പ്പെടാനുമുള്ള അത്യുത്സാഹമാണ് കോഗ്രസിന്്. ഏറ്റവുമൊടുവില്‍ പുറത്തുവന്ന ഒരു വാര്‍ത്ത മന്‍മോഹന്‍ സിങ് ഗവമെന്റും ഇസ്രയേല്‍ എയ്റോ സ്പെയ്സ് ഇന്‍ഡസ്ട്രിയുമായി ഒപ്പുവച്ച മിസൈല്‍വാങ്ങല്‍ കരാറിന്റേതാണ്. പതിനായിരം കോടിരൂപയുടെ മിസൈല്‍ വാങ്ങാന്‍ ഫെബ്രുവരിയില്‍ കരാര്‍ ഒപ്പിട്ടെന്നും അതില്‍ 600 കോടിരൂപ കമീഷനായി പോയെന്നുമാണ് വാര്‍ത്ത വന്നത്. ഇസ്രയേലിന് ചാര ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചുകൊടുക്കുന്ന ജോലി ഇന്ത്യ ഏറ്റെടുത്തിരിക്കുന്നു. പലസ്തീനിലെ നിരപരാധികളെ കൊന്നൊടുക്കാന്‍ ആ മേഖലയുടെ രേഖാചിത്രം അയക്കുന്ന ഉപഗ്രഹമായ 'ടെക്സാര്‍ ' വിക്ഷേപിച്ചത് ഇന്ത്യയാണ്. ഒരു ഉപഗ്രഹംകൂടി ഉടനെ വിക്ഷേപിക്കാന്‍ തയ്യാറെടുക്കുന്നതായി വാര്‍ത്ത വന്നിട്ടുണ്ട്. ഇസ്രയേലിന്റെ ആയുധങ്ങളുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ന് ഇന്ത്യ. ഏഴുവര്‍ഷത്തിനിടയില്‍ യുഎന്‍ കണക്ക് പ്രകാരം അയ്യായിരത്തിലധികം പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പുണ്ടായ ആക്രമണത്തില്‍ ആയിരത്തിലേറെ നിരപരാധികളാണ് പാലസ്തീനില്‍ പിടഞ്ഞുമരിച്ചത്. നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും കാലത്ത് ഇസ്രയേലുമായി ഇന്ത്യക്ക് നയതന്ത്ര ബന്ധമുണ്ടായിരുന്നില്ല. ബിജെപി നയിച്ച എന്‍ഡിഎ സര്‍ക്കാരാണ് അത് തുടങ്ങിവച്ചത്. പാലസ്തീനിലെ അമ്മമാരെയും കുഞ്ഞുങ്ങളെയുംവരെ കൊന്നൊടുക്കുന്ന വര്‍ത്തമാനകാലത്തും അവരുമായുള്ള ബന്ധം കൂടുതല്‍ ശക്തമായി തുടരുമെന്ന് ഇന്ത്യ വാശിപിടിക്കുകയാണ്. ഇസ്രയേലിന്റെ കൂട്ടക്കൊലകള്‍ക്ക് നമ്മുടെ രാജ്യത്തെ ഓരോ പൌരനെയും പങ്കാളിയാക്കുക എന്ന ഏറ്റവും നിന്ദ്യമായ നയം തുടരുകതന്നെ ചെയ്യുമെന്നാണ് കോഗ്രസ് കഴിഞ്ഞദിവസം പുറത്തിറക്കിയ പ്രകടനപത്രികയില്‍നിന്ന് വ്യക്തമാകുന്നത്. താരതമ്യമില്ലാത്ത കൂട്ടക്കുരുതിയില്‍ പ്രതികരിച്ചെങ്കിലും ഇസ്രയേലുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കണമെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടു. അത് യുപിഎ സര്‍ക്കാര്‍ തള്ളുകയാണുണ്ടായത്്. ഇപ്പോഴും ആ പാര്‍ടിയുടെ പ്രകടനപത്രികയില്‍ സൂചിപ്പിക്കുന്നത് 'ഇസ്രയേലിന്റെ താല്‍പ്പര്യം ഹനിക്കുംവിധം പലസ്തീന്‍രാഷ്ട്രം പാടില്ല' എന്നാണ്. എന്തേ ഇസ്രയേല്‍ താല്‍പ്പര്യങ്ങളോട് കോഗ്രസിന് ഇത്ര പ്രണയം? യുഡിഎഫ് ഭരണകാലത്ത് ഒരു മന്ത്രി ഇസ്രയേല്‍ പ്രധാനമന്ത്രിക്ക് ഉപഹാരം നല്‍കിയതും ഒന്നിച്ച് വിരുന്നുണ്ടതും സാന്ദര്‍ഭികമായി ഓര്‍ക്കാവുന്നതാണ്. അന്നത്തെ ആ മന്ത്രി ഇന്ന് കേരളത്തില്‍ കൈപ്പത്തിചിഹ്നത്തില്‍ മത്സരിക്കുന്നു. തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഇസ്രയേല്‍ ദിനപത്രമായ 'ഹാരെറ്റ്സി'ല്‍ എഴുതിയ ലേഖനത്തില്‍ 'ഹമാസ് അധീനതയിലുള്ള മേഖലയില്‍നിന്ന് തീവ്രവാദികളെ തുരത്താന്‍ ഇസ്രയേല്‍ പ്രകടിപ്പിച്ച നിശ്ചയദാര്‍ഢ്യം ആവേശകരമാണ്' എന്നുപറയുകയും ഇസ്രയേല്‍ചെയ്തത് എന്തുകൊണ്ട് ഇന്ത്യക്ക് ആയിക്കൂടാ എന്ന ചോദ്യം അവതരിപ്പിക്കുകയും ചെയ്യുന്നു. കോഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയാണ് ഇതെഴുതിയ ശശി തരൂര്‍. ഇത്തരമൊരു മനോഭാവം വച്ചുപുലര്‍ത്തുന്നയാളെ ലോക്സഭാ സ്ഥാനാര്‍ഥിയാക്കിയതില്‍നിന്ന് കോഗ്രസ് ഇസ്രയേലിനോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നു; അടിമപ്പെട്ടിരിക്കുന്നു എന്നാണ് മനസ്സിലാക്കാനാവുന്നത്. മറ്റൊരു മുഖം മുസ്ളിം ലീഗിന്റേതാണ്. ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗ് പ്രസിഡന്റുകൂടിയായ വിദേശ സഹമന്ത്രി ഇന്ത്യയെ ഇസ്രയേലിന്റെ ആലയില്‍ കൊണ്ടുകെട്ടാന്‍ കൂട്ടുനില്‍ക്കുകയാണുണ്ടായത്. അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ഇന്ത്യന്‍ വിദേശനയം മാറിക്കൊണ്ടിരിക്കുമ്പോള്‍ അതിനെതിരെ നിലപാടെടുക്കാന്‍ ലീഗിന്റെ വിദേശ സഹമന്ത്രിക്കുപോലും കഴിയുന്നില്ല. അദ്ദേഹവും കേരളത്തില്‍ യുഡിഎഫ് അവതരിപ്പിക്കുന്ന ലോക്സഭാ സ്ഥാനാര്‍ഥിയാണ്്. ഇത്തരക്കാരുടെ സ്ഥാനാര്‍ഥിത്വവും കോഗ്രസ് പ്രകടനപത്രികയിലെ പ്രതിലോമ നിലപാടുകളും ഇസ്രയേലി ഭീകരതയെ തീര്‍ച്ചയായും കേരളത്തിലെ പ്രധാന തെരഞ്ഞെടുപ്പുവിഷയങ്ങളിലൊന്നാക്കുന്നു. കേരളത്തിലെ സാധാരണക്കാര്‍ ആരോടൊപ്പമാണ്-പലസ്തീനില്‍ ഏതുനിമിഷവും കൊല്ലപ്പെടുമെന്ന ഭീതിയോടെ കഴിയുന്ന മനുഷ്യര്‍ക്കൊപ്പമോ, അടങ്ങാത്ത ചോരക്കൊതിയുമായി കഴുകന്‍കണ്ണുകളോടെ പലസ്തീനെ വലംവയ്ക്കുന്ന ഇസ്രയേലിനൊപ്പമോ? ഇസ്രയേലിനെ ചെല്ലും ചെലവും കൊടുത്ത് സംരക്ഷിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിനൊപ്പമോ ഉശിരന്‍ സാമ്രാജ്യവിരുദ്ധപോരാട്ടം നയിക്കുന്ന ഇടതുപക്ഷത്തിനൊപ്പമോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാകും ഏപ്രില്‍ പതിനാറിന് കേരളം നല്‍കുന്നത്്.

No comments: